• Text
  • Text

MANUSHYANU ORU AAMUKHAM

By : SUBHASH CHANDRAN



Book : MANUSHYANU ORU AAMUKHAM
Author: SUBHASH CHANDRAN
Category : Novel, April special
ISBN : 9788126428397
Binding : Normal
Publishing Date : 20-04-2026
Publisher : DC BOOKS
Edition : 39
Number of pages : 448
Language : Malayalam
Paper Back

Publisher: DC BOOKS
₹385.00 ₹499.00 23% off





Book Summary

അർത്ഥരഹിതമായ കാമനകൾക്കുവേണ്ടി ജീവിതമെന്ന വ്യർത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങൾക്ക് ഒരു ആമുഖം. ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചെലവിട്ട് തീർത്തും സാധാരണമായി ഒടുങ്ങുന്ന ആധുനിക മലയാളിജീവിതത്തെ ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാർത്ഥദർശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ. ഭാരതീയ ആഖ്യാന പാരമ്പര്യത്തിന്റെ ക്ലാസിക് സ്വരൂപത്തെ സുഭാഷ് ചന്ദ്രൻ തന്റെ ഈ നോവലിലൂടെ പുനഃപ്രതിഷ്ഠിക്കുകകൂടിയാണ്.

WRITE A REVIEW

Product name: MANUSHYANU ORU AAMUKHAM

Review title:



Your Ratings:

Your Message:




Book Reviews

  സുഭാഷ് ചന്ദ്രന് ഒരു ആമുഖം
By Salite Thomas
കരുത്തുറ്റ ഭാഷകൊണ്ടും കഥാപാത്രങ്ങളുടെ അവതരണരീതികൊണ്ടും ശ്രദ്ധേയമായ നോവലാണ് സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം'. മലയാളനോവലില്‍ തന്റെ വേറിട്ട ഒരു ശൈലി കാഴ്ചവെയ്ക്കാന്‍ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. എല്ലാവരും വായിച്ചിരിക്കേണ്ട ഒരു നോവല്‍.

  ബുക്ക്
By Anupriya TV
വായന

  മനുഷ്യന് ഒരു ആമുഖം
By Pradeep V K
ശക്തമായ കഥയും കഥാപാത്രങ്ങളും സുഭാഷ് ചന്ദ്രന്റെ ഗംഭീരമായ എഴുത്തും. മലയാളത്തിലെ പ്രിയ പുസ്തകങ്ങളിൽ ഒന്ന്

  മനുഷ്യന് ഒരു ആമുഖം
By Parvathy K G
നല്ല എഴുത്ത്‌. ഒരുപാട് ഇഷ്ടപ്പെട്ടു.

  മനുഷ്യന് ഒരു ആമുഖം????(സുഭാഷ് ചന്ദ്രൻ)
By SHON JOY
"പൂർണ്ണവളർച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ!" - അത്തരത്തിൽ വളർച്ചയുടെ പടവുകൾ താണ്ടവേ കാൽകുഴഞ്ഞു നിശ്ചലമായ മനുഷ്യന്റെയും മനുഷ്യരുടെയും ജീവിത ജന്മങ്ങളുടെ ഒരു ആമുഖം തന്നെയാണ് സുഭാഷ് ചന്ദ്രൻ എഴുതിയ 'മനുഷ്യന് ഒരു ആമുഖം' എന്ന അവിസ്മരണീയ നോവൽ. ഇനി എന്താണ് ഈ അവിസ്മരണീയമാക്കുന്ന ഘടകം എന്നതിലേക്ക് വരാം.. മലയാളികളുടെ വൈകാരിക ചരിത്രമാണ് ഈ നോവൽ അവതരിപ്പിക്കുന്നത് എന്നതിനുമപ്പുറം ലോകമാനവന്റെ ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള ജീവിതത്തിൽ അർത്ഥം നൽകുന്ന അതേ ഘടകങ്ങളെ, കൃത്യമായ ഭാഷാ ആഖ്യാന അവതരണ ശൈലികൊണ്ടു വരച്ചിടുമ്പോൾ, ഈ നോവൽ വായിക്കുന്ന ഏതൊരു മനുഷ്യനും അവന്റെ ജീവിതം തന്നെയോ അല്ലെങ്കിൽ അവന്റെ തലമുറയുടെ ജീവിതം തന്നെയോ ദർശിക്കാനാക്കുന്നു. ഒരു ഉദാഹരണമെടുത്താൽ ജിതൻ എന്ന ജിതേന്ദ്രന്റെ ജനനത്തിനും രണ്ടു ദശാബ്ദങ്ങൾക്കിപ്പുറം ജനിച്ച എനിക്കുപോലും ജിതന്റെ കൗമാരകൗതുക ജീവിതവുമായി സ്വജീവിതത്തെ താദാത്മ്യപ്പെടുത്തി സ്‌മൃതികളെ വീണ്ടെടുക്കുവാനും ചെറിയ തോതിലെങ്കിലും ഒരു ഗൃഹാതുരത്വം അനുഭവിക്കുവാനും സാധിക്കുന്നു. എഴുപതുകളുടെ ആദ്യത്തിൽ ജനിച്ച ജിതന്റെ കൗമാരത്തിൽ വൈദ്യുതിയും ടെലിവിഷനും മലയാളനാട്ടിലേക്ക് എത്തിയപ്പോൾ അമ്പരന്നുനിന്ന അതേ വികാരം തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ ജനിച്ച എനിക്കും അനുഭവിക്കാനായിട്ടുണ്ട്. എന്റെ നന്നേ ചെറുപ്പത്തിലാണ് വീട്ടിൽ വൈദ്യുതിബന്ധം ആദ്യമായി എടുക്കുന്നത്. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ടെലിവിഷൻ വാങ്ങുകയും അതിലൂടെ ദൂരദർശൻ എന്ന ഏക ചാനൽ വഴി ദൃശ്യവിനിമയങ്ങൾ കാണുന്നതും. കേബിൾ എന്ന മായാജാലം വരാനും മൊബൈൽ എന്ന ഇന്ദ്രജാലം വരുവാനും വർഷക്കണക്കുകൾ പിന്നെയും താണ്ടി. ആ ഒരു പുതുമ അനുഭവിക്കാനായത് എന്റെ വൈകാരിക ജീവിതത്തിന്റെ അഭിമാനം തുളുമ്പുന്ന ഒരു ഭാഗം തന്നെയാണ്. മലയാളി എന്നും ഗൃഹാതുരത്വത്തിന്റെ ഭക്തനാണ്. വിദേശനാടുകളിൽ ചെന്ന് പോലും നാം മലയാളികളെ ബോധപൂർവമല്ലെങ്കിൽ പോലും അറിയാതെ തേടുന്നു. നാട്ടിൽ ജീവിക്കാൻ അവസ്ഥ തരപ്പെടാതെ വിദേശത്തുപോയി സമ്പാദിക്കുന്നതിനിടയിലും നാട്ടിലേക്കു വരുവാൻ വിരോധാഭാസപരമായി ആഗ്രഹിക്കുന്നവരല്ലേ നാം?! മനുഷ്യബന്ധങ്ങളെയും ആ ബന്ധങ്ങൾ കാലക്രമേണ തീർക്കുന്ന വേലിക്കെട്ടുകളെയും അതും പോരാതെ തീർക്കുന്ന വൻമതിലുകളെയും കാലത്തിന്റെ താളുകളിൽ എഴുത്തുകാരൻ കുറിച്ചിടുന്നു. നാറാപിള്ളമാർക്ക് ഇന്നും കുറവില്ലാത്ത ലോകമല്ലേ ഇത്! ജാതി മത വർഗ വിദ്വേഷങ്ങൾ വീണ്ടും നാടിനെ ദുർഗന്ധപൂർണമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിനായി പുതിയ കാലത്തിന്റെ നാറാപിള്ളമാർ നേതൃത്വം വഹിക്കുന്നു. ഈ നോവലിൽ ചേർക്കാത്തതോ പ്രതിപാതിക്കാത്തതോ ആയ ഏതെങ്കിലും വൈകാരിക വികസന നവോത്ഥാന രംഗങ്ങൾ ഈയൊരു നൂറ്റാണ്ടിനിടെ കേരളത്തിൽ അരങ്ങേറിയിട്ടുണ്ടോയെന്ന് ഞാൻ അത്ഭുതപ്പെട്ടുപോവുകയാണ്. അയ്യാട്ടുമ്പിള്ളിയും തച്ചനക്കര ഗ്രാമവും മുഴുവൻ കേരളീയ സമൂഹത്തെയും പകർന്നാടുന്നതിൽ വിജയിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. ജനനവും പ്രണയവും രതിയും മരണവും മാത്രം മനുഷ്യനെ നിർവചിക്കുമ്പോൾ സ്വന്തം കാൽപാടുകൾ ഈ ലോകത്തിൽ പതിപ്പിക്കാതെ മൺമറിഞ്ഞു പോവേണ്ടി വരുന്നതിനെ ഏതൊരു മനുഷ്യനെപ്പോലെയും ജിതേന്ദ്രൻ ഭയപ്പെടുന്നു. നമുക്കും ആ ഭയമില്ലേ?! "ധീരനും സ്വതന്ത്രനും സർവോപരി സർഗാത്മകനുമായ മനുഷ്യ ശിശു അറുപതോ എഴുപതോ വർഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീർന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവിൽ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചു പോകുന്നതിനെയാണ് മനുഷ്യജീവിതം എന്നു പറയുന്നതെങ്കിൽ, പ്രിയപ്പെട്ടവളേ മനുഷ്യനായി പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല." - എന്ന് ജിതൻ തന്റെ ജീവിതസഖിയോട് പറയുമ്പോൾ ജീവിച്ചിരിക്കെ അഭിമാനിക്കുവാൻ ഒന്നും നേടാതെപോയ ഒരു ജന്മത്തെ മനുഷ്യനെന്ന് എങ്ങനെ നിർവചിക്കാനാകുമെന്ന് ജിതനെപ്പോലെ നമ്മളും വ്യാകുലപ്പെടുന്നു. മനുഷ്യന് ഒരു ആമുഖം ഒരേ സമയം ഗൃഹാതുരത്വം നൽകുകയും ഓർമ്മപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്ത് ഒരു നദി പോലെ ഒഴുക്കോടെ പ്രവഹിക്കുകയാണ്. വായിക്കുന്ന ഏതൊരു വ്യക്തിക്കും തന്റെ ജീവിതത്തിന്റെയും പോയകാലത്തിന്റെയും ആമുഖം ദർശിക്കാനാകുന്നു എന്നിടത്ത് ഈ കൃതി അനശ്വരമാകുകയാണ്.. ✒️ഷോൺ ജോയ്

  മനുഷ്യനു ഒരു ആമുഖം
By Suraj Rajesh Chelat
'മനുഷ്യനു ഒരു ആമുഖം' സുഭാഷ്‌ ചന്ദ്രൻ എന്ന സൃഷ്ടികർത്താവിനു മാത്രം സാധ്യമാകുന്ന, ബൃഹത്തായ ഭൂതകാലഭൂപടത്തിന്റെ പുന:വായനയും മനുഷ്യസത്തയുടെ ധ്യാനവുമാണു. അതുല്യമായ ഭാഷയുടേയും അനന്യമായ ഭാവനയുടേയും സങ്കലനത്തിൽ പിറന്നു വീഴുന്ന ഓരോ അക്ഷരങ്ങളും, മനുഷ്യന്റെ നിഗൂഢമായ അസ്തിത്വത്തിലേക്ക് ഇറങ്ങി ചെന്ന് അവന്റെ ജന്മവാസനകളുടെ യഥാർത്ഥമാനങ്ങൾ വരച്ചിടുന്നു. അവയ്ക്ക്‌ അവനും, അവന്റെ പൂർവ്വികരുമായുള്ള ബന്ധമെന്തെന്ന് സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ വെളിവാക്കുന്നു. ജനിതക വിത്തുകളിൽ പതിയുറങ്ങുന്ന, ഒരിക്കലും മായ്ച്ചുകളയാനാകാത്ത വിധം അലിഞ്ഞു ചേർന്നിട്ടുള്ള വംശസ്വഭാവം നോവലിലെ പല കഥാപാത്രങ്ങളിലും, പല തോതിൽ അങ്ങിങ്ങായി നിഴലിക്കുന്നതു കാണാം. ആത്യന്തികമായി മനുഷ്യനെന്ന ജീവനിർമ്മിതിയുടെ-മനുഷ്യകുലത്തിന്റെ പരിച്ഛേദമായ നോവൽ, സർഗ്ഗസൃഷ്ടിയെന്ന് പ്രക്രിയയുടെ വിചിന്തനം കൂടിയാണു. കേരള/ലോക ചരിത്രത്തിന്റെ സുപ്രധാനമായ ഏടുകളെ തൊട്ടുണർത്തിക്കൊണ്ട്‌ സഞ്ചരിക്കുന്ന ആഖ്യാനം, 'തച്ചനക്കര'യെന്ന വിപുലമായൊരു സാങ്കൽപ്പിക ദേശത്തെ പ്രധാനകഥാപാത്രമാക്കുകയും, അവിടെ കാലങ്ങളായി നിലനിന്നിരുന്ന സാമൂഹിക/രാഷ്ട്രീയ/ജാതീയ/കുടുംബപരമായ വ്യസ്ഥിതികളെ നമുക്ക്‌ മുന്നിൽ തുറന്നുവെക്കുകയും ചെയ്യുന്നു. പ്രാഥമികമായും ജനനം തൊട്ട്‌ മരണം വരെ നീളുന്ന മനുഷ്യായുസ്സിന്റെ-എണ്ണമറ്റ വിഹ്വലതകളും അരക്ഷിതത്വങ്ങളും, ജന്മോദ്ദേശവും ഉണ്മയുടെ സാരവുമാണു നോവലിനു ആധാരം. താൻ തന്നിലേക്ക്‌ തന്നെ ആഴ്‌ന്ന് നോക്കാനേന്തുന്ന മനസ്സിന്റെ കണ്ണാടി പോലെ നിഷ്കപടമായ അപൂർവ്വ സാഹിത്യസൃഷ്ടി.

  മുൻപേ എഴുതിപ്പോയ കവിത
By Pratheesh D
തച്ചനക്കരയുടെ,അയ്യാട്ടുംമ്പിള്ളിയുടെ അവിടുത്തെ മൂന്ന് തലമുറയിൽപ്പെട്ട അനേകം മനുഷ്യരുടെ ഇതിഹാസമെന്ന് ഞാനിതിനെ വിളിക്കട്ടെ.. അവരുടെ ജീവിതവും, അതിന്റെ ആഴവും പരപ്പും, തുടക്കവും ഒടുക്കവും, ദുഷ്ടതയും, അന്ധവിശ്വാസങ്ങളും രൂഢമൂലമായ മുൻവിധികളും, കൊച്ചു കൊച്ചു നോവുകളും, വ്യഥകളും, അസ്ഥിത്വദുഃഖവും ചേർന്ന് ആകാശം മുട്ടെ വളർന്നു നിൽക്കുന്ന ഒരു പുസ്തകം. ചതുർവിധ പുരുഷാർത്ഥങ്ങളായി ( ധർമ്മം അർത്ഥം കാമം മോക്ഷം) സുഭാഷ്‌ ചന്ദ്രൻ വരച്ചിടുന്നു. ജിതേന്ദ്രൻ, അയാളുടെ അമ്മാവൻ ഗോവിന്ദൻ, ഗോവിന്ദന്റെ അച്ഛൻ നാറാപിള്ള എന്നിവരിലൂടെ മനുഷ്യന് ഒരു ആമുഖം കടന്നുപോകുന്നു. എങ്കിലും നാറാപ്പിള്ളയും കുഞ്ഞുഅമ്മയുമാണ് കഥയിലെ പ്രധാന വേരുകൾ.. പൂർണ്ണവളർച്ചയെത്തും മുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യനെന്നും ഒരാളുടെ മരണശേഷവും നില നിൽക്കാൻ കെൽപ്പുള്ളവയാണ് അയാൾ പുറപ്പെടുവിക്കുന്ന യഥാർത്ഥ വാക്കുകൾ എന്നും സുഭാഷ് ചന്ദ്രൻ ഇവിടെ രേഖപ്പെടുത്തുന്നു. ഗാമയിൽ നിന്ന് തുടങ്ങുന്ന വരുത്തൻമാരുടെ പരമ്പരയിൽ ഇങ്ങേയറ്റം ഈ പാവം ഞാനാണ്... വന്ന ദൂരം ചെറുതാണെന്നും താണ്ടിയ സമുന്ദ്രം കണ്ണുനീരിന്റെതാണെന്നും ഉപയോഗിച്ച പായ്കപ്പൽ ഏകാന്തതയുടെതാണെന്നുമുള്ള വ്യത്യാസമുണ്ട്... വാക്കുകൾ ഒഴുകയുകയാണിവിടെ.. "ജീവിതത്തെ പറ്റി വായിക്കാൻ കൊള്ളാവുന്ന വല്ലതും എഴുതുക അല്ലെങ്കിൽ മറ്റുള്ളവർക്ക് എഴുതാൻ കൊള്ളാവുന്ന തരത്തിൽ ജീവിക്കുക മരണത്തിൽ നിന്നുള്ള രക്ഷാമാർഗങ്ങൾ ഇത് രണ്ടുമെയുള്ളൂ.." എന്ന് പറയുന്നുണ്ടെങ്കിലും "ജീവിതത്തെക്കുറിച്ച് എഴുതാൻ തുനിയുന്നവരെല്ലാം ഒരിടത്ത് പരാജയപ്പെട്ടെ മതിയാകു.." എന്നൊരു തിരിച്ചറിവ് കഥയിലും ജീവിതത്തിലും ഉരിത്തിരിയുന്നതായി കാണാം. സ്ഥാനക്കയറ്റം ലഭിക്കുന്തോറും സ്വയമൊരു താഴ്ത്തിക്കെട്ടൽ അനുഭവപ്പെടുന്ന ഒരേയൊരു ഉദ്യോഗമേയുള്ളൂ . അത് ജീവിതമാണെന്ന് ഇവിടെ വിളിച്ചുപറയുന്നതായി കാണാം. ശാശ്വതമെന്ന മിഥ്യാബോധം പുരണ്ട് തിളങ്ങി നിൽക്കുന്ന ചിലത് പൊടുന്നനേ പൊലിഞ്ഞു ശൂന്യതയിൽ വിലയം കൊള്ളുന്നു.. ഹാ! എത്ര മനോഹരമായാണ് അനശ്വരതയെ വരച്ചിടുന്നത്. "പെണ്ണേ എന്റെ ചിറകിനടിയിലേക്ക് നൂണ്ടുകയറൂ.. എന്റെ തണലിലേക്ക് ചേർന്ന് നില്ക്കു.. എന്റെ മഴ നനയു.." താളുകളിൽ പ്രണയം അലയടിക്കുന്നുണ്ട്. സ്വർണ്ണം കൊണ്ട് മൂടിയ പെണ്ണ് മലർത്തിയിട്ട ആമയെപ്പോലെ ഒരു ദയനീയ ദൃശ്യമാണ് എന്ന് പറയുമ്പോൾ സമൂഹ്യവിമർശനമായി അത് മാറുന്നു. മരണത്തിന് അതീവദുഃഖകമായ ഒരു ശൂന്യത സൃഷ്ടിക്കാൻ കഴിയും സ്നേഹിക്കുന്നവരുടെ ഉള്ളിൽ എന്ന അഗ്നി നിറഞ്ഞ വാക്കുകൾ സഹൃദയനെ പൊള്ളിക്കുന്നുണ്ട്. മണൽഘടികാരത്തിന്റെ രണ്ടറകൾ പോലെ വികാരവും വിചാരവും അരിച്ചിറങ്ങുന്ന ഹൃദയത്തെയും തലച്ചോറിനെയും തിരിച്ചും മറിച്ചും വെച്ച് അവർ എന്തിനാണ് എഴുതാനിരിക്കുന്നത്..? പണത്തിനോ പ്രശസ്തിക്കോ ഒന്നും ചെയ്യാനില്ലാത്ത ഏകാന്തതയുടെ ദ്വീപിൽ ഒരാൾ അവനെ തന്നെ ബലി നൽകാൻ മോഹിക്കുന്നത് എന്ത് കൊണ്ടാണ്..?? ഈ ചോദ്യത്തിനുള്ള ഉത്തരം തേടി അലയാം എന്നല്ലാതെ എന്നാണ് കണ്ടെത്താൻ കഴിയുക. നീ പ്രതീക്ഷിക്കുന്ന തരത്തിലുള്ള കവിതകൾ ഞാൻ പണ്ടേ എഴുതിപോയി .. നിന്നെ കണ്ടുമുട്ടുന്നതിനും എത്രയോ മുമ്പേ.. എന്റെ പെണ്ണേ... നിന്നെ സ്നേഹിക്കാൻ മാത്രമായി മഹത്തായ ഒരു പുസ്തകം നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമാണ്.. ആൻമേരിയും ജിതേന്ദ്രനും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ്. അല്ലെങ്കിലും മനസ്സുനിറഞ്ഞ സ്നേഹത്തെക്കാൾ മികച്ച ഒരു ഊന്നുവടിയില്ലല്ലോ..!! എല്ലാ പർവതങ്ങളുടെയും കീഴറ്റത്ത് ഒരേ ലാവ തന്നെ തിളയ്ക്കുന്നു.. ദുർബലമായ പർവതങ്ങളിലൂടെ ചിലപ്പോൾ അത് പുറത്തേക്ക് ചീറ്റിയെന്നിരിക്കും ... അത്തരം പർവതങ്ങളെ നമ്മൾ അഗ്നിപർവതം എന്ന് വിളിക്കുന്നു.. മനുഷ്യന് ഒരു ആമുഖം അത്തരത്തിലൊരു വിസ്ഫോടനമാണ്.. ദീപ്തമായ കഥാപാത്രങ്ങൾ, അത്യന്തം വികാരതീക്ഷ്ണതയുള്ള ജീവിതമുഹൂർത്തങ്ങൾ, എല്ലുറപ്പുള്ള ഭാഷ, അസാധാരണമാംവിധം ചൈതന്യവത്തായ ഇമേജുകൾ, മനുഷ്യാവസ്ഥയുടെ നാനാമുഖങ്ങളെക്കുറിച്ചുള്ള മൗലികനീരീക്ഷണങ്ങൾ.. അർത്ഥരഹിതമായ കാമനങ്ങൾക്കുവേണ്ടി ജീവിതമെന്ന വ്യർത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യ ജന്മങ്ങൾക്ക് ഒരു ആമുഖം....!!!

  Review competition
By Anamika Sajeev
പൂര്‍ണ്ണവളര്‍ച്ചയെത്തും മുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ ’ എന്ന വാചകത്തോടെയാണ് സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം ആരംഭിക്കുന്നത്.  മിത്തും ചരിത്രവും കൂട്ടിക്കുഴച്ചുകൊണ്ട്, കഥ നടക്കുന്ന തച്ചനക്കര ഗ്രാമത്തെ ഒരു ചരിത്രഗവേഷകന്‍റെ സൂക്ഷ്മതയോടെയാണ് കാന്‍വാസിലെന്നപോലെ കഥാകാരൻ വരച്ചിടുന്നത്. തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളി എന്ന കുടുംബത്തിന്റെ നാല് തലമുറകളിലൂടെയുള്ള അതാത് കാലഘട്ടങ്ങളുടെ രേഖപ്പെടുത്തലാണ്‌ ഈ കഥ. അയ്യാട്ടുമ്പിള്ളിയെന്ന നായർ തറവാട്ടിലെ ഇളമുറക്കാരനായ ജിതേന്ദ്രനിലൂടെയാണ് നോവൽ വികസിക്കുന്നത്. ജിതന്‍ കാമുകിയായ ആന്‍ മേരിക്കയച്ച കത്തുകളിലൂടെ പുനര്‍ജ്ജനിക്കുന്ന മുന്നൂറ്റിഎഴുപത്തിരണ്ട് പേജുള്ള ഈ കൃതി മലയാളനാടിന്‍റെ സാംസ്കാരികചരിത്രം കൂടിയാണ്. ജിതേന്ദ്രൻ, അയാളുടെ അമ്മാവൻ ഗോവിന്ദൻ, ഗോവിന്ദന്റെ അച്ഛൻ നാറാപിള്ള അഥവാ നാരായണപിള്ള എന്നിവരിലൂടെ മനുഷ്യന് ഒരു ആമുഖം കടന്നുപോകുന്നു.  'ധീരനും സ്വതന്ത്രനും സർവ്വോപരി സർഗ്ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വർഷം കൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീർന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടി മാത്രം ചെലവിട്ട് ഒടുവിൽ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യ ജീവിതം എന്നു പറയുന്നതെങ്കിൽ, പ്രിയപ്പെട്ടവളേ, മനുഷ്യനായി പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല.' ജിതേന്ദ്രൻ പ്രണയിനിയായ ആൻമേരിക്കയച്ച കത്തുകളിലൊന്നിലെ ഈ വരികളാണ് മനുഷ്യന് ഒരു ആമുഖത്തിന്റെ ആധാരവും ആകർഷണീയതയും. നോവലിന്‍റെ കവര്‍പേജില്‍ നിന്നു തുടങ്ങുന്ന വിസ്മയകരമായ ആ ഞെട്ടല്‍ വായനയുടെ അന്ത്യം വരെ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഈ നോവലിന്‍റെ വിജയം ! ജീവിതം പൂര്‍ണ്ണമാക്കാനുള്ള അന്വേഷണം തുടര്‍ജന്മങ്ങളിലൂടെ സഫലമാകുമെന്ന പ്രതീക്ഷയോടെ കഥ അവസാനിക്കുമ്പോഴും കഥാപാത്രങ്ങൾ മനസ്സിൽ നിറഞ്ഞാടുന്ന അവസ്ഥ സംജാതമായേക്കാം. തീര്‍ച്ചയായും ഈ കൃതി മറ്റൊരു ഇതിഹാസമാണ്!!

  ജിതേന്ദ്രനിലൂടെ മനുഷ്യന് ഒരു ആമുഖം :::
By ???? ?????
മനുഷ്യൻ ഒരു ആമുഖം:::::: മനുഷ്യൻ ഒരു ആമുഖം എന്ന നോവലിലൂടെ സുഭാഷ് ചന്ദ്രൻ മനുഷ്യന്റെ ക്ഷണികത യിലേക്കാണ് വിരൽ ചൂണ്ടുന്നത്. മലയാളത്തിന്റെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് സുഭാഷ് ചന്ദ്രൻ. നാം അടങ്ങുന്ന ലോകത്തിന്റെ ഏതറ്റത്തും മനുഷ്യൻ എന്നത് വളരെ ചെറുതാണെന്ന് അദ്ദേഹം അക്ഷരങ്ങളിലൂടെ തെളിയിക്കുന്നു. ""പൂർണ വളർച്ചയെത്തും മുൻപേ മരിച്ചുപോകുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യൻ"" നോവലിന്റെ ഒഴുക്കിൽ അദ്ദേഹം ഈ വാക്കുകളെ കെട്ടിയിടുന്നു,. അല്ലെങ്കിൽ വായനക്കാരന്റെ ഉള്ളിലേക്ക് കുത്തിയൊലിക്കുന്ന അക്ഷരങ്ങളിൽ ഈ വാക്കുകൾ ഒരു തടാകത്തെ സൃഷ്ടിക്കുന്നു. ജീവിതത്തിന്റെ അന്തസത്ത മനസ്സിലാക്കാതെ ജീവിച്ചു മരിക്കുന്ന മനുഷ്യന്റെ ജീവിതം കാരണങ്ങളോ ഒഴിഞ്ഞുമാറി നിൽക്കുന്ന സന്തോഷം പോലെ മുഴുമിപ്പിക്കുകസന്തോഷം പോലെ മുഴുമിപ്പിക്കുന്ന ഒന്നാണ് എന്ന് ഇവിടെ വ്യക്തമാകുന്നു. തച്ചനിക്കരയിലെ (ഗ്രാമം) ജിതേന്ദ്രനിലൂടെ നോവൽ എത്തി നിൽക്കുന്നത് കേരളത്തിലാകുന്നു. മൂല്യങ്ങളെല്ലാം കയ്യൊഴിഞ്ഞു, ആർത്തിയൊട്ടും തീരാതെ ജീവിതം നിലയ്ക്കുവാൻ തുടങ്ങുന്ന പുത്തൻ കാലത്തെ ഇവിടെ വിവരിക്കുമ്പോൾ ഇന്നലയിൽ നിന്നു ഇന്ന് എത്തിനിൽക്കുന്ന കേരളത്തെ ഈ നോവൽ പറഞ്ഞു വെയ്ക്കുന്നു. ഒരു ഗ്രാമത്തിന്റെ നൂറു വർഷത്തെ ചരിത്രം ഇവിടെ അവതരിപ്പിക്കുമ്പോൾ, നാമെല്ലാവരും ഇവിടെ നൂറു വട്ടം ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. മനുഷ്യനെ കുറിച്ചുള്ള ദാർശനികമായ അന്വേഷണം വ്യെത്യസ്തമായ ആഖ്യാനത്തിൽ ഇവിടെ വരച്ചിടുന്നു. ധർമം, അധർമ്മം, കാമം, മോക്ഷം തുടങ്ങിയ മനുഷ്യന്റെ പച്ചയായ ജീവിതത്തെ ഈ നോവലിൽ വരച്ചുകാട്ടുന്നു. ഒരു മനുഷ്യൻ എന്ന നിലയിൽ വായനക്കാരന് തന്റെ ആത്നമാവിനെ കണ്ടെത്തുവാൻ ഈ നോവലിൽ സാധ്യമാകുന്നു. "മനുഷ്യൻ ഒരു ആമുഖം " എന്ന പേരുകളിലെ അർത്ഥം വായന മുഴുവപ്പിക്കുമ്പോൾ ആസ്വാദകന് നേടാൻ കഴിയുന്നു..... ആവണി സെൽവൻ

  മനുഷ്യന് ഒരാമുഖം -സുഭാഷ് ചന്ദ്രൻ - ജീവിതത്തിൻ്റെ നേർക്കാഴ്ച
By Rema sasi
ഉത്തരാധുനിക മലയാള ചെറുകഥാകൃത്തുക്കളിൽ പ്രമുഖനായ സുഭാഷ്ചന്ദ്രൻ്റെ ആദ്യനോവലാണ് 'പൂർണ വളർച്ചയെത്തും മുൻപ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ-' എന്ന ആമുഖ വാചകത്തോടെയാണ് ആരംഭിക്കുന്ന 'മനുഷ്യന് ഒരാമുഖം'എന്ന പുസ്തകം. ആലുവപ്പുഴയുടെ തീരത്തായി 'തച്ചനക്കര' എന്ന സാങ്കല്പികദേശം സൃഷ്ടിച്ച് അവിടെയുള്ള അയ്യാട്ടമ്പള്ളി എന്ന പ്രമുഖ നായർതറവാടിൻ്റെ 1920 മുതലുള്ള നൂറുവർഷത്തെ കഥ പറയുകയാണ് നോവലിസ്റ്റ്.പത്ത് അധ്യായങ്ങൾ വീതമുള്ള നാല് ഭാഗങ്ങളായി നോവലിനെ തിരിച്ചിട്ടുണ്ട്.ഓരോ അദ്ധ്യായത്തിൻ്റേയും ആമുഖമായി ജിതേന്ദ്രൻ തൻ്റെ കാമുകിയായ(പിന്നീട് ഭാര്യയായിത്തീർന്ന)ആൻമേരിയ്ക്കയച്ച കത്തിൻ്റെ ഒരു ഭാഗം കൊടുത്തിട്ടുണ്ട്.എഴുത്തിൻ്റെ മാസ്മരികത ഈ കത്തിൽ നമുക്ക് കാണാം.നോവൽസാഹിത്യത്തിന് തന്നെ പുതുമയേറിയ ഒരദ്ധ്യായമായിത്തീരാൻ ഈ രചനാ തന്ത്രത്തിലൂടെ സുഭാഷ്ചന്ദ്രന് സാധിച്ചിട്ടുണ്ട്. നാറാപ്പിള്ള എന്ന നാരായണപ്പിള്ള ഒരു ഫ്യൂഡൽപ്രഭുതന്നെയായിരുന്നു.അയാളിൽ നിന്നും ഇന്നത്തെ തലമുറയിലെ ജിതേന്ദ്രനിലേക്ക് കഥ വികസിക്കുന്നു.ഈ രണ്ട് മുഖ്യ കഥാപാത്രങ്ങൾക്കിടയിലൂടെ നൂറിലധികം മറ്റു കഥാപാത്രങ്ങളും രംഗപ്രവേശം നടത്തുന്നു.വ്യത്യസ്ത സന്ദർഭങ്ങളിലൂടെ നമ്മുടെ ചുറ്റുപാടുമുള്ള സാധാരണക്കാരായി അവർ നമ്മുടെ ഹൃദയം കീഴടക്കുന്നു. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിൻ്റെ നേർക്കാഴ്ചയാണീ നോവൽ.ജീവിതത്തിനും,മരണത്തിനുമിടയിൽ എല്ലാ മനുഷ്യരും ചെയ്തുകൂട്ടുന്നത് ഒരേ കാര്യം തന്നെയാണെന്ന് ഈ നോവൽ നമ്മോട് പറയുന്നു.എല്ലാ സാധാരണ മനുഷ്യരേയും പോലെ ജീവിതം എന്നാൽ പഠനം,ജോലി,വിവാഹം,വീടുണ്ടാക്കൽ എന്നിവ മാത്രമാണെന്ന് ഇതിലെ പല കഥാപാത്രങ്ങളും തെളിയിക്കുന്നുണ്ട്.ജീവിതത്തിൻ്റെ അർത്ഥശൂന്യത ബോധ്യപ്പെടുത്തുന്ന ഈ നോവൽ നമ്മുടെ ഹൃദയത്തോടാണ് സംസാരിക്കുന്നത്. 'മനുഷ്യനായി പിറന്നതിൽ എനിക്ക് അഭിമാനിക്കാനൊന്നുമില്ല'എന്ന് ശക്തിയുക്തമായി പറയാൻ ജിതേന്ദ്രന് സാധിച്ചിട്ടുണ്ടെങ്കിൽ അതിനവനെ പ്രേരിപ്പിച്ചത് അവൻ്റെ ജീവിത സാഹചര്യങ്ങൾ തന്നെയായിരിക്കും.അർത്ഥമില്ലാത്ത കാമനകൾക്കുവേണ്ടി ജീവിതമെന്ന വ്യർത്ഥ കാലത്തിലൂടെ സഞ്ചരിക്കുന്നവരാണല്ലോ നാം.പരദൂഷണം,പൊങ്ങച്ചം,വെറുപ്പ്,അസൂയ,സ്വന്തം സന്തതികളോടുമാത്രമുള്ള താല്പര്യം,മറ്റുള്ളവരെ അംഗീകരിക്കാനും,അഭിനന്ദിക്കാനുമുള്ള വൈമനസ്യം ഇങ്ങനെ നിത്യജീവിതത്തിൽ കാണുന്ന എല്ലാ സംഭവവികാസങ്ങളും ഒരു ചലച്ചിത്രത്തിലെന്നപോലെ ഈ നോവലിൽ മിന്നിത്തെളിയുന്നു. വേറിട്ട അവതരണശൈലിയിലൂടെ അനുവാചകരുടെ ഹൃദയം കീഴടക്കിയ ഈ നോവൽ 1920ൽ തുടങ്ങി 2026ൽ അവസാനിക്കുന്നു.ഭാവിയിലെ കാര്യങ്ങൾ വർത്തമാനത്തിലൂടെ പറയുന്ന ഈ നോവൽ മലയാള സാഹിത്യത്തിലെ തിളക്കമുള്ള നക്ഷത്രമായി എന്നെന്നും ജ്വലിച്ചുനില്ക്കും.

  മനുഷ്യന് ഒരു ആമുഖം
By anakha ravi
തച്ചനക്കര എനിക്ക് അപരിചിതമല്ല... നാറാപിള്ളയും, ജിതേന്ദ്രനും, കുഞ്ഞുഅമ്മയും ആരും എനിക്ക് അപരിചിതരുമല്ല..അവരിൽ ഓരോരുത്തരും നമ്മളിൽ ചിലരാണ്.. തച്ചനക്കര നമ്മുടെയും നാടാണ്... നമ്മുടെ ജീവിതത്തെയും ചിന്തകളെയും മനോവൈകല്യങ്ങളെയും ഇത്രത്തോളം ആഴത്തിൽ തൊട്ടറിഞ്ഞ മറ്റൊരു കൃതിയും മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന് തീർച്ച.... ഇന്നോളം ഞാൻ എത്ര പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് എന്നറിയില്ല.. വായിച്ച പുസ്തകങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏത് എന്നുചോദിച്ചാൽ മനസ്സിലേക്ക് ഓടിവരുന്ന ഒരുപാട് കൃതികൾ കാണും.. എന്നാൽ എന്നെ ഏറ്റവും സ്വാധിനിച്ച കൃതി ഏത് എന്നുചോദിച്ചാൽ പറയുവാൻ ഒറ്റഉത്തരമേ കാണു... സുഭാഷ്‌ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം... കാരണം ജീവിതത്തിൽ എന്തെങ്കിലും ചെയ്യണം എന്ന അടങ്ങാത്ത അഭിനിവേശം എന്നിൽ നിറച്ചത് ജിതേന്ദ്രനാണ്... നാൾ വഴിയിലെന്നോ ഉപേക്ഷിച്ചുപോയ ചില ആഗ്രഹങ്ങൾക്ക്, ചിതലരിച്ചുപോയ എന്റെ ചിന്തകൾക്ക്, മഷി ഉറച്ചുപോയ എന്റെ തൂലികക്ക് വീണ്ടും ജീവൻവെപ്പിച്ചത് ജിതേന്ദ്രനാണ്... മനുഷ്യൻ എന്ന നിലയിൽ മരണത്തെ അതിജീവിക്കുവാൻ ഞാൻ എന്ത് ചെയ്തു എന്ന ജിതേന്ദ്രന്റെ ചോദ്യം ഇപ്പോൾ എന്റെ സിരകളിലും ലഹരിപോലെ പടർന്നുകയറുകയാണ്... എന്റെ ചിന്തകളെ ഭ്രാന്ത്‌ പിടിപ്പിക്കുകയാണ്... എന്റെ ആഗ്രഹങ്ങൾക്ക് വീണ്ടും ചിറകുനൽകിയതിന് നന്ദി.. ഒരായിരം നന്ദി,ജിതേന്ദ്രനോട് ജിതേന്ദ്രനെ പടച്ച ശ്രീ. സുഭാഷ്‌ചന്ദ്രനോട്...

  പൂർണവളർച്ചയെതാത്ത മനുഷ്യന് പൂർണവളർച്ചയെത്തിയ നോവൽ
By ELDHO GEORGE
മനുഷ്യന് ഒരു ആമുഖം എന്നിലുണ്ടാക്കിയ ചിന്തകൾ വളരെ അത്ഭുതകരമായിരുന്നു. അതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു അനുഭവം! അത്ര മനോഹരമായിട്ടാണല്ലോ ഒരു മനുഷ്യജീവിതത്തെ അതിൽ അവതരിപ്പിച്ചിരിക്കുന്നത്, ഒരു വേറിട്ട അവതരണ ശൈലി. അതിലെ ജീതേന്ദ്രൻ താങ്കളാണോ അല്ലയോ എന്ന് എനിക്ക് ഇതു വരെ ഉറപ്പിക്കാൻ പറ്റിയിട്ടില്ല!. അത്രയ്ക്ക് വേർതിരിച്ചറിയാൻ കഴിയാത്ത ഒന്നാണത്. പിന്നെ ഏറ്റവും അധികം എന്നെ ആകർഷിച്ചത് അതിലെ സമയ ക്രിത്യതയാണ്. എത്ര ക്രിത്യമായാണ് ഒരോ സംഭവങ്ങളും വിവരിക്കുന്നത്! ജിതേന്ദ്രൻ്റെ ജനനം പോലെ ('സമയം ധൃതികൂട്ടുന്നുണ്ടായിരുന്നു. പക്ഷേ അറുപത്തെട്ടിൽ ഗീത ജനിച്ച് എഴുപതിൽ രമ ജനിച്ച് എഴുപത്തൊന്നിൽ ചിന്നമ്മയ്ക്ക് ഒരെണ്ണമലസിയിട്ടു വേണം എഴുപത്തിരണ്ടിൽ ജിതനു ജനിക്കാൻ.' ) ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ വർത്തമാനകാലത്തിൽ പറയുന്ന ആ ശൈലി എത്ര ക്രിത്യതയോടെയാണ് ഒരു നോവലെഴുതാൻ തയ്യാറെടുക്കുന്നത് എന്നതിന് തെളിവാണ്. കഥാപാത്രങ്ങളെ കുറിച്ച് പറയാനാണെങ്കിൽ ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തം. പലർക്കും നമ്മുടെ ഇടയിൽ ജീവിക്കുന്നവരുമായി വളരെ സാമ്യം. അങ്ങനെ ഒരു ജീവിതം മൊത്തം ജീവിച്ച ഒരാൾക്കെ ഇത്തരമൊരു നോവലെഴുതാൻ കഴിയൂ എന്നു തോന്നുമ്പോഴും ഇത് 'മനുഷ്യന് ഒരു ആമുഖം' മാത്രമാണെന്ന് പറയുമ്പോൾ അത്ഭുതം! " പൂർണവളർച്ചയെത്തും മുമ്പ് മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ !!" എന്ന് പറയുമ്പോൾ അതിലേറെ അത്ഭുതം!!! അങ്ങനെ പറഞ്ഞാൽ തീരാത്ത ഒരുപാട് വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച എൻ്റെ പ്രിയപ്പെട്ട നോവൽ.

  മനുഷ്യൻ ഒരു ആമുഖം
By Imthiyas Iqbal
ആദ്യം തന്നെ മനുഷ്യൻ ഒരു ആമുഖം എന്ന കൃതിക്ക് മുൻപാകെ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തുടങ്ങട്ടെ... അങ്ങനെ തുടങ്ങിയതിലുള്ള കൗതുകം തേടി ഒരുപാടൊന്നും പോവേണ്ട...അദ്ധ്യായം 10 ’പരം'.. ചുരുങ്ങിയ വാക്കിൽ പറയാനാണെങ്കിൽ സുബാഷ് ചന്ദ്രൻ എന്ന നോവലിസ്റ്റിന്റെ 10 വര്ഷത്തില്പരം നീണ്ട തപസ്യ...അതാണ് മനുഷ്യൻ ഒരു ആയമുഖം.. നാറാപിള്ളയെയും മക്കളെയും ആസ്വദിച്ചുതീർത്ഥ ഒരു വ്യക്തിക്ക് മറക്കുക എളുപ്പമാവില്ല .. അതിന് അടിവരയിടുന്നതാണ് ഇതിന് ലഭിച്ച അംഗീകാരങ്ങളും ... ജീവിതത്തെ പറ്റി വായിക്കാൻ കൊള്ളാവുന്ന വല്ലതും എഴുതുക അല്ലെങ്കിൽ മറ്റുള്ളവർക് എഴുതാൻ കൊള്ളാവുന്ന തരത്തിൽ ജീവിക്കുക എന്ന സുബാഷ് ചന്ദ്രൻ കടമെടുത്ത് എഴുതിയപ്പോൾ ഒന്നുറപ്പിച്ചിരുന്നു..ഒരൊറ്റ നോവലുകൊണ്ട് അമർത്യനായിത്തീർന്ന ഇയാളിൽനിന്ന് ഇനിയും ഒരുപാട് പ്രതീക്ഷിക്കാനുണ്ട് ...

  മനുഷ്യനു മാത്രമൊരാമുഖം - (Book review contest)
By Anju KP
''വേറൊരു പുഴ.താങ്കളെപ്പോലുള്ളവര്‍ ജീവിതത്തില്‍ ഒരിക്കലും കേള്‍ക്കാനിടയില്ലാത്ത ഒരിത്തിരി കലങ്ങിയ പുഴ''.നൂറിലേറെ കഥാപാത്രങ്ങള്‍ വിഹരിക്കുന്ന ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങടങ്ങിയ നാല്‍പത് അധ്യായങ്ങള്‍ ഒരിത്തിരി കലങ്ങിയ നൂറ് പുഴകളുടെ കൂടിചേരലാണ്.കഥയും കഥാപാത്രങ്ങളും വ്യത്യാസ്തമാകുന്നപോലെ ഭാഷകൊണ്ടും അവയതരണശെെലികൊണ്ടും എഴുത്തുകാരന്‍ പുസ്തകത്തിന് ജീവന്‍ നല്‍കുന്നുണ്ട്‌. നാറാപിള്ളയുടെ രണ്ടാമത്തെ മകന്‍ പത്മനാഭന്‍ പെറ്റുവീണതറിയാത്ത... ഓര്‍ത്തുവയ്ക്കാനെങ്കിലും പുസ്തകത്തിലെവിടെയും വായനക്കാരോടു സംവദിക്കാത്ത...നിലത്തുകിടന്ന പൊളിഞ്ഞ പത്തലെടുത്ത് അച്ഛനെ പൊതിരെത്തല്ലി സങ്കടക്കലി തീര്‍ക്കുന്ന ആ പതിനാലുകാരന്‍റെയും, രണ്ടും അതിലേറെ പെറ്റും തറയിലും ചുമരുകളിലും ചോരകൊണ്ട് ചിത്രമെഴുതി മരണമൊഴിയായ ഉച്ചരിച്ച വാക്കുകേള്‍ക്കാന്‍പോലും അടുത്താളില്ലാതെപോയ പീച്ചംകുറിച്ചിലെ പരമുനായരുടെ പത്താമത്തെ സന്താനമായ ചെങ്കല്ലുതീനി കുഞ്ഞുഅമ്മയുടെയും, മുന്നൂറ്റിയെഴുപത് പേജുകളില്‍ തൊടാനാകാതെപോയ ജിതേന്ദ്രന്‍റെയും വിയോഗം ദഹിക്കാനാകാതെ വായനക്കാരന്‍ ഓക്കാനിക്കുന്നത് സ്വപ്നത്തില്‍നിന്നും കൊണ്ടുവന്ന അരക്കിണ്ടിനിലാവല്ലെന്നതുറപ്പ്.ചുമരിനും അലമാരയ്ക്കുമിടയില്‍ തന്‍റെ കൊച്ചേട്ടനെ തിരയുന്ന ഗീതയെപ്പോലെ നൂറു വര്‍ഷത്തെ മനുഷ്യജീവിതത്തില്‍നിന്നും നാം പലതും തപ്പിയെടുക്കേണ്ടതുണ്ട്.ഇരുപത്തിയേഴു ദിവസത്തിനുള്ളിലെ നാറാപിള്ളയുടെ പടുമരണം അറിയാതെ ആഗ്രഹിക്കുന്നെങ്കിലും നാറാപിള്ള നഷ്ടമാക്കുന്നത് അയ്യാട്ടുമ്പിള്ളിയുടെ തൊള്ള മാത്രമാകുന്നില്ല.വായന തീര്‍ത്ത് അടച്ചുവച്ച പുസ്തകത്തിനേക്കാള്‍ ഭാരം നാറാപിള്ളയും കുഞ്ഞുഅമ്മയും ജിതേന്ദ്രനും പത്മനാഭനുും സൃഷ്ടിക്കുന്ന ശൂന്യതയല്ലാതെ മറ്റൊന്നിനുമല്ല.മനുഷ്യജീവിതത്തിന്‍റെ എഴുത്തുകാരനോട് തോന്നുന്ന സ്നേഹത്തിന് അതിരുകളില്ല.'മനസ്സുനിറഞ്ഞ സ്നേഹത്തേക്കാള്‍ മികച്ച ഒരു ഊന്നുവടിയില്ലല്ലോ........'

  Beautiful writing style
By Jibu Varghese
Beautiful writing, simple but deep sentences, humorous narration style...

  മനുഷ്യനകത്തേക്കു തുറക്കുന്ന വാതിൽ
By Rajeev Mahadevan
ലോകത്തിലേറ്റവും സങ്കീർണ്ണമായ നിർമ്മിതികളാണ് കളിപ്പാട്ടങ്ങൾ. യഥാതഥ കാഴ്ചകളെ അതേക്കാൾ മിഴിവോടെ വാർത്തെടുത്ത സൂക്ഷ്മ സുന്ദര ശിൽപ്പങ്ങൾ. നരയും ജരയും ഏറി വരുമ്പോൾ കളിപ്പാട്ടങ്ങളോടുള്ള കൗതുകം ആരാധനയ്ക്കു വഴിമാറും. തല്ലിത്തകർത്ത കളിപ്പാട്ടങ്ങളോർത്ത് നെഞ്ചിൽ നഷ്ടബോധം നിറഞ്ഞു വിങ്ങും. ഈ മഹാ നിർമ്മിതികൾ വാർത്തെടുത്തവരുടെ കരവിരുതോർത്ത് അസൂയപ്പെടും. കളിപ്പാട്ട നിർമാണ ശാലയിലെ ജോലിയെ സ്വപ്നജോലിയായി മനസ്സിൽ ചേർത്തു വയ്ക്കും. അപ്പൊഴൊക്കെയും, അത്തരമൊരിടത്ത് പണിയെടുത്ത, പൂർണ്ണവളർച്ചയെത്തും മുന്നേ മാഞ്ഞുപോയ ജിതേന്ദ്രനെ ഓർമ്മ വരും; അയാളെ വാർത്തെടുത്ത മാസ്റ്റർ ശില്പിയേയും. പുരുഷാർത്ഥങ്ങൾ കോർത്തെടുത്ത കടും രുദ്രാക്ഷമാലയിൽ ദേശവും കാലവും ഇഴപിരിഞ്ഞ് കലഹിച്ച്, മനുഷ്യനെന്ന സങ്കീർണ്ണ ജീവിയെ കളിപ്പാട്ടം സൃഷ്ടിക്കുന്ന സൂക്ഷ്മതയിൽ പൂർണതയിലെത്തിച്ച്, തൊട്ടടുത്ത നിമിഷം തച്ചുടയ്ക്കുന്നു സുഭാഷ് ചന്ദ്രൻ. പൂർണ മനുഷ്യൻ എന്ന സങ്കൽപ്പത്തെ പല തലങ്ങളിൽ വിചാരണ ചെയ്യുന്ന നിരവധി സന്ദർഭങ്ങൾ ഈ നോവലിൽ വായിച്ചെടുക്കാം. ജിതേന്ദ്രൻ എന്ന മനുഷ്യൻ, മരണാനന്തരം പൂർണതയിലേക്കു വളരുന്നത് ആൻമേരിയിലൂടെയാണ്. അവർക്കിടയിൽ ദേശ-കാല വിടവുകൾ മെഴുകിയടച്ച പ്രണയകാലത്തിൻറെ സാക്ഷ്യപ്പെടുത്തലുകൾ മുഖേനയാണ്. മനുഷ്യൻ എന്ന നിർവചനത്തിന് പുറത്ത്, മനുഷ്യസ്ത്രീ എന്ന് മാറ്റി നിർത്തപ്പെടുന്ന സ്ത്രീകളുടെ പ്രതിനിധിയാണ് ആൻമേരി. താൻ ഉൾച്ചേർന്നിരിക്കുന്ന സമൂഹത്തിലെ വൈരുദ്ധ്യങ്ങളോട് നിരന്തരം കലഹിച്ചു കൊണ്ടു മാത്രമേ ഒരാൾക്ക് സാഹിത്യ സൃഷ്ടി നടത്താനാവൂ എന്നും അങ്ങനെയുള്ളവ മാത്രമാണ് സത്യസന്ധമായി അനുവാചകനെ സ്പർശിക്കുകയുള്ളുവെന്നുമുള്ള ഉത്തമബോദ്ധ്യത്തിൽത്തന്നെയാണ്, നൂറു വർഷങ്ങളിൽ നൂറോളം ജീവനുകളുടെ കലഹം ഇക്കാലത്തേക്കും എക്കാലത്തേക്കും സുഭാഷ് ചന്ദ്രൻ നോവലായി പകർത്തിവച്ചിരിക്കുന്നത്.

  ആൻമേരിക്കൊരു കത്ത്
By Khamarudheen Rafeeq
ആൻമേരിയെപ്പോലെയുള്ള ആത്മീയതയുടെ മുഖമുള്ള ജീവിതസഖിയെ ഞാനും കൊതിച്ചുപോകുന്നു. ഒറ്റപ്പെട്ട പുരുഷനു സാന്ത്വനമാണ് സ്ത്രീഹൃദയങ്ങളെന്നു മുൻപ് ഞാൻ എഴുതിയതിനോട് തീർത്തും പൊരുത്തവും സുഭാഷ് ചന്ദ്രൻ എന്ന എഴുത്തുകാരൻ പറഞ്ഞു വെക്കുമ്പോൾ വ്യക്തിപരമായ അദ്ദേഹത്തിന്റെ ശൈലിയോട് എനിക് സാമ്യം തോന്നുന്നു. ഇഷ്‌ഠവും. ''രണ്ടിടങ്ങളിൽ സ്‌നേഹം കൊതിച്ചു കാത്തിരുന്ന രണ്ട് ഏകാകികളുടെ സംഗമമായിരുന്നു.'' 'കാലം ഒരു നാൽക്കാലിയെപ്പോലെ പിൻകാലുകൾ ഓർമ്മകളിലും മുൻകാലുകൾ പ്രതീക്ഷകളിലും കുത്തി തച്ചനക്കരയെ തുറിച്ചു നോക്കി വാലാട്ടി നിൽക്കുകയായിരുന്നു.'' " അടുത്തയാഴ്ച നമ്മുടെ വിവാഹം കഴിഞ്ഞാൽ പിന്നെ നമ്മിലൊരാൾ മരിക്കും വരെ മലയാളത്തിലെ ഒരു കൂട്ടക്ഷരംപോലെ അഴിക്കാനാവാത്തവിധം നമ്മുടെ ആത്മാക്കൾ കടും കെട്ടാകാൻ പോവുകയാണ്. ആ കൂട്ടക്ഷരം ഏതെന്നു പറയട്ടെ.? മ്മ! സുഭാഷ് ചന്ദ്രൻ ✒️ മലയാളത്തിൽ ഒരു നോവൽ വായിക്കുന്നെങ്കിൽ തീർച്ചയായും ഇത് വായിച്ചിരിക്കണമെന്ന് ഞാൻ അഭിപ്രായപ്പെടും. Personal favorite one. പുസ്തകത്തോടുള്ള ഇഷ്ടം കൊണ്ടു കഥാപാത്രത്തിന് ഒരു കത്തെഴുതാമെന്ന് കരുതി. പ്രിയപ്പെട്ട ആൻമേരി ചേച്ചി... എനിക്കെന്തൊക്കെയോ നിങ്ങളോട് സംസാരിക്കാൻ തോന്നുന്നുണ്ടെ... ഈ അനിയൻകുട്ടനെ വായിക്കണമെന്ന സ്വീകരിക്കണമെന്ന നിര്ബന്ധബുദ്ധിയോടെ എഴുതുന്നു. നിങ്ങളുടെ അപാരമായ സഹാനുഭൂതിയുടെ കഥകള് എന്നെ അത്രമേൽ സ്പർശിച്ചിരുന്നു. മജ്ജയും മാംസവും കടന്നു ആത്മാവിലേക്ക് പതിക്കുന്ന ഒരൊറ്റ പുതപ്പായി നിങ്ങളുടെ സാന്ത്വനം ജിതന് സമ്മാനിച്ചത് കണ്ടപ്പോൾ കേട്ടപ്പോൾ തോന്നിയതാണ് ഇങ്ങനൊരു കത്തെഴുതണമെന്നു.. അയ്യാട്ടുമ്പിള്ളിയിൽ ജിതൻ വലിയ തറവാട്ടുവീട്ടില് ജനിച്ചിട്ടും തന്റേതായ ഒറ്റപ്പെടലിന്റെ കയത്തിൽ മുങ്ങിപ്പോയേ ക്കാവു ന്ന മട്ടിൽ നിങ്ങളാ ഏകാന്തത പ്രണയം കൊണ്ടു മറച്ചുകളഞ്ഞില്ലേ.. ജിതൻ ചേട്ടനെ അതേപടി നിങ്ങള് കേളേജിൽ തൊട്ടു ജീവിതത്തോളം ചേർത്തുപിടിച്ചില്ലേ... ഞാനില്ലെങ്കിൽ ജിതൻ ഈ വലിയ ലോകത്ത് അരുമില്ലാതെ ഒറ്റയ്ക്കാവുമെന്ന നിങ്ങളുടെ ചിന്ത എന്തോ അപാരമായ ഒറ്റപ്പെടലിൽ ഇടക്കൊക്കെ പെട്ടുപോവാറുള്ളത് കൊണ്ടു എന്നെയും ആശ്വസിപ്പിച്ചു. ഇനിയെങ്ങാനും ജീവിതം പങ്കുവെക്കണമെന്നു തോന്നിയാൽ നിങ്ങളെപ്പോലെയുള്ള സാന്ത്വനത്തിന്റെ മേച്ചിൽപ്പുറങ്ങളായ സ്ത്രീഹൃദയങ്ങളെ കണ്ടുമുട്ടണേ എന്ന പ്രത്യാശയോടെ... ജിതനെയും ജിതന്റെ ജീവിതസഖി ആൻമേരിയേയും ജീവിതത്തിന്റെ പര്യായമായി ചേർത്തുപിടിക്കുന്നു. നിങ്ങൾക്ക് സമ്പൽസമൃദ്ധി നേരുന്നു. ഖമറുദ്ധീൻ റഫീഖ്

  മനുഷ്യന് ഒരു ആമുഖം
By Anjana Shaji
Good

  മനുഷ്യന് ഒരു ആമുഖവും ജിതേന്ദ്രന്റെ കത്തുകളും
By Jinesh Jinu
മലയാള സാഹിത്യത്തിൽ തന്റെതായ ഒരിടത്തിന് അവകാശം ഉറപ്പിച്ച എഴുത്തുകാരനായ ശ്രീ. സുഭാഷ് ചന്ദ്രന്റെ ആദ്യ നോവലാണ് മനുഷ്യന് ഒരു ആമുഖം. ആഖ്യാനശൈലികൊണ്ടും ഭാഷാപ്രയോഗവും കൊണ്ട് അതുവരെ മലയാളത്തിൽ ഉണ്ടായിരുന്ന മറ്റു വായനകളിൽനിന്നും മനുഷ്യന് ഒരു ആമുഖം വേറിട്ട് നിൽക്കുന്നു എന്നത് തന്നെയാണ് ഈ നോവലിന്റെ വിജയം. കഥയിലേക്കും കഥാപാത്രത്തിലേക്കും വരുന്നതിന് മുൻപ് പുസ്തകത്തിന്റെ തലകെട്ടിനെകുറിച്ചും കവർ ചിത്രത്തെ പറ്റിയും പറയേണ്ടിയിരിക്കുന്നു. കാരണം ഒരു വായനയിലേക്ക് നമ്മെ ആകർഷിക്കുന്ന ആദ്യ ഘടകങ്ങൾ ഇവ രണ്ടും തന്നെയാണ്. മനുഷ്യൻ. ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അത്ഭുതം ഇന്നും മനുഷ്യൻ തന്നെയാണെന്ന് പറയാതെ വയ്യ. അത് കഴിഞ്ഞേ മറ്റു കാര്യങ്ങൾ വരുകയോള്ളൂ. ആ മനുഷ്യന് ഒരു ആമുഖം എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഒരുപാട് ചോദ്യങ്ങളും അതിലുപരി ഒരു കൗതുകവും കൊണ്ടുവരുന്നുണ്ട് ആ തലക്കെട്ട്. ആദ്യകാഴ്ചയിൽ പെട്ടെന്ന് ഒന്നും തന്നെ ആകർഷകമായി തോന്നിയില്ലെങ്കിലും പിന്നീട് കാര്യം അറിഞ്ഞപ്പോൾ വായിപ്പിക്കാൻ തോന്നിപ്പിച്ച തരത്തിലായിരുന്നു പുസ്തകത്തിന്റെ കവർ പേജ്. ജനനവും മരണവും ഒരുപോലെ രണ്ടു പേജുകളിലായി കാണിച്ചിരിക്കുന്നു. ഒരു മനുഷ്യായുസ്സിൽ ഒരാളുടെ ജീവിതത്തിനൊരു ആമുഖം. സംഭവം കൊള്ളാം... ഇനി കഥയിലേക്ക് വരാം. "പൂർണവളർച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ" മനുഷ്യൻ എന്ന വാക്കിന് ഒരൊറ്റ വരിയിൽ മികച്ചൊരു വിശദീകരണം നൽകിക്കൊണ്ടാണ് കഥ ആരംഭിക്കുന്നത്. അല്ലെങ്കിൽ ജീവിതം ആരംഭിക്കുന്നത്. ജിതേന്ദ്രൻ. അയാളാണ് നമ്മോട് കഥ(ജീവിതം) പറയുന്നത്. അങ്ങേര് ഒരു സാധാ മലയാളിയാണ്. ജനനത്തിനും നൂറ്റാണ്ടുകൾക്കുമുമ്പേ ജനിച്ചുകഴിഞ്ഞിരുന്ന അയാൾ വാസ്തവത്തിൽ മരണത്തിനും എത്രയോ മുൻപേ മരിച്ചും കഴിഞ്ഞിരുന്നു എന്നാണ് എഴുത്തുകാരന് ജിതേന്ത്രനെ നമുക്ക് പരിചയപ്പെടുത്തുന്നത്. ജിതേന്ത്രന്റെ മരണത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. മരണം ഒരിക്കലും ഒരു അവസാനമല്ല. മറിച്ച് മറ്റൊരു തുടക്കമാണെന്ന് എഴുത്തുകാരൻ പറയാതെ പറഞ്ഞപോലെ തോന്നി.. ധർമ്മം, അർത്ഥം,കാമം, മോക്ഷം എന്നീനാല് ഭാഗങ്ങളായാണ് കഥ പറഞ്ഞുപോകുന്നത്. ഓരോ അധ്യായത്തിലെ ഓരോ ഭാഗവും ആരംഭിക്കുന്നത് ജിതൻ തന്റെ പ്രിയതമക്കെഴുതുന്ന (ആൻമേരി) കത്തുകളിലൂടെയാണ്. എഴുത്തുരീതിയിലെ ഈ പുതുമ ഏതൊരു വായനക്കാരനും ഒരു പുതുമ യുള്ള വായന സമ്മാനിക്കുന്നുണ്ടെന്ന് പറയാതെ വയ്യ... ഭൂതകാലത്തിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. അതായത് ജിതേന്ത്രന്റെ ജനനത്തിനും മുന്നേ നിന്ന്. കൃത്യമായി പറഞ്ഞാൽ തച്ചനാട്ടുകര എന്നാ ഗ്രാമത്തിലെ അയ്യാട്ടുമ്പിള്ളി തറവാട്ടിലെ നാരായണപിള്ള എന്ന നാറാപിള്ളയിൽ നിന്നും. തന്റെ രണ്ടു തലമുറയ്ക്ക് മേലെ നിൽക്കുന്ന നാറാപിള്ളയിലൂടെ കഥ പറഞ്ഞു തുടങ്ങുന്നതുവഴി ആ കലാഘട്ടത്തെതന്നെ രേഖപ്പെടുത്തുകയാണ് ജിതൻ. (നമുക്ക് എത്ര പേർക്ക് അറിയാം നമ്മുടെ രണ്ടു തലമുറയ്ക്ക് മുമ്പേയുള്ളവരുടെ പേരിൽ കവിഞ്ഞു അവരുടെ ജീവിതത്തെപ്പറ്റി. അവിടെയാണ് ജിതൻ നമ്മിൽ നിന്നും വേറിട്ട് നിൽക്കുന്നത്) നാറാപിള്ളയിൽ തുടങ്ങി ഭാര്യ കുഞ്ഞു അമ്മയിലൂടെയും അവരുടെ മക്കളിൽ ഒരുവളായ ചിന്നമ്മുവിലൂടെയും ആണ് കഥ ജിതനിലേക്കെത്തുന്നത്. ആ യാത്രയിൽ എണ്ണമറ്റ ജീവിതങ്ങൾ കഥയിൽ വന്നുപോകുന്നുണ്ട്. അവരെല്ലാം തന്നെ ഒരുപക്ഷെ വെറുതെ വന്നുപോകുകയായിരുന്നില്ല. വായനക്കാരന്റെ മനസ്സിൽ കൃത്യമായൊരു ചിത്രം, അല്ലെങ്കിൽ ഒരു അടയാളം ബാക്കിവെച്ചുകൊണ്ടാണ് ഓരോ കഥാപാത്രവും ജീവിക്കുന്നത്. ഒരു സാധാരണ മലയാളിയുടെ ജീവിതത്തിൽ ഓരോ കാലഘട്ടങ്ങളിലായി നടന്നു വരുന്ന ഓരോ ചെറിയ കാര്യങ്ങൾ പോലും അത്രയും ഭംഗിയോടെയും വെടിപ്പോടെയും കഥയിൽ പറഞ്ഞുപോകുന്നുണ്ട്. അവിടെയാണ് ഈ നോവലിന്റെ ജീവവായു. കാലഘട്ടങ്ങളിലൂടെ കഥ പറയുന്നതുവഴി, കേരളസമൂഹത്തിൽ ദൃശ്യതലത്തിലും സത്തയിലും സംഭവിച്ച മാറ്റങ്ങൾ വെറും ഒരു തച്ചനക്കര ഗ്രാമത്തിലൂടെ സുഭാഷ് ചന്ദ്രൻ വരച്ചുകാട്ടുന്നു. മനുഷ്യന് ഒരു ആമുഖം ഒരു തരത്തിൽ നമ്മൾ ഓരോത്തരുടെയും കഥയാണ്. ഈ കഥയിലെ നൂറു ജീവിതങ്ങളിൽ ഒന്നിൽ നമുക്ക് നമ്മെത്തന്നെ കാണാൻ സാധിക്കും. ഒരു പക്ഷെ നമ്മുടെ ബാല്യം, കൗമാരം എല്ലാം തന്നെ. നിരവധി ജീവിതലക്ഷ്യങ്ങൾക്കായി പരിശ്രമിക്കുകയും അതിൽപലതും പാതിവഴിയിൽ ഉപേക്ഷിച്ച് മറ്റൊന്നിൽ ചെന്നുപെട്ട് ഉണ്ടും ഉറങ്ങിയും ജീവിതം തീർത്തു ഒടുവിൽ മരണത്തിന് കീഴ്പെടുന്ന ഭൂരിപക്ഷം മനുഷ്യരുടെയും പ്രതിനിധിയാണ് ജിതേന്ദ്രൻ.. ഒന്നിലധികം തവണ വായന അർഹിക്കുന്ന ഒരു പുസ്തകമാണ് മനുഷ്യന് ഒരു ആമുഖം. " ധീരനും സ്വതന്ത്രനും സർവോപരി സർഗ്ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീർന്നു സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടി ചെലവിട്ട് ഒടുവിൽ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചു പോകുന്നതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നതെങ്കിൽ, പ്രിയപ്പെട്ടവളെ , മനുഷ്യനായി പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല..." (മനുഷ്യന് ഒരു ആമുഖം)

  ജാതിയുടെ അനുരഞ്ജനങ്ങള്‍ എപ്പോഴും കേരളത്തില്‍ തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. വ്യക്തി സമത്വത്തിനു ജാതിസമത്വം എത്ര അത്യാവശ്യമാണ് എന്ന്, സാമ്പത്തിക ഉന്നമനംകൊണ്ട് മാത്രം സാമൂഹികസ്ഥാനം ഉയരുന്നില്ലെന്ന്, തിരിച്ചറിയാത്തവര്‍ ഉണ്ടോ? സവര്‍ണ്ണ ഭൂരിപക്ഷത്തിന്റെ രാഷ്ട
By swejo george
ജാതിയുടെ അനുരഞ്ജനങ്ങള്‍ എപ്പോഴും കേരളത്തില്‍ തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. വ്യക്തി സമത്വത്തിനു ജാതിസമത്വം എത്ര അത്യാവശ്യമാണ് എന്ന്, സാമ്പത്തിക ഉന്നമനംകൊണ്ട് മാത്രം സാമൂഹികസ്ഥാനം ഉയരുന്നില്ലെന്ന്, തിരിച്ചറിയാത്തവര്‍ ഉണ്ടോ? സവര്‍ണ്ണ ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയമാണ് ഇപ്പോഴും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീ യം. കേരളീയ സിവില്‍സമൂഹം അതിന്റെ സ്ഥൂലരൂപം തേടുന്ന കാലഘട്ടത്തെ, അതില്‍ ഇഴചേര്‍ന്നിട്ടുള്ള ഓരോ സൂക്ഷ്മസ്ഥലികളും സ്വന്തം സമരങ്ങളിലൂടെ കുടുംബത്തിലെ, വായനശാലകളിലെ, വിദ്യാലയങ്ങളിലെ, മറ്റു സ്ഥാപനങ്ങളിലെ, ആശയങ്ങളിലെ, സൌഹൃദങ്ങളിലെ, ജാതിയിലെ, ലിംഗരാഷ്ട്രീയത്തിലെ സംഘര്‍ഷങ്ങളിലൂടെ, സമരങ്ങളിലൂടെ ദൃഢപ്പെടുത്തുകയോ ദുര്ബ്ബലപ്പെടുത്തുകയോ ചെയ്തതെങ്ങനെ എന്ന കാതലായ രാഷ്ട്രീയ പ്രശ്നം ഈ നോവലിന്റെ താളുകളില്‍ പ്രകാശപ്പെടുന്നു. സിവില്‍ സമൂഹത്തിലെ വലിയ സമരങ്ങള്‍ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്നത് സമൂഹത്തിന്റെ അനേകം സൂക്ഷ്മഘടനകളിലെ ചെറിയ സമരങ്ങള്‍ക്ക് അവ പ്രേരകമാവുമ്പോള്‍ മാത്രമാണ്. ശ്രീനാരായണ ഗുരുവിനും  അയ്യങ്കാളിക്കും ചെയ്യാന്‍ കഴിഞ്ഞത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിലപ്പോള്‍ ചെയ്യാന്‍ കഴിയാത്തത് അതുകൊണ്ടാണ്. ജിതേന്ദ്രന്‍ എന്ന വ്യക്തി ആധുനിക കേരളത്തിന്റെ രാഷ്ട്രീയസൃഷ്ടി ആണ്. അയാളുടെ മതാതീത പ്രണയത്തെ പോലും സാധ്യമാക്കുന്നത് കേരളീയ സിവില്‍ സമൂഹത്തിന്റെ സൃഷ്ടിക്കു അയാളുടെ അച്ഛനും അമ്മാവനും അടക്കമുള്ള തലമുറയുടെ ഉല്‍പതിഷ്ണുത വഹിച്ച പങ്കാണെന്ന് ഈ നോവല്‍ എടുത്തുകാട്ടുന്നു. എങ്കിലും ജിതേന്ദ്രന്‍ ആധുനികതയിലും ഉത്തരാധുനികതയിലും കൂടി കടന്നുപോയ ശിഥിലീകൃതമായ ഒരു വ്യക്തിഘടനയുടെ ഉടമയാണ്. ലിബറല്‍ വ്യക്തിവാദത്തിന്റെ പരിമിതികളിലേക്ക്‌ അയാളെ നിര്‍ബന്ധിക്കുന്ന വിഘടനത്തിന്റെ യുക്തി അയാള്‍ക്ക് മുന്‍പുള്ള തലമുറയുടെ കാലത്ത് തന്നെ ആരംഭിച്ചതാണെന്നു പറയാം. അല്ലെങ്കില്‍ അങ്ങനെയാണയാള്‍ കരുതുന്നത്. അത് അയാളുടെ തന്റെ പ്രണയിനിക്കെഴുതിയ കത്തുകളില്‍ നിന്ന് വ്യക്തമാണ്. എങ്കിലും തീക്ഷ്ണമായ ഒരു യൌവ്വനത്തിന്റെ ഓര്‍മ്മകള്‍ അയാളെ ജീവിതാന്ത്യത്തിലും തന്നിലേക്ക് നോക്കാനുള്ള ഒരു മൂന്നാംകണ്ണിന്റെ കൂടി ഉടമയക്കുന്നു. ജിതേന്ദ്രന്‍ കൂടുതല്‍ സെല്‍ഫ് റിഫ്ലക്സീവ് ആവുന്നത് തച്ചനക്കര എന്ന ഗ്രാമത്തിന്റെ ചരിത്രത്തിനുള്ളില്‍ അയാള്‍ ജീവിക്കുന്നതുകൊണ്ടാണ്. ദേശം നമ്മുടെ ഉള്ളില്‍ നിറയുന്നതിന്റെ അനുപാതത്തില്‍ ആത്മവിചാരണയുടെ സാന്ദ്രത കൂടുകയാണ് ചെയ്യുന്നത്. ‘തച്ചനക്കരക്കാര്‍’ എന്നൊരു കര്‍തൃത്വം ഈ നോവലില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ദേശം ഒന്നാകെ ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വ്യക്തിയുടെ സ്മൃതിവ്യവസ്ഥയിലാണ്. ദേശം എന്നത് ഒരു കൂട്ടുകര്തൃത്വമായി, ഒരു അബോധവ്യവസ്ഥയായി വര്‍ത്തിക്കുന്നു എന്നര്‍ത്ഥം. എന്നാല്‍ ഈ നോവലില്‍ തന്നെ ഇതിന്റെ അവസാന ഭാഗങ്ങളില്‍ രാഷ്ട്രീയമായ ചില നിഷ്കര്‍ഷകള്‍ വിശേഷിച്ചും സ്ത്രീശരീരത്തിന്റെ പ്രതിനിധാനവുമായി ബന്ധപ്പെട്ടവ കീഴ്മേല്‍ മറിയുന്നുണ്ട്. യൌവനയുക്തനായ ജിതേന്ദ്രന്റെ മനസ്സ് പ്രതിനിധാനം ചെയ്യുന്ന വിവരണങ്ങളില്‍ ആണ് കൂടുതലായും മിസോജനിയുടെ പ്രകാശനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും കടന്നു വരുന്നത്. തന്റെ സുഹൃത്തായ സോഫിയ ബീഗത്തെ കുറിച്ച് “തലയും മുലയുമുള്ള ഒരേയൊരു പെണ്ണ്” എന്ന് ജിതേന്ദ്രന്‍ ഡയറിയില്‍ എഴുതുന്നതായി പറയുന്നത് മാത്രമല്ല ഇതിനുള്ള ഉദാഹരണം. ഇതിന്റെ തന്നെ തുടര്‍ച്ചയായി വായിക്കാവുന്നതാണ് ജിതേന്ദ്രന്റെ സോഫിയ ബീഗവുമായുള്ള ഒരു സംഭാഷണ ശകലം: “ഇക്കാലത്ത് ആണുങ്ങളില്‍ കാണാന്‍ കിട്ടാത്ത ഒന്ന് നിനക്ക് കൂടുതലായുണ്ട്”. അവസാനമായി വായനശാലയില്‍ വന്ന ദിവസം സോഫിയ ബീഗം അവനോടു പറഞ്ഞു. “ആണത്തം!”. “അങ്ങനെയാണെങ്കില്‍” ജിതന്‍ പറഞ്ഞു: “അധികം വൈകാതെ നമുക്ക് പിണങ്ങേണ്ടി വരും! കാരണം എന്റെ രക്തത്തിലുള്ളത് പെണ്ണുങ്ങളെ ചവിട്ടുന്ന തരത്തിലുള്ള ഒരാണത്തമാണ്. ഏറ്റവും അധമം!” “അതെനിക്ക് ഇഷ്ടമാണ്,” സോഫിയ പറഞ്ഞു: “എനിക്ക് പുകവലിക്കുന്ന പുരുഷന്മാരെ ഇഷ്ടമാണ്. അല്‍പ്പം മദ്യപിച്ചിട്ടു ഹൃദയം തുറന്നു സരസമായി സംസാരിക്കുന്ന ബുദ്ധിയുള്ള ആണുങ്ങളെ ഇഷ്ടമാണ്. സ്നേഹിക്കാന്‍ അവന് അറിയാമെന്നു ഉറപ്പുണ്ടെങ്കില്‍ ചവിട്ടേണ്ടവളെ ചവിട്ടുന്ന പുരുഷനെയും എനിക്കിഷ്ടമാണ്” ഇത് ഒരു യഥാര്‍ത്ഥ സംഭാഷണശകലം ആകാമോ എന്നതല്ല ഇവിടെ പ്രസക്തമായിട്ടുള്ളത്. അങ്ങനെയൊരു ചോദ്യമേ ഉദ്ഭവിക്കുന്നില്ല. എന്നാല്‍ ഈ സംഭാഷണശകലം യഥാര്‍ത്ഥത്തില്‍ സ്ത്രീയുമായി പുരുഷന്‍ നടത്തുന്നതല്ല. പുരുഷന്‍ പുരുഷനോട് നിരന്തരം നടത്തുന്നതാണ്. _____________________________________________

  തച്ചനക്കരയിലെ മനുഷ്യർ
By FRANCIS PAUL
"പൂർണ്ണവളർച്ചയെത്തും മുമ്പേ മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ" ഈ നോവലിലെ ഒരു വാചകമാണ്. യഥാർത്ഥത്തിൽ നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിന് ഒരു ആമുഖമെഴുതുകയാണ് സുഭാഷ് ചന്ദ്രൻ. തച്ചനക്കര എന്ന ഗ്രാമത്തിന്റെ ചരിത്രം എന്ന് പറയുന്നത് നമ്മുടെ കേരളത്തിന്റെ തന്നെ ചരിത്രമാണ്. മൂല്യങ്ങൾ എല്ലാം നഷ്ടപ്പെടുത്തി സ്വാർത്ഥയിൽ മുഴുകി ആർത്തി അവസാനിക്കാതെ മരണത്തിന് കീഴടങ്ങുന്ന നമ്മുടെ സമൂഹത്തിന് ഇന്നലെ നമ്മൾ എന്തിയിരുന്നു എന്ന് കാണിച്ചു തരുകയാണ് ഈ നോവൽ. അയ്യാട്ടുമ്പിള്ളി എന്ന് തറവാടും അവിടുത്തെ പ്രതാപിയായ കാരണവർ നാറാപിള്ളയും , അദ്ദേഹത്തിന്റെ മക്കളും പേരക്കുട്ടികളും അടങ്ങുന്ന മൂന്ന് തലമുറയുടെ കഥയാണ് ഈ നോവൽ. നാറാപിള്ളയുടെ പേരക്കുട്ടിയായ ജിതേന്ദ്രൻ തന്റെ കാമുകിക്കെഴുതുന്ന കത്തുകളിലൂടെയാണ് നോവലിലെ ഓരോ അദ്ധ്യായവും ആരംഭിക്കുന്നത്. കേരളത്തിന്റെ സാമൂഹിക ചുറ്റുപാടിൽ വന്ന മാറ്റങ്ങൾ, കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ വളർച്ച.കൂട്ടുകുടുംമ്പ വ്യവസ്ഥിയിൽ നിന്നും അണുകുടുംബത്തിലേക്കുള്ള മാറ്റം, വ്യവസായ വൽക്കരണം, ശ്രീനാരായണ ഗുരു ദർശനം എന്നിവ ഈ നോവലിൽ ചർച്ചയാകുന്നുണ്ട്. കേരളത്തിന്റെ കഴിഞ്ഞ നൂറ് വർഷത്തെ ചരിത്രമാണ് ഈ നോവൽ. ഒരു നാൾ ദൈവം നമ്മോട് നീ ഇത്രനാൾ എന്ത് ചെയ്തു, നിന്റേതായി ഈ ഭൂമിയിൽ എന്തുണ്ട് എന്ന് ചോദിക്കുമ്പോൾ ഒന്നുമില്ല പ്രഭു എന്ന് എഴുതിവെക്കുമ്പോൾ പിൻകാലത്ത് എപ്പോഴോ നേരിടാനിരിക്കുന്ന ഒരു കടുത്ത യാഥാർത്ഥ്യം വായനക്കാരന് മുന്നിൽ അവതരിക്കുന്നു

  മനുഷ്യന് മികച്ച ഒരു ആമുഖം
By Anupama Raj
മനുഷ്യന് ഒരു ആമുഖം പല ജീവിതങ്ങളിലായി പല തലമുറകളിലായി ബന്ധനസ്ഥനായി കിടക്കുന്ന ഓരോ മനുഷ്യന്റെയും കഥ തന്നെയാണ് മനുഷ്യന് ഒരു ആമുഖം മുന്നോട്ടു വെയ്ക്കുന്നത്. മനുഷ്യനുമായി ബന്ധപ്പെട്ട വികാരങ്ങളും വിചാരങ്ങളും വിഷാദങ്ങളും നോവൽ തുറന്നു പറയുന്നു.പ്രധാനമായും രണ്ടു തലമുറകളുടെ രണ്ടു വ്യക്തികളുടെ കാഴ്ച്ചപ്പാടുകൾ തമ്മിലുള്ള ബന്ധമാണ് നോവൽ മുന്നോട്ട് വെക്കുന്നത്.ജിതൻ കേന്ദ്രകഥാപാത്രം ആകുമ്പോഴും അയാളുടെ ജനനത്തിനുമുൻപേയുള്ള സാമൂഹിക സാംസ്കാരിക ചിന്താഗതികൾ കാണാൻ സാധിക്കുന്നു. ഒരു മനുഷ്യശരീരം ഉയർത്തി നിർത്താനുള്ള ബുദ്ധിമുട്ട് നോവലിസ്റ്റ് പറയുന്നുണ്ട്, അതിൽ മനുഷ്യന്റെ നിസാരതയും പ്രത്യേകതയും വ്യക്തതമാണ്.വോട്ടിന്റെ യഥാർത്ഥ മൂല്യം അതിന്റെ പ്രധാന്യം ജിതൻ ആൻമേരിക്ക് അയച്ച കത്തുകളിൽ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.കത്തുകളിലൂടെയാണ് ജിതന്റെ ആശയങ്ങൾ നോവലിസ്റ്റ് പറഞ്ഞുതരുന്നത്.പലതരത്തിലുള്ള അധികാരങ്ങളുടെ വ്യക്താവായാണ് നാറാപിള്ള പ്രത്യക്ഷപ്പെടുന്നത് ആ തലമുറയിൽ നിന്നുള്ള മാറ്റമാണ് ജിതനിൽ കാണാൻ സാധിക്കുന്നത്. പലതരത്തിലുള്ള ചെറുത്തുനിൽപ്പുകൾ, പ്രതികരണങ്ങൾ,സംഘർഷങ്ങൾ,അഭിപ്രായങ്ങൾ,സ്നേഹത്തിന്റെയും പ്രണയത്തിന്റെയും,മറ്റു വികാരങ്ങളുടെയും വിഭിന്നരൂപങ്ങൾ,പ്രയാധിക്കത്തെ മറച്ചു വെക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ പെടാപാടുകൾ,അങ്ങനെ ഏതു വിധത്തിൽ നോക്കിയാലും മനുഷ്യന് കൊടുക്കാൻ പറ്റിയ മികച്ച ആമുഖം തന്നെയാണ് നോവൽ.അറിയപ്പെടാതെ പോയ ഒരു എഴുത്തുകാരന്റെ വ്യാകുലത അത് പല എഴുത്തുകാരുടെയും ആണെന്ന് സ്ഥാപിച്ച എഴുത്തിന്റെ മാസ്മരിക ശക്തിയെ പ്രകീർത്ഥിക്കുമ്പോൾ പി ബി ഷെല്ലിയുടെ ഓസ്യ്മണ്ടിയാസ്(ozymandias) നെ ഓർമ്മിപ്പിക്കുന്നു.അങ്ങനെ പല കാലങ്ങളെ ബന്ധിപ്പിക്കുന്ന ഒരു മനുഷ്യായുസ്സിൽ വായിച്ചിരിക്കേണ്ട നോവലായി നിലനിർത്തുന്നു.

  പൂർണ്ണ വളർച്ഛയെത്താത്ത മനുഷ്യൻ :
By salma raiz
ഒരു നൂറ്റാണ്ടിനെ സംഭവവികാസങ്ങളെ ചരിത്രത്തെ തന്നെയും തച്ചനക്കര യിലെ അയ്യാട്ടുമ്പിള്ളിയുടെ ചരിത്രമായി നോവലിസ്റ്റ് ഇതിൽ അവതരിപ്പിക്കുന്നു. ജിതേന്ദ്രൻ ആൻമേരിക്കയച്ച പ്രണയ ലേഖനങ്ങളിലൂടെ തുടക്കം കുറിക്കുന്ന ഓരോ അധ്യായങ്ങളും ജിതേന്ദ്രനെകാൾ ഉപരി നാറാപിള്ള ആണ് നിറഞ്ഞു നിൽക്കുന്നത്.        " ധീരനും സ്വതന്ത്രനും സർവോപരി സർഗാത്മകവുമായ മനുഷ്യശിശു അറുപതോ എഴുപതോ വർഷംകൊണ്ട് ഭീരുവും പരതന്ത്രനുമായി തീർന്നു സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്ക് വേണ്ടി മാത്രം ചിലവിട്ട് ഒടുവിൽ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നു.അതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നത് എങ്കിൽ പ്രിയപ്പെട്ടവരെ,മനുഷ്യനായി പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല. "    ..... ജിതേന്ദ്രൻ ആൻമേരിക്കയച്ച കത്തുകളിലെ ഒരു പ്രസക്ത ഭാഗം ആണിത്.ഓരോ മനുഷ്യരിലും നമ്മളറിയാതെ നമ്മിലുൾകൊണ്ടിരിക്കുന്ന സർഗാത്മകതയെ ആണ് നോവലിസ്റ്റ് തുറന്നുകാട്ടുന്നത്. ഉള്ളിൽ കരിന്തിരി കത്തുന്ന സർഗ്ഗാത്മകതയെ പുറത്തെടുക്കാൻ കഴിയാതെ ആരാലും അറിയപ്പെടാതെ കാലയവനികക്കുള്ളി ലേക്ക് മറഞ്ഞവരിൽ ഒരാളാണ് ജിതേന്ദ്രൻ. എല്ലാവരാലും അറിയപ്പെടാനും, ചരിത്രത്തിൽ തന്റെ മുദ്ര പതി പ്പിക്കുവാനും തന്റെ ജീവനോളം ആഗ്രഹിച്ച ഒരാൾ താൻ ജനിച്ചു വളർന്ന നാടിനെയും ജീവിത സന്ദർഭങ്ങളെയും വായനക്കാർക്ക് മുന്നിലേക്ക് തുറന്നു വയ്ക്കാൻ ആഗ്രഹിച്ച ഒരാൾ,ജീവിതത്തിലെ നാൽക്കവലയിൽ വെച്ച് അസ്തപ്രജ്ഞരായി കാലത്തിന്റെ ഒഴുക്കിലേക്ക് തനിയെ അലിഞ്ഞുചേർന്നു.        നവോത്ഥാന കാലത്തിന്റെ അലയൊലികൾ,നോവലിസ്റ്റ് ആദ്യഭാഗത്ത് പറയുന്നുണ്ട് നാരായണഗുരു സമൂഹത്തിൽ ആർജിച്ചെടുത്ത നേട്ടങ്ങൾ,കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തനങ്ങൾ ഒക്കെയും അയ്യാട്ടുമ്പിള്ളി യുടെ ഭാഗമാകുന്നത് നമുക്ക് കാണാം. രതി നായകനായി നോവലിന്റെ മധ്യത്തിൽ നമുക്ക് തോന്നുന്ന നാറാപിള്ള ക്രൂരനും വഞ്ചകനായ നാറാപിള്ള പക്ഷേ നോവലിന്റെ ആദ്യത്തെ സ്നേഹവും ലാളിത്യവും ഉള്ള ഒരു മുത്തച്ഛനായി നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നു. പുരുഷാധിപത്യത്തിന്റെ ആൾരൂപമായ നാറാപിള്ളയുടെ ഭാര്യ കുഞ്ഞമ്മ തീർത്തും പുരോഗമന ചിന്തയും ആയി ജീവിക്കുന്ന സ്ത്രീയാണ്. ചെയ്ത തിനൊക്കെ കാലം തിരിച്ചടിക്കും പോഴും എതിർക്കാൻ പലപ്പോഴും നാറാപിള്ള തന്റെ വാർദ്ധക്യ ശയ്യയ്യിലും ശ്രമിക്കുന്നുണ്ട്. അച്ഛനെ തല്ലിയ പാപ ബോധത്തിൽ വെന്തു നീറുന്ന ഗോവിന്ദൻമാസ്റ്റർ അച്ഛന് കൂട്ടിരിക്കാൻ എത്തിയപ്പോഴും അയാൾ മുട്ടുമടക്കാൻ തയ്യാറാവുന്നില്ല. അച്ഛന്റെ തനിസ്വരൂപം ആയി മാറിയ ചിന്നമ്മയിലും ജാതിയ ചിന്തകൾക്കും മാറ്റമൊന്നും വന്നില്ല എന്ന് കാണാം. ജിതേന്ദ്രൻ തന്റെ വിവാഹക്കാര്യം സംസാരിക്കുമ്പോഴും അവളുടെ എതിർപ്പ് നോവലിസ്റ്റ് കാട്ടിത്തരുന്നുണ്ട്. ആ രക്തം ജിതേന്ദ്രനി ൽ എത്തുമ്പോഴേക്കും ആറിത്തണുത്തു. മനുഷ്യന്റെ ജീവിതത്തെയും അവന്റെ ചെയ്തികളെക്കുറിച്ച് മനസ്സിലാക്കിയിട്ടും കാലത്തിന്റെ കണക്കു പുസ്തകത്തിൽ ഇടം ചേരാൻ  കഴിയാതെ ഒഴുക്കിൽപ്പെട്ട് പോയ ജിതേന്ദ്രൻ അവസാനമായി ആ വാക്ക് വീണ്ടും ഓർത്തുകൊണ്ടാണ് മരണത്തിലേക്ക് ഒഴുകുന്നത്. താനും ആൻ മേരിയും കണ്ടുമുട്ടാൻ ഇടയായ അതേ വാക്യം.           " പൂർണ വളർച്ചയെത്തും മുമ്പ് മരിച്ചുപോകുന്ന വലിയൊരു ജീവിയാണ് മനുഷ്യൻ!"      പൂർണവളർച്ച എന്നത് നമ്മൾ ഈ ലോകത്തിനു വേണ്ടി ചെയ്യുന്ന നമ്മുടെ വ്യക്തിമുദ്രപതിപ്പിച്ച ഒന്നായിരിക്കണം, നമ്മുടെ ജീവിതം എന്നാണ് ഇതുവരെ അറിഞ്ഞതിൽ കൂടുതൽ നമുക്ക് ഈ ലോകത്തോട് എന്തൊക്കെയോ അറിയിക്കുവാൻ ഉണ്ട് അല്ലെങ്കിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തുവാൻ ഉണ്ട് എന്ന് പ്രചോദനമാണ് ഈ വാക്യം നോവലിലൂടെ നമുക്ക് നൽകുന്നത്. By SalmaRaiz

  ആഴങ്ങളുടെ ആമുഖവാക്യം
By Ananthu P r
ഭാഷ ചിതറിയ ബാബേൽദേശം അസൂയക്കാരനായ ഒരു ദൈവത്തിന്റെ പ്രതീകമാണെങ്കിൽ, കല അത്തരക്കാരനായ 'സ്രഷ്ടാവിനോട് ' മനുഷ്യൻ തന്റെ സൃഷ്ടിയിലൂടെ നടത്തുന്ന പ്രതികാരമാവണം. സഹജീവിയെ സ്നേഹം കൊണ്ടു തൊട്ട് നമ്മെ മാനവികതയിലേക്ക് ഉപനയിച്ച മനുഷ്യ മഹത്ത്വത്തിന്റെ മഹത്തായ മലയാളി മാതൃകകളായ ശ്രീ നാരായണ ഗുരുവും, ചട്ടമ്പിസ്വാമികളും, അയ്യങ്കാളിയും, കെ.പി. കറുപ്പനും അടക്കമുള്ള നവോത്ഥാന നായകരെക്കൂടെ ഞാൻ കലാകാരൻ എന്ന കാറ്റഗറിയിലേക്ക് മടിയേതും കൂടാതെ കുടിയിരുത്തുന്നു. (കേവലം ദൃക്സാക്ഷിത്വത്തിലേക്കല്ല ഈ കുടിയിരുത്തൽ. പഞ്ചലോഹങ്ങളിൽ തീർത്ത ഗുരു വിഗ്രഹങ്ങൾ നാടു തോറും പ്രതിഷ്ഠിക്കുന്ന, അർത്ഥത്തെ അശ്ലീലത്തിലേക്ക് രൂപാന്തരപ്പെടുത്തിയ, 'സമുദായ സംഘടനയുടെ പ്രവർത്തികളും അല്ല സൂചിതം) അവർ വെട്ടി വെടിപ്പാക്കിയ വഴിയേ നടന്നാണ് മലയാളി മനുഷ്യനായത്. എന്നാൽ ഇന്ന് നാം വഴിവിളക്കുകളെല്ലാം വഴിയിൽ മറന്നു വെച്ച്, തിരിച്ചറിവുകളുടെ തുടർച്ച നഷ്ടപ്പെട്ട് പിന്നാക്കം നടക്കുന്നു.അറിഞ്ഞതും ആർജിച്ചതുമായ അറിവുകളെ അടിയറവെച്ച മലയാളിയുടെ 100 വർഷത്തെ വിചിത്ര ചരിത്രമാണ് 'മനുഷ്യന് ഒരു ആമുഖം' എന്ന തന്റെ ആദ്യ നോവലിലൂടെ സുഭാഷ് ചന്ദ്രൻ അടയാളപ്പെടുത്തുന്നത്. ഓരോ വായനക്കാരന്റെ ഉള്ളിലും ഒരു എഴുത്തുകാരൻ ഉണ്ട്.ഓരോ വായനയിലും അവൻ തേടുന്നത് താൻ എഴുതാതിരുന്നതോ എഴുതിയേക്കാവുന്നതോ ആയ പുസ്തകത്തെ തന്നെയല്ലേ? തന്നേക്കാൾ മുൻപേ തന്റെ കഥ പകർത്തിയ എഴുത്തുകാരനോടുള്ള അസൂയ കലർന്ന സ്നേഹമല്ലേ പ്രിയ എഴുത്തുകാരോടും പുസ്തകങ്ങളോടും നമുക്കുള്ളത്. (അഹങ്കാരമാവില്ലെങ്കിൽ)ഇത് എന്റെ കഥയാണ്! ഞാൻ എഴുതാനിരുന്നത് എനിക്ക് മുന്നേ ഏറ്റവും മനോഹരമായി മറ്റൊരാളാൽ എഴുതപ്പെട്ടത്.ജിതൻ എന്ന ജിതേന്ദ്രൻ ഞാൻ തന്നെയാവണം. കാപ്പിച്ചെടികൾക്കിടയിൽ കുന്തിച്ചിരുന്ന് തന്റെ ഉള്ളിലെ മലത്തിന്റെ പീതനാഗങ്ങളെ വിസർജിച്ചു തീർക്കുമ്പോൾ മുതുകിലെ രോമങ്ങളെ വിജ്രംഭിച്ചു നിർത്തിയ കാരണവർ എന്റെ ഓർമകളിലും ഉള്ളതല്ലേ. മലം പോലെ നാറുന്ന വർത്തമാന കാലത്തെ ഇപ്രകാരം കുറിക്കുവാൻ ഞാനും ആഗ്രഹിച്ചിരിക്കണം. നദികളുടെ ഉത്ഭവത്തെക്കുറിച്ച് അയാൾ പാടിയ ആ നാലുവരി ആദ്യം കേട്ടത് ഞാനല്ലെന്ന് ആരും പറയാതിരിക്കട്ടെ. പതിനാലാം വയസ്സിൽ ജിതനൊപ്പം ഒരു ജനൽപ്പഴുതിലൂടെ രതി-മൃതികളുടെ ഞരക്കങ്ങൾക്ക് തമ്മിൽ വലിയ വ്യത്യാസങ്ങൾ ഇല്ലെന്ന് കണ്ടു ഞെട്ടിയത് ഞാൻ കൂടെ ആയിരുന്നല്ലോ.വംശഗാഥകളിലൂടെ ഓർമപ്പെട്ട് ജന്മത്തിന്റെ വേരിനെ ജനനത്തിനും പിന്നിലേക്ക് പടർത്തിയ ജിതനെ, മലയാളിക്ക് എക്കാലവും വായിക്കാൻ പോന്ന ഒരു കുടുംബ കഥ താൻ എഴുതുമെന്ന് താൻ ജനിച്ച അയ്യാട്ടുപ്പിള്ളിയുടെ സ്വതസിദ്ധമായ തൊള്ള തുറക്കലിലൂടെ പ്രഖ്യാപിച്ച് പിന്നീട് അതിനാവാതെ തന്റെ സൃഷ്ടിപരത വംശവൃദ്ധിക്കു വേണ്ടി മാത്രം ചെലവഴിക്കേണ്ടി വന്ന ജിതനെ എഴുത്തുകാരൻ വിശേഷിപ്പിക്കുന്നത് 'ജനിക്കുന്നതിനു മുൻപേ ജനിച്ചവൻ' എന്നും 'മരിക്കുന്നതിനു മുൻപേ മരിച്ചവൻ' എന്നുമാണ്. സർഗാത്മകതയുടെ അന്ത്യം ജീവിതത്തിന്റെ തന്നെ അന്ത്യമായി തിരിച്ചറിഞ്ഞപ്പോൾ സ്വയംഭോഗത്തിൽ ബാക്കിയായ പാതി പ്രാണനായ വെളുത്ത വാൽമാക്രികളെ പോലെ എന്റെ വാക്കുകൾ ജീവിതത്തിനായി പിടഞ്ഞു.അത്രക്ക് ശക്തമായിട്ടായിരുന്നു ആ എഴുത്ത് എന്നിൽ പ്രവർത്തിച്ചത്. പത്താം ക്ലാസിന്റെ A+ ഓട്ടങ്ങളിൽ നിന്നു എന്നെ ഇത് മാറ്റിനിർത്തി കരയിച്ചു.സുഭാഷ്‌ചന്ദ്രന്റെ മറ്റു പുസ്തകങ്ങൾ തേടിപ്പിടിച്ചു അക്കൊല്ലം തന്നെ ഞാൻ വായിച്ചു തിർത്തു.'രതിസാമ്രാജ്യം' വായിച്ചു ഞാൻ ഞെട്ടി.എഴുത്തിൽ വായനക്കാരന്റെ സ്ഥാനം തിരിച്ചറിയുകയും ഉണ്ടായി. ഉള്ളിൽ താലോലിച്ച പുരുഷത്വം അഹങ്കാരമല്ല, അപമാനമായി. ആ വാക്കുകൾ 'മനുഷ്യത്വത്തിന് മീതെയാണ് പുരുഷത്വം എന്നു നീ എന്നേ ഉറപ്പിച്ചിരുന്നു' എപ്പോഴും ഓർക്കാൻ ശ്രമിച്ചു (പലപ്പോഴും മറന്നു ) 'പറുദീസ നഷ്ടങ്ങളിൽ' ദു:ഖിച്ചു. എഴുത്തുകാരന് ഞാൻ 'വിഹിത'പ്പെട്ടു. അവിടം തൊട്ടാണ് തള്ളയെ കൊന്ന പരശുരാമന്റെ സൃഷ്ടിയെ -കേരളത്തെ- കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചത്. അതിന്റെ പുരുഷാധിപത്യത്തിന്റെ ചരിത്രം ഐതിഹ്യങ്ങളിൽ വരെ അളിഞ്ഞു നാറുന്നത് കണ്ടു. സമൂഹത്തിൽ സൂക്ഷ്മമായി നിലനിൽക്കുന്ന ജാതി ബോധത്തെക്കുറിച്ച് ആദ്യം ചിന്തിപ്പിച്ചതും' മനുഷ്യന് ഒരു ആമുഖം' തന്നെ. ക്ലാസിൽ സ്കോളർഷിപ്പിനും മറ്റുമായി ജാതി ചോദിക്കുമ്പോൾ അറപ്പിക്കുന്ന അന്തസ്സിൽ ഉത്തരം പറഞ്ഞതിന്റെ ഓർമ്മയെ നീറ്റിച്ചതും ആ എഴുത്തും എഴുത്തുകാരനും തന്നെ.പരീക്ഷകൾക്ക് ഇടക്ക് എവിടുന്നോ സംഘടിപ്പിച്ചെടുത്ത ഫോൺ നമ്പറിലേക്ക് അടക്കാനാവാത്ത ആവേശത്തിൽ വിളിച്ചതും എന്തൊക്കെയോ നിർത്താതെ സംസാരിച്ചതും ഓർമ്മ. അറിവില്ലായയുടെ ചോദ്യങ്ങൾക്ക് അതർഹിക്കുന്ന വാത്സല്യത്തോടെ സ്നേഹത്തിന്റെ ഉത്തരം തന്നു അദ്ദേഹം. എഴുത്തിനോടും കഥാപാത്രത്തോടും അത്രമേൽ സാമ്യപ്പെടുമ്പോഴും ജിതനെപ്പോലെ കെട്ട കാലത്തിന്റെ സംഹാരാത്മകതയ്ക്ക് മുന്നിൽ ഒരു എഴുത്തുകാരന്റേയും സർഗാത്മകത കെട്ടുപോകല്ലേ എന്നും'കഥയാകാനാവാതെ' ആരും അരക്ഷിതപ്പെടല്ലേ എന്നും തീവ്രമായി ആഗ്രഹിക്കുന്നു. കാരണം അവരുടെ സൃഷ്ടിയല്ലേ ഭാഷയുടെ അതിർത്തികളെ തോൽപ്പിക്കുന്ന 'ബാബേൽ ഫിഷുകൾ'... _അനന്തകൃഷ്ണൻ

  മനുഷ്യന് ഒരു ആമുഖം അഥവാ തച്ചനക്കരയുടെ ഇതിഹാസം!
By Rini Sadhiq
"കാലം ഒരു നാൽക്കാലിയെപ്പോലെ പിൻകാലുകൾ ഓർമ്മകളിലും മുൻകാലുകൾ പ്രതീക്ഷകളിലും കുത്തി തച്ചനക്കരയെ തുറിച്ചു നോക്കി വാലാട്ടി നിൽക്കുകയായിരുന്നു" അതെ, ഇത് തച്ചനക്കരയുടെ ഇതിഹാസമാണ്! ഓർമ്മകൾക്കും പ്രതീക്ഷകൾക്കും ഇടയിലെ സദാ ചലിക്കുന്ന നൂൽപ്പാലത്തിലൂടെ നോവലിസ്റ്റ് നടത്തിയ വൈകാരികസഞ്ചാരം. തന്റെ ജീവന് കാരണഭൂതനായ അയ്യാട്ടുമ്പിള്ളിയുടെ ചരിതം ആ നാടിന്റെയും അതിലുപരി കേരളത്തിന്റെ തന്നെയും സാംസ്കാരികവും സർഗ്ഗാന്മകവുമായ ചരിത്രമായി പരിണമിക്കുന്നത് കേവലം ആകസ്മികമല്ല. സുഭാഷ് ചന്ദ്രൻ സൃഷ്ടിച്ച തച്ചനക്കരയും അയ്യാട്ടുമ്പിള്ളിയും നാറാപിള്ളയും ഒറ്റപ്പെട്ട ഒരു തുരുത്തായിരുന്നില്ല, മറിച്ച് കേരളഭൂമികയിൽ അങ്ങോളമിങ്ങോളം പേരിന്റെ മാത്രം വ്യത്യാസത്തിൽ നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥിതി ആയിരുന്നു എന്ന് ചുരുക്കം. നൂറു വർഷങ്ങളെ, ആയിരം അനുഭവങ്ങളാക്കി നോവലിസ്റ്റ് പണിതീർത്ത കരുത്തുറ്റ ഒരു ഗോപുരമാണ് 'മനുഷ്യന് ഒരു ആമുഖം' എന്ന പേരിൽ നമ്മളിലേക്കെത്തിയത്. പെരിയാറിന്റെ തീരത്ത്, പെരുന്തച്ചന്റെ ഉളിയന്നൂരിന് മറുകരയിൽ, "അമ്മയുടെ കഴുത്ത് കണ്ടിച്ച" മഴുവുമായി പ്രതിഷ്ഠിക്കപ്പെട്ട പരശുവിന്റെ ക്ഷേത്രത്തിനു ചുറ്റും രൂപം കൊണ്ട 'ചെറിയ വലിയ ലോകമാണ്' തച്ചനക്കര. പറ കൊണ്ട് പണമളക്കുന്ന പ്രതാപശാലിയായ നാറാപിള്ളയുടെയും, പരമ സാധുവായ അയാളുടെ ഭാര്യ കുഞ്ഞു അമ്മയുടേയും വംശാവലിയിൽ വന്നു പിറന്ന ജിതൻ അഥവാ ജിതേന്ദ്രൻ തന്റെ കാമുകി ആൻമേരിക്കയച്ച കത്തുകളിലൂടെ ചുരുളഴിയുന്ന തച്ചനക്കരയുടേയും തന്റെ തറവാടായ അയ്യാട്ടുമ്പിള്ളിയുടേയും അവിടെ ജീവിച്ചു മരിച്ച ഒരുപിടി മനുഷ്യരുടേയും അവരുടെ കാഴ്ചപ്പാടുകളുടേയും ആകെത്തുകയാണ് "മനുഷ്യന് ഒരു ആമുഖം." നവോത്ഥാനവും കമ്മ്യൂണിസവും പുരോഗമനവും ആവിർഭവിച്ചതിനും പടർന്ന് പന്തലിച്ചതിനും ഒടുവിൽ ദിശയറിയാതെ ഉഴറിയതിനുമെല്ലാം ജിതൻ സാക്ഷിയായിരുന്നു. ജാതിയതയുടേയും പുരുഷാധിപത്യത്തിന്റെയും ആൾരൂപമായിരുന്ന തന്റെ മുത്തച്ഛന്റെ രക്തത്തെ സിരയിലേറി, മാനുഷികമൂല്യങ്ങൾക്കും വിപ്ലവത്തിനും സർഗാന്മകതക്കും സ്ഥാനം കൊടുത്ത വല്യമ്മാവൻ ഗോവിന്ദൻ മാഷിന്റെ വീക്ഷണങ്ങളെ തന്റേതുകൂടിയാക്കി ജിതൻ നടത്തിയ യാത്ര, 'പുതിയ' തച്ചനക്കരയിലെ ഫ്ലാറ്റിൽ അന്പത്തിനാലാം വയസ്സിൽ ഒടുങ്ങുമ്പോൾ "പൂർണ്ണവളർച്ചയെത്താതെ മരണപ്പെട്ടുപോയ" മറ്റൊരു ജീവിയായി ജിതേന്ദ്രനും മാറുകയായിരുന്നു. പെരിയാറും തച്ചനക്കരത്തേവരുടെ പുണ്യ ഗൃഹവും പായൽനിറഞ്ഞ അമ്പലക്കുളവും, കുറച്ചുമാറി കാലത്തെ തടിയിലുറപ്പിച്ച് തല പൊന്തിച്ച ഒരാലും മാത്രമായിരുന്നു ആദ്യകാലത്ത് തച്ചനക്കരയെങ്കിൽ, പോകേപ്പോകെ പൂശാപ്പികവലയും മാർത്താണ്ഡവർമ്മപ്പാലവും അരുണോദയ ക്ലബ്ബും എന്തിനേറെപ്പറയുന്നു സഹകരണബാങ്കും ടി.വി.യുള്ള വീടുകളും വരെ മുളച്ചുപൊന്തിയ ഒരാധുനിക ഗ്രാമമായി അത് പരിണമിക്കുന്നു. നോവലിന്റെ അവസാനമാകുമ്പോഴേക്കും കോൺക്രീറ്റ് കാടുകൾ നിറഞ്ഞ, മൈതാനികൾ മറഞ്ഞ തച്ചനക്കരയെ നാം കാണുന്നു. ഓരോ വായനക്കാരന്റെയും കണ്മുന്നിൽ ജനിച്ചു വളർന്ന തലയെടുപ്പുള്ള ഒരു 'നഗരമായി' തച്ചനക്കര മാറുന്നു. നാടിന്റെ ഈ യാത്രയോടൊപ്പം, അവിടെ വസിക്കുന്ന ജനങ്ങളുടെ അനിവാര്യമായ യാത്രയേയും നോവലിസ്റ്റ് സാകൂതം വർണ്ണിക്കുന്നു. അങ്ങനെയാണ് 'മനുഷ്യന് ഒരു ആമുഖം' തലമുറ മാറ്റങ്ങളുടെ കഥയാകുന്നത്. അയ്യാട്ടുമ്പിള്ളിയിലെ വൈജാത്യങ്ങൾ പേറുന്ന മനുഷ്യരെക്കൂടാതെ, തച്ചനക്കരയിലേയും അയൽഗ്രാമങ്ങളായ ഏലൂക്കരയിലേയും കായിന്റക്കരയിലേയും മനുഷ്യരും നോവലിൽ കഥാപാത്രങ്ങളാകുന്നു. ഗാന്ധിജിയും ശ്രീനാരായണഗുരുവും കുറ്റിപ്പുഴ കൃഷ്ണപിള്ളയുമെല്ലാം നോവലിൽ പ്രത്യക്ഷപ്പെടുമ്പോൾ അതൊരു വിശ്വമാനം കൈവരിക്കുന്നു. ആദ്യ തലമുറയിൽ നിന്ന് നാടുവിട്ട കേശവനും, അതേ വഴി തേടിപ്പോയ തുടർപരമ്പരയിലെ ചന്ദ്രനും, ബാല്യത്തിലേ തന്റെ ഭാഗം പൂർത്തിയാക്കി പരലോകം പൂകിയ പത്മനാഭനും,ഇനിയുമേറെ ദൂരമുണ്ടായിട്ട് കൂടി വഴിയിലിറങ്ങിയ അച്യുതനും, തച്ചനക്കരയിൽ വിപ്ലവത്തിന്റെ വിത്തുകൾ പാകിയിട്ടും അലമ്പൂരിയായി അലയേണ്ടി വന്ന വാസുദേവനും എല്ലാത്തിനുമുപരി അയ്യാട്ടുമ്പിള്ളിയിലെ വംശപരമ്പരകൾക്ക് ഹേതുവായി ജീവിതം ഹോമിച്ച കുഞ്ഞു അമ്മയും വായനക്കാരന്റെ മനസ്സിൽ ആഴത്തിലുള്ള മുറിവായി അവശേഷിക്കുമെന്നതിൽ സംശയമില്ല. നോവലിന്റെ ശൈലിയും, അതിൽ കടന്നുവരുന്ന ബിംബങ്ങളും, ചരിത്ര വർത്തമാനങ്ങളും നോവലെഴുതപ്പെട്ട ഭാഷയുമെല്ലാം സുഭാഷ് ചന്ദ്രനെന്ന നോവലിസ്റ്റിന്റെ പ്രതിഭയെ അടിവരയിട്ടുറപ്പിക്കുന്നു. "മലയാളികൾ എക്കാലവും വായിക്കാൻ പോകുന്ന ഒരു കുടുംബകഥ ഞാൻ എഴുതിയിരിക്കും" എന്ന് ജിതനിലൂടെ സുഭാഷ് ചന്ദ്രൻ പ്രഖ്യാപിക്കുന്നുണ്ട്. അത് തികച്ചും അർത്ഥവത്തായ ഒരു വാചകമായി രൂപാന്തരപ്പെട്ടിരിക്കുന്നു.മലയാളികൾ മാത്രമല്ല വായനയെ സ്നേഹിക്കുന്നവരെല്ലാം ഈ നോവൽ വായിക്കട്ടെയെന്ന് ആന്മാർഥമായി ആഗ്രഹിക്കുന്നു. അവസാനമായി എഴുത്തുകാരന്റെ വാക്കുകൾ കടം കൊണ്ട് പറയട്ടെ, " തച്ചനക്കര ഒരു സ്ഥലം മാത്രമല്ല, ഒരു കാലം കൂടിയായിരുന്നു!. "

  ആമുഖം വേണ്ടാത്ത മനുഷ്യന് ഒരു ആമുഖം
By Aslam Moloor
ചില ചോദ്യങ്ങളുണ്ടാകും അവയുടെ ഉത്തരം തേടിയുള്ള പ്രയാണം നമ്മെ ജീവിതത്തിന്റെയും മരണത്തിന്റെയും അല്ലെങ്കിൽ സ്‌നേഹത്തിന്റെയും വിരഹത്തിന്റെയും ഇടയിലുള്ള ഒരു നൂൽപാതത്തിലായിരിക്കും കൊണ്ട് ചെന്നെത്തിക്കുക. മനുഷ്യനോരമുഖം പറയാൻ സുഭാഷ് ചന്ദ്രൻ പലവുരു പൂർണ്ണ വളർച്ചയെത്തുന്നതിന് മുമ്പ് മരിച് പോകുന്ന ഏക ജീവിയാണ് മനുഷ്യൻ എന്ന് പറയുമ്പോഴും അത് ശരിയല്ലേ എന്ന ചോദ്യത്തിന് പിന്നിൽ നടത്തുന്ന യാത്രയാണ് ഈ കൃതി. ജിതേന്ദ്രന്റെ ജീവിതം പറയുന്ന കഥയിൽ വളരെ സുന്ദരമായി തച്ചനക്കര എന്നൊരു ഗ്രാമത്തെ സുഭാഷ് ചന്ദ്രൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അവിടെയുള്ള കല്ലിനും മുള്ളിനും വരെ വ്യക്തമായ ചാരുതി നൽകി വായനക്ക് ശേഷവും തച്ചനക്കര നമ്മിൽ നിന്ന് വിട്ട് പോകാത്ത നിലയിൽ നമ്മുടെ മനസ്സിനെ പിടിച്ചു വെക്കാൻ ഇതിന് സാധിച്ചിട്ടുണ്ട്. ഏതൊരു കള്ളവും സത്യമാവുന്നത് അതിൽ സത്യം ചാലിച്ച് പറയുമ്പോഴാണ്. ഇവിടെ തച്ചനെക്കരയെ സൃഷ്ടിച്ചെടുക്കുമ്പോൾ അതിന്റെ രണ്ടു വശങ്ങളിലും യഥാർത്ഥത്തിലുള്ള ഏലുകരയെയും ഉളിയന്നൂരിനെയും തുന്നി ചേർത്തു തച്ചനക്കരയെ സ്ഥാപിക്കൻ സുഭാഷിന് കഴിഞ്ഞിട്ടുണ്ട്. മനുഷ്യ വികാരങ്ങളിൽ ഒന്നുപോലും വിട്ടുപോകാതെ ഈ കഥയിലെ ഒരോ കഥാപാത്രവും നമ്മുടെ മനസ്സിലേക്ക് ചേക്കെറുന്നു. ജിതേന്ദ്രന്റെ കഥ പറയുന്നതിന് മുമ്പ് മൂന്ന് തലമുറയുടെ കഥയും പറഞ്ഞ് പിന്നീട് കാലം അതിന്റെ അതിപ്രസരം തുടരുമ്പോൾ മാറി മറിയുന്ന മനുഷ്യ ജീവനുകളുടെ ഛായ ചിത്രവുമാണ് മനുഷ്യന് സുഭാഷ് നൽകിയ ഈ ആമുഖം. ഇതിൽ ജിതേന്ദ്രന്റെ ജീവിതത്തിന്റെ പ്രതിഫലനം കാണിക്കുമ്പോൾ അവയെ ഭാഗങ്ങളാക്കി അവയിൽ അധ്യായങ്ങൾ കൊണ്ടുവരുന്നതിനു മുമ്പ് ജിതേന്ദ്രന്റെ കാതുകളിലൂടെ മനുഷ്യ മനസ്സിന്റെ വ്യവഹാരങ്ങളെ സുഭാഷ് മനോഹരമായി അവതരിപ്പിക്കുന്നു. അതിനൊക്കെ പുറമെ പല പല ജീവിതങ്ങൾ നമുക്ക് മുന്നിൽ നിരത്തി വെച്ച നമ്മോട് വീണ്ടും വീണ്ടും പറയുകയാണ്. പൂർണ്ണ വളർച്ചയെത്തുന്നതിന് മുമ്പ് മരിച് പോകുന്ന ഏക ജീവിയാണ് മനുഷ്യൻ. വായനയുടെ വലിയ വാതായനങ്ങൾ നമുക്ക് സമ്മാനിച്ച സുഭാഷ് ചന്ദ്രൻ മനുഷ്യ മനസ്സിന്റെ വികാര വിചാരങ്ങളിൽ സ്ഫുടം ചെയ്തെടുത്തതാണ് മനുഷ്യന് ഒരു ആമുഖം എന്ന ഈ കൃതി. അതിന്റെ സൗകുമാര്യത നമുക്ക് പകർന്നു തരുന്നത് ഡിസി ബുക്സ് ആണ്. വായന മരിക്കാത്തിടത്തോളം മലയാളസാഹിത്യത്തിലെ നാഴികകല്ലാണ് മനുഷ്യന് ഒരു ആമുഖം. Rauoof Aluva

  മനുഷ്യന് ഒരു ആമുഖം
By Alan Kuriakose
മലയാളത്തിൽ ലക്ഷണമൊത്ത കൃതികൾക്ക് പുതുതലമുറ എഴുത്തുക്കാർക്ക്‌ കപ്പാസിറ്റിയില്ല എന്നു നിരൂപകർ വിധിയെഴുതിയ കാലത്തു , രാത്രിയിൽ വാടകവീട്ടിൽ ഭാര്യയും കുട്ടികളുമുറങ്ങിയ വേളകളിൽ ഒരു വ്യാഴവട്ടകാലമെടുത്തു സുഭാഷ് ചന്ദ്രൻ തീർത്ത രചനാവിപ്ലവമാണ് 'മനുഷ്യന് ഒരു ആമുഖം'. ഇടയ്ക്കെവിടെയോ നഷ്ടപ്പെട്ടുപോയ വായനാസ്വാദനത്തെ , മലയാളിക്കു തിരിച്ചുനൽകിയ ' മലയാള ആധുനിക സാഹിത്യത്തിനു' (ഉത്തരാധുനികത) നാന്ദികുറിച്ച കൃതികളിൽ ഒന്നുകൂടെയാണ് ഈ നോവൽ.2010 ൽ പുറത്തിറങ്ങിയ പുസ്തകം, കേവലം 4 വർഷത്തിനുള്ളിൽ നേടിയെടുത്ത കേന്ദ്ര-കേരളാ സാഹിത്യ പുരസ്കാരങ്ങൾ, വയലാർ,ക്രോസ്സ്‌വേർഡ് പുരസ്‌ക്കാരങ്ങൾ തുടങ്ങിയവ എല്ലാംതന്നെയും കൃതിയുടെ ജനപ്രീതിയും സമ്പന്നമായ സാഹിത്യഗുണവുമാണ് എടുത്തു കാണിക്കുന്നത് .ധർമ്മം,അർത്ഥം,കാമം,മോക്ഷം എന്നീ നാല് മനുഷ്യാവസ്ഥകളെ നാല് അധ്യായങ്ങളാക്കി ജിതെന്ദ്രനിലൂടെ രണ്ടു തലമുറകളുടെ കഥയാണ് സുഭാഷ് ചന്ദ്രൻ പറയുന്നത്.പ്രതാപശാലികളായ അയ്യാട്ടുമ്പിള്ളി നാറാണപിള്ളയുടെയും, ഭാര്യ കുഞ്ഞു അമ്മയുടെയും, ആറ്‌ മക്കളുടെയും കഥ.ഓരോ കഥാപാത്രങ്ങളും ഓരോ നോവൽ തന്നെയാണ്.അതുകൊണ്ടുതന്നെയാണ് ഈ ഒരു നോവൽ പാരയണത്തിലൂടെ ഒട്ടനവധി നോവൽ വായിച്ച അനുഭൂതി ലഭിക്കുന്നത്.ജിതൻ തന്റെ കാമുകിക്ക് അയച്ച കത്തുകളിലൂടെയാണ് ,അടുക്കിലും ചിട്ടയിലും സരളമായ ഈ നോവൽ തുടങ്ങുന്നത്‌.'പൂർണ വളർച്ച എത്തുംമുൻപേ ഭൂമിയിലെ വാസംവെടിയുന്ന മനുഷ്യനെ' സൂചിപ്പിച്ചുകൊണ്ട്, അപൂർണതയുടെ കുറെ ജീവിതചിത്രങ്ങളെ ഒരു വലിയ ക്യാൻവാസിൽ സൃഷ്ടിക്കുകയാണ് കഥാകാരനിവിടെ.കേരളത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയും,ജീവിതനിലവാരത്തിൽ വന്ന മാറ്റവുംമെല്ലാം ഉൾകൊള്ളുന്ന കൃതി, വഴിയരുകിൽ പിടിച്ച കണ്ണാടിക്കു സമമാണ്.നാനൂറിൽപരം പേജുകളിൽ തന്റെ സൃഷ്ടിപരത നടത്തുന്ന ഈ നോവൽ; മനുഷ്യന്,മനുഷ്യവംശത്തിന് ഒരു ആമുഖം തന്നെയാണ്.

  മനുഷ്യന് ഒരു അപൂർണ ജീവി
By Rumais ali MT
മനുഷ്യനൊരാമുഖം-സാരം പൂര്‍ണ്ണ വളര്‍ച്ചെയെത്തും മുമ്പ് മരണപ്പെട്ട് പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍ എന്ന് പറഞ്ഞ് കൊണ്ടാണ് നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ അപൂര്‍ണ്ണതയുടെ ഒരുപാട് ചിത്രങ്ങളെ ഒരു ക്യന്‍വാസില്‍ സൃഷ്ടിച്ചത് തന്നെ അദ്ദേഹത്തിന്‍റെ മികച്ച സവിശേഷതയാണ്. തന്‍റെ ആദ്യത്തെ നോവല്‍ തന്നെ ലക്ഷണമൊത്തതും മികവുറ്റതുമാവാന്‍ വേണ്ടി സര്‍വ്വവും സമര്‍പ്പിച്ച ഒരു വ്യാഴവട്ട കാലത്തെ സ്വപ്ന സാക്ഷാത്കാരമാണെന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം, പര്യന്ത എന്നീ പേരുകളിലായി സുഭാഷ് ചന്ദ്രന്‍ മനുഷ്യന് ഒരാമുഖം എന്ന പേരില്‍ ക്രമീകരിച്ചത് കച്ചനക്കരയെന്ന സംഘല്‍പ്പ ഗ്രാമത്തിലെ പ്രശസ്തിയാര്‍ജ്ജിച്ച അയ്യാട്ടുമ്പിള്ളി എന്ന തലമുറയുടെ ആവിര്‍ഭാവക്കാലം മനോഹരമായി ചിത്രീകരിക്കുന്നത് മറ്റൊരു ആഖ്യാന മികവോടെയാണ്. കൃതിയുടെ അച്ചുതണ്ടായ നാരായണപ്പിള്ള എന്ന നാറാപിള്ളയിലൂടെ തലമുറയെഴുത്ത് ചിന്നമ്മയിലൂടെ കേന്ദ്രകഥാപാത്രം ജിതേന്ദ്രനിലെത്തിക്കാന്‍ അദ്ദേഹം തിരെഞ്ഞെടുത്ത വഴി ഏറെ ദുഷ്കരമായിരുന്നു. പ്രസ്തുത നോവലിലെ ഓരോ അദ്ധ്യായത്തിന്‍റെ തുടക്കത്തിലും ജിതേന്ദ്രന്‍ തന്‍റെ കാമുകിയും നസ്രാണിയുമായ ആന്‍മേരിക്കയച്ച കത്തുകള്‍ നോവലിന് കൂടുതല്‍ നിറം പകരുന്നതും ആകാംക്ഷ നല്‍കുന്നതുമാണ്. ആയാടിത്തത്തില്‍ പ്രസിദ്ധരായ അയ്യാട്ടുമ്പിള്ളിയുടെ നായര്‍ പ്രമുഖന്‍ നാറാപിള്ളയ്ക്ക് ശേഷം അവസാനം ജിതേന്ദ്രനിലെത്തുമ്പോള്‍ ചിദ്രമായ ഒരു കുടുംബ ചിത്രത്തെയാണ് നോവലിസ്റ്റ് തന്‍റെ നോവലിലൂടെ വരച്ച് കാണിക്കുന്നത്. അടുക്കും ചിട്ടയിലും സരളമായി ഈ നോവലിനെ ലക്ഷണമൊത്തതാക്കാന്‍ നോവലിസ്റ്റ് കണ്ടെത്തിയ ഇതിന്‍റെ സമര്‍പ്പണം തന്നെ വളരെ സ്തുതിര്‍ഹമാണ് "കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചവര്‍ക്കും ഈ നൂറ്റാണ്ടില്‍ ജീവിച്ചവര്‍ക്കും " എന്നതാണ്. നോവലിസ്റ്റിന്‍റെ സമര്‍പ്പണത്തിന്‍റെ വരികള്‍ ഏറെ പ്രശസ്തമാണ് : ദൈവത്തിന് എന്‍റെ അപരനായ എതിരാളിക്ക്, തികച്ചും വ്യത്യസ്ഥമായ പ്രമേയത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ മലായള സാഹിത്യത്തില്‍ തന്നെ ഒരു പൊന്‍തൂവലാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പോലുള്ള നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് നേടിക്കൊടുത്തു.



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0