• Text
  • Text

MEESA

By : S. HAREESH



Book : MEESA
Author: S. HAREESH
Category : Novel, April special
ISBN : 9788126477371
Binding : Normal
Publishing Date : 29-11-2025
Publisher : DC BOOKS
Edition : 27
Number of pages : 328
Language : Malayalam
Paper Back

Publisher: DC BOOKS
₹308.00 ₹399.00 23% off





Book Summary

പുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജന്മിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.

WRITE A REVIEW

Product name: Meesa

Review title:



Your Ratings:

Your Message:




Book Reviews

  meesa
By JACOB Varghese
Good Book.

  മീശ: ചില കട്ടിങ്ങുകൾ, ഷേവിങ്ങുകൾ
By Abhirami S R
മീശ ഒരു തുടക്കമായിരുന്നു. കഥയുടെ കഥത്വത്തെച്ചൊല്ലി മുറുകിയ തർക്കത്തിന് കഥ കൊണ്ട് തടയിട്ട ചുട്ട മറുപടിക്കഥ! ഇതൊരു വിപ്ലവമാണ്. മീശ വച്ച് വില്ലുവണ്ടി സമരം ചെയ്ത അയ്യങ്കാളിയുടെ തലയെടുപ്പിനെ, വീര്യത്തെ അനുസ്മരിപ്പിക്കുന്ന  കഥ. ജാതിയിൽ താഴ്ന്നവന് മീശ വയ്ക്കാൻ അനുമതിയില്ലാതിരുന്ന കാലത്ത് മീശ കൊണ്ട് പ്രമാണിമാരെ വിറപ്പിച്ച വാവച്ചന്റെ  കഥ. നാടകം വിപ്ലവമായിത്തുടങ്ങിയ കാലത്തെ അവരോഹണക്രമങ്ങളുടെ കഥ. ഉടുപ്പിടാത്ത നാട്ടിൽ ഉടുപ്പിട്ട് വന്ന് നാടകം കളിച്ച എഴുത്തച്ഛന്റെ കഥ. കഥ കേട്ടുറങ്ങുവാൻ കൊതിച്ച് പിന്നീട് കഥയുടെ വരൾച്ചയിൽ കംപ്യൂട്ടർ മഴ നനഞ്ഞ പൊന്നുവിന്റെ കഥ. സാഹിത്യകുതുകി കൂടിയായ, പുതിയ കഥകളുടെ തിരച്ചിൽ നടത്തുന്ന പൊന്നുവിന്റെ അച്ഛന്റെ കഥ. കഥനത്തിന്റെ, കഥ പറച്ചിലിന്റെ, കഥയായിത്തീരുന്നതിന്റെ കഥയാണ് മീശ. പുല്ലുചെത്തി അന്നം കഴിക്കുന്ന പവിയാന്റയും മകൻ വാവച്ചന്റെയും മീശയില്ലാത്ത മേൽച്ചുണ്ടിന്റെ ആകൃതി കണക്കെയുള്ള വള്ളത്തിലാണ് നോവൽ തുടങ്ങുന്നത്. മീശയില്ലാത്ത മേൽച്ചുണ്ടിൽ നിന്നും ആരെയും വിറപ്പിക്കുന്ന കൊമ്പൻ മീശയിലേക്കുള്ള ഒരു യാത്ര - അതു തന്നെയാണ് എസ്. ഹരീഷിന്റെ നോവൽ. അസംഖ്യം മിത്തുകളും മാജിക്കൽ റിയലിസവും മാർക്വേസിനെയും ഒ. വി വിജയനേയും അനുസ്മരിപ്പിക്കുന്നു. സംസാരിക്കുന്ന ഈനാംപേച്ചിയും ചെമ്പല്ലിയെ വിഴുങ്ങി ചത്ത ചോവനും അത് മുൻകൂട്ടി പ്രവചിച്ച ചോവന്റെ പെണ്ണും ദിക്കു തെറ്റിക്കുന്ന ആത്മാവും സത്യമോ മിഥ്യയോ മിത്തോ യാഥാർത്ഥ്യമോ എന്ന് തിരിച്ചറിയാനാകാത്ത വിധം കഥാഗതിയോട് ഇഴചേർന്നു നിൽക്കുന്നു.

  മീശയുടെ അർത്ഥം
By Jaison joseph sajan
എസ്. ഹരീഷ് രചിച്ച ആദ്യ നോവലാണ് മീശ.ദേശീയത എന്ന ആശയം രൂപം കൊള്ളുന്നതിനുമുമ്പ് ജാതിബന്ധങ്ങളിലുറഞ്ഞുപോയ അടഞ്ഞ ഒരു ദേശത്തിന്റെ ചരിത്രമാണ് എസ്. ഹരീഷ് ‘മീശ‘യിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ദേശത്തെക്കുറിച്ചുള്ള നോവലാണിതെങ്കിലും അസമത്വങ്ങള്‍ക്കും ഭൗതികപരിമിതികള്‍ക്കുമപ്പുറം ജനതയെ ഒരുമിപ്പിക്കുന്ന ഒരു ദേശത്തിന്റെ സാധ്യത നമുക്കിവിടെ കാണാന്‍ കഴിയില്ല. ആരുടെ ദേശമായിരുന്നു ഇതെന്ന ചോദ്യം നോവലിലെങ്ങും മുഴങ്ങുന്നുണ്ട്. ഒരു നാടകത്തില്‍ പോലീസ് വേഷം കെട്ടാനായി മീശ വെക്കേണ്ടിവന്ന വാവച്ചനെക്കുറിച്ചുള്ള ആഖ്യാനങ്ങളാണ് ‘മീശ‘യുടെ ഇതിവൃത്തം. നാടകം കഴിഞ്ഞിട്ടും അയാള്‍ മീശ ഒഴിവാക്കാന്‍ തയാറാകുന്നില്ല. അതോടെ വാവച്ചെന്റെ മീശ ദേശത്തെ വിറളിപിടിപ്പിക്കുന്നു. മീശ അധികാരത്തിന്റെയും പൗരുഷത്തിന്റെയും ധിക്കാരത്തിന്റെയും ചിഹ്നമാണല്ലോ. മീശയെ കീഴടക്കാനുള്ള ദേശത്തിന്റെ പരാക്രമങ്ങളാണ് നോവലിന്റെ വിഷയം. കച്ചിത്തുറുവില്‍ സൂചി തപ്പും പോലെയാണ് പുലയനെ പാടത്തു പിടിക്കുന്നത് എന്ന് നോവലിലൊരു പോലീസുകാരന്‍ സൂചിപ്പിക്കുന്നുണ്ട്. മീശയെക്കുറിച്ചുള്ള കഥകള്‍ആഖ്യാതാവ് തന്റെ മകനോടാണ് പറയുന്നത്. കുട്ടികളാണ് ഏറ്റവും നല്ല ശ്രോതാക്കള്‍ എന്ന് അദ്ദേഹം തന്നെ സൂചിപ്പിക്കുന്നുമുണ്ട്. രാമായണത്തിന്റെ പ്രത്യേകത അത് രാമന്റെ ഐതിഹാസിക ജീവിതമാണെന്നു മാത്രമല്ല, രാമന്‍ ജീവിച്ചിരിക്കെയാണ്് രാമായണം രചിക്കപ്പെടുന്നത് എന്നതുകൂടിയാണ്. ഇവിടെയും ജീവിച്ചിരിക്കെത്തന്നെയാണ് മീശ ഇതിഹാസസമമായി വളര്‍ന്നത്. താനൊരിക്കല്‍ പ്രാപിച്ച സീതയെ മീശ അന്വേഷിച്ചു നടക്കുന്നുണ്ട്. ഉഴവുചാലിലെ സീതയെപ്പോലെ ഈ നോവലിലെ സീതയും അനാഥത്വം പേറുന്നവളുമാണ്. മീശയാലും മറ്റുള്ളവരാലും ബലാല്‍ക്കാരം ചെയ്യപ്പെടുന്നവളാണ് അവള്‍. (സ്ത്രീ എന്ന നിലയിലുള്ള ആത്മബോധം വികസിക്കാത്ത അക്കാലത്ത് ബലാല്‍ എന്നവ വാക്കിനു പോലും പ്രസക്തിയില്ല.) ജീവിതം കാലത്തിലൂടെ ആവര്‍ത്തിക്കുന്നതാണ് എന്നത് ഒരു പൗരസ്ത്യ സങ്കല്പമാണ്. അതുകൊണ്ട് ഒരേകഥകള്‍ തന്നെയാണ് വീണ്ടും വീണ്ടും പല രൂപങ്ങളില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നത്. മീശ വെച്ച് ഉഗ്രരൂപിയായ പൊലീസായി വാവച്ചന്‍ വേഷപ്പകര്‍ച്ച നടത്തുന്ന മൂന്നാമധ്യായത്തിന്റെ തലക്കെട്ട് രാവണന്‍ എന്നാണ്. കരുത്തിനെക്കുറിച്ചുള്ള കഥകള്‍ പാടി പത്തു തലമുറ പേറേണ്ടി വന്ന രാവണനെപ്പോലെ ജലജീവികള്‍ക്കുപോലും ഒളിച്ചിരിക്കാന്‍ പറ്റുംവിധം വേരുപ്പടര്‍പ്പുകളും നിറഞ്ഞ് വലുതാകുന്നു വാവച്ചന്റെ മീശ. നീന്തുമ്പോള്‍ അത് രണ്ടു തീരങ്ങളെ തൊടുന്നു. പക്ഷേ, നോവല്‍ അവസാനിക്കുമ്പോഴേയ്ക്കും മീശ രാമനിലേക്കു പരിവര്‍ത്തിക്കുന്നു എന്നതും നാം ശ്രദ്ധിക്കേണ്ടതുണ്ട്. തന്റെ അമ്പു തറച്ച് മുറിഞ്ഞ തവളയോട് എന്തുകൊണ്ട് വേദനിച്ചപ്പോള്‍ കരഞ്ഞില്ല എന്ന് രാമന്‍ ചോദിക്കുന്നുണ്ടല്ലോ. അതേ സന്ദര്‍ഭം മീശയിലും ആവര്‍ത്തിക്കുന്നതു കാണാം. മീശ കൈ കുത്തിയിരുന്നപ്പോള്‍ പാതി ചടഞ്ഞുപോയ തവളയും പഴയ മറുപടി ആവര്‍ത്തിക്കുന്നു. കഷ്ടപ്പാടില്‍ തുണയാകേണ്ട മീശതന്നെ, തന്നെ ഉപദ്രവിച്ചാല്‍ താന്‍ ആരെ വിളിച്ച് പ്രാര്‍ഥിക്കുമെന്ന്. ചേര്‍ത്തലയ്ക്കടുത്തുള്ള ഒരു ഗ്രാമത്തില്‍നിന്ന് തോക്കെടുത്ത് സൈന്യത്തിനെതിരേ പോരാടാനായി, വാരിക്കുന്തവുമായി സംഘടിച്ച ആള്‍ക്കൂട്ടത്തിന്റെ പ്രതിനിധി വന്ന് മീശയെ അങ്ങോട്ടു ക്ഷണിക്കുന്നുണ്ട്. അയ്യായിരം ആളുകളോടൊപ്പം ചെന്ന് ആസംഘത്തിന്റെ നേതൃത്വമേറ്റെടുക്കാന്‍. തന്റെ കൂടെ ആരുമില്ലെന്നു മീശ പറയുമ്പോള്‍ കുരുക്ഷേത്രയുദ്ധത്തില്‍ ഒറ്റയ്‌ക്കൊരു പക്ഷംചേര്‍ന്ന കൃഷ്ണന്‍ അയ്യായിരത്തിനു സമമായിരുന്നില്ലേ എന്നാണ് ആഗതന്റെ മറുപടി. പില്‍ക്കാലത്ത് ആ പോരാട്ടത്തെക്കുറിച്ചുണ്ടായ ആഖ്യാനങ്ങളില്‍ വാരിക്കുന്തക്കാരുടെ കൂടെ ചേര്‍ന്ന ഒരു തോക്കുകാരനെക്കുറിച്ചുള്ള സൂചന മീശയെ അനുസ്മരിപ്പിക്കുന്നുണ്ട്. ആദ്യകാല കുടിയേറ്റക്കാരുടെയിടയില്‍ തങ്ങളുടെ കാരണവന്മാരെ കാടു വെട്ടിത്തെളിച്ചു കൃഷിയുണ്ടാക്കാന്‍ സഹായിച്ച മീശക്കാരനെക്കുറിച്ചുള്ള കഥകളുണ്ട്. പുല്ലരിയുന്നതിനിടെ രണ്ടു കഷണമാക്കപ്പെട്ട പാമ്പിന്റെ കടിയേറ്റാണ് വാവച്ചന്റെ അമ്മ ചെല്ലയുടെ മരണം സംഭവിക്കുന്നത്. അമ്മയെ കടിച്ച പാമ്പിനോടുള്ള പകയില്‍ അവയെ കൊന്നൊടുക്കുന്ന മീശ നമ്മെ മറ്റൊരോര്‍മയിലേക്കെത്തിക്കുന്നുണ്ട്. തന്റെ പിതാവിനെ കൊന്നതിന്റെ പേരില്‍ പാമ്പുകളെ ആവാഹിച്ചു വരുത്തുന്ന ജനമേജയെന്റെ സര്‍പ്പസത്രത്തില്‍ നിന്നാണല്ലോ മഹാഭാരതം ആരംഭിക്കുന്നത്. ഇങ്ങനെ ഇതിഹാസരൂപം പ്രാപിക്കുമ്പോഴും മീശയെക്കുറിച്ച്, അയാളുടെ മാനസിക ലോകത്തെക്കുറിച്ച് വളരെ കുറച്ചു മാത്രമേ എഴുത്തുകാരനുപോലും അറിയുമായിരുന്നുള്ളൂ. പുറലോകത്തെ മനുഷ്യരില്‍നിന്നു കേട്ട രണ്ടു സ്ഥലപ്പേരുകളാണ് മീശ ഓര്‍മിക്കുന്നതും അന്വേഷിച്ചലയുന്നതും. കൂടാതെ താനൊരിക്കല്‍ പ്രാപിച്ച സീതയെയും. പിന്നെ നിരന്തരമായ വിശപ്പ്. ആരെങ്കിലുമായി അയാള്‍ക്ക് ആശയവിനിമയം ഉണ്ടാകുന്നില്ല, ജലജീവികളോടൊഴിച്ച്. കായല്‍ ചുരുങ്ങിച്ചുരുങ്ങി പാടമായിത്തീര്‍ന്ന ആ ദേശത്തുനിന്ന് അയാള്‍ക്ക് മലയായിലേക്കോ മലബാറിലേക്കോ രക്ഷപ്പെടാനായില്ല. പക്ഷേ, മലയായിലും അയാളെ പുറംലോകത്തേക്കു പറത്തുന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ എംബ്ലത്തിലും മീശയുടെ സാന്നിധ്യം വന്നുചേരുന്നുണ്ട്. നോവലിന്റെ ആഖ്യാനത്തില്‍ മിത്തുകളും ഐതിഹ്യങ്ങളും പുരാണസൂചനകളും യഥേഷ്ടം ഉപയോഗിച്ചിട്ടുള്ളതു കാണാം. ചെമ്പല്ലി വിഴുങ്ങി മരിച്ച, യാത്രക്കാരെ വഴിതെറ്റിക്കുന്ന ചോവനും കഞ്ഞി ചോദിക്കുന്ന പ്രേതവും മാടനും മറുതയും യക്ഷന്മാരുമെല്ലാം ദേശത്തിലെ പ്രജകള്‍തന്നെയാണ്. ഈ അരൂപികള്‍ മാത്രമല്ല, പാടത്തെ എല്ലാ ജീവികളും മനുഷ്യര്‍ക്ക് തുല്യമായി ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. എല്ലാവരും ഈ ആവാസവ്യവസ്ഥയിലെ കണ്ണികളാണ്. ഒരുപക്ഷേ, ബഷീറിനുശേഷം മനുഷ്യേതരജീവികളുടെസാന്നിധ്യം ഇത്രമേല്‍ മറ്റൊരു നോവലില്‍ കടന്നുവന്നിട്ടുണ്ടോ എന്നു സംശയമാണ്. നോവല്‍ ആരംഭിക്കുന്നതു പോലും ഞാറപ്പക്ഷികളെയും കൊള്ളിക്കൊറവന്മാരെയും ഈനാംപേച്ചികളെയും സൂചിപ്പിച്ചുകൊണ്ടാണല്ലോ. പവിയാന്‍ രക്ഷിക്കുന്ന മുതല മാത്രമല്ല വാവച്ചനെപ്പോലെ ഒളിച്ചുകഴിയേണ്ടിവരുന്ന അവസാനത്തെ മുതലയും നോവലിലെ പ്രധാന കഥാപാത്രങ്ങളാണ്. ജീവികളുടെ മാത്രമല്ല, ഒരു തെങ്ങിന്റെ ജീവിതവും മരണവും വിവരിക്കപ്പെടുന്നുണ്ട്. ഒരധ്യായം ആരംഭിക്കുന്നതുപോലും കാരാമയും വെള്ളാമയും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. ആദി മധ്യാന്തപ്പൊരുത്തമുള്ള കഥാഗതികള്‍ പ്രതീക്ഷിക്കുന്ന വായനക്കാരന് മീശ ഒരു വെല്ലുവിളിയായിരിക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചുവന്നത്. മൂന്നു ലക്കം കഴിഞ്ഞപ്പോൾ തീവ്രഹിന്ദുസംഘടനകളുടെ ഭീഷണിയെത്തുടർന്ന് പിൻവലിച്ചു. ജാതിക്കും മതത്തിനും സ്ത്രീത്വത്തിനും എതിരെ പരമാര്ശനങ്ങൾ നോവലിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന വിവാദത്തിലായിരുന്നു ഈ പിൻവലിക്കാൻ കാരണം.  തുടർന്ന് ഡിസി ബുക്സ് നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. വിവാദത്തിൽ കൂടി ആണെങ്കിലും 2018 വർഷത്തിൽ ഏറ്റവും ചിലവായി പോയതും ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉണ്ടായതുമായ പുസ്തകങ്ങളിൽ ഒന്നായിരുന്നു മീശ എന്ന എസ് ഹരീഷിന്റെ ഈ പുസ്തകം.

   വാവച്ചന്റെ മീശ
By Kesavanunni menon Menon
വാവച്ചന്റെ മീശ മീശ വായിച്ചപ്പോൾ വിഖ്യാത കൊളംബിയൻ സാഹിത്യകാരൻ ഗബ്രിയേൽ ഗർസിയ മാർക്വേസിന്റെ മാസ്റ്റർ പീസായി വിലയിരുത്തുന്ന ഏകാന്തതയുടെ നൂറ് വർഷങ്ങളിലെ  സാങ്കല്പിക ഗ്രാമമായ മക്കോണ്ടയിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ്  ഓർമയിൽ വന്നത് . മക്കൊണ്ട ഒരു സാങ്കല്‍പ്പിക ഗ്രാമമായിരുന്നെങ്കില്‍ മീശ കുട്ടനാടിനെയും ആലപ്പുഴ കായല്‍ പരിസരങ്ങളെയും  മറ്റും ഒരു സാങ്കല്‍പ്പിക മാസ്മരിക ലോകമാക്കി മാറ്റുന്നു . യതാര്‍ത്ഥവും സാങ്കല്‍പ്പികവും ഭ്രാമാത്മകവുമായ വിതാനങ്ങളിലുടെ,  മലവെള്ള പാച്ചില്‍ പോലെയാണ് നോവല്‍ മുന്നോട്ട് പോകുന്നത്. ആലിസിന്റെ വണ്ടര്‍ലാന്‍ടിലെ അത്ഭുത കാഴ്ചകളും അനുഭവങ്ങളുമുണ്ട് മീശയില്‍, ആയിരത്തൊന്ന് രാവുകളിലെപോലെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുണ്ട്.   ച തുപ്പില്‍ നിന്നും കായലുകളില്‍ നിന്നും  പൈതോഴിയാത്ത അനാദിയായ കാലത്തില്‍ നിന്നും ദാരിദ്രവും ദീനവും പകയും വെറുപ്പും സ്നേഹവും തിന്ന് കുട്ടനാട്ടിനെ പടുത്തുയര്‍ത്തിയ പച്ച മനുഷ്യരുടെ ചരിത്രമുണ്ട്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ( കുട്ടനാടന്‍ )ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ വിവരിക്കുന്ന മീശ 328 പേജുള്ള ചെറിയ നോവലാണങ്കിലും കൈവഴക്കത്തോടെ വിശാലമായ ക്യാന്‍വാസിലാണ്  തലമുറകളുടെ ജീവിതത്തെ കഥാകാരന്‍ പകര്‍ത്തിവെച്ചിരിക്കുന്നത്. സ്ഥലം ( കുട്ടനാട്) ശക്തമായ ഒരു കഥാപാത്രമായി അല്ലങ്കില്‍ സാന്നിദ്ധ്യമായി വരുന്ന നോവല്‍ കൂടിയാണ് മീശ. പുലയനും പെലയനും നായരും കൃസ്ത്യാനിയും മാപ്പിളയും മറ്റും ജാതീയമായ തൊഴില്‍ വിഭജനത്തില്‍  നിലയുറപ്പിച്ചുകൊണ്ടുതന്നെ അതിജീവിതതിനായുള്ള പരാക്രമങ്ങള്‍ നടത്തുന്നതിന്റെ സൂക്ഷ്മ നിരീക്ഷണം നോവലിന്‍റെ ഉള്‍ക്കാബാണ്. വാവച്ചനെന്ന തികച്ചും സാധാരണമായ ഒരു കഥാപാത്രം അവിചാരിതമായി ഒരു നാടകത്തില്‍ പോലീസായി അഭിനയിക്കുകയും, പോലീസ് മീശയുടെ ഗാഭീരം കണ്ടു വാവച്ചനെ നേരിട്ട് അറിയാവുന്നവര്‍ പോലും ഭയപ്പെടുന്നതിലുടെയാണ് നോവല്‍ വാസ്തവത്തില്‍ കഥാപ്രവേശം നടത്തുന്നത്. വാവച്ചന്‍ അതില്‍ പിന്നെ മീശ വളര്‍ത്തി, ഒരവധൂ തനെപോലെ,  ഇരുട്ടത്തും മറയത്തുമായി ജീവിതം ആരംഭിക്കുന്നു. ഭയരഹിതനും നിസ്സംഗതനുമായ മീശ അമാനുഷ ശക്തിമാനാണ്. വാവച്ചനെയും കടന്നു മീശ വലിയൊരു കഥാപാത്രമാവുകയും മീശയിലുടെ കുട്ടനാടിന്‍റെ ചരിത്രവും മിത്തും അനാവരണം ചെയ്യപ്പെടുകയുമാണ് നോവലില്‍. വായനയിലുടെ അനുഭവിക്കാവുന്ന ഒരു ദൃശ്യ' ചാരുതയുണ്ട് മീശയില്‍. ഭ്രാമാത്മകതയിലുടെയുള്ള  കുട്ടനാടിന്‍റെ  ഒരു ചരിത്ര നിര്‍മിതികുടിയാണ് മീശ എന്നും പറയാം. സി.കേശമനുണ്ണി പരപ്പനങ്ങാടി

  മീശ:ദേശേതിഹാസത്തിന്റെ വാങ്മയങ്ങൾ
By Ramkumar Raaman
#മീശ:#ദേശേതിഹാസത്തിന്റെ #വാങ്മയങ്ങൾ ഓർമ്മകളിൽ നിന്നും പുരാവൃത്തങ്ങളിൽ നിന്നുമാണ് ദേശേതിഹാസങ്ങളുടെ കഥനങ്ങളുടെ ജീവിതസന്ദർഭങ്ങൾ ഉയിർക്കുക. വർത്തമാന കാലത്ത് നിന്നും കഥായനം ഭൂതകാലത്ത് വേരുപിടിച്ച സ്മൃതികളിലേക്ക് സാത്മീകരിക്കപ്പെടുമ്പോൾ, ദേശത്തിന്റെ ഐതീഹ്യരൂപങ്ങൾ ദേശേതിഹാസത്തിന്റെ വ്യവസ്ഥാപിത രൂപം കൈവരിച്ചു തുടങ്ങുന്നു. മണ്ണിൽ നിന്നും ഉയിർത്ത് രൂപം കൊള്ളുന്ന ജീവിതങ്ങൾ, പ്രകൃതിയുമായി കണ്ണി ചേരുമ്പോഴാണ് അവരുടെ സാമാന്യജീവിതത്തിൽ നിന്നും ദേശത്തിന്റെ രൂപീകരണത്തിലേക്ക് അവ വികസിച്ചു തുടങ്ങുന്നത്. പിന്നെ ആ ജീവിതങ്ങൾക്ക് സ്വതന്ത്രാസ്തിത്വമില്ല. ദേശത്തിന്റെ പുരാവൃത്തങ്ങൾ തൊഴുത്തു വന്ന ബിംബങ്ങളിലൂടെ അവ വായനക്കാരിലേക്ക് പരിണമിക്കുന്നു. പി.ഹരീഷ് മീശയിലൂടെ കുട്ടനാടും പരിസരപ്രദേശങ്ങളും ഉൾപ്പെട്ട ദേശത്തിന്റെ ചരിത്രവും ഐതീഹ്യങ്ങളും കൂടിയാണ് അനാവരണം ചെയ്യുന്നത്. ചതുപ്പില്‍ നിന്നും കായലില്‍ നിന്നും ചെളി കുത്തിയെടുത്ത് ആദ്യ കർഷകർ ഉണ്ടാക്കിയ പ്രദേശങ്ങളാണവ . മീശ എന്ന വാവച്ചന്റെ യാത്ര ആ ദേശത്തിന്റെ പരിണാമത്തിന് യാത്രയും കൂടിയാണ്. ജാതിയും മതവും പട്ടിണിയും വിശപ്പും പേമാരിയും വെള്ളപ്പൊക്കവും നെല്ലും പുല്ലും പുൽച്ചാടിയും പുഴുവും താറാവും കോഴിയും മീനും മുയലും മുതലയും കഥകളാകുന്ന മീശയിൽ ഗതകാലത്തുനിന്നും ഒരു ലോകം വായനക്കാർക്കുമുന്നിൽ ഉരുവം കൊള്ളുകയാണ്. പുല്ലു പോലെ മരം പോലെ കാടുപോലെ വളർന്ന വാവച്ചൻ മീശ ഭൂതത്തിലേക്കും വർത്തമാനത്തിലേക്കും ഭാവിയിലേക്കും തിടംവെച്ചു വളരുമ്പോൾ, അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ആത്മാഭിമാനത്തെ ഐതിഹ്യങ്ങളിലൂടെ കല്പനകളിലൂടെ അടയാളപ്പെടുത്തുകയാണ് കഥാകാരൻ.നാട്ടു മൊഴികളിലൂടെ കേട്ടുകേൾവികളിലൂടെ ഇതിഹാസമായി പരിവർത്തിക്കപ്പെടുന്ന മീശ, മനുഷ്യ ജീവിതത്തിന്റെ വൈജാത്യങ്ങളുടെ ദശാസന്ധികളുടെ പ്രതിരൂപമാകുകയാണ്. മീശ ഒരു യാത്രയാണ്, കാലത്തിലൂടെ ദേശങ്ങളിലൂടെ മനുഷ്യരിലൂടെ വിശപ്പിലൂടെ പട്ടിണിയിലൂടെ ആസക്തിയിലൂടെ ജീവിതങ്ങളെ വെളിപ്പെടുത്തുന്ന യാത്ര. മീശ കഥകളിലൂടെ ഉപകഥകളിലൂടെ കെട്ടുപിണഞ്ഞു പോകുന്ന മീശായനമാകുമ്പോൾ അബോധമായി അത് ഇതിഹാസത്തിന്റെ രൂപം പ്രാപിക്കുന്നു. ഇതിഹാസങ്ങളെല്ലാം തന്നെ രാമായണം പോലെ അയനത്തിലൂടെ വികസിക്കുമ്പോൾ, ഇവിടെ മീശയും നാടായ നാടും കാലമായ കാലവും ഋതുക്കളായ ഋതുക്കളും കടന്ന് തന്റെ പൗരുഷത്തെ ഉണർത്തിയ സീതയേയും പട്ടിണിയില്ലാത്ത മലയ എന്ന രാജ്യത്തെയും തേടി പോകുന്ന യാത്രകളെ കുറിച്ച് പറയുന്നു.മീശ വളർന്ന് വേരുപടർപ്പ് പോലെ വ്യാപിക്കുന്നത്, പട്ടിണി കിടന്ന് ചത്തു മണ്ണടിഞ്ഞുപോയ പൂർവ്വികരുടെ കണ്ണീരിൽ നിന്നും മോഹഭംഗങ്ങളിൽ നിന്നുമാണ്. ഒരു നാടകത്തിന് വേണ്ടി മീശ വെക്കുന്ന ചെല്ലയുടെയും പവിയാന്റെയും മകൻ വാവച്ചൻ നാടകം കഴിഞ്ഞിട്ടും മീശ കളയുന്നില്ല. ആ മീശ ദേശത്തെ പ്രമാണിമാരെ പ്രകോപിപ്പിക്കുന്നു. ആ മീശ ധിക്കാരമായി ഭീതിയായി അപ്രമാദിത്വമായി ദേശത്തിന് മുകളിൽ നിഴൽ വിരിക്കുന്നു. മീശ വെച്ചതിന്റെ പേരിൽ വേട്ടയാടപ്പെടുന്ന പവിയാന്റെ മകൻ വാവച്ചൻ, കെട്ടുകഥകളിലൂടെ മീശയായി ഇതിഹാസതുല്യനായി പരിണമിക്കുമ്പോൾ അയാൾ പ്രമാണിമാർക്ക് സ്വീകാര്യനാകുന്നുണ്ട്. ഇന്നിന്റെ കഥകളായി പാട്ടുകളായി കാലങ്ങളിലൂടെ കടന്നു പോകുന്ന ആ മീശയാണ് ഭാവിയിലെ അനവധി കഥകളിലും പാട്ടുകളിലും വീരനായകനായി കാലാതിവർത്തിയായി അവതരിക്കുന്നത്. മീശയുടെ കഥ കഥാകാരൻ തന്റെ മകന് പറഞ്ഞുകൊടുക്കുകയാണ്. തലമുറകളിലേക്ക് കൈമാറപ്പെടുന്ന ഇതിഹാസ-പൗരാണിക കഥകൾ പോലെ മീശയുടെ കഥകളും തലമുറകളിലേക്ക് കൈമാറുകയാണ്. പൗരാണിക ബിംബങ്ങളുടെ ബോധപൂർവ്വമായ ധാരാളിത്തം മീശയുടെ വായനയെ ഇതിഹാസ വായനയുമായി സാമ്യപ്പെടുത്തുന്നു. സീതയെ തിരക്കിയുള്ള പുരാണത്തിലെ രാമന്റെ യാത്ര പോലെ,താൻ പ്രാപിച്ച സീതയെ തിരക്കിയുള്ള മീശയുടെ യാത്രയും തലമുറകളിലൂടെ പുനരാരംഭിക്കുന്നു. #രാമൻ

   മീശ എന്ന കുട്ടനാടിന്റെ ആത്മാവ്‌
By Rohan Mathew
മീശ എന്ന കൃതി  സമ്മാനിക്കുന്നത് കുട്ടനാടിന്റെ ആത്മാവിനെയാണ്. ആ ആത്മാവിനെ പേറുന്നതു പവിയാന്റെ മകൻ  വാവച്ചൻ ,അല്ലെങ്കിൽ കുട്ടനാടിന്റെ മറ്റൊരു പേരാണ് വാവച്ചൻ എന്നും തോന്നാം.മീശയെ ഒരു വള്ളം ആക്കി ഒരു യുഗം അയാൾ അതിൽ സഞ്ചരിച്ചു.കൂടെ ഞാനും. ജാതികൾ ഉണ്ടാക്കിയ സമത്വഅസമത്വങ്ങൾ , അധികാരികളുടെ മേൽക്കോയ്മ , വർണ്ണ വിവേചനം എല്ലാം ആ മീശയിൽ ഇരുന്നു കൊണ്ടു ഞാൻ കണ്ടു.വെറും ഒരു മീശ താണജാതിക്കാരനായ വാവാച്ചന് ധൈര്യവും ബലവും നൽകി. അയാൾക്ക്‌ നാടകത്തിൽ  മീശ പോലീസുകാരന്റെ വേഷം കൊടുത്ത എഴുത്തച്ഛൻ പോലും പ്രതീക്ഷിക്കാത്ത വലുപ്പത്തിൽ മീശ വളർന്നു. കൈനഗിരിയും, തിരുവാർപ്പും, കാവലവും, പുളിങ്കുന്നും, മാങ്കൊമ്പും മീശയിലൂടെ ഞാൻ കണ്ടു.  ഇട്ടിച്ചനെയും  പെരുമാടനെയും കാലനെയും മഠപതിയിയെയും അയാൾ എനിക്ക് പരിചയപ്പെടുത്തി.   കഴുന്നയെയും, തിരണ്ടേയെയും, പുള വനെയും, മുതലെയെയും കാണിച്ചു തന്നു. ഒരിക്കൽ പോലും കായൽ കാണാത്ത എനിക്ക്  അത് ഒരത്ഭുത കാഴ്ച്ചയായിരുന്നു. അധികാര വർഗ്ഗം അയാളെ ഭയപ്പെടുന്നത് ഞാൻ ബഹുമാനത്തോടെ നോക്കി നിന്നു. ചെല്ലയും സീതയും  മദ്യവും അയാളുടെ ജീവിതത്തിൽ വന്നു പോയി. ചെല്ല അമ്മയാണെങ്കിലും അയാൾ സ്നേഹം കാണിച്ചില്ല. പിന്നീട് ആ സ്നേഹം അയാൾ ചെല്ലയെ കൊന്ന പാമ്പുകളോട് വൈരാഗ്യം ആയി കാണിച്ചു. സീത അയാൾക്ക്‌ തന്നെ  നിയന്ത്രിക്കാൻ കഴിയാത്ത ഒരു വികാരം ആയിരുന്നു. നാളുകൾ അയാൾക്കൊപ്പം സീതയെ തേടിയും മലയായിലേക്കു വഴി തപ്പിയും ഞാനും  നടന്നു. ദാഹം കൊണ്ടു മീശ മദ്യപിച്ചെങ്കിലും അയാൾക്ക്‌ അതിനൊടു ആസക്തി ഇല്ലായിരുന്നു. മലയായിൽ പോകുന്നത് എന്തിനെന്ന് അയാൾക്ക്‌ അറിയില്ലായിരുന്നു. അവിടെ അയാൾക്ക്‌ വേഷപരിവേഷങ്ങൾ ഇല്ലാത്ത ഒരു ജീവിതം കിട്ടും എന്നു കരുതി കാണാം. എന്നാൽ സീതയിൽ ആ യാത്രാ അയാൾ അവസാനിച്ചു കാണും. മീശ നാടിനേക്കാൾ വളർന്നപ്പോൾ അവന്റെ ഖ്യാതി നാടെങ്ങും എത്തി. അതിൽ അവൻ അഹങ്കരിച്ചില്ല. നാട് മീശയെക്കാൾ വളർന്നപ്പോൾ നാട് മീശയെയും മറന്നു. അതിൽ അവൻ ദുഃഖിച്ചുമില്ല. ചില കഥകളിൽ മീശ മരിച്ചു ചിലതിൽ ജീവിച്ചു. എന്നാലും പുസ്‌തകം മീശയിൽ മാത്രം ഒതുങ്ങി എന്ന ഒരു നൊമ്പരം മാത്രം മനസ്സിൽ ബാക്കിയായി. വായിച്ചു കഴിഞ്ഞു ഉറങ്ങാൻ പോകുമ്പോൾ ജനലിലൂടെ ഒരാൾ നടന്നു നീങ്ങുന്നത് ഞാൻ കണ്ടു. അയാൾ ഒരു മീശക്കാരൻ ആയിരുന്നു.

  ചെറുത്തു നിൽപുകളുടെ അടയാളമായ മീശ...
By Athul Chundayil
വിവാദങ്ങളോടു കൂടി ആദ്യം കേട്ടിരുന്നിരു നോവൽ നിലവിൽ രാജ്യത്തെ ഏറ്റവും വലിയ സാഹിത്യപുരസ്കാരങ്ങളിലൊന്നിന്റെ അവസാന പട്ടികയിൽ എത്തി നിൽക്കുന്നുവെന്ന വാർത്തയാണു ഉടനെ തന്നെ വാങ്ങുവാനും വായിക്കുവാനും കാരണമായത്‌. അനാവശ്യമായുയർന്ന വിവാദത്തെ ക്രാഫ്റ്റുകൊണ്ട്‌ തകർത്തു കളയുന്നത്‌ വായനയുടെ ഓരോ ഘട്ടത്തിലും നമുക്ക്‌ മനസ്സിലാക്കാനാകുന്നു. മീശ എന്നത്‌ ആത്മാഭിമാനത്തിന്റെയും ചെറുത്തു നിൽപ്പിന്റെയും ഉൾകരുത്തിന്റെയുമെല്ലാം ചിഹ്നമായ്‌ മാറുന്നത്‌ നോവലിൽ കാണാം... വിവാദങ്ങളിലൂടെ മാത്രമീ നോവലിനെ കുറിച്ചു കേട്ട്‌ വായിക്കുവാൻ വിമുഖത കാണിക്കുന്നൊരാണു നിങ്ങളെങ്കിൽ നിങ്ങളുടെ നഷ്ടത്തെ കുറിച്ചോർത്ത്‌ ദുഖിക്കാനെ എനിക്കാവു...

  nice
By Vishnu Soman
excellant, award winning book

  കാലം മുറിച്ചൊഴുകിപ്പടരുന്ന മീശ
By Rajeev Mahadevan
മീശ ഒരു വിപ്ലവമാണ്. മലയാള നോവൽ സാഹിത്യത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ ഉണ്ടാകാതിരുന്ന വിപ്ലവം. ജീവിതത്തിലും സാഹിത്യത്തിലും കലയിലും രാഷ്ട്രീയത്തിലും ഇന്നലെ വരെ നിലനിന്നു പോന്ന എല്ലാറ്റിനോടും കലഹിക്കുന്ന ജീവിതത്തിൻറെ സാഹിത്യത്തിൻറെ കലയുടെ രാഷ്ട്രീയത്തിൻറെ പുതു-പുത്തൻപാനയാണ് മീശ. മീശ ഒരു വ്യക്തിയിലൊതുങ്ങുന്നില്ല. ഒരു നോവലിലും. അതൊരു പുരാതന സമുദായമാണ്. ഒരു സമൂഹമാണ്. ഒരു കാലഘട്ടമാണ്. ചരിത്രത്തിന് പല നിർവ്വചനങ്ങളുണ്ട്, പലേ വ്യാഖ്യാനങ്ങളുണ്ട്. ജീവനുള്ള ഏതൊരു ജീവിയും-സസ്യമോ ജന്തുവോ സൂക്ഷ്മജീവികളോ- അതിൻറെ മുൻ തലമുറകളെ ഒളിഞ്ഞും തെളിഞ്ഞും പിന്തുടരുന്നുവെന്നത് ജനിതകസത്യമാണ്. അത്തരം ജീവികൾ ഒറ്റയ്ക്കും കൂട്ടായും ഇടപെട്ട്, പലപ്പോഴും പ്രകൃതി ശക്തികളും കൂടിച്ചേർന്ന് സൃഷ്ടിക്കപ്പെട്ട, ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന ജൈവികമായ പ്രക്രിയയുടെ അപരനാമമാണ് ചരിത്രം എന്ന് മീശയുടെ വായന നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. മീശയുടെ വായന ഋജുവായി അനായാസപ്പെടുന്നതോ, സംവേദനങ്ങളുടെ സമാന്തര അകലങ്ങൾ നിലനിർത്തിപ്പോകുന്നതോ അല്ല. ഓരോ വളവുകളും തിരിവുകളും, പിന്നെയും നിഗൂഢമായ ചെരിവുകളിലേയ്ക്കും ചുഴികളിലേയ്ക്കും നമ്മെ തള്ളിവിട്ടുകൊണ്ടിരിക്കും. ലളിതമാണ് ഭാഷയെന്നിരിക്കിലും, സങ്കീർണമായ കഥാ പരിസരങ്ങളിൽ കൂടുതൽക്കൂടുതൽ കരുത്തോടെ അത് തോടും പുഴയും പാടവും കടന്ന് കായൽപ്പരപ്പുകളിൽ തിരകൾ സൃഷ്ടിച്ച് കാടും മേടും മലകളും അനായാസം കീഴടക്കും. തുടക്കവുമൊടുക്കവുമില്ലാത്ത കാലപ്രവാഹത്തിൽ ഏത് സന്ധിയിൽ വച്ചും നിങ്ങൾക്ക് മീശ വായിക്കാം. പുരസ്‌ക്കാരങ്ങളുടെ നൈമിഷിക പ്രഭയിൽ മാത്രം തെളിഞ്ഞു നിൽക്കേണ്ടതല്ല; മാറ്റിവയ്ക്കരുതാത്ത നിരന്തര വായനയിൽ പടർന്നു വിടർന്ന് വികസ്വരപ്പെടേണ്ട യമണ്ടൻ സൃഷ്ടിയാണ് മീശ.

  'മീശ' എന്ന ഇതിഹാസം
By RAHNA KADER A
കഥാപാത്രങ്ങളുടെ സംഭാഷണ ശകലങ്ങൾ കഥയിൽ നിന്ന് അടർത്തിയെടുത്ത് വിവാദത്തീ ആളിക്കത്തിക്കുന്നതിനിടയിൽ മീശ എന്ന നോവൽ ആസ്വദിച്ച് വായിക്കാൻ പലരും മറന്നെന്ന തോന്നലിലാണ് ഈ കുറിപ്പ്. പ്രത്യേക സാഹചര്യത്തിൽ നാട്ടിലെ ഒരു നാടകത്തിൽ പോലീസുകാരനായി അഭിനയിക്കേണ്ടി വന്ന പുലയ ക്രിസ്ത്യാനിയായ വാവച്ചൻ ശിഷ്ടകാലം മീശയുമായി ജീവിക്കാൻ തീരുമാനിക്കുന്നു. മധ്യ തിരുവിതാംകൂറിന്റെ ചരിത്രത്തിനു മേൽ വാവച്ചൻ എന്ന മീശ ആശങ്കയുടെ മേലാപ്പ് തീർക്കുന്നു. മീശയെ കുറിച്ച് നാട്ടിൽ പലവിധ കെട്ടു കഥകളും പ്രചരിക്കുന്നു. സ്ത്രീകളും കുട്ടികളും അബലരും മീശയെ കാണുമ്പോഴേ പരിഭ്രമിച്ചു വശംകെടുന്നു. പോലീസും അധികാരികളും മീശയെ പിടിച്ചു കെട്ടാൻ നെട്ടോട്ടമോടുന്നു. എന്നാലോ , വിശപ്പാണ് മീശയുടെ വഴികൾ നിർണ്ണയിക്കുന്ന പ്രധാന വികാരം. മലയായിലേക്കുള്ള വഴിയന്വേഷിച്ച് അവൻ അലയുന്നതും അവിടെച്ചെന്നാൽ തനിക്ക് വിശന്നിരിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ്. കഞ്ഞി തിളയ്ക്കുന്ന മണം വന്ന് നെഞ്ചും വയറും കവിയുമ്പോൾ ഏതു തോടും പാടവും വെള്ളക്കെട്ടും നീന്താനും വാവച്ചൻ പ്രാപ്തനാവുന്നു. മലയാളി വായനക്കാർക്ക് പരിചിതമല്ലാത്ത, ചോഴിയാ പാടത്തിന്റെ കെട്ടുവരമ്പിലെ മാടത്തിൽ ജീവിക്കുന്നവരുടെ കഥയാണ് മീശ. കഥാകൃത്ത് അഞ്ചു വയസ്സായ മകനോട് പറയുന്ന കഥയായാണ് നോവൽ അനാവരണം ചെയ്യപ്പെടുന്നത്. കുട്ടിക്കുവേണ്ടി പൊലിപ്പിച്ചു പറയുന്ന കഥയിൽ മനുഷ്യരോടൊപ്പം തന്നെ സസ്യ ലതാദികളും മറ്റു ജീവജാലങ്ങളും സഹവർത്തിത്തത്തോടെ നിറയുന്നു. കഥാകൃത്തിന്റെ അസാമാന്യമായ നർമ്മബോധം നോവലിന് അപൂർവ്വമായൊരു ചാരുത പകരുന്നു. ലളിതമായ ഒരു പ്രമേയത്തിലൂന്നി ഒരു നാടിന്റെതന്നെ അതി സങ്കീർണ്ണമായ ജീവസ്സുറ്റ കഥ പറയുന്ന ഈ നോവലിന് ക്ലാസ്സിക് എന്നതിൽ കുറഞ്ഞ് മറ്റൊരു വിശേഷണവും ചേരില്ല.

  മീശ - വായിക്കപെടെണ്ട ഭാവനാത്മക യാഥാര്‍ത്ഥ്യം
By Kannan Elassery
"രചയിതാവ് ഒരു നായകനെ സൃഷ്ടിക്കുന്നു. അവൻ തന്‍റെ ഗ്രഹത്തെ ഭരിക്കുന്നു. അവന്‍റെ ഭാവന അവന്‍റെ ലോകത്തെ വലയം ചെയ്യുന്നു. അദ്ദേഹത്തെ അഭിനന്ദിക്കാനോ സഹതപിക്കാനോ വായനക്കാരന് സ്വാതന്ത്ര്യമുണ്ട്. ഇത് ഒരു വിധത്തിൽ ഭാവനാത്മക യാഥാർത്ഥ്യമാണ്, അല്ലെങ്കിൽ പാബ്ലോ പിക്കാസോ പറഞ്ഞത് പോലെ, നിങ്ങൾക്ക് ഭാവനയില്‍ കാണാവുന്നതെല്ലാം യഥാർത്ഥമാണ്. ” ഈ കോടതി വിധിയോടെയാണ് മീശയെ പറ്റി പറഞ്ഞു തുടങ്ങേണ്ടത് എന്ന് തോന്നുന്നു. വിവാദങ്ങള്‍ കൊണ്ട് കേരളക്കരയില്‍ പ്രചാരം ഒരു നേടി തുടങ്ങിയ പുസ്തകമാണ് എസ്. ഹരീഷ് എഴുതിയ മീശ എന്ന നോവല്‍. ഈ ഒരു കോടതി വിധി വരുന്നതിന് മുൻപ് തന്നെ മീശയിലെ ആമുഖം ഹരീഷ് എഴുതി DC Books പുറത്തിറക്കിയിരുന്നു. അത് ഇങ്ങനെയാണ്, "മീശയിലെ കഥാപാത്രങ്ങളെ എനിക്ക് ആദരവും പേടിയുമാണ്. മീശ മരിച്ചതിനു ശേഷമാണ് എനിക്കിത് എഴുതാൻ ധൈര്യം പോലും വന്നത്. അല്ലെങ്കിൽ മൂപ്പർ കേട്ടറിഞ്ഞു എനിക്കിട്ട് രണ്ട് പൊട്ടിച്ചേനെ. പിന്നെ സ്നേഹിച്ചേനെ." ആദ്യം വേദനിപ്പിച്ചും പിന്നെ സ്നേഹിക്കുന്നതുമായ മനുഷ്യന്‍റെ തന്മയ ഭാവം, ആമുഖത്തില്‍ പറഞ്ഞ പോലെ മീശ എന്ന നോവലിനും സംഭവിച്ചു. പാതി വഴിയില്‍ മാതൃഭുമിയില്‍ ഖണ്ഡശ്ശ പ്രസിദ്ധികരണം നിന്നു പോയെങ്കിലും പിന്നീടത്‌ പുസ്തകമായി ഇറങ്ങി ഒത്തിരി വായനാ ഹൃദയങ്ങളും പുരസ്കാരങ്ങളും കീഴടക്കി. നോവൽ എന്നത് ഒരു സ്വതന്ത്ര രാജ്യമാണെന്ന് മീശ വായിച്ചപ്പോൾ തോന്നി പോയി. കുട്ടനാടൻ പശ്ചാത്തലത്തിൽ ജീവിക്കുന്ന ദളിത് വിഭാഗത്തിൽപെട്ട വാവ്വച്ചന്‍റെ ജീവിതവും ആ കാലഘട്ടത്തിലെ സാമൂഹിക സാഹചര്യവും പറയുന്നതാണ് മീശ. ഒരുപക്ഷേ വൈക്കം മുഹമ്മദ്‌ ബഷീറിന് ശേഷം ഹരീഷ് ആയിരിക്കാം തന്‍റെ നോവലിലെ ജീവജാലങ്ങളെ കൊണ്ടും സംസാരിപ്പിക്കുന്നത്. മരപ്പട്ടിയും തവളയും മുതലയും എല്ലാം അവരവരുടെ മനോഗതങ്ങൾ പറയുന്ന മീശ ഒരു ദേശത്തെ എല്ലാ അർത്ഥത്തിലും പൂർണമായി വരച്ചു കാട്ടുന്നു. ഒരു കഥ മാത്രം പറയുന്ന നോവലല്ല മീശ. കഥകളും ഉപകഥകളും അതിലെ ശരി തെറ്റുകളും വായനകാരന് ചിന്തിക്കാന്‍ ഓര്‍ത്തിരി അവശേഷിപ്പിക്കുന്നു. ജാതീയതയുടെയും സ്ത്രീ പുരുഷ ബന്ധങ്ങളുടെയും വിഷയങ്ങളില്‍ എന്നും നിലകൊണ്ടിരുന്ന ഒരു മിഥ്യ സദാചാര ബോധത്തെ, ചോദ്യം ചെയ്ത്കൊണ്ടുള്ള എഴുത്താണ് മീശയിൽ. ആ കാലത്ത് ഗ്രാമങ്ങളിൽ വിളിക്കുന്ന തെറി വിളികളും, വാമൊഴികളായി പറയുന്ന കാര്യങ്ങളും, ശൈലികളും, അവർണന്‍റെ സംസാരവും, രതിയും, തെറിയും തുറന്നെഴുതിയത് നോവലിലെ കഥാപാത്രങ്ങളോട് കൂടുതൽ നീതി പുലർത്തുന്നു. അതിൽ നിന്നുമുള്ള കഥകൾ ഒരേ സമയം ആസ്വദിക്കുകയും എന്നാൽ കപട സദാചാരം നടിക്കുകയും ചെയ്യുന്നതിലാണ് മീശ ഒരു വിവാദം ആകുന്നത്. മാതൃഭൂമിയിൽ ഖണ്ഡശ്ശയായി അച്ചടിച്ച് വന്ന നോവൽ ഒടുവിൽ നോവലിസ്റ്റ് സ്വയം പിൻവലിക്കാൻ ഇടയായതും ആ വിവാദങ്ങളെ പിൻപറ്റിയാണ്. പുലയ ക്രിസ്ത്യാനിയായ പവിയന്‍റെയും ചെല്ലയുടെയും മകൻ വാവ്വച്ചന്‍റെ കഥയാണിത്. ഒരു മധ്യകാല കുട്ടനാടൻ ഗ്രാമത്തിന്‍റെ തന്നെ പ്രതീക്ഷയുടെയും ആകുലതകളുടെയും പേടിപെടുത്തലുകളുടെയും കഥ. ആ ഗ്രാമത്തിലേക്ക് നാടകം അവതരിപ്പിക്കാൻ എത്തുന്ന എഴുത്തച്ഛൻ. ആ നാടകത്തിൽ പൊലീസുകാരനായി അഭിനയിക്കേണ്ടിയിരുന്ന ആൾ വരാതെ പോകുന്നു. അങ്ങനെ ഒരു പോലീസുകാരനായി അഭിനയിക്കാൻ ഒരാളെ തേടി ആ നാടുമുഴുവൻ എഴുത്തച്ഛനും കൂട്ടരും അലയുന്നു. അവിടെ മീശയുള്ള ആരെയും കണ്ടു കിട്ടുന്നില്ല. മീശ വെക്കുന്നത് അധികാരത്തിനെതിരെയുള്ള പ്രതീകമായി ആയിരുന്നു അവിടെയുള്ളവർ കരുതിയിരുന്നത്. ഒടുവിൽ അവർ ഒരു പുലയ ചെറുക്കനെ കണ്ടെത്തുന്നു. താടിയും മീശയും ഒക്കെയുള്ള തടിച്ചു കറുത്ത ഒരു പുലയ ചെറുക്കൻ, വാവച്ചൻ. പിന്നെ വാവച്ചനെ ഭീഷണിപ്പെടുത്തി താടി വടിപ്പിച്ചു, മീശ കോതി മിനുക്കി ഒരു പോലീസുകാരന്‍റെ വേഷത്തിൽ നിർബന്ധിച്ചു കൊണ്ടുവരുന്നു. പത്രോസ് പുലയന്‍ എന്നൊരു കഥാപാത്രമാണ് വാവച്ചനെ മീശയുള്ള പോലീസുകാരനാക്കി മാറ്റിയെടുക്കുന്നത്. വാവച്ചന്‍റെ ആകാര ഭംഗിയിൽ ആ നാടകം എല്ലാവർക്കും ഇഷ്ടമാകുന്നു. വെറുമൊരു ആക്രോശം മാത്രമുള്ള വാവച്ചന്‍റെ പോലീസ് കഥാപാത്രം നാടകം അവസാനിച്ചിട്ടും മീശ വടിക്കാതെ കൊമ്പൻ മീശയും വെച്ച് നടക്കുന്നു. അങ്ങനെ മീശ എന്ന കഥാപാത്രം നോവലിൽ ഉദയം കൊള്ളുന്നു. പിന്നീട് നോവലിന്‍റെ കഥാഗതി മുഴുവൻ മാറുന്നു. വാവച്ചൻ, മീശ എന്ന പേരിൽ നാട്ടിൽ അറിയപ്പെടുന്നു. മീശയെപ്പറ്റി ഇല്ലാ കഥകൾ ഉണ്ടാകുന്നു. നാടുമുഴുവൻ സംസാര വിഷയമാകുന്നു. ആളുകൾ ഞെട്ടി വിറക്കുന്നു. അധികാരികൾ മീശയെ ഭയക്കുന്നു. പോലീസുകാർ മീശക്കു വേണ്ടി പരക്കം പായുന്നു. എന്നാൽ അതേ സമയം മീശ ആഹാരത്തിനു വേണ്ടി പരക്കംപായുന്നു, മലയായ്ക്കു നാട് വിട്ടു പോകാൻ വേണ്ടി അലയുന്നു. മീശയെ പറ്റി പല കഥകളും ഉണ്ടാകുന്നു. ആളുകളെ രക്ഷിക്കുന്ന കഥ, അനീതിക്കെതിരെ പോരാടുന്ന കഥ, ആളുകളെ പേടിപ്പിക്കുന്ന കഥ. അങ്ങനെ മീശ എന്ന കഥാപാത്രം ഒരേ സമയം ആ നാടിന്‍റെ പ്രതീക്ഷയും, ആ നാടിന്‍റെ വേദനയും, ആ നാടിന്‍റെ പേടിപ്പെടുത്തലുമായി മാറുന്നു. മീശ എന്ന കഥാപാത്രത്തിനപ്പുറം അതൊരു പ്രതീകമായാണ് എഴുത്തുകാരൻ അവതരിപ്പിക്കുന്നത്. സ്വന്തം മകന് പറഞ്ഞു കൊടുക്കുന്ന കഥപോലെയാണ് നോവലിന്‍റെ ആഖ്യാനം. അത് കൊണ്ട് തന്നെ എഴുത്തുകാരന്‍റെ നിലപാടുകൾ വ്യക്തമാക്കാനും അതിലൂടെ സാധിക്കുന്നു. ഗുണ പാഠങ്ങൾക്കപ്പുറം കഥകൾ എപ്പോഴും ആസ്വാദികരവും ഹൃദയ സ്പർശിയും ആകണമെന്ന് നോവലിൽ പറയുന്നു. അത്തരത്തിലൊരു വായനാനുഭവം തന്നെയാണ് ഹരീഷ് മീശയിലൂടെ പകരുന്നതും. ഇന്ത്യയിലെ ഏറ്റവും വിലയേറിയ പുരസ്‌കാരമായ 25 ലക്ഷം രൂപയുടെ ജെ സി ബി പുരസ്‌കാരം 2020-ല്‍ നേടിയത് മീശയുടെ ഇംഗ്ലീഷ് വിവർത്തനത്തിനാണ്. ജയശ്രീ കളത്തിലാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. വിവാദങ്ങൾക്കും പുരസ്കാര വലിപ്പങ്ങള്‍ക്കും അപ്പുറം വായനക്കാർ തീർച്ചയായും മീശയെ തുറന്ന ചിന്താഗതിയോടെ വായിക്കേണ്ടിയിരിക്കുന്നു.

  സമാനതകളില്ലാത്ത വായനാനുഭവം
By Joyce Job
2019-ലെ സാഹിത്യ അക്കാഡമി അവാർഡും 2020-ലെ ജെസിബി ലിറ്ററേച്ചർ പ്രൈസും നേടിയ നോവൽ, മീശവടിക്കാൻ കൂട്ടാക്കാത്ത വാവച്ചനെന്ന താഴ്ന്ന ജാതിയിൽപ്പെട്ട മനുഷ്യന്റെ കഥ. വ്യത്യസ്തമായ കഥയും ആഖ്യാനശൈലിയും കാരണം സമാനതകളില്ലാത്ത ഒരു വായനാനുഭവമായിരുന്നു എനിക്ക് മീശ. മനുഷ്യകഥാപാത്രങ്ങൾ മുഴച്ചു നിൽക്കുന്ന നോവലുകൾ വായിച്ചു ശീലിച്ച എന്നെ ആദ്യ പേജിൽ തന്നെ കഥാകൃത്തു ഞെട്ടിച്ചു, "പവിയാ പയ്യെപ്പോ" എന്നൊതുന്ന ഈനാംപേച്ചിയിലൂടെ. കഞ്ഞി ചോദിക്കുന്ന പ്രേതത്തെയും മാടനെയും സംശയദൃഷ്ടിയോടെ നോക്കാതെ മാജിക്കൽ റിയലിസത്തിന്റെ രസച്ചരട് കോർത്ത് തരുമ്പോഴും, തന്റെ മകൻ പൊന്നുവിന് പറഞ്ഞു കൊടുക്കുന്ന വെറുമൊരു കഥയാണിതെന്നു പറഞ്ഞു മെറ്റാഫിക്ഷനിലൂടെ ആ ലോകത്തിന്റെ വശ്യതയിൽ വായനക്കാരെ അന്ധമായി മുഴുകാനും അനുവദിക്കുന്നില്ല. മിഡ്‌നെറ്റ്‌സ് ചിൽഡ്രനിൽ സൽമാൻ റുഷ്ദിയുടെ സൂത്രപ്പണിയിൽ സലീമിന്റെ കഥ ഇന്ത്യയുടെ കഥയാകുന്നത് പോലെ ഇവിടെ മീശയുടെ കഥ കുട്ടനാടിന്റെ കഥയാകുന്നുണ്ട്. ആകാശം മുട്ടുന്ന മീശയുടെ കുടകീഴിൽ നാനാ ജാതിയിലും മതത്തിലും ലിംഗത്തിലും പദവിയിലുമുള്ള മനുഷ്യരും മൃഗങ്ങളും മീനുകളും ഉരഗങ്ങളും കായലും ഒക്കെ അണിനിരക്കുന്നു. നാട്ടുരാജാക്കന്മാരുടെയും ബ്രിട്ടീഷുകാരുടെയും ഭരണത്തിന് കീഴിലുള്ള ഇവരുടെ ജീവിതവും ഭക്ഷണരീതികളും നാടൻപാട്ടും കഥകളുമൊക്കെ നോവൽ പ്രതിപാദിക്കുന്നു. ചരിത്രപുസ്തകങ്ങളെയും ജീവശാസ്ത്രപുസ്തകങ്ങളെയും അനുസ്മരിപ്പിക്കുന്ന ചില വിശദീകരണങ്ങൾ, കാലഗണനയുടെ അഭാവം, അനേകം കഥാപാത്രങ്ങൾ എന്നിവ വായനയെ അല്പം ദുഷ്കരമാക്കും. ജാതിയും, പ്രകൃതിയും, പരിസ്ഥിനശീകരണവും ഒക്കെ ശരിയായി തന്നെ ചിത്രീകരിക്കുമ്പോൾ വിമർശനം നേരിട്ടേക്കാവുന്ന ഒരു ഭാഗം ഈ പുസ്തകത്തിലെ സ്ത്രീ ശബ്ദങ്ങളുടെയും ചിന്തകളുടെയും അഭാവമാണ്. ആണിന്റെ നോട്ടത്തിനപ്പുറം ചെല്ലയും സീതയുമൊക്കെ ആരെന്നറിയാൻ വായനക്കാർക്ക് തീർച്ചയായും ആഗ്രഹമുണ്ടാകും.

  മീശക്കുറിപ്പ്
By Vipin Chandran
സ്വന്തം നാടായ കുട്ടനാടിന്റെ ചരിത്രം അഥവാ “the evolution of Kuttanad” എന്ന വിഷയത്തിലെ എന്റെ അജ്ഞത അറബിക്കടലുപോലെ ആഴമുള്ളത് ആയിരുന്നു. അതിലേറെ അറിവ്, വള്ളുവനാടിന്റെയും മലനാടിന്റെയും ചരിത്രത്തെപ്പറ്റിയും ആ നാടുകളുടെ ഉരുത്തിരിയലിനെപ്പറ്റിയും ഉണ്ടെന്നത് ഒരു വിരോധാഭാസമായി നിസാരവത്ക്കരിക്കുകയും വയ്യ. കാരണം, ഒരുപരിധിവരെ ഈ പറഞ്ഞ നാടുകളെ അറിയാനും അവയുടെ പൂർവ്വകാലഘട്ടത്തെ മനസ്സിലാക്കാനും ആ കാലഘട്ടത്തിലൂടെയും സമാന്തരമായും ഒഴുകിവന്ന സാഹിത്യ രചനകളുടെ വായന ഒരുപാട് സഹായിച്ചിട്ടുണ്ട്. തകഴി ശിവശങ്കരപ്പിള്ളയേപ്പോലുള്ള കഥാകാരന്മാരാകട്ടെ കുട്ടനാടിന്റെ ഉത്ഭവത്തെയും ഉരുത്തിരിയലിനെയും അത്രകണ്ട് വിശദമാക്കിയിട്ടുമില്ല. കയർ പോലുള്ള രചനകൾക്ക് അതിന്റെ സൗന്ദര്യം ഉണ്ടെന്നിരിക്കെ കുട്ടനാടിനെ ആകമൊത്തവും കടഞ്ഞൂറ്റിയെടുത്ത രചന ഒരുപക്ഷേ എന്റെ അഭിപ്രായത്തിൽ എസ്. ഹരീഷിന്റെ മീശ എന്ന നോവലാവും. നേരത്തെ പറഞ്ഞതുപോലെ “മീശ” നിവർത്തിവെച്ച കുട്ടനാടിന്റെ പൂർവ്വകാലഘട്ടവും അതിന്റെ ഉദ്ഭവവും വിവിധവർണ്ണങ്ങളിൽ സ്വയം തളച്ചിട്ട മനുഷ്യരുടെ ജീവിതവുമൊക്കെ എനിക്ക് പുത്തരിയായി ഭവിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കെ ഒരുപറ്റം, കാളപെറ്റെന്നു കേട്ട് കയറെടുക്കുന്ന തരം ഭോഷ്‌കന്മാരിലൂടെ അനാവശ്യവിവാദത്തിൽപ്പെട്ടു പിൻവലിക്കപ്പെട്ട മീശയെ ചങ്കുറപ്പോടെ വായനക്കാരന് നൽകിയ ഡി.സി. ബുക്സിനോട് ബഹുമാനമുണ്ട്. അന്ന് നിങ്ങൾ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഒരു വായനക്കാരൻ എന്ന നിലയിൽ അനുഭവിച്ച സുഖം എനിക്ക് തീരാനഷ്ടമാകുമായിരുന്നു. വിവാദങ്ങളെത്തുടർന്നുള്ള പുസ്തകരൂപത്തിലുള്ള ഉയിർപ്പിന് വളരെക്കാലത്തിനു ശേഷമാണ് തീർത്തും സ്വാഭാവികമായി ഒരു സാധാരണ പുസ്തകം കയ്യിൽ വരുന്നതുപോലെ മീശ എന്റെ കയ്യിൽ എത്തുന്നത്. അതിന് കിഴക്കേ ചേന്നങ്കരി ജനതാ ഗ്രന്ഥശാലയോട് നന്ദി. അതങ്ങനെ ഭവിച്ചതും വായനയെ കൂടുതൽ ആസ്വദിക്കാൻ അവസരം നൽകി. അല്ലെങ്കിൽ പ്രതിഷേധ തീയിൽ വായനയുടെ ആത്മാവും എരിഞ്ഞടങ്ങിയേനെ. “മീശ” കയ്യിൽ ഇരിക്കുമ്പോൾ മുഴങ്ങിയ പോലെ തോന്നിയ, മീശ ഇനിയും വായിക്കാതെ കത്തിച്ചു പ്രതിഷേധിച്ച, ശബ്ദകോലാഹളങ്ങളെല്ലാം ഒരു കുരവയുടെ അകമ്പടിയോടെയെന്നപോൽ വായിച്ചുതുടങ്ങാൻ സഹായകമായി. വള്ളുവനാട് പശ്ചാത്തലമായുള്ള ഒരു ടൈപ്പിക്കൽ മലയാളം ക്ലാസ്സ് നോവൽ പ്രതീക്ഷിച്ചു വായിച്ചുതുടങ്ങിയ എന്റെ പ്രതീക്ഷകളെ നിഷ്കരുണം ചവിട്ടിയരച്ചുകൊണ്ട് എനിക്ക് മുന്നിൽ അനാവൃതമായ കുട്ടനാടിന്റെ കഥയെന്നേ അദ്‌ഭുതപ്പെടുത്തി. വാവച്ചനിലൂടെ എന്റെ നാടിന്റെ ചരിത്രം ലഹരിപോലെയാണ് എന്റെ സിരകളിലേക്ക് പടർന്നുകയറിയത്. ചുറ്റും പരന്നുകിടക്കുന്ന സ്ഥലങ്ങളുടെ പേരുകൾ പുസ്തകത്തിൽ കണ്ടപ്പോൾ കായലിലെ ഓളംപോലൊന്നു എന്റെ മനസ്സിലും വെട്ടി. അക്ഷരാർദ്ധതിൽ എന്റെ നാടിന്റെ പൂർവ്വകാലഘട്ടത്തെ ഇത്രമേൽ മനോഹരമായ ഒരു വായനാനുഭവത്തോടെ ഉൾക്കൊള്ളാൻ ആവുമെന്ന് ഞാൻ സ്വപ്നേതി വിചാരിച്ചിരുന്നില്ല. കഥാകൃത്തിനോട്‌ കായലോളം നന്ദി. മീശക്ക് അടിസ്ഥാനപരമായി ഒരു പുതുശൈലിയാണ് സമ്മാനിക്കാൻ ആവുക. റിയാലിറ്റിയും ഫാന്റസിയും തമ്മിൽ പിണഞ്ഞുകിടക്കുന്ന വായനാനുഭവത്തിൽ അവിടെയിവിടെയായി നിങ്ങൾക്ക് ചരിത്രവും സാമൂഹിക വിമർശനവും സർവ്വോപരി the evolution of Kuttanad ഉം ദർശിക്കാൻ ആവും. കഥാപാത്രങ്ങളും കാലഘട്ടവും പഴയതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും ആയതിനാൽ അത് അവിടെയിവിടെ പ്രതിഫലിച്ചേക്കും. അത് എഴുത്തുകാരന്റെ കുറ്റമല്ല, മാനവചരിത്രത്തിന്റെ സത്യസന്ധമായ വിവരണമായതിനാലാണ്. സ്ത്രീവിരുദ്ധമല്ലാത്ത ഒരു ചരിത്രം നമുക്ക് അന്യമായതിനാലാണ്. എന്നിട്ടും സീതയെപ്പോലെ, ആണത്വത്തിന്റെ അധികാരചിഹ്നമായ മീശരോമങ്ങൾക്ക് മുന്നിൽ പതറാത്ത സ്വയം അടിയറവെക്കാത്ത പെണ്ണൊരുത്തിയെ നോവലിസ്റ്റ് കാണിച്ചുതരുന്നുമുണ്ട്. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ നിരത്തുമ്പോളും ഒരു സമൂഹത്തിന്റെ പൊതുസ്വഭാവത്തെ പ്രതിനിധീകരിക്കുന്നതാവും അവരുടെ പ്രവർത്തികൾ. അല്ലാത്തപക്ഷം അവർ വിപ്ലവകാരികൾ ആണ്. കെട്ടിപ്പടുത്ത ഒരു സിസ്റ്റത്തിനെ വെല്ലുവിളിക്കുന്ന അത്തരക്കാർക്ക് ഒരു പൊതുസ്വഭാവമുണ്ട്. അത് വാവച്ചനിലും പ്രകടമാണ്. എന്നിരുന്നാലും വാവച്ചനിലേക്ക് ഒതുങ്ങുമ്പോൾ അയാൾ സാധാരണയിൽ സാധാരണ മനുഷ്യനുമാണ്. കഥപറച്ചിൽ രീതിയിൽ ചിലയിടങ്ങളിൽ നിയന്ത്രണം വിട്ട ഒരു പോത്തോട്ടത്തെ അനുസ്മരിപ്പിക്കുന്ന വിധം ഭാവന ഭ്രാന്തമായി സഞ്ചരിക്കുന്നുണ്ട്. അതിനൊപ്പം ആ ഭ്രാന്തിനെ ഉൾക്കൊണ്ട് വായിച്ചുകേറുക അത്രമാത്രം ആസ്വദിച്ച സംഗതിയുമാണ്. പറഞ്ഞുപറഞ്ഞു കാടുകേറുന്നില്ല അല്ലെങ്കിൽ വേണ്ട മീശ എഫക്റ്റ് ആയിക്കോട്ടെ, പറഞ്ഞുപറഞ്ഞു കായലിലേക്ക് ഇറങ്ങുന്നില്ല. ചുരുക്കുന്നതിന് മുന്നായി എന്നെങ്കിലും ഈ പോസ്റ്റ് അക write up എഴുത്തുകാരനിലെത്തും എന്ന അത്യാഗ്രഹത്തോടെ എഴുത്തുകാരനോടായി ഒന്ന് ചോദിക്കട്ടെ, “മീശ എന്ന കഥാപാത്രം താങ്കളുടെ ഭാവനയാണോ അതോ നോവലിൽ പറയുന്നത് പോലെ പുകഴ്‌ത്ത് പാട്ടുകളിൽ നിന്നും അരിച്ചെടുത്തതാണോ?”

  ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് നോവലിന് നേരെ വര്‍ഗീയവാദികള്‍ ആക്രമണം നടത്തിയത്. ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രണ്ട് കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത
By swejo george
good

  മൂന്നാഴി അരിവെച്ചാൽ മൂന്നുരുള ച്ചോറാക്കും എടനാടൻ മീശ പറയൂന്നൊണ്ടേ തലയെണ്ണിച്ചുങ്കവും തരികയില്ലെങ്കിലോ മൊലചെത്തിചുങ്കവും തരികവേണേ
By Shamina Hisham
ഏറെ വിവാദപരമായ ചർച്ചകളിലൂടെ മുന്നേറിയ മീശ അതെല്ലാം മറികടന്ന് കഥക്ക് അനുയോജ്യമായ ഘടനയിലൂടെയാണ് എഴുത്തുക്കാരൻ സഞ്ചരിച്ചതെന്ന് തെളിയിച്ച പുസ്തകം കൂടിയാണ്. പുലയനായ പവിയാന്റെയും ചെല്ലയുടെയും അഞ്ചാമത്തെ മകനാണ് വാവച്ചൻ എങ്ങനെ മീശയായി എന്നാ ഈ കഥ വളരെ മനോഹരമായി സ്‌. ഹരീഷ് ആവിഷ്കരിച്ചിട്ടുണ്ട്. പുലയന് അധികാരമില്ലാത്ത നാട്ടിൽ വാവച്ചൻ, എഴുത്തച്ഛന്റെ നാടകത്തിൽ അഭിനയിക്കാൻ വേണ്ടി വെച്ച മീശ, പിന്നീട് ജീവിതത്തിൽനിന്ന് ആ വേഷമഴിക്കാൻ കൂട്ടാക്കിയില്ല. സംഭവബഹുലമായിമാറുന്ന മീശ അങ്ങനെ ജനങ്ങൾക്കിടയിലും അധികാരകേന്ദ്രങ്ങൾക്കിടയിലും ഒരു വൻ ഭീഷണിയായി മാറുകയും ഓരോ മനുഷ്യരുടെ ഭാവനക്കനുസരിച്ചു ഭീതി  പടർത്തുന്ന രീതിയിൽ വായ്തരികളിലൂടെയും നാടൻ  പാട്ടുകളിലൂടെയും ആകാശം മുട്ടെ നിൽക്കുന്ന ആൾരുപമായി കായലിന്റെയും അതിൽ ചേരുന്ന ആറുകളുടെയും ആയിരം ചെറുതോടുകളുടെയും കരകളിലും അതിനിടയിൽ തിങ്ങിയ നിരകളിലെ വിജനസ്ഥലങ്ങളിലും തനിയെ ഉണ്ടാകുന്ന കഥയായി മീശയുടെ ജീവിതം എല്ലാവരും ചേർന്ന് പൂരിപ്പിക്കുന്നു. അരനൂറ്റാണ്ട് യുഗത്തെ മധ്യതിരുവതാംകുറിലെ പുഞ്ചനിലങ്ങളുടെയും കയലോരങ്ങളുടെയും പശ്ചാത്തലത്തിൽ ആ കാലഘട്ടത്തിലെ സാമൂഹികവും ജാതിയും രാഷ്ട്രീയവും മികവുറ്റ രീതിയിൽ ഭാവനസൃഷ്ടി കൊണ്ടും ചരിത്രപഠനം കൊണ്ടും സ്‌. ഹരീഷ് വായനകാർക്ക് മുന്നിൽ മീശയെ വരച്ചു കാണിക്കുന്നു. കൊടിയ ദാരിദ്രവും പകർച്ചവ്യാധികളും ജാതിമേൽകോയ്മയുടെ  കാൽകീഴിൽ ഞെരിഞ്ഞമരാൻ വിധിക്കപ്പെട്ട അടിയാളന്മാരുടെ ദുരിതവും ഈ കഥയുടെ അന്തർലീനമായി മാറുന്നു. സീത, വാവച്ചൻ, പവിയാൻ, നാണുലിംഗ നടന്നാർ, കേശവപിള്ള, സായിപ്പ്, കുഞ്ഞച്ചൻ, കുട്ടത്തി, അവസാനത്തെ മുതല അങ്ങനെ നിരവധി കഥാപാത്രങ്ങളിലൂടെ കടന്ന് പോകുന്ന മീശ അതിസൂക്ഷ്‌മമായ ദീർഘ വായനക്ക്  ഉതകുന്ന കഥയാണ്. വളരെ ആഴത്തിൽ ചിന്തിക്കാനുള്ളതും പഠനവിധേയമാക്കാനും പുനർവായനക്കും സാധ്യതയുള്ള പുസ്തകമാണ് മീശ. പ്രതീക്ഷിക്കുന്ന പൂർണതയുള്ള അന്ത്യമായ നന്മനിറഞ്ഞ നായകനും, അത്തരം ഘടനയിലൂടെ മാത്രം അനുസരിച്ചു എഴുതുന്ന എഴുത്തുക്കാരിൽ നിന്ന് വ്യത്യസ്തമാണ് സ്‌. ഹരീഷിന്റ മീശ. Shamina Hisham


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0