• Text
  • Text

BHAGAVANTE MARANAM

By : K. R. MEERA



Book : BHAGAVANTE MARANAM
Author: K. R. MEERA
Category : Novel
ISBN : 9789386680945
Binding : Normal
Publishing Date : 30-03-2026
Publisher : DC BOOKS
Edition : 16
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

അന്ന്, അവൻ ചാഞ്ചല്യം നിയന്ത്രിച്ച്, പ്രൊഫസറുടെ പാലുപോലെ വെളുത്ത പുരികങ്ങൾക്കിടയിൽ തോക്കിന്റെ വായ് അമർത്തി. കാഞ്ചിയിൽ വിരൽ തൊടുവിച്ചു. പക്ഷേ കണ്ടതായിപ്പോലും ഭാവിക്കാതെ പ്രൊഫസർ ചിരിച്ചു. 'മകനേ, രക്തംമാത്രം കുടിക്കുന്ന പശുക്കളാണു മതങ്ങളെല്ലാം'- അദ്ദേഹം പറഞ്ഞു. 'ജാതിയിൽ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ കുടിക്കാറുള്ളൂ. നീ ഒരു ദലിതയെ വിവാഹം കഴിച്ചാൽ നിന്റെ മതം അവളുടെ രക്തം കുടിക്കും.അതല്ല, ബ്രാഹ്‌മണിയെ കഴിച്ചാൽ അതു നിന്റെ രക്തം കുടിക്കും. ഇന്നലെ ബസവണ്ണ, ഇന്നു ഞാൻ. ഇന്നു ഞാൻ, നാളെ നീ, കൂടലസംഗമദേവാ!' സമകാലികാവസ്ഥകളെ പിടിച്ചുലയ്ക്കുന്ന കഥകള്‍.

WRITE A REVIEW

Product name: BHAGAVANTE MARANAM

Review title:



Your Ratings:

Your Message:




Book Reviews

  ഒന്നിനൊന്ന് മെച്ചപ്പെട്ട കഥകൾ
By HARILAL KAPPUMMAL
ഒരു പിടി നല്ല കഥകൾ. സമകാലിക പ്രസക്തിയുള്ള ആക്ഷേപഹാസ്യം .

  ഭഗവാൻ്റെ മരണം
By SHAJI MELEDATH ASSAN
സമകാലിക ഇന്ത്യയുടെ നേർസാക്ഷ്യങ്ങളാവുന്ന ആറു കഥകളാണ് ഭഗവാൻ്റെ മരണത്തിലുള്ളത്. ചിലതെല്ലാം സൂചകങ്ങളിലൂടെയും ചിലതെല്ലാം നഗ്നമായ സത്യത്തിനുനേരെയുള്ള സെർച്ച് ലൈറ്റായും അതിവിദഗ്ദമായി കോറിയിട്ടിരിക്കുകയാണീ സമാഹാരത്തിൽ . ഒറ്റയ്ക്കു പുറപ്പെടേണ്ട ചില യാത്രകളായാണ് കഥാരംഭത്തിലെ സൂചനകൾ. ഒരേ പൗരുഷത്തിൻ്റെ പ്രേതങ്ങളായ മണ്ണടിഞ്ഞ ആണുങ്ങളാണ് "ആൺപ്രേതത്തിലെ " കഥാബീജം. ശരീരം കൊല്ലപ്പെടുന്നതിനു മുമ്പ് ആത്മാവ് "ആത്മഹത്യ " ചെയ്ത പുരുഷ പ്രതിനിധിയിലൂടെ പെൺപ്രേതം നടത്തുന്ന തേരോട്ടമാണിവിടെ. പ്രേതമെന്ന പദത്തിന് ജീവനിലും മരണത്തിലും ശരീരമെന്ന അർത്ഥം നൽകി വായനക്കാരനെ സമകാലിക അവസ്ഥകളിലൂടെ യാത്രചെയ്യിക്കാൻ മീരയ്ക്ക് അനായാസം സാദ്ധ്യമായിട്ടുണ്ട്. കാട്ടിൽ ഉണങ്ങിക്കരിഞ്ഞ പൂമരച്ചില്ലകണ്ടെത്തി തീക്കൊളുത്തുന്ന വേട്ടക്കാരനെപ്പോലെ അവളുടെ ഹൃദയത്തെ കത്തിച്ചതവനായിരുന്നു. പുകയാതെ കത്തിപ്പടരുന്ന മനസ്സുകളെ നാൾവഴിക്കണക്കിലൂടെ വിവരിച്ചിരിക്കയാണിവിടെ. സ്ത്രീത്വമെന്നാൽ ആത്മാവില്ലാത്ത പെൺശരീരം മാത്രമാണ്, പുരുഷൻ്റെ കാഴ്ചപ്പാടിൽ. അനാശാസ്യത്തിന്ന് അറസ്റ്റ്ചെയ്യപ്പെട്ട് പോലീസ് ജീപ്പിലിരിക്കെ കത്തിയെരിയുന്ന അവനോടവൾ പറഞ്ഞതിത്രമാത്രം " നോക്ക്, എൻ്റെ കണ്ണുകളിലിപ്പോഴും കാട്ടുതീ ". വാർത്തകളുടെ സൃഷ്ടിസ്സംഹാര കർമ്മങ്ങളിലേക്ക് നർമ്മത്തിൻ്റെ ഭാഷാചിത്രം വരച്ചിടുകയാണ് "മാധ്യമധർമ്മനിലൂടെ ". പുതിയൊരു ചാനൽ നിർമ്മിതിക്ക് പറ്റിയ വാർത്തയേതാണെന്നാരായുന്ന സിങ്കത്തോട് "വിമാനാപകടം അല്ലെങ്കിൽ ലൈംഗികാപവാദം " എന്ന മറുപടി നൽകിയ ജേർണലിസക്കാരിയോട് "ഇതുരണ്ടുമുണ്ടാക്കാൻ കഴിയുമോയെന്ന " ചോദ്യത്തിന്, "ആദ്യത്തേതെന്നെക്കൊണ്ട് പറ്റില്ല, പക്ഷെ രണ്ടാമത്തേത് പറ്റുമെന്ന " മറുപടിയിൽ യു ആർ അപ്പോയൻറഡെന്ന നിയമന ഉത്തരവ് ലഭ്യമായി. സമകാലിക ചരിത്രത്തിൽ ഓർത്തിരിക്കേണ്ട അടിസ്ഥാനപാഠമാണിത്. ഭാരതീയസംസ്ക്കാരം ,അയ്യായിരം വർഷം ,സംസ്കൃതം, സനാതനധർമ്മം, ആയുർവേദം എന്നീ സപ്രമഞ്ചക്കട്ടിലുകളിൽ കിടന്നുരുളാൻ തയാറാക്കി വെച്ചിരിക്കുന്ന മെത്തകളാണ് സമകാലീന " കൾച്ചർ ". വിശ്വാസത്തിൻ്റെ ചരടുകെട്ടലിൽ ശ്വാസം നിലച്ചുപോവുന്ന ഇന്നിൻ്റെ സാക്ഷ്യപത്രം. നിരർത്ഥകമായ വചനസൂക്തങ്ങളിലൂടെ മനോരോഗികളായ അധികാര വർഗ്ഗം, ആവാസവ്യവസ്ഥയെ കീഴ്മേൽ മറിച്ചിടുന്നത് ഒന്നുമൊളിപ്പിക്കാതെ പ്രദർശിപ്പിക്കുകയാണ് "സംഘിയണ്ണനിലൂടെ " മീര. സന്യാസിയച്ചൻ്റെ പഞ്ചതന്ത്രകഥകൾ അഥവാ വിക്രമാദിത്യക്കഥകളുടെ കേൾവി നമ്മെക്കൊണ്ടെത്തിക്കുന്നത് ആർഷഭാരത സംസ്കൃതിയുടെ, രാജ്യസ്നേഹികളുടെ ദർബാർ സദസ്സുകളിലേക്കാണ്. ഇരിക്കക്കൂര കത്തിച്ച് വികസനത്തിൻ്റെ ശിലാന്യാസത്തിന്നിറങ്ങിയവർ തന്നെയാണ് ചേരികൾ തകർത്ത് നഗരസൗന്ദര്യ വികസനത്തിന് കളമൊരുക്കിയ ബുൾഡോസറുകൾക്ക് പുഷ്പമാല്യം ചാർത്തി ആരാധിക്കാൻ വിധിക്കപ്പെട്ടവരും.വീടില്ല കൂടില്ല ബന്ധങ്ങളില്ല, കർമ്മപാശങ്ങളൊട്ടുമില്ല എന്ന് സർവചരാചരങ്ങളെക്കൊണ്ടും സ്തുതി പാടിച്ച കിഴവൻ സന്യാസിയുടെ തൽസ്വരുപം പുറത്തു വരുമ്പോൾ ഒരു ജനത മുഴുവൻ ചങ്ങലയ്ക്കിടപ്പെട്ട് പ്രാന്താശുപത്രിയിലെത്തി കഴിഞ്ഞിരുന്നു. അവരുടെ കണ്ണിൽ തെളിയുന്ന "സ്വച്ഛത " മാത്രമാണ് ദേശസ്നേഹത്തിൻ്റെ ഏക അവശേഷിപ്പ് . പ്രൊഫസറും അമരയും ബസവണ്ണയുമെല്ലാം ചേർന്നൊരുക്കുന്ന സമകാലികയിന്ത്യയുടെ ഭൂപടമാണ് "ഭഗവാൻ്റെ മരണം ". പൂച്ച വരുന്നതറിയാൻ കഴിയുന്നില്ലെങ്കിൽ തത്തയെഴുത്തും വായനയും പഠിച്ചിട്ടെന്തു കാര്യമെന്ന് ബസവണ്ണയുടെ വചനങ്ങളിലൂടെ നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. സമകാലിക രാഷ്ട്രീയാവസ്ഥകളെ മുദ്രാവാക്യങ്ങളാക്കി മാറ്റാതെ എത്രമാത്രം നമ്മിലേക്കലിയിച്ചു ചേർത്തിരിക്കുന്നു ഈ കഥാകാരി.തനിച്ചു മാത്രമനുഭവിക്കാൻ കഴിയുന്ന ചിലതുണ്ട് ജീവിതത്തിൽ. നിൻ്റെ വിശപ്പും, നിൻ്റെ രതിയും നിൻ്റെതു മാത്രമാണ്. ഈശ്വരനും അങ്ങനെത്തന്നെ. രക്തം മാത്രം കുടിക്കുന്ന പശുക്കളാണ് മതങ്ങളെല്ലാം. ജാതിയിൽ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തം മാത്രമേയത് കുടിക്കാറുള്ളൂ". ബസവണ്ണയുടെ വചനങ്ങൾ ഈ ലോകം മുഴുവൻ നിറയുകയാണ്.

  ഭഗവാന്റെ മരണം
By Aleesha Abdulla
കാലം ആവശ്യപ്പെടുന്ന എത്ര കഥകൾ നിങ്ങൾ വായിച്ചിട്ടുണ്ട്.അസഹിഷ്ണുതയെക്കുറിച്ച് രാജ്യമാകെ സംവാദം നടക്കുമ്പോൾ അതിനെ ചേർത്തുനിർത്തി കഥ പറയുന്ന കഥാകാരികൾ അധികമുണ്ടെന്നും തോന്നുന്നില്ല. തത്വചിന്തകനും കവിയുമായ ബസവണ്ണയുടെ വചനങ്ങളും രാജ്യത്തുണ്ടാകുന്ന അസഹിഷ്ണുതാ കൊലപാതകങ്ങളും കൂട്ടിയിണക്കി കെ.ആർ മീര രചിച്ച കൃതിയാണ് ഭഗവാന്റെ മരണം. രാഷ്ട്രീയ തത്വങ്ങളെയും മത/ജാതി ബോധങ്ങളെയും മാധ്യമ തന്ത്രങ്ങളെയും രൂക്ഷമായ ഭാഷയിലാണ് എഴുത്തുകാരി വിമർശിക്കുന്നത്.ആണ്‍പ്രേതം, ഭഗവാന്റെ മരണം,സെപ്റ്റംബര്‍ മുപ്പത്,സ്വച്ഛഭാരതി,സംഘിയണ്ണന്‍,മാധ്യമധര്‍മ്മന്‍ എന്നീ 6 കഥകളാണ് സമാഹാരത്തിലുള്ളത്.ഭഗവദ്ഗീതയെ നിന്ദിച്ച പ്രൊഫസര്‍ ഭഗവാന്‍ ബസവപ്പയെ കൊല്ലാനെത്തുന്ന അമര എന്ന കൊലയാളിയെ ബസവണ്ണയുടെ വചനങ്ങളാല്‍ മനസ്സുമാറ്റുന്നതും തുടര്‍ന്നുണ്ടാകുന്ന നാടകീയ സംഭവങ്ങളുമാണ് ഏറെ ചർച്ച ചെയ്യപ്പെട്ട ഭഗവാന്റെ മരണം എന്ന കഥ പറയുന്നത്.ഫാസിസത്തിന്റെ ആൾക്കൂട്ട മനസ്സിൽ നിന്നാണ് ഭഗവാന്റെ മരണത്തിലെ മല്ലപ്പയും,ശിവപ്പയും,ആര്യയും,അമരയും ജനിക്കുന്നത്. ഈ കഥകൾ തീർത്തും സാങ്കല്പികമാണ്.ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരോടെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് ജീവിക്കുന്ന കാലഘട്ടത്തിന്റെ ഭീകരതകൊണ്ടു മാത്രമാണെന്ന് പുസ്താകാരംഭത്തിൽ എഴുത്തുകാരിക്ക് പറയേണ്ടി വരുന്നുണ്ടെങ്കിൽ അതുനമ്മുടെ സാംസ്കാരിക ദുരന്തമാണെന്ന് പറയാതെ വയ്യ.രാഷ്ട്രീയ സാഹചര്യങ്ങളെയും ഭരണത്തെയും ചടുലമായ ഭാഷയിൽ നിരീക്ഷിക്കുന്നതാണ് സംഘിയണ്ണൻ എന്ന കഥ. വളർന്നുവരുന്ന ആത്മീയ കച്ചവടങ്ങളെയും ചൂഷണങ്ങളെയും സ്വച്ഛ ഭാരതി എന്ന കഥയിലൂടെ തുറന്ന് കാട്ടാനും എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്.പൗരുഷത്തിത്തിൻ്റെ ക്രൂരതയെ തുറന്നുകാട്ടി സ്ത്രൈണതയുടെ സ്വാതന്ത്ര്യം എന്താണെന്ന് ആൺപ്രേതം പറയുന്നു.ഓട്ട വീണ പുറംചട്ടയും പേജുകളുമാണ് മറ്റൊരു പ്രധാന ആകർഷണം.കവര്‍ച്ചട്ട തുളച്ച് പിന്‍ചട്ടയിലൂടെ കടന്നുപോയ വെടിയുണ്ടയുടെ ദ്വാരം ആയിരം ചിന്താനുഭവങ്ങളാണ് സമ്മാനിക്കുന്നത്.ഗൗരിയുടേയും കൽബുർഗിയുടെയും പൻസാരെയുടെയും മുഖം മിന്നിമറിയാതെ പുസ്തകം വായിച്ച് തീർക്കാനാവില്ല.ഈ 6 കഥകളും എക്കാലവും ചർച്ച ചെയ്യപ്പടേണ്ടതാണെന്നതിൽ തർക്കമില്ല.

  ഇന്നിന്റെ നിറമുള്ള കഥക്കൂട്ടുകൾ
By Adersh gopinath
സമകാലീനകാലഘട്ടത്തിലെ വിവിധ തലങ്ങളെ കാച്ചിക്കുറുക്കിയ ആറു കഥകളുടെ സമാഹാരമാണ് 'ഭഗവാന്റെ മരണം' എന്ന പുസ്തകം. 'ആൺപ്രേതം' എന്ന ആദ്യ കഥയിലൂടെ ഈ കാലഘട്ടം ആവശ്യപ്പെടുന്ന ശക്തയായ ഒരു കാമുകിയെയും ദുർബലനായ ഒരു കാമുകനെയും അവതരിപ്പിക്കുന്നു. 'ഭഗവാന്റെ മരണം' എന്ന രണ്ടാമത്തെ കഥ ഈ പുസ്തകത്തിലെ ഏറ്റവും തീവ്രമായ പ്രമേയം തന്നെ കൈകാര്യം ചെയ്യുന്നു. മനുഷ്യനെ കൊല്ലുന്ന മതങ്ങളുടെ ഭീകരതയുടെ യാഥാർഥ്യം ഈ കഥയിലൂടെ കഥാകാരി ശക്തമായി വിവരിക്കുന്നു. 'സെപ്റ്റംബർ 30'എന്ന മൂന്നാമത്തെ കഥയിൽ ശക്തമായ ഒരു സ്ത്രീ കഥാപാത്രം വീണ്ടും കടന്നു വരുന്നു. 'സ്വച്ച് ഭാരത് 'എന്ന നാലാമത്തെ കഥയിലൂടെ വർത്തമാന കാലഘട്ടത്തിലെ കപട സന്യാസിമാരുടെ മുഖംമൂടി വലിച്ചു കീറുന്നു. കാഷായ വേഷത്തിന്റെ പേരിൽ ഈ കാലഘട്ടത്തിൽ നടക്കുന്ന തട്ടിപ്പുകൾ വളരെ വ്യക്തമായി ഈ കഥയിൽ ദൃശ്യമാകുന്നു. ഗൗരവപരമായ ഒരു പ്രമേയം ഹാസ്യത്തിന്റെ മേമ്പോടിയോടുകൂടിയും അതോടൊപ്പം ഹൃദയസ്പർശിയായും അഞ്ചാമത്തെ കഥയായ 'സംഘി അണ്ണൻ' അനുഭവവേദ്യമാക്കുന്നു. മാധ്യമങ്ങൾ ഈ കാലഘട്ടത്തിൽ വാർത്തകൾ എങ്ങനെ വളച്ചൊടിക്കുന്നു എന്നും അത് ഓരോ വ്യക്തികളുടെയും ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളെയും ഈ പുസ്തകത്തിലെ അവസാനത്തെ കഥയായ 'മാധ്യമധർമ്മൻ' എന്ന കഥയിലൂടെ ഏവർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെ കഥാകാരി വ്യക്തമാക്കുന്നു. നമുക്ക് ചുറ്റും കാണുന്ന ഈ ലോകത്തിന്റെ യഥാർത്ഥ ചിത്രം കെ ആർ മീര തന്റെ മനോഹരമായ രചനാവൈഭവത്താൽ സമ്പന്നമാക്കിയിരിക്കുന്ന പുസ്തകമാണ് "ഭഗവാന്റെ മരണം".

  വർത്തമാനകാലത്തിന്റെ വീർപ്പുമുട്ടലുകൾ
By Drishya Padmanabhan
സമകാലിക രാഷ്ട്രീയ സാമൂഹിക അന്ധവിശ്വാസങ്ങളെ അക്ഷരങ്ങളാൽ കോർത്തിണക്കിയ ഒരുപിടി കഥകളുടെ സമാഹാരമാണ് കെ. ആർ മീരയുടെ "ഭഗവാന്റെ മരണം ". 'ആൺപ്രേതം, ഭഗവാന്റെ മരണം, സെപ്റ്റംബർ 30,സ്വച്ഛഭാരതി, സംഘിയണ്ണൻ,മാധ്യമധർമ്മൻ ' തുടങ്ങിയ 6 കഥകൾ. ആണധികാരത്തിന്റെ വിചിത്രമുഖങ്ങളെ മുദ്രണം ചെയ്യപ്പെടുത്തുന്ന "ആൺപ്രേതം ". മതഭ്രാന്തിന്റെ കരാളഹസ്തത്തിലകപ്പെട്ടവരിലേക്ക് അറിവിന്റെ അഗ്നിജ്വാലയായിമാറുന്ന "ഭഗവാന്റെ മരണം ". ഇവിടെ ഭഗവാൻ എന്നത് അറിവാണെന്നും ഭഗവാന്റെ മരണമെന്നത് അജ്ഞത ആണെന്നും നമുക്ക് അനുമാനിക്കാം. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കന്നഡ കാളിദാസൻ എന്നറിയപ്പെട്ട ബസവണ്ണയുമായി ഇഴചേർന്നാണ് ഈ കഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്ത്രീ ശരീരത്തെ ലക്ഷ്യമിടുന്ന കഴുകന്റെ കണ്ണുള്ള പുരുഷമനസ്സിലേക്ക് പ്രതികാരദാഹവുമായി വന്നെത്തുന്ന "സെപ്റ്റംബർ 30". ശാന്തമായി പോവുന്ന മനുഷ്യജീവിതത്തിലേക്ക് ദുരിതത്തിന്റെ ദുർഗന്ധം കലർത്തി ദുരന്തപൂർണ്ണമാക്കുന്ന നേരില്ലാത്ത രാഷ്ട്രീയത്തെ ചർച്ച ചെയ്യുന്ന "സ്വച്ഛഭാരതി".ഒരർത്ഥത്തിൽ പറഞ്ഞാൽ സ്വാർത്ഥരാഷ്ട്രീയത്തിന്റെ മൂടുപടത്തെ തകർത്തെറിയുകയാണ് എഴുത്തുകാരി മൂർച്ചയേറിയവാക്കുകളിലൂടെ. ഈ കഥ വായിച്ചവസാനിപ്പിച്ചപ്പോൾ എന്റെ മനസ്സിൽ 'എലിയെ പേടിച്ചു ഇല്ലം ചുടക'എന്ന പഴഞ്ചൊല്ലാണ് ഓടിയെത്തിയത്. നിഷ്പക്ഷതയുടെ മുഖംമൂടി വലിച്ചെറിഞ്ഞ് പെട്ടെന്ന് വന്നുദിച്ച അധികാരരാഷ്രീയ കുത്തൊഴുക്കിൽ വിഷസർപ്പമായി ഇഴഞ്ഞു വരുന്നവരെ തുറന്നു കാട്ടുന്ന "സംഘിയണ്ണൻ". മനുഷ്യവികാരങ്ങളെ വിറ്റ് കാശാക്കുന്ന പുതിയതരം മാധ്യമധർമ്മത്തിന്റെ ഇരട്ടതാപ്പിനെതിരെയുള്ള കൊട്ടായ "മാധ്യമധർമ്മൻ".ഇതിലെ ഓരോ കഥകളിലും വ്യക്തമായ രാഷ്ട്രീയമുണ്ട്. ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വായിക്കേണ്ട കഥകളാണിവയൊക്കെയും. ഈ പുസ്തകത്തിൽ എടുത്തുപറയേണ്ട മറ്റൊരു ആകർഷണീയത പുസ്തകത്തിന്റെ മുൻ ചട്ടയിൽ നിന്നുതിർന്നു വീണ വെടിയുണ്ട ഉള്ളിലേക്ക് കടന്ന് അക്ഷരങ്ങളെ കൃത്യമായി അളന്നു മുറിച്ചുകൊണ്ട് പുറംചട്ടയിലൂടെ അനന്തതയിലേക്ക് പോവുന്നത് പോലെയാണ്.1948 ൽ പുറപ്പെട്ട മതഭ്രാന്തിന്റെ വെടിയുണ്ട ഇനിയും അതിന്റെ ലക്ഷ്യസ്ഥാനം കണ്ടിട്ടില്ലെന്നുള്ള ഓർമ്മപ്പെടുത്തലായി ഇതിനെ വായിക്കാമെന്നെനിക്ക് തോന്നുന്നു. വാക്കുകൾ കൊണ്ട് പരാജയപ്പെടുത്താൻ കഴിയാത്തവരെ ആയുധം കൊണ്ട് ഇല്ലായ്മ ചെയ്യുന്ന ഇന്നത്തെ കാലഘട്ടവുമായി ഈ കഥകളെ കൂട്ടിവായിച്ചാൽ നമുക്ക് മനസിലാക്കാം എഴുത്തുകാരി നൽകുന്ന പരോക്ഷമായ ഓർമ്മപ്പെടുത്തൽ. വാക്കിനെ അല്ലെങ്കിൽ നേരിനെ ആയുധംകൊണ്ട് നേരിടുന്ന കൊടും ഭീകരത. പുനർചിന്തനത്തിന്റെയും തിരിച്ചറിവിന്റെയും വിത്ത് പാകുന്ന 6 കഥകൾ അതാണ് കെ. ആർ മീരയുടെ 118 പേജുകളുള്ള "ഭഗവാന്റെ മരണം". ©ദൃശ്യ പത്മനാഭൻ

  സമകാലികവസ്ഥകളുടെ ഓർമ്മപ്പെടുത്തലുകളുക്കൾ
By GAYATHRI MOHAN
ചില കാര്യങ്ങൾ കാണുമ്പോൾ ചില കാര്യങ്ങൾ കേൾക്കുമ്പോൾ ഒക്കെ നമ്മളും ചിന്തിക്കാറുണ്ട് - ഭഗവാൻ മരിച്ചോ???? അതെ. കാലത്തിന്റെ പോക്ക് കാണുമ്പോൾ നമ്മൾ അങ്ങനെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളൂ. വർത്തമാന കാലവും ആയി ചേർന്നു നിൽക്കുന്ന ആറു കഥകൾ.ശക്തയായ കാമുകിയുടെയും ദുർബലനായ കാമുകന്റെയും കഥ പറയുന്ന ആൺ പ്രേതം, മതത്തിന്റെ ഭീകര മുഖം വരച്ചു കാട്ടുന്ന 'ഭഗവാന്റെ മരണം ' സത്യത്തിൽ മനുഷ്യന്റെ മരണം തന്നെ ആണ്. കഥാകാരി പറയുന്നത് പോലെ 'ലോകത്തെ കാണുന്ന കണ്ണുകൾ സ്വന്തം കൊങ്കണ്ണ് മാത്രം കാണുന്നില്ല ' - എത്ര ആശയ സമ്പുഷ്ടമായ ചിന്ത.സെപ്റ്റംബർ മുപ്പതു എന്ന കഥയിലൂടെ ഒരു ഓഫീസിലെ സഹപ്രവർത്തകർ ആയ യുവതീ യുവാവിന്റെ ബന്ധങ്ങളിൽ ഉണ്ടായ താളപിഴകൾ കോറിയിടുന്നു.ഇതേ പോലെ മനസ്സിൽ ചിന്തയുടെ വിത്തുകൾ മുളപ്പിക്കുന്ന സ്വച്ഛഭാരതി, സംഘിയണ്ണൻ , മാധ്യമധർമ്മൻ.... ഭാഗവന്റെ മരണത്തിൽ കൂടി നമ്മൾ കണ്ന്നത് മനുഷ്യനിലെ മനുഷ്യത്വത്തിന്റെ മരണം ആണ്.

  ജീവിതത്തെ ആഴത്തിൽ സ്പർശിക്കുന്ന കഥകൾ
By RAJESH Vidyasagaran
DC ബുക്സ് പ്രസിദ്ധീകരിച്ച KRമീരയുടെ ഭഗവാൻ്റെ മരണം എന്ന കഥാസമാഹാരം മനോഹരമാണ്. വർത്തമാനകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കഥകൾ എല്ലാം ഭഗവാൻ്റെ മരണം എന്ന പേരിൽ ഒരു കഥയുണ്ട്. ആശയങ്ങളെ അക്രമം കൊണ്ട് നേരിടുന്നതിലെ നിരർത്ഥകത ഈ കഥ വ്യക്തമാക്കുന്നു. അക്രമത്തിന് ഉപയോഗിക്കപ്പെടുന്ന സാധുക്കൾ ആശയങ്ങളോട് സംവദിക്കുന്നത് വരെ മാത്രമേ അവർ അക്രമത്തിൻ്റെ പാതയിൽ തുടരൂ. ഒപ്പം അക്രമികൾക്ക് എതിർ നിൽക്കുന്ന ഏത് ശബ്ദത്തെയും നേരിടാൻ ഒരു വഴിയെ ഉള്ളൂ എന്നത് കാവേരിയുടെ അനുഭവം വ്യക്തമാക്കുന്നു. സംഘടിതമായി പടച്ചു വിടുന്ന പല നുണകളും വിശ്വസിക്കുകയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിതരണം ചെയ്യുന്ന ധാരാളം K7 മാമൻ മാർ നമുക്ക് ചുറ്റുമുണ്ട്. മറ്റു പലരുടെയും ദുരുദ്ദേശങ്ങൾക്ക് കുട പിടിക്കുകയാണ് ചെയ്യുന്നത് എന്ന് ഈ പാവങ്ങൾ അറിയുന്നില്ല. സ്വന്തം കുടുംബത്തിന് നേരെ അക്രമികൾ തിരിയുമ്പോൾ മാത്രമേ അവർ കാര്യങ്ങൾ തിരിച്ചറിയുന്നത് എന്ന തത്വം സംഘിയണ്ണൻ എന്ന കഥയിലൂടെ വ്യക്തമാക്കുന്നു. മാദ്ധ്യമ ധർമ്മൻ എന്ന കഥയിൽ മാദ്ധ്യമ രംഗത്ത് നടക്കുന്ന പലതരം കള്ളക്കഥകൾ സരസമായി പറയുന്നു. സെപ്റ്റംബർ 30 എന്ന കഥയിൽ പെണ്ണിൻ്റെ ആണിനോടുള്ള പ്രതികാരത്തിൻ്റെ കഥയാണ് എങ്കിൽ ആൺപ്രേതം എന്ന കഥയിൽ സ്ത്രീക്ക് മുൻപിൽ ദുർബലനായ പുരുഷനെ വരച്ചുകാട്ടുന്നു. കൃത്രിമമായി ഉണ്ടാക്കുന്ന ഈഗോയുടെ കുമിളപൊട്ടിയാൽ പുരുഷൻ ദുർബലനാണ് എന്ന് ഈ കഥ പറയുന്നു. ഭഗവാൻ്റെ മരണം എന്ന പുസ്തകത്തിലെ കഥകൾ എല്ലാം മനോഹരങ്ങളാണ്. ഗൗരവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും കഥകളിലൂടെ അത് വായനക്കാരിലേക്ക് സംവദിക്കുന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു .


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0