• Text
  • Text

MAYYAZHIPPUZHAYUDE THEERANGALIL

By : M. MUKUNDAN



Book : MAYYAZHIPPUZHAYUDE THEERANGALIL
Author: M. MUKUNDAN
Category : Novel, Best Sellers
ISBN : 9788171302319
Binding : Normal
Publishing Date : 29-04-2026
Publisher : DC BOOKS
Edition : 81
Number of pages : 304
Language : Malayalam
Paper Back

Publisher: DC BOOKS
₹324.00 ₹360.00 10% off





Book Summary

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.

WRITE A REVIEW

Product name: MAYYAZHIPPUZHAYUDE THEERANGALIL

Review title:



Your Ratings:

Your Message:




Book Reviews

  മയ്യഴിപ്പുഴയുടെ തീരങ്ങളില്
By Renjan Pillai
മലയാളത്തിലെ നിത്യഹരിത നോവല്...

  A Classic work...????
By Jibin Willy
"Mayyazhippuzhayude Theerangalil" by M.Mukandhan... I completed reading this a few hours ago and the emotional pain that gave me is still haunting me... The book narrates the tale of a village called 'Mayyazhi' which was a French colony in kerala.The story narrates about different people who lives in 'Mayyazhi' and narrates the difficulties and problems which they face in the transitional state of 'Mayyazhi'.... There are elements of Nationalism and Magical realism sprinkled across the novel and it contributes to the beauty of novel. The beauty of the novel is also in the language used by the author and the author deserves appreciation for it... I highly recommend this book to all those book lovers....

  കുറമ്പ്യേ കൊറച്ച് പൊടി
By Jishnu tp
എം മുകുന്ദന്റെ 'മയ്യഴി പുഴയുടെ തീരങ്ങളിൽ' നോവൽ ഒരു ചുവടപ്പുറം നിന്ന് മയ്യഴിയുടെ ചരിത്രത്തെ നോക്കികാണുകയാണ്.കൊളോണിയൽ അധിനിവേശത്തിൽ ഏറെക്കാലം നിന്ന് മയ്യഴിയുടെ ചരിത്രവും,ആ കാലങ്ങളിലെ ജനജീവിതവും മറ്റും എത്രത്തോളം പരിവർത്തനോന്മുഖമായി അന്നത്തെ ദേശത്തിന്റെ മനുഷ്യരുടെ ജീവിത ചിത്രം ഒക്കെ ഇതിൽ വരച്ചു കാട്ടുന്നു. ദാസൻ എന്ന കഥാപാത്രത്തിലൂടെയാണ് കഥ നീങ്ങുന്നത്,അന്നത്തെ വിപ്ലവഭിനിവേശം പൂണ്ട ചെറുപ്പക്കാരുടെ അത്രയും പ്രതിനിധിയാണ് ദാസൻ.എന്നാൽ വിപ്ലവത്തിന്റെ തലത്തിൽ ഉറച്ചു നിൽക്കുന്നതിനു പകരം ജീവിത പ്രശ്നത്തിന്റെ തീരങ്ങളിൽ അടിയുകയും ആത്മാഹൂതി ചെയ്യുന്ന കഥാപാത്രമാണിവിടെ ദാസൻ.ചന്ദ്രികയുമായുള്ള പ്രേമത്തിലൂടെ തന്റെ ജീവിതത്തെയാണ് ദാസൻ നോക്കികണ്ടത് വിപ്ലവാദർശം അയാൾക്കൊരു ചെറുപ്പത്തിന്റെ ചോരതിളക്കലിലനുഭവപ്പെട്ട ഒന്നായേ കാണാനാവൂ. ഫ്രഞ്ച് സ്വാധീനം ജനതയിൽ പല വരിവർത്തനം വരുത്തുന്നുണ്ട് വൈദേശിക സംസ്കാരത്തോട് ആഭിമുഖ്യമുള്ള ജനതയായി ഒരു സമൂഹം പരിവർത്തനപ്പെടുന്നത് കാണാം.വൈദേശിക ജനത അടിച്ചേൽപ്പിച്ച ഞങ്ങളുടെ സംസ്കാരം ഉത്തമാണെന്ന ബോധം എത്രത്തോളം ജനതയിൽ സ്വാധീനം ചെലുത്തുന്നു എന്നതിന് ഉദാഹരണമാണ് നോവലിലെ കഥാപാത്രങ്ങൾ ഒക്കെയും. ഒരു ഭൂതകാലത്തിലെ മയ്യഴിയുടെ ചരിത്രവും,വെള്ളിയാങ്കലിലതിന്റെ ആത്മാവത്രയും ചുറ്റിതിരിയുന്ന പ്രതീതിയും ഉളവാക്കിയാണ് നോവൽ അവസാനിക്കുന്നത്.വിപ്ലവവും,അതിന്റെ അപചയവും,സാധു മനുഷ്യരുടെ ഒരുകാലത്തെ ജീവിതവും,നിഷ്കളങ്കരായ ഒരു പറ്റം മനുഷ്യരെയും അവതിപ്പിച്ചാണ് നോവൽ മുന്നേറുന്നത്. 'കുറമ്പ്യേ കൊറച്ച് പൊടി തരുവോ'എന്ന ചോദ്യം മായാതെ കിടക്കുന്ന ഒന്നാണ്.അന്നത്തെ ജനത ഫ്രഞ്ച് ജനതയുമായി എത്രത്തോളം അടുത്തിരുന്നു എന്നത് വ്യക്തം.ഒരു ചരിത്രത്തിന്റ മാഹിയുടെ ചരിത്രം മുകുന്ദൻ നോക്കി കാണുന്നു.

  Review - Mayyazhipuzhayudae theerangalil
By Namitha Ravindran
മയ്യഴി എന്ന് കേൾക്കുമ്പോൾ എം മുകുന്ദനെ ഓർമ്മ വരുന്നു അല്ലെങ്കിൽ എം മുകുന്ദൻ എന്ന് കേൾക്കുമ്പോൾ മയ്യഴി ഓർമ്മ വരുന്നു, എങ്ങനെ വേണമെങ്കിലും ആവാം കാരണം മയ്യഴിയുമായി അത്രമേൽ അടുത്ത ബന്ധമുണ്ടല്ലൊ അദ്ദേഹത്തിന്. ഒരു പുസ്തകം വായിച്ചിട്ട് അതിലെ ഒരു സ്ഥലത്തേയ്ക്ക് യാത്ര പോണം എന്നു തോന്നുന്നത് ആദ്യമായിട്ടാണ്. ഞാൻ ആദ്യമായിട്ട് വായിച്ച നോവലാണ് "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ", കുറേ കാലങ്ങൾക്കു ശേഷം വീണ്ടും ഈ പുസ്തകം വായിക്കാനെടുത്തു. ഓരോ വായനയിലും ഓരോ അനുഭവങ്ങൾ. മയ്യഴിയും അതിലെ ഓരോ കഥാപാത്രങ്ങളും നമുക്കൊപ്പം ജീവിക്കുന്നതു പോല. ദാസനും, ചന്ദ്രികയും, ഗിരിജയും, ദാമുവും, കൊറമ്പിയമ്മയും, കൗസുവും, അച്ചുവും, ലെസ്ലിസായവും അങ്ങനെ കുറേ പേർ. ആദ്യമായിട്ട് മുകുന്ദനെയാണ് വായിക്കാൻ തുടങ്ങിയത് പിന്നെ എം ടി യെ അറിഞ്ഞപ്പോൾ, നാലുകെട്ട് കുട്ട്യേടത്തി എന്നിവ വായിച്ചപ്പോൾ അദ്ദേഹത്തിനോട് ആരാധനയായി എങ്കിലും എന്നും മുകുന്ദനെ ഇഷ്ടപ്പെടുന്ന ഒരു പാവം വായനക്കാരിയാണ് ഞാൻ.. മയ്യഴിയിലെ ഒരാളും സ്വാതന്ത്ര്യമാഗ്രഹിക്കുന്നില്ല, വെളുത്ത്, കുതിരപ്പുറത്ത് സഞ്ചരിയ്ക്കുന്ന കോട്ടിട്ട സായിപ്പുമാരെ സ്വപ്നം കണ്ടാണ് മയ്യഴിയിലെ ഓരോ ആളുകളും ജീവിക്കുന്നത്. അവർക്കൊരിക്കലും ദാസനെയോ കുഞ്ഞനന്തൻ മാസ്റ്ററേയും മനസ്സിലാക്കാൻ കഴിയില്ല്യ....മുകുന്ദൻ്റെ ഓരോ കഥാപാത്രങ്ങളും ഒരു പാട് സങ്കടങ്ങൾ ഉള്ളിൽ ഒതുക്കിയാണ് ജീവിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഉന്നത പരീക്ഷകൾ പാസായിട്ടും ദാസൻ തനിക്ക് കിട്ടിയ ജോലി എല്ലാം ഉപേക്ഷിച്ച് നാടിന് വേണ്ടി പോരാടി.തൻ്റെ ജീവൻ നാടിനു വേണ്ടി നൽകി. മയ്യഴി ദാസനു ദു:ഖങ്ങൾ മാത്രമേ നൽകിയിട്ടുള്ളു, എന്നിട്ടും.... വായിച്ചിട്ട് മൂന്നു നാലു ദിവസം കഴിഞ്ഞിട്ടും ഇപ്പോഴും ദാസൻ്റെ ശബ്ദമെനിയ്ക്ക് കേൾക്കാം, ചന്ദ്രികയുടെ പാദസ്വരത്തിൻ്റെ നാദം കേൾക്കാം, കൊറമ്പി കൊറമ്പി ഇച്ചിരി പൊടി തര്വോന്ന് ചൊയ്ച്ച് ലെസ്ലീസായവ് എൻ്റെ സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്, വെള്ളിയാങ്കല്ലിൽ തുമ്പികൾ പറക്കുന്നത് കാണാം. "അനാദിയായി പരന്നു കിടക്കുന്ന സമുദ്രത്തിൽ, അങ്ങകലെ വലിയ കണ്ണീർ തുള്ളി പോലെ വെള്ളിയാങ്കല്ല് കാണാമായിരുന്നു,,,, അവിടെ അപ്പോഴും ആത്മാവുകൾ തുമ്പികളായി പാറി നടക്കുന്നുണ്ടായിരുന്നു..... ആ തുമ്പികളിൽ ഒന്ന് ദാസനായിരുന്നു ". ഒരു പാടിഷ്ടം മയ്യഴിയേയും മയ്യഴിയുടെ ആ പ്രിയപ്പെട്ട കലാകാരനേയും.???? #mustreadatleastonetime #mukundhanmasterpiece #lovereading

  പരന്ത്രീസുകാരുടെ മയ്യഴിയും പാവങ്ങളുടെ 'ദാസനും'
By Sreehari Vijayan
ഫ്രഞ്ച് പ്രദേശമായിരുന്ന മയ്യഴിയുടെ മണ്ണിൽ നിറഞ്ഞാടുന്നൊരു ഇതിവൃത്തമാണ് മയ്യഴിയുടെ കഥാകാരൻ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' ആവിഷ്കരിക്കുന്നത്. ദാസനും അയാളുമായി ബന്ധപ്പെട്ടു നിൽക്കുന്ന കുറുമ്പിയമ്മയും മുതൽ ദാമു വരെയുള്ള കഥാപാത്രങ്ങൾ നമുക്ക് ചുറ്റും തകർത്താടുകയാണ്. ഉന്നതവിദ്യാഭ്യാസം ലഭിച്ചെങ്കിലും ജോലിയ്ക്ക് ശ്രമിക്കാതെ, ഫ്രഞ്ചുകാർക്കെതിരെ പോരാടാൻ സമരരംഗത്തേക്കിറങ്ങിയ, ദാസൻ എന്ന യുവാവാണ് നമുക്ക് മുന്നിലവതരിക്കുന്നത്. ശീലമായിപ്പോയ ഫ്രഞ്ച് ഭരണത്തിൽ, അസ്വാഭാവികമായൊന്നും തോന്നാത്ത ആളുകളും അവിടെയുണ്ടായിരുന്നു. അതിൽ ദാസന്റെ കുടുംബവുമുണ്ട്. ലെസ്‌ലി സായിപ്പും കുറമ്പിയമ്മയും അത് അടിവരയിട്ടുറപ്പിക്കുന്നു. കുടുംബത്തിനായി അധ്വാനിക്കാതെ, സമരത്തിനിറങ്ങിയ ദാസൻ അത്കൊണ്ട് തന്നെ വീട്ടുകാർക്ക് അപ്രിയനാകുന്നു. താൽക്കാലികമായി ഫ്രഞ്ചുകാർക്ക് പിൻവാങ്ങേണ്ടി വന്ന സാഹചര്യം ഇതിനിടയിലുണ്ടായെങ്കിലും, ഫ്രഞ്ച് ഭരണം പുനഃസ്ഥാപിക്കപ്പെടുന്നതോടെ, ദാസനുൾപ്പെടെയുളളവർക്ക് ഒളിവിൽ പോകേണ്ടി വന്നു. അച്ചു എന്നൊരു ഫ്രഞ്ച് ഏറാൻമൂളിയും ഇതിനിടയിൽ ദാസന്റെ കുടുംബാന്തരീക്ഷത്തിലേക്ക് കടന്നുവന്നു. മകളെ അച്ചുവിന് കല്യാണം കഴിച്ചു കൊടുക്കാൻ ദാസന്റെ അച്ഛൻ ദാമു തീരുമാനിച്ചു. സഹോദരിക്ക് വേണ്ടിയൊന്ന് സംസാരിക്കാൻ പോലും ദാസന് സാധിച്ചില്ല. ദാസൻ അറസ്റ്റിലാവുകയും ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു. ഫ്രഞ്ച് ഭരണം അവസാനിച്ച ശേഷം ദാസൻ ജയിൽമോചിതനായെങ്കിലും, ആരും അയാളെ തിരിഞ്ഞു നോക്കാത്ത സ്ഥിതി സംജാതമായി. ദാസൻ പ്രേമിച്ച പെൺകുട്ടി ചന്ദ്രിയെ മറ്റൊരാൾക്ക് വിവാഹം കഴിച്ചുകൊടുക്കാൻ അവളുടെ വീട്ടുകാരാലോചിച്ചെങ്കിലും അവളെ ഒരു സുപ്രഭാതത്തിൽ കാണാതായി. ദാസനും തന്റെ പ്രാണസഖിയുടെ കാൽപാടുകൾ പിന്തുടർന്ന് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നിന്നും അപ്രത്യക്ഷനാവുന്നതോടെ കഥാവസാനമായി. ഒടുവിൽ ചന്ദ്രിയും ദാസനും തുമ്പികളായി വെളളിയാങ്കല്ലുകൾക്ക് മുകളിൽ പറന്നു നടക്കുന്നുണ്ടെന്ന് പറഞ്ഞ് ഗ്രന്ഥൊകാരൻ സ്വയം ആശ്വസിക്കുന്നതോടൊപ്പം നമ്മളെയും ആശ്വസിപ്പിക്കുകയാണ്.

  എന്റെ വായനയിലെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
By Dhanya Pillai
അക്ഷരങ്ങൾ ഒരു നോവായി മാറുമ്പോൾ, വായിക്കുന്ന ഒരോ വരിയും ഓരോ ജീവിതമായി മുന്നിൽ വരുന്ന ഒരു വായന! വേറൊരു പുസ്തകവും വായിക്കുമ്പോൾ ഉണ്ടാക്കാത്ത തരത്തിലുള്ള ഒരു വികാരമായിരുന്നു മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വായിക്കുമ്പോൾ ഉണ്ടായിരുന്നത്... നെഞ്ചിനുള്ളിൽ എന്തോ ഒന്ന്... അത് വിങ്ങി നിൽക്കുന്ന സങ്കടമൊ പുറത്തേക്ക് വരാൻ വെമ്പിനിൽക്കുന്ന കരച്ചിലൊ ആയിരുന്നു...കൈയ്യും കണ്ണും എത്തുന്നദൂരത്തിലുള്ള പുസ്തകങ്ങളിൽ ഒന്നാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ! അച്ഛമ്മേ ഞാൻ എവിടെ ആയിരുന്നു അമ്മ എന്നെ പെറുന്നതിന് മുന്പ് മയ്യഴിയിലെ മുത്തശ്ശിമാർക്കെല്ലാം അതിനോരു ഉത്തരമേ ഉണ്ടായിരുന്നുള്ളു...വെള്ളിയാങ്കൻമേൽ...വെള്ളിയാങ്കിലിലെ തുമ്പിയായിമാറിയ ദാസന്റെ മാത്രം കഥയല്ലിത്.. വിരഹത്തിന്റെ വേദന അനുഭവവേദ്യമാക്കിയ ചന്ദ്രിക... മടങ്ങിവരുന്ന വെള്ളക്കാരുടെ കപ്പലുനോക്കിയിരുന്ന് നോക്കിയിരുന്ന് പൊടിവലിച്ചു ജീവിച്ച കുറുമ്പിയമ്മ, ശീലിച്ച വിമോചനയശയങ്ങളെല്ലാം വലിച്ചെറിഞ്ഞു പലായനം ചെയ്ത വാസൂട്ടി, മിസ്സിയുടെ ചെമ്പൻമുടി, സ്വന്തം ഷണ്ഡത്വം മറച്ചുവെച്ച ഗസ്തോൻസായ്പ്....കുഞ്ഞിചിരുത... അങ്ങനെ മനുഷ്യമനസ്സിന്റെ കണാകാഴ്ചകൾ അനുഭവവേദ്യമാക്കി തന്ന പുസ്തകം! വെള്ളിയാങ്കലിലെ തുമ്പികൾ പാറി പറന്നു പോയി! എല്ലാത്തിനും സാക്ഷിയായി അരൂപിയായ അനാദിയായ കടൽ! കഥവായിച്ചവസാനിച്ച ശേഷവും കഥയിടങ്ങൾ തേടി ചെല്ലാൻ പ്രേരിപ്പിച്ച പുസ്തകം!

  മയ്യഴിപ്പുഴയുടെ തീരങ്ങളിൽ : ഒരു കാലാതീത സൃഷ്ട്ടി
By Fasal Fayaz
" അനാദിയായി പരന്നു കിടക്കുന്ന സമുദ്രത്തിൽ, അങ്ങകലെ ഒരു വലിയ കണ്ണീർ തുള്ളി പോലെ വെള്ളിയാങ്കല്ലു കാണാമായിരുന്നു. അവിടെ അപ്പോഴും ആത്മാവുകൾ തുമ്പികളായി പാറി നടക്കുന്നുണ്ടായിരുന്നു. ആ തുമ്പികളിൽ ഒന്ന് ദാസനായിരുന്നു. " പുസ്തകം വായിച്ചു തീർന്നിട്ടും ഉള്ളിൽ കഥാപാത്രങ്ങൾ ആഴത്തിൽ തങ്ങിനിൽക്കുന്നത് എന്തുകൊണ്ടായിരിക്കും ?? ഒരു നാടും അവിടത്തെ മനുഷ്യരും മനസ്സിലെ മായാത്ത ചിത്രങ്ങളാവുന്നത് എന്തുകൊണ്ടായിരിക്കും ?? അവരുടെ ദുഃഖങ്ങളിൽ കണ്ണ് നിറയുന്നതും അവരുടെ സന്തോഷങ്ങളിൽ ചുണ്ട് വിടരുന്നതും എന്തുകൊണ്ടായിരിക്കും ?? ചിന്തിച്ചിട്ടുണ്ടോ...?!! "നോവലുകൾ അങ്ങനെയാണ്... ഉള്ളിൽ മായാത്ത മുഖങ്ങൾ അവ ബാക്കിയാക്കും. ഉള്ളിൽ നിലക്കാത്ത ശബ്ദങ്ങൾ അവ ബാക്കിയാക്കും. നാം പോലും അറിയാതെ നമുക്കുള്ളിൽ അവ സ്ഥാനമുറപ്പിക്കും. അതിലൊക്കെ എന്താണിത്ര അത്ഭുതപ്പെടാനുള്ളത് അല്ലേ..!!" സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നേ ഫ്രഞ്ച് ജനത ഭരിച്ച ഒരു ദേശത്തിന്റെ കഥയാണ് ' മയ്യഴിപ്പുഴയുടെ തീരങ്ങളിൽ '. ദാസൻ എന്ന കഥാപാത്രത്തിന്റെ വളർച്ചയിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. ഒരു നാടിനെയും അതുവഴി ഒരു സംസ്കാരത്തെയും നോവൽ വരച്ചുകാട്ടുന്നു. മയ്യഴിയുടെ തീരങ്ങളിൽ വസിക്കുന്ന ഒരു പറ്റം പച്ചയായ മനുഷ്യരെയാണ് എഴുത്തുകാരൻ പരിചയപ്പെടുത്തുന്നത്. മയ്യഴിയുടെ സ്വാതന്ത്ര്യ ചരിത്രം കൂടിയാണ് നോവൽ. ഫ്രഞ്ച് ഭരണകൂടത്തിന് താഴെ ജീവിക്കുന്ന ഒരു ജനത. ചെറിയ സ്വപ്നങ്ങളും ചെറിയ ജീവിതക്രമങ്ങളുമായി ജീവിച്ചു പോരുന്ന ഒരു സമൂഹം. അത്തരമൊരു ചുറ്റുപാടിലേക്കാണ് കുഞ്ഞനന്തൻ മാസ്റ്ററും ദാസനും ഒക്കെ ചേർന്ന് വിപ്ലവത്തിന്റെയും വിമോചനത്തിന്റെയും ചിന്തകൾ കോരിയിടുന്നത്. വിമോചന സമരങ്ങളുടെ നാൾവഴികൾക്ക് പിന്നീട് മയ്യഴി സാക്ഷിയാവുന്നു. കുടുംബം, പ്രണയം, സൗഹൃദം, വിപ്ലവം എന്നിങ്ങനെ ജീവിതത്തിന്റെ കേന്ദ്രബിന്ദുക്കളിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്. ഓരോ അദ്ധ്യായത്തിലും വായനക്കാരെ വിസ്മയിപ്പിക്കുന്ന എന്തോ ഒരു മായാലജാലം കരുതിവക്കുന്നുണ്ട് മുകുന്ദൻ. പക്വവും വൈകാരികവുമായ കഥാപശ്ചാത്തലം. ചെറിയ വാക്കുകളിലെ വലിയ വർണ്ണനകൾ. മനസ്സിൽ ആഴത്തിൽ തങ്ങിനിൽക്കുന്ന കഥാസന്ദർഭങ്ങൾ. മയ്യഴിയെ ഹൃദയഹാരിയാക്കാൻ എഴുത്തുകാരന് ഈ ചേരുവകൾ തന്നെ ധാരാളമായിരുന്നു. രണ്ടു തലമുറകളെ ആണ് നോവൽ കാണിച്ചുതരുന്നത്. ഫ്രഞ്ച് ഭരണത്തെ സ്നേഹിച്ചും ആരാധിച്ചും പോന്നിരുന്നു ഒരു പഴയ തലമുറ. സ്വാതന്ത്ര്യത്തിന്റെ പോരാട്ടവീര്യത്തിൽ സ്വയം അർപ്പിച്ച ഒരു പുതിയ തലമുറ. കൂടെ തലമുറകളോളം മാറ്റം വരാത്ത ചിട്ടകളും ശീലങ്ങളും. ലസ്ലി സായിവ്, മിസ്സി, കരടി സായിവ്, മേയർ ചെക്കുമൂപ്പർ, ദാവീദ് സായിവ്, കുഞ്ഞിച്ചിരുത, റൈറ്റർ ദാമു, മുടന്തൻ കുഞ്ചെക്കൻ, ഉണ്ണിനായർ, ഗിരിജ, അച്ചു അങ്ങനെ അങ്ങനെ ഒരുപിടി നല്ല കഥാപാത്രങ്ങൾ. ഓരോരുത്തർക്കും അവരുടേതായ സ്ഥാനം നിർണയിക്കപ്പെട്ടിരുന്നു. കഥാപാത്ര വർണ്ണനയുടെ ഓരോ വരികളിലും ആ ജീവൻ പ്രകടമായിരുന്നു. ആനക്കൊമ്പിൽ തീർത്ത ഇതിഹാസങ്ങളുടെ പൊടി ഡപ്പിയുമായി കഴിയുന്ന കുറമ്പിയമ്മ. നാടിന്റെ വിമോചനം സ്വപ്നം കണ്ടു ജീവിച്ച കുഞ്ഞനന്ദൻ മാസ്റ്റർ. ഷണ്ഡനാണെന്ന അപകർഷതാബോധത്തിൽ ജീവിതകാലമത്രയും ഒറ്റമുറിക്കുള്ളിൽ കഴിഞ്ഞു കൂടിയ ഗസ്തോൻ. മകന്റെ ഭാവിക്ക് വേണ്ടി ഉള്ളുരുകി ജീവിച്ച ദാമു റൈട്ടറും ഭാര്യയും. മനസ്സിൽ പ്രണയത്തിന്റെ നീറ്റൽ ബാക്കിവെച്ച ദാസനും ചന്ദ്രിയും. മയ്യഴിയുടെ ആത്മാക്കൾ തുമ്പികളായി പാറിനടക്കുന്ന അനാദിയായ സമുദ്രത്തിലെ വെള്ളിയാങ്കല്ല്. ഓർക്കാൻ എത്രയെത്ര നിമിഷങ്ങളെയാണ് മുകുന്ദൻ വായനക്കാർക്ക് സമ്മാനിക്കുന്നത്. നോവൽ അവസാനിക്കുമ്പോൾ മുകുന്ദൻ എന്ന എഴുത്തുകാരനോട്‌ നമുക്ക് വല്ലാത്ത സ്നേഹം തോന്നിപ്പോവുന്നുണ്ട്. പ്രണയം ദാസനും ചന്ദ്രിക്കും ഇടയിൽ മാത്രമല്ല, എഴുത്തുകാരനും വായനക്കാർക്കും ഇടയിലേക്ക് കൂടി പൊട്ടി മുളക്കുന്നുണ്ട് എന്ന് നമ്മൾ തിരിച്ചറിയുന്നു. നോവൽ നിർമ്മിതിയിലെ ഭംഗിയും ചിട്ടയും നമ്മെ വിസ്മയിക്കുന്നു. നോവൽ സമ്മാനിക്കുന്ന വായനാനുഭവം നമ്മെ അത്ഭുതപ്പെടുത്തുന്നു. മുന്നേ പറഞ്ഞപോലെ, "നോവലുകൾ അങ്ങനെയാണ്... ഉള്ളിൽ മായാത്ത മുഖങ്ങൾ അവ ബാക്കിയാക്കും. ഉള്ളിൽ നിലക്കാത്ത ശബ്ദങ്ങൾ അവ ബാക്കിയാക്കും. നാം പോലും അറിയാതെ നമുക്കുള്ളിൽ അവ സ്ഥാനമുറപ്പിക്കും. അതിലൊക്കെ എന്താണിത്ര അത്ഭുതപ്പെടാനുള്ളത് അല്ലേ..!!"

  എന്റെ വായനയിൽ
By Rinshida salahudheen
മയ്യഴിപ്പുഴയുടെ തീര മലയാള സാഹിത്യത്തിലെ ആധുനിക പ്രസ്ഥാനത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് എം. മുകുന്ദന്‍. കേരളാതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര ഭരണ പ്രദേശമായ മാഹി (മയ്യഴി) യുടെ പൂര്‍വ്വകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രശസ്തമായ മലയാള നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, പ്രമേയതലത്തിലും രൂപ തലത്തിലും നവീനത പുലര്‍ത്തുന്ന മികച്ചൊരു കൃതിയാണിത്. ഫ്രഞ്ചു മാഹിയില്‍ ജനിച്ച് പോണ്ടിച്ചേരിയില്‍ വിദ്യാഭ്യാസം നേടിയ, പാമ്പുകടിയേറ്റു മരിച്ച കേളുവച്ചന്റേയും കുറമ്പിയമ്മയുടേയും മകനായിരുന്ന ദാമു റൈട്ടരുടെ മകൻ ദാസനാണ്‌ നോവലിലെ മുഖ്യ കഥാപാത്രം. ഫ്രെഞ്ച് ചരിത്രത്തിലെ വീരനായിക ഴാന്താർക്കിന്റേയും (Jean de Arc), മരണത്തിനും ജനനത്തിനും ഇടയിൽ ആത്മാക്കളുടെ ഇടത്താവളമായ അറബിക്കടലിലെ വെള്ളിയാംകല്ലിന്റേയും കഥകൾ കുറമ്പിയമ്മയിൽ നിന്ന് കേട്ടാണ്‌ അയാൾ വളർന്നത്.ക്ഷുഭിത യൗവ്വനത്തിന്‍റെ പ്രതീകമാണ് ദാസൻ. ഫ്രഞ്ച് അധീനതയില്‍ നിന്ന് മാഹിക്കു സ്വാതന്ത്ര്യം നേടണമെന്ന് കുഞ്ഞനന്ദൻ മാഷിനെ പോലെയുള്ളവർ വാദിക്കുന്നു . ദാസനും മാഹിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നയാളാകുന്നു. എന്നാല്‍ പഴയ തലമുറയില്‍പ്പെട്ട കുറമ്പിയമ്മയെപ്പോലെയുള്ള ഫ്രഞ്ചു സര്‍ക്കാരിനോടു കൂറുള്ളവരും അവിടെ ഏറെയാണ്. നിലവിലെ ജീവിതത്തില്‍ അവര്‍ സംതൃപ്തരുമാണ്. ഈ രണ്ടു തലമുറകളുടെ ആശയ സംഘടനങ്ങളിലൂടെ പുതിയൊരു വിപ്ലവാന്തരീക്ഷം മാഹിയില്‍ രൂപപ്പെടുന്നതിന്‍റെ കഥയാണ് നോവല്‍ വരച്ചു കാട്ടുന്നത്. ഫ്രഞ്ചിൽ നിന്നും മയ്യഴിയുടെ വിമോചനത്തിനു വേണ്ടി പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ദാസൻ ഫ്രഞ്ചു ഗെവണ്മെന്റ് വെച്ച് നീട്ടിയ സർക്കാർ ജോലിയും പാരിസിലെ ഉന്നത വിദ്യാഭ്യാസവും നിരസിക്കുന്നു. ഗാന്ധിയന്‍ കണാരന്‍ നയിക്കുന്ന സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാകുകയും ചെയ്യുന്നു.വിപ്ലവകാരിയായി മുദ്രകുത്തപ്പെട്ട ദാസന് ഫ്രഞ്ച് ഗവണ്‍മെന്‍റ് പന്ത്രണ്ടു വര്‍ഷത്തേയ്ക്ക് തടവുശിക്ഷ വിധിക്കുകയും എന്നാല്‍ ദാസന്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് ഫ്രഞ്ച് ആധിപത്യത്തിനെതിരേയുള്ള സമരം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.ദാസൻ കാരണം ദാമു റൈട്ടർക്കു ജയിൽ വാസം അനുഭവിക്കേണ്ടി വരികയും അതോടെ നാട്ടിൽ നിന്നുമാത്രമല്ല സ്വന്തം വീട്ടിൽ നിന്നും ദാസൻ പുറത്താക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ അവൻ അഭയം തേടുന്നത് തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ചന്ദ്രികയിലാണ്. അവരുടെ പ്രണയം അത്രയും തീവ്രമായിരുന്നു. മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹം കഴിക്കേണ്ടി വന്ന ചന്ദ്രിക ആത്മഹത്യ ചെയ്യുന്നു. ദാസനും ഒടുവില്‍ ആ പാത പിന്തുടരുന്നു. അങ്ങകലെ വെള്ളിയാംങ്കല്ലില്‍ ആത്മാക്കൾ തുമ്പികളായി പാറിനടക്കുന്നുണ്ടായിരുന്നു.ആ തുമ്പികളിൽ ദാസനും ചന്ദ്രികയും ഉണ്ടായിരുന്നു.. അങ്ങനെ നോവൽ അവസാനിക്കുന്നു. ആദ്യവായനയിൽ തന്നെ നോവലിലെ ഓരോ കഥാപാത്രങ്ങളും വായനക്കാരിലേക്ക് ഇറങ്ങി ചെല്ലുന്നു. കുറുമ്പിയമ്മയും അവരോടു പൊടി ചോദിക്കുന്ന ലെസ്ലീ സായ്വും വായനക്കാരുടെ ഉള്ളിൽ പെട്ടന്ന് സ്ഥാനം പിടിക്കുന്നു.തുടർന്ന് കേന്ദ്ര കഥാപാത്രമായ ദാസന്റെ ജനനവും അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും മയ്യഴിയുടെ വിമോചനത്തിനു വേണ്ടിയുള്ള സമര, സംഘർഷങ്ങളും സ്വാതന്ത്ര്യവുമെല്ലാം അക്ഷരങ്ങളിലൂടെ കഥാകൃത്ത് ചിത്രീകരിക്കുന്നു. ഓരോ വായനക്കാരെയും പിടിച്ചിരുത്തി വായിക്കാൻ പ്രേരിപ്പിക്കുന്നു.മയ്യഴി അങ്ങനെ യാണ് വായനക്കാർക്ക് പ്രിയപ്പെട്ടതായി നിലനിൽക്കുന്നത്‌.മയ്യഴിയുടെ സ്വത്വം തിരിച്ചെടുക്കുന്ന സമരചരിത്രമാണിത്

  മയ്യഴിപ്പുഴയുടെ തീരങ്ങളിൽ -എം മുകുന്ദൻ
By ARUNRAJ Mr
വടക്കൻ കേരളത്തിലെ ഒരു പ്രദേശം എന്നതിലുപരി മയ്യഴിപുഴയ്ക്കും തനതായ ഒരു ചരിത്രവും ഒരു സ്ഥായി ഭാവം പകർന്നു നൽകിയ ഒരു നോവലാണ് മയ്യഴി പുഴയുടെ തീരങ്ങളിൽ. ഏകദേശം ഒരു നൂറ്റാണ്ടുകാലത്തെ മയ്യഴിയുടെ ചരിത്രം നമുക്ക് എം മുകുന്ദൻ പകർന്നുതരുന്നു.താൻ കണ്ടതും, മയ്യഴിയിൽ താൻ കേട്ടുവളർന്നതുമായ ഒരുപാട് ചിത്രങ്ങൾ അദ്ദേഹം നമുക്ക് വരച്ചുകാട്ടുന്നു.ഒരു ഫ്രഞ്ച് കോളനി ആയിരിക്കെ അവർ അനുഭവിച്ചുപോന്ന ദുരിതങ്ങൾ മാത്രമല്ല ഇവിടെ പ്രതിപാദിക്കുന്നത്.അവരുടെ തനതായ ജീവിതശൈലിയിലും സംസ്കാര രൂപീകരണത്തിലും ചെലുത്തിയ പങ്കും, മയ്യഴിയുടെ മക്കൾക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു സങ്കല്പ ലോകവും ഇതിലുണ്ട്. ദാസൻ എന്ന കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് നിർത്തികൊണ്ട് പറഞ്ഞുപോകുന്ന ഈ നോവൽ, ഫ്രഞ്ച് ഭരണത്തെ തങ്ങളുടെ ഭാഗ്യമായി കരുതുന്ന ഒരു പഴയ ജനതയെയും, അതിനുമപ്പുറം മയ്യഴിയുടെ സ്വാതന്ത്ര്യത്തെ സ്വപ്നം കാണുന്ന ഒരു പുതു തലമുറയെയും നമുക്ക് കാട്ടിത്തരുന്നു. ഫ്രഞ്ച് ഭരണവും അതിലൂടെ മയ്യഴികണ്ട ആ വലിയ വിപ്ലവവും, തെയ്യക്കോലം കെട്ടി ദൈവഭാവം കൈവരിക്കുന്ന മലയരും, തുമ്പികളായി രൂപം പ്രാപിക്കുന്ന ആത്മാക്കളുടെ വാസസ്ഥലമായ വെള്ളിയാങ്കല്ലും എല്ലാം രണ്ടു തലമുറയുടെ കാഴ്ചപ്പാടുകളിലൂടെ നമുക്ക് കാണാൻ സാധിക്കുന്നു എന്നതും ഒക്കെ തന്നെയാണ് ഇന്നും ഈ നോവൽ സജീവമായി നിർത്തുന്നത്.

  വെള്ളിയാൻകല്ലിലെ തുമ്പികൾ
By Akshay Pn
കേരളത്തിന്റെ മണ്ണിലുള്ള ഒരു കുഞ്ഞി വിദേശപൊട്ടാണ് മയ്യഴി;എന്നാൽ മലയാളികൾക്ക് അത്രയും പ്രിയപ്പെട്ടതാണ് അവിടെത്തെ ഓരോ അണുവും. ഒരു പക്ഷെ മയ്യഴിപ്പുഴ ഇത്രക്കും പ്രശസ്തമായത് മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിലൂടെയാണെന്നു തീർച്ച. പുഴയെ ചുറ്റിപറ്റി പലകഥകളും മലയാളിക്കറിയാം, എന്നാൽ അവയിൽ നിന്നും മയ്യഴിയെ വ്യത്യസ്തമാക്കുന്നത് നോവൽ പറയുന്നത് കോളനിയുടെ വിഴുപ്പും പേറുന്ന ഒരു തലമുറയുടെയും, കലഹങ്ങൾ ഉണ്ടാക്കുന്ന മറ്റൊരു തലമുറയുടെയും കഥ ഒന്നിച്ചു പറയുന്നതുകൊണ്ടാണ്. നമുക്കറിയാം മയ്യഴി ഫ്രഞ്ചുകാരുടെ കോളനിയായിരുന്നു. അനേകം വർഷം ഫ്രഞ്ചുകാരുടെ ഭരണത്തിനു കീഴിലായിത്തീർന്നിട്ടു, പിന്നീട്‌ അവർ വിട്ടു പോയപ്പോഴും അവരുടെ അവശിഷ്ടങ്ങൾ പേറുന്ന ഒരിടമാണ് മയ്യഴി. ഇന്നും അവിടെ ഫ്രഞ്ച് മാതൃകകൾ അവശേഷിക്കുന്നു. എന്നാൽ കഥ സംസാരിക്കുന്നത് അവിടെ ഫ്രഞ്ചുകാർ നടത്തിയ ആക്രമണങ്ങളോ, അങ്ങനെ മറ്റൊന്നുമല്ല. പകരം ഫ്രഞ്ച് അധിനിവേശത്തിന്റെ വിയർപ്പുപേറുന്ന കുഞ്ഞിച്ചിരുതയുടെയും, ആ വിയർപ്പു തുടച്ചുമാറ്റാൻ ശ്രമിക്കുന്ന ദാസിന്റെയും ജീവിതങ്ങളും അതിനിടക്കുള്ള മയ്യഴിയുടെ ചില ചരിത്രവുമാണ്. ലളിതമായ മാഹിക്കാരുടെ ഭാഷയിൽ പറയുന്ന ഈ കഥ, നമ്മൾ കേൾക്കുന്നതും കാണുന്നതും അങ്ങു അകലെ അറബിക്കടലിൽ ഒരു കണ്ണുനീരായി കിടക്കുന്ന വെള്ളിയാൻകല്ലിൽ നിന്നാണ്. അവിടെയുള്ള കുഞ്ഞിച്ചിരുതയുടെയും, കുറുമ്പിയമ്മയുടെയും, ദാസന്റേയും ചന്ദ്രികയുടെയും തുമ്പികൾ ഓരോന്ന് വന്നിരുന്ന് നമ്മുക്ക് മുന്നിൽ കഥ പറയുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ~Akshay pn~

  Read...
By ANJITHA DAVIS
ഇതുവരെ കണ്ടിട്ടില്ലെങ്കിലും സ്വപ്നങ്ങളിൽ ഒരു മയ്യഴി ചലിക്കുന്നുണ്ട്. അവിടെ പുഴയുടെ ഓരത്ത് ദാസനും ചന്ദ്രികയും ഇരിപ്പുണ്ട്, മറ്റെല്ലാം മാഞ്ഞു പോകുന്നതു പോലെ..... മയ്യഴി ഈ ഭൂമിയിലല്ല, വിദൂരമായ ഏതോ ഒരു നക്ഷത്രത്തിൽ തന്നെയാകാം. അതുകൊണ്ടാവണം വായനക്കപ്പുറവും ഓർമ്മയുടെ ഇരുണ്ട ഇടങ്ങളിൽ മയ്യഴി തെളിഞ്ഞുനിൽക്കുന്നത്. മയ്യഴിയെ എത്രയും പെട്ടെന്ന് സ്വന്തമാക്കുക. നിങ്ങളുടെ ഓർമ്മയിൽ അതിനെ തളച്ചിടുക.

  മയ്യഴിയുടെ ആത്മാവ്
By ELDHO GEORGE
മയ്യഴിയുടെ തീരത്തെ മനുഷ്യജീവിതങ്ങളുടെ കഥപറയുന്ന നോവൽ . വെള്ളിയാങ്കല്ലുകൾക്കു മുകളിലെ തുമ്പികളായി തീരുന്ന ജന്മങ്ങൾ.എം മുകുന്ദൻറെ ക്‌ളാസ്സിക്ക് ...

  വെള്ളിയാങ്കല്ലിലെ ആത്മാക്കൾ
By Darsana Baburaj
ഇന്നേവരെ വായിച്ചുതീരുമ്പോൾ പ്രതിപാദിച്ച സ്ഥലത്തേക്ക് പോകാൻ തോന്നിയിട്ടില്ല. പക്ഷെ മയ്യഴി ഒരുപാട് ആഗ്രഹങ്ങൾ സമ്മാനിച്ച ഒരിടമാണ്. കാലങ്ങളെ ആവിർഭവിച്ചു പതഞ്ഞൊഴുകുന്ന മയ്യഴിപ്പുഴയെ കാണാനും വെള്ളിയാങ്കല്ലിലെ പൂമ്പാറ്റകളോട് കിന്നരിക്കാനും ദാസന്റെയും ചന്ദ്രികയുടേം വിഹാരകേന്ദ്രങ്ങളായ തെങ്ങിൻ പറമ്പും പണിതീരാത്ത വീട്ടിലും ചെന്നിരിക്കാനും ഉള്ള ആഗ്രഹങ്ങൾ അന്നുതൊട്ടേ മനസ്സിൽ ഇടംപിടിച്ചതാണ്. സങ്കല്പികമായാലും യാഥാർഥ്യമായാലും രണ്ടും മനസിന്റെ വികാരങ്ങളെ തൊട്ടുണർത്തും എന്നുള്ളത് സംശയാതീതമായി മുമ്പേ തെളിയിക്കപ്പെട്ടിട്ടുള്ളതാണല്ലോ...കഥാപാത്രങ്ങളും പ്രകൃതിയും മയ്യഴിയുടെ സൗന്ദര്യവും കാലഗൗരവവും നമ്മിൽ മോഹം ഉളവാക്കുന്നു... അനാദിയായ വെള്ളിയാങ്കല്ലിൽ ഒരുപാട് ആത്മാക്കളുണ്ട്... ഇനിയും അവർക്ക് പറയാൻ ഒരുപാട് കഥകളുണ്ടാവും.. മൺമറഞ്ഞുപോയ സായിപ്പന്മാരും അവരുടെ ശിങ്കിടിത്തള്ള കൾക്കും മയ്യഴിക്കാർക്കും പോരാളികൾക്കുംഅവിടെ ജീവനുണ്ട്.. മയ്യഴിയെ മോഹിച്ചവർക്ക് മരണമില്ല... അതുകൊണ്ട് ഒരിക്കലെങ്കിലും ഈ പുസ്തകം നെഞ്ചോടുചേർത്ത് അവിടംവരെ ഒന്നുപോണം...അവിടെത്തെ കഥകളെയും കെട്ടുകഥകളെയും ഒന്നുടെ താലോലിക്കണം..അവസാനമായി ഒന്നുടെ ദാസന്റെയും ചന്ദ്രികയുടെയും പരിഭവങ്ങളും പിണക്കങ്ങളും ഒന്നുകൂടെ ഓർത്തെടുത്തു ആ വെള്ളിയാങ്കല്ലിൽ കൊത്തി വെയ്ക്കണം... മയ്യഴി നീയെത്ര ധന്യ എന്ന് കുശുമ്പുകൊണ്ട് പറഞ്ഞു ലാളിക്കണം....

  THE MAGICAL BOOK.
By Anaswara NP
This book has a magical power to atract our heart. The novel describes the political and social background of Mahe. The protagonist in the story is a young man known as Dasan,he was very talented and he edecated in pondicherry University. After completed his education there, he was offered a job within French administration and also get an opportunity for higher studies in Paris,but he refused to accept the offers because he was attracted by communist ideology and he took leadership of the fight against the French. Chandrika fall in love with Dasan but he is not able to promise her a married life because of his commitment to the revolution. The bond between them was very strong like the opposite sides of the magnet.Chandrika forced by her parents to marry athor man but she can't accept a man instead of Dasan that's why she committed suicide. The Mahe coast know every secrets and dreams of Dasan and Chandrika. That was the place where they shared their dreams and everything... French national flag is removed and Indian flag is hoisted on government buildings. Mayyazhi become free. Dasan follows the soul of Chandrika on the Velliyamkallu Isalad on Mahe coast. Here the story ends.

  മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
By Mathew Shaji
വായിച്ചുകഴിയുമ്പോൾ മയ്യഴിയിൽ പോകാൻ തോന്നും,പോയാൽ വെള്ളാരംകല്ലും ദാസനെയും കൊറമ്പിയെയും കാണാൻ തോന്നും.ഫ്രഞ്ച് കൊളോണിയൽ ഭരണവുമായി ജീവിച്ചു,സായിപ്പന്മാരു ജീവിതത്തിന്റെ ഭാഗമായ കൊറമ്പിയെയും കുഞ്ഞിച്ചിരുതയെയും പോലുള്ള പഴയ തലമുറയുടെയും,സ്വാതന്ത്ര്യം സ്വപനം കാണുന്ന ദാസനെയും പപ്പനെയും പോലുള്ള പുതിയ തലമുറയുടെയും ആശയസംഘട്ടനം എം.മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ മനോഹരമായി വരച്ചുകാട്ടുന്നു.വായിച്ചുകഴിഞ്ഞാലും ദാസനും കൊറമ്പിയും റൈട്ടരും അച്ചുവും ചന്ദ്രികയും ഒന്നും മനസ്സീന്നു പോവില്ല.ദാസന്റെ ആത്മസംഘർഷവും തീരവേദനയും കാണുമ്പോൾ നമ്മുടെ ജീവിതത്തിലെ പ്രശ്‌നങ്ങൾ എത്ര നിസ്സാരങ്ങൾ ആണെന്ന് ചിന്തിച്ചു പോവുന്നു.'എനിക്ക് രാജ്യം കിട്ടി പക്ഷേ വീട് നഷ്ടപ്പെട്ടു'തനിക്കുള്ളതെല്ലാം സ്വന്തം നാടിനു നൽകിയെങ്കിലും ഒരു നന്ദിവാക്കുപോലും വാങ്ങാതെ യാത്രയാവുന്ന ദാസൻ മനസ്സു ഉലക്കുന്ന ഒരു കാഴ്ചയാണ് വായനക്കാർക്കു സമ്മാനിക്കുന്നത്.

  മയ്യഴിയുടെ ഹൃദയത്തുടിപ്പുകൾ
By FRANCIS PAUL
ഫ്രഞ്ച് അധിനിവേശ പ്രദേശമായ മയ്യഴി എന്ന ദേശത്തെ സാമൂഹിക, രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് M. മുകുന്ദൻ വായനക്കാരെ കൂട്ടികൊണ്ട് പോകുന്നത്. മയ്യഴിയിലെ ജനങ്ങളുടെ ജീവിതം ഐതീഹങ്ങളും, വിശ്വാസങ്ങളുമായി ചേർന്നു നിൽക്കുന്നതാണ്.ഒരുതരത്തിൽ പറഞ്ഞാൽ മയ്യഴിയുടെ സ്വാതന്ത്ര്യസമര ചരിത്രം കൂടി നോവലിൻറെ ഭാഗമാകുന്നുണ്ട്. ദാസൻ എന്ന കഥാപാത്രത്തിന്റെ വളർച്ചയോടൊപ്പം നോവലും പുരോഗമിക്കുന്നു. മയ്യഴിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന ദാസനും ഫ്രഞ്ച്‌കാരോട് വിധേയത്വം പുലർത്തുന്ന കുറുമ്പിയമ്മയും രണ്ട് തലമുറകളുടെ കാഴ്ചപ്പാടിലുള്ള വൈരുദ്ധ്യം വ്യക്തമാക്കുന്നു. സായിപ്പിന്റെ കൂടെ അന്തിയുറങ്ങുന്ന കുഞ്ഞിച്ചിരുതയും .ലെസ്ലിസിയിപ്പിന്റെ കുതിരക്കുളംബടിക്കായി കാത്തിരിക്കുന്ന കുറുമ്പിയമ്മയും മനസ്സുകൊണ്ട് ഫ്രഞ്ച്‌ അധിനിവേഷത്തെ അംഗീകരിച്ച് കഴിഞ്ഞിരിന്നു. സാമൂഹിക അന്തരീക്ഷം എങ്ങനെ ഒരു വ്യക്തിയെ സ്വാധീനിക്കുന്നു എന്ന് ദാസനീലൂടെ നമുക്ക് കാണാം. മികച്ച ഒരു ജീവിതം തന്റെ മുന്നിലുണ്ടായിട്ടും അത് വേണ്ടന്ന് വെച്ച് തന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച് നാടിന്റെ മോചനത്തിന് വേണ്ടി ദാസൻ പ്രവർത്തിക്കുന്നു. ധീരനായ ഒരു നായകനിൽ നിന്നും സ്വന്തം കാമുകിയെ നഷ്ടപ്പെട്ട്. കുടുംബത്തിൽ നിന്നും പുറത്താക്കപെട്ട ഒരു പരാജിതനായിമാറുകയാണ് ദാസൻ. മയ്യഴിക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോഴും ദാസനും ചന്ദ്രികയും തിരഞ്ഞെടുക്കുന്നത് മരണത്തെയാണ്. എല്ലാത്തിനും സാക്ഷിയായി മയ്യഴിപ്പുഴ ഒഴുകുന്നു. അങ്ങകലെ വെള്ളിയങ്കല്ലിൽ ദാസനും ചന്ദ്രികയും പൂത്തുമ്പികളായി പാറിനടക്കുന്നുണ്ടാകും.

  കാലങ്ങളെ പായിച്ച് ഓർമകളെ വാരികൂട്ടിയ മയ്യഴിപുഴ പറഞ്ഞ കഥ
By Lijina P Shafeeque
കാലങ്ങളെ പായിച്ച് ഓർമകളെ വാരികൂട്ടിയ മയ്യഴിപുഴ പറഞ്ഞ കഥയാണ് ഈ നോവൽ. ഇന്ത്യൻ സ്വാതന്ത്ര്യസമരവും കമ്മ്യൂണിസവുമെല്ലാം കൊടുമ്പിരികൊണ്ട് നിൽക്കുന്ന സമയം ഫ്രഞ്ചധീന മയ്യഴിയുടെ കരങ്ങളിൽ അരങ്ങേറിയ കണ്ണീരും കിനാവും സമരവും പ്രണയവുമെല്ലാം ഇട കലർന്നു രുചിക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോലെ തോന്നാം ഇതു വായിച്ചറിയുമ്പോൾ. ചെറിയ മയ്യഴിയുടെ വലിയ ചരിത്രം പറയാൻ കഥാകാരന് സ്വന്തം അനുഭവങ്ങൾക്കൊപ്പം മറ്റുള്ളവരുടെ ഓർമകളെ കൂടി ആശ്രയിക്കേണ്ടി വന്നിരിക്കാം. യുക്തിവാദവും ആചാരനുഷ്ഠാനങ്ങളും രാഷ്ട്രീയ ഇടപെടലുകളും നൂതനചിന്തകളും തമ്മിലുള്ള സംവാദവും നോവലിൽ കാണാം. ഫ്രഞ്ചുകരുടെ ഔന്നത്യങ്ങളെ പൂർണമായും സ്വീകരിച്ച ഒരു ജനതയുടെ ആവിഷ്കാരമാണ് ഈ നോവൽ. ഒടുവിൽ കാലാകാലങ്ങൾക്കും മരവിപ്പിക്കാനാവാത്തത്ര വേദനയും നീറ്റലും നൽകി, കടലിനക്കരെ ഒരു കണ്ണീർക്കണം പോലെ കാണപ്പെടുന്ന വെള്ളിയാങ്കല്ലിൽ തുമ്പികളായി പാറുന്ന ദാസനേയും ചന്ദ്രികയേയും മനസിലാവാഹിച്ചുകൊണ്ട് വായനക്കാരന് സ്‌മൃതിയിലമരേണ്ടി വരുന്നു. മയ്യഴിയുടെ സൗന്ദര്യവും അവിടുത്തെ ജനങ്ങളുടെ ജീവിതവും ഏതൊരാളുടെ മനസ്സിലേക്കും ആഴത്തിലിറുങ്ങുന്നതായി കാണാം. വെള്ളിയാങ്കല്ലിൽ പാറി നടക്കുന്ന ആത്മാക്കങ്ങൾക്കൊപ്പം ഒരു തുമ്പിയായി പറക്കണമെന്ന് വായനക്കാരനറിയാതെ തന്നെ സ്വയം കൊതിച്ചുപോയേക്കാം.

  good
By jishnu Ramakrishnan
good



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0