• Text
  • Text

SUSANNAYUDE GRANTHAPPURA

By : AJAI P MANGATTU



Book : SUSANNAYUDE GRANTHAPPURA
Author: AJAI P MANGATTU
Category : Novel
ISBN : 9788182679771
Binding : Normal
Publishing Date : 18-09-2019
Publisher : MATHRUBHUMI BOOKS
Edition : 1
Number of pages : 254
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹288.00 ₹320.00 10% off





Book Summary

അലി, സൂസന്ന, കാഫ്ക, ദസ്തയേവ്സ്കി , അഭി, ഫാത്വിമ, അമുദ, നീലകണ്ഠൻ പരമാര, റെയ്മണ്ട് കാർവർ, വെള്ളത്തൂവൽ ചന്ദ്രൻ, സരസ, വർക്കിച്ചേട്ടൻ, ആർതർ കോനൻ ഡോയൽ, കോട്ടയം പുഷ്പനാഥ്, ജയൻ, തണ്ടിയേക്കൻ, ബൊലാനോ, ജല, ആറുമുഖൻ, പരശു, ലുയിസ് കാരൽ, മേരിയമ്മ, ബോർഹസ്, പശുപതി, ജി. കെ. ചെസ്റ്റർട്ടൻ, കാർമേഘം, ജോസഫ്, പോൾ…. പുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും യാഥാർഥ്യവുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന വിസ്മയലോകത്തേക്കുള്ള ഭാവനാസഞ്ചാരമാണിത്. ഒപ്പം, സങ്കീർണമായ മനുഷ്യബന്ധങ്ങളിലൂടെയും മനസ്സിന്റെ ഇരുൾവഴികളിലൂടെയുമുള്ള അവസാനമില്ലാത്ത അന്വേഷണംകൂടിയാകുന്ന രചന. അജയ് പി. മങ്ങാട്ടിന്റെ ആദ്യ നോവൽ

WRITE A REVIEW

Product name: SUSANNAYUDE GRANTHAPPURA

Review title:



Your Ratings:

Your Message:




Book Reviews

  സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ പുസ്തകങ്ങൾ
By Jinish KG
പ്രസിദ്ധീകരിച്ചു മൂന്നു മാസത്തിനുള്ളിൽ പത്താം പതിപ്പ് പുറത്തിറങ്ങി വിസ്മയം സൃഷ്‌ടിച്ച നോവലാണ്പത്രപ്രവർത്തകനും,സാഹിത്യനിരൂപകനുമായ അജയ് പി മങ്ങാട്ടിന്റെ ആദ്യ നോവൽ സംരംഭമായ സൂസന്നയുടെ ഗ്രന്ഥപ്പുര.പുസ്തകലോകമാണ് ഈ നോവലിന്റെ മുഖ്യപ്രമേയം.വായനക്കാരുടെ ഇടപെടലില്ലാതെ പൂർത്തീകരിക്കപ്പെടാത്ത ഒരു കൃതി എന്ന് ഒരു മാധ്യമത്തിൽ ഈ പുസ്തകത്തെപ്പറ്റി സൂചിപ്പിച്ചുകണ്ടു.ഒരു പ്രശസ്ത നിരൂപകൻ നോവലിന്റെ വേഷം കെട്ടിയ പുസ്തകക്കുറിപ്പുകൾ എന്നാണ് ഈ നോവലിനെ വിമർശിച്ചുകണ്ടത്.നമ്മുടെ സാമൂഹിക മണ്ഡലങ്ങളിലെ നിരവധി വിചാരവ്യതിയാനങ്ങളോട് പേർത്തും പേർത്തും സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട് ഈ നോവൽ.ഒരു പക്ഷെ വായനക്കാർ ഈ പുസ്തകത്തെ ഏറ്റെടുത്തതിന്റെ ഒരു കാരണം അതാകാം. സൂസന്നയുടെ ഗ്രന്ഥപ്പുരയിലൂടെ കടന്നുപോകുന്ന എത്രയെത്ര എഴുത്തുകാരും പുസ്തകങ്ങളും ഉണ്ടിതിൽ.സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ അയ്യായിരത്തോളം പുസ്തകങ്ങളുണ്ടെന്നു സൂസന്ന തന്നെ നോവലിൽ ഒരിടത്തു പറയുന്നുണ്ട്. കൂടുതലും വിദേശ എഴുത്തുകാരനാണ് ഉള്ളത്. മലയാള പുസ്തകങ്ങളും ,എഴുത്തുകാരും പരിമിതപ്പെട്ടിരിക്കുന്നു. വിമർശന കുതുകികൾ ഉയർത്തിയ ഒന്നാന്തരമൊരു ആരോപണം ഇതായിരുന്നു. പുകൾപെറ്റ മലയാള എഴുത്തുകാരും,പുസ്തകങ്ങളും എവിടെയോ മറഞ്ഞു നിൽക്കുകയാണിതിൽ. എങ്കിലും ചിലയിടങ്ങളിൽ പാത്തുമ്മയുടെ ആടും ,കോട്ടയം പുഷ്‌പനാഥും,യു പി ജയരാജുമൊക്കെ ഒന്നെത്തിനോക്കി മറഞ്ഞു പോകുന്നുണ്ട് . നോവലിൽ നോവൽസൂചകങ്ങളും ,അതിലെ കഥാപാത്രങ്ങളുമൊക്കെ പ്രത്യക്ഷപ്പെടുന്നത് നോവലിന്റെ ഒഴുക്കിനെ ബാധിച്ചിട്ടില്ല എങ്കിൽ തന്നെയും ചിലയിടങ്ങളിൽ കഥാപാത്ര വർണ്ണന മുഴച്ചുക്കെട്ടുന്നപോലെ തോന്നുന്നുണ്ട്. വായനക്കാർക്ക് അവയിൽ ചിലതു പുതിയ അറിവാണെന്നുകൊണ്ടുമാത്രം അവർ ചിലപ്പോൾ ക്ഷമിച്ചേക്കാം.ഒരു കൗതുകത്തിന്റെ പേരിൽ ഈ പുസ്തകത്തിൽ കടന്നു വരുന്ന പുസ്തകകങ്ങളെ ഒന്നോർമിക്കാൻ ശ്രമിക്കുകയാണിവിടെ.; സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ ചില പുസ്തകങ്ങളെ. 1 . മെക്സിക്കൻ കവിയും ജേർണലിസ്റ്റുമായ ഇഫ്രയിൻ ഉർത്തർക്കുവേണ്ടി റോബർട്ടോ ബൊലാനോ എഴുതിയ കവിത മലയാളരൂപം പൂണ്ടു നോവലിന്റെ ആദ്യ ആദ്യത്തിൽ തന്നെ പ്രത്യക്ഷപ്പെടുന്നു. 2. സ്വന്തം മരണം എങ്ങനെ സംഭവിച്ചു എന്ന് വിവരിച്ചുകൊണ്ട് അലക്‌സാണ്ടർ പുഷ്‌കിൻ പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്. 3. പഞ്ചായത്തു മെമ്പറുടെ അവിഹിതം കഥാനായകൻ അബദ്ധത്തിൽ കണ്ടെന്ന കാരണം കൊണ്ട് മാത്രം ഒരു വായനശാലയിലെ അതും ഒരിക്കൽപോലും തുറക്കാത്ത അവിടുത്തെ പുസ്തകങ്ങൾ തനിച്ചുപയോഗിക്കാൻ കിട്ടിയ ആ മഹാവസരത്തിൽ ആദ്യമായെടുക്കുന്ന കോട്ടയം പുഷ്പനാഥിന്റെ ഭീതിയുടെ താഴ്വര എന്ന പുസ്തകം. 4.ആർതർ കൊനാൻ ഡോയലിന്റെ വാലി ഓഫ് ഫിയർ 5. ഡോയലിന്റെ ഹൌണ്ട് ഓഫ് ബാസ്കർവില്ല 6. അദ്ദേഹത്തിന്റെ തന്നെ എ സ്റ്റഡി ഇൻ സ്കാർലറ്റ് 7.ഷെർലക് ഹോംസിന്റെ അവസാന കഥയായ ദി ഫൈനൽ പ്രോബ്ലം 8. ഷെഹ്സാദിന്റെ ആയിരത്തൊന്നു രാവുകൾ 9. ഫിറാന്റയുടെ മൈ ബ്രില്ല്യന്റ് ഫ്രണ്ട് 10.ഡേവിഡ് ഗ്രോസ്സ്മാന്റെ ടു ദി എൻഡ് ഓഫ് ദി ലാൻഡ്. 11. എമിലി ഡിക്കൻസൺ സൂസന്നെഴുതിയ കത്തുകൾ- ഓപ്പൺ മി കെയർഫുള്ളി 12. രചയിതാവിന്റെ പേരെഴുതിയ പേജ് ചീന്തിപ്പോയ ഫ്രാൻസ് കാഫ്ക്കയുടെ മലയാള ജീവചരിത്രം. 13.ഫ്രാൻസ് കാഫ്കയുടെ ട്രയൽ 14.കാഫ്കയുടെ തന്നെ ദി മാൻ ഹൂ ഡിസപ്പിയേർഡ് 15. ആന്റൺ ചെഖോവിന്റെ നീണ്ട കഥ ദി സ്റ്റോറി ഓഫ് ആൻ അൺകനൗൺ മാൻ (നോവലിൽ തന്റെ പ്രിയകൃതിയാണിതെണെന്നാണ് സൂസന്ന പറയുന്നത്) 16.പരമേശ്വരൻ പരമാരയുടെ വിഷാദത്തിന്റെ ശരീരഘടന. 17.W.ജി സെയ്‌ബാൾഡിന്റെ ഇഡിയറ്റ് 18.ലൂയിസ് കരോളിന്റെ ആലീസെസ് അഡവഞ്ചേഴ്‌സ് ഇൻ വണ്ടർലാൻഡ് 19.അന്ന അഹ്മതോവയുടെ കവിതകളുടെ സമാഹാരം (മാധ്യമം ആഴ്ചപ്പതിപ്പിൽ ഈയിടെ ഇവരുടെ ഒരു കവിത തർജ്ജമ ചെയ്തു വന്നിരുന്നു) 20 .ദസ്തയേവസ്കിയുടെ കാരമസോവ് സഹോദരന്മാർ (നോവലിൽ സൂസന്ന കളിയായി പറയുന്നുണ്ട് , ഈ നോവൽ വായിച്ചാൽ കുടിക്കാത്തവനും കുടിക്കാൻ തോന്നുമെന്ന്‌) 21. ദസ്തയേവസ്കിയുടെ തന്നെ ക്രൈം ആൻഡ് പണിഷ്മെന്റ്.(ഒരാൾക്ക് ആത്മവിശ്വാസമോ ആശ്വാസമോ തരുന്ന ദസ്തയേവസ്കിയുടെ പുസ്തകമാണിതെന്നാണ് സൂസന്നയുടെ ഭാഷ്യം !) 22.പാബ്ലോ നെരൂദയുടെ വൺ ഹൺഡ്രഡ് ലവ് സോങ്‌സ് എന്ന കവിതകളുടെ മലയാള വിവർത്തനം -പ്രണയശതകം 23.നെരൂദയുടെ തന്നെ നിരവധി കാമുകികാമുകന്മാരെ ആകർഷിച്ച ട്വന്റി ലവ് പോയംസ് ആൻഡ് എ സോങ് ഓഫ് ഡിസ്പെയർ 24 .ഇറ്റാലോ കാൽവിനോയുടെ ഈഫ് ഓൺ എ വിന്റേഴ്സ് നൈറ്റ് എ ട്രാവലർ 25.ടാഗോറിന്റെ ഹോം ആൻഡ് ദി വേൾഡ് 26.ഗുസ്താവ് ഫ്ലോബേറിന്റെ പരാജയപ്പെട്ട ആദ്യ നോവൽ സൈന്റ്റ് അന്ത്വാ 27 .ഫ്ളോബറിന്റെ തന്നെ മാഡം ബോവറി 28.ബഷീറിന്റെ പാത്തുമ്മയുടെ ആട് 29.ഗൊയ്‌ഥെയുടെ നോവൽ ദി സോറോവ്സ്‌ ഓഫ് യങ് വെർതേർ 30.ആനന്ദിന്റെ ആൾകൂട്ടം 31.ആനന്ദിന്റെ തന്നെ അഭയാർത്ഥികൾ 32.ഷേക്സ്പിയറിന്റെ മാൿബെത് 33. ദസ്തയേവസ്കിയുടെ നോട്സ് ഫ്രം ദി ഹൌസ് ഓഫ് ഡെഡ് 34.അന്ന അഹ്‌മത്തോവയുടെ വൈറ്റ് ഫ്ലോക്‌സ് (ഇത് കവിയുടെ 28- ആം വയസിൽ പ്രസിദ്ധീകരിച്ചതാണെന്നാണ് പറയപ്പെടുന്നത്) 35.ബോറിസ് പാസ്റ്റർനാക്കിന്റെ ഡോക്ടർ ഷിവാഗോ 36.റിൽക്കെയുടെ തിരഞ്ഞെടുത്ത കവിതകൾ 37.വിക്ടർ ലീനസിന്റെ കഥകൾ 38.വിക്ടർ ലീനസിന്റെ തന്നെ സമുദ്ര പരിണാമം 39.പട്ടത്തുവിള കരുണാകരന്റെ കഥകൾ 40. ഷുസെ സരമാഗോയുടെ ദി ഡബിൾ 41.സാരമോഗോയുടെ തന്നെ സ്കൈലൈറ്റ് 42.കേശവദേവിന്റെ അധികാരം 43.റൂമിയുടെ കവിതകൾ 44.ഒടുവിലായി ചങ്ങമ്പുഴയുടെ ആദ്യകവിതയായ ഒടുക്കം എല്ലാ മനുഷ്യരും കഥകൾ ഇഷ്ടപ്പെടുന്നത് പരദൂഷണത്തിന്റെ രൂപത്തിലായിരിക്കും എന്ന് ഒരു കഥാപാത്രം തമാശയായി ഈ നോവലിൽ പറയുന്നുണ്ട് . നോവലിൽ ഒരിടത്തു സൂസന്ന ചോദിക്കുന്നുണ്ട്,കഥ എന്തുകൊണ്ടാണ് ഇത്ര ശക്തമായി നമ്മെ കെട്ടിവലിച്ചുകൊണ്ടുപോകുന്നത്? അതിനേക്കാൾ രസകരമായ കാര്യമൊന്നും ചില മനുഷ്യർക്കു ചെയ്യാൻ പറ്റാത്തത് എന്താകും എന്നൊക്കെ ? കഥയും വായനയുമൊന്നും ഒരു കാലത്തും അവസാനിക്കാത്ത ഒരു പ്രതിഭാസമായി നിൽക്കുന്നത് മേൽപ്പറഞ്ഞ സംഗതികളാണെന്നു നമ്മളെക്കൊണ്ട് പറയിപ്പിക്കാൻ സൂസന്നയ്ക്ക് കഴിയുന്നുണ്ട്. നോവലിൽ പരാമർശിക്കപ്പെടുന്ന പുസ്തകങ്ങളെക്കുറിച്ചും കഥാകൃത്തുക്കളെ കുറിച്ചുമുള്ള വിവരങ്ങൾ നോവലിസ്റ്റ് തരുന്നുണ്ട് എന്നു പറഞ്ഞല്ലോ.മുൻപ് സൂചിപ്പിച്ച പുഷ്കിന്റെ മരണവും ,ഷെഹ്സാദിന്റെ ആയിരത്തൊന്നു രാവുകളുടെ ഉൽഭവുമൊക്കെ ചില ഉദാഹരണം മാത്രം.അത്തരം പരാമർശങ്ങൾ വെറുതെയങ്ങു കടന്നുവരികയല്ല. നോവൽ സംഭവങ്ങൾ കടന്നു വരുമ്പോൾ അവ പ്രത്യക്ഷപ്പെടുകയും കഥാസന്ദർഭങ്ങൾക്കനുസരിച്ച് പൊരുത്തപ്പെടുകയും പിന്നീട് അപ്രത്യക്ഷമാകുകയുമാണ് ചെയ്‌യുന്നത് .ഒന്നും എഴുതാതെ എന്നാൽ ഒരിക്കൽ താനെഴുതാൻ പോകുന്ന ഒരു രചനയെ മാത്രം വിചാരിച്ചു ഒരു മനുഷ്യന് എത്ര വർഷം വേണമെങ്കിലും കഴിച്ചുകൂട്ടാമെന്നു ഒരു കഥാപാത്രം പ്രസ്താവിക്കുന്നുണ്ട്.വീണ്ടും വായിക്കുമ്പോൾ അത് എത്രമാത്രം വാസ്തവമായ സംഗതിയാന്നെന്നു നമുക്കു ബോധ്യപ്പെടും. എഴുത്തുകാരും എഴുതാൻ തീവ്രമായി ആഗ്രഹിക്കുന്നവരും ഒരുവളേ അത്തരമൊരു അവസ്ഥകളിലൂടെ എപ്പോഴെങ്കിലുമോക്കെ കടന്നുപോയിട്ടുണ്ടാകും.സൂസന്നയുടേത് അതിബൃഹത്തായ ഒരു ഗ്രന്ഥപ്പുരയാണ് .എന്നിട്ടും അതിലെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ല എന്നവർ പറയുന്നു. പക്ഷെ നോവൽ വായിച്ചു പുസ്തകം മടക്കുമ്പോൾ സൂസന്നയിൽ പ്രസ്താവിച്ച പുസ്തകങ്ങൾ എടുത്തു വായിക്കാൻ തോന്നുന്ന തരത്തിലുള്ള എന്തോ ഒന്ന് നമ്മളിൽ രൂപപ്പെടും , അത് തീർച്ചയാണ്

  സൂസന്നയുടെ ഗ്രന്ഥപ്പുര: വേറിട്ട വായനാനുഭവം
By Fasal Fayaz
എന്തിനാണ് ഞാൻ പുസ്തകങ്ങൾ വായിക്കുന്നത്..? ഒന്നിനു പുറകെ ഒന്നായി അത് തുടർന്നുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാവാം..?? പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിക്കാറുള്ള ചോദ്യമാണ് ഇത്. ഒരുപാടൊന്നും ചിന്തിക്കാതെ തന്നെ അതിനുള്ള ഉത്തരം ഉരുത്തിരിഞ്ഞു വരാറുണ്ട് : ' വായന എന്നെ പുതിയ ലോകങ്ങൾ കാണിക്കുന്നു.. പുതിയ മനുഷ്യരെ പരിചയപ്പെടുത്തുന്നു.. ഭാവനയുടെ മായികമായ ലോകത്തേക്ക് അതെന്നെ കൊണ്ടെത്തിക്കുന്നു ' അത്തരം ഒരു വായനാനുഭൂതിയാണ് 'സൂസന്നയുടെ ഗ്രന്ഥപ്പുര' സമ്മാനിക്കുന്നത്. ഒരു കാലഘട്ടത്തിലൂടെ സഞ്ചരിച്ച പ്രതീതി. ഒരുപാട് സൗഹൃദങ്ങൾ രുചിച്ചറിഞ്ഞ ആത്മസംതൃപ്തി. സാഹിത്യത്തെയും പുസ്തകങ്ങളെയും ജീവനുതുല്യം സ്നേഹിക്കുന്ന അലി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അവിടേക്ക് കടന്നു വരുന്ന മനുഷ്യരും അനുഭവങ്ങളുമായി കഥ മുന്നോട്ടു പോകുന്നു. ഒരുപാട് പുസ്തകങ്ങളും അതിന്റെ രചയിതാക്കളും പലയിടങ്ങളിലായി വന്നുപോവുന്നു മിഴിവും ആത്മാവുമുള്ള ഒരുപിടി കഥാപാത്രങ്ങളുടെ ജീവിതം തന്നെയാണ് കഥ.സൂസന്നയും, വെള്ളത്തൂവൽ ചന്ദ്രനും, നീലകണ്ഠൻ പരമാരയുമൊക്കെ ഉള്ളിൽ ചെറിയ ദുരൂഹത ബാക്കിവെക്കുന്നു. അമുദയും, ഫാത്തിമയും,കൃഷ്ണനും, ഇക്ബാലും ഒക്കെ വൈകാരികതയുടെ മറ്റൊരു തലത്തിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. എഴുത്തുകാരായ കാഫ്ക്കയും ദസ്തയേവസ്കിയും ഒക്കെ നോവലിൽ പലയിടങ്ങളിലായി മുഖം കാണിക്കുന്നുണ്ട്. എഴുത്തും കാലവും മാന്ത്രിക തീർക്കുന്ന വല്ലാത്ത അനുഭൂതി ഒളിപ്പിച്ചു വെക്കുന്നുണ്ട് നോവലുടനീളം. രണ്ടു മനുഷ്യർ തമ്മിലുള്ള ബന്ധത്തെ പ്രണയമെന്നോ സ്നേഹമെന്നോ കാമമെന്നോ പ്രത്യേകം പേരിട്ടു വിളിക്കേണ്ടതില്ല. ഇന്നും നിർവചിക്കപ്പെടാത്ത നിഗൂഢരഹസ്യമായി അത് നിലകൊള്ളുന്നു. അത്തരം മാനസികബന്ധങ്ങളെ നന്നായി തന്നെ വരച്ചുകാട്ടുന്നുണ്ട് കൃതി. മറയൂരും മൂന്നാറും കമ്പവും അവിടുത്തെ പച്ചയായ മനുഷ്യരും വായനക്കാരനെ വല്ലാതെ വിസ്മയിപ്പിക്കുന്നു. കഥ അവസാനിച്ചിട്ടും കഥാപാത്രങ്ങൾ നമ്മെ പിന്തുടരുന്നു എന്നതാണ് രചനയുടെ ഭംഗി. ചന്ദ്രനും സൂസന്നയും ഹൃദയത്തോട് ചേർന്ന് തന്നെ കിടക്കുന്നു. അമുദ ഉള്ളിൽ വല്ലാത്തൊരു നീറ്റൽ ബാക്കി വയ്ക്കുന്നുണ്ട്. അലിയിൽ നിന്ന് പുറത്തു കടക്കാനാവാത്തവിധം വലയുമ്പോൾ നമ്മളിൽ തന്നെ ആ തിരിച്ചറിവുണ്ടാകുന്നു ' അലി ഞാൻ തന്നെയാണ്..!! ' നോവൽ അവസാനിക്കുമ്പോൾ വായന എന്ന ശീലത്തെ നമ്മൾ വല്ലാതെ സ്നേഹിച്ചു പോവുന്നുണ്ട്. സാഹിത്യം പറയാനും ഒത്തിരി സ്നേഹിക്കാനും കൂടെ ഒരു അമുദ വേണമെന്ന് ആഗ്രഹിച്ചുപോവുന്നു. അഭിയേയും ചന്ദ്രനെയും സൂസന്നയെയും പോലുള്ള ഒരുപാട് സൗഹൃദങ്ങളെ കൊതിച്ചു പോവുന്നു. വായനയുടെ ലോകം തുറന്നിടുന്ന വിശാലമായ ആകാശത്തെ ചൂണ്ടികാണിക്കുന്നുണ്ട് നോവൽ. പുസ്തകങ്ങളെ സ്നേഹിക്കുന്ന,വായന ലഹരിയായിട്ടുള്ള ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകം. ഞാൻ എന്നെ തൊട്ടറിഞ്ഞ വായനാനുഭവം.

  ഒരു വായനക്കാരൻ്റെ നോവൽ
By Jeenia Thacharampath
അലിയുടെ കൂടെ, അവൻ്റെ വായനയിലൂടെയുള്ള ഒരു യാത്രയാണ് "സൂസന്നയുടെ ഗ്രന്ഥപ്പുര" എന്ന നോവൽ. വായനക്കാർ അലിയിലൂടെ കണ്ടെത്തുന്ന കുറേയധികം കഥാപാത്രങ്ങളുണ്ട്. അനന്യസാധാരണമായ പ്രാതിനിധ്യം ഈ കഥാപാത്രങ്ങളിൽ കാണാൻ സാധിക്കും. ഓരോ കഥാപാത്രത്തിനും തികച്ചും വ്യത്യസ്തമായ കഥകളുമുണ്ട്. അസ്വാഭികമെന്ന് സമൂഹം മുദ്രകുത്തിയ പല സ്വാഭാവികതകളേയും ഈ കഥകളിൽ മനോഹരമായി കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നു. കഥാപാത്രങ്ങളോളം തന്നെ പുസ്തകങ്ങളും എഴുത്തുകാരും ഈ നോവലിൻ്റെ ഭാഗമാകുന്നുണ്ട്. അജയ് പി മങ്ങാട് എന്ന വായനക്കാരൻ്റെ നിഴൽ നോവലിലുടനീളം കാണാം. ചിലയിടങ്ങളിലെങ്കിലും പുസ്തകങ്ങളേയും എഴുത്തുകാരേയും പറ്റിയുള്ള സൂചനകൾ കഥയേക്കാൾ എടുത്ത് നിൽക്കുന്നതായി തോന്നി. ഒരു പക്ഷേ, ഈ പുസ്തകങ്ങൾ അലിയെ അത്ര മാത്രം സ്വാധീനിച്ചതിനാലാകാം അങ്ങനെ. ഒരു പരീക്ഷണ കൃതി എന്ന് വിളിക്കാൻ സാധിക്കുമെങ്കിലും അതിഭാവുകത്വങ്ങൾ ഇല്ലാതെ മനുഷ്യ ജീവിതങ്ങൾ വിവിധ തലങ്ങളിൽ നിന്ന് ഒപ്പിയെടുക്കുന്നതിൽ "സൂസന്നയുടെ ഗ്രന്ഥപ്പുരക്ക്" വിജയിക്കുന്നുണ്ട്. കല്ലുകടിയില്ലാത്ത ഭാഷയും നോവലിൻ്റെ പുതുമയും എന്നെ ആകർഷിച്ചിട്ടുണ്ട്. ഒരു reading slumpലൂടെ കടന്നു പോകുമ്പോഴാണ് ഈ പുസ്തകം ഞാൻ വായിക്കാൻ ഇടയാകുന്നത്. ഒറ്റയിരിപ്പിന് തന്നെ വായിച്ചു തീർത്തു. എനിക്ക് വ്യക്തിപരമായി വളരെ നല്ല അനുഭവമായിരുന്നു ഈ നോവൽ വായന.

  പുസ്തകങ്ങളുടെ ലോകം
By SHILPA ALEX
പുസ്തകങ്ങളുടെ ലോകമാണ് സൂസന്നയുടെ ഗ്രന്ഥപ്പുര. പുസ്തകമന്വേഷിച്ചുള്ള ഒരു യാത്രയാണ് ഈ പുസ്തകത്തിന്‍റെ ആധാരം. സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളിലൂടെ നോവല്‍ പുരോഗമിക്കുന്നു. മനുഷ്യന്‍ എത്രത്തോളം ബലഹീനരും ദയനീയരുമായിപ്പോവുന്നു ചിലപ്പോഴൊക്കെയെന്ന് കഥാപാത്രങ്ങളുടെ പ്രതിസന്ധികളില്‍ നമുക്ക് തോന്നിപ്പോവും. മികച്ചൊരു വായനാനുഭവമാണ് സൂസന്നയുടെ ഗ്രന്ഥപ്പുര.

  അലിയോടൊപ്പം ഒരു യാത്ര
By Imthiyas Iqbal
അജയ് പി മാങ്ങാട്ടിന്റെ ആദ്യ നോവൽ എന്ന സവിശേഷത തന്നെ ആയിരുന്നു ഒരു വായനക്കാരാണെന്ന നിലയിൽ സുസന്നയുടെ ഗ്രന്തപ്പുരയിൽ എന്നെ കൊണ്ടെത്തിച്ചത് ...അലിയുടെയും അഭിയുടെയും സുസന്നയുടെയും ഫാത്തിമയുടെയും അമുദയുടെയും സാന്നിധ്യം ഒരു പുത്തനാനുഭവം തീർത്തപ്പോഴും ഒരു വായനക്കാരനെന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ ആഘര്ഷിച്ചത് അജയ് പി മാങ്ങാട് എന്ന നോവലിസ്റ്റ് ഒരു നോവലിസ്റ്റാവുന്നതിന് മുൻപ് അദ്ദേഹത്തെ സ്വാധീനിച്ച പുസ്തകങ്ങളെയും രചയിതാക്കളെയും നമുക്ക് പരിചയപെടുത്തിത്തരുന്നു എന്നുള്ള വസ്തുതയാണ്.. വായനാലോകത്തെ ഒരു പുതിയ അഡ്മിഷൻ എന്ന നിലയിൽ ഈ ലോകം എനിക്ക് ചുറ്റികാണിച്ചുതന്ന ഒരു മികച്ച സഞ്ചാരസഹായി ആയിരുന്നു സുസന്നയുടെ ഗ്രന്തപ്പുര..

  എഴുത്തുകാരന്റെ ഒരോര്‍മപ്പുസ്തകം
By Amrutha AS
അലി കടന്നുപോയ പുസ്തകങ്ങളും കൂട്ടുകൂടിയ മനുഷ്യരും കേട്ട കഥകളുമാണീ നോവല്‍ മുഴുവനും... ആ വഴികളാണ് അയാളെ എഴുത്തിലേക്കെത്തിക്കുന്നത്... ആ മനുഷ്യര്‍ നിറഞ്ഞു നില്‍ക്കുന്ന ഭൂതകാലമാണ് അയാളിലെ എഴുത്തുകാരനെ നിരാശകള്‍ക്കിടയിലും പിന്തിരിപ്പിക്കാതെ എഴുതിപ്പിക്കുന്നത്... സ്‌നേഹത്തിന്റെയും നിരാശയുടെയും മനോഹരങ്ങളായ വാക്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന നോവല്‍. അത് ഒരോര്‍മക്കുറിപ്പുപോലെ വായിച്ചുപോകാം, കരുതിവെയ്ക്കാം. പുസ്തകങ്ങളാല്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന നോവലിലെ മനുഷ്യര്‍ക്കിടയില്‍ ജലയും വെള്ളത്തൂവല്‍ ചന്ദ്രനും ഏറെ പ്രിയപ്പെട്ടവര്‍.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0