• Text
  • Text

GHATHAKAN

By : K. R. MEERA



Book : GHATHAKAN
Author: K. R. MEERA
Category : Novel, April special, Women's writing
ISBN : 9789354329357
Binding : Normal
Publishing Date : 22-09-2025
Publisher : DC BOOKS
Edition : 9
Number of pages : 688
Language : Malayalam
Paper Back

Publisher: DC BOOKS
₹629.00 ₹699.00 10% off





Book Summary

സമകാലിക രാഷ്ട്രവ്യവഹാരത്തിലെ ഒരു നിർണായകസന്ദർഭത്തിലുള്ള തുടക്കവും ഘാതകനെത്തേടിയുള്ള സത്യപ്രിയയുടെ അപസർപ്പണവും വായനക്കാരെ സവിശേഷമായൊരു ചിഹ്നവ്യൂഹത്തിലേക്കു നയിക്കുന്നു. ഗാന്ധിനോട്ട് നിരോധനവും നഗരത്തിലെ രാഷ്ട്രീയക്കൊലയും വധോദ്യമങ്ങളും അച്ഛന്റെ മരണവുമെല്ലാമടങ്ങിയ ഈ ചിഹ്നവ്യൂഹം സത്യം, വ്യാജം, പ്രതിനിധാനം, മൂല്യം, മൂല്യശോഷണം, ഉന്മൂലനം തുടങ്ങിയ ഒട്ടേറെ സൂചകങ്ങളിലേക്കു കൊണ്ടുപോകുന്നു. വർത്തമാനകാലത്തിന്റെ അനുഭവത്തിലെയും ഭൂതകാലത്തിന്റെ ഓർമയിലെയും ആ ചിഹ്നലോകത്തു നടക്കുന്ന സത്യപ്രിയയുടെ 'ആരായിരുന്നു ഘാതകൻ, എന്തിനാണ് അയാൾ കൊല്ലാൻ ശ്രമിച്ചത്' എന്ന അന്വേഷണം അർഥത്തിനുവേണ്ടിയുള്ള തിരച്ചിലാണ്, മറ്റൊരുതരത്തിൽപ്പറഞ്ഞാൽ സത്യത്തിനുവേണ്ടിയുള്ള തിരച്ചിൽ.

WRITE A REVIEW

Product name: Ghathakan

Review title:



Your Ratings:

Your Message:




Book Reviews

  ഘാതകനിലേക്കുള്ള യാത്ര
By Jitha subhash Subhash
സമകാലിക കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പരിസരത്തു നിന്ന് കൊണ്ട് വായിക്കാൻ കഴിയുന്ന നോവൽ ആണ് കെ. ആർ. മീരയുടെ ഘാതകൻ. തന്റെ കൊലയാളിയെ അന്വേഷിക്കുന്ന സത്യ പ്രിയ എത്തുന്നത്സ്വ ന്തം ജീവിതത്തിലേക്ക് തന്നെ ആണ്. ഒരു വശത്ത് പണവും, അഭിമാനവും മറുവശത്ത് ലൈംഗികതയും അതിൽ അധിഷ്ഠിതമായ പ്രണയവും കടന്നു വരുന്നു. ഈ കാലത്ത് ഇത്തരം സംഭങ്ങൾ നിരന്തരം നമുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്നു. എപ്പോഴും നമുക്ക് ചുറ്റും ഉള്ളവർ ആയിരിക്കാം ഒരു പക്ഷെ നമ്മുടെ ശത്രു. ഇത്തരത്തിൽ ഏറെ സാമൂഹിക പ്രസക്തി ഉള്ള നോവൽ ആണ് ഘാതകൻ.

  ഘാതകൻ്റെ തടവറയിൽ നിന്ന്
By Rajani R R
ഘാതകൻ്റെ തടവറയിൽ നിന്ന് ....................................... വായനയിലെപ്പോഴെങ്കിലും നിങ്ങളുടെ ഹൃദയത്തിൽ അഗ്നിബാധിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ നിങ്ങളെങ്ങനെയാണ് വായനയുടെ രസമാസ്വദിക്കുക ? വാക്കിൻ്റെ മൂർച്ചയിൽ തട്ടി വീണ് രക്തം കിനിയുമ്പോൾ ഉയിർത്തെഴുന്നേൽപ്പിന് സഹായിക്കുന്ന രചയിതാവിൻ്റെ ഹാസ്യവിരലുകളുടെ തണുപ്പറിഞ്ഞിട്ടുണ്ടോ ? ഇല്ലെങ്കിൽ നിങ്ങളെങ്ങനെയാണ് വായനയുടെ ആഴങ്ങളറിയുക ? സങ്കൽപ്പങ്ങളുടെ ചിലന്തിവലയിൽ കുരുങ്ങി ചിന്തയ്ക്കും ബോധത്തിനും അനാഥത്വം അനുവദിച്ചു കൊടുത്ത് സ്രഷ്ടാവ് ദാനം നൽകിയ വർണ്ണ പരവതാനിയിൽ ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ നിങ്ങളെങ്ങനെയാണ് വായനയുടെ ഗന്ധമാസ്വദിക്കുക ? ഏതു നിമിഷവും കൺമുന്നിൽ ചാടി വീണ് തോക്കിൻകുഴലിലോ കത്തിമുനയിലോ ജീവൻ കൊരുത്തെടുക്കാൻ ശ്രമിക്കുന്ന ഘാതകനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ നിങ്ങളെങ്ങനെയാണ് ഉദ്വേഗമുഹൂർത്തങ്ങളിലെ ശാരീരിക തന്ത്രങ്ങളെക്കുറിച്ചറിയുക. കാര്യനിർവഹണ ശ്രമത്തിനിടയിൽ കൈപ്പിടിയിലായ ഘാതകനെ നോക്കി "അനിയാ ഇന്നെങ്കിലും വല്ലതും നടക്കുമോ?" എന്ന് ചോദിച്ചിട്ടുണ്ടോ ? ഇല്ലങ്കിൽ നിങ്ങളെങ്ങനെയാണ് ജീവിതത്തിലെ ഏറ്റവും നല്ല തമാശ പറയുക. മനസും ശരീരവും പെൺമയും ഗർഭപാത്രവും ഒന്നിച്ച് പുകഞ്ഞുനീറി നിലവിളിക്കുമ്പോഴും കണ്ണു നിറയാതെ കവിത കൊണ്ട് പരിഹാരം കാണുന്ന വസന്തലക്ഷ്മിയെക്കുറിച്ച് നിങ്ങൾക്കറിയുമോ ? ഇല്ലെങ്കിൽ നിങ്ങളെങ്ങനെയാണ് കരുത്തിൻ്റെ പ്രതിരൂപത്തിൽ കൊത്തിയെടുത്ത തർക്കുത്തരങ്ങളെ വ്യാഖ്യാനിക്കുക . ഇരുട്ടും വെളിച്ചവും വന്നു പോയതറിയാതെ മുറിയിൽ തനിച്ചിരുന്ന് നിങ്ങൾ വായനയുടെ വല്മീകത്തിൽ തപസിരുന്നിട്ടുണ്ടോ ? ഇല്ലെങ്കിൽ നിങ്ങളെങ്ങനെയാണ് എഴുത്തുകാരൻ്റെ ഉള്ളുരുക്കങ്ങളും വായനക്കാരൻ്റെ തന്മയീഭാവവുമറിയുക. (കടപ്പാട് - മീരാജിക്ക് ,സത്യപ്രിയക്ക് ,വസന്തലക്ഷ്മിക്ക് പിന്നെ ഘാതകനും - രജനി ആത്മജ )

  പൊള്ളിക്കുന്ന ഘാതകാനുഭവം
By Vipin Parameswaran
തന്റെ തന്നെ ജീവിതാംശം ഏറ്റവും കൂടുതലുള്ള പുസ്തകം എന്നാണ് കെ.ആർ.മീര 'ഘാതകനെ' കുറിച്ച് അഭിപ്രായപ്പെട്ടത്. "നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കഷ്ടം..." വായന തുടങ്ങുന്നത് ഈ വരിയിൽ നിന്നാണ്. തുടക്കം തന്നെ വായനക്കാരനെ ഈ വരി ഞെട്ടിക്കുന്നുണ്ട്. ഏറെ സമയമെടുത്താണ് വായന ഞാൻ പൂർത്തിയാക്കിയത്. എന്നെ ഞെട്ടിക്കുക മാത്രമല്ല, ശ്വാസം മുട്ടിക്കുക കൂടിയായിരുന്നു 'ഘാതകൻ'. വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട അനുഭവത്തിന്റെ പൊള്ളലിൽ സത്യപ്രിയ തന്റെ ഘാതകനെ അന്വേഷിച്ചിറങ്ങുന്നു. വളരെ താല്പര്യം ജനിപ്പിക്കുന്ന സംഭാഷണങ്ങൾ കൊണ്ട് സമ്പന്നമാണ് നോവൽ. സത്യപ്രിയയും അവരുടെ അമ്മയും തമ്മിലുളള സംഭാഷണ ശകലങ്ങൾ ഏറെ കൗതുകം ജനിപ്പിക്കുന്നതാണ്. നോവൽ ഒരു കാലഘട്ടത്തിന്റെ പ്രതിച്ഛായ കാണിച്ചു തരുന്നുണ്ട്. സത്യപ്രഭയുടെ അനേഷണങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോൾ നാം കടന്നുപോകുന്നത് നോട്ടുനിരോധനം തൊട്ടുള്ള സംഭവങ്ങളിലൂടെ ആണ്. നോവലിൽ എങ്ങും നോട്ടുനിരോധനവും അതിനെ തുടർന്ന് സമകാലിക ഇന്ത്യ നേരിടുന്ന സംഭവവികാസങ്ങളും ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. രാഷ്ട്രീയം, പൗരത്വം, മത-ജാതി വിഭാഗീയത തുടങ്ങി സമകാലിക ഭാരതം നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങളിലേക്ക് നോവൽ ശ്രദ്ധ ക്ഷണിക്കുന്നു. സത്യപ്രിയയുടെ അന്വേഷണം ഇന്ത്യൻ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നേർചിത്രം വരച്ചുകാണിക്കുന്നു. ഘാതകൻ കേവലമൊരു കൊലയാളിയെ പറ്റിയല്ല, കൊല ചെയ്യപ്പെട്ട ഇനിയും കൊല ചെയ്യപ്പെടാൻ പോകുന്നവരെ പറ്റി കൂടിയാണ്. സത്യപ്രിയ തന്റെ കൊലയാളിയെ അന്വേഷിച്ചിറങ്ങുമ്പോൾ വെളിവാകുന്നത് പച്ചയായ ജീവിത യാഥാർഥ്യങ്ങളാണ്, അവർ നേരിട്ട പൊള്ളലേറ്റ അനുഭവങ്ങളാണ്. സ്നേഹം കൊണ്ട് നിരന്തരം മുറിവേറ്റവളാണ് സത്യപ്രിയ. ഇത് സത്യപ്രിയയുടെ ഘാതകനിൽ നിന്ന് അനേകം ഘാതകന്മാരിലേക്ക് നീളുന്ന സത്യാന്വേഷണമാണ്. ഇതിന് അന്ത്യമില്ല, ഇത് തുടർന്നു. "ഖുച്ചി രുവാ, സത്യപ്രിയാ, ഖുച്ചി രുവാ.... മത്തെ ഫുല്ലിബെ നായീ... ബിക്കോസ് ദെയർ ഈസ് ആൾവെയ്‌സ് അനദർ ചാൻസ് !" ഘാതകൻ അവസാനിക്കുന്നത് ഈ വാചകത്തിലൂടെയാണ്. അതെ, അയാൾ പിന്തിരിയുമെന്ന് കരുതണ്ട, അയാൾക്ക് തന്റെ ദൗത്യം നിറവേറ്റാൻ അനേകം സാധ്യതകൾ സമകാലിക ഇന്ത്യ ഒരുക്കികൊടുത്തുകൊണ്ടിരിക്കുന്നുണ്ട്. അനുഭവിച്ചറിയുക, സത്യപ്രിയയുടെ ഘാതകാന്വേഷണം.

  ചിന്തകൾക്കപ്പുറം ഘാതകൻ
By Devika Remesh
എഴുത്തുകാരിയുടെ ആത്മാശം ഏറെയുള്ള കൃതിയാണ് 'ഘാതകൻ'. ഒരു വധശ്രമം നേരിടുന്ന സത്യപ്രിയയിൽ നിന്ന് തുടങ്ങി, രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതിയെ അട്ടിമറിച്ച നോട്ട് നിരോധനത്തിലൂടെ നീങ്ങി, വർഗ്ഗീയതയിലൂടെയും പാർശ്വവൽക്കരണത്തിലൂടെയും രാജ്യത്തെ ഭിന്നിപ്പിക്കാൻ വെമ്പുന്ന കഴുകൻ കണ്ണുകളെ ഒരു 'എസ്' കത്തിയാൽ കുത്തിയെടുത്തു കൊണ്ടുള്ള കഥാകാരിയുടെ തേരോട്ടമാണ് 'ഘാതകൻ'. അമ്മ - ഈ ലോകത്ത് ഏറ്റവും ആരാധിക്കപ്പെടേണ്ട വ്യക്തി. എന്നാൽ അവരും കുറ്റവും കുറവും ഇഷ്ടവും മോഹവുമുള്ള സാധാരണ ഒരു മനുഷ്യ ജന്മമാണെന്ന് പലപ്പോഴും എല്ലാവരും മറക്കുന്നു. അമ്മയുടെ ചട്ടക്കൂടുകളെ പൊളിക്കുന്ന ഉജ്ജ്വല കഥാപാത്രമാണ് സത്യപ്രിയയുടെ അമ്മ, വസന്തലക്ഷ്മി. മീരയുടെ ഭാഷ സംസ്‌കൃത ശ്ലോകങ്ങളെ ആശ്ലേഷിക്കുന്നതോടൊപ്പം ഏറ്റവും പുതിയ ട്രെൻഡുകളെയും തഴുകിവിടുന്നു. മീരയുടെ കഥകളിൽ അധികം കണ്ടിട്ടില്ലാത്ത ജാതി വിവേചനത്തെ കുറിച്ചുള്ള ശക്തമായ പ്രതിപാദനം ഈ നോവലിലുണ്ട്. വ്യക്തമായ രാഷ്ട്രീയവും പൊതുബോധവുമുള്ള കൃതിയാണ് 'ഘാതകൻ'. നായിക ആവാൻ മാത്രമല്ല സ്ത്രീക്ക് കെൽപ്പുള്ളതെന്നും നോവലിസ്റ്റ് പറഞ്ഞു വെക്കുന്നു. പല വാർപ്പ് മാതൃകകളെയും തച്ചുടച്ചു മുന്നേറുന്ന കൃതി പലരെയും അസ്വസ്ഥരാക്കും. അവസാന വരി വരെ ഉദ്വേഗഭരിതമായി പോകുന്ന ഈ നോവൽ വായിച്ചു തീർക്കാതെ മടക്കി വെക്കാനാവില്ല. ഒരാൾ നമ്മുടെ ജീവനെടുക്കാൻ മുതിരുമ്പോൾ, അല്ലെങ്കിൽ നമ്മുടെ ജീവിതം അവസാനിച്ചു കാണാൻ ആഗ്രഹിക്കുമ്പോൾ അതെന്തിന് എന്നറിയാൻ നാം ആഗ്രഹിക്കും. പ്രാണനെക്കാൾ കൂടുതൽ സ്നേഹിച്ചവരാണ് അതിന് മുതിരുന്നത് എന്നറിയുമ്പോൾ ജീവിച്ചിരിക്കെ നാം കൊല്ലപ്പെട്ടവരായി മാറുന്നു. വായിച്ചു, അനുഭവിച്ചു തീർക്കുക 'ഘാതകനെ'!

  ഘാതകൻ എന്നെ തകർക്കുകയും പണിയുകയും ചെയ്ത വിധം
By Niju Ann Philip
പുസ്തകങ്ങൾ വായിക്കുമ്പോൾ എനിക്കൊരു പ്രശ്നമുണ്ട്.ഞാനതിലെ കഥാപാത്രം ആണെന്ന് സ്വയം കരുതുകയും അവരുടെ മുഴുവൻ സന്തോഷങ്ങളും ദുഖങ്ങളും സമ്മർദ്ദങ്ങളും തലയിൽ എടുത്തു വെക്കുകയും ചെയ്യും. ഒരിക്കലെങ്കിലും നിങ്ങൾക്ക് അതിന് സാധിച്ചിട്ടുണ്ടോ.ഇല്ലെങ്കിൽ ഹാ..കഷ്ടം!നിങ്ങളതിന്റെ ലഹരി അറിഞ്ഞിട്ടേ ഇല്ല. അതിഭയങ്കരമായ വൈകാരികസ്ഫോടനങ്ങൾ എനിക്ക് അനുഭവിക്കേണ്ടി വന്നത് സാറാ ജോസഫിന്റെ 'ബുധിനി' വായിക്കുന്ന സമയത്താണ്.അതിന് മുമ്പ് 'ആരാച്ചാർ'വായിച്ചപ്പോൾ.തീവ്രമായ പ്രണയവും പകയും തോന്നിയത് മീരാസാധുവിൽ മുങ്ങിക്കിടന്ന കാലത്താണ്,ഇപ്പോൾ ജീവിക്കുന്ന ഈ ജീവിതം വെറുതെയാണെന്നും ഞാനൊരു സന്യാസിയെ കാത്തിരിക്കുക ആണെന്നും തോന്നിയത് കരിനീല വായിക്കുമ്പോൾ. അതേ...ആ തോന്നൽ ശരിയാണ്.ഞാൻ മീരയെ വായിക്കുമ്പോഴാണ് തിരികെ കയറാൻ ആവാത്തത് പോലെ ചുഴിയിൽപ്പെടുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ അവസ്‌ഥയായിരുന്നു ഘാതകൻ വായിക്കുമ്പോൾ അനുഭവിച്ചത്. ഒരു ചെറിയ പെൺകുട്ടി,അവൾക്കെടുക്കാൻ കഴിയുന്നതിനുമ്മപ്പുറം ഭാരങ്ങൾ ചുമലിൽ താങ്ങുന്നതോർത്ത് എനിക്ക് വേദനിച്ചു.പലിശക്കടക്കാരെ പേടിച്ച് വഴിമാറി നടന്നിരുന്ന ഒരു അപ്പൻ എനിക്കുമുണ്ടായിരുന്നല്ലോ.സത്യപ്രിയ കടന്നു പോയ വഴികൾ ഓർക്കുമ്പോൾ എനിക്ക് നന്നായി പൊള്ളും. തലനാരിഴയ്ക്ക് ജീവിതം അത്തരം അവസ്ഥകളിൽ നിന്ന് വഴിമാറി ഒഴുകിയതാണ് എന്ന് ഓർത്ത് എനിക്ക് പിടച്ചിൽ വരും.സത്യയുടെ അമ്മയെ പോലെ വിപദിധൈര്യമുള്ള 'അമ്മ എനിക്കുമുണ്ടല്ലോ.ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന,ഒരു വിളച്ചിലും എടുക്കാൻ നമുക്ക് പറ്റാത്തത്ര ബുദ്ധിവൈഭവം ഉള്ള അമ്മ. "വല്യമ്മാവൻ ഉത്സവത്തിന് കൊണ്ടുപോയില്ലേ?ആനവാൽവാങ്ങികെട്ടിത്തന്നില്ലേ?സർക്കസിന് കൊണ്ടുപോയില്ലേ?കടൽത്തീരത്തും ഹൈറേഞ്ചിലും കൊണ്ട്പോയില്ലേ?എന്റെ അച്ഛൻ കൊണ്ടുപോകാതിരുന്ന ഇടങ്ങളിലൊക്കെ ഞങ്ങളുടെ കൈപിടിച്ചു വല്യമ്മാവൻ കൊണ്ടുപോയില്ലേ?മിഠായിയും കളിപ്പാട്ടവും വാങ്ങിത്തന്നില്ലേ?" എന്ന് സത്യ ചോദിച്ചപ്പോൾ ഞാനെന്തിനാണ് ആർത്തലച്ച് കരഞ്ഞത്.പുസ്തകം വായിക്കാൻ പറ്റാതെ അടക്കി വെച്ച് ശ്വാസം മുട്ടി ഇരുന്നത്.!! തലയിൽ വെടിയുണ്ട ഏത് നിമിഷവും തറച്ചേക്കാം എന്ന തോന്നലും കൊണ്ടാണ് കഴിഞ്ഞ രണ്ടാഴ്ച്ച കടന്നു പോയത്‌.എപ്പോൾ വേണമെങ്കിലും എന്റെ വയറിൽ 'S' കത്തി ഒരെണ്ണം തിരിയും എന്ന തോന്നൽ കൊണ്ട് അകാരണമായ വേദന എന്നെ ചൂഴ്ന്നു നിന്നു.ദേഹം മുഴുവനും വേദന,ഏത് അവയവത്തിനാണ് എന്നെനിക്ക് പറഞ്ഞു മനസിലാക്കാൻ പറ്റാത്ത വേദന. അകവും പുറവും വെന്തു.ഏതൊക്കെയോ വേദനസംഹരികൾ ഞാൻ വിഴുങ്ങി. "സ്ത്രീകളാണ് ലോകത്തെ എല്ലാ വയലൻസിന്റെയും നാരായവേര്" എന്ന് പറഞ്ഞ് തളർത്താൻ നോക്കുന്ന അനുരൂപ് ഷെട്ടിമാർ എനിക്ക് ചുറ്റിലും ഒട്ടും കുറവായിരുന്നില്ലല്ലോ.മോറലി വീക്കല്ലടാ ഇമ്മോറലി സ്‌ട്രോങ് ആണെന്ന് അവന്മാരുടെ മുഖത്തു നോക്കി പറയാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ? ഘാതകൻ വായിക്കുമ്പോൾ ഞാൻ കിടുങ്ങി,വിറച്ചു,അഭിലാഷിനെ വെറുത്തു, സൂവോളജി ലാബിൽ വെറും തറയിൽ നഗ്നയായി കിടന്നു,ബലാത്സംഗം ചെയ്യപ്പെട്ടു,പലിശക്കടം തീർക്കാൻ നടന്നു,സമീർസായിദിനെ അസ്ത്ഥിയുരുകും പോലെ പ്രേമിച്ചു,കൊല്ലാൻ പിന്നാലെ ഒരാൾ ഉണ്ടെന്ന തോന്നലിൽ പിടഞ്ഞു,ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട ചെറിയ പെൺകുട്ടികൾക്ക് വേണ്ടി നിലവിളിച്ചു,എന്റെ ഹൃദയം തന്നെ ഫോർമാലിൻ നിറച്ച ചില്ലുഭരണിയിൽ ഇട്ടു വെച്ചു. മഹിപാൽഷാ ബാബയുടെ ആശ്രമവും നോട്ട് നിരോധനവും ഞാൻ ജീവിച്ച പലകാലങ്ങളെ ഓർമ്മിപ്പിച്ചു. മാറ്റിയെടുക്കാൻ പറ്റാത്ത പഴയനോട്ട് പോലെ അസാധുവായി പോകുന്ന എന്റെ പ്രണയാസക്തികൾ എന്നെ കറക്കിയെറിഞ്ഞെന്നു തന്നെ പറയാം. കഥാകൃത്ത് പറയും പോലെ "ഒരേ ചില്ലയിൽ പുഴുവും പ്യൂപ്പയുമായി കഴിഞ്ഞെന്നു വരാം.പക്ഷേ, ഇഴഞ്ഞറിഞ്ഞ ലോകം ആയിരിക്കുകയില്ല,പറന്നുയർന്ന ശേഷമുള്ളത്." ഘാതകൻ വായിക്കും മുൻപുള്ള ഞാനാവില്ല ഇനിയുള്ള ഞാൻ.ഇഴഞ്ഞറിഞ്ഞ ലോകം ഞാനിനി പറന്നുയർന്നൊന്നു കണ്ടുനോക്കട്ടെ ©️ നിജു ആൻ

  review
By Jalaludheen aslami Abdulkhader
very good

  ഘാതകന്‍
By Sumesh Vilayil
Hai

  ഘാതകന്‍
By Sumesh Vilayil
Hai

  #സത്യപ്രിയ_ഘാതകരെ_കണ്ടെത്തി_കൊണ്ടേ_ഇരിക്കും
By Javad PA
എങ്ങനെ വായിച്ചു തീരും എന്ന ശങ്കക്ക് ഒട്ടും ഇടം കൊടുക്കാത്ത രീതിയിൽ വായനക്കാരനെ പേജിൽ നിന്ന് പേജുകളിലേക്ക് വലിച്ചു കൊണ്ട് പോവുന്ന അസാമാന്യ ആഖ്യാന ശൈലി. രണ്ടു വർഷത്തെ പ്രയത്നം കൊണ്ട് എഴുതി തീർത്ത ഒരു സൃഷ്ടി, ഇനിയും കാലാന്തരങ്ങൾക്കപ്പുറത്തേക്ക് ചർച്ചക്ക് വിധേയമാക്കാവുന്ന തലത്തിൽ ഒരു നോവൽ എഴുതുക എന്നത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. ഇന്ത്യയിലെ ഒരു വലിയ രാഷ്ട്രീയ ചർച്ചക്ക് തുടക്കം കുറിച്ച നോട്ട് നിരോധനം നടന്ന വർഷത്തിൽ ഈ കഥ നടക്കുമ്പോൾ അതിന്റെ ഒരു രാഷ്ട്രീയത്തെ കഥാകാരി മനോഹരമായിട്ടാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സ്ത്രീ കേന്ദ്രീകൃത നായിക കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ട് എല്ലാ തരക്കാർക്കും ആഞ്ഞു പുൽകാവുന്ന രീതിയിൽ കഥാപാത്രങ്ങളെ സൃഷ്ടിക്കാനുള്ള കഴിവ് സുന്ദരമാണ്. ഒരു കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട നായിക തന്റെ കൊലയാളിയെ തേടിയുള്ള യാത്ര തന്റെ ഭൂതകാലത്തിലൂടെയും ജീവിതത്തിലൂടെയും സഞ്ചരിക്കുമ്പോൾ നമ്മുടെ മുൻപിൽ അനാവരണം ചെയ്യുന്ന ചില യാഥാർഥ്യങ്ങൾ അപ സർപ്പക കഥകളിലെ മേമ്പൊടിക്ക് ചേർക്കുന്ന ആശയങ്ങൾക്ക് അപ്പുറത്തായി നമ്മുടെ ഹൃദയങ്ങളെ കൊളുത്തി വലിക്കുന്ന നോവുകളായി ഈ പുസ്തകത്തിൽ കാണാൻ സാധിക്കുന്നു. ഇതിൽ പ്രണയവും, ആത്മീയതയും, പകയും, സ്വപ്നങ്ങളും, തുടങ്ങി മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളെയും ഒരു നോവലിൽ കൂട്ടി ചേർത്ത് വെച്ച വല്ലാത്തൊരനുഭവം. അതി ദേശീയതയും ദേശ ഭക്തിയും പുതിയ ഇന്ത്യയെ നിർവചിക്കുന്ന സത്യാനന്തര കാല ഘട്ടത്തിൽ അത്തരം അപ നിർമ്മിതികളോട് ഓരോ പേജുകളും കൃത്യമായി കലഹിക്കുന്നതും നമുക്ക് കാണാൻ സാധിക്കും.

  ഘാതകൻ വായിച്ചില്ലേ? ഇല്ലെങ്കിൽ കഷ്ടം!
By Soorya G S
നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ? ഒരാൾ മരിച്ച മുറിയിലേക്ക് ഒറ്റയ്ക്ക് ചെന്നിട്ടുണ്ടോ? അണലി പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, കഷ്ടം..കഷ്ടം..കഷ്ടം.. നമ്മളെ നോവിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ഒരായിരം കഷ്ടങ്ങൾ ഇതിലുണ്ട്..ഇടയ്ക്ക് തൊണ്ട വരണ്ട്, ഉമിനീരു ഇറങ്ങാതെ മരവിച്ച ഇരുന്നു പോയിട്ടുണ്ട്.. നമ്മൾ എന്നും കണ്ടുകൊണ്ടിരിക്കുന്നവർക്ക് പോലും നമ്മൾ അറിയാത്ത ഒരു ജീവിതവും കഥയും കാണും എന്ന്, "ഘാതകൻ" പറഞ്ഞു തരും. ഇതുവരെയും നിങ്ങൾ ഘാതകൻ വായിച്ചില്ലെങ്കിൽ.."കഷ്ടം"

  ഘാതകൻ - എന്റെയും ആത്മാവ് തൊട്ടറിഞ്ഞ പുസ്തകം.
By Lekshmi Sudha
ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ മാനസിക സംഘർഷം അനുഭവിച്ചിരുന്ന സമയത്താണ് ഈ പുസ്തകം വായിക്കാനായി എടുത്തത്. ഒരിക്കലും മറക്കാനാവാത്ത, അത്രമേൽ പ്രിയപ്പെട്ട, അതിലേറെ ചിന്തിപ്പിച്ച, ചിരിപ്പിച്ച 564 താളുകളാണ് ഈ പുസ്തകത്തിലൂടെ കെ ആർ മീര എനിക്ക് സമ്മാനിച്ചത്.സത്യപ്രിയയെ തേടി വന്ന ഓരോ സത്യങ്ങളും എന്നെയും ഞെട്ടിച്ചു, എന്റെ എല്ലുകളിലും പുളിപ്പുണർത്തി, എന്റെ ഞരമ്പുകളെയും അത് നിശ്ചലമാക്കി. അമ്മയും അനിയത്തിയും ഒത്തുള്ള നിമിഷങ്ങൾ അത്രമേൽ ആസ്വദിച്ചിരുന്ന എനിക്ക് അതേറ്റവും കൂടുതൽ ആഗ്രഹിച്ച സമയത്തു തന്നെ സത്യപ്രിയയുടെ കുടുംബത്തിലെത്താൻ കഴിഞ്ഞു. സത്യയും അമ്മയും ചേച്ചിയുമായിട്ടുള്ള നിമിഷങ്ങൾ ഓരോന്നും ഞാൻ എന്നെ തന്നെ മറന്നാസ്വദിച്ചു.സത്യ പറയുന്നത് പോലെ അമ്മയും അച്ഛനും ഓരോ ആശയങ്ങളാണ്. എത്ര പ്രായമേറിയാലും, വഴക്കിട്ടു പിണങ്ങിയാലും ആ ആശയങ്ങൾ നമുക്ക് വല്ലാതെ ആവശ്യം വന്നേക്കാം. ജീവിതം മുന്നോട്ട് പോവുമ്പോ നമുക്ക് പ്രിയപ്പെട്ടവരിലെല്ലാം നമ്മളാ ആശയങ്ങളെ തേടിയെന്നും വരാം. ആണത്തമെന്നത് ആണിനും പെണ്ണിനും ഒരുപോലെ അനുഭവപ്പെടുന്നത് അധികാരത്തിന്റെ അർത്ഥത്തിലാണെന്നുള്ള നോവലിലെ പരാമർശം എന്നെ വളരെയേറെ ചിന്തിപ്പിച്ചു. വിധേയത്ത്വമാണ്‌ സ്നേഹത്തിന്റെ ഡ്രൈവർ എന്ന് സത്യപ്രിയയുടെ അനുഭവങ്ങളിലൂടെ അവളെനിക്ക് കാണിച്ചു തന്നു. ഈ നോവലിലെ ഓരോ താളുകളും അതിലെ വരികളും മനസ്സിലൊരു കൊള്ളിമീൻ വീഴ്ത്താൻ പാകത്തിലുള്ള രഹസ്യങ്ങളുടെ കൂമ്പാരമാണ്.ചുറ്റും സ്നേഹിക്കാൻ ആൾക്കാരൊരുപാടുള്ളപ്പോഴും നിങ്ങളുടെ ഹൃദയം സ്നേഹത്തിനും സാന്ത്വനത്തിനും വേണ്ടി അലഞ്ഞിട്ടൂണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ ഭാഗ്യം ചെയ്ത ജന്മങ്ങൾ. ആ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്തവർ ഈ നോവലിലേക്ക് ഇപ്പൊ തന്നെ ഒരു ബസ് പിടിച്ചോളൂ. വ്യക്തിബന്ധങ്ങളും ഭരണകൂടത്തിന്റെ രാഷ്ട്രീയ ആശയങ്ങളും ഒരു സ്ത്രീയുടെ അല്ലെങ്കിൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാക്കിയേക്കാവുന്ന മുറിവുകൾ ചെറുതല്ലെന്നു വളരെ വ്യക്തമായും നർമ്മബോധത്തോടെയും കൂടെ ഈ നോവലിൽ പരാമർശിച്ചിട്ടുണ്ട്. മനസ്സ് കൊണ്ട് സ്വന്തം ശരീരത്തെ ഉൾക്കൊള്ളുന്നതിനു മുന്നേ തന്നെ ബന്ധങ്ങളുടെ മറ പിടിച്ചു അച്ഛന്റെയും അപ്പൂപ്പന്റെയും പ്രായമുള്ള കഴുകന്മാർ ഇല്ലാതാക്കുന്ന പെൺജന്മങ്ങൾക്കു സ്വയം നേരിടേണ്ടി വരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം സത്യപ്രിയ നൽകുന്നുണ്ട്. "ഇഷ്ടമല്ല", "പറ്റില്ല" എന്നീ വാക്കുകൾ സ്വന്തം നിഘണ്ടുവിൽ സൂക്ഷിക്കുന്ന സ്ത്രീകളാണോ നിങ്ങൾ? എങ്കിൽ ഒന്ന് കരുതിയിരുന്നോളു! ചോദ്യം ചെയ്യാൻ അവകാശമില്ലാത്ത, മേൽപ്പറഞ്ഞ പദപ്രയോഗങ്ങൾ സ്വന്തം കൊലപാതകത്തിലേക്ക് തന്നെ നയിച്ചേക്കാവുന്ന, സ്ത്രീധനവും കുടുംബവഴക്കും സാരിത്തുമ്പായും, സർപ്പദംശനമായും വന്നു ജീവൻ കവരുമ്പോൾ അതിനു പിന്നിലെ യഥാർത്ഥ ഘാതകൻ ആത്മാർഥമായി സ്നേഹിച്ച സ്വന്തം ഭർത്താവാണെന്നു തിരിച്ചറിയാതെ മരണത്തിലേക്ക് വഴുതി വീഴേണ്ടി വരുന്ന സ്ത്രീ ജന്മങ്ങളുള്ള ഈ നാട്ടിൽ സത്യപ്രിയയും അവളുടെ കഥയും വല്ലാതെ ഇഴുകി ചേരുന്നത് അറിയാൻ കഴിഞ്ഞത് എന്റെ വായനാനുഭവത്തിനു കൂടുതൽ പകിട്ടേകി. അവളെയും അവളുടെ കഥയെയും നിങ്ങളും അറിയണം അതിലൂടെ നിങ്ങളുടെയും സത്യത്തെ നിങ്ങൾ തേടാൻ തുടങ്ങണം.

  ഘാതകൻ ചിന്തകളിൽ അഗ്നി പടർത്തിയപ്പോൾ
By Geetha Resmi P
മീരയുടെ കഥകളിൽ സൂര്യനെ അണിഞ്ഞും ആ സൂര്യതാപത്തിൽ എരിഞ്ഞും ജീവിതം നീന്തിക്കയറുന്ന സ്ത്രീ കഥാപാത്രങ്ങളാണ് ഏറേയും .ഘാതകനിലെ സത്യപ്രിയയും അവരിലൊരാൾ തന്നെ തീക്ഷ്ണമായ ജീവിത വഴികൾ താണ്ടി ആശ്വസിക്കാൻ തുടങ്ങുമ്പോഴേക്കും ഒരു വധശ്രമത്തിലൂടെ ജീവിതത്തിലെ സ്വാസ്ഥ്യം നശിപ്പിക്കപ്പെട്ട് നടന്നു തീർത്ത വഴികളിലൊക്കെയും വീണ്ടും പരതി നടക്കാൻ വിധിക്കപ്പെട്ടവൾ. ജന്മബന്ധങ്ങളുടെ നൂലിഴകൾ കെട്ടുപിണഞ്ഞ വഴിയിലൂടെ നൊന്തു മുറിഞ്ഞ് നടക്കുന്നതിലും ഭേദം ഘാതകൻ്റെ കൈകൊണ്ടുള്ള മരണമായിരുന്നു എന്ന് ചിലപ്പോഴെങ്കിലും ആഗ്രഹിക്കുന്ന ഒരുവൾ'. നോട്ടു നിരോധനം ഈ നോവലിൻ്റെ തീമായി തുടരുമ്പോഴും ആനുകാലിക രാഷ്ട്രീയ സാമൂഹിക സ്ഥിതിഗതികളെ ആക്ഷേപ ഹാസ്യ രൂപത്തിൽ കഥയുടെ രസച്ചരടു മുറിയാതെ ഈ കൃതിയിൽ കൈകാര്യം ചെയ്യുന്നുണ്ട് . "പണമായാലും പ്രേമമായാലും ഇടയ്ക്കിടയ്ക്ക് ഇല്ലാതാകണം നമ്മുടെ യഥാർത്ഥ മൂല്യം അപ്പോഴേ വെളിവാകുകയുള്ളൂ" ജീവിത ബന്ധങ്ങളുടെ വിലയിരുത്തലിൽ കഥാകാരി എത്ര ഔന്നത്യത്തിൽ നിൽക്കുന്നു എന്ന് ഇതിലൂടെ നമുക്കറിയാം . "എന്നെ സ്നേഹിക്കണ്ടവരോ ഞാൻ സ്നേഹിച്ചവരോ എന്നെ സ്നേഹിച്ചില്ല സ്നേഹിക്കാൻ ഒരു ബാധ്യതയും ഇല്ലാത്തവരാണ് എന്നെ സ്നേഹിച്ചത് " ഉള്ളുലയ്ക്കുന്ന സത്യയുടെ പരാമർശങ്ങളൊക്കെ മായാതെ ഹൃദയത്തിൽ അവശേഷിക്കും . തികച്ചും ആത്മകഥാപരമായ എഴുത്തിൻ്റെ വഴിയിൽ സത്യക്കൊപ്പമുള്ള ഒരോ കഥാപാത്രങ്ങളും തങ്ങളുടെ കൈയൊപ്പ് കഥയിൽ ചാർത്തിയിരിക്കുന്നു. ജീവിതത്തിൻ്റെ ഉയർച്ച താഴ്ചകളെ സംയമനത്തോടെ നേരിട്ട് കവിതകളെ നെഞ്ചോട് ചേർത്ത് തൻ്റെ കർമ്മ വഴിയിൽ കൂസലില്ലാതെ സഞ്ചരിക്കുന്ന വസന്ത ലക്ഷ്മി പലപ്പോഴും സത്യയേക്കാളും മികച്ചു നിൽക്കുന്നു പലപ്പോഴും അന്വേഷണങ്ങൾ ആത്മ വിമർശനങ്ങളും ആകുന്നു. 'സത്യ ' എന്ന പേരും സത്യം തേടിയുള്ള യാത്രകളും സത്യം തിരിച്ചറിയുമ്പോഴുള്ള മരണത്തേക്കാൾ നോവിക്കുന്ന ഉൾത്താപങ്ങളും അന്വേഷണ വഴിയിലെ കെടാതെ സൂക്ഷിച്ച ജിജ്ഞാസയും ഈ നോവലിനെ വേറിട്ടതാക്കുന്നു. എങ്കിലും നവംബർ 8ന് നോട്ടുനിരോധനവും അതേത്തുടർന്നുള്ള സാമ്പത്തിക സാമൂഹിക പ്രശ്നങ്ങളും ഉടലെടുത്തില്ലായിരുന്നെങ്കിൽ ഈ നോവൽ ജനിക്കുമായിരുന്നോ എന്ന് ചിന്തിച്ചു പോകുന്നു. "കഥയായാൽ അങ്ങനെ വേണം തുടങ്ങുമ്പോൾ പൊളളിക്കണം ,പിന്നീടങ്ങോട്ട് ഉമിത്തീയിൽ നീറ്റണം, തീരുമ്പോൾ നെറുകത്തലയിൽ ഒരടി വീഴ്ത്തണം " ഈ വാക്കുകൾ മീരയുടെ ഘാതകനെ സംബന്ധിച്ചിടത്തോളം തീർത്തും അനുയോജ്യമാണ് .

  Ghathakan Review
By Ranjini Prashanth
നീണ്ട പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു വായനാക്കുറിപ്പെഴുതുന്നത് അല്ലെങ്കിലും ഘാതകനെ വായിച്ചറിഞ്ഞാൽ രണ്ടക്ഷരം മിണ്ടാതിരിയ്ക്കുന്നതെങ്ങനെ? "കഥയായാൽ അങ്ങനെ വേണം. തുടങ്ങുമ്പോൾ പൊള്ളിയ്ക്കണം. പിന്നീടങ്ങോട്ട് ഉമിത്തീയിൽ നീറ്റണം. തീരുമ്പോൾ നെറുകത്തലയിൽ ഒരടി വീഴ്ത്തണം". കെ. ആർ.മീരയുടെ 'ഘാതകനിൽ' തന്റെ സങ്കീർണമായ സത്യാന്വേഷണങ്ങൾക്കിടയിൽ സത്യപ്രിയ പറഞ്ഞതാണീ വാക്കുകളെങ്കിലും, ഞാൻ വായിച്ച ഘാതകനെയും ഇങ്ങനെ വിശേഷപ്പിയ്ക്കാനാണെനിയ്ക്കിഷ്ടം.ഗാന്ധി ജയന്തി കഴിഞ്ഞു തൊട്ടടുത്ത ദിവസങ്ങളിലാണ്‌ പ്രിയ കഥാകാരിയുടെ കൈയ്യൊപ്പോടു കൂടി ഘാതകൻ കൈകളിലെത്തുന്നത്‌. ജോലിത്തിരക്കുകൾക്കിടയിൽ ആ 573 പേജുകൾ എന്നെ നോക്കി കൊഞ്ഞനം കുത്തി. നവംബർ അവസാനത്തോടെയാണ് സത്യപ്രിയയുടെ കൂടെ ഒരു യാത്ര പോകാൻ തീരുമാനിച്ചത്‌. ആ ഒന്നരമാസക്കാലത്തെ യാത്ര ജനുവരിയിൽ അവസാനിച്ചപ്പോൾ ഈ കഥ നടക്കുന്നതും നോട്ട് നിരോധനം നടന്ന നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിലാണെന്നത്‌ യാദൃശ്ചികം മാത്രം... ബാംഗ്ലൂരുകാരി കൂടിയായ ഞാൻ, നഗരത്തിൽ പലയിടത്തും സത്യപ്രിയയെയും അവരുടെ പിന്നിലുള്ള ഘാതകനെയും തിരയാൻ തുടങ്ങി. പിങ്ക് മെട്രോയിൽ, മെട്രോ സ്റ്റേഷനടുത്തുള്ള പഴക്കടയിൽ, പോലീസ് സ്റ്റേഷന്‌ മുന്നിൽ, എയർപോർട്ടിലേയ്ക്കുള്ള വഴിയിൽ... അങ്ങനെ അങ്ങനെ... സത്യം പറഞ്ഞാൽ ഈ ദിവസങ്ങളിലത്രയും ഞാനുമൊരു യാത്രയിലായിരുന്നു. മാസ്കോ ക്വാറൻ്റെയിനോ നിയന്ത്രണങ്ങളോയില്ലാതെ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേയ്ക്കും പിന്നെ ഭുവനേശ്വർ, കൊൽക്കത്ത, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും ഞാൻ പറന്നിറങ്ങി. സത്യപ്രിയയുടെ സത്യാന്വേഷണങ്ങൾ പലപ്പോഴും എന്നെ ശ്വാസം മുട്ടിച്ചു. കണ്ണുകളെ ഈറനണിയിച്ചു, കുപ്പിയ്ക്കുള്ളിൽ ലായനിയിലിട്ടു വെച്ച ഭ്രൂണം പോലെ, ഞാൻ മണ്ണിട്ടു മൂടിയ ഓർമ്മകൾ എന്നെ വീർപ്പുമുട്ടിച്ചു. പലപ്പോഴും മനോഹരമായ കുട്ടിക്കാലത്തേയ്ക്ക് തിരിച്ചു പോയി. നിങ്ങളെപ്പോഴെങ്കിലും ഒരു പുസ്തകം വായിയ്ക്കാൻ വേണ്ടി ഒരു ദിവസം മുഴുവൻ കാത്തിരുന്നിട്ടുണ്ടോ? പുസ്തകം വായിച്ചു തീർന്നപ്പോൾ ജീവിതം ശൂന്യമായ പോലെ തോന്നിയിട്ടുണ്ടോ? അടുക്കള നേരങ്ങൾക്കിടയിൽ, ഉറക്കത്തിന്റെ ഇടവേളകളിൽ, മക്കളെ ഊട്ടുന്നതിനും ഉറക്കുന്നതിനുമിടയിൽ, പ്രണയ സല്ലാപങ്ങൾക്കടയിൽ ഭാരമേറിയ ഒരു പുസ്തകവും അതിലേറെ ഭാരമേറിയ ചിന്തകളുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കഷ്ടം. അപ്പോൾ നിങ്ങൾ ഒരിക്കലും ഒരു പുസ്തകത്തെയും ആഴത്തിൽ അറിഞ്ഞിട്ടില്ല. പുസ്തകമായാൽ ഇങ്ങനെ വേണം അത് കഥാപാത്രങ്ങൾക്കൊപ്പം വായനക്കാരനെയും കൂട്ടിക്കൊണ്ട് പോണം അവന്റെ ഭാവിയിലേയ്ക്ക്‌, ഭൂതത്തിലേയ്ക്ക്‌, വർത്തമാനത്തിലേയ്ക്ക്‌. അവനെ ചിന്തിപ്പിയ്ക്കണം, ചിരിപ്പിയ്ക്കണം, കരയിപ്പിയ്ക്കണം. അവനെ നോക്കി പല്ലിളിയ്ക്കണം. "നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ" എന്ന ചോദ്യത്തിലൂടെയാണ് കഥയുടെ തുടക്കം. തന്റെ ഘാതകനെ തേടിയുള്ള സത്യപ്രിയയുടെ യാത്ര പിന്നീട് അവരുടെ തന്നെ ജീവിതത്തിലൂടെയുള്ള യാത്രയാകുന്നു. അച്ഛന്റെയും കുടുംബത്തിന്റെയും ചരിത്രാന്വേഷണമാകുന്നു. സത്യപ്രിയ എന്ന തന്റേടിയായ സ്ത്രീയും അവരുടെ അതിലേറെ കാര്യപ്രാപ്തിയുള്ള വസന്തം എന്ന അമ്മയിലൂടെയുമാണ്‌ കഥ മുന്നോട്ടു പോകുന്നത്. സമകാലീന ഇന്ത്യയെ ഒരു നാൽപതുകാരിയുടെ കണ്ണുകളിലൂടെ കാണുകയും ചിന്തകളിലൂടെ ചിന്തിപ്പിയ്ക്കുകയും ചെയ്യുകയാണ് കഥാകാരി. പണവും പദവിയും ജാതി ചിന്തകളും കൊലപാതകങ്ങളും കട്ടൗട്ട്‌ മർഡറും കുറുക്കന്മാരും പൊന്തക്കാടും നോട്ട് നിരോധനവും സമ്പദ് വ്യവസ്ഥയും സാമ്പത്തിക ഇടപാടുകളും അതിൽ സ്ത്രീകളെ കാത്തിരിയ്ക്കുന്ന കെണികളും ഗാന്ധി തത്വങ്ങളും ഗോഡ്സെ ആരാധനയും ആംഗ്രി ഹനുമാനും ഗീതയും ഗണിതവും സിനിമയും രാഷ്ട്രീയവും അധികാരവും നിയമവും നിയമനങ്ങളും ആശയും നിരാശയും സമ്പത്തിന്റെ മണിമാളികകളും ദാരിദ്ര്യത്തിന്റെ ചായ്പും പ്രണയവും പ്രതികാരവും വിശപ്പും വിസർജ്യവും പ്രതിഷേധവും മാവോയിസവും കാശ്മീരും ഒറ്റുകൊടുക്കലും ഒറ്റപ്പെടലും വാശിയും വൈരാഗ്യവും സ്വാർത്ഥതയും നിസ്സഹായതയും അവഗണനയും പരിഗണനയും വിശ്വാസവും വഞ്ചനയും ചിരിയും ചിന്തകളും ചിരിയ്ക്കുള്ളിലെ ചതിയും എല്ലാം കഥയിൽ കഥാപാത്രങ്ങളായി മുഴുനീളെ വന്നും പോയുമിരിയ്ക്കുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ പരമാർത്ഥിന്റെ കാഴ്ചപ്പാടിലൂടെ കണക്കിന് കൊട്ടുന്നുണ്ട്‌. സത്യപ്രകാശിന്റെ സ്ത്രീ സ്വാതന്ത്ര്യത്തോടുള്ള കാഴ്ചപ്പാടും കുലസ്ത്രീ ബിംബങ്ങളും ഇന്നത്തെ സമൂഹത്തിന്റെ പ്രതിബിംബങ്ങളാകുന്നു. ഘാതകന്റെ തുടക്കം മുതൽ ഒടുക്കം വരെ ഞാനും ഒരു കുറ്റാന്വേഷകയായിരുന്നു. സത്യപ്രിയ കണ്ടെത്തലുകളെ പട്ടികപ്പെടുത്തും പോലെ ഞാനും മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തി. കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും പലവട്ടം തളർന്നു. പലപ്പോഴും അപ്രസക്തർ എന്നു തോന്നിയ കഥാപാത്രങ്ങൾ വീണ്ടും ശക്തമായി കടന്നു വന്നപ്പോൾ അവരെ ഒന്നു കൂടി വായിച്ചറിഞ്ഞു. ഏത് നിമിഷവും കൊല്ലപ്പെടും എന്ന തിരിച്ചറിവുള്ള ഒരു വ്യക്തിയുടെ കൂടെയുള്ള യാത്രയിൽ നിന്നും ഡോ. രാമകൃഷ്ണനെ വിലക്കിയ സത്യപ്രിയയോട്‌ ഞാൻ പരിഭവപ്പട്ടു. പിന്നെ എന്തിനാണെന്നെ കൂടെ കൂട്ടിയത്‌? എന്തിനാണെന്റെ നെഞ്ചിടിപ്പ് കൂട്ടിയത്? എന്നെ ഭൂതകാലത്തിലേയ്ക്ക്‌ തിരിച്ചു നടത്തിയത്? ചിരിമുഖങ്ങളിലെ ചതിയെ ഓർമ്മിപ്പിച്ചത്‌? ബന്ധങ്ങളിലെ ബന്ധനങ്ങളെക്കുറിച്ച്‌ ചിന്തിപ്പിച്ചത്‌? അച്ഛനെക്കുറിച്ചോർത്ത്‌ കരയിപ്പിച്ചത്‌? അമ്മയെക്കുറിച്ചോർത്ത്‌ അഭിമാനം കൊള്ളിച്ചത്‌? സാഹോദര്യത്തെക്കുറിച്ചൂറ്റം കൊള്ളിച്ചത്‌? സത്യപ്രിയയോടൊപ്പം ജീവിച്ച ദിവസങ്ങളിൽ ഞാനും സത്യത്തിന്റെ ഉമിത്തീയിൽ നീറുകയായിരുന്നു. പ്രാണൻ ശരീരത്തിൽ നിന്നും വേർപ്പെട്ടു പോകും പോലെ പിടഞ്ഞു. ജനലിനപ്പുറം 'S' കത്തിയുമായി നിന്ന ഘാതകൻ എന്റെ ഉറക്കം കെടുത്തി. പലപ്പോഴും എനിയ്ക്ക് പിന്നിലും ഒരു ഘാതകൻ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു. എനിയ്ക്കും ഒരു ബ്രേക്ക് വേണമായിരുന്നു. ബാംഗ്ലൂരിന്റെ തിരക്കിൽ നിന്ന് ഭൂതകാലത്തിലേയ്ക്ക്‌, അവിടെ കണ്ടു മറന്ന മുഖങ്ങളിലേയ്ക്ക്‌. പറയാൻ വന്നത് മുഴുവനാക്കാതെ സത്യയെ പരിഭ്രാന്തിയുടെ കനൽക്കളത്തിലേയ്ക്കെടുത്തെറിഞ്ഞു പോയ അച്ഛനെയറിയാൻ അച്ഛന്റെ ചരിത്രത്തെയറിയാൻ അവർ നടത്തിയ യാത്രകൾ അവിശ്വസനീയമാണ്‌. ഒരു പക്ഷേ എന്റെ മാംസം ചൂഴ്‌ന്നെടുക്കാനും ഒരു 'S' കത്തി ഉണ്ടായിരുന്നെങ്കിൽ എനിയ്ക്കും ഒരു യാത്ര പോകാമായിരുന്നു. അച്ഛന്റെ സത്യത്തെത്തേടി, അച്ഛൻ പറയാൻ ബാക്കിവെച്ചതറിയാൻ... അച്ഛൻ..., തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയ്ക്കുന്ന ശബ്ദം. പറയാതെ അറിയാതെ പാതിയിൽ അടഞ്ഞുപോയ അഥവാ അടച്ചു വെച്ച പുസ്തകം. തുടർവായന സാധ്യമാണോ അല്ലയോ എന്നറിയാതെ ഷെൽഫിലേയ്ക്കെടുത്തു വെയ്ക്കാതെ കൂടെ കൂട്ടുന്ന പുസ്തകം. തുടർന്ന് വായിയ്ക്കാനൊരവസരം കിട്ടിയാൽ ഒരു പക്ഷെ അതിമനോഹരമായ ഗ്രന്ഥപുസ്തകം. നിളയ്ക്കപ്പുറത്തേയ്ക്ക് പട്ടാമ്പിപ്പാലം കടന്നുപോയ സൗമ്യ സാന്നിദ്ധ്യം. പൊതുവെ ഹൈ ബിപിയായ എനിയ്ക്ക്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു സത്യപ്രിയയാൽ മുറിവേറ്റ ഹൃദയം. ഹൃദയം പൊട്ടുമെന്ന്‌ തോന്നിയപ്പോൾ ഘാതകൻ അടച്ചുവെച്ച്‌ ഞാൻ തിരിഞ്ഞു നടന്നു. പിന്നീടെപ്പോഴോ സത്യപ്രിയയുടെ അനുഭവങ്ങൾക്ക് നേരെ കണ്ണടച്ചതിലുള്ള കുറ്റബോധം ഉറക്കം കെടുത്തിയപ്പോൾ ഘാതകൻ എന്റെയും ജീവിതത്തിന്റെ ഭാഗമായത് ഞാൻ തിരിച്ചറിഞ്ഞു. വീണ്ടും കൈയ്യിലെടുത്ത പുസ്തകം ആവേശത്തോടെ കാർന്നു തിന്നു. അവസാന പേജിലേയ്ക്കടുക്കുമ്പോൾ സത്യം കൊണ്ട് മുറിഞ്ഞ് ചോരയൊലിച്ച ഹൃദയം ആ നനവ് കണ്ണുകളിലേയ്ക്ക് പടർത്തി, കാഴ്ച മറഞ്ഞു, ഹൃദയം മരവിച്ചു. ഈ കഥ അവസാനിയ്ക്കാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു. കഥയുടെ തുടക്കത്തിൽ ആവേശം കൊണ്ട് വായിയ്ക്കാൻ കൊതിച്ച അവസാന പേജ് കൈയ്യിലെടുത്തപ്പോൾ ഹൃദയത്തിൽ പെരുമ്പറ കൊട്ടും പോലെ തോന്നി. ബാംഗ്ലൂരിന്റെ തണുപ്പിലും ഞാൻ വിയർത്തൊലിച്ചു. "ആനയെ വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ" ഞാൻ കട്ടിലിൽ അമർന്നു കിടന്ന് തലയിണയ്ക്കിടയിൽ മുഖമമർത്തി. അത്രയും നാൾ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെ നഷ്ടപ്പെട്ട സങ്കടത്താൽ തിരിഞ്ഞും മറഞ്ഞും കിടന്നു. ഇനി വരും പുലരികൾ ശൂന്യമാണെന്ന്‌ തോന്നി. സത്യപ്രിയ കൂടെയില്ലാത്ത ദിവസങ്ങൾ എന്നെ പേടിപ്പെടുത്തി.... ഘാതകനെ പതുക്കെ ബുക്ക് ഷെൽഫിലേയ്ക്കെടുത്തു വെച്ചു. ഒരു കൈയ്യകലെ.... ആ ഓർമ്മകളെ ഫോർമാലിൻ നിറച്ച കുപ്പിയിലാക്കി അടച്ചു വെച്ചു. ജീവനോടെ തന്നെ... കാരണം എനിയ്ക്കിനിയും ആ ഓർമ്മകളുടെ കൂട്ട് വേണം. ആ ഓർമ്മകളുടെ തീച്ചൂളയിൽ വെന്തു പാകമാകണം. തനിച്ചിരിക്കുമ്പോൾ ഞാൻ പിന്നിട്ട വഴിയിലൂടെ ഒന്നു തിരിച്ചു പോകണം....പാടത്തേയ്ക്ക് കാലും നീട്ടിയിരുന്ന എന്റെ മുത്തശ്ശിവീട്ടിലേയ്ക്ക്‌, കൈതപ്പൂവും പാലപ്പൂവും സുഗന്ധം പരത്തിയ തോട്ടുവക്കത്തേയ്ക്ക്‌ പറമ്പിലേയ്ക്ക്‌, ചാണകം മെഴുകിയ മുറ്റത്തേയ്ക്ക്‌, അച്ഛനൊപ്പം ഉപ്പും മുളകും ചേർത്ത് മാങ്ങ തിന്നിരുന്ന തിണ്ണയിലേയ്ക്ക്‌, ആകാശം തൊടാൻ കൊതിച്ച്‌ കുതിച്ചുയർന്ന ഊഞ്ഞാലിലേയ്ക്ക്‌, കോരിയിട്ടും കോരിയിട്ടും വറ്റാത്ത കിണറ്റിൽ നിന്നും തണുത്ത വെള്ളം പോലെ ഓർമ്മകളെ കോരിയെടുക്കണം, കരിമ്പനപ്പഴം പോലുള്ള ഓർമ്മകൾ കൊണ്ട് ഉള്ളം തണുപ്പിയ്ക്കണം, മച്ചിൽ വിരുന്ന് വരുന്ന നനിച്ചീരിനെ കൈകൊട്ടി പേടിപ്പിയ്ക്കണം, അമ്മമ്മയുടെ പുതപ്പിനടിയിൽ ചുരുണ്ടു കൂടിയുറങ്ങണം, അപ്പൂപ്പൻത്താടി പോലെ പറന്ന് നടക്കണം, പുളിമരത്തിന്‌ പിന്നിൽ ഒളിച്ചു കളിയ്ക്കണം, അമ്പലക്കുളത്തിൽ മുങ്ങിക്കുളിയ്ക്കണം, ഓർമ്മകളെയും പേറിപ്പോകുന്ന തീവണ്ടിയ്ക്കു നേരെ കൈ വീശണം, പൂമരപ്പൂമൊട്ടുകൊണ്ട്‌ നഖങ്ങളുണ്ടാക്കണം, മുണ്ടാമുണ്ടിക്കായ മിണ്ടാതെ പോയി പറിച്ചെടുക്കണം, തുപ്പലുമ്പൊട്ടിയെ തുപ്പൽ കൊണ്ട് പൊതിയണം, തൊട്ടാവാടിയെ തൊട്ടുറക്കണം, അങ്ങനെ പണ്ടെപ്പോഴോ കളഞ്ഞുപോയ എന്നെത്തന്നെ കണ്ടെടുക്കണം.... നന്ദി... സത്യപ്രിയ ജീ... കൂടെക്കൂട്ടിയതിന്‌, കരയിച്ചതിന്‌, ചിരിപ്പിച്ചതിന്‌, ചിന്തിപ്പിച്ചതിന്‌... നിങ്ങളെന്നിൽ ഒരു നോവായ്‌ പടർന്നില്ലായിരുന്നെങ്കിൽ അടിവേരുകളിലേയ്ക്ക്‌ തിരിഞ്ഞു നോക്കാതെ ആകാശം മാത്രം ലക്ഷ്യം വെച്ചുയരുന്ന ഒരു പാഴ്മരം മാത്രമാവുമായിരുന്നു ഞാൻ... വായന കഴിഞ്ഞിട്ടും ആ വാക്കുകൾ കാതിൽ വന്നലയ്ക്കുന്നു... "ഖുച്ചിരുവാ, സത്യപ്രിയാ, ഖുച്ചിരുവാ...." അതെ ഞാനും കാത്തിരിയ്ക്കുന്നു...ഘാതകന്റെ തുടർക്കഥയ്ക്കായി... വസന്തം എന്ന അമ്മയുടെ സ്വാതന്ത്ര്യത്തിന്റെ കഥകൾക്കായി, സത്യപ്രിയയുടെ ഘാതകന്റെ പുതിയ മുഖത്തിനായി, സമീറിന്റെ കാശ്മീർ കഥകൾക്കായി, അനുരൂപിന്റെ പുതിയ കണ്ടെത്തലുകൾക്കായി, പുതിയ ദിനകരൻ പിള്ളയ്ക്കും ശ്രീരാമിനും അഭിലാഷിനും നിഷയ്ക്കും ശിവപ്രിയയ്ക്കും എസ്.പിയ്ക്കും രജനിയ്ക്കും കോയിയ്ക്കലമ്മയ്ക്കും സത്യപ്രഭയ്ക്കും സത്യപ്രകാശിനും ഉലഹന്നാനും വേണുക്കുട്ടനും മഹിപാൽഷായ്ക്കും പ്രഭുദേവിനും മിതാലിയ്ക്കും കൃപേഷിനും പരമാർത്ഥിനും ആംഗ്രി ഹനുമാനും സന്ദീപയ്ക്കും ജോയ്ക്കും പറയാനുള്ള കഥകൾക്കായി..... കാത്തിരിപ്പ് വിഫലമാവില്ല എന്ന പ്രതീക്ഷയോടെ... ഇനിയും ഒരുപാട് ശക്തമായ കഥാപാത്രങ്ങൾ ആ തൂലികയിൽ നിന്നും പിറവി കൊള്ളട്ടെ എന്ന പ്രാർത്ഥനയോടെ... രഞ്ജിനി പ്രശാന്ത്

  ഘാതകനും ഞാനും
By Yamuna Kalyani
ഘാതകൻ' എന്ന നോവലിനെക്കുറിച്ചു ഒരുപാട് കേട്ടിരുന്നു. ചോദിക്കുമ്പോഴെല്ലാം പുസ്തകം തീർന്നു പോയെന്നായിരുന്നു മോൾ ഓഫ് ട്രാവന്കൂറിലെ പുസ്തക ശാലയിൽ നിന്നുള്ള മറുപടി. അങ്ങനെയിരിക്കെ കഴിഞ്ഞ മാസം വളരെ അപ്രതീക്ഷിതമായി എനിക്ക് 'ഘാതകൻ' കയ്യിൽ കിട്ടി അതെ കടയിൽ നിന്നു തന്നെ. ഞാനും എന്റെ പൂർവ്വകാല പ്രണയിതാവും അവസാനമായി ഒരുമിച്ചു പുസ്തകക്കടയിൽ കയറുന്നതും അന്നായിരുന്നു. ജോലി തിരക്കുകൾ കാരണം ഇന്നലെ രാത്രിയിലാണ് 'ഘാതകൻ' വായിക്കാൻ സമയം കിട്ടിയത്. സത്യപ്രിയയുടെ ഒപ്പമുള്ള ഘാതകനെ തേടിയുള്ള യാത്ര എന്റെ കൂടി യാത്രയായിരുന്നെന്നു ഇടയ്ക്കു തോന്നി തുടങ്ങി. ഒറ്റയടിക്ക് കൊല്ലാമായിരുന്നിട്ടും ഇഞ്ചിച്ചായി കൊല്ലുന്നതിന്റെ രസം കണ്ടെത്തുന്ന, എന്നാൽ സ്വയം മരണത്തെ തേടി അതിന്റെ ഉറവിടത്തെ തേടി യാത്ര തിരിക്കേണ്ടി വരുന്ന ഒരു സ്ത്രീ. അവൾ സ്വന്തം അസ്തിത്വത്തിന്റെ അസ്ഥിമാടങ്ങളിലേയ്ക്ക് സത്യങ്ങളും രഹസ്യങ്ങളും ചികഞ്ഞു പോയപ്പോൾ ഞാനും ഒപ്പം പോയി. പോകാതെ നിവൃത്തിയില്ലായിരുന്നു. എന്റെ ഉള്ളിലും നിഷേധിയായ കൂസലില്ലാതെ ഒരു സത്യപ്രിയ അങ്ങനെ പന്തുപോലെ ചുരുണ്ടു കിടന്നിരുന്നു. ജാതിയ്ക്കും മതത്തിനും സമ്പത്തിനും ശരീരത്തിനുമല്ലാതെ സ്നേഹിക്കാൻ കഴിയുന്നത് കുഞ്ഞുങ്ങൾക്ക് മാത്രമാണെന്ന തിരിച്ചറിവിലേക്ക് ഞാനും വന്നു തുടങ്ങിയ കാലത്തിൽ തന്നെയാണ് 'ഘാതകൻ' എന്റെ കയ്യിലെത്തുന്നതും. അൻപതിലേറെ പ്രായമുള്ള വൃദ്ധന്റെ മുന്നിലേയ്ക്ക് സ്വന്തം കാമുകിയെ ഒരു അറപ്പും കൂടാതെ വലിച്ചെറിഞ്ഞു കൊടുത്തിട്ടു പോകുന്ന കറ പുരളാത്ത അഴുക്കു പുരളാത്ത വസ്ത്രങ്ങൾ ധരിക്കുന്ന കാമുകനെക്കുറിച്ചോർത്തപ്പോൾ എനിക്കു ശ്വാസം മുട്ടി. പ്രാണൻ പിടയും മുമ്പ് ശരീരത്തിന്റെ പിടയൽ പോലെ എന്തോ ഒന്ന്. മരിച്ചു പോയവരുടെ അസ്ഥിവാരങ്ങൾ തേടി, അവരുടെ പൂർവ്വാശ്രമങ്ങൾ തേടി അലയുമ്പോഴൊക്കെ സ്വയം മുറിപ്പെടുമെന്ന് ഉറപ്പല്ലേ, അതും സ്വന്തം അച്ഛനാണെങ്കിലോ, അയാളുടെ തടിപ്പെട്ടിയിൽ ഉടയാത്ത ഒരു ചില്ലു ഭരണിയും അതിൽ ഫോർമാലിൻ ലായനിയിൽ മുങ്ങിക്കിടക്കുന്ന ഒരു മനുഷ്യ ഭ്രൂണവും ഉണ്ടെങ്കിലോ. അച്ഛന്റെ മുറിയിൽ നിന്നും മുറിവേറ്റു ജീവിതത്തിന്റെ അഴുക്കു ചാലിലേയ്ക്ക് സ്വയം ഇറങ്ങിപ്പോയ ഒരു പതിമൂന്നു വയസ്സുകാരി കൂടെയുണ്ടെങ്കിലോ, അതും നിങ്ങളുടെ കണ്മുന്നിലൂടെ. അവളുടെ പിഞ്ചു ശരീരത്തിൽ ഉയിർകൊണ്ട മറ്റൊരു ജീവനെ ഇല്ലാതെയാക്കാൻ ആശുപത്രിയിൽ കൂട്ടിരിക്കേണ്ടി വരുന്ന നിമിഷം, അതും ഒരു ബാലികയായ ഒരുവൾക്ക്. സത്യപ്രിയയ്‌ക്കൊപ്പം ഞാനും കൂട്ടിരുന്നു. അഭിലാഷിനെ പോലെ തികഞ്ഞ നാർസിസിസ്റ്റായ ഒരു കാമുകൻ എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ ഉണ്ടായിരിക്കുമെന്ന് തോന്നുന്നു. എങ്കിലും അയാൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ പലർക്കും പലതായിരിക്കാം. ഞാനായിരുന്നെങ്കിൽ ചിലപ്പോൾ എസ് ആകൃതിയുള്ള ആ പൈതൃക കത്തികൊണ്ട് അവന്റെ നെഞ്ച് പിളർന്നേനെ എന്നു തോന്നി. സത്യപ്രിയ അപ്പോഴേക്കും ഒരു സാധാരണ മനുഷ്യ സ്ത്രീയെക്കാളും വളരെ വളരെ മുന്നോട്ടെത്തിയിരുന്നല്ലോ. സമീറിനെപ്പോലെ മുറിവേറ്റ ഒരു യുവാവ് , ആത്മാവിൽ ചോരയൊലിപ്പിച്ചു നടക്കുന്ന ഒരുവൻ ആരുടെ ജീവിതത്തിലേക്കും എപ്പോഴും കയറി വരാമെന്നു തോന്നുന്നു. ദേശീയതയ്ക്കു നമ്മൾ നൽകുന്ന വ്യാഖ്യാനങ്ങളൊന്നും പോരാതെ വരും അവന്റെ നഷ്ടങ്ങളുടെ തുലാസിൽ സത്യങ്ങളിട്ടു തൂക്കിയാൽ. അയാളെ പോലെ ഒരാളുടെ വാക്കുകളിൽ അവൾ ആകൃഷ്ടയായതിൽ അത്ഭുതമില്ല. അല്ലെങ്കിലും മുറിവേറ്റവരുടെ വാക്കുകൾക്കും നോട്ടത്തിനുമെല്ലാം ഒരു മാസ്മരികതയുണ്ട്. വെറുതെയല്ല സത്യപ്രിയ സമീറിനെ പ്രണയിച്ചത്. കുപ്പിച്ചില്ലു നെഞ്ചിലിട്ടു ചോര പൊടിഞ്ഞിട്ടും അത് രത്നമാണെന്നു വിശ്വസിക്കുകയും ആ രത്നത്തിന് മുന്നിൽ താൻ കരിക്കട്ടയാണെന്നു സ്വയം പരിതപിക്കുകയും ചെയ്യുന്ന മിതാലിമാരുടെ എണ്ണിയാലൊടുങ്ങാത്ത ഒരു കൂട്ടത്തെ എനിക്കോർമ്മ വന്നു, എല്ലാ വീടുകളിലുമുണ്ടാവുമല്ലോ അങ്ങനെയൊരു മിതാലി. ഞാനും അങ്ങനെയൊരു കുപ്പിച്ചില്ലിനെ നെഞ്ചിലിട്ടു നടന്നിരുന്നല്ലോ എന്നോർത്തു. എങ്കിലും എന്റെ തലമുറയുടെ തലയിൽ കുറച്ചൊക്കെ നിലാവെളിച്ചം ഉള്ളതുകൊണ്ടാവണം ഞങ്ങൾ പകൽ വെളിച്ചത്തിൽ കുപ്പിച്ചില്ലുകൾ തിരിച്ചറിയുകയും അവയെ കുപ്പയിലേക്കു തിരികെ പ്രതിഷ്ഠിക്കുകയും ചെയ്തു. രത്നം പോലെ തിളങ്ങുന്ന കുപ്പിച്ചില്ലുകൾ കണ്ടാൽ തിരിച്ചറിയാനുള്ള കഴിവ് സത്യപ്രിയമാരുടെ അമ്മമാർക്കും ഇല്ലല്ലോ. അതുകൊണ്ടു തന്നെയാവണം അവർ പാതി ചത്ത ശവം പോലെയുള്ള, ഇരിക്കുന്ന ഇരിപ്പിൽ മല മൂത്ര വിസർജ്ജനം ചെയ്യുന്ന ശിവ പ്രസാദുമാരെ അവരുടെ ദുർഗന്ധം വമിക്കുന്ന ഭൂതകാല കർമ്മങ്ങൾ മറന്ന് പരിപാലിക്കേണ്ടി വരുന്നത്. അങ്ങനെയായിരിക്കണമല്ലോ ഭാരത സ്ത്രീ. പെട്ടെന്നൊരു ദിവസം നിങ്ങളുടെ പാതിയായ ഒരാൾ, നിങ്ങളുടെ ആത്മാവിന്റെ പാതി. അതൊരു കാമുകനോ ഭർത്താവോ അല്ല. നിങ്ങളുടെ കൂടെപ്പിറപ്പാണ്. അങ്ങനെയൊരാൾ പെട്ടെന്നൊരു ദിവസം ജീവിത വഴിയിൽ നിങ്ങളെ ഒറ്റയ്ക്കാക്കി ഒരൊറ്റ പോക്കു പോയാൽ എന്താണ് ചെയ്യുക. സത്യപ്രിയയെ ചേച്ചി ഇട്ടിട്ടു പോയ പോലെ എന്നെ എന്റെ ഏട്ടൻ അങ്ങനെ തനിച്ചാക്കി പോയത് ഞാനോർത്തു. ശിവപ്രിയ ശുദ്ധയും മണ്ടിയും ആയതു പോലെ എന്റെ ഏട്ടനും ഒരു ശുദ്ധ ഹൃദയനായിരുന്നു. ജീവിതത്തോട് കുറച്ചൊക്കെ യുദ്ധം ചെയ്യാനുള്ള കെൽപ്പു നിങ്ങൾക്കുണ്ടെങ്കിൽ എത്ര പരാജയപ്പെട്ടാലും സ്വയം തോൽക്കാൻ നിങ്ങൾ ഒരുക്കമല്ലെങ്കിൽ നിങ്ങളെ കാലം ഇവിടെ ബാക്കി വച്ചിട്ട് നിങ്ങളുടെ ഉറ്റവരെയൊക്കെ കവർന്നെടുക്കും. ഇരുട്ടിൽ പതുങ്ങിയെത്തുന്ന ഘാതകനെപ്പോലെ കാലവുമായും യുദ്ധം ചെയ്യേണ്ടി വരുന്നു. പണത്തിനും ശരീരത്തിനും ആഭിജാത്യത്തിനും ഒന്നും വേണ്ടിയല്ലാതെ ആരെങ്കിലും ആരെയെങ്കിലും പ്രണയിക്കുമോ? എന്തിനാണ് അങ്ങനെ പ്രതീക്ഷിക്കുന്നത്. വ്യാവഹാരിക ലോകത്തു ലാഭമില്ലാത്ത ഒന്നിനോടും ആർക്കും താല്പര്യമില്ല. സമീറിനെ അവൾ ഇത്രയേറെ സ്നേഹിക്കേണ്ടിയിരുന്നില്ല, അഭിലാഷിനെ അവൾ വിശ്വസിക്കേണ്ടിയിരുന്നില്ല. ഞാനായിരുന്നെങ്കിൽ ചിലപ്പോൾ അനുരൂപ് ഷെട്ടിയെ മാത്രമായിരിക്കും പ്രണയിക്കുക, അയാളിൽ ഒരു മനുഷ്യനെ കണ്ടിരുന്നു. ആരോ കൊല്ലാൻ നടക്കുന്ന ഒരു സ്ത്രീയുടെ കാര്യത്തിൽ ഇത്രയേറെ ഉത്സാഹം കാണിക്കാൻ അവർ രക്ഷപ്പെടണമെന്ന് ആഗ്രഹിക്കാൻ അവരുടെ പിന്നാലെ അവരുടെ ജീവ ചരിത്രം തേടി നടക്കാൻ അയാളെ പ്രേരിപ്പിച്ചത് മനുഷ്യത്വമാണെന്നു വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഭൂതകാലവും വർത്തമാന കാലവും ഇഴപിരിഞ്ഞു പോകുന്ന, സ്വന്തം ഉള്ളറകളിലേക്ക് അതിന്റെ തഴുതിട്ട വാതിലുകളിലേയ്ക്ക് രഹസ്യങ്ങളിലേയ്ക്ക് പുഴുക്കുത്തുകളിലേയ്‌ക്ക്‌ അങ്ങനെയങ്ങനെ സത്യപ്രിയ ഒരു യാത്ര പോകുകയാണ്. ഈ യാത്രയ്‌ക്കൊടുവിൽ ചിലപ്പോൾ നിങ്ങൾക്കും നിങ്ങളിലേക്ക് അങ്ങനെയൊരു യാത്ര പോകാൻ തോന്നും. അതാണ് ഈ കഥയുടെ മാന്ത്രികത, എഴുത്തിലെ വശ്യത. ക്യാൻവാസിൽ ഒരു പെയിന്റിങ് നോക്കി നിൽക്കുന്ന ഒരു നിമിഷം നിങ്ങൾ അതിന്റെ ഉള്ളിലേയ്ക്ക് വലിച്ചെടുക്കപ്പെടുകയും ആ ചിത്രമായി മാറുകയും ചെയ്യുന്ന ഒരു അനുഭവം പോലെയാണ് ആഖ്യാന ശൈലി. ഇടയ്ക്കു ഉള്ളു നീറുകയും പിടയുകയുമൊക്കെ ചെയ്യുമെങ്കിലും അവൾക്കൊപ്പം പോകാതിരിക്കാൻ എങ്ങനെ കഴിയും. അവനവനിലേക്ക് തന്നെയുള്ള സ്വത്വത്തിലേക്കുള്ള ഒരു യാത്ര എല്ലാവർക്കും എപ്പോഴെങ്കിലും വേണ്ടതുണ്ട് അതിനു ആന്തരികനായ ഒരു ഘാതകൻ നിങ്ങളുടെ ഉള്ളിൽ തന്നെ പതുങ്ങിയിരിക്കുന്നുമുണ്ട്. സത്യപ്രിയയെ പോലെ ഒരു സ്ത്രീയെ പ്രണയിക്കാൻ സ്വന്തമാക്കുവാൻ ഏതു പുരുഷനും ഒന്ന് ഭയക്കും കാരണം അവൾ തീർത്തും സ്വതന്ത്രയാണ്. അടിമയാക്കാൻ പറ്റാത്ത സ്ത്രീകളോട് ബഹുഭൂരിപക്ഷം വരുന്ന പുരുഷന്മാർക്കും ദേഷ്യമോ, പകയോ, അസൂയയോ ഒക്കെയാണ്. പ്രേമം ആവശ്യപ്പെടുന്നത് തീർച്ചയായും വിധേയത്വം തന്നെയാണ്. അല്ലാതെ രണ്ടു പേർക്കിടയിലൂടെ ഒഴുകുന്ന നദിയായി പ്രണയത്തെ സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു ഇന്ത്യൻ പുരുഷനെ ഞാൻ ഇന്നോളം കണ്ടിട്ടില്ല, ഇനി കാണുമെന്നു പ്രതീക്ഷയുമില്ല. തീർച്ചയായും സത്യപ്രിയ തന്നെയാണ് എനിക്കിഷ്ട്ടപ്പെട്ട കഥാപാത്രം, എങ്കിലും ഞാൻ സത്യപ്രിയ ആയിരുന്നെങ്കിൽ ചിലപ്പോൾ സാഹചര്യങ്ങളോടുള്ള പ്രതികരണങ്ങൾ വ്യത്യസ്തമായിരുന്നേനെ. സദാ സ്വതന്ത്രമായ ആത്മാവിനെ അതിന്റെ എല്ലാ സ്വാതന്ത്ര്യത്തോടെയും അറിഞ്ഞു തന്നെ ജീവിക്കുമായിരുന്നു. മരണത്തിനു മുന്നിലേയ്ക്ക് ഭയമില്ലാതെ കയറി ചെല്ലുന്ന ഒരുവൾ....എങ്കിലും എന്തിനു താൻ കൊല്ലപ്പെടുന്നു എന്നു അറിയേണ്ടത് ഒരു മൗലികാവകാശമല്ലേ? ഇന്നും ഈ രാജ്യത്തു ഒളിഞ്ഞും തെളിഞ്ഞും എന്തിനെന്നറിയാതെ അനേകം മനുഷ്യർ കൊല്ലപ്പെടുന്നു. അവരിലൊരാൾ ആവാൻ സത്യപ്രിയക്ക് കഴിയില്ല. അതെന്തുകൊണ്ടെന്നോ അവർ വസന്തത്തിന്റെ മകൾ ആയതുകൊണ്ട് തന്നെ. ഈ പുസ്തകം നിങ്ങൾ വായിച്ചില്ലെങ്കിൽ സമകാലീന ഇന്ത്യയിലെ വർത്തമാന കാല രാഷ്ട്രീയത്തിന്റെ, ജാതിയുടെ, മതത്തിന്റെ, ബന്ധത്തിന്റെ തുലാസുകൾ പണത്തിന്റെ അളവുകോൽ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് എങ്ങനെ കുറച്ചു കൂടി ബോധ്യം വരും. പണവും രാഷ്ട്രീയവും അധികാരവും മതവും ദേശീയതയും തമ്മിലുള്ള ഇഴപിരിക്കാൻ ആവാത്ത വലിയൊരു അവിഹിത ബന്ധത്തെയും നിങ്ങൾ പലയിടത്തായി കണ്ടെത്തും.ദേശീയതയും മനുഷ്യനും മനുഷ്യത്വവും സ്ത്രീയും പുരുഷനും അവർക്കിടയിൽ ജെൻഡറില്ലാതെ പുറന്തള്ളപ്പെടുന്ന സ്നേഹവുമൊക്കെ കാണാൻ കഴിയും. സത്യപ്രിയയ്‌ക്കൊപ്പം നിങ്ങളുമൊന്നു യാത്ര ചെയ്യേണ്ടതാണ്...മറഞ്ഞിരിക്കുന്ന ഘാതകനെ തേടി

  Rivetting read by any terms
By Saju Unniyattil
Just one word: "Unputdownable"

   ഘാതകൻ - ആത്മാവ് തൊട്ടറിഞ്ഞ പുസ്തകം
By muslihul ameen
ഘാതകൻ' എന്ന നോവലിനെക്കുറിച്ചു ഒരുപാട് കേട്ടിരുന്നു. ചോദിക്കുമ്പോഴെല്ലാം പുസ്തകം തീർന്നു പോയെന്നായിരുുന്നു. അവസാനം ക്യാമ്പസ്സിലെ ലൈബ്രെറിയിൽ നിന്ന് ആൻ അത് കിട്ടിയത് . വായിച്ചു ഇഷ്ട്ടപ്പെട്ടു . ഒരു മൂവി കാണുന്ന ഫെലിൽ ആൻ ഞാൻ അത് വായിച്ചു തീർത്തത് .

  സത്യമേവ ജയതേ
By Deepa Devassy
*ഘാതകൻ* മലയാളസാഹിത്യ ലോകത്തെ വളരെ തേജസ്സുറ്റ സാന്നിധ്യമായ കെ ആർ മീരയുടെ അന്വേഷാത്മക നോവലാണ് ഘാതകൻ. സ്ത്രീകളുടെ മനോഭാവങ്ങളെ വളരെ വ്യക്തതയോടെ വിശകലനം ചെയ്യുന്ന ഉദ്വേഗജനകമായ നോവലാണ് ഘാതകൻ എന്ന് പറയാം. ഒരു ശതാബ്തത്തിനിടയിൽ ഭാരതീയ സ്ത്രീകളുടെ, പ്രത്യേകിച്ച് മലയാള വനിതകളുടെ സ്വാതന്ത്ര്യ ബോധത്തിലും മനോവികാരങ്ങളിലും ആത്മധൈര്യത്തിലും വന്നിട്ടുള്ള മാറ്റങ്ങളിലേക്ക് പ്രത്യേകമായി വെളിച്ചം വീശുന്ന ഈ നോവലിൽ സത്യപ്രിയ എന്ന യുവതിയുടെയും അവളുടെ അമ്മയുടെയും ജീവിതപന്ഥാവിൽ അവരറിയാതെ വന്നുപോയിട്ടുള്ള വിവിധ വഴിത്താരകളിലേക്ക് അവരെ കൊണ്ടുപോകുന്ന ഒരു ഘാതകന്റെ ചിത്രം, വളരെ അന്വേഷണ ചാതുരിയോടെ വരച്ചു ചേർത്തിട്ടുണ്ട് എന്നത് നിസ്തർക്കമാണ് . ഓരോ പ്രാവശ്യവും സത്യയെ വധിക്കാൻ ശ്രമിക്കുന്ന ഘാതകൻ ,അവളുടെ പൂർവ്വകാല ചരിത്രത്തിന്റെ ഓരോരോ ഏടുകളിലും മറഞ്ഞിരിക്കുന്ന ഒരായിരം കഥകളിലേക്കും , വ്യക്തികളിലേക്കും അവളെ കൊണ്ടെത്തിക്കുന്നു. ആ കണ്ടെത്തലുകൾ, മറവിയുടെ മാറാലയാൽ പൂട്ടിക്കെട്ടിയിരുന്ന കാഴ്ചകളിലേക്ക് വീണ്ടും അവളെ എടുത്തറിയുന്നു. ഇതിലൊക്കെ അമ്പരപ്പളവാക്കുന്നത്...... ഒരു സാധു സ്ത്രീയായി ഭർത്താവിന്റെ മുമ്പിൽ തല താഴ്ത്തി നിന്നിരുന്ന അവളുടെ അമ്മയുടെ ആത്മധൈര്യത്തിൽ നിന്നുള്ള തീരുമാനങ്ങളും കണ്ടെത്തലുകളും ആണ് . അമ്മയാണോ മകളാണോ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ സഹജമായ ആറാമിന്ദ്രിയോപയോഗത്തിന്റെ ഉത്തമോദാഹരണമായി വർത്തിച്ചത് എന്നത് കൂടുതൽ വിശകലനത്തിനുവിഷയമായി ഭവിക്കുന്നു. സമകാലിക രാഷ്ട്രീയ ,സാമൂഹ്യ വ്യവസ്ഥിതികളുടെ നിരർത്ഥകമായ തീരുമാനങ്ങളെ ഇടയ്ക്കിടെ ആക്ഷേപഹാസ്യ ത്തിലൂടെ ഓർമിപ്പിക്കുന്ന ലേഖിക, നോട്ട് നിരോധനം എന്ന സംഭവം സാധാരണ ജനങ്ങൾക്കേൽപ്പിച്ച ആഘാതത്തെ തുറന്നുകാട്ടുന്നു. 2016 നവംബർ എട്ടാം തീയതിയിലെ നോട്ടുനിരോധനത്തോടനുടുത്താണ് ഈ നോവൽ എഴുതപ്പെട്ടത് എന്ന് നിസ്സംശയം പറയാം. വർത്തമാനകാലത്തിൽ നിന്ന് ഭൂതകാലത്തിലേക്കുള്ള വരവുപോക്കുകൾ "മഞ്ഞുമ്മൽ ബോയ്സ്" സിനിമയിൽ ഗുണകേവിൽ 'സുബാഷ് പോയി' എന്നുള്ള വീഴ്ചയെ ഓർമിപ്പിച്ചു എങ്കിലും ഘാതകനെ അന്വേഷിച്ചുള്ള യാത്രയിൽ ഭൂത വർത്തമാനകാലങ്ങൾ മാറിമാറി മിഴിചിമ്മാതിരിക്കുന്നതെ ങ്ങനെ? ചിലയിടങ്ങളിൽ നിസ്സഹായിയായി വിധിക്ക് വഴങ്ങി കൊടുക്കുന്ന സ്ത്രീജനങ്ങൾ ,അവശ്യ സന്ദർഭങ്ങളിൽ സ്വന്തം കുടുംബത്തിനുവേണ്ടി നിലപാടുകളോടെ ഉറച്ച കാൽ വെപ്പോടെ മുന്നോട്ടുപോകുക തന്നെ ചെയ്യും എന്ന സത്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ് മീരയുടെ ' ഘാതകൻ' എന്ന രചന. നമ്മുടെ സത്വത്തിന്റെ ഘാതകരാകാൻ ഏതൊരാൾക്കും അവസരമുണ്ട് എന്ന തിരിച്ചറിവ് , ചിന്താശേഷിയോടെ പുതിയ ചുവടുകൾ വെയ്ക്കാൻ നമ്മെ പ്രാപ്തരാക്കും എന്ന വലിയ സന്ദേശം ഈ നോവൽ നൽകുന്നുണ്ട്. സത്യത്തിന്റെ മുഖം എത്ര വികൃതമാണെങ്കിലും അത് എപ്പോഴെങ്കിലും പുറത്തു വരിക തന്നെ ചെയ്യും എന്ന് നോവൽ അരക്കിട്ടുറപ്പിക്കുന്നു. ഉപനിഷത്തിൽ നിന്നുള്ള "സത്യമേവ ജയതേ " എന്ന ആപ്തവാക്യം തന്നെയാണ് ഈ നോവലിന്റെ ഏറ്റവും മികവുറ്റആകർഷണം. ദീപ ദേവസ്സി


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0