Book Summary
പണത്തോടും അദ്ദേഹം ആര്‍ത്തികാണിച്ചില്ല. ജീവിതച്ചെലവുകള്‍ വര്‍ദ്ധിച്ചപ്പോള്‍ 'എത്ര അധികമായാലും മുഷിയില്ല്യ' എന്ന് പത്രാധിപന്മാരോട് പറയുക പതിവായി. അവര്‍ നല്ല പ്രതിഫലവും കൊടുത്തിരുന്നു. അതില്‍ അദ്ദേഹം തൃപ്തനുമായി. ഉള്ള പണംകൊണ്ട് അല്ലലില്ലാതെ കഴിയുക എന്നതായിരുന്നു നിലപാട്. എനിക്ക് എല്ലുതേച്ചിലിന്റെ അസുഖമുണ്ട്. അതിന് ധാരാളം ഗുളികകള്‍ കഴിക്കണം. മാസത്തില്‍ മരുന്നിനുതന്നെ നല്ലൊരു സംഖ്യ വേണം. റോയല്‍റ്റി, എഴുതിക്കിട്ടുന്ന പണം ഇവകൊണ്ടാണ് കഴിഞ്ഞുകൂടിയത്.
ഇപ്പോള്‍ വലിയൊരു ശൂന്യത തോന്നുന്നു. ഇതുവരെ വലിയൊരു തണലായി അദ്ദേഹം ഒപ്പം ഉണ്ടായിരുന്നു. എനിക്കുവേണ്ടി ഡല്‍ഹി വിടുന്ന വി.കെ.എന്‍. എന്റെകൂടെ, എനിക്കായി ജീവിച്ച് എനിക്കുമുന്‍പേ പോയി. അതു പ്രകൃതിനിയമം. ഞാന്‍ മുന്‍പേ പോയിരുന്നെങ്കിലോ? അത് അദ്ദേഹത്തോടുചെയ്യുന്ന ക്രൂരതയായിരുന്നു. ജീവിതം പരമാവധി ആഘോഷിച്ചാണ് അദ്ദേഹം പോയത്. അവസാനം കുറച്ചു വിഷമിച്ചു. ഏതു മനുഷ്യന്റെ ജീവിതത്തിലും സംഭവിക്കുന്നത് എന്നു സമാധാനിച്ചു. ആഗ്രഹിച്ചതെല്ലാം അനുഭവിച്ചാണ് അദ്ദേഹം യാത്രയായത്. അതിനു തുണനില്ക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. മരണത്തിന്റെ വരവ് അദ്ദേഹം മുമ്പേ അറിഞ്ഞിരുന്നു. മരണദിനവും മുഹൂര്‍ത്തവും അദ്ദേഹം കണക്കുകൂട്ടിയിരിക്കണം. സംസാരിക്കാന്‍കൂടി ബുദ്ധിമുട്ടുന്ന സമയത്തും ആ പ്രജ്ഞ നശിച്ചിരുന്നില്ല. മരിക്കുന്ന ദിവസം അദ്ദേഹം വേദേ വേദേ വേദം വേദം എന്ന് മന്ത്രംപോലെ ഉരുവിടുന്നുണ്ടായിരുന്നു. എന്നോട് അടുത്തിരിക്കാന്‍ ആംഗ്യം കാട്ടി. അദ്ദേഹം എന്റെ കൈ പിടിച്ചു. അതിന് പതിവിലും കവിഞ്ഞ ബലമുണ്ടായിരുന്നു. അന്‍പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് ആ കരം കവര്‍ന്ന് ആ ജീവിതത്തിലേക്കു പ്രവേശിച്ച രംഗം ഓര്‍മ്മവന്നു. വി.കെ.എന്നിനും അങ്ങനെ ഓര്‍മ്മവന്നിരിക്കണം. അദ്ദേഹത്തിന്റെ മുഖത്തെ വിഷാദ വൈവശ്യം എന്റെ സര്‍വനിയന്ത്രണവും തകര്‍ത്തു. ഞാന്‍ പൊട്ടിക്കരഞ്ഞു. കൈയിലെ പിടി മുറുകുകയാണ്. അസ്പഷ്ടമാണെങ്കിലും എനിക്കുമാത്രം അത് വ്യക്തമായും വൃത്തിയായും തിരിച്ചറിയാം. 'ക്ഷമിക്കണം വേദേ, വേദം എന്നോട് ക്ഷമിക്കണം ട്ടോ' എന്നുപറഞ്ഞ് അദ്ദേഹം എന്റെ കൈപിടിച്ച് ഏറെനേരം എന്നെ നോക്കിക്കിടന്നു. എന്നോട് ക്ഷമചോദിക്കാന്‍ ചെയ്ത തെറ്റെന്താണ്? അല്ലെങ്കില്‍ ക്ഷമിക്കാന്‍ ഞാന്‍ ആരാണ്? ഇങ്ങനെയൊരു ഏറ്റുപറച്ചിലിന് അദ്ദേഹത്തെ പ്രേരിപ്പിച്ച വികാരമെന്താണ്? ഞങ്ങളുടെ അവസാനത്തെ സ്വകാര്യവര്‍ത്തമാനമായിരുന്നു അത്. എനിക്ക് അദ്ദേഹത്തെ അനുസരിച്ചേ ശീലമുള്ളു. എന്തിനായാലും ക്ഷമിച്ചു എന്നൊരു മറുപടി എന്റെ കൈസ്പര്‍ശത്തിലൂടെയും മുഖഭാവത്തിലൂടെയും അദ്ദേഹം സ്വീകരിച്ചു എന്ന് എനിക്ക് ഉറപ്പുണ്ട്.