• Text
  • Text

9MM BARETTA

By : VINOD KRISHNA



Book : 9MM BARETTA
Author: VINOD KRISHNA
Category : Novel
ISBN : 9789356433168
Binding : Normal
Publishing Date : 24-09-2024
Publisher : DC BOOKS
Edition : 5
Number of pages : 496
Language : Malayalam
Paper Back

Publisher: DC BOOKS
₹470.00 ₹550.00 15% off





Book Summary

ഗാന്ധിവധക്കേസ് പശ്ചാത്തലത്തിൽ ഒരു രാഷ്ട്രീയ നോവൽ. ചരിത്രത്തിന്റെ പഴുതുകളിൽ ഫിക്ഷൻ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതൽ. സ്വതന്ത്രഭാരതത്തിലെ ആദ്യ ഭീകരവാദികളുടെ ജീവിതവും രാഷ്ട്രീയവും പുതിയ കാലവുമായി കൂട്ടിവായിക്കുന്ന നോവൽ. കാലാതീതമായ ചരിത്രസ്മരണകളിലൂടെയും പ്രണയത്തിലൂടെയും സാംസ്കാരികപ്രതീകങ്ങളിലൂടെയും സഞ്ചരിക്കുന്ന ഉദ്വേഗഭരിതമായ ആഖ്യാനം. സാമൂഹ്യ സ്മൃതിപഥം പേറുന്ന പുസ്തകം.

WRITE A REVIEW

Product name: 9MM BARETTA

Review title:



Your Ratings:

Your Message:




Book Reviews

  പാൻ ഇൻഡ്യൻ നോവൽ
By Anwar Hussain
രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ സജീവമായി ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് ഗാന്ധി വധം. ആ മഹാത്മാവിൻ്റെ ജീവൻ ഒടുക്കാൻ കാരണമായ ആളുകളെ വാഴ്ത്തുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഗാന്ധി വധത്തോടൊപ്പം സമകാലിക രാഷ്ട്രീയം കൂടി ചർച്ച ചെയ്യുന്ന നോവലാണ് വിനോദ് കൃഷ്ണയുടെ 9mm ബരേറ്റ. ഡി സി ബുക്ക്സ് ആണ് പ്രസാധകർ. അഞ്ഞൂറോളം പേജുകൾ ഉള്ള ഈ നോവൽ ആഖ്യാനം കൊണ്ടും ഭാഷാ മികവ് കൊണ്ടും ശ്രദ്ധേയമാണ്. എല്ലാ ഭാരതീയ ഭാഷകളിലും ഇംഗ്ലിഷിലും ഇതിൻ്റെ വിവർത്തനം വരേണ്ടതുണ്ട്. ഓരോ ഭാരതീയനിലും ഈ സന്ദേശം എത്തേണ്ടതുണ്ട്. 1948 ലെ കാലവും ഇന്നത്തെ കാലവും സമാന്തരമായി ഈ നോവലിൽ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ഗാന്ധി വധത്തിൻ്റെ ആസൂത്രകരായ നാരായൺ ആപ്തേ, നാഥുറാം ഗോഡ്സേ, കർക്കറേ തുടങ്ങിയവർക്കൊപ്പം സവർക്കറും കഥാപാത്രമാവുന്നു. വെറുപ്പിനെ സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പിക്കുന്ന, ട്രോളുകൾ വഴി തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുന്ന ഒരു പറ്റം പ്രൊഫഷനലുകൾ, അവർക്ക് നൽകപ്പെടുന്ന ഫണ്ടുകൾ, ദളിതരെ അവർ ഉപയോഗിക്കുന്ന വിധം ഇതൊക്കെ തികഞ്ഞ സൂക്ഷ്മ തയോടെ, ആഖ്യാന പാടവത്തോടെ നോവലിൽ വിളക്കിച്ചേർത്തിട്ടുണ്ട്. പ്രണയം കൂടി ചേരാതെ ജീവിതമില്ല. പല രാഷ്ട്രീയ നോവലുകളും പ്രസ്താവനകളുടെ തോരാമഴ പെയ്യിപ്പിക്കുമ്പോൾ 9mm ബെരേറ്റ വ്യത്യസ്തമാവുന്നു. പ്രണയവും രതിയുമൊക്കെ നോവലിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. ഒട്ടേറെ ജീവിതങ്ങളെ നോവലിസ്റ്റ് വരച്ചു കാട്ടുന്നുണ്ട്. അജ്മൽ എന്ന് പേരു മാറ്റപ്പെട്ട രാം ചമർ വല്ലാതെ നമ്മുടെ ഉള്ളുലക്കുന്നു. ദളിതരെ സ്ഫോടനങ്ങൾക്കും മറ്റും ഉപയോഗിക്കുന്നതിൻ്റെ നേർ ചിത്രം ഇതിലുണ്ട്. രാം ചമറിനെ ഉപയോഗശേഷം കൊന്നു തള്ളുകയാണ്. ഒട്ടേറെ കൊലപാതകങ്ങൾക്ക് ഞെട്ടലോടെ നാം സാക്ഷ്യം വഹിക്കും. നാടിൻ്റെ ഇന്നത്തെ അവസ്ഥയും അതിലേക്കെത്തിച്ചേർന്ന നാൾ വഴികളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങൾ നിർമ്മിക്കാനുദ്ദേശിക്കുന്ന സിനിമയുടെ പേര് അവർ വെളിപ്പെടുത്തുന്നു The Mahatma who Killed Gandhi ! ഈ കാലത്ത് ഇതിലപ്പുറം നാം കേൾക്കേണ്ടി വരും; കാണ്ടേണ്ടി വരും. ഗാന്ധി വധത്തിൻ്റെ പിന്നാമ്പുറങ്ങൾ, ഗൂഢാലോചന എന്നിവയൊക്കെ നന്നായി പഠിച്ചാണ് ഈ രചന പൂർത്തിയാക്കിയത്. ഹേ രാം എന്ന് പറഞ്ഞ് ഗാഡി രക്തസാക്ഷി ആയപ്പോ യാ അള്ളാഹ് എന്നു ഉരുവിട്ടാണ് ആബിയ എന്ന കാശ്മീരി പെൺകുട്ടി ഇതിൽ അന്ത്യശ്വാസം വലിക്കുന്നത്. ഓരോ ഭാരതീയനിലും ആ രക്തസാക്ഷിത്വം എന്നും പുകഞ്ഞുകൊണ്ടിരിക്കും. വായന 2023 # 49

  ഗാന്ധിവധത്തിലെ 9mm ബെരേറ്റ
By Aboo Machingal
ചരിത്ര വായനയുടെ ലക്ഷ്യം പോലെത്തന്നെ, അത്  നൽകുന്ന സാധ്യതകൾ അനവധിയാണ്. ആവർത്തിക്കപ്പെടാൻ ഇഷ്ടപ്പെടാത്ത ചരിത്രം മറ്റൊരു തരത്തിൽ ആവർത്തിക്കപ്പെടുകയാണെങ്കിൽ അതിൻ്റെ പരിസമാപ്തി എങ്ങനെയായിരിക്കും? ഒരിക്കൽ ദുരന്തപര്യവസായിയായിരുന്നത് രണ്ടാം വരവിൽ ശുഭാന്ത്യത്തിലെത്തുമോ? എത്തിയില്ലെങ്കിലും  അത്തരം പ്രതീക്ഷകൾ നിലനിർത്തുകയെങ്കിലും ചെയ്യുമെന്നാണ് മനുഷ്യരാശിയുടെ അനുഭവം.സ്ഥിതിവിവരക്കണക്കുകൾക്കനുസൃതമായി വാണിജ്യതീർപ്പുകൾ എടുക്കുന്ന ബഹുരാഷ്ട്രകമ്പനികളെപ്പോലെയോ അതിലേറെയോ ചരിത്രവായന മനുഷ്യരുടെ ജീവിതവുമായി ചേർത്തുവെച്ച് തീരുമാനങ്ങളിലെത്തുന്നതാണ് സാമൂഹ്യ ശാസ്ത്രരീതി. ആ ചരിത്രവായനയിൽ വായനക്കാരൻ്റെ വാമൊഴി, വരമൊഴി അനുഭവങ്ങളെല്ലാം അനുമാനനിർമിതിയിൽ സ്വാധീനിക്കപ്പെടാറുണ്ട്.  1948 ൽ നിന്നും  2014 ലെത്തി നിൽക്കുന്ന  ആധുനിക ഇന്ത്യയിലെ ഒരു വിഭാഗം  ജനങ്ങളുടെ മാനസിക സാമൂഹിക ചിന്താമണ്ഡലത്തെ രോഗഗ്രസ്തമാക്കിയിരിക്കുന്ന  പ്രത്യയശാസ്ത്രം ഭീകരസത്വമായി വാ പിളർത്തി നിൽക്കുന്ന ദശാസന്ധിയിൽ, ഈ ദുരവസ്ഥയുടെ നാൾവഴികളിലൂടെ കടന്നുപോവുന്നത് പ്രതീക്ഷാനിർഭരമായ ഭാവിയിലേക്കുള്ള കൈത്തിരിയാണ്.ജനാധിപത്യം,മതേതരത്വം, വൈവിധ്യം, പരിഗണന തുടങ്ങിയ ആധുനികവും പുരോഗമനാത്മകവുമായ എല്ലാ ആശയങ്ങളെയും നിഷ്കരുണം ഇല്ലായ്മ ചെയ്യപ്പെടുന്ന നവഇന്ത്യയുടെ ഭരണരാഷ്ട്രീയത്തിൻ്റെ പ്രത്യയശാസ്ത്ര അടിത്തറക്ക് 48 ലെ വധത്തിലേറെ പഴക്കമുണ്ട്. അപരവൽക്കരണത്തിൽ സായൂജ്യം കണ്ടെത്തുന്ന ചിന്താസരണി, സംശയലേശമന്യേ മുറുകെപ്പിടിച്ചിരുന്നവരായിരുന്നു ഹത്യാവിരുദ്ധ പോരാട്ടത്തിൻ്റെ സ്ഥാപകനെ 9 എം എം  ബെരേറ്റക്കിരയാക്കിയതെന്ന് എത്ര മറച്ചു പിടിച്ചാലും മുഴച്ചു നിൽക്കുന്ന ചരിത്രമാണ്. അപരവിദ്വേഷം ഒരു ആശയമായി സ്വീകരിച്ചവർക്ക് യുക്തി,കരുണ,ദയ തുടങ്ങിയ എല്ലാ മാനുഷികമൂല്യങ്ങളും സങ്കുചിതമായിരിക്കും. അവരുടെ യുക്തിയും കാരുണ്യവും സ്നേഹവും അവരോട് ചേർന്നു നിൽക്കുന്നവരോട് മാത്രവും ആപേക്ഷികവുമായിരിക്കുന്നതാണ് കണ്ടിട്ടുള്ളത്. ഗാന്ധി വധവും സമകാലിക ഇന്ത്യൻ അധികാര രാഷ്ട്രീയവും സമഗ്രമായി പ്രമേയമാകുന്ന ഉടനീളം ജിജ്ഞാസയും ഭയവും ഉൾച്ചേർന്ന നോവലാണ് വിനോദ് കൃഷ്ണയുടെ  9 എംഎം ബെരേറ്റ. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ ജനത സാക്ഷ്യം വഹിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ എല്ലാ ദ്വന്ദങ്ങളെയും വളരെ സൂക്ഷ്മമായി അടയാളപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ നോവലാഖ്യാനത്തിൻ്റെ സമഗ്രത. ട്രോൾ ആർമികളും വ്യാജ വാർത്തകളും വീഡിയോകളും എങ്ങനെയാണ് വെറുപ്പ് രാഷ്ട്രീയത്തിൻ്റെ പ്രചരണങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതെന്നും വെറുക്കപ്പെടേണ്ടവരെ എങ്ങനെയെല്ലാമാണ് ഇല്ലാതാക്കുന്നതെന്നും നോവൽ വികാസം പ്രാപിക്കുമ്പോൾ ചുരുളഴിയുന്നു.മുസ്ലിംകൾ,ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ,ബുദ്ധിജീവികൾ എന്നീ ശത്രുനിരയെ ഇല്ലാതാക്കാൻ ദളിതരെയടക്കം  ഉപയോഗപ്പെടുത്തുന്ന സംഘ്ടപരിവാർ തന്ത്രങ്ങൾ നോവലിൽ വരുന്നുണ്ട്.വി ഡി  സവർക്കറടക്കം ഗാന്ധിവധത്തിലെ ഗുഢാലോചനകളിൽ പങ്കാളിയായവർ, അതിന് നാഗ്പൂരിലും പൂനെയിലും മറ്റും നടന്ന തയ്യാറെടുപ്പുകൾ, ഗോഡ്സേയും നാരായൺ ആപ്തെയും നടത്തിയ പലതവണ പാളിപ്പോയ പദ്ധതികൾ എല്ലാം വിഷയമാകുന്ന നോവലാണ് 9 എംഎം ബെരേറ്റ.വിദേശരാഷ്ട്രങ്ങളിൽ നിന്നും വെറുപ്പ് വാഹകർ രാഷ്ട്രത്തിൽ തിരിച്ചെത്തി ഹിന്ദുത്വശക്തികൾക്ക് ഭരണത്തിന് സഹായകമാവുന്ന കാംപയിനുകൾ ആസൂത്രണം ചെയ്യുന്ന സമകാലിക ഇന്ത്യൻ സാഹചര്യവും സമാന്തരമായി കഥയിൽ വരുന്നുണ്ട്. കഥയുടെ ഒരു നിർണായകഘട്ടത്തിൽ ഗാന്ധിവധത്തിനുപയോഗിച്ച 9 എം എം  ബെരേറ്റ , ഇന്ത്യൻ ജനാധിപത്യ മതേതര മൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ട ഒരു കാശ്മീരി പെൺകുട്ടിയെ വെടിവെക്കാൻ നവ 'ഗാന്ധി ഘാതകർ ' ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ  മറ്റു ഭാഷകളിലും ഇംഗ്ലീഷിലും വായിക്കപ്പെടേണ്ട നോവലാണ്  9mm ബെരേറ്റ എന്നതിൽ രാഷ്ട്രത്തിൻ്റെ ഭാവിയിൽ ആശങ്കപ്പെടുന്ന ഓരോ മനുഷ്യർക്കും മറ്റൊരു പക്ഷമുണ്ടാവില്ല. ചരിത്രാഖ്യാനത്തിൻ്റെ സൂക്ഷ്മതയിലും  സമഗ്രതയിലും ക്രാഫ്റ്റ് ചെയ്യപ്പെട്ട നോവൽ, മതേതരത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന മനുഷ്യരെല്ലാം വായിച്ചിരിക്കേണ്ടതാണ്.ഇതിനകം വിവിധ പുരസ്കാരങ്ങൾക്കർഹനായ വിനോദ് കൃഷ്‌ണയുടെ ആദ്യ  നോവലാണ് 9  എം  എം ബെരേറ്റ. - അബൂബക്കർ ഒറ്റത്തറ

  തീക്ഷണം, അതി സുന്ദരം
By Javad PA
ചില എഴുത്തുകാരും അവരുടെ പുസ്തകങ്ങളും മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നതിൻ്റെ വഴികൾ നമുക്ക് അജ്ഞാതമായിരിക്കും. അത്തരമൊരു കൃതിയാണ് വിനോദ് കൃഷ്ണയുടെ "9 mm ബെരേറ്റ" സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകര പ്രവർത്തനമായിരുന്നു 1948 ജനുവരി 30 ന് ഡൽഹിയിലെ ബിർള ഹൗസിൽ വെച്ച് ഒരു രാജ്യത്തിൻ്റെ പ്രതീക്ഷയും പ്രത്യാശയും ആയിരുന്ന ഒരു വയോ വൃദ്ധൻ്റെ ശുഷ്കിച്ച ശരീരത്തിലേക്ക് നാഥുറാം വിനായക് ഗോഡ്സെ എന്ന ഭീകരവാദി നിറയൊഴിച്ചത്. അതായിരുന്നു ഗാന്ധി വധം. ഗാന്ധി വധത്തിൻ്റെ നാൾ വഴികളെ കൃത്യമായി ഒരു ഫിക്ഷൻ്റെ രൂപത്തിൽ ഗോഡ്സെയും നാരായൺ ആപ്തെയും മറ്റു കുറ്റവാളികളും കഥാ പാത്രങ്ങളായി വരുന്ന പിടിച്ചിരുത്തുന്ന ഒരു വായനാനുഭവമാണ് ഈ പുസ്തകം. കഥാകൃത്ത് കൃത്യമായി ചരിത്രത്തിൻ്റെ പശ്ചാത്തലത്തിൽ നിന്ന് അവയെ ഫിക്ഷൻ്റെ രൂപത്തിൽ പറയുമ്പോൾ തന്നെ ആധുനിക ഗോഡ്സെമാരെ തുറന്ന് കാണിക്കാനുള്ള ആർജവവും ഈ പുസ്തകത്തിൽ ഉണ്ടെന്നുള്ളതാണ് ഇതിൻ്റെ പ്രത്യേകത. ഗാന്ധിജി എന്നത് ഇന്ത്യയിലെ ഭൂരിപക്ഷം ജന വിഭാഗങ്ങൾക്കും ഒരു ഹിമ കണം പോലെ പരിശുദ്ധമായ ഒരു നാമമായി നില കൊള്ളുമ്പോൾ അദ്ദേഹത്തിൻ്റെ നാമവും ആശയങ്ങളും ചിന്തകളും ഉറക്കം കെടുത്തുന്ന ഒരു വിഭാഗം ഇന്നും ഇന്ത്യയിൽ ഉണ്ട്. ഇന്നത്തെ ഫാഷിസ്റ്റ് ഭരണ സംവിധാനം ഭരണം കയ്യാളാൻ വേണ്ടി നടത്തിയ ചില പ്രവർത്തനങ്ങളെ പേരും സ്ഥലവും ഒക്കെ മാറ്റി കൃത്യമായി അവതരിപ്പിക്കാനും ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ട്. നുണകളും വൈകാരികതയും ഇളക്കി വിട്ട് രാജ്യത്തിൻ്റെ അഖണ്ഡതയും ഐക്യവും തകർക്കാൻ ശ്രമിക്കുന്ന ചിദ്ര ശക്തികളെ ഒരു നോവൽ രൂപത്തിൽ സമൂഹത്തിലേക്ക് തുറന്ന് കാണിക്കാനും ഈ പുസ്തകത്തിനായിട്ടുണ്ട്. ഈ പുസ്തകത്തിൻ്റെ നാമം പ്രിയപ്പെട്ട ബാപ്പുവിനെ കൊല്ലാൻ ഉപയോഗിച്ച ആയുധത്തിൻ്റെ പേരാണ്. 1997 വരെ ഡൽഹിയിലെ നാഷണൽ ഗാന്ധി മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ആയുധം പിന്നീട് അവിടുന്ന് മാറ്റുകയുണ്ടായി. ഗാന്ധി എന്ന പേരും അദ്ദേഹത്തിൻ്റെ ഓർമ്മകൾ പോലും ചിലരെ അസ്വസ്ഥപ്പെടുത്തുന്നു എന്ന് നമുക്ക് ഈ പ്രവർത്തിയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു. അത് കൊണ്ട് ലോകം ഉള്ളിടത്തോളം കാലം ഗാന്ധിയും ആ മഹാനുഭാവൻ്റെ ഓർമ്മകളും വായിക്കപ്പെടുകയും നമ്മൾ കണ്ണുകൾ കൊണ്ട് കാണുകയും വേണം. അദ്ദേഹത്തെ വധിക്കാൻ ഉപയോഗിച്ച പിസ്‌റ്റൾ ഗാന്ധി മ്യൂസിയത്തിൽ നിന്ന് അവർക്ക് മാറ്റാൻ ആയെങ്കിൽ ഇനിയും ചില തിരുത്തലുകളും വെട്ടി മാറ്റലുകളും ഇനിയും സാധ്യമാണ്. പുസ്തകം ഒരു പാട് വായിക്കപ്പെടട്ടെ.... ചരിത്രങ്ങൾ യഥാർത്ഥ ചിത്രങ്ങളായി വരും തലമുറയും മനസ്സിലാക്കട്ടെ....


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0