• Text
  • Text

AYUSSINTE PUSTHAKAM

By : C V BALAKRISHNAN



Book : AYUSSINTE PUSTHAKAM
Author: C V BALAKRISHNAN
Category : Novel, April special
ISBN : 9788126441532
Binding : Normal
Publishing Date : 18-08-2025
Publisher : DC BOOKS
Edition : 32
Number of pages : 216
Language : Malayalam
Paper Back

Publisher: DC BOOKS
₹230.00 ₹299.00 23% off





Book Summary

ആയുസ്സിന്റെ പുസ്തകം നാലു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ അതിൽ ഇനിയും വായിച്ചുതീരാത്ത വരികളും മുഴുവനാക്കാത്ത കഥകളുമുണ്ടെന്ന് നാമറിയുന്നു. അപഗ്രഥനത്തെ ചെറുക്കുന്ന ഒരംശം ഈ കൃതിയുടെ ശില്പത്തിലുണ്ട്. മലയോരഗ്രാമത്തിലെ ക്രിസ്ത്യൻ ജീവിതവുമായി മാത്രം പരിമിതപ്പെടുന്ന ഒന്നല്ല ഇതിലെ ഇതിവൃത്തം. താൻ ചിത്രീകരിച്ച ജീവിതങ്ങളെ കവിഞ്ഞുനിൽക്കുന്ന ഒരു ദർശനത്തിന്റെ വെളിച്ചമാണ് ആഖ്യാനത്തിന്റെ, അതിന്റെ രൂപശില്പത്തിന്റെ അനന്യതയായി അനുഭവപ്പെടുന്നത്. കെട്ടുപിണഞ്ഞുകിടക്കുന്ന മനുഷ്യബന്ധങ്ങളോടൊപ്പം അവർ ഇടപെടുന്ന ഭൂപ്രകൃതിയും അതിന്റെ തുടർച്ചയായ ചരിത്രവും ഈ രൂപശില്പത്തിൽ ഭാഗഭാക്കാവുന്നുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിൽ തുടങ്ങുന്ന ആധുനിക മലയാള നോവലിൽനിന്നുള്ള വിച്ഛേദവും മുകളിൽ പറഞ്ഞ സവിശേഷദർശനത്തിന്റെ ഭാഗമാണ്.

WRITE A REVIEW

Product name: AYUSSINTE PUSTHAKAM

Review title:



Your Ratings:

Your Message:




Book Reviews

  " പാപത്തിന്റെ രുചി അറിഞ്ഞവർക്കായി ഒരു പുസ്തകം "
By Fasal Fayaz
" അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ, എന്റെ നിലവിളി എങ്ങും തടഞ്ഞു പോകരുതേ. " യോഹന്നാന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുകയാണ് നോവൽ. അമ്മയില്ലാതെ വളരേണ്ടി വരുന്ന ബാല്യം ഒരാളെ എത്രമേൽ ഏകാകിയാക്കുന്നുവെന്ന് അവിടം വെളിവാക്കുന്നു. അലക്ഷ്യമായി ജീവിച്ച അപ്പൻ തോമ, ആർക്കോ വേണ്ടി ജീവിച്ച ആനി, കുറ്റബോധം പേറി മരിച്ച പൗലോ അപ്പാപ്പൻ. ഇവർക്കിടയിൽ വിളറിയും വളർന്നും യോഹന്നാൻ. ബൈബിളും വിശ്വാസപ്രമാണങ്ങളും അടിച്ചേൽപ്പിക്കുന്ന ചട്ടക്കൂടിന്റെ ഭീതിയിൽ നിന്നുകൊണ്ട് തന്നെ അവൻ മനുഷ്യരെ അറിയുന്നു. അനുഭവിക്കുന്നു. യാക്കോബ് നോവലിന്റെ വേറിട്ട മുഖമാണ്. അയാളിലെ ചോദ്യങ്ങൾ കൊളുത്തിവക്കുന്ന തിരി നോവലിന്റെ വെളിച്ചമാകുന്നു. വിശ്വാസപ്രമാണങ്ങൾ ശക്തമായി വിമർശിക്കപ്പെടുന്നു. പലയിടങ്ങളിലും യാക്കോബിന്റെ ശരി തെറ്റുകൾ വായനക്കാരെ ചിന്താമഗ്നരാക്കുന്നുണ്ട്. മനുഷ്യവിചാരവികാരങ്ങളെ ഒട്ടും കലർപ്പില്ലാതെ തന്നെ വരച്ചുവക്കുന്നുണ്ട് നോവൽ.പ്രേമവും, കാമവും, ലഹരിയുമൊക്കെ നോവലിലെ മുഖ്യകഥാപത്രങ്ങളാവുന്നതും അങ്ങനെയാണ്. വികാരങ്ങളുടെ ആസക്തിയിൽ ജീവിച്ചവരാണ് സ്ത്രീകഥാപാത്രങ്ങൾ ഏറെയും.ജീവിതത്തിന്റെ ഉൾപ്രേരണകളാൽ നയിക്കപ്പെട്ടവർ.ആനിയും, മേരിയും സാറയും, ബ്രിജിത്താമ്മയും ഒക്കെ ഇതിന്റെ ഉറച്ച ഉദാഹരണങ്ങളാവുന്നു. ഭാഷയുടെ വശ്യമായ ഒഴുക്കാണ് നോവലിന്റെ മറ്റൊരു ഭംഗി. ബൈബിൾ വചനങ്ങളിലൂടെ സഞ്ചരിക്കുന്ന ജീവിതങ്ങൾ. അതിൽ സുഖദുഃഖ മിശ്രിതമായ അനുഭവങ്ങൾ കുടികൊള്ളുന്നു. പാപപുണ്യങ്ങളുടെ ഏറ്റക്കുറച്ചിലുകളും മൂർച്ഛയോടെ ആവിഷ്ക്കരിക്കപ്പെടുന്നു. സ്വന്തം സുഖസന്തോഷങ്ങളെ ബലി കഴിച്ചുള്ള പുണ്യം തേടലുകളെ നോവൽ ചോദ്യം ചെയ്യുന്നു. അത്തരം വിശ്വാസപ്രമാണങ്ങളുടെ മഹത്വവൽക്കരണവും വിമർശിക്കപ്പെടുന്നു. എന്തിലും ഏതിലും പാപം കൽപ്പിച്ചു കൂട്ടുന്ന സദാചാര സമൂഹത്തിനു നേരെയുള്ള ചൂണ്ടുവിരൽ കൂടിയാണ് നോവൽ. എന്താണ് പാപം ?!! എന്താണ് പുണ്യം ?!! നോവൽ ബാക്കിവക്കുന്നത് ഇങ്ങനെ ചില ചോദ്യങ്ങൾ കൂടിയാണ്. മലയാളസാഹിത്യത്തിൽ അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒരു ക്ലാസ്സിക്‌ തന്നെയാണ് നോവൽ. ആയുസ്സിന്റെ മാത്രമല്ല മനുഷ്യജീവിതങ്ങളെ പൂർണ്ണമാക്കുന്ന നന്മ തിന്മകളുടെയും, വിചാരവികാരങ്ങളുടെയും പുസ്തകം കൂടിയാവുന്നുണ്ട് ' ആയുസ്സിന്റെ പുസ്തകം '. ജീവിതത്തിൽ പാപത്തിന്റെ രുചിയറിഞ്ഞവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.

  ഓര്‍മ്മകളുടേയും വേദനകളുടേയും പുസ്തകം
By SHILPA ALEX
മനുഷ്യന്‍റെ വികാരങ്ങളെയും (പ്രത്യേകിച്ച് വേദന) അവന്‍റെ പാപങ്ങളെയും കുറിച്ച് കാവ്യാത്മകമായ ബൈബിള്‍ ഭാഷയില്‍ എഴുതിയിരിക്കുന്ന മനോഹരമായ നോവല്‍. മൂന്നു തലമുറകളുടെ “പാപകരമായ” വിരോധാഭാസം (sinful irony) സി വി ബാലകൃഷ്ണന്‍ വളരെ മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ജീവിതത്തില്‍ അനുഭവിക്കുന്ന ഭയം, ഉത്കണ്ഠ, വേദന എന്നിവ വാക്കുകളാല്‍ ചിത്രീകരിച്ചിരിക്കുന്നു. സമൂഹം പാപം എന്നു വിളിക്കുന്നവയാണോ യഥാര്‍ത്ഥത്തില്‍ പാപം എന്ന ചോദ്യം നോവലിലുടനീളം അദ്ദേഹം ചോദിക്കുന്നു. കൌമാരത്തിന്‍റെ വിഹ്വലതകളില്‍ ആത്മരതിയുടെയും സ്വവര്‍ഗരതിയുടെയും പിന്നീട് എതിര്‍ലിംഗ അഭിനിവേശങ്ങളുടേയും കൊടുമുടികളും താഴ്വരകളും പിന്നിട്ടാണ് കേന്ദ്രകഥാപാത്രമായ യോഹന്നാന്‍ ഇവിടെ സഞ്ചരിക്കുന്നത്. ആയുസിന്‍റെ പുസ്തകത്തിലെ മുഖ്യപ്രമേയം ലൈംഗികതയാണ്. പക്ഷേ അത് മനുഷ്യനിലെ അധമവാസനയുടെ പ്രതിഫലനമല്ല. ഏകാന്തതയും വിഷാദവും അതിജീവിക്കാനുള്ള ശരീരത്തിന്‍റെ എളുപ്പവഴി മാത്രമായാണ് രതി ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. ആസക്തികളല്ല നിര്‍മലമായ സ്നേഹത്തിന്‍റെ സങ്കീര്‍ത്തനങ്ങളാണ് അവിടെ മുഴങ്ങുന്നത്. റാഹേലില്‍ നിന്നും സാറായിലേക്ക് എത്തുമ്പോഴും യോഹന്നാന്‍ അന്വേഷിക്കുന്നത് രതിയുടെ വൈവിധ്യമല്ല, സ്നേഹത്തിന്‍റെ നീരുറവയാണ്. മഴയും ഭൂപ്രകൃതിയും ഇതിലെ മനുഷ്യരും അവരുടെ വേദനകളും വായനക്കാരുടെ മനസ്സില്‍ എന്നെന്നേക്കുമായി നിലനില്‍ക്കും.

  പാപത്തെ പ്രണയം പോലെ വിശുദ്ധമാക്കുന്ന ആയുസ്സിന്റെ പുസ്തകം
By Vipin Parameswaran
"ലോകം കൂടുതൽ കൂടുതൽ ഇരുണ്ടു വരികയാണെങ്കിലും നമ്മുടെ ചെറിയ മെഴുകുതിരികളിലും സ്നേഹസന്ദേശങ്ങളിലും നമുക്ക്‌ വിശ്വസിക്കാതെ പറ്റുമോ? അല്ലാത്തപക്ഷം ആ ഇരുട്ട്‌ നമ്മെ തന്നെയും വിഴുങ്ങും. വലിയ കൊടുങ്കാറ്റ്‌ വീശുമ്പോഴും ഒരു വിശ്വാസം മുറുകെപ്പിടിച്ച്‌ നമുക്ക്‌ നമ്മുടെ മെഴുകുതിരികൾ അണയാതെ നോക്കാം. അതുപോലെ കുന്തിരിക്കത്തിന്റെ ഗന്ധം പോകാതെയും നമ്മുടെ മണിനാദങ്ങൾ വ്യർത്ഥമാകാതെയും." ~ സി വി ബാലകൃഷ്ണൻ ജീവിതത്തിൽ തന്നെ ഭൂതാവിഷ്ടരായി തീർന്ന ഗ്രാമീണരുടേയും അവർ അറിഞ്ഞും അറിയാതെയും സൃഷ്ടിക്കുന്ന കെട്ടുപാടുകളുടേയും കഥയെന്നതിനൊപ്പം ആ അസ്വസ്ഥലോകത്തിൽ മനുഷ്യാന്തസ്സ് തേടുന്ന കൗമാരപ്രായക്കാരനായ യോഹന്നാന്റെ പതറിയ അന്വേഷണങ്ങളുടേയും പേരില്ലാത്ത വേദനകളുടേയും പരവശതകളുടേയും കൂടി കഥയെന്ന് ഈ കൃതിയെ പ്രമുഖ കഥാകൃത്ത് സക്കറിയ വിശേഷിപ്പിക്കുന്നു. ആയുസ്സിന്‍റെ പുസ്തകം ആരംഭിക്കുന്നത് റാഹേലിന്റെ വിലാപത്തില്‍ നിന്നാണ്, റാഹേല്‍ കരഞ്ഞും കിതച്ചും ഓടുകയായിരുന്നു, ഓടുന്നതിനിടയിൽ അവൾ ആനിയും യോഹന്നാനും വരുന്നത് കണ്ടു. കരച്ചിലടക്കി കണ്ണുതുടച്ച് ഒന്നുമേതും സംഭവിക്കാത്തതു പോലെ നിന്നു. പക്ഷെ നെഞ്ച് നിലവിളിക്കുക തന്നെയായിരുന്നു.. പാപപുണ്യങ്ങളുടെ കഥ അവിടെ ആരംഭിക്കുന്നു. ഉടലിന്‍റെയും ആത്മാവിന്‍റെയും വ്യാകുലതകളെയും അസന്ദിഗ്ധതകളെയും നിർവചിക്കുകയാണ് സിവി. വിലക്കുകളുടെ കഥയാണ് ആയുസ്സിന്റെ പുസ്തകം. തോമയും യോഹന്നാനും സാറായും മാത്യൂവും ആനിയും ജോഷിയും റാഹേലും യാക്കോബും ഒക്കെ മനസ്സിനെ ഒരുപാട് സ്പർശിക്കുന്ന വിധത്തിൽ കഥ പറഞ്ഞു പോകുന്ന സിവി ബാലകൃഷ്ണന്റെ എഴുത്ത് മനോഹരമാണ്. നിയതിയുടെ വഴികളിൽ ഊർന്നുപോകുന്ന ജീവിതത്തിൽ തിരതള്ളിയെത്തുന്ന പാപബോധത്തിന്റെ വിഹ്വലതകൾക്കും അപ്പുറം ജീവിതത്തിൽ നിന്ന് അവാച്യമായ മുക്തി തേടിയുള്ള കഥാപാത്രങ്ങളുടെ സഞ്ചാരം നോവലിന് പുതിയൊരു ഭാഷ്യം ചമക്കുന്നു. മനുഷ്യവിചാരവികാരങ്ങളുടെ വേലിയേറ്റം അടയാളപ്പെടുത്തുന്ന നോവൽ. മനുഷ്യന്റെ, അവൻ തീർത്ത മതത്തിന്റെ പാപ-പുണ്യബോധങ്ങളുടെ, നമ്മതിന്മകളുടെ, അവന്റെ സ്വാതന്ത്ര്യത്തെ, അവന്റെ ഒറ്റപ്പെടലുകളെ, അവന്റെ ആത്മാഹുതികളെ മനോഹരമായ ഭാഷയിൽ സിവി എഴുതിവെക്കുന്നു. പാപബോധങ്ങളെ പ്രണയം പോലെ വിശുദ്ധമാക്കുന്ന ആയുസ്സിന്റെ പുസ്തകം പാപത്തിന്റെ രുചിയറിഞ്ഞവർ ഒരിക്കലെങ്കിലും വായിച്ചറിയണം. ജീവിതത്തിന്റെ ക്ഷുഭിത സംഘർഷങ്ങളെ അത്രമേൽ തീവ്രമായി സിവി എഴുതിയിരിക്കുന്നു. വിപിൻ പരമേശ്വരൻ


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0