• Text
  • Text

ORU SANKEERTHANAM POLE

By : PERUMPADAVOM SREEDHARAN



Book : ORU SANKEERTHANAM POLE
Author: PERUMPADAVOM SREEDHARAN
Category : Novel
ISBN : NOISBN142
Binding : Normal
Publishing Date : 01-01-2012
Publisher : SANKEERTHANAM PUBLICATIONS
Edition : 38
Number of pages : 224
Language : Malayalam
Paper Back

Publisher: SANKEERTHANAM PUBLICATIONS
₹270.00 ₹300.00 10% off





Book Summary

ചൂതാട്ടക്കാരന്‍ എന്ന നോവലിന്റെ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്‌സ്‌കിയുടെ അരികില്‍ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാള്‍ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്‌കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവില്‍ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തര്‍മുഖനായ ദസ്തയേവ്‌സ്‌കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്‌കിയെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ആള്‍ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. അന്ന ദസ്തയേവ്‌സ്‌കിയുടെ തന്നെ ഓര്‍മ്മക്കുറിപ്പുകള്‍ ഈ നോവലിന്റെ രചനയില്‍ ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിന്റെ ആമുഖത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. ബൈബിളിലെ ചില സങ്കീര്‍ത്തനങ്ങളില്‍ ഉള്ളതു പോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു സ്വരം ദസ്തയേവ്‌സ്‌കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ് അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ തന്റെ നോവലിനു 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന പേര് പെരുമ്പടവം നല്‍കിയത്. ശില്പഘടനയിലും വൈകാരികതയിലും മികച്ചു നില്‍ക്കുന്ന ഈ കൃതിയെ മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം എന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌.

WRITE A REVIEW

Product name: ORU SANKEERTHANAM POLE

Review title:



Your Ratings:

Your Message:




Book Reviews

  Excellent book
By sameer shah
ദസ്‌തേവ്‌സ്‌കിയാകാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. ഒരിക്കലും കഥാപാത്രത്തോളം ക്രൂരനാകാതെ അന്നയെ പ്രണയിക്കണം എന്നും ഞാനാഗ്രഹിച്ചിട്ടുണ്ട്. കണ്ണു നനയ്ക്കുന്ന നോവല്‍

  ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ദസ്തയേവ്‌സ്‌കിയുടെ കഥ!
By Abdul Latheef OM
ജീവിതം ഒരു ചൂതുകളിയാണ്. ചിലര്‍ നേടുന്നു. ചിലര്‍ നഷ്ടപ്പെടുന്നു. നോക്ക്, ഏതു ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ? ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയില്‍ ഒരു സന്ധ്യയ്ക്കു ചെന്നിരുന്ന് മനുഷ്യന്‍ കണക്കുനോക്കുന്നു. ജീവിതം നഷ്ടമോ ലാഭമോ? ആ അര്‍ത്ഥത്തില്‍ ചിന്തിച്ചുനോക്കുമ്പോള്‍ ജീവിതം ഒരു ചൂതുകളി തന്നെയല്ലേ? അതിനകത്ത് ഭ്രാന്തുണ്ട്. അതിനകത്ത് ആനന്ദമൂര്‍ച്ഛയുണ്ട്, വാശിയുണ്ട്, പകയുണ്ട്. സ്‌നേഹമുണ്ട്, സഹതാപമുണ്ട്, വഞ്ചനയുണ്ട്, കെണികളുണ്ട്, വ്യാമോഹങ്ങളുണ്ട്, നിരാശയുണ്ട്, ശത്രുതയുണ്ട്, നാശമുണ്ട്, മരണമുണ്ട്, എന്താണില്ലാത്തത്? ജീവിതത്തിലുള്ളത് മുഴുവന്‍ ചൂതുകളിയിലുമുണ്ട്. ജീവിതത്തിലെന്നപോലെ ചൂതുകളിയിലും നമ്മള്‍ കണക്കു കൂട്ടുന്നു. സംഖ്യവെച്ച് നമ്മള്‍ ചക്രം തിരിക്കുന്നു. സൂചി കറങ്ങി ഏതു കളത്തില്‍ ചെന്നു നില്‍ക്കുന്നുവെന്നു ആര്‍ക്കറിയാം! അത് നിശ്ചയിക്കുന്നത് നമ്മളാണോ? (ഒരു സങ്കീര്‍ത്തനം പോലെ-പെരുമ്പടവം) വായനയില്‍ ഏറെ സ്‌ട്രൈക്ക് ചെയ്ത ഭാഗമാണ് മുകളില്‍ അങ്ങനെത്തന്നെ കുറിച്ചിട്ടത്, എന്തൊരു പറച്ചിലാണത്! ഓരോ തവണ വായിക്കുമ്പോഴും ഓരോ അര്‍ഥങ്ങളും പുതിയ ആശയങ്ങളും ഒഴുകിയെത്തുന്നു. ഭൗതിക ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും അനിശ്ചിതത്തത്തെക്കുറിച്ചും അണ്‍പ്രഡിക്ടബിലിറ്റിയെക്കുറിച്ചും ഇതിനേക്കാള്‍ മനോഹരമായി എങ്ങനെയാണ് എഴുതിപ്പിടിപ്പിക്കാനാവുക? കഥാകാരന്‍ ഉന്നയിക്കുന്ന ദേശകാലാതിവര്‍ത്തിയായ ആ ചോദ്യം തന്നെയാണ് ''ഒരു സങ്കീര്‍ത്തനം പോലെ'' എല്ലാകാലത്തും ജനപ്രിയമാകുന്നതിന്റെ രസതന്ത്രം. ആദ്യമൊക്കെ വായനക്കിടയില്‍ കണ്ണിലുടച്ച ഉപമകളും അലങ്കാരകളും ദര്‍ശനങ്ങളുമൊക്കെ സ്‌ക്രീന്‍ഷോട്ടെടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ചേര്‍ത്തിരുന്നു. പിന്നെപ്പിന്നെ ഓരോ വരികളും ദാര്‍ശനികമാണെന്നും ഏറെ ഹൃദയസ്പര്‍ശിയാണെന്നും അനുഭവഭേദ്യമായതോടെ ആ ഉദ്യമം ഉപേക്ഷിച്ചു. ഫയദോര്‍ ദസ്തയോവസ്‌കി, ലിയോ ടോള്‍സ്‌റ്റോയ്, ആന്റണ്‍ ചെക്കോവ്, അലക്‌സാണ്ടര്‍ പുഷ്‌കിന്‍ തുടങ്ങിയ ലോകപ്രശസ്ത റഷ്യന്‍ സാഹിത്യകാരന്മാരൊക്കെത്തന്നെ മലയാളത്തിന് സുപരിചതരാണ്. മുമ്പ് കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെ.എല്‍.എഫ്) സോവിയറ്റ് സാഹിത്യം മലയാളത്തിന് എന്ത് നല്‍കി? എന്ന തലക്കെട്ടില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ബംഗാളി സാഹിത്യവും ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യവുമായി മലയാളത്തിന് ഗാഢമായ ബന്ധമുണ്ടെങ്കിലും മലയാളി എഴുത്തുകാരനേയും വായനക്കാരനേയും സോവിയറ്റ് സാഹിത്യത്തോളം സ്വാധീനിച്ച മറ്റൊരു സാഹിത്യം ഉണ്ടായിട്ടില്ല എന്നാണ് മോഡറഷന്‍ നടത്തിയ കെ.എ ബീന അന്ന് അഭിപ്രായപ്പെട്ടത്. കൂട്ടത്തില്‍ ദസ്തയോവസ്‌കിയാണ് മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ടവന്‍. കുറ്റവും ശിക്ഷയും, നിന്ദിതരും പീഢിതരുമൊക്കെ നമ്മുടെ ഹൃദയത്തെ അത്രമേല്‍ ആഴത്തില്‍ സ്പര്‍ശിച്ച എഴുത്തുകളാണ്. സെന്റ്പീറ്റേഴ്‌സബര്‍ഗ് കാണുന്നതിന് മുമ്പ് തന്നെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലെ തെരുവ് വിളക്കിന്റെ അരണ്ട വെളിച്ചത്തെക്കുറിച്ചും ഗ്രാമഭംഗിയെക്കുറിച്ചുമൊക്കെ നന്നായി എഴുതാന്‍ കഴിഞ്ഞത് കുട്ടിക്കാലത്ത് താന്‍ വായിച്ച റഷ്യന്‍ സാഹിത്യകാരന്മാരുടെ കൃതികളില്‍ കണ്ട സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് മനസ്സില്‍ ഓര്‍ത്തുകൊണ്ടായിരുന്നുവെന്ന് പെരുമ്പടവം പങ്കുവെക്കുന്നുണ്ട്. ദസ്തയോവസ്‌കിയുടെ ജീവിതത്തിലെ ഹ്രസ്വമായ ഒരു ഘട്ടം അതിന്റെ എല്ലാ ഭാവങ്ങളോടെയും ആവിഷ്‌കരിക്കുന്ന മലയാള നോവല്‍ ചരിത്രത്തിലെ ''ഏകാന്ത വിസ്മയം'' ആണ് ഒരു സങ്കീര്‍ത്തനം പോലെ. വായനക്കാരനെ മറ്റൊരു കാലത്തേക്കും മറ്റൊരു രാജ്യത്തേക്കും കൈപിടിച്ച് കൂട്ടിക്കൊണ്ടുപോവുകയാണ് കഥാകാരന്‍. കഥയുടെ ആഖ്യാനശൈലി ലളിതവും എന്നാല്‍ അങ്ങേയറ്റം ശക്തമായതുമാണ്. വാക്കുകള്‍ ഇങ്ങനെ ഒഴുകിപ്പരക്കുന്നു, വായനക്കാരന്‍ ഏതോ ഒരു കുത്തൊഴുക്കില്‍ പെട്ട പ്രതീതിയില്‍ ആശയങ്ങളുടെ നീര്‍ച്ചുഴിയില്‍ പെട്ട് പുറത്ത്കടക്കാനാവാത്ത വിധം ആത്മസംഘര്‍ഷത്തിലാകുന്നു. ചിലപ്പോഴൊക്കെ അന്നയും ദസ്തയോവസ്‌കിയും വായനക്കാരന്‍ തന്നെയായിമാറുന്നു. ദസ്തയോവസ്‌കിയുടെ ആത്മസംഘര്‍ഷങ്ങളും അന്നയുടെ നിഷ്‌കളങ്കമായ സ്‌നേഹവും അനുഭവിക്കാതെ വായനക്കാരന് ഇത് പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. അന്ന ജീവിത്തതില്‍ ആദ്യമായി താന്‍ ആരാധനയോടെ കണ്ടിരുന്ന ദസ്തയേവസ്‌കിയെ കണ്ടുമുട്ടിയത് മുതല്‍ ഒടുവില്‍ അവര്‍ അന്യോന്യം ജീവിതം പങ്കുവെക്കാന്‍ തീരുമാനിക്കുന്ന നാടകീയ മുഹൂര്‍ത്തം വരെയുള്ള ചുരുങ്ങിയ കാലമാണ് കഥയില്‍ അവതരിപ്പിക്കുന്നത്. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായാണ് ദസ്തയോവസ്‌കിയെ പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ളത്, എന്നാല്‍ ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പുള്ളവന്‍ എന്നാണ് ദസ്തയോവസ്‌കിയെ പെരുമ്പടവം കഥയിലുടനീളം വിശേഷിപ്പിക്കുന്നത്. പ്രസാധകനായ സ്റ്റെല്ലോവ്‌സ്‌ക്കിയില്‍ നിന്നും ദസ്തയോവസ്‌കി കടം വാങ്ങുന്നു, നിശ്ചിത തിയ്യതിക്കുള്ളില്‍ പുതിയ ഒരു കൃതി സ്‌റ്റെല്ലോവ്‌സ്‌ക്കിക്ക് കൈമാറിയിട്ടില്ലെങ്കില്‍ സ്വന്തം പുസ്തകങ്ങളുടെയെല്ലാം അവകാശം അയാള്‍ക്ക് നല്‍കേണ്ടിവരുമെന്ന കരാറില്‍ ഇരുവരും സമ്മതിക്കുന്നു. എന്നാല്‍ നിശ്ചയിക്കപ്പെട്ട തീയ്യതി അടുത്തെത്തിയിട്ടും ദസ്തയേവസ്‌കി രചന തുടങ്ങിയിട്ടേ ഇല്ല, അങ്ങനെ ദസ്തയേവസ്‌കി മനസ്സില്‍ പാകപ്പെടുത്തിക്കൊണ്ടിരുന്ന ദ ഗാംബ്ലര്‍ (ചൂതാട്ടക്കാരന്‍) എന്ന നോവല്‍ പകര്‍ത്തിയെഴുതാനുള്ള സ്റ്റെനോഗ്രഫറുടെ ജോലി അന്ന ഏറ്റെടുക്കുന്നു. അന്ന ദസ്തയോവസ്‌കിയുടെ ജീവിതത്തില്‍ പുതിയ ആകാശങ്ങള്‍ പണിയുന്നു. ഇരുവരും പരസ്പരം സ്‌നേഹത്തിലാണെന്ന് വേലക്കാരി ഫെദോസ്യ തിരിച്ചറിയുന്നു. ധ്യാനനിമഗ്നനായി ചെയ്യേണ്ട പവിത്രമാക്കപ്പെട്ട സംഗതി ആണ് എഴുത്ത് എന്നും ലിമിറ്റിഡ് ആയ സമയം വെച്ച് അതിനുള്ളില്‍ തീര്‍ക്കേണ്ട ഒരു ഏര്‍പ്പാടെല്ല ഇതെന്നും പറഞ്ഞ് ദസ്തയോവസ്‌കി എഴുത്ത് ഉപേക്ഷിക്കാന്‍ പലപ്പോഴും ആലോചിക്കുന്നു, അപ്പോഴൊക്കെ അന്ന ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് പിന്നെയും കഥ പറയിപ്പിക്കുന്നു, ഒടുവില്‍ നിശ്ചയിക്കപ്പെട്ട ദിവസം തന്നെ കഥയെഴുതിത്തീരുന്നു, എന്നാല്‍ കയ്യെഴുത്ത് പ്രതി സമര്‍പ്പിക്കാന്‍ പോയപ്പോള്‍ സ്‌റ്റെല്ലോവ്‌സ്‌ക്കിയെ കാണാനില്ല, അയാള്‍ മുങ്ങിയതാണെന്ന് ദസ്തയോവ്‌സ്‌കി ഉറപ്പിക്കുന്നു, ഉടനെ ഒരു വണ്ടി പിടിച്ച് കോടതിയിലേക്ക് പോകുന്നു, ഒരു ചാവാലിക്കുതിരയെ കെട്ടിയ വണ്ടിയാണത്, വേഗമാകട്ടെ എന്ന് പറയുമ്പോഴൊക്കെ ഇത് അറബിക്കഥയിലെ മായക്കുതിരയൊന്നുമല്ലെന്ന് വണ്ടിക്കാരന്‍ മറുപടി പറയുന്നു, കഷ്ടപ്പെട്ട് കോടതിയിലെത്തിയപ്പോഴേക്കും സമയം കഴിഞ്ഞു കോടതി പൂട്ടിയിരിക്കുന്നു, എല്ലാം നഷ്ട്‌പ്പെട്ടുവെന്ന നിസ്സഹായാവസ്ഥയില്‍ കോടതിക്ക് മുമ്പില്‍ വെച്ച് അന്നയോട് ദസ്തയോവസ്‌കി പറയുന്നു: നമുക്കിത് വലിച്ചു കീറി കാറ്റില്‍ പറത്താം, അയാള്‍ എന്ത് വേണേലും ചെയ്‌തോട്ടെ, അന്ന പറയുന്നു: അവസാനമായി നമുക്ക് പോലീസ് സ്‌റ്റേഷന്‍ വരെ ഒന്ന് പോയി നോക്കാം, പോലീസ് സ്‌റ്റേഷനിലെത്തി ഇന്‍സ്‌പെക്ടറോട് സംസാരിക്കുന്നതിനിടയില്‍ ഇന്‍സ്‌പെക്ടര്‍ അന്നയോട് ചോദിക്കുന്നു: കാര്യമൊക്കെ ശരി, നിങ്ങള്‍ ദസ്തയോവസ്‌കിയുടെ ആരാണ്? ഒരു നിമിഷം അന്ന പതറിപ്പോകുന്നു, തികച്ചും അപ്രതീക്ഷിതമായ ഒരു ചോദ്യമായിരുന്നു അത്. ഒറ്റ ശ്വാസത്തില്‍ അവള്‍ മറുത്തൊന്നും ആലോചിക്കാതെ 'ഞാനദ്ദേഹത്തിന്റെ ഭാര്യയാണ്' എന്ന് മറുപടി പറയുന്നു. ദൈവം സാക്ഷി നിന്ന ആ നിമിഷം ദസ്തയേവസ്‌കി അന്നയെ കെട്ടിപ്പുണരുന്നതോടെ കഥ അവസാനിക്കുന്നു. 'ഒരാള്‍ പോകുമ്പോള്‍ അയാളോടൊപ്പം മറ്റെന്തൊക്കെയോ കൂടി പോകുന്നു. ഒരാളുടെ മരണം അയാളുടെ മാത്രം കാര്യമാണോ? ' എന്ന് കഥാകാരന്‍ ചോദിക്കുമ്പോള്‍ ആ ചോദ്യം എത്രമേല്‍ സത്യമാണ്. നെറ്റ്ഫ്‌ളിക്‌സില്‍ വെബ്‌സീരീസ് കണ്ടിരിക്കുന്ന സുഖം വായനയിലും നിങ്ങള്‍ക്കനുഭവപ്പെടണമെങ്കില്‍, ഒരേസമയം, വായന ആഘോഷവും എന്റര്‍ടൈന്‍മെന്റും അതിനുമുപ്പുറം ഒരുപിടി ചിന്തകളുടെ സ്‌നേഹസപര്‍ശവുമാവണമെങ്കില്‍ ഈ കൃതി നിങ്ങള്‍ വായിക്കുക എന്ന ഒരുവരി ഉപസംഹാരത്തില്‍ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. അബ്ദുല്ലത്തീഫ് പാലത്തുങ്കര 9544665949

  Must read!!
By Asif Pandikkad
അസാമാന്യ ഒഴുക്കാണ് ആകർഷണീയം. മനസ്സ് വിങ്ങുന്ന സന്ദർഭങ്ങൾ ഉടനീളം സർവ്വസാധാരണം. ഇരുത്തി വായിപ്പിക്കുന്നു. ചിന്തകൾ തിളച്ചു മറിയുന്ന വരികൾ. പെരുമ്പടവത്തിന്റെ മാസ്റ്റർപീസ്. വയലാർ അടക്കം 8 പുരസ്‌കാരങ്ങൾ. കുറഞ്ഞ കാലം കൊണ്ട് ഏറ്റവുമധികം കോപ്പികൾ വിറ്റഴിഞ്ഞ മലയാളകൃതി! 100 പതിപ്പുകൾ.. വായിച്ചിരിക്കേണ്ടത് തന്നെ. എഴുത്തുകാരന്റെ ആഖ്യാനത്തിലെ ഭാഷയും സൗന്ദര്യമാണ്. സാന്ദർഭികമായ ചിരിയെ "വാടി നിറം മങ്ങി നിൽക്കുന്ന ഒരു പൂവിന്മേൽ വീഴുന്ന വിളറിയ നിലാവ് പോലെയുള്ള ചിരി" എന്നൊക്കെ വർണ്ണിച്ചയാളെ എന്തു വിളിക്കണം..?? "ഹൃദയത്തിന്മേൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ള എഴുത്തുകാരൻ" എന്നല്ലാതെ... ????

  സമാനതകളില്ലാത്തൊരു പ്രതിഭയെ അടുത്തറിയുമ്പോൾ...
By Athul Chundayil
ദസ്തയേവ്സ്കിയെ വായിക്കാനോ ദഹിക്കാനോ സാധിക്കുന്നതിനുമൊരുപാടു മുൻപ്‌ എനിക്ക്‌ അദ്ദേഹത്തെ പരിചയപെടുത്താൻ സാധിച്ചത്‌ ഈ നോവലിനായിരുന്നു.സമാനതകളില്ലാത്തൊരു പ്രതിഭയുടെ ജീവിതത്തിലേക്ക്‌ ഉൾകാഴ്ച പകർന്നു നൽകാനാകുന്നുവെന്നതും അദ്ദേഹത്തിന്റെ കൃതികൾ തേടി പിടിച്ച്‌ വായിക്കുവാൻ പ്രചോദനമാവുകയെന്നതും ചെറിയ കാര്യമല്ല. മലയാള സാഹിത്യ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം കോപ്പികൾ വിറ്റു പോയ നോവലുകളിലൊന്നായ 'ഒരു സങ്കീർത്തനം പോലെ' തീർച്ചയായും നഷ്ടപെടുത്തരുതാത്തൊരു വായനാനുഭവമാണു...

  സ്നേഹത്തിന്റെ കീർത്തനങ്ങൾ
By Kiranmary Paul
സ്നേഹമെന്നാൽ നൽകലാണ്. സ്വന്തമായുള്ളതെല്ലാംകൊടുത്ത് അയാളിലലിയാൻ സ്വയംനഷ്ടപ്പെടുത്തുന്ന ആത്മബലി. ഒരു സങ്കീർത്തനം പോലെ ദൈവത്തിന്റെ കയ്യൊപ്പുള്ള പ്രണയത്തിന്റെ നേർക്കാഴ്ചയാണ്. ഇവിടെ ബാഹ്യസൗന്ദര്യത്തിലോ ആഗ്രഹച്ചേർച്ചയിലോ ഒന്നിക്കുന്ന കാമുകനോ കാമുകിയോയില്ലാ. ജീവിതദുരിതങ്ങളിൽത്തട്ടി പാപക്കുഴിയിൽ വീണുപോകുന്ന മനുഷ്യനെ ഉയിതെഴുന്നേൽപ്പിക്കുന്ന ദൈവമെന്ന പിതാവിന്റെ സ്നേഹമാണിത്. സാമാന്യമനുഷ്യന്റെ എല്ലാ ജീവിതസൗകുമാര്യങ്ങളും നഷ്ടപ്പെട്ട കലാകാരന്റെ ആത്മസംകർഷങ്ങൾ വ്യക്തമായിവരച്ചുകാണിക്കുന്നു. ഇതൊരു ശിക്ഷയല്ല, തന്റെ പ്രിയപ്പെട്ടപുത്രനെ ഉലയിൽ സ്വർണ്ണമെന്നപോലെ പവിത്രമാക്കുന്ന ശുദീകരണമാണ്. അവന്റെ ഉദ്ധാനമാണ് ദാവീതിന്റെ അനുതാപത്തിന്റെ സങ്കീർത്തനങ്ങൾപോലെ മനോഹരമായകൃതി കഷ്ടപ്പാടുകൾക്കിടയിൽ ആകെ സമ്പാദ്യം ദൈവത്തിന്റെ ഹൃദയമുള്ള പേനയാണ്. ആപേനയിലെ ഭാഷ അയാളുടെ ഹൃദയത്തിൽലയിച്ചു അന്നയുടെ ഹൃദയത്തിലേക്കോഴുകുന്നു. ബാക്കിയാവുന്നത് ഒരേയൊരു ഹൃദയം. അതിൽ എല്ലാം അലിഞ്ഞിരുന്നു. മാനവികതക്കപ്പുറത്തു ദൈവികതയുടെ മൂശയിൽ വാർത്തെടുക്കപ്പെട്ട പ്രണയങ്ങൾകുറയുന്ന ഇക്കാലത്തു ഇതൊരു മുതൽക്കൂട്ടാണ്. മനുഷ്യന്റെ ലൗകികതാല്പര്യങ്ങൾക്കപ്പുറമുള്ള പ്രണയത്തിന്റെ വിജയം. പാപികളെത്തേടിയെത്തുന്ന ദൈവസ്നേഹത്തിന്റെ പ്രതീക്ഷ. ഈ കൃതിയിലെ ഭാഷയും പ്രമേയവും നിങ്ങളെപ്പിടിച്ചു കുലുക്കാതിരിക്കില്ല.

  അനുപമ സുന്ദരമായ നോവൽ
By pradeep asramam
പെരുമ്പടവം ശ്രീധരൻ്റെ "ഒരു സങ്കീർത്തനം പോലെ " എന്ന കൃതി 1993-ലാണ് ഇറങ്ങുന്നത്. വായന മരിക്കുന്നു, പുസ്തകം മരിക്കുന്നു, എന്ന് സാംസ്ക്കാരിക പ്രവർത്തകർ മുറവിളി കൂട്ടുന്ന സമയത്താണ് " ഒരു സങ്കീർത്തനം പോലെ " സംഭവിക്കുന്നത്. പുസ്തക പ്രേമികൾക്ക് ഒരു വായനോത്സവത്തിന് തുടക്കമിടുകയായിരുന്നു ഈ പുസ്തകം. നോവലിൽ, നായകനായ ഫയോദോർ ദസ്തെയേവിസ്കി എന്ന റഷ്യൻ നോവലിസ്റ്റിൻ്റെ മനസ്സ്, നോവൽ പകർത്തിയെഴുതാൻ വന്ന അന്ന എന്ന പെൺകുട്ടി കവർന്നെങ്കിൽ പെരുമ്പടവം കവർന്നത് വായനക്കാരുടെ മനസ്സായിരുന്നു. വായനാനുഭൂതിയുടെ അഗാധ തലത്തിലേക്ക് വായനക്കാരെ കൊണ്ട് പോകുന്ന പുസ്തകം. മഹാനായ ദസ്തെയേവിസ്കിയുടെ ജീവിതത്തിലെ മൂന്നാഴ്ചക്കാലത്തെ സംഘർഷഭരിതമായ ജീവിതമാണ് നോവലിലെ പ്രമേയം. നോവൽ കേട്ടെഴുതാൻ വന്ന അന്ന എന്ന പെൺകുട്ടി പുറമേ പരുക്കനെങ്കിലും ദസ് തെയേവിസ്കിയുടെ ഹൃദയത്തിൻ്റെ നിഷ്കളങ്കതയും സ്നേഹാർദ്രതയും തിരിച്ചറിയുന്നു. അവസാനം പൊലീസ് സ്റ്റേഷനിൽ വച്ച് ദസ്തെയേവിസ്കിയും അന്നയും ഒന്നിക്കുമ്പോൾ പെരുമ്പടവം വർണ്ണിക്കുന്നത് ഇങ്ങനെയാണ്. "ജീവിതത്തിൽ അവശേഷിക്കുന്ന എല്ലാ മോഹത്തോടും കൂടി ദസ്തെയേവിസ്കി അവളെ നോക്കി . ദൈവികമായ ഒരു നിമിഷമാണെന്ന് അദ്ദേഹത്തിന് തോന്നി. ദൈവം കാവൽ നിൽക്കുന്ന ഒരു നിമിഷം " പുസ്തകം പ്രസിദ്ധികരിച്ച് 25 വർഷത്തിനിടയിൽ 113 പതിപ്പുകളിലായി 2 ലക്ഷത്തിലധികം കോപ്പികൾ. ഒട്ടേറെ ഇന്ത്യൻ ഭാഷകളിലും ഒപ്പം ഇംഗ്ലിഷ്, അറബി, ഈജിപ്ഷ്യൻ തുടങ്ങിയ വിദേശ ഭാഷകളിലും പരകായ പ്രവേശം നടത്തി. പുസ്തകം ഇനിയും പെയ്തു തോരാത്തതിൻ്റെ രഹസ്യം എന്താവും? ഒരു പക്ഷെ, കാലത്തിൻ്റെ കരാറാവാം, ഒരു നല്ല വായനയുടെ ഉന്നതിയ്ക്ക് .എന്നാൽ ഉത്തരം പെരുമ്പടവം നോവലിൽ തന്നെ പറയുന്നു. " ധ്യാനം പോലെ, പ്രാർത്ഥന പോലെ, അത്ര ഏകാന്തമായിട്ട്, അത്ര ലളിതവും അഗാധവുമായ രചനാ സൗന്ദര്യം കൊണ്ട് ". പെരുമ്പടവം ദസ്തെയേവിസ്കിയെ ക്കുറിച്ച് പറയുന്നത് "ഹൃദയത്തിന് മേൽ ദൈവത്തിൻ്റെ കയ്യൊപ്പുള്ളയാൾ "എന്നാണ്. അതെ. വായനക്കാർക്ക് ദൈവം കൈക്കുമ്പിളിൽ വച്ച് നീട്ടിയതാവാം " ഒരു സങ്കീർത്തനം പോലെ " എന്ന ഈ പുസ്തകം. എനിക്ക് അനുപമ സുന്ദരമായ ഒരു വായനാനുഭൂതി തന്ന ഈ നോവലിനെ ഞാൻ നെഞ്ചോട് ചേർത്ത് പിടിക്കുന്നു. പ്രദീപ് ആശ്രാമം ഫോൺ: 9447348793

  മനസ്സിൽ തട്ടിയ പ്രണയ കഥ
By Nada Ayisha
പെരുമ്പടവം ശ്രീധര മേനോന്റെ വളരെ ലളിതവും സുന്ദരവുമായ ഒരു പ്രണയ കഥയാണ് "ഒരു സങ്കീർത്തനം പോലെ" എന്ന കൃതി. ഡി സി ബുക്ക്സ് പബ്ലിഷ് ചെയ്ത് മലയാളത്തിലെ ഏകാന്ത വിസ്മയം എന്നറിയപ്പെടുന്ന കൃതി. അന്ന ജീവിതത്തിൽ ആദ്യമായി ദസ്തയേവ്സ്കിയെ കണ്ടുമുട്ടുന്ന നിമിഷം മുതൽ ഒടുവിൽ അവർ ജീവിതം പങ്കുവയ്ക്കാൻ തീരുമാനിക്കുന്ന മുഹൂർത്തം വരെയുള്ള കാലമാണ് ഒരു സങ്കീർത്തനം പോലെയിൽ അവതരിപ്പിക്കുന്നത്. ദസ്തയേവ്സ്കിയുടെ പുതിയ നോവലായ "ചൂതാട്ടുകരൻ" പകർത്തി എഴുതാൻ ഉപജീവിതത്തിനയ് സ്റ്റെനോ ഗ്രാഫർ ജോലി ചെയാൻ വന്നെ അന്ന തുടകത്തിൽ ദസ്തെയ്‌വ്സ്‌കിയെ എങ്ങനെ സഹിക്കും എന്ന് ആലോചിച്ചിരുന്നു,കാരണം അദ്ദേമൊരു ഹൃദയത്തിന് തീപിടിച്ച് മട്ടയിരുണ്. നോവൽ എഴുത്തിൻറെ ഇടയിൽ അവർക്കിടയിലെ സ്നേഹ ബന്ധവും വളർന്നു.പ്രസാധകൻ തുറന്ന വെല്ലൂവിലികളെ നേരിടാൻ പുസ്തകം കഴിയും വിധം പെട്ടൻ എഴുതി തീർക്കാൻ അന്ന ഒത്തിരി സഹായിച്ചു. ദാരിദ്ര്യം, രോഗം,ഒറ്റപ്പെടൽ തുടങ്ങിയവയേൽപ്പിച്ച വേദനകൾ. സ്വയം തിരഞ്ഞെടുത്ത മാർഗങ്ങളായ ചൂതുകളി, ദുഷ്കീർത്തി. ദസ്തയേവ്സ്കിയുടെ ഹൃദയം നുറുങ്ങിയിരുന്നു. ഇതിനൊക്കെ മറികടന്ന് സ്വന്തം ഹൃദ്യം അന്ന അദ്ദേഹത്തിന് തുറന്നു കൊടുത്തു. വളരെ വ്യെതെസ്ഥമായ രീതിയില് കഥ അവതരിപ്പിക്കുന്നതിൽ പെരുമ്പടവം വിജയിച്ചിരിക്കുന്നു. ആഴത്തിലുള്ള വികാരങ്ങളുള്ള ഒരു കൃതി,വായനക്കാരെ പിടച് ഇരുത്താൻ കഴിവുള്ള കൃതി. വയണകാരിയായ ഞാൻ പലപ്പോഴും അവരുടെ അവസ്തിയിൽ ജീവിക്കുന്ന പോലെ തോനി.

  മലയാളത്തിലെഴുതിയ റഷ്യൻ നോവൽ...
By Jyothika Jithesh
വായിക്കുന്ന ഏതൊരാൾക്കും അനുഭൂതിയുടെ ആനന്ദം പകർന്നു നൽകുന്ന നോവലാണ് പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീർത്തനം പോലെ'.റഷ്യൻ സാഹിത്യവുമായി സമന്വയിച്ചെഴുതിയ നോവൽ നൂറുശതമാനം നീതി പുലർത്തിയിട്ടുണ്ടെന്നുള്ളത് നോവലിന്റെ നിലവാരത്തെ സ്വാധീനിക്കുന്നുണ്ട്.അന്ന എന്ന യുവതിയും ദസ്തയേവ്സ്കി എന്ന എഴുത്തുകാരനും ഇടയിലുള്ള സ്നേഹബന്ധം വെറുമൊരു പ്രണയമെന്ന വികാരത്തേക്കാൾ അമൂല്യമായ മറ്റൊരു തലത്തിലേക്ക് വികസിപ്പിക്കുന്നുണ്ട് നോവലിസ്റ്റ്.കടൽപോലെ ഇളകി മറിയുന്ന ദസ്തയേവ്സ്കിയുടെ മനസ്സിനെ ശാന്തമാക്കാൻ അന്നയുടെ സാമീപ്യത്തിന് സാധിക്കുന്നു.ജീവിതത്തെ ചൂതുകളിയുമായി നോവലിസ്റ്റ് താരതമ്യപ്പെടുത്തുമ്പോൾ വിശാലമായ ജീവിത യാഥാർത്ഥ്യങ്ങൾ പ്രതിഫലിക്കപ്പെടുന്നു.ബൈബിൾ ഭാഷയുടെ ആഖ്യാനശൈലി നോവലിനെ കൂടുതൽ ഹൃദ്യവും കാവ്യാത്മകവുമാക്കി തീർക്കുന്നു.സ്ത്രീപുരുഷബന്ധത്തിന്റെ ഹൃദയസ്പർശിയായ നിർമ്മിതി തന്നെയാണ് 'ഒരു സങ്കീർത്തനം പോലെ'എന്ന നോവൽ മലയാളികളുടെ മനസ്സിൽ കാലഘട്ടത്തിന്റെ വിത്യാസമില്ലാതെ നിലനിൽക്കുവാൻ കാരണം .

  ചെകുത്താനെ സ്നേഹിച്ച മാലാഖ
By Lince Thomas
റഷ്യൻ സാഹിത്യകാരനായ ദസ്തയേവസ്‌കിയുടെ 'ദി ഗാംബ്ലർ'എന്ന നോവലിന്റെ രചന പശ്ചാത്തലത്തെ അടിസ്ഥാനമാക്കി പെരുമ്പടം ശ്രീധരൻ രചിച്ച നോവലാണ് 'ഒരു സങ്കീർത്തനം പോലെ '.1996 ലെ വയലാർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾക്ക് അർഹമായ ഒരു കൃതിയാണ്. ദസ്തയേവസ്‌കിയും, നോവൽ എഴുതാനായി സഹായിക്കാൻ വന്ന സ്‌റ്റെനോഗ്രാഫർ ആയ അന്ന എന്ന പെൺകുട്ടിയും ഫദോസ്യ എന്ന ഒരു വൃദ്ധയും ആണ് പ്രധാന കഥാപാത്രങ്ങൾ. 1866 നവംബർ 1 മുൻപ് ഒരു നോവൽ എഴുതി നൽകാം എന്ന കരാറിൽ ദസ്തയേവസ്‌കി, ഒരു പുസ്തക കച്ചവടക്കാരന്റെ കൈയിൽ നിന്നും പണം കടം വാങ്ങുന്നു. സമയം അടുത്തിട്ടും എഴുതി പൂർത്തിയാകാൻ കഴിയുന്നില്ല, സഹായത്തിനായി അന്ന കടന്ന് വരുന്നു, പിന്നീട് അന്ന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറുന്നു.' ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ്' പതിഞ്ഞ എഴുത്തുകാരൻ ആണ് ദസ്തയേവസ്‌കി മറ്റുള്ളവർക്ക്, എന്നാൽ ഇവിടെ വ്യത്യസ്തമായി, ദുരന്തങ്ങളുടെയും വേദനകളുടെയും മാത്രം ജീവിതം നയിക്കുന്ന ദസ്തയേവസ്‌കിയുടെ കഥയാണ് പറഞ്ഞുവെക്കുന്നത്. ജീവിത പീഡാനുഭവങ്ങളിലൂടെ ആർജിച്ച അനുഭവങ്ങൾ ഒരു പ്രാർത്ഥന പോലെ പകർത്തിയെഴുതി അല്പം ആശ്വാസം കണ്ടെത്തുകയാണ് ദസ്തയേവസ്‌കി. അസാന്മർഗിയും താന്തോന്നിയും ആയി സമൂഹം മാറ്റിനിർത്തുമ്പോളും നിഷ്കളങ്കമായ ആ ഹൃദയം തിരിച്ചറിഞ്ഞു ചേർത്ത് പിടിക്കുകയാണ് അന്ന.മദ്യപാനവും ചൂതാട്ടവുംമായി സ്വയം പിടിപ്പിക്കുന്ന ദസ്തയേവസ്‌കിയുടെ ജീവിതം ആത്മാർത്ഥമായ സ്നേഹത്തിലൂടെ എപ്രകാരം മാറിമറിയുന്നു എന്നത് വായനക്കാരനെ അത്ഭുതപ്പെടുത്തും. ഒരു എഴുത്തുകാരന്റെ ആത്മസങ്കർഷങ്ങളും സ്വന്തം ജീവിതത്തിന്റെ നീറുന്ന ഓർമകളും കൊണ്ട് അലയുന്ന ദസ്തയേവസ്‌കി ഒടുവിൽ ശാന്തി കണ്ടെത്തുന്നു. നവ്യമായ വായനാനുഭവം പകരുന്ന മനോഹരമായ നോവൽ.

  ❤️❤️ " ഹൃദയത്തിനുമേൽ ദൈവത്തിന്റെ കയ്യൊപ്പ് " ❤️❤️
By Fasal Fayaz
" ജീവിതം ഒരു ചൂതുകളിയാണ്. ചിലർ നേടുന്നു. ചിലർ നഷ്ടപ്പെടുന്നു. നോക്ക്, ഏത് ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ? ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയിൽ ഒരു സന്ധ്യക്ക് ചെന്നിരുന്ന് മനുഷ്യൻ കണക്കു നോക്കുന്നു. ജീവിതം ലാഭമോ നഷ്ടമോ..? " വഴികൾ നിശ്ചയിച്ചിട്ടില്ലാത്ത മനുഷ്യയാത്രയെ തത്ത്വചിന്തകളുടെ ഭംഗിയോടെ വരച്ചുകാട്ടിയ പുസ്തകമാണ് 'ഒരു സങ്കീർത്തനം പോലെ '. പലപ്പോഴും അർത്ഥമേറിയതെന്നും ചിലപ്പോഴൊക്കെ അർത്ഥശൂന്യമെന്നും തോന്നിപ്പിക്കുന്ന മനുഷ്യജീവിതം. അതിനകത്ത് ഭ്രാന്തുകളുണ്ട്, ആനന്ദമൂർച്ഛയുണ്ട്. പകയും വാശിയും സ്നേഹമുണ്ട്. സഹതാപവും അഹന്തയും നാശവുമുണ്ട്.. എല്ലാറ്റിനുമൊടുവിൽ മരണവും..!! കഥ പറഞ്ഞുവെക്കുന്ന ചിന്തയും ഇതു തന്നെയാണ്. ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ദസ്‌തദേവ്സ്കി എന്ന ഒരെഴുത്തുകാരന്റെ കഥയാണ് ഇത്. വേദനകളും നഷ്ടങ്ങളും മാത്രം ജീവിതസമ്പാദ്യമായിട്ടുള്ള ഒരു ശുദ്ധഹൃദയം.തീർത്തും അലക്ഷ്യമായ ജീവിതം. എഴുത്ത് എന്ന പ്രവർത്തി മാത്രമാണ് അയാളിലെ ജീവൻ നിലനിർത്തി കൊണ്ടുപോവുന്നത്. അദ്ദേഹത്തിന്റെ പുതിയ നോവലിന്റെ ജോലിയിലേക്ക് സഹായിയായി എത്തുന്ന കഥാപാത്രമാണ് അന്ന. ദസ്‌തദേവ്സ്കിയുടെ എഴുത്തുകളുടെ വലിയ ആരാധികയായ അന്ന. അവൾ എത്തുന്നതോടെ അദ്ദേഹത്തിൽ ചെറുതല്ലാത്ത മാറ്റങ്ങൾ പ്രകടമാവുന്നു. ദസ്‌തദേവ്സ്കിയുടെ വികാരതള്ളിച്ചകൾക്കും തകർച്ചകൾക്കും അന്ന സാക്ഷിയാവുന്നു. അദ്ദേഹത്തിന്റെ വേദനയിൽ അവൾ പങ്കുചേരുന്നു..ആശ്വാസമാകുന്നു. അനുഭവങ്ങളിൽ നിന്ന് മിനുക്കിയെടുത്ത ഉയർന്നചിന്താഗതികളാണ് ദസ്‌തദേവ്സ്കിയെ വ്യത്യസ്തനാക്കുന്നത്. ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓരോ കാഴ്ചപ്പാടുകളും ഓരോ തിരിച്ചറിവുകളായി മാറുന്നു. ശരിയെന്ത്..?? തെറ്റെന്ത്‌..?? അവയെ ഒക്കെ നിർവചിക്കുന്നത് ആര്..?? - വേറിട്ട ചിന്തകളിലൂടെ ദൈവത്തിന്റെ നിലനിൽപ്പിനെ കഥ പലയിടങ്ങളിലും ചോദ്യം ചെയ്യുന്നു. നന്മ നിറഞ്ഞവർക്ക് ദാരിദ്ര്യവും വേദനകളും ഇട്ട് കൊടുത്ത് തിന്മ നിറഞ്ഞവർക്ക് സ്ഥാനമാനങ്ങളും സന്തോഷവും വീതിച്ചു കൊടുക്കുന്ന ദൈവത്തിന്റെ കാട്ടാളനീതിയോടുള്ള ദസ്‌തദേവ്സ്കിയുടെ പ്രതിഷേധം വായനക്കാരന്റെ ഉള്ളിൽ ചിന്തയുടെ കനൽ കോരിയിടുന്നുണ്ട്. തിരുത്തലുകൾക്ക് വിധേയമാവാത്ത പ്രാചീന സാമൂഹിക നിർമിതികളെ കഥ ഭംഗിയായി തന്നെ ചോദ്യം ചെയ്യുന്നു. അസന്മാർഗികതയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓരോ വേവലാതികളും വായനക്കാരന്റേത് കൂടി ആവുന്നുണ്ട്. അനന്തമായ സ്നേഹമാണ് നോവൽ ചർച്ചചെയ്യുന്ന മറ്റൊരു വിഷയം.ദസ്‌തദേവ്സ്കി ഒരു സ്നേഹദാഹിയാണ്.സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം മനുഷ്യൻ. ഒട്ടനേകം പ്രണയങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്നു.വേദനകൾ മാത്രമാണ് ബന്ധങ്ങൾ അയാളിൽ ബാക്കിവെക്കുന്നത്.അനുഭവങ്ങൾക്ക് ഒടുവിൽ "ആത്മീയമായ ഏകാന്തതയുടെ ദുഃഖം മറക്കാനാണ് സ്നേഹിക്കുന്നത് " എന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേരുന്നു. ദസ്‌തദേവ്സ്കിയുടെ ഈ നിസ്സഹായതയോടും നിഷ്കളങ്കതയോടും വായനക്കാരന് എവിടെയൊക്കെയോ വല്ലാത്ത ഒരു ഇഷ്ട്ടം തോന്നിപ്പോവുന്നുണ്ട്. ദസ്‌തദേവ്സ്കി ഒരു ഓർമ്മപ്പെടുത്തലാണ്. വേദനിക്കുന്ന ഹൃദയത്തിന്റെ ഇടിമുഴക്കങ്ങളെയും ഉരുൾപൊട്ടലുകളെയും അത് ഓർമ്മപ്പെടുത്തുന്നു.അവരുടെ മൗനം സൂചിപ്പിക്കുന്ന ഇരുണ്ട ജീവിതയാഥാർഥ്യങ്ങളെ അത് ഓർമ്മപ്പെടുത്തുന്നു. സ്നേഹത്തിന്റെ അനശ്വരതയെയും പ്രണയത്തിന്റെ നിറങ്ങളെയും അത് ഭംഗിയായി തന്നെ ഓർമ്മപ്പെടുത്തുന്നു. ഹൃദയത്തോട് ചേർത്തു വെക്കാവുന്ന പുസ്തകം. മനസ്സ് നിറച്ച വായനാനുഭവം.

  പെരുമ്പടവത്തിന്റെ വെളിപാട് പുസ്തകം
By ELDHO GEORGE
മനസിലേക്കു ഓടിയെത്തുന്ന കലാസൃഷ്ടികൾ ആ ഒരു നിമിഷത്തിനു ശേഷം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന് ബോധ്യപ്പെടുത്തുന്ന നോവൽ.

  ഒരു സങ്കീർത്തനം പോലെ!
By Nandu Krishnan
ലോകപ്രശസ്ത റഷ്യൻ എഴുത്തുകാരനായ ഫയദോർ ദസ്തയോവസ്കിയേയും അദ്ദേഹത്തിൻ്റെ 'ചൂതാട്ടക്കാരൻ' എന്ന നോവൽ പൂർത്തീകരിക്കുവാൻ സ്റ്റെനോഗ്രാഫറായി എത്തുന്ന അന്ന എന്ന യുവതിയുടെയും വൈവിധ്യമാർന്ന സ്നേഹബന്ധത്തെയാണ് ഈ നോവലിലൂടെ പെരുമ്പടവം ശ്രീധരൻ കാഴ്ചവെക്കുന്നത് . തനിക്കും തൻ്റെ പിതാവിനും ഏറെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളുടെ സ്റ്റൈ നോയായി നിയമിച്ചപ്പോൾ ആദ്യം ഒരു ഭയം തന്നെ അലട്ടിയെങ്കിലും അത്യുമേഷത്തോടും ആഹ്ലാദത്തോടും കൂടെ ജോലിയിൽ പ്രവേശിക്കുന്നു. ചൂതാട്ടവും ചുഴലി രോഗവും കടത്തിന്മേൽ കടവുമായി ഓരോ ദിനവും കടന്നു പോയിരുന്ന ഫയദോറിൻ്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായി അന്ന മാറുന്നു. കർക്കശക്കാരനായിരുന്ന അദ്ദേഹം വളരെ മോശമായി പെരുമാറിയിട്ടു പോലും അന്ന ആദ്യം പിടിച്ചുനിന്നു. പിന്നീട് ഹൃദയത്തിനു തീ പിടിച്ചതു പോലെയുള്ള ഒരാളിൻ്റെ കീഴിൽ ജോലി ചെയ്യുക പ്രയാസമാണെന്നറിഞ്ഞ് അവൾ പിന്മാറാൻ ഉദ്ദേശിച്ചങ്കിലും ഫയ ദോറിൻ്റെ ഉള്ളിൽ കാഠിന്യമേറിയ ഒരു മനസ്സും കുറ്റബോധത്തിൻ്റെ ഒരു കാലം അലട്ടുന്നുണ്ടെന്നറിഞ്ഞ അന്ന തുടർന്നും അവിടെ പിടിച്ചു നിൽക്കുന്നു. പിന്നീട് അവരുടെ സൗഹൃദം പടർന്നു പന്തലിക്കുന്നു .എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെ കഥാപാത്രങ്ങളുടെ ആത്മ സംഘർഷങ്ങൾക്കൊപ്പം അവരുടെ കണ്ടുമുട്ടലുകളും ക്രമേണ വളരുന്ന സ്നേഹബന്ധവും സംഘർഷഭരിതമായി തുടർന്നു. പ്രസാധകനായ സ്റ്റെല്ലോവ്സ്കിക്ക് ഫയദോറിൻ്റെ പുസ്തകങ്ങളുടെയെല്ലാ അവകാശവും കൊടുക്കേണ്ടി വരുമെന്ന ഘട്ടത്തിൽ 'ചൂതാട്ടക്കാരൻ' എന്ന നോവൽ പൂർത്തീകരിക്കുവാൻ അന്ന നൽകിയ പ്രേരണ വളരെ വലുതായിരുന്നു. 'ഹൃദയത്തിമേൽ ദൈവത്തിൻ്റെ കൈയൊപ്പുള്ള ആളെ'ന്നാണ് പെരുമ്പടവം ദസ്തയേവ്സ്കിക്ക് നൽകിയ വിശേഷണം. അത് എന്തുകൊണ്ടും മികച്ചതാണെന്ന് ഏതൊരു വായനക്കാരനെയും നിസ്സംശയം മനസ്സിലാക്കുന്ന ഒരു രചന തന്നെയാണ് 'ഒരു സങ്കീർത്തനം പോലെ'!

  സങ്കീർണ്ണമായ മനസ്സിന്റെ സങ്കീർത്തനം.
By Shalini Chandran
മനുഷ്യമനസ്സിന്റെ എല്ലാ നിറങ്ങളും തുറന്നെഴുതുന്ന ദസ്തയേവ്സ്കി എന്ന മഹാ ഏഴുത്തുകാരന്റെ ജീവിതത്തിന്റെ ഒരു ശകലം, ഭാവനയിലൂടെ സൃഷ്ടിക്കുകയാണ് പെരുമ്പടവം, "ഒരു സങ്കീർത്തനം പോലെ" എന്ന ഈ കൃതിയിലൂടെ. മദ്യപാനി, ചൂതുകളിക്കാരൻ, അസന്മാർഗി, എന്നൊക്കെ ജീവചരിത്രകാരന്മാർ മുദ്ര കുത്തിയ ആ മനുഷ്യന്റെ ജീവിതത്തിന്റെ മറ്റൊരു തലം നമുക്കു മുന്നിൽ ചിത്രീകരിക്കാൻ ഈ നോവലിലൂടെ പെരുമ്പടവം ശ്രമിക്കുന്നു. മനുഷ്യനും വിധിയും തമ്മിലുള്ള ചൂതുകളി തന്നെയാണ് ദസ്തയേ വ്സ്കിയുടെ ചൂതുകളികേന്ദ്രത്തിലെ ജയവും തോൽവിയും എന്ന കണ്ടെത്തലാണ് തന്റെ സൃഷ്ടി എന്ന് പെരുമ്പടവം പറയുന്നു. പറഞ്ഞ സമയത്ത് നോവൽ മുഴുവിക്കാനായി, ദസ്തയേവ്സ്കിയെ സഹായിക്കുവാനായി വരുന്ന സ്റ്റെനോഗ്രാഫറാണ് അന്ന. അവർ തമ്മിലുള്ള ഇടപഴകലും അതുമൂലം ഉണ്ടാകുന്ന അവരുടെ ജീവിതമാറ്റങ്ങളുമാണ് ചുരുക്കത്തിൽ നോവൽ. ചെറുപ്പം തൊട്ടേ ആരാധിച്ച ദസ്തയേവ്സ്കിയെ ഒടുവിൽ നേരിട്ട് കാണുന്ന അന്ന, അദ്ദേഹത്തിന്റെ സങ്കീർണ്ണമായ മനസ്സ് കൂടി പരിചയപ്പെടുന്നു. കൂടുതലറിയുന്ന അന്ന, അദ്ദേഹം സൃഷ്ടിക്കുന്ന നോവലിലെ കഥാപാത്രങ്ങളെ പൊളിച്ചു മാറ്റി, അതിനുള്ളിലൂടെ ദസ്തയേവ്സ്കിയുടെ ജീവിതം വായിച്ചെടുക്കുന്നുവെന്ന ഒരു സന്ദർഭത്തിൽ ദസ്തയേവ്സ്കി അന്നയോട് ചോദിക്കുന്നതിങ്ങനെ: "കുറെ നാൾ മുമ്പാണ്. ഞാനെന്റെ ഹൃദയം പൂട്ടി അതിന്റെ താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു. ഇപ്പോൾ ഓർക്കുന്നില്ല അതവിടെയാണെന്ന്. എവിടെയെങ്കിലും കിടന്ന് നിനക്ക് കിട്ടിയോ അത്?". ചൂതുകളിയുടേയും, സ്നേഹത്തിന്റെയും അടുത്തെത്തുമ്പോൾ ഇളകിമറിയുന്ന ദസ്തയേവ്സ്കിയുടെ ഹൃദയത്തെ അന്ന കൂടുതൽ അറിയുന്നു. വൈകാതെ , തന്റെ ഹൃദയത്തിലും ഇളകി മറിയുന്ന ഒരു കടൽ ഉണ്ടെന്ന് തിരിച്ചറിയുന്ന അവൾ, ഒരു വയസ്സൻ ചിത്രകാരന്റെ കഥ മുഖേന ദസ്തയേവ്സ്കി പറയുന്ന ഇഷ്ടത്തിന് സമ്മതം മൂളുന്നു. പ്രായത്തിനും, ജീവിത സാഹചര്യങ്ങൾക്കും, സമൂഹത്തിനുമപ്പുറം, സ്നേഹിക്കുന്ന രണ്ട് മനുഷ്യ മനസ്സുകളുടെ യാഥാർഥ്യം പെരുമ്പടവം നമുക്ക് കാണിച്ചു തരുന്നു. ദസ്തയേവ്സ്കിയും അന്നയും ഒടുവിൽ ഒന്നിക്കുമ്പോൾ വായനക്കാരനും അതോടൊപ്പം സന്തോഷിക്കുന്നു, സമാധാനിക്കുന്നു എന്നതാണ് പെരുമ്പടവം എന്ന എഴുത്തുകാരന്റെ ഏറ്റവും വലിയ വിജയം.

  അനുവാചകഹൃദയത്തിലേക്ക് ഒഴുകുന്ന പ്രണയകാവ്യം
By ANJUSREE P L
ഹൃദയത്തിന്മേൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു എഴുത്തുകാരന്റെ ജീവിതത്തിലൂടെ വായനക്കാരുടെ ഹൃദയങ്ങളിലേക്ക് ഒരു മസ്‌മരസംഗീതംപോലെ ഒഴുകിയെത്തുകയും ഹൃദയതാളം തന്നെ നിയന്ത്രിക്കുകയുമാണ് ഒരു സങ്കീർത്തനം പോലെ എന്ന നോവൽ. ഒരു സുഹൃത്തിൽ നിന്ന് കടമായി വാങ്ങിയ പുസ്തകം പിന്നീട് സ്വന്തമായി വാങ്ങുവാനുള്ള കാരണവും അത് തന്നെയാണ്. ഓരോ വായനയിലും കൂടുതൽ കൂടുതൽ ആ സംഗീതത്തിലേക്ക് ഹൃദയം വഴുതിവഴുതിപ്പോകുകയാണ്. ശക്തവും ലളിതവുമായ ആഖ്യനശൈ ലിയും അനാർഭാടകരവും മനോഹരവുമായ പ്രയോഗങ്ങളും ഈ കൃതിയെ അനുവാചകഹൃദയത്തോട് ചേർത്തുനിർത്തുന്നു. നിരവധി സംഘർഷങ്ങൾ നിറഞ്ഞ ദസ്തയെവ്‌സ്‌കിയുടെ ജീവിതത്തിലെ പരിശുദ്ധവും തീവ്രവുമായ പ്രണയമാണ് ഒരു സങ്കീർത്തനം പോലെ എന്ന കലാസൃഷ്ടിയിലൂടെ പെരുമ്പടവം ആവിഷ്കരിച്ചിട്ടുള്ളത്. ചൂതുകളിയിലുള്ള ഭ്രമം ദസ്തയെവ്‌സ്‌കിയെ കടക്കാരനാക്കുന്നു. ചൂതുകളിയോടുള്ള ആസക്തിമൂലം ഇത്രയധികം കടം ഉണ്ടായിട്ടും ക്രൂരനായ ഒരു പലിശക്കാരനിൽ നിന്നും ഒരു നിശ്ചിതദിവസത്തിനുള്ളിൽ നോവൽ എഴുതിനല്കാമെന്ന കരാറിൽ പണം വാങ്ങുന്നു. നോവൽ സമയബന്ധിതമായി നൽകിയില്ലെങ്കിൽ തന്റെ എല്ലാ നോവലുകളിലുമുള്ള പകർപ്പവകാശം നഷ്ടമാകും എന്നതാണ് നിബന്ധന. നോവൽ രചന അദ്ദേഹത്തിന്റെ ഹൃദയത്തെ പ്രക്ഷുബ്ധമായ സാഗരമെന്നപോലെ മാറ്റിമറിക്കുന്നു. സ്റ്റേനോഗ്രാഫറായി എത്തുന്ന, അദ്ദേഹത്തിന്റെ ആരാധികയും അദ്ദേഹത്തിൽ പൂർണവിശ്വാസമുള്ളവളുമായ അന്ന ആ പ്രക്ഷുബ്ധതയെ തന്റെ പ്രതിഫലേച്ഛയില്ലാത്ത, നിർമലമായ പ്രണയത്തിലൂടെ ശാന്തമാക്കുന്നു. യാതൊരുവിധ ഉപാദികളുമില്ലാത്ത മനോഹരമായ ഒരു പ്രണയകാവ്യമായി അവരുടെ പ്രണയം മാറുന്നു. കൃതിയുടെ നൂറാം പതിപ്പിന്റെ ആമുഖത്തിൽ നോവൽ എഴുതിക്കൊണ്ടിരിക്കുമ്പോൾ ഹൃദയത്തിന് തീപിടിക്കുന്ന പോലെ തോന്നി എന്ന പെരുമ്പടവത്തിന്റെ വാക്കുകൾ ഓരോ വായനക്കാരന്റെ കാര്യത്തിലും ശരിയാണ്. ഓരോ വായനയിലും തീ ആളിപ്പടരുകയാണ്.

  Oru sankeerthanam pole
By Aswathi Kp
I want this

  good book
By Aswathy Sajeev
love

  sankeerthanam
By sajeev k
good

  sankeerthanam polea
By aswathy c
എകാന്ത വിസ്മയം


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0