Book Summary
കേരളോല്പത്തി എന്ന പേരിൽ ഒരു ഗ്രന്ഥമല്ല, പല ഗ്രന്ഥങ്ങളുണ്ട്. അവയുടെ വലിപ്പത്തിലും ഭാഷയിലും പ്രതിപാദനത്തിലും ചെറിയ വ്യത്യാസങ്ങൾ കാണുന്നുണ്ട്. ചരിത്രത്തിന്റെ ചില അംശങ്ങൾ കണ്ടേക്കാമെങ്കിലും ഒരിക്കലും ഇവയെ ആധികാരികമായ ചരിത്രമായി കണക്കാക്കിക്കൂടാ. രണ്ടോ മൂന്നോ നൂറ്റാണ്ടുകൾക്കുമുമ്പ് കേരളചരിത്രസംബന്ധമായി ഇവിടെ പ്രചരിച്ചിരുന്ന ഐതിഹ്യങ്ങൾ സമാഹരിച്ചിട്ടുള്ള ഗ്രന്ഥമായി ഇവയെ ഗണിച്ചാൽ മതി.
കോലോത്തുനാടിന്റെ പെരുമയെ പുകഴ്ത്തുന്നതാണ് ഇതിൽ ചേർത്തിട്ടുള്ള ആദ്യത്തെ കേരളോല്പത്തി. ശ്രീപരശുരാമന്റെ കേരളപ്രതിഷ്ഠ, അറുപത്തിനാല് ഗ്രാമങ്ങളിലായി ഗോകർണം മുതൽ കന്യാകുമാരി വരെ ബ്രഹ്മണരെ കുടിയിരുത്തിയത്. ചില ബ്രാഹ്മണർക്ക് ആയുധദാനം ചെയ്തത്, ഉത്സവനിർദ്ദേശം, കഴകങ്ങൾ, രക്ഷാപുരുഷന്മാരുടെ ഭരണം, പിന്നീട് പരദേശത്തുനിന്ന് ഒന്നിനുപുറകെ മറ്റൊന്നായി പതിനെട്ട് രാജാക്കന്മാരെ കൊണ്ടുവന്നു കൈപിടിച്ചു സത്യം ചെയ്യിച്ച് പെരുമാക്കന്മാരിയ വാഴിച്ചത്. തളിയാതിരിമാരുടെ ഉപദേശമനുസരിച്ചുള്ള അവരുടെ ഭരണം, കൃഷ്ണദേവരായരും ചേരമാൻ പെരുമാളും തമ്മിലുള്ള ശണ്ഠ, ചേരമാൻ പെരുമാളുടെ കേരളവിഭജം, പിന്നീട് കോഴിക്കോട് മുൻപന്തിയിൽ എത്തിയത്, ശങ്കരാചാര്യരുടെ അപദാനങ്ങൾ കേരളത്തിലെ ജാതിവിഭജനങ്ങൾ, വസ്ത്വനുനുഭവക്രമം, വ്യവഹാരരീതികൾ, കൃഷിരീതികൾ, ഗൃഹനിർമ്മാണവിധികൾ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ പ്രാചീനഭാഷാഗദ്യത്തിൽ ഈ ഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്നു. പിൽക്കാലത്ത് ചില ചരിത്രസംഭവങ്ങൾ വയിൽ കുത്തിത്തിരുകിയിട്ടുണ്ടെങ്കിലും ബ്രാഹ്മണരുടെ പ്രാമാണ്യം സ്ഥാപിക്കുക എന്നതാണ് ഈ ഗ്രന്ഥങ്ങളുടെ പ്രധാന ലക്ഷ്യം.