• Text
  • Text

ERU

By : DEVADAS V M



Book : ERU
Author: DEVADAS V M
Category : Novel
ISBN : 9789354322891
Binding : Normal
Publishing Date : 09-08-2022
Publisher : DC BOOKS
Edition : 4
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹189.00 ₹210.00 10% off





Book Summary

കല്ലറയും കല്ലുളിയും ഉണ്ടായ കാലമാണ് ശിലായുഗം. കാരിരുമ്പിന് മുമ്പ് കല്ലുപോലെയാണ് മനം ഉറച്ചിരുന്നത്. ഏറ്റവും പഴക്കമുള്ള ആദിരൂപങ്ങളുടെ ആയുധവും കല്ലുതന്നെ. അധികാരവും വിമതത്വവും തമ്മിലുള്ള ഏറ്റുമുട്ടൽ ഒരു കാലത്ത് കല്ലിന്റെ പുറത്തായിരുന്നു. അധികാരത്തിന്റെ സമകാലീന സങ്കീർണ്ണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനംകൊണ്ട് പിടിച്ചെടുക്കാനാണ് ദേവദാസ് ശ്രമിക്കുന്നത്.

WRITE A REVIEW

Product name: ERU

Review title:



Your Ratings:

Your Message:




Book Reviews

  ഓർക്കാപുറത്തെ ഏറുകൾ
By fidha Ottakath
സ്വസ്ഥവും ശാന്തവുമായ ശ്രീധരൻ്റെ ജീവിത സായാഹ്നത്തെ അസ്വസ്ഥമാക്കാൻ വന്നു വീഴുന്ന കല്ലുകളുടെ പിന്നാമ്പുറ കഥകളിലേക്കാണ് ശ്രി ദേവദാസ് വി.എം വായനക്കാരനെ കൊണ്ടുപോവുന്നത്. പോലീസ് സെർവിസിൽ നിന്നും വിരമിച്ച ശ്രീധരൻറെ വീടിനുമുകളിൽ വന്നു വീഴുന്ന കല്ലുകളും അവയുടെ ഉറവിടം തേടി പോവുന്നതുമാണ് കഥ സംഗ്രഹം. ഓരോ ഏറുകളും പോയ കാലത്തിൻറെ ഓർമ്മപ്പെടുത്തൽ ആണെന് എഴുത്തുകാരൻ പറയാതെ പറയുന്നു. എത്ര തന്നെ ശ്രമിച്ചാലും ചില ഓർമ്മകൾ നമ്മെ വിട്ടു പോവില്ല പല രൂപത്തിലും ഭാവത്തിലും അവ വേട്ടയാടി കൊണ്ടിരിക്കും. കല്ലുകളുടെ രൂപത്തിലാണ് അവ കഥാനായകനെ പിന്തുടരുന്നത്. ഏറിൻറെ ഉറവിടം കണ്ടെത്തുവാൻ വേണ്ടി, ഓർക്കാൻ ആഗ്രഹിക്കാത്ത തൻ്റെ സർവീസ് ജീവിതത്തിലെ കൈപ്പിഴകളിലേക്ക് ശ്രീധരന് മടങ്ങേണ്ടി വരുന്നു. അതിന്റെ അസ്വസ്തഥ വായനക്കാരനിലേക്കും പകർന്നു നല്കാൻ എഴുത്തുകാരൻ സാധിക്കുന്നുണ്ട്. ലളിതമായ ഭാഷ പ്രയോഗം അനായാസമായ വായനാനുഭവം സമ്മാനിക്കുന്നു. ഉപരിതലത്തിൽ നിന്നുകൊണ്ടുള്ള ഒരു വായനക്കപ്പുറം ആഴങ്ങളിലേക്ക്‌ ഊളിയിട്ടിറങ്ങിയുള്ള ഒരു വായന ആവിശ്യപ്പെടുന്ന നോവൽ ആണ് ഏറ്. മറന്നു തുടങ്ങിയ പോയകാലം അദൃശ്യമായി തന്നെ പിന്തുടരുന്നുണ്ടെന്ന സൂചനയും എഴുത്തുകാരൻ പറഞ്ഞുവെക്കുന്നു

  എല്ലാത്തിനും കാരണമാകുന്ന ഏറ്
By Harikrishnan Thachadan
ഏറിൻ്റെ ഉൽഭവം പ്രപഞ്ചോൽപ്പത്തിയെ കുറിച്ചുള്ള നമ്മുടെ ഏറ്റവും ശക്തമായ സിദ്ധാന്തത്തിൽ നിന്നാണ് തുടങ്ങുന്നത്. ഒരു സ്പൂണിൽ കൊള്ളാവുന്ന വണ്ണം സാന്ദ്രമായ ദ്രവ്യം ഒരു പൊട്ടിത്തെറിയുടെ ഫലമായി സ്ഥലകാലങ്ങളെ നിർമ്മിച്ചു കൊണ്ട് എല്ലാ ദിക്കുകളിലേക്കും എറിയപ്പെടുകയുമുണ്ടായി.ഏറ് എന്ന പ്രതിഭാസം അങ്ങനെ സാർത്ഥകമാകുന്നു.പ്രപഞ്ചത്തിൻ്റെ തുടക്കത്തിൽ ആരംഭിച്ച ആ ഏറ് പലയിടത്തും ചെന്നു കൊള്ളുകയും എന്നാൽ ഇനിയും എവിടെയും കൊണ്ട് തീരാത്ത മട്ടിൽ പ്രയാണം തുടരുകയുമാണെന്നാണ് ശാസ്ത്രകാരന്മാർ പറയുന്നത്.ഏറിൻ്റെ ചരിത്രം അങ്ങനെ തുടങ്ങുന്നു.ജീവൻ്റെ ചരിത്രവും, വർത്തമാനവും ഏറിലാണ് കുടി കൊള്ളുന്നത്.അത് ഏതോ അജ്ഞാത സ്ഥലത്തിരുന്ന് ആരോ ഭൂമിയുടെ അന്തരീക്ഷത്തിലേക്കെറിഞ്ഞതിൽ നിന്നാണെന്ന് ഒരു കൂട്ടർ പറയുന്നു.അതിനെ ചൊല്ലിയുള്ള അനവധി കഥകൾ പിൽക്കാലത്ത് ഉരുത്തിരിഞ്ഞിട്ടുണ്ട്.ജീവൻ്റെ ഉൽപ്പത്തിയെ പറ്റിയുള്ള ഏറുകഥകൾ ഇങ്ങനെ തുടരുമ്പോഴും ഒരു അണ്ഡത്തിലേക്കുള്ള അനേകകോടി ബീജങ്ങളുടെ ഏറിൽ നിന്ന് കുറിക്ക് കൊള്ളുന്ന ഒന്നാണ് ഇപ്പോഴും നമ്മുടെ പിറവിയുടെ രഹസ്യം പേറുന്നത്.എറിയാത്തവരും കൊള്ളാത്തവരുമായി ആരുമില്ല.നിങ്ങളും ഞാനും സകല ചരാചരങ്ങളുമടങ്ങുന്ന അണ്ഡകടാഹവും ഒരു ഏറിൻ്റെ തുടർച്ചയാണ്. ഏറുകളുടെ ചരിത്രസംഗ്രഹമാണ് ദേവദാസ് വി.എംൻ്റെ 'ഏറ് ' എന്നു പേരായ നോവൽ.ശ്രീധരൻ നായർ എന്ന റിട്ടയഡ് സബ് ഇൻസ്പെക്ട്ടറുടെ പുരപ്പുറത്ത് ഒരു രാത്രി വന്ന് വീണു ഓടുപൊട്ടിക്കുന്ന കേവലം ഒരു ഏറിൽ നിന്ന് ചരിത്രം തുടങ്ങുന്നു.എന്തിനായിരിക്കാം എഴുത്തുകാരൻ ഒരു വിരമിച്ച പോലീസുകാരനെ കഥാപാത്രമാക്കിയിരിക്കുക? ഏറ്, ആധികാരത്തിൻ്റെയും അതിജീവനത്തിൻ്റെയും ഏറ്റവും പ്രാചീനമായ കല! ശിലായുഗ മനുഷ്യൻ കല്ലും, കൂർത്ത കല്ലു കെട്ടിയ കുന്തങ്ങളുമെറിഞ്ഞ് മൃഗങ്ങളെ നായാടി.അത് അർഹതയുള്ളവയുടെ അതിജീവനത്തിൻ്റെ ഏറായിരുന്നു.ഏറുകൊണ്ടവയും എറിഞ്ഞവരും കുറ്റിയറ്റു പോയി.ചിലർ അതിജീവിച്ചു.പിന്നീട് ഗോത്രങ്ങളായി പിരിഞ്ഞവർ കല്ലും കവണയും അമ്പും പരസ്പരമെറിഞ്ഞ് അധികാരം ഊട്ടിയുറപ്പിച്ചു.എറിയുന്ന യന്ത്രങ്ങളുടെ ശക്തിയിലാണ് മനുഷ്യരിപ്പോൾ രാഷ്ട്രങ്ങളുടെ അധികാരശേഷിയെ അളക്കുന്നത്.ഏറു യന്ത്രങ്ങളുമായി കാവൽ നിൽക്കുന്നവരാണ് നമ്മുടെ സമാധാനപൂർണമായ ജീവിതത്തിന് കാരണമെന്ന് അവർ പറയുന്നു.അന്യനെ എറിയാനായോ, ഏറിനെ തടുക്കാനായോ നിൽക്കുന്നവരുടെ ത്യാഗം ! അപ്പോൾ എന്തിനായിരിക്കും ഒരു വിരമിച്ച പോലീസുകാരൻ നായകനായിരിക്കുക? അധികാരത്തിൻ്റെ കൈയ്യിലെ ഏറ്റവും മൂർച്ചയേറിയ ഒരു കല്ലാണ് അയാൾ എന്നതു കൊണ്ടാകുമോ ? അതു വച്ച് ആരെയും എറിയാം.എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്താം.കൈവിട്ട കല്ലിനേക്കാൾ ഭയം ഉൽപാദിപ്പിക്കുന്നതാണല്ലോ ഉന്നം നോക്കി, ഇപ്പോൾ എറിയും എന്ന ഭീഷണി യിൽ പിടിച്ചിരിക്കുന്ന കല്ല്.ഭരണകൂടം നാട്ടിൽ നിന്ന് നല്ല കനവും ഉയരവും ഉറപ്പുമുള്ള കല്ലുകളെ പെറുക്കിയെടുത്ത് ചെത്തിക്കൂർപ്പിച്ച് മൂർച്ച കൂട്ടി അധികാരപ്രയോഗം എന്ന ഏറുകല പരിശീലിക്കുന്നു.ഉറപ്പു കുറയുന്ന കാലത്ത് എവിടെ നിന്ന് പെറുക്കിയോ അവിടെ തന്നെ ഉപേക്ഷിക്കുന്നു.ഇത്ര ലളിതമാണ് ശ്രീധരൻ നായർ എന്ന പോലീസുകാരൻ്റെ ജീവിതം.എന്നാൽ അയാളാൽ എറിയപ്പെടുന്ന അനേകം ജീവിതങ്ങളുടെ ബാഹുല്ല്യമാണ് നോവലിനെ അതിൻ്റെ തുച്ഛമായ പേജുകളുടെ എണ്ണവും കടന്ന് വളർത്തുന്നത്.എല്ലാ രാത്രികളിലും പുരപ്പുറം ലക്ഷ്യമാക്കി വരുന്ന ഏറുകൾ അയാളെ ഭൂതകാലം ചികയാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു.അങ്ങനെ വെളിവാകുന്ന കാലവും മനുഷ്യരും, ഏറുകളുടെ ചരിത്രവും, മിത്തുകളും, ഐതീഹ്യങ്ങളും വെളിപ്പെടുത്തി തരുന്നു. എന്നാലും ഒരു പോലീസുകാരൻ എപ്പോഴും കൗതുകമുള്ള ഒരു സമസ്യയാണ്.വിചിത്രമായ അനുഭവങ്ങളുടെ ഏറ് കൊള്ളാൻ വിധിക്കപ്പെട്ട ഒരേ സമയം അപകടകാരിയും സാധുവുമായ ഒരു പ്രാണിയാണയാൾ.സ്വയം നിർണയാധികാരമില്ലാത്ത ഒരു കല്ല്.ഏറാണ് അതിൻ്റെ ധർമ്മം.എന്നാൽ വിരമിച്ച പോലീസുകാരൻ എല്ലാവരേക്കാളും അധികം ഏറിനെ ഭയക്കുന്ന ഒരു ഭീരു ആകേണ്ടി വരുന്നു. മനുഷ്യർക്കുമേൽ അധികാരവും അതിൻ്റെ മൂർത്തരൂപമായ ഫാസിസവും ഏതുവിധം പ്രവർത്തിക്കുന്നു എന്നതിനെ ചൊല്ലിയുള്ള അഖ്യാനമായി ഏറ് എന്ന നോവൽ മാറുന്നത് അതിൻ്റെ അവസാന അദ്ധ്യായങ്ങളിലാണ്.അതുവരെയും തൻ്റെ പുരപ്പുറം ലക്ഷ്യമാക്കി വരുന്ന ഏറിൻ്റെ കാരണം തിരഞ്ഞു കൊണ്ടുള്ള അലച്ചിലാണ് ഇതിവൃത്തമാകുന്നത്.അവിടമാണെങ്കിൽ ഏറുകളുടെ ചരിത്രം കൊണ്ട് സമ്പുഷ്ടമാണ് താനും.പക്ഷെ സ്വന്തം സർവീസ് ചരിത്രം കുഴിച്ച് നിരാശനാകുന്ന മുറക്ക് അയാളുടെ അന്വേഷണങ്ങളുടെ ദിശ പലതായി പിരിയുന്നുണ്ട്.ഏറിൻ്റെ ഐതീഹ്യങ്ങൾക്ക് പിന്നാലെ പോയി ചാത്തൻ്റെ അമ്പലത്തിൽ ചെന്നു കയറുന്നതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോകുന്നത്.അത് നാടിനെ എറിഞ്ഞിളക്കുന്നു.തേനീച്ച കൂട്ടിൽ കല്ലു വീണതു പോലെ നാടിളക്കിയ കലാപമാകുന്നു.എന്നാൽ അതിനിടയിലും പുരപ്പുറത്ത് വീഴുന്ന കല്ലിൻ്റെ പിന്നിലെ കൈ തേടിയുള്ള ശാസ്ത്രത്തിൻ്റെ അന്വേഷണം അപ്പു എന്ന കഥാപാത്രം വഴി മുറക്ക് നടക്കുന്നുണ്ട്.എന്നാൽ എവിടെ നിന്നോ ഉറവിടമറിയാതെ വരുന്ന ഒരു ഏറിൽ നിന്ന് തുടങ്ങുന്ന, പരസ്പരമുള്ള ഏറുകളുടെ കൂട്ടപ്പൊരിച്ചിലിൽ അത് കണ്ടെത്തുന്ന കാരണം നിരർത്ഥകമാവുകയാണ്.അധികാരത്തിൻ്റെയും അതിജീവനത്തിൻ്റെയും അധാരമായ ഏറ്! പക്ഷെ പൂർവാപരബന്ധമില്ലാത്ത ഏറുകളുടെ തുടർച്ചയായി വരുന്ന ഫാസിസം എന്ന സർവ്വനാശത്തിലേക്ക് ചൂണ്ടി കൊണ്ടാണ് നോവൽ അവസാനിക്കുന്നത്. ഏറുകൾ ഏറെയൊക്കെ പരിണമിച്ചെങ്കിലും, അതിൻ്റെ പ്രഹരശേഷിക്ക് അഭൂതപൂർവ്വമായ വളർച്ച ഉണ്ടായെങ്കിലും അതിജീവനത്തിനായി ഏറ്റവും ഗതികെട്ട ജനത ഇന്നും ആശ്രയിക്കുന്നത് ഏറിനെ തന്നെയാണ്.അവരിപ്പോഴും കല്ലുകൾ പെറുക്കി അധികാരത്തിൻ്റെ പീരങ്കികളെ എറിയുന്നുണ്ട്.നമ്മൾ അതു കാണുന്നുണ്ടോ എന്നതാണ് പ്രസക്തമായ കാര്യം.ദേവദാസ് എന്ന എഴുത്തുകാരൻ ഈ നോവൽ എഴുതുകയായിരുന്നോ എന്നെനിക്ക് സംശയമുണ്ട്.അയാൾ ഈ നോവൽ നമ്മുടെ ഉള്ള് ലാക്കാക്കി എറിയുകയായിരുന്നു എന്ന് ഞാൻ കരുതുന്നു. ഹരികൃഷ്ണൻ തച്ചാടൻ.

  ഏറു കൊള്ളാത്തവരില്ല മനുഷ്യരിൽ
By Nichitha Pridunath
മനുഷ്യജീവിയെ ഭൂഗോളത്തിൻ്റെ അധികാരി എന്ന പദവിയിലേക്ക് എടുത്തെറിഞ്ഞത് കല്ലെന്ന ആയുധം കൊണ്ടുള്ള ആദ്യ ഏറു നൽകിയ ആക്കം തന്നയാണ്. അനേകായിരം തലമുറകൾക്കിപ്പുറവും ആയുധമെടുക്കേണ്ടി വന്നാൽ ആദിമ ചോദനയാൽ കൈ കല്ലിനു നേരേ നീളുന്നു. കല്ലിൻറ പരിഷ്കൃത രൂപങ്ങളാണല്ലോ വാക്കുകളും, ബോംബുകളുമടക്കമുള്ള എല്ലാ ആയുധങ്ങളും.അധികാരത്തിൻ്റെ പടച്ചട്ട പരിചയായുണ്ടായിരുന്നപ്പോ എറിഞ്ഞു പോയ കല്ലുകളാണോ ബൂമറാങ്ങുകൾ പോലെ തിരികയെത്തി മനസ്സമാധാനത്തിൻ്റെ ഓടുകൾ പൊട്ടിക്കുന്നതെന്നു തിരഞ്ഞ്, പരവശനായി ഭൂതകാലത്തിലേക്ക് പായുന്ന കാലൻ ശ്രീധരൻ നാമോരോരുത്തരുമാണ്.അയാളുടെ ഏറുകളെല്ലാം മുകളിൽ നിന്ന് താഴേക്കുള്ളവയായിരുന്നു. സർക്കാരിനു വേണ്ടി, സതം പറയുന്നവൻ്റെ വായടപ്പിക്കാൻ, മത വിശ്വാസത്തിൻ്റെ പേരിൽ പ്രതികാരം തീർക്കാൻ, മുതലാളിക്കു വേണ്ടി തൊഴിലാളിയെ ഒതുക്കാൻ, മകളെ പ്രേമിക്കുന്നുവെന്നു തോന്നുന്ന ചെറുപ്പക്കാരനെ തകർക്കാൻ അങ്ങനെയങ്ങനെ..... ഒരു സാധാരണ സർക്കാരുദ്യോഗസ്ഥൻ വിരമിക്കലിനു ശേഷം ചുരുണ്ടിരിക്കാനാഗ്രഹിക്കുന്ന സ്വസ്ഥമായ കുടുംബത്തിനകത്തേക്ക് പറന്നു വരുന്ന കല്ലുകളെ തടയാൻ വിശ്വാസത്തേയും ശാസ്ത്രത്തേയും ഒരു പോലെ കൂട്ടുപിടിക്കുമ്പോ, സൗകര്യം പോലെ വിശ്വാസങ്ങളിൽ വെള്ളം ചേർക്കുന്നവർക്കു തന്നെ നിസ്സാര കാര്യങ്ങൾക്കു വികാരം വ്രണപ്പെടുമ്പോ, അല്ല !എന്തിലാണ് മനുഷ്യനു വിശ്വാസം അല്ലെങ്കിൽ ആശ്വാസം എന്നു നാം അത്ഭുതം കൂറും. അതിനുള്ള ഉത്തരമാണ് ഈ നോവൽ. കല്ലുകൾ ഉരച്ചു മിനുസ്സപ്പെടുത്തുമ്പോ മൂർച്ഛ കൂടും പോലെ എങ്ങനെയൊക്കെ സംസ്കരിക്കാൻ ശ്രമിച്ചാലും മിനുങ്ങാതെ മെരുങ്ങാതെ പ്രാക്തനമായ ഗോത്ര ബോധത്തിലേക്ക് എളുപ്പം എടുത്തെറിയപ്പെടുന്ന ഒരു മൃഗം മാത്രമാണ് മനുഷ്യൻ.അവർ കൂട്ടം തിരിഞ്ഞെറിയും കൂട്ടത്തിലേക്കെറിയും ചാടി മറിഞ്ഞ് തുരുതുരാ എറിയും. ഏറോടേറോടേറി നിടയിലെവിടെയും ഒരു പെണ്ണേറ് കാണാനായില്ല എങ്കിലും ദേവദാസ് വി എം ൻ്റെ ഏറ് കുറിക്കുകൊണ്ടു. നിചിത പൃഥുനാഥ്

  ഏറുകാരുടെ രാഷ്ട്രീയം, കൊള്ളുന്നവന്റെയും
By Sreekanth Peringeth
കാലൻ ശ്രീധരൻ എന്നാണയാളുടെ വിളിപ്പേര്. കാലൻ എന്നത് അധികാര വാഴ്ച്ചയുടെ ദൈവസ്വരൂപവും അധികാര വേഴ്ച്ചയുടെ ദൈനംദിന വ്യവഹാര പദവുമാണല്ലോ! ഈയൊരു വൈരുധ്യം ശ്രീധരനിലും പ്രകടമാണ് .തന്റെ പോലീസ് ജീവിതത്തിൽ നല്ലൊരു കാലവും കൃത്യ നിർവഹണത്തിൽ ശ്രദ്ധിച്ച് റിട്ടയർ ആയ അയാൾ ഏതൊരു പോലീസുകാരനെ പോലെയും താനും ചില കണ്ണിറുക്കലുകൾ നടത്തിയിട്ടുണ്ട് എന്ന് സമ്മതിക്കുന്നുണ്ട് . ആ കണ്ണടക്കലുകളിൽ അടിയന്തിരാവസ്ഥയിൽ രാജന്റെ തിരോധാനം മായ്ച്ചു കളയുന്നതും ബാബരി മസ്ജിദ് തകർത്ത വേളയിൽ 'ക്രമസമാധാനം' നടപ്പിലാക്കി ഹസൈനാരുടെ മകളുടെ ജീവിതം തകർത്തത് പോലെ പലതുണ്ട് . ഇന്ത്യൻ രാഷ്ട്രീയത്തിലെ നാഴിക കല്ലുകളിലെല്ലാം അയാൾ കൃത്യമായി തന്റെ 'കടമ' നിർവഹിക്കുന്നത് കാണാം. ശ്രീധരൻ വ്യവസ്ഥിയുടെ ഇരയാകുമ്പോൾ തന്നെ ആന്റണിയുടെയും ഹസൈനാരുടെയും ഒക്കെ ജീവിതത്തിലെ വേട്ടക്കാരനുമാണ് അയാൾ. അധികാരം ഇന്ദ്രിയങ്ങളെ മയക്കിയ ഒരു ഭൂത കാലത്തിൽ നിന്നും അധികാരം ഒഴിഞ്ഞപ്പോൾ തന്നിലേക്കുള്ള ഏറുകളെ ചെറുക്കാനാവാത്ത ഭീരുവുമാണയാൾ . അധികാര വാഴ്ച-വേഴ്ച്ച , ഇര -വേട്ടക്കാരൻ, ഭൂതകാലം-വർത്തമാനകാലം , അധികാരി-ഭീരു എന്നീ പല ദ്വന്ദങ്ങളിൽ കുടുങ്ങി കിടക്കുകയും അതിൽ നിന്നും പുറത്തിറങ്ങാനാകാതെ ഏറിന്റെ അങ്ങേ തലയ്ക്കലെ കൈ ആരുടെന്നറിയാതെ ഉഴറുന്ന ഒരാൾ . ശ്രീധരൻ നമ്മളാരുമാകാം. ഈ ഒരു വൈരുദ്ധ്യ ജാലം മാർക്സ് പറഞ്ഞ പോലെ ‘And hasn’t the tree of sin been at the same time the tree of knowledge ever since the time of Adam?’


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0