Book Summary
മഹാനഗരങ്ങളിലെ ദ്രുത ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്ന് അവധിയെടുത്തു സന്തോഷ് ഗംഗാധരനോടൊപ്പം കാവും കുളവും പുഴയും കുളിരേകുന്ന ഗ്രാമാന്തരീക്ഷത്തിന്റെ നൈര്‍മല്യത്തിലേയ്ക്ക് നമുക്കൊരു മടക്കയാത്ര പോകാം. ഓരോ ഗ്രാമത്തിന്റെയും ചൈതന്യവും സംരക്ഷണവും ദേവാലയങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന ആ പഴയ കാലത്തിലേക്ക് ചെന്നെത്തുന്ന നാം, ഒരു ദേശത്തിന്റെ സംരക്ഷകയായി അവിടുത്തെ ഓരോ ജീവജാലങ്ങളുടെയും ഉള്‍മനസ്സുകളിലേക്കിറങ്ങിച്ചെന്നു സുഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന, പലപ്പോഴും ദേവിയും പൂജാരിണിയും ഒന്നായി തീരുന്ന നന്മയുടെ പ്രതിരൂപമായ ദേവുവേടത്തിയെന്ന ഉള്‍വിളിക്കാവിലെ പൂജാരിയമ്മയെ ദര്‍ശിക്കുന്നു. പൂജാരിയമ്മയുടെ മനസ്സിലൂടെ വികസിക്കുന്ന നോവല്‍ ആ ദേശത്തിലെ ആബാലവൃദ്ധം മനുഷ്യരുടെയും ചിന്തകളും മനോസങ്കര്‍ഷങ്ങളും വരച്ചുകാട്ടി നന്മയും തിന്മയും ഇടകലര്‍ന്ന നിത്യജീവിതത്തിന്റെ നേര്‍കാഴ്ചകളിലൂടെ കളമെഴുത്തും പാട്ടും പോലുള്ള അന്യം നിന്നുപോയ ആചാരങ്ങളുടെ പുനഃസൃഷ്ടിയിലൂടെ ഈശ്വരനും മനുഷ്യനും ഒന്നാകുന്ന വെളിപാടുകളിലേക്കും, തിന്മയുടെ മേല്‍ നന്മയുടെ തേരോട്ടങ്ങളിലേക്കും പര്യവസാനിക്കുന്നു. വായനക്കാരനു പൈത്യകങ്ങളിലൂടെയും അന്യം നിന്നുപോയ ആചാരങ്ങളിലൂടെയും അതിലൂടെ പരിവര്‍ത്തനം സംഭവിക്കുന്ന മനുഷ്യമനസുകളിലൂടെയുമുള്ള ഒരു തീര്‍ത്ഥയാത്രയാണീ പുസ്തകം.