• Text
  • Text

RANDAMOOZHAM

By : M T VASUDEVAN NAIR



Book : RANDAMOOZHAM
Author: M T VASUDEVAN NAIR
Category : Novel
ISBN : 8122611885
Binding : Normal
Publishing Date : 08-06-12
Publisher : TRISSUR CURRENT BOOKS
Edition : 30
Number of pages : 300
Language : Malayalam
Paper Back

Publisher: TRISSUR CURRENT BOOKS
₹515.00 ₹575.00 10% off





Book Summary

ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് രചനയും. അഞ്ചുമക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമെ ലഭിച്ചിരുന്നുള്ളു. സര്‍വ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായ, തിരസ്‌കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് എം ടി നോവലിന്റെ ആഖ്യാനം നിര്‍വ്വഹിക്കുന്നത്. മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങള്‍ക്ക് രണ്ടാമൂഴം പുതിയൊരു ഊഴം നല്‍കുന്നു. മലയാള നോവല്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച പത്തു നോവലുകളിലൊന്നാണ് രണ്ടാമൂഴം.

WRITE A REVIEW

Product name: RANDAMOOZHAM

Review title:



Your Ratings:

Your Message:




Book Reviews

  Shabz14@gmail.com
By Mohammed Shabaz
Let me know when stock is available

  One of the best book in malayalam...????
By Jibin Willy
I got this book in 2017 and after that I have read it for a number of times in my life.. The story narrates the Epic of 'Mahabharatha' from the point of view of Bheema who was the second among Pandavas.Bheema, who is considered to be the son of 'God of wind' is shown as a powerful warrior among the Pandavas. We have seen different portrays of Bheema in many literary works as a fat man who is devoted only to the art of fighting and eating.But in this book you can see an entirely different Bheema.The character of Bheema is portrayed to be a sensitive and powerful warrior who is declined of love from people whom he care about.The author carefully portrays the emotional conflicts that Bheema goes through during the happenings of different events in 'Mahabharatha'.. The author shows Bheema more as a human who is declined of his lover and family.The narration of the story is so gripping and beautiful. The author shows the characters of 'Mahabharatha' as humans rather than Gods with superpowers.The character of Krishna is portrayed as more human than as a God.Due to this we can emotionally connect with the different characters of the novel.The wildness and sensitiveness of Bheema is portrayed through words at many instances which makes the novel such a beautiful piece of literature.The author MT Vasudevan Nair must be highly praised for this work and I consider 'Randamoozham' as one of the best novels to read in malayalam. The book is translated to english as 'Bheema- the lone warrior'.. There were numerous attempts to make the novel into a movie and I am eagerly looking to see this on big screen.???? I highly recommend this book to all those who are interested in 'Mahabharatha' and other Indian epics..

  ഭീമഭാരതം
By Shakkir Kp
സ്വര്ഗാരോഹണ യാത്രയിൽ എങ്ങോ വെച്‌ ഭീമൻ മനസ്സിൽ കുറിച്ചിട്ടുണ്ടാകണം,തന്റെ കഥ അല്ലെങ്കിൽ തന്റെ കണ്ണുകളിലൂടെ താൻ കണ്ട മഹാഭാരതം വ്യാസന്റെ വിവരണങ്ങൾക് അതീതമായ തന്റെ മനസ്സിന്റെ ഉൾക്കാഴ്ചകൾ ലോകത്തോട് വിളിച് പറയണമെന്ന്. 20ആം നൂറ്റാണ്ടും മലയാള ഭാഷയും എം ടി യുടെ രൂപത്തിൽ തിരഞ്ഞെടുക്കപ്പെട്ടു എന്നല്ലാതെ മറ്റൊന്നിനും തന്നെ ഈ പ്രതിഭാസത്തെ വിവരിക്കാൻ തക്ക കെല്പില്ല താനും. അത്രയേറെ മനോഹരമാണ് ആ വിവരണം,അത്രയേറെ ഭീമന്റെ ശങ്കകളും ക്രോധ-പ്രേമ-നൈരാശ്യ ഭാവുകങ്ങളും വരച്ചിടുന്നു എം ടി. പഞ്ച പാണ്ഡവരിൽ ഏറ്റവും ശക്തനാണ് ഭീമൻ അതെ സമയം ദ്രൗപതിയോടു പോലും ദയാ-അനുകമ്പ കൂടുതൽ പ്രകടമാകുന്നതും ഭീമനിൽ തന്നെയാണ്,രാജ്യ കാര്യങ്ങളിൽ എപ്പൊഴും ധർമ്മ പുത്രന് പിന്നിലായി നില ഉറപ്പിക്കേണ്ടി വരുന്ന ഭീമൻ ആയോധന കലകളിൽ അർജുനനാൽ മറക്കപ്പെടട്ട് രണ്ടാമൂഴത്തിലേക് ഒതുക്ക പെടുന്നു. പുരാണേ ഇതിഹാസങ്ങളിൽ നിന്ന്,കൃത്യമായി എഴുതപ്പെട്ട,വായനക്കാരുടെ മനസ്സിൽ പതിഞ്ഞ കഥാ തന്തുവിൽ നിന്നും കഥാ പാത്ര സൃഷ്ടിയിൽ നിന്നും വായനക്കാരനെ മനസിനെ വേറിട്ട രീതിയിൽ ചിന്തിക്കാനും അതുവഴി പുതു കഥാഖ്യാനങ്ങളിലേക് നടക്കാനും പ്രേരിപ്പിക്കുന്ന എം ടി യുടെ ഈ രചനക്ക് സമാന്തരമായി മറ്റൊന്നും തന്നെ മലയാള സാഹിത്യ ലോകത്തില്ലെന്ന് നിസ്സംശയം പറയാം എങ്ങും രണ്ടാമനായി മാത്രം കാണപ്പെടുന്ന ഭീമൻ മറ്റേത് പാണ്ഡവരേക്കാളും മനുഷ്യ ചോതനകൾ കാണിച്ചു കൊണ്ട് ഒരു പക്ഷെ മലയാളത്തിലെതന്നെ ഒരേ സമയം ഏറ്റവും സമ്പൂർണനും അപൂർണനും ആയ നായക കഥാപാത്രമായി രണ്ടാമൂഴത്തിൽ മലയാള സാഹിത്യത്തിന്റെ അത്യുന്നതങ്ങളിൽ ഒന്നാമനായി മാറുന്നു.

  രണ്ടാമൂഴം
By sikha rajeesh
ദ്വാരക മുങ്ങുന്നിടത്തു പറഞ്ഞു തുടങ്ങുന്ന മഹാഭാരത കഥ ,ഭീമന്റെ രണ്ടാമൂഴ കഥ ആണ് .ഭീമനെ നായകനാക്കിഭീമന്റെ കണ്ണിലൂടെമഹാഭാരതം പറയുമ്പോൾ , ദ്രൗപദിമുതൽ രാജ്യകാര്യങ്ങളിൽ വരെ രണ്ടാമൂഴ പദവി ആകേണ്ടി വന്നഭീമനെഎംടിഇതിൽ വരച്ചു കാണിക്കുന്നു .തന്നെ ജീവന് തുല്യംസ്നേഹിച്ചഭീമനെ കാണാതെഎന്നും അർജുനനെ മാത്രം സ്നേഹിച്ച ദ്രൗപദിയെ സൗർഗ്ഗാരോഹണ സമയത്തു പോലും പിന്തിരിഞ്ഞു വന്നു പരിചരിച്ചതുഭീമനായിരുന്നു . ഭീമ മഹാഭാരതം എന്ന് വേണമെങ്കിൽ പറയാവുന്ന രണ്ടാമൂഴം എംടി യുടെ എക്കാലത്തെയും മികച്ചകൃതികളിൽ ഒന്നാണ് . മലയാള സാഹിത്യത്തിന് ടി തന്നെ ഒരു മുതൽ കൂട്ടായ കൃതി എന്നും അതിന്റെ തനിമ നഷ്ടപ്പെടാതെ നിൽക്കുന്നു

  രണ്ടാമൂഴം എന്റെ വായന
By Dhanya Pillai
ഞാൻ വായിച്ച പുസ്തകങ്ങളിൽ ഏറേ ഇഷ്ടപ്പെട്ടത് രണ്ടാമൂഴം.ഏറ്റവും കൂടുതൽ ആവർത്തിച്ചു വായിച്ച പുസ്തകം രണ്ടാമൂഴം! രണ്ടാമൂഴം മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ ദൈവീകമായ പരിവേഷങ്ങളെല്ലാം അഴിച്ചുമാറ്റി സാധാരണ മാനുഷ്യകഥാപാത്രങ്ങളായി കണ്ടറിഞ്ഞ പുസ്തകം! ആളും ആരവവും ഇല്ലാതെ തന്റെ വിജയങ്ങൾ മായുന്നത് നിസ്സഹായനായി നോക്കി നിൽക്കുന്ന ഭീമൻ! വാക്കുകൾ കൊണ്ട് മുറിവേറ്റവൻ ഭീമസേനൻ!കൊടുങ്കാറ്റുകളുടെ ദേവനായ ഭഗവാനേ ഇവിടെ അങ്ങയുടെ മകനായ അഞ്ച് വയസുള്ള ഒരുണ്ണിയുണ്ട്.ഈ വരികളിൽ ആയിരുന്നു മഹാഭാരതത്തിലെ ഏറ്റവും വലിയ അനാഥത്വത്തിന്റെ വേദന ഞാൻ കണ്ടത്. വഴിയിൽ ഉപേക്ഷിച്ച സൗഗന്ധികപൂവിലൂടെ തന്റെ തിരിച്ചുകിട്ടാത്ത പ്രണയത്തെ നോക്കുന്ന ഭീമൻ....ആ സൗഗന്ധികപൂക്കളിലായിരുന്നു മഹാഭാരതത്തിലെ ഏറ്റവും മനോഹരമായ പ്രണയം ഞാൻ കണ്ടത്... ദുര്യോധനന്റെ തുടതകർത്തതിൽ ആയിരുന്നു ഏറ്റവും വലിയ ധീരത കണ്ടത്...ആ നിമിഷത്തിൽ ആയിരുന്നു ദ്രൗപദി ആദ്യമായി വിജയിച്ചത്.... നമ്മുക്കിനി ഭൂതകാലമില്ല .. ഓർമ്മകളും ഭൂതകാലവും മായ്ച്ചു കളഞ്ഞാൽ മനസ്സ് അചഞ്ചലമാകുന്നു.. സ്ഫടികശുദ്ധമാകുന്നു.. കർമ്മ ബന്ധങ്ങളുടെ നിസ്സാരത ഇതിനേക്കാൾ മനോഹരമായി എങ്ങനെ എഴുതും! അങ്ങനെ സ്നേഹവും, പ്രണയവും, വിരഹവും, ചതിയും, പ്രതികാരവും ഇത്രമേൽ അക്ഷരങ്ങൾ കൊണ്ട് കാണിച്ചു തന്ന വേറോരു പുസ്തകം ഇല്ല! രണ്ടാമൂഴക്കാരനേ ഒന്നാമനായി കാണിച്ചു തന്ന അക്ഷരങ്ങളുടെ മാന്ത്രിക വിദ്യ!ആധുനികതയും ഉത്തരാധുനികതയും കഴിഞ്ഞ് ആഗോളവൽക്കരണത്തിന്റെ വിവിധ തലങ്ങളിലാണ് ശ്രീ എംടിയുടെ എഴുത്തുകൾ.ആ എഴുത്തുകൾ എന്നും ആത്മാവിനോട് ചേർന്നു നിൽക്കുന്ന വായനാനുഭവം പകർന്നു നൽകുന്നു! എന്റെ വായനയെ ഞാൻ തന്നെ കാണുന്നത് രണ്ടാമൂഴത്തിനു മുന്പും ശേഷവും ആയി ആണ്! രണ്ടാമൂഴം കാലാതീതമായ ഒരു പുസ്തകം ആണ്! രണ്ടാമൂഴം അങ്ങനെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം

  ഭീമൻ കണ്ട ഭാരതം
By KEERTHANA K J
'ഭീമന് പെരുത്ത ശരീരം മാത്രമല്ല മനസ്സുമുണ്ട്.മഹാഭാരതഭീമൻ മനുഷ്യനാണ്.മാനുഷികമായ ദൗർബല്യങ്ങളും ശക്തികളുമെല്ലാമുള്ള ഒരാദിമ പ്രതിരൂപം.' - രണ്ടാമൂഴത്തിൻെറ ഫലശ്രുതിയിൽ തന്റെ ഭീമനെക്കുറിച്ച് എം.ടി ഇങ്ങനെ കുറിക്കുന്നു.           കേട്ടുപഴകിയ കഥകളിലെ അതികായനായ അതിമാനുഷനല്ല രണ്ടാമൂഴത്തിലെ ഭീമസേനൻ. ഒന്നാമനായിരിക്കാൻ കാരണങ്ങളേറെയുണ്ടായിട്ടും മന്ദനായി രണ്ടാമൂഴത്തിനു കാത്തുനിൽക്കേണ്ടി വന്നവനാണ്.യുദ്ധം ജയിച്ചെങ്കിലും ഒന്നും നേടാൻ കഴിയാത്ത നായകനാണ്. പ്രണയത്തിൽ പരാജിതനായവനാണ്‌. ഒരു രണ്ടാമൂഴക്കാരന്റെ കാഴ്ച്ചപ്പാടിലൂടെ മഹാഭാരതകഥക്ക് പുതിയ മാനങ്ങൾ നൽകുകയാണ് എഴുത്തുകാരൻ.             അറിഞ്ഞ കഥകളിലെ, കോരിത്തരിപ്പിച്ച ബിംബങ്ങൾക്കെല്ലാം ഉടവുതട്ടുന്ന അനുഭവമാണ് രണ്ടാമൂഴം സമ്മാനിക്കുന്നത്. ധർമ്മാനുഷ്ഠാനം ജീവിതചര്യയാക്കിയ യുധിഷ്ഠിരനും,ഉത്തമമാതൃത്വത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന കുന്തിയും,പഞ്ചപാണ്ഡവന്മാരുടെ ശ്രേഷ്ഠപത്നി ദ്രൗപദിയുമെല്ലാം, എം. ടി യുടെ തൂലികയിൽ പിറക്കുമ്പോൾ സ്വാർത്ഥതയുടെ പ്രതിരൂപങ്ങളാകുന്നു. അഭിമന്യുവിന്റെ മരണവേളയിൽ അതീവദുഃഖിതനായി, ആഘോഷങ്ങളൊഴിവാക്കാൻ ആജ്ഞാപിക്കുന്ന അതേ കൃഷ്ണൻ,ഘടോൽക്കചന്റെ മരണമാഘോഷിക്കുമ്പോൾ,സ്വന്തം ചോരയും കുടുംബവുമാകുമ്പോൾ ജീർണ്ണവസ്ത്രങ്ങളുടെ ഉപമ മറക്കുന്ന കേവലനായ ഒരു നാട്ടുരാജാവാകുന്നു. ഭാരതകഥയിലെ വർണവർഗ വേർതിരിവിൻെറ ആഴവും പരപ്പും രണ്ടാമൂഴം കാണിച്ചുതരുന്നുണ്ട് . അരക്കില്ലത്തിൽ വെന്തെരിഞ്ഞ കാട്ടാളത്തിയും മക്കളും,സൂതപുത്രനായതിന്റെ പേരിൽ പലവട്ടം അവസരം നിഷേധിക്കപ്പെട്ട്‌ അപമാനിതനായി മടങ്ങേണ്ടി വരുന്ന കർണ്ണനും,കാട്ടാളരുടെ സൗഹൃദം അവഗണനാർഹമായി കാണുന്ന ദ്രൗപദിയും,'ഘടോൽക്കചൻ ചത്തത് രണ്ടു നിലക്കും സൗകര്യ'മായെന്നു പറയുന്ന കൃഷ്ണനും,കാട്ടാളസ്ത്രീയായതിൻെറ പേരിൽ വനത്തിലുപേക്ഷിക്കപ്പെടുന്ന ഹിഡുംബിയും പറഞ്ഞു വെക്കുന്നത് ഇതിഹാസത്തിന്റെ ആഴങ്ങളിൽ വേരൂന്നിയ വർണവ്യവസ്ഥയെയാണ്. ദേവപുത്രന്മാരാണ് പഞ്ചപാണ്ഡവരെന്ന മിത്തിനെ പൊളിച്ചെഴുതുക കൂടി ചെയ്യുമ്പോൾ,പിൽക്കാലത്ത്‌ വരുന്നവർക്കായി കൃഷ്ണദ്വൈപായനൻ വിട്ടുവെച്ച അർത്ഥപൂർണ്ണമായ നിശബ്ദതകളിൽ എത്ര മനോഹരമായാണ് എഴുത്തുകാരൻ തന്റെ സ്വാതന്ത്ര്യം വിനിയോഗിച്ചിരിക്കുന്നതെന്നോർത്ത് അത്ഭുതപ്പെടുവാനായിരിക്കും രണ്ടാമൂഴത്തെ അറിഞ്ഞ ഓരോ വായനക്കാരന്റെയും നിയോഗം.

  The Epitome of emotions!
By JEFIN ABDUL JALEEL
The way the of portraying the character of bheema, is what it makes this work different from other works based on 'Mahabharatha'.A man who was always considered as the symbol of strength and courage, is seen confronting his own emotional dielemmas at various situations.The pain and feeling of rejection and and the way,how he was considered as the second person always, is shown throughout the novel in a really touching way.The novel also explores the love and sincerity of the character which isnarrated aesthitically.The way of narration makes it more attractive.This story also shows the pain of the unrecognized true love of bheema, towards draupathi.This masterpiece is a milestone in the Malayalam Literature

  രണ്ടാം പാണ്ഡവൻ
By Preetha Raj
രണ്ടാമൂഴം ധർമ്മിഷ്ഠനായ ജ്യേഷ്ഠനും വില്ലാളിവീരനും എല്ലാവരുടെയും കണ്ണിലുണ്ണിയുമായ അനുജനും ഇടയിൽ പൊണ്ണത്തടിയനും ഊശാം താടിക്കാരനുമായ ഭീമസേനൻ. ആ രണ്ടാം പാണ്ഡവന്റെ വീക്ഷണത്തിലൂടെ മഹാഭാരതം എന്ന ഇതിഹാസത്തെ നോക്കിക്കാണുമ്പോൾ ചില വിഗ്രഹങ്ങളൊക്കെ തകരുന്നില്ലേ മനസ്സിൽ? ഭീമസേനൻ എന്ന മകന്റെ, സഹോദരന്റെ, ഭർത്താവിന്റെ, അച്ഛന്റെ ചിന്തകളിലൂടെ മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രങ്ങളെ വെറും മനുഷ്യരായി നമുക്കു മുന്നിൽ നിർത്തുന്നു മഹാനായ കഥാകാരൻ. എല്ലായിടത്തും രണ്ടാമൂഴക്കാരനാവേണ്ടി വന്ന ബലവാനായ ഭീമസേനൻ. ദ്രൗപദി കൺമുന്നിൽ അപമാനിക്കപ്പെടുമ്പോൾ രക്തം തിളച്ചത് ഭീമനു മാത്രം. അർജ്ജുനനെ മാത്രം പ്രണയിച്ച ദ്രൗപദി. കഷ്ടപ്പെട്ട് തേടിക്കൊണ്ടു വന്ന കല്യാണ സൗഗന്ധികം നിസ്സാരമായി വാങ്ങി അർജ്ജുനൻ യാത്ര കഴിഞ്ഞെത്തിയ വിശേഷം പറയുന്ന പാഞ്ചാലി. ഭീമൻ യുദ്ധം ചെയ്തതും അവൾക്കു വേണ്ടി. യുദ്ധം കഴിഞ്ഞ് തനിക്ക് രാജ്യം വേണ്ട, വേണമെങ്കിൽ ഭീമസേനൻ രാജാവാകട്ടെ എന്ന് യുധിഷ്ഠിരൻ പറയുമ്പോൾ അരുതെന്ന് ഭീമനെ വിലക്കുന്നതും അതേ ദ്രൗപദി തന്നെ. രാക്ഷസ യുവതിയായ ഹിഡിംബിയിൽ പിറന്ന മകൻ ഘടോൽക്കചൻ യുദ്ധഭൂമിയിൽ മരിച്ചു വീണപ്പോൾ സ്വന്തം പാളയത്തിൽ ദുഃഖത്തിന് പകരം കർണ്ണന്റെ ദിവ്യായുധം പ്രയോഗിച്ച് കഴിഞ്ഞല്ലോ എന്ന ആശ്വാസവും ആഹ്ളാദവും. പിന്നീട് അഭിമന്യു മരിക്കുമ്പോൾ ദുഃഖവും രോഷവും നിറയുന്നു അതേ പാളയത്തിൽ. മഹാഭാരതം എന്ന ഇതിഹാസത്തിലെ വരികളിലും വരികൾക്കിടയിലും നിന്ന് പെറുക്കിയെടുത്ത അർത്ഥഗർഭമായ ചിപ്പികൾക്കുള്ളിലെ മുത്തുകൾ കൊണ്ട് എം.ടി.വാസുദേവൻ നായ മെനഞ്ഞെടുത്ത അത്ഭുത ഹാരമാണ് രണ്ടാമൂഴം. പ്രീത രാജ്

  മലയാളിക്ക് കിട്ടിയ രണ്ടാമൂഴം
By Anupama B S
കേരളംകണ്ട ഏറ്റവും മികച്ച എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ തന്റെ രണ്ടാമൂഴത്തിലൂടെ മലയാളികൾക്ക് മുമ്പിൽ അനാവരണം ചെയ്തത് മലയാളി കേട്ടുവളർന്ന മഹാഭാരതത്തിന്റെ വ്യത്യസ്ത വശമാണ്.തന്റെ ഈ കൃതിയിലൂടെ ഏതൊരാളിന്റെ മനസ്സിനും എം. ടി. നൽകുന്നത് യഥാർത്ഥത്തിൽ രണ്ടാം ഊഴം തന്നെയാണ്.മഹാഭാരതം ഭീമന്റെ കഥയാണെന്ന് രണ്ടാമൂഴം വായിച്ചതിനുശേഷം തോന്നിയാൽ അത് തെറ്റാണെന്നുപറയാൻ കഴിയില്ല.എന്തുകൊണ്ട് ഭീമനെ മുഖ്യകഥാപാത്രമാക്കി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം എം. ടി യുടെ കയ്യിൽ ഭദ്രമാണ്. തന്റെ വലിയ ശരീരം പോലെതന്നെ വലിയൊരു മനസ്സും ഭീമനുണ്ടായിരുന്നൂ.പക്ഷേ, എന്തുകൊണ്ടോ ഭീമന്റെ കഴിവിനും അദ്ദേഹത്തിന്റെ അർപ്പണബോധത്തിനും കളങ്കമില്ലാത്ത അദ്ദേഹത്തിന്റെ സ്നേഹത്തിനും അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.ഒരുപക്ഷേ,രണ്ടാമൂഴം വായിച്ച ഏതൊരു മനുഷ്യനും ഇഷ്ടകഥാപാത്രം ഭീമനായിമാറും.അങ്ങനെ മാറ്റിയെടുക്കാൻ സഹായിക്കുന്നത് മലയാളികളുടെ സ്വന്തം എം. ടി യുടെ ശക്തമായ ഭാഷയാണ്. ഒരുപാട് അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും ഭലമാണ് രണ്ടാമൂഴം.അതിനോടൊപ്പം എം. ടി യുടെ തൂലികയും ചേരുമ്പോൾ അത് മറ്റൊരു ഇതിഹാസമായി മാറുന്നു.മലയാളിക്ക് എന്നും ഓർക്കാവുന്ന ഒരു നിഘണ്ടു ആയിമാറുന്നു. നിരവധി മലയാള വാക്കുകളുടെ ഒരു സംഗമം തന്നെയാണ് രണ്ടാമൂഴം.മഹാഭാരതത്തിന്റെ ഭീമനോടും കേരളത്തിന്റെ എം. ടി.യോടും ഇഷ്ടംതോന്നാൻ രണ്ടാമൂഴം എന്ന കൃതി ധാരാളമാണ്.മഹാഭാരതത്തിലെ പല കഥാപാത്രങ്ങളെക്കുറിച്ചും അതുവരെ മലയാളി കരുതിയ കാര്യങ്ങൾ യഥാർത്ഥത്തിൽ അദ്ദേഹം മാറ്റിമറിക്കുകയായിരുന്നു. ഭീമനെന്ന കഥാപാത്രത്തോട് വായനക്കാരന് എന്തെങ്കിലും അടുപ്പം തോന്നുന്നുവെങ്കിൽ അത് എം. ടി യുടെ മാത്രം കഴിവാണ്.അത്ര മനോഹരമാണ് രണ്ടാമൂഴവും അതിലെ വാക്കുകളുടെ അടുക്കും.ഭീമന്റെ അറിയാക്കഥകൾ മലയാളികൾക്ക് മുമ്പിൽ വരച്ചുകാട്ടിയ രണ്ടാമൂഴം തികച്ചും ആസ്വാദ്യകരമാണ്.

  പച്ച മനുഷ്യനായി ഭീമൻ.......
By pradeep asramam
ദൈവികതയും ആസുരതയുമൊന്നുമില്ലാതെ പച്ച മാനവികതയുടെ പ്രതിരൂപമായി ഭീമൻ. മഹാഭാരത കഥയിൽ നിന്ന് വേറിട്ട് നാട്യങ്ങളില്ലാതെ, ഭീമന് നായകവേഷം കൊടുത്തിരിക്കുന്നു എംടി തൻ്റെ നോവലായ "രണ്ടാമൂഴത്തിലൂടെ ". ഒപ്പം, മഹാഭാരതത്തിലെ പൊട്ടോളം കാണുന്ന പല നക്ഷത്ര കഥാപാത്രങ്ങളെയും തൻ്റെ മനസ്സിൽ സ്ഫുടം ചെയ്തെടുത്ത് അവരെ നമ്മുടെ നെഞ്ചോട് ചേർത്ത് നിർത്തുന്നു, ഒട്ടും നിറക്കൂട്ടുകളില്ലാതെ. ഭീമൻ്റെ സാരഥിയായ വിശോകനും ബലന്ധരയുമൊക്കെ പ്രാധാന്യമുള്ള നടനും നടിയുമൊക്കെയാക്കുന്ന സാക്ഷ്യങ്ങൾ. മിത്തുകൾക്കും ഇതിഹാസങ്ങൾക്കുമൊക്കെ എപ്പോഴും പുത്തൻ മാനങ്ങൾ നൽകുന്ന എം ടി നോവലിൽ ഭീമസേനനെ വെറും പച്ച മനുഷ്യനായി വരച്ചിടുന്നു. കുന്തിയുടെ അഞ്ചു മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളു. എംടി തൻ്റെ കൃതി "രണ്ടാമൂഴം " എന്ന നോവലിലൂടെ ഭീമനെക്കൊണ്ട് ഓർമ്മകൾ ,അല്ല, ജീവിതം പറയിക്കുന്നു. കരുത്തനായ ഭീമന് കാനനകന്യകയായ ഹിഡിംബിയിലും രാജകുമാരിയായ ദ്രൗപദിയിലും പ്രണയമുണ്ട്. ഭീമൻ്റെ കരുത്തിന് കയ്യടി കിട്ടുമ്പോഴും അയാളുടെ ഉള്ളിലെ മനസ്സിന് പലപ്പോഴും ആരും മാർക്ക് ഇടുന്നില്ല. തൻ്റെ മകൻ ഘടോൽ ഘചൻ മരിച്ച് വീഴുമ്പോഴും അത് വാർത്തയാകുന്നില്ല. മറിച്ച് അർജ്ജുനപുത്രൻ അഭിമന്യു പത്മവ്യൂഹത്തിൽ പെട്ട് മരിക്കുന്നതാണ് വാർത്തയാവുന്നത്. രണ്ടാമൂഴക്കാരനായ തൻ്റെ മകനായതിനാലാണ് ഘടോൽഘചന് അഭിമന്യുവിൻ്റെ പിന്നിലാകേണ്ടി വന്നതെന്ന് ഭീമൻ പരിതപിക്കുന്നു. അതുപോലെയാണ് അയാളുടെ പിതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭം. അങ്ങനെ ഒരു ജന്മം മുഴുവൻ രണ്ടാമൂഴക്കാരനായി പോയ വേദന ഭീമനിൽ നിറഞ്ഞു നിൽക്കുന്നു. ഭീമൻ്റെ മനസ്സിൻ്റെ ആഴവും പരപ്പും അകവും പുറവുമൊക്കെ എംടി എത്ര ഭംഗിയായിട്ടാണ് വിവരിക്കുന്നത്. 1985-ലെ വയലാർ അവാർഡ് നേടിയ ഈ നോവൽ ഇന്നും മലയാള സാഹിത്യ രംഗത്ത് ആർജവശോഭയോടെ നിൽക്കുന്നു. എംടിയുടെ "ഒരു വടക്കൻ വീരഗാഥ " എന്ന സിനിമയിലെ ചന്തുവിൻ്റെ ഡയലോഗ് നമുക്ക് ഒന്ന് മാറ്റിപിടിക്കാം'' രണ്ടാമൂഴം എന്ന പുസ്തകത്തെ ഒരു പുസ്തകത്തിനും തോൽപ്പിക്കാനാവില്ല മക്കളെ ". ഈ പുസ്തകം ഞങ്ങൾക്ക് സമ്മാനിച്ച എംടി സാറിന് ഒരു ബിഗ് സല്യൂട്ട്.

  പരാജിതരുടെ വീരഗാഥ
By Swapna C Kombath
വിജയപരാജയങ്ങളുടെ കാഹളത്തിനും നിശ്ശബ്ദതക്കുമിടയിൽ നിസ്സഹായമായി പോകുന്ന മനുഷ്യമനസ്സ് ആവിഷ്കരിക്കുന്നതിനായി ഇതിഹാസകഥാപാത്രത്തെ കൂട്ടുപിടിച്ച എം ടി ഭാവനയാണ് രണ്ടാമൂഴം എന്ന ക്ലാസിക് കൃതി. സ്വർഗം പൂകാനായി ജിതേന്ദ്രിയരായ പാണ്ഡവർ യാത്രയാരംഭിക്കുന്നതോടെ രണ്ടാമൂഴവും ആരംഭിക്കുന്നു. പാണ്ഡവരിൽ രണ്ടാമനും അപൂർണ്ണനെന്ന് സ്വയം ഉത്തമബോധ്യവുമുള്ള ഭീമസേനനെന്ന പരാജിതനായ മകന്റെ ,കാമുകന്റെ, സഹോദരന്റെ ,ഭർത്താവിന്റെ, പിതാവിന്റെ ,യോദ്ധാവിന്റെ ചിതറിയ ചിന്തകളിലൂടെയുള്ള ഭാരതപര്യടനമാണ് രണ്ടാമൂഴം. ഭീമസേനനെന്നാൽ അമാനുഷികനാണെന്ന് മാത്രം ഉറപ്പിച്ചിരുന്ന നമ്മുടെ ചിന്തകളിലേക്ക് ജനനത്തിൽ മാത്രമല്ല അധ്യയനത്തിലും ദാമ്പത്യത്തിലും ജീവിതത്തിൽ തന്നെയും രണ്ടാമൂഴക്കാരനായ, പുരുഷത്വത്തിന്റെ സമസ്തഭാവങ്ങളിലും പരാജയത്തിന്റെയും അവഗണനയുടെയും കയ്പ് രുചിച്ച ഭീമനെ അവതരിപ്പിക്കുന്നതിൽ എം.ടി. വിജയിച്ചു.പരാജിതരായി മുദ്രകുത്തപ്പെട്ടവർ സഹൃദയർക്കിടയിൽ വിജയികളാകുന്ന രാസപരിണാമത്തിന്റെ സർഗാവിഷ്കാരം കൂടിയാണിത്. ഇതിഹാസത്തിന്റെ അന്ത:സത്തയെ തിരുത്തിക്കുറിക്കുന്ന ഭീമന്റെ ചോദ്യങ്ങളിലൂടെയും അവയ്ക്കു മുന്നിൽ പകയ്ക്കുന്ന പണ്ഡിതരുടെ ഉത്തരം മുട്ടുമ്പോഴുളള " മന്ദാ " വിളികളിലൂടെയും ഭീമൻ വായനക്കാരുടെ മുന്നിൽ വിജയിയായി മാറുന്നു. മലയാളത്തിലെ മഹാഭാരത പുനരാഖ്യാനങ്ങളിൽ പ്രമേയപരമായും ഘടനാപരമായും ഏറ്റവും ദൃഢമായ ഇതിവൃത്തമാണ് രണ്ടാമൂഴത്തിന്റേത് .പരാജിതനൊപ്പമുള്ള യാത്രയിലാണ് അവന്റെ നിശ്ശബ്ദത ,വിജയി അവൻ മാത്രമാണെന്നെ വിളംബരമാണെന്ന് അത്ഭുതത്തോടെ വായനക്കാർ തിരിച്ചറിയുന്നത്. അത്യാസക്തികൾ മുടിച്ച ഒരു കുലത്തിലെ ഏകാന്തപഥികൻ എന്ന നായകസങ്കല്പം മലയാളിക്ക് നവീനമായൊരു വായനാനുഭവമായി. മഹാഭാരതത്തിന്റെ വൈവിധ്യമുള്ള വായനയിലേക്കുള്ള പ്രവേശികയായി. പകരം വെക്കാനില്ലാത്ത ഒരു പ്രതിഭാസമെന്ന് വിശേഷിപ്പിക്കാവുന്ന കൃതി.

  വീരഗാഥയിൽ നിന്നും മനുഷ്യഗാഥയിലേക്ക്...
By SRUTHY K S
"കൃതികൾ മനുഷ്യകഥാനുഗായികൾ" എന്നാണ് കവിവചനം.ലോകത്തിലെ ഏറ്റവും വലിയ മനുഷ്യഗാഥയിലേക്ക് മലയാളത്തിന്റെ ആറാം തമ്പുരാന്റെ എത്തിനോട്ടം, ഒരു രണ്ടാമൂഴക്കാരനിലേക്ക് പച്ചമനുഷ്യനിലേക്ക്, ധർമ്മനീതിയെക്കാൾ യുദ്ധനീതിയെ പരിണയിച്ച സൗഗന്ധികപ്പൂവിലും കാട്ടുപുഷ്പത്തിലും ഒരേ പ്രണയം കണ്ട ഭീമൻ; അർജ്ജുനന്റെ ഗാണ്ഡീവത്തിനു മുന്നിൽ സമൂഹം സമ്മാനിച്ച രണ്ടാമൂഴം, പ്രണയത്തിന്റെ പേരിൽ ദ്രൗപതി കൽപിച്ച രണ്ടാമൂഴം, ധർമ്മരൂപത്തിൽ യുധിഷ്ഠിരൻ നൽകിയ രണ്ടാമൂഴം. ചതിയെരിഞ്ഞ അരക്കില്ലങ്ങൾ, ചോര വാർത്ത പെരുവിരലുകൾ, സ്നേഹത്തിനു വളം നിഷേധിച്ച കുലമഹിമകൾ, വിശക്കുന്നവനു കവിതയെന്ന പോലെ നൽകപ്പെട്ട ധർമ്മം, ഒടുവിലെല്ലാം തുടച്ചുമാച്ച സാഗരരശ്മികൾ... 'ഭാരതം' പരാജിതരുടെ ഗാഥയാണെന്ന് എം ടി ഉറപ്പിക്കുന്നു. ഭീമനിലൂടെ മാറ്റിനിർത്തപ്പെട്ട അനേകം കഥാപാത്രങ്ങളെ- വിശോകൻ,ബലന്ധര, ഹിഡിംബി- അനാവരണം ചെയ്തു കൊണ്ട് 'മഹാഭാരതം' പാണ്ഡവരുടെ മാത്രം കഥയല്ലെന്ന് എം ടി ഓർമ്മപ്പെടുത്തുന്നു. കൃഷ്ണനെ കേന്ദ്രബിന്ധുവാക്കുന്ന പതിപ്പുകൾ വിട്ട് ദ്വാരക എന്ന ചെറിയ നഗരം വളർത്തിയ 'മനുഷ്യ'നിലൂടെ ധർമ്മത്തിന്റെയും മനുഷ്യത്വത്തിന്റെയും സമാന്തരസങ്കൽപ്പങ്ങൾ അതിവിദഗ്ധമായി കോറിയിടപ്പെട്ടിരിക്കുന്നു. നഷ്ടങ്ങളുടെ കണക്കുകൾ തേടി ഭൂതകാലത്തിലേക്കുള്ള യാത്രയിൽ തിരിപൊലിഞ്ഞെരിഞ്ഞ ശിബിരങ്ങളും, മറ നീക്കിയ മാതൃത്വവും, കൊഴിഞ്ഞകന്ന സൗഗന്ധികപ്പൂക്കളും, വെൺകൽത്തറയിൽ വീണ പത്മരാഗക്കല്ലുകളും സാക്ഷികൾ...ഭാരതം ഭീമന്റെ കൂടി കഥയാണ്. അവന്റെ പ്രതികാരത്തിന്റെ, പ്രണയത്തിന്റെയും. അമാനുഷികതകളില്ലാതെ തന്നെ അവൻ വീരനാണ്...

  RANDAMOOZHAM -MAHABHARATA THROUGH THE EYES OF BHIMASENA
By Resmi Anil
The widely acclaimed classic of Malayalam by M T Vasudevan Nair, Randamoozham is the retelling of Mahabharata in the perspective of Bhimasena who is the second one in the Pandavas. This is what makes the whole story interesting. Being the second one Bhimasena is always given the second chance as the title of the novel suggests. But the irony being him the most powerful among the Pandavas. The other four brothers are always seen relying him in every stressful situation throughout the story. Everyone gives importance to Yudhishtira, him being the eldest one but not as powerful as Bhimasena. Among the five brothers, Bhimasena was the one who loved Draupadi the most but still she loved Yudhishtira the most. Through the powerful words of the author, we are able to see each scene of the novel before us. The plight of the central character has been elaborated efficiently by the author. Being focused on a rare perspective, Randamoozham is a must read for every literature lovers out there.

  രണ്ടാമൂഴം
By Jayakrishnan Satheesan
ജ്ഞാനപീഠജേതാവായ എം ടി വാസുദേവൻനായരുടെ മാസ്റ്റർ പീസ് ആയ കൃതിയാണ് രണ്ടാമൂഴം. 1984 ൽ പുറത്തിറങ്ങിയ ഈ പുസ്തകം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ്. അന്നുവരെ മഹാഭാരതം വായിച്ചവർ ആരും കണ്ടെത്താത്ത യുക്തിപരമായ പല നിരീക്ഷണങ്ങളും എം ടി ഭംഗിയായി അവതരിപ്പിച്ചു. ഇന്ത്യയിലും വിദേശത്തുമായി പല ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ട രണ്ടാമൂഴം 1985 ലെ വയലാർ അവാർഡിനും 1994 ലെ മുട്ടത്തുവർക്കി അവാർഡിനും അർഹമായി. മഹാഭാരതത്തിന്റെ സാമൂഹ്യ ,രാഷ്ട്രീയ സാംസ്‌കാരിക ,സാമ്പത്തിക പരിസരത്തെയും, അതിവിപുലമായ പടർപ്പുകളിലൂടെ മഹാഭാരതം സഞ്ചരിച്ച നാൾവഴികളെയും, തീക്ഷ്ണവും വൈവിധ്യപൂർണവുമായ സ്വഭാവ സവിശേഷതകളുള്ള കഥാപാത്രങ്ങളെയും ആധാരമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശദമായ പഠനങ്ങൾ നടന്നിട്ടുണ്ട്. അതിൽ നിന്നും വേറിട്ട ഒരു പ്രയാണമാണ് രണ്ടാമൂഴം. ഗദായുദ്ധത്തിലും മല്ലയുദ്ധത്തിലും വിദഗ്ധനായ ഒരു കേവല യോദ്ധാവായല്ല എം ടി ഭീമനെ കണ്ടത് . അയാളുടെ ആത്മവ്യഥകളെ തൊട്ടറിഞ്ഞു അവയെ സാർത്ഥകമായി സന്ദർഭാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തു. തന്റെ ബാല്യത്തിൽ സമാനതകളില്ലാത്ത ക്ലേശങ്ങൾ അനുഭവിച്ച, മന്ദൻ എന്ന് മുതിർന്നവരാൽ പരിഹസിക്കപ്പെട്ട , ഭീമനെ നമുക്ക് “രണ്ടാമൂഴത്തിൽ” കാണാം. ആചാരസംബന്ധമായ വിഷയങ്ങളിൽ യുധിഷ്ടിരനുശേഷവും ബാഹ്യ സൗന്ദര്യത്തിൽ അർജ്ജുനന്ശേഷവും രണ്ടാമനായി മാത്രം പരിഗണിക്കപ്പെട്ടതിന്റെ അപകർഷതാബോധവും ആ മുഖത്തു നിഴലിക്കുന്നു. താൻ കലർപ്പില്ലാത്ത സ്നേഹം പകർന്ന ദ്രൗപദിപോലും രണ്ടാമനായി പരിഗണിച്ചു ,അവർക്കുവേണ്ടി സൗഗന്ധികം തേടിപ്പോയി പരിഹാസ്യനായി. യുദ്ധത്തിന്റെ നെടുനായകത്വം വഹിച്ചിട്ടും ഒന്നും നേടാനാകാതെപോയ ഭീമൻ നഷ്ടങ്ങളുടെയും അവഗണനയുടെയും പ്രതീകമാണ്. മഹാപ്രസ്ഥാനത്തിന് ഇറങ്ങി പുറപ്പെട്ട എല്ലാവരും സ്വർഗ്ഗത്തിലെത്തികാണില്ലെന്നും മനുഷ്യസഹജമായ കാമക്രോധാദികൾ ഉദ്ദീപിപ്പിച്ച ഭാവതലങ്ങൾ സുസജ്ജനാക്കിയ ആ രണ്ടാമൂഴക്കാരൻ അവിടെയും വ്യത്യസ്തനായിരുന്നുവെന്നുമുള്ള നിരീക്ഷണം യുക്തിഭദ്രമാണ്, ശ്ലാഘനീയവുമാണ്. രണ്ടാമൂഴത്തിന്റെ ഭാഷാമേന്മയെപ്പറ്റി പരാമർശിക്കാതെ വയ്യ - "കടലിനു കറുത്ത നിറമായിരുന്നു,ആത്മാവുകളുപേക്ഷിക്കപ്പെട്ട ജീര്ണവസ്ത്രങ്ങൾ, എന്നിട്ടുമെന്തേ തണുത്തവായുവിന് താമരപ്പൂവിന്റെ ഗന്ധം " പോലുള്ള പ്രയോഗങ്ങൾ സന്ദർഭങ്ങൾക്ക് അനിർവചനീയമായ സൗന്ദര്യം പകരുന്നു. ഓരോ വായനയിലും പുതിയ അർത്ഥതലങ്ങൾ പ്രദാനം ചെയ്യുന്ന ഉൽകൃഷ്ടമായ ഗ്രൻഥം തന്നെയാണ് രണ്ടാമൂഴം.

  രണ്ടാമൂഴം - ഒരു ആരാധകന്റെ കുറിപ്പ്
By Abhiram MD
"കൊടുങ്കാറ്റുകളെ ചങ്ങലക്കിട്ട് നടക്കുന്ന ദേവാ.... ഇവിടെ ഞാനുണ്ട് അവിടുത്തെ മകനായ അഞ്ചു വയസ്സുള്ള ഒരുണ്ണി" MT വാസുദേവൻ നായരുടെ രണ്ടാമൂഴത്തിലെ ഈ വരികൾ ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്.വ്യാസ മഹാഭാരതം ഞാൻ ഇതുവരെ വായിച്ചിട്ടില്ല. കുട്ടിക്കാലത്തു അമ്മ മടിയിലിരുത്തി പറഞ്ഞു തന്ന കഥകളും ബാലരമയിലെ ചിത്രകഥയുമാണ് മഹാഭാരതം എന്ന ഇതിഹാസത്തെ കുറിച്ച് എനിക്കുള്ള ഓർമ്മകൾ. അന്നുമുതലേ ഭീമാകാരനും 1000 മദിച്ച ആനകളുടെ ശക്തിയും ഉള്ള ഭീമസേനൻ എന്ന കഥാപാത്രത്തോട് ഒരിഷ്ടക്കൂടുതൽ എനിക്ക് തോന്നിയിരുന്നു . പിന്നീട് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമൂഴം വായിക്കുന്നത്.ഭീമസേനനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള അവതരണം ആണെന്ന് കേട്ടപ്പോൾ തോന്നിയ ഒരു കൗതുകം മാത്രമായിരുന്നു രണ്ടാമൂഴം വായിക്കാനുള്ള പ്രേരണ.കുട്ടിക്കാലത്തു മനസ്സിൽ ഉണ്ടായിരുന്ന ആ വീരപരിവേഷം നിലനിർത്തിക്കൊണ്ട് തന്നെ ഭീമൻ എന്ന മനുഷ്യന്റെ പുതിയൊരു മുഖം ശ്രീ MT വാസുദേവൻ നായർ രണ്ടാമൂഴത്തിലൂടെ എനിക്ക് കാണിച്ചു തന്നു. വായിച്ച് കഴിഞ്ഞപ്പോഴേക്കും രണ്ടാമൂഴത്തിന്റെ, MT വാസുദേവൻ നായരുടെ, സർവ്വോപരി ഭീമസേനന്റെ ആരാധകനായി ഞാൻ മാറിക്കഴിഞ്ഞിരുന്നു ഭീഷ്മരെയും കർണനെയും വരെ വിറപ്പിച്ച, പാഞ്ചാലിയോടുള്ള പ്രണയത്തിൽ വീരസ്വർഗം വരെ ത്യജിച്ച, ഒന്നാമനാകാൻ അർഹത ഉണ്ടായിട്ടും എല്ലായിടത്തും രണ്ടാമൂഴത്തിന് വേണ്ടി കാത്തിരിക്കേണ്ടി വന്ന ഭീമസേനൻ ഇനിയൊരിക്കലും മായാത്തവിധം എന്റെ മനസ്സിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.നിങ്ങളും വായിക്കുക..... ഈ വീരചരിതം

  മലയാള സാഹിത്യ ചരിത്രത്തിലെ ഒന്നാമൂഴക്കാരൻ...
By Varadha Chundayil
ഇതിഹാസ കാവ്യമായ മഹാഭാരതത്തിലെ ഭീമൻ എന്ന കരുത്തുറ്റ കഥാപാത്രത്തെ നായകസ്ഥാനത്ത് നിലനിർത്തിക്കൊണ്ട് അവതരിപ്പിച്ച നോവലാണ് രണ്ടാമൂഴം.ഗദാധാരിയും ശക്തനും കരുത്തനുമായ ഭീമൻ എന്ന കഥാപാത്രത്തിന് ജീവിതത്തിൽ എന്നും രണ്ടാമൂഴകാരനായി കാത്തുനിൽക്കേണ്ടിവന്നു. ആജാനുബാഹുവായ ശരീരത്തിനുള്ളിൽ പവിത്രമായ ഒരു മനസ്സ് ഉണ്ടെന്നകാര്യം എല്ലാവരും വിസ്മരിച്ചു. പാഞ്ചാലിയെ ആത്മാർഥമായി പ്രണയിച്ച ഭീമൻ അവൾക്ക് വേണ്ടി എന്തും ചെയ്യുവാൻ തയ്യാറായി.കല്യാണസൗഗന്ധികം തേടിപ്പോയതും പാഞ്ചാലിയുടെ വസ്ത്രാക്ഷേപ സമയത്ത് മാറുപിളർന്ന് ചോര കൊണ്ട് മുടി കഴുകിയ സന്ദർഭങ്ങളിലെല്ലാം ഈ വസ്തുത മനസ്സിലാക്കാം. എന്നാൽ പാഞ്ചാലി എന്നും പ്രണയിച്ചത് അർജ്ജുനനെ മാത്രമായിരുന്നു.സ്വന്തം മകനായ ഘടോൽക്കചന്റെ മരണം പോലും അർജുനൻറെ മകനായ അഭിമന്യുവിന്റെ മരണ വാർത്തയിൽ സംസാരവിഷയം ആവാതെ പോവുമ്പോൾ നീറുന്ന പിതാവിന്റെ ഹൃദയം നോവലിൽ കാണാം.പലതരത്തിലുള്ള അവഗണനകൾ നേരിടുന്ന ഭീമന്റെ കഥാപാത്രം വായനക്ക് ഉള്ളുലക്കുന്നതാണ്.മഹാഭാരതം വായിക്കാത്തവർക്കും ഇതിഹാസത്തെക്കുറിച്ച് ധാരണ നൽകാൻ രണ്ടാംമൂഴം എന്ന നോവലിന് സാധിക്കും.ഓരോ സന്ദർഭവും ദൃശ്യാത്മകവും ആകർഷകവുമായാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്.വായിക്കുന്ന ഏതൊരാളുടേയും മനസ്സിൽ ഭീമൻ എന്ന കഥാപാത്രത്തെ പ്രതിഷ്ഠിക്കാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട് എന്നത് നിസ്സംശയം പറയാം...

  RANDAMOOZHAM
By FRANCIS PAUL
മഹാഭാരതം എന്ന ഇതിഹാസത്തെ ഭീമന്റെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന നോവലാണ് രണ്ടാമൂഴം. പേര് സൂചിപ്പിക്കുന്നത് പോലെ സഹോദരൻമാരായ അർജുനനും യുധിഷ്ഠിരനും പുറകിൽ രണ്ടാമനായി മാത്രം അറിയപ്പെട്ട ധീര യോദ്ധാവായ ഭീമന്റെ ജീവിതമാണ് രണ്ടാമൂഴം. താൻ മൂലം ലഭിച്ച എല്ലാനേട്ടങ്ങളുടെയും ഖ്യാതി അർജുനന് മാത്രമായി നൽകപ്പെട്ടപ്പോൾ എന്നും മൂകസാക്ഷിയായി നിൽക്കാൻ മാത്രമേ ഭീമനാകുന്നുള്ളു. പാണ്ഡവരുടെ ശക്തി ഭീമനാണെന്ന് MT ഈ നോവലിൽ പലതവണ അടയാളപ്പെടുത്തുന്നുണ്ട്. ക്ഷത്രിയ ധർമ്മവുമായി ബന്ധപ്പെട്ട ഭീമന്റെ കാഴ്ചപ്പാടുകൾ ജേഷ്ഠനായ യുധിഷ്ഠിരൻ്റെ തീരുമാനങ്ങളോട് പലപ്പോഴും യോജിച്ച് പോകുന്നില്ല എന്നതും ശ്രദ്ധേയമാണ്. യുധിഷ്ഠിരൻ്റെ തീരുമാനങ്ങളാണ് പാണ്ഡവരുടെ തകർച്ചയ്ക്ക് കാരണമെന്ന് MT ഭീമനിലൂടെ പറയുന്നു. "ശത്രുവിനോട് ദയകാട്ടരുത് " എന്ന വാചകം ഒരു മന്ത്രംപോലെ ഭീമൻ തന്നോട് തന്നെ പറയുന്നു. ശരീരത്തെ പോലെ മനസ്സിനേയും ശക്തിപ്പെടുത്തുകയാണവിടെ ഭീമൻ ചെയ്യുന്നത്. പാഞ്ചാലിയോടുള്ള തീവ്രമായ പ്രണയം ഒരുവശത്തുള്ളപ്പോൾ തന്നെ തന്റെ മറ്റ് ഭാര്യമാരായ ഹിഡുംഭിയോടും, ബലന്ധരയോടും താൻകാണിച്ചിട്ടുള്ള അവഗണനെയകുറിച്ചോർത്ത് പരിതപിക്കുന്ന ഭീമനെയും നമുക്ക് ഈ നോവലിൽ കാണാം.സഹോദരനെന്ന നിലയിൽ തന്റെ കുടുംബത്തെ സംരക്ഷിക്കുമ്പോഴും അച്ഛൻ എന്ന നിലയിലും ഭർത്താവ് എന്ന നിലയിലുമുള്ള തൻ്റെ പരാജയം ഭീമൻതന്നെ തുറന്ന്പറയുന്നു. സ്വന്തം മകൻ്റെ മരണം ആഘോഷിക്കപ്പടുമ്പോൾ നിസഹായനായി നോക്കിനിൽക്കാൻ മാത്രമേ ധീരയോദ്ധാവിനാകുന്നുള്ളു. കഥാപാത്രങ്ങളെ മാനുഷിക വികരങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് ചിത്രീകരിച്ചു എന്നതാണ് രണ്ടാമൂഴത്തെ വേറിട്ടുനിർത്തുന്നത്. കാലമെത്രകഴിഞ്ഞാലും രണ്ടാമൂഴം എന്ന നോവൽ ചർച്ചചെയ്യപ്പെട്ടുകൊണ്ടേയിരിക്കും.

  രണ്ടാമൂഴം
By Mrithula Vijayan
എം.ടിയുടെ രചനകളിൽ ഏറ്റവും പ്രിയപ്പെട്ടത്. മഹാഭാരതകഥ ആസ്പദമാക്കിയുള്ള മലയാളത്തിലെ പ്രശസ്ത നോവൽ. മഹാഭാരതത്തിൽ നിന്നു വ്യത്യസ്തമായി ഭീമസേനനു നായകസ്ഥാനം നൽകിക്കൊണ്ട് ഭീമന്റെ ആത്മസംഘർഷങ്ങളിലൂടെയും ചിന്തകളിലൂടെയുമെല്ലാം വൈകാരികമായി നമ്മെ സ്പർശിക്കുന്ന ആവിഷ്കാരം. മഹാപ്രസ്ഥാനം എന്ന സ്വർഗയാത്ര വരെ നീണ്ടുനിൽക്കുന്ന ഭീമസേനന്റെ ജീവിതയാത്ര വളരെ മനോഹരമായ ഭാഷയിൽ ലളിതമായി എം.ടി അവതരിപ്പിച്ചിരിക്കുന്നു. എന്നും എപ്പോഴും രണ്ടാമൂഴത്തിനായി കാത്തുനിൽക്കേണ്ടി വരുന്ന, യുധിഷ്ടരന്റെയും അർജുനന്റെയും കീഴിൽ നായക പദവി നഷ്ടപ്പെട്ട് ഒന്നുമല്ലാതായി തീരുന്ന ഭീമസേനൻ. അർജുനനേക്കാൾ പാഞ്ചാലിയെ പ്രണയിച്ച, പാഞ്ചാലിക്കുവേണ്ടി കല്യാണസൗഗന്ധിക പൂവ് തേടി പോകുന്ന, തന്റെ പത്നിയെ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശസനന്റെ മാറുപിളർക്കുന്ന ഭീമൻ... എന്നെന്നും വായുപുത്രനെന്ന് അഹങ്കരിച്ചിട്ടും, കരുത്തനായ മകനെ കിട്ടാൻ കാട്ടാളനെ പ്രാപിച്ചുവെന്ന കുന്തിയുടെ വാക്കുകളിൽ തകർന്നുപോകുന്ന ഭീമൻ... ഭാര്യയായ ഹിടുംബിയെ കാട്ടാളസ്ത്രീയെന്ന കാരണത്താൽ കാട്ടിലുപേക്ഷിക്കാൻ സ്വന്തം അമ്മയാൽ തന്നെ നിർബന്ധിതനാകുന്ന ഭീമൻ... മകനായ ഘടോൽക്കചൻ മരിച്ചതറിഞ്ഞ് കർണന്റെ ദിവ്യയുധം പ്രയോഗിച്ചത് ആഘോഷമാക്കുന്ന അർജുനനെയും കൃഷ്ണനെയുമെല്ലാം കണ്ട് ഒറ്റപ്പെടുന്ന ഭീമനെന്ന അച്ഛൻ... മഹാഭാരതകഥയിലെ ദൈവികത നിറയുന്ന ഓരോ കഥാപാത്രങ്ങളെയും സാധാരണ മനുഷ്യരായി ചിത്രീകരിച്ചിരിക്കുന്നു. പാണ്ഡവർ നേടിയ വിജയം പോലും ഒരു വിജയമല്ലാതാകുന്ന പൊളിച്ചെഴുത്ത്‌... വീണ്ടും വീണ്ടും വായിക്കാനിഷ്ടപ്പെടുന്ന എന്നെന്നും പ്രിയപ്പെട്ട പുസ്തകം രണ്ടാമൂഴം.

  ഭീമൻ പുനർജനിക്കുമ്പോൾ... 
By Shiney Manoj
മഹാഭാരതമെന്ന ബൃഹദാഖ്യാനം, പുനരാ  ഖ്യാനങ്ങൾക്കുള്ള വിശാലവാതായനം  തുറന്നുതരുന്നുണ്ട്.  വ്യത്യസ്തമായ സാഹചര്യങ്ങളുടേയും  കഥാപാത്രങ്ങളുടേയും  പുനരാഖ്യാനമായിരുന്നു  കുട്ടി കൃഷ്ണമാരാരുടെ  'ഭാരത  പര്യടന'മെങ്കിൽ, തികച്ചും  വ്യതിരിക്തവും  അനന്യവുമായി  മലയാള നോവൽ സാഹിത്യത്തിൽ പിറന്ന അപൂർവകൃതിയാണ് ‘രണ്ടാമുഴം'. എന്തുകൊണ്ട്  'രണ്ടാമൂഴം ' സവിശേഷമായ വിലയിരുത്തലുകൾക്ക് വിധേയമാകുന്നു എന്ന് പരിശോധിക്കുന്നിടത്താണ്  ആ  കൃതിയുടെ  അനന്യത  നമുക്ക്  വെളിവാകുന്നത്.  അതാലോചിക്കുമ്പോഴാണ്  എം.ടി എന്ന എഴുത്തുകാരൻ്റെ   ജീവിതവീക്ഷണത്തെ  നാം അടുത്തറിയുന്നത്. ഒരുപേക്ഷേ, എം.ടിയുടെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട കൃതിയും 'രണ്ടാമൂഴം' തന്നെയാകണം. ഇതിഹാസവായനയിൽ  സാധാരണക്കാരന്  അഗമ്യമായ  ജീവിതാസക്തികളേയും മാനസികവിചിന്തനങ്ങളേയും  മാനുഷികതയുടെ  തലത്തിൽ  നിർത്തി  വിശകലനം  ചെയ്തു  എന്നതുകൊണ്ടാണ്   എം.ടി യുടെ മാസ്റ്റർപീസ് എന്ന വിശേഷണം 'രണ്ടാമൂഴ'ത്തിന് ലഭിക്കുന്നത്.   കേന്ദ്രകഥാപാത്രമായി  ഭീമന് സ്ഥാനം   നല്കിയും, സൂതരും  മാഗധരും  പാടിനടന്ന  ഭാരതകഥാതന്തുവിനെ പതിരുകൾ  പാറ്റിക്കൊഴിച്ചെടുത്ത്  പുനരാഖ്യാനത്തിന് വിശാലമായ സാധ്യതകൾ കണ്ടെത്തുകയും  ചെയ്തു  എന്നിടത്താണ്  നോവൽ  സാർത്ഥകമാകുന്നത്.  പഞ്ചപാണ്ഡവരിൽ  എക്കാലവും  രണ്ടാമനായിപ്പോവുകയും  എന്നാൽ,  കൊണ്ടാടപ്പെട്ട ഒന്നാമനേക്കാൾ കരുത്തും കരുതലുമുള്ള ഭീമൻ തൻ്റെ രണ്ടാമൂഴത്തിലെ  വിചിത്രമായ  ജീവിതഗതി  ഓർമ്മിച്ചെടുക്കുകയാണ് നോവലിൽ. മഹാപ്രസ്ഥാനത്തിനിടെ തിരിഞ്ഞു നോക്കരുതെന്ന നിയമം തെറ്റിച്ച്, വീണുപോയ 'മുല്ലപ്പൂ സുഗന്ധ'ത്തെ മടിയിൽ കിടത്തി വിടപറയുന്ന  രണ്ടാമൂഴക്കാരന്, മരിക്കുമ്പോഴെങ്കിലും   ഊഴം തെറ്റിച്ച് പരിഗണിച്ചവളോടുള്ള   അടങ്ങാത്ത പ്രണയം മഹാമാന്ത്രികനെപ്പോലെ എം.ടി വരച്ചിടുന്നു. പരിപാവനമായി കല്പിച്ച കുന്തീപുത്രന്മാരുടെ പൈതൃകം  നാം  ഞെട്ടലോടെ തിരിച്ചറിയുന്നുണ്ട്. എം.ടി യുടെ മൂർച്ചയേറിയ  പ്രയോഗങ്ങൾ ഭീമൻ്റെതല്ലെന്ന് നോവൽ വായിക്കുന്ന  ആർക്കും  സംശയവുമുണ്ടാകുന്നില്ല.    നവീകരിക്കപ്പെടുന്ന  വായനാനുഭവം  നൽകുന്ന കൃതിയാണ്  'രണ്ടാമൂഴം' എന്നതത്രെ  ഈ  നോവലിൻ്റെ  മാന്ത്രികത!

  ഭീമൻ പുനർജനിക്കുമ്പോൾ... 
By Shiney Manoj
മഹാഭാരതമെന്ന ബൃഹദാഖ്യാനം,  പുനരാ  ഖ്യാനങ്ങൾക്കുള്ള വിശാലവാതായനം  തുറന്നുതരുന്നുണ്ട്.  വ്യത്യസ്തമായ സാഹചര്യങ്ങളുടേയും  കഥാപാത്രങ്ങളുടേയും  പുനരാഖ്യാനമായിരുന്നു  കുട്ടി കൃഷ്ണമാരാരുടെ  'ഭാരത  പര്യടന'മെങ്കിൽ, തികച്ചും  വ്യതിരിക്തവും  അനന്യവുമായി  മലയാള നോവൽ സാഹിത്യത്തിൽ പിറന്ന അപൂർവകൃതിയാണ് ‘രണ്ടാമുഴം'. എന്തുകൊണ്ട് 'രണ്ടാമൂഴം' സവിശേഷമായ വിലയിരുത്തലുകൾക്ക് വിധേയമാകുന്നു എന്ന് പരിശോധിക്കുന്നിടത്താണ്  ആ  കൃതിയുടെ  അനന്യത  നമുക്ക്  വെളിവാകുന്നത്.  അതാലോചിക്കുമ്പോഴാണ്  എം.ടി എന്ന എഴുത്തുകാരൻ്റെ   ജീവിതവീക്ഷണത്തെ  നാം അടുത്തറിയുന്നത്. ഒരുപേക്ഷേ, എം.ടിയുടെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട കൃതിയും 'രണ്ടാമൂഴം' തന്നെയാകണം. ഇതിഹാസവായനയിൽ  സാധാരണക്കാരന്  അഗമ്യമായ  ജീവിതാസക്തികളേയും മാനസികവിചിന്തനങ്ങളേയും  മാനുഷികതയുടെ  തലത്തിൽ  നിർത്തി  വിശകലനം  ചെയ്തു  എന്നതുകൊണ്ടാണ്   എം.ടി യുടെ മാസ്റ്റർപീസ് എന്ന വിശേഷണം 'രണ്ടാമൂഴ'ത്തിന് ലഭിക്കുന്നത്.   കേന്ദ്രകഥാപാത്രമായി  ഭീമന് സ്ഥാനം   നല്കിയും, സൂതരും  മാഗധരും  പാടിനടന്ന  ഭാരതകഥാതന്തുവിനെ പതിരുകൾ  പാറ്റിക്കൊഴിച്ചെടുത്ത്  പുനരാഖ്യാനത്തിന് വിശാലമായ സാധ്യതകൾ കണ്ടെത്തുകയും  ചെയ്തു  എന്നിടത്താണ്  നോവൽ  സാർത്ഥകമാകുന്നത്.  പഞ്ചപാണ്ഡവരിൽ  എക്കാലവും  രണ്ടാമനായിപ്പോവുകയും  എന്നാൽ,  കൊണ്ടാടപ്പെട്ട ഒന്നാമനേക്കാൾ കരുത്തും കരുതലുമുള്ള ഭീമൻ തൻ്റെ രണ്ടാമൂഴത്തിലെ  വിചിത്രമായ  ജീവിതഗതി  ഓർമ്മിച്ചെടുക്കുകയാണ് നോവലിൽ. മഹാപ്രസ്ഥാനത്തിനിടെ തിരിഞ്ഞു നോക്കരുതെന്ന നിയമം തെറ്റിച്ച്, വീണുപോയ 'മുല്ലപ്പൂ സുഗന്ധ'ത്തെ മടിയിൽ കിടത്തി വിടപറയുന്ന  രണ്ടാമൂഴക്കാരന്, മരിക്കുമ്പോഴെങ്കിലും   ഊഴം തെറ്റിച്ച് പരിഗണിച്ചവളോടുള്ള   അടങ്ങാത്ത പ്രണയം മഹാമാന്ത്രികനെപ്പോലെ എം.ടി വരച്ചിടുന്നു. പരിപാവനമായി കല്പിച്ച കുന്തീപുത്രന്മാരുടെ പൈതൃകം  നാം  ഞെട്ടലോടെ തിരിച്ചറിയുന്നുണ്ട്. എം.ടി യുടെ മൂർച്ചയേറിയ  പ്രയോഗങ്ങൾ ഭീമൻ്റെതല്ലെന്ന് നോവൽ വായിക്കുന്ന  ആർക്കും  സംശയവുമുണ്ടാകുന്നില്ല.    നവീകരിക്കപ്പെടുന്ന  വായനാനുഭവം  നൽകുന്ന കൃതിയാണ്  'രണ്ടാമൂഴം' എന്നതത്രെ  ഈ  നോവലിൻ്റെ  മാന്ത്രികത!

  randammoozham
By Mathew Abraham
good



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0