• Text
  • Text

CHATTAMBISHASTHRAM

By : KING JOHNS



Book : CHATTAMBISHASTHRAM
Author: KING JOHNS
Category : Novel, Rush Hours
ISBN : 9789354326578
Binding : Papercover
Publishing Date : 25-01-2022
Publisher : DC BOOKS
Edition : 2
Number of pages : 212
Language : Malayalam
Paper Back

Publisher: DC BOOKS
₹193.00 ₹250.00 23% off





Book Summary

ഡി സി ബുക്‌സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവ ർണ ജൂബിലി നോവൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നോവലാണ് കിങ് ജോൺസ് രചിച്ച 'ചട്ടമ്പിശാസ്ത്രം'. പിന്റോ ഗീവർഗീസ് എന്ന ചിത്രകാരൻകൂടിയായ എഴുത്തുകാരൻ എഴുതിയ 'ഉഗ്രനരസിംഹം എന്ന ഉരു' എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് അതിന്റെ രചയിതാവിന്റെയും കുടുംബത്തിന്റെയും ജീവിതപശ്ചാത്തലം വിശകലനം ചെയ്യുന്ന രൂപത്തിലാണ് നോ വലിന്റെ ഘടന. 'ഉഗ്രനരസിംഹം എന്ന ഉരു' എന്ന നോവലിലൂടെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയും നോവൽ വിശകലന വിധേയമാക്കുന്നു. ചരിത്രവും ചരിത്ര കഥാപാത്രങ്ങളും ഭൂപ്രദേശങ്ങളും മാസ്മരിക ഭാവനാഖ്യാനം കലർത്തി എഴുത്തിനെത്തന്നെ, നോവലിനെത്തന്നെ വിശകലനവിധേയമാക്കുന്ന ഒരു എഴുത്തുരീതിയിലൂടെ 'ചട്ടമ്പിശാസ്ത്രം' എന്ന നോവൽ മലയാള നോവൽ സാഹിത്യത്തിൽ പുതിയൊരു രൂപമാതൃക സൃഷ്ടി ക്കുന്നു. പട്ടാണി അസീസും പിന്റോ ഗീവർഗീസും കിങ് ജോൺസും തമ്മിലുള്ള പകർന്നാട്ടങ്ങളിലൂടെ നോവലെന്ന ആഖ്യാനകലയ്ക്ക് വേറിട്ടൊരു മുഖം നൽകാൻ കഴിയുന്നു.

WRITE A REVIEW

Product name: Chattambishasthram

Review title:



Your Ratings:

Your Message:




Book Reviews

  ചട്ടമ്പിശാസ്ത്രവും... ചില ചട്ടമ്പിത്തരങ്ങളും
By TV Rahul Raj
ചട്ടമ്പിശാസ്ത്രവും... ചില ചട്ടമ്പിത്തരങ്ങളും *************************************************** ആദ്യമേ തന്നെ നോവലിനുള്ളിലെ മൂന്നു ഭാഗങ്ങളെയും സാങ്കേതികമായി വേർതിരിക്കാതെ പിന്റോയെയും, തെരേസയെയും കോടതി വെറുതെ വിടുന്നു.... നമ്മുക്ക് ഇതിന് തലച്ചോർ നൽകി പ്രവർത്തിച്ച കിംഗ് ജോൺസൻ എന്ന യഥാർത്ഥ പ്രതിയെയാണ് പിടിക്കേണ്ടത് ... ഈ നോവലിനെ വിമർശനാത്മകമായി സമീപിക്കുമ്പോൾ ഒരു കുഴപ്പം നോവലിസ്റ്റ് വളരെ ബുദ്ധിപൂർവ്വം അതിനുള്ള പഴുതുകൾ അടച്ചിരിക്കുന്നതായി കാണാം നോവലിന്റെ ആദ്യഭാഗത്തെ സാധ്യതയുള്ള വിമർശനങ്ങൾക്ക് മറുപടി നൽകി കൊണ്ടാണ് തെരേസയുടെ കടന്നു വരവ്.. എന്നാൽ ആ ഭാഗത്തെയും വിമർശിച്ചു കൊണ്ട് നോവലിസ്റ്റ് അവസാന ഭാഗത്ത് കടന്നു വരുന്നു. എന്നിരുന്നാലും വിയോജിപ്പുകൾ രേഖപ്പെടുത്തട്ടെ.. നോവൽ ചരിത്ര സത്യത്തെ കണ്ടെത്തി അവതരിപ്പിക്കണം എന്നൊന്നും ഇല്ലാ, അംഗീകരിക്കണം എന്നുമില്ല പക്ഷേ ചരിത്ര വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കാതിരിക്കാൻ ശ്രെദ്ധിക്കേണ്ടതായിരുന്നു എന്ന് തോന്നുന്നു. കുട്ടനാട് പ്രദേശത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ചരിത്രത്തെ സ്വന്തം മനോധർമ്മത്തിന് അനുസരിച്ചു രേഖപ്പെടുത്തിയത് ഒരു പക്ഷേ അതിനെ തുടർന്ന് ഉണ്ടാവുന്ന വിവാദ,വിമർശനങ്ങൾക്ക് വേണ്ടി നടത്തിയ ബോധ പൂർവ്വമായ ശ്രെമമായി വായനക്കാരന് തോന്നിയാൽ തെറ്റു പറയാൻ പറ്റില്ല..പക്ഷേ കൃഷ്ണ പിള്ളയെ പോലെ ഉള്ള ചരിത്ര പുരുഷൻമ്മാരുടെ മരണത്തെ മറ്റൊരു രീതിയിൽ വ്യാഖ്യാനം നടത്താൻ ഉള്ള ശ്രെമങ്ങൾ നന്നായില്ല. വിമർശിക്കാം, വിയോജിക്കാം പക്ഷേ അപനിർമ്മാണം നോവലിന് യോജിച്ചില്ല എന്ന് പറയട്ടെ..ഒരു ബാലൻസിങ്ങിന് എന്ന രീതിയിൽ മല നാടൻ കോൺഗ്രസിനെയും എടുത്തു വച്ചു എങ്കിലും അത് ബാലൻസ് ആയില്ല എന്നും തോന്നി..ഇത്രയുമാണ് ചരിത്രപരമായ വിയോജിപ്പ്. ചരിത്രo അറിയാൻ അല്ല നോവൽ വായിക്കുന്നത് എന്നാലും തെറ്റായി വ്യാഖ്യനിക്കാതിരിക്കാൻ എങ്കിലും എഴുത്തുകാർ ശ്രെദ്ധ നൽകണമല്ലോ.. . അതിശയോക്തി ഒരിത്തിരി കൂടി പോയി എന്നതാണ് മറ്റൊന്ന്.. നൂറ്റാണ്ടുകൾക്ക് മുൻപ് മുങ്ങി പോയ ഉരു ഒറ്റക്ക് പൊക്കി എടുക്കുകയും, നീറ്റിൽ ഇറക്കുകയും ചെയ്യുന്ന അസീസ് അല്പം അമാനുഷികനായി മാറുന്നുണ്ട് നോവൽ പുരോഗമിക്കുമ്പോൾ അതിനുള്ള ഉത്തരം മറ്റൊരു ഭാഗത്തു സൂചിപ്പിക്കുന്നുണ്ട് എന്നാലും ഒരിത്തിരി സൂപ്പർമാൻ ഇമേജിലേക്ക് ഉള്ള കടന്നു കയറ്റം നോവലിന്റെ ഗൗരവം കുറച്ചതായി അനുഭവപ്പെട്ടു.. . നോവലിന്റെ ടെക്നിക്കൽ വശങ്ങൾക്ക്‌ അമിതപ്രാധാന്യം നൽകാൻ നോവലിസ്റ്റ് ശ്രെദ്ധിച്ചത് കൊണ്ടാവാം കഥാ ഭാഗത്തെ പ്രതീക്ഷിച്ചത്ര ഊർജ്യം നൽകാൻ കഴിയാതെ പോയോ എന്നൊരു തോന്നൽ എവിടെയോ ഉണ്ട് കാരണം കിങ് ജോൺസൺ എന്ന എഴുത്തുകാരന്റെ മറ്റു കഥകൾ നൽകുന്ന ഒരു ഊർജ്യം പങ്കുവെക്കാൻ പൂർണ്ണമായും ഈ ആദ്യ നോവലിന് കഴിഞ്ഞിട്ടില്ല എന്നാണ് അഭിപ്രായം.കുറച്ചു കൂടെ പ്രാധാന്യത്തോടെ സബ്ജറ്റിനെ കേന്ദ്രീകരിച്ചിരുന്നെങ്കിൽ എന്ന് തോന്നി. യോജിപ്പുകൾ ******************* മേൽപ്പറഞ്ഞവയൊക്കെ ബോധപൂർവ്വം എഴുതുകയും അവയെ താൻ തന്നെ തിരിച്ചറിഞ്ഞു വിമർശിച്ചിട്ട് ഉണ്ട് എന്ന് തീർച്ചയായും നോവലിസ്റ്റിന് അവകാശപ്പെടാം ആ രീതിയിലാണ് നോവലിന്റെ ഓരോ ഭാഗവും ക്ലിയർ കട്ട് ചെയ്ത് നോവൽ അവസാനിപ്പിച്ചിരിക്കുന്നത് എന്ന് മാത്രമല്ല നോവലിന്റെ ക്‌ളൈമാക്സ് ഗംഭീരമാവുകയും ചെയ്തു എന്ന് പറയാതെ വയ്യ. 1). ഒരു നോവൽ എങ്ങനെ നമ്മുക്ക് സെറ്റ് ചെയ്ത് അവതരിപ്പിക്കാം എന്നത് വളരെ വ്യക്തമായതും, വ്യത്യസ്ഥമായതുമായ കാഴ്ചപ്പാട് ഉള്ള ആളാണ് കിങ് ജോൺസ് എന്ന് ഈ നോവൽ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ കഥകളും ആ രീതിയിൽ തന്നെയാണ്.അതു കൊണ്ട് തന്നെ ഒരു പക്ഷേ അമിതമായ പ്രതീക്ഷ ഒരു വായനക്കാരൻ എന്ന നിലക്ക് ഈ നോവലിനോട് എനിക്ക് ഉണ്ടായിരുന്നു താനും. അതിന്റെ സാങ്കേതിക മികവിൽ ഞാൻ തൃപ്തനാണ്. 2). നോവലിലെ സ്ത്രീ കഥാ പാത്രങ്ങൾ : കിങ്സിന്റെ ഒട്ടു മിക്കവാറും സ്ത്രീ കഥാപത്രങ്ങളും തുല്യത നേടിയവരാണ് അല്ലെങ്കിൽ നേടി എടുത്തവരാണ്.നോവലിലും സ്ത്രീ /പുരുഷ കഥാപാത്രങ്ങൾ തതുല്യരാണ് എന്നത് ശ്രെദ്ധേയമാണ്. ലിംഗ ഭേദങ്ങളില്ലാത്ത ഭൂമികയിലെ നായികമാരാണ് അവർ.. മാതൃകാപരം ❤️❤️ 3). ഭയം /അടിമ ബോധം /സാമൂഹ്യ വ്യവസ്ഥ / വ്യക്തിത്വ രൂപീകരണം/ലൈംഗിക ബോധം. ഭയം എങ്ങിനെയാണ് സമൂഹത്തിൽ പ്രവർത്തിക്കുന്നത് എന്നും. നിസ്സാരനായ അല്ലെങ്കിൽ ഒരു സാധരണ മനുഷ്യനെയും എങ്ങിനെയാണ് സമൂഹം ചട്ടമ്പി കസേരയിൽ ഏറ്റുന്നത് എന്ന് നോവൽ പറയുന്നു. നൂറ്റാണ്ടുകൾ അടിമകളായി കിടന്ന (രാജാവ് /ജന്മി/ബ്രിട്ടൻ ) സമൂഹത്തിന്റെ അടിമ ബോധം എപ്രകരമാണ് വർക്ക്‌ ചെയ്യുന്നത് എന്ന് നോവൽ സൂചിപ്പിക്കുന്നു. അവസാനം ഇത് സമൂഹത്തിന്റെ തന്നെ പൊതു ബോധത്തിലേക്ക് എങ്ങിനെയാണ് സ്വഭാവികമായി പരിണമിക്കുന്നത് എന്നും അത് സാമൂഹ്യ വ്യവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റം(അസീസിനെ വീട്ടിലേക്ക് ക്ഷണിക്കാത്തത് മോശം കാര്യമായി സമൂഹം കാണുന്നു, അവർ ഭാര്യമ്മാരെ പഴിക്കുന്നു ), സാധാരണക്കാരനായ ഒരു മനുഷ്യന്റെ വ്യക്തിത്വം എങ്ങിനെയാണ് സത്യത്തിൽ താൻ അതല്ല എങ്കിലും ആ രീതിയിലേക്ക് മാറാൻ, മാറ്റാൻ സമൂഹം ഇടപെടുന്നത് എന്നതും നോവൽ ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തിന്റെ ലൈംഗിക ബോധത്തെ അപ്പാടെ വിമർശിക്കാനും, സ്ത്രീയുടെ നിഷ്കളങ്കസ്നേഹ ബന്ധങ്ങളെയും വരച്ചിടുന്നതിൽ നോവലിസ്റ്റ് അഭിനന്ദനാർഹമായ സമീപനം സ്വീകരിച്ചിരിക്കുന്നു. പച്ച ഓല ചാരി വെച്ചതിനെ സമൂഹം കാണുന്നത് തലേന്ന് ആ വീട്ടിലെ സ്ത്രീ അസീസുമായി ശാരീക ബന്ധത്തിലേർപ്പെട്ടിരിക്കുന്നു എന്നതിന്റെ അടയാളമായാണ് എന്നാൽ അത്തരം ഒരു ബന്ധം സ്ഥാപിക്കാൻ അസീസിന് ഒരിക്കലും കഴിയുകയില്ല അദ്ദേഹം asexual person ആണ് ഒരു പക്ഷേ ഇന്ന് വരെ സമൂഹം ചർച്ചചെയ്യാത്ത വ്യക്തിത്വങ്ങളെ നോവലിസ്റ്റ് പരിചയപെടുത്തുന്നു സമൂഹത്തിന്റെ ലൈംഗിക ദാരിദ്ര്യം(വിദ്യാഭ്യാസത്തിൽ) തുറന്നു കാട്ടുന്നു. ആ സ്ത്രീകൾ അത്രയും പേർ അസീസുമായി ബന്ധം സ്ഥാപിക്കാൻ താല്പര്യപ്പെടുന്നു എന്നത് സമൂഹം കരുതുന്നപോലെ ആരോഗ്യ ദൃഡഗാത്രനായ ഒരു പുരുഷ ശരീരത്തെ കൊതിച്ചു കൊണ്ടല്ല പകരം ജീവിതത്തിൽ എവിടെ വെച്ചോ അവർക്ക് നഷ്ടപ്പെട്ട അവരുടെ സ്വാപ്നങ്ങളെ കുറിച്ച്, പാട്ടുകളെ കുറിച്ച്, അല്ലെങ്കിൽ മനസ്സു തുറന്നു സംസാരിക്കാൻ ഒരു സുഹൃത്ത് എന്ന നിലയിൽ ആണ് സ്ത്രീ സൗഹൃദങ്ങളുടെ ഉന്നതമായ ഒരു തലത്തെ ചൂണ്ടി കാണിച്ചു നോവലിസ്റ്റ് സാമൂഹ്യവിമർശനം നടത്താനും, ചിന്തിപ്പിക്കാനും ശ്രെമിക്കുന്നു എന്നത് ഈ നോവലിന്റെ വലിയ പ്രത്യേകതയാണ് എന്നത് ശ്രെദ്ദേയമാണ്. വ്യത്യസ്ഥവും, പുതുമായർന്നതുമായ ഒരു നോവലിന് ഇടം കൊടുക്കുകയും, നവാഗത എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഡി. സി. ബുക്സ് ഇത്തവണ പരിചയപ്പെടുത്തിയ ഈ പുതിയ നോവലിസ്റ്റും, നോവലും കേരളത്തിൽ ഇനിയും ചർച്ച ചെയ്യപ്പെടട്ടെ വീണ്ടും വ്യത്യസ്ഥമായ പരീക്ഷണങ്ങൾക്ക് കിങ് ജോൺസനും, ഡി.സി. ബുക്സിനും സ്നേഹം , ആശംസകൾ …. ടി. വി. രാഹുൽ രാജ്

  നോവൽ അതിനെതിരെ സംസാരിക്കുമ്പോൾ
By Gokul Krishnan
നോവൽ ഒരു സാമൂഹിക രാഷ്ട്രീയ നിർമ്മിതി ആണ്. ആയതുകൊണ്ട് തന്നെ, അതിനെ സത്യത്തോട് കൂട്ടികെട്ടരുത്. ചട്ടമ്പിശാസ്ത്രം വായിക്കുമ്പോൾ സാഹിത്യ സൈദാണ്ഡിക പഠനങ്ങൾ ആവർത്തിച്ചു പറയുന്ന ഈ തത്വമാണ് മനസ്സിൽ വരുന്നത്. ഒരു നോവലിനുള്ളിൽ മറ്റൊരു നോവലും, ആ ഉള്ളിലെ നോവലിനെതിരെ സംസാരിക്കുന്ന ബാക്കി ഭാഗവും ചേരുമ്പോൾ ഇത് തികഞ്ഞ ഒരു പ്രതി ആഖ്യായിക ശൈലി കൈവരിക്കുന്നു. "ഉഗ്രനരസിംഹം എന്ന ഉരു" എന്ന നോവലിനുള്ളിലെ നോവൽ, അതിന്റെ എഴുത്തുകാരൻ പിന്റോയുടെ കഥപറച്ചിൽ, പിന്നെ പിന്റോയുടെ ഭാര്യ തെരേസയുടെ കഥപറച്ചിൽ, പിന്നെ ഈ നോവലിന്റെ സ്വന്തം കഥാകാരന്റെ കഥപറച്ചിൽ, എല്ലാം കൂടെ ആകുമ്പോൾ "സത്യം" എന്ന "കള്ളം" അപനിർമിക്കപ്പെടുന്നു. "സത്യം എന്നാ?", എന്ന ഖസാക്കിന്റെ ഇതിഹാസത്തിൽ നിന്ന് വരുന്ന ചോദ്യത്തിന് ആ നോവലിൽ തന്നെ വരുന്ന "സത്യം പലതു" എന്ന ഉത്തരം പോലെ ആണ് ചട്ടമ്പിശാസ്ത്രം. അരനൂറ്റാണ്ടു മുൻപ് തകഴി കാണിച്ചുതന്ന കുട്ടനാടൻ കാഴ്ചകളിൽ നിന്നും അവിടുത്തെ രാഷ്ട്രീയ രൂപീകരണത്തിൽ നിന്നുമൊക്കെ വ്യത്യസ്തമായ ഒരു കുട്ടനാടാണ് കിംഗ് ജോൺസിന്റെതു. സമൂഹത്തിന്റെ അധികാരഘടനകളെയും അതിന്റെ മനഃശാസ്ത്രത്തെയും കിംഗ് ജോൺസ്‌ പരിശോധിക്കുന്നു. അധികാരത്തിനെ ആരാധിക്കുന്ന സമൂഹം, ആ വ്യവസ്ഥയിൽ തൃപ്തരാകുന്നു എന്നും, എന്നാൽ ആ തൃപ്തിപ്പെടലിനും ഒരു രാഷ്ട്രീയമുണ്ട് എന്നും നോവൽ വായിക്കുമ്പോൾ മനസ്സിൽ ആകുന്നു. പട്ടാണി അസീസ്, സുഭദ്ര, കുമാരൻ, പിന്റോ, തെരേസ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ കഥപറച്ചിലിന്റെ, മനഃശാസ്ത്രത്തിന്റെ, ലൈംഗീകതയുടെ, കുടിയേറ്റത്തിന്റെ, സത്യങ്ങളുടെ, കള്ളങ്ങളുടെ പഠനം ആണ് ഈ നോവലിൽ നടക്കുന്നത്.

  നവാഗത നോവലിസ്റ്റ് എന്ന് വിശ്വസിക്കാൻ പ്രയാസം.
By Jobin P J
അമ്പരപ്പിക്കുന്ന കയ്യടക്കമാണ് നോവലിസ്റ്റ് ഈ നോവലിൽ സ്വീകരിച്ചിരിക്കുന്നത്. അംബേദ്കറെയും അയ്യങ്കാളിയെയും വിമർശിയ്ക്കുന്ന എന്നാൽ ദളിത് പക്ഷത്തു നിന്നുകൊണ്ട് കഥപറയുന്ന നോവൽ രാഷ്ട്രീയ കൃത്യത ഒരിടത്തും കുറച്ചിട്ടില്ല. അന്വേഷിയായ ഒരു വായനക്കാരന് പിന്നാലെ പോകാൻ ഒരുപാട് ഉപകഥകളുള്ള ഒരു പുസ്തകം. എല്ലാം അവസാനം കൂട്ടിച്ചേർക്കുന്ന ആ കരവിരുത് വല്ലാതെ ആകർഷിയ്ക്കുന്നു. സമീപകാലത്തു യുവ എഴുത്തുകാരുടേതായി പുറത്തിറങ്ങിയ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടന്ന പുസ്തകമാണ് ചട്ടമ്പിശാസ്ത്രം. സ്ത്രീകഥാപാത്രങ്ങൾ ഓരോന്നും എടുത്തു പറയേണ്ടിയിരിക്കുന്നു.

  ചട്ടമ്പിവഴികളിൽകൂടെ
By Demil Mathew
കിഴക്ക് മലനിരകളിൽ നിന്നും ഏലവും കാപ്പിയും കുരുമുളകും മാത്രമല്ല കണ്ണീരുതോക്കും തെളിനീരും ചങ്ങാനാശ്ശേരി കടന്നു പടിഞ്ഞാറോട്ടു ഒഴുക്കാറുണ്ട്. ടാറിട്ടു ചൊവ്വാക്കിയ പഴേ കാളവണ്ടി പാടുകളിൽ പലതും ഈ പടിഞ്ഞാറോഴുക്കിനെ തടസപ്പെടുത്തുന്നു ണ്ടെങ്കിലും ചെറുപാലങ്ങളും കലുങ്കുകളും ഭൂതകാലനീരോഴുക്കുകൾക്കു നീര് ഇറ്റിച്ചു ജീവൻ കെടാതെ, ഞങ്ങള് ചങ്ങനാശ്ശേരിക്കാരുടെ ഫാഷേ പറഞ്ഞാ കാറ്റു പോകാതെ കാത്തു പരിപാലിക്കുന്നു. ഈ കലുങ്കുകളിലും പാലത്തിന്റെ കൈവരികളിലും ഇരുന്നു മെനഞ്ഞ കഥകൾ പലതും ഞങ്ങളെ നുണയന്മാരാക്കിയെങ്കിലും അതിലൊരു നുണയൻ പ്രിൻസ്, കിങ്‌സ് ആയ ചട്ടമ്പി ശാസ്ത്രവും ആയി വായിക്കാൻ ഇരുന്നപ്പോൾ ചങ്ങനാശേരിക്ക് പടിഞ്ഞാറു ഉരുണ്ടു കൂടിയ കരിമേഘങ്ങൾ കിഴക്കോട്ടു യാത്ര തിരിച്ചു. ചങ്ങാനാശേരി ചന്ത പതിവില്ലാത്ത വിധം ഇരുണ്ടു. കത്തിഡ്രൽ പള്ളിയിൽ കുരുശു മണി അടിക്കുന്നതിനു മുൻപ് പോലും സാധാരണ ചങ്ങനാശ്ശേരി ഇങ്ങനെ ഇരുളറില്ല. ആട് തോമ വലിച്ചിട്ട കസേരയിൽ ആ ഇരുളിൽ പട്ടാണി അസീസ് ഇടം കാല് ചവുട്ടി ഉത്തരത്തിൽ കൈ ഉറപ്പിച്ചു പുറത്തേക്കു ഞെളിവിരി കൊണ്ടു വെളുക്കനെ ചിരിച്ചു. ഉഗ്രനരസിംഹം ഇറക്കണ്ടി വരുമോടാ? അസീസിനോട് പൊടിക്കോനടങ്ങാൻ പറഞ്ഞു ചട്ടമ്പിശാസ്ത്രത്തിന്റെ അടുത്ത അധ്യായത്തിലേക്കു നീങ്ങി. കരിമേഘങ്ങൾ കിഴക്കൻ മലമേലെ പെയ്തിറങ്ങുന്നത് പോലെ ആയിരുന്നു പിന്നെ. പിന്റോയിൽ നിന്നു തെരെസയിലൂടെ ആനറാഞ്ചി മമ്മിയിലൂടെ രാഘവന്റെ നിസ്സഹായതയിലും പട്ടാണി അസീസിന്റെ വീരാളിപട്ടു കീറി അനാവൃതമാകുന്ന വൈകൃതങ്ങളിലൂടെ ചങ്ങനാശേരിയിലെ ചട്ടമ്പികൾ യാത്രയാകുകയാണ്. വെള്ളത്തിന്റെ ഒഴുക്ക് നല്ലോണം ഉണ്ടുട്ടോ….വല്ലോം പൊക്കി വെക്കാൻ ഉണ്ടേ വച്ചോ… കിഴക്ക് ഉരുള് നാലഞ്ചെണ്ണം പൊട്ടിയെന്ന കേട്ടെ…. കരോട്ടെ അവര്ച്ചൻ കിടന്നു കാറുന്നത് കേട്ടപ്പോൾ ആണ് ഉഗ്രനര്സിംഹംത്തിൽ അല്ല മണിമല ആറ്റിനു തീരത്തെ തറവാട്ടിൽ ആണ് ഇരുപ്പ് എന്ന ബോധം വന്നത്. കലങ്ങി മറിഞ്ഞു വരുന്ന ആറ്റിലും ജീവിതവും മരണവും അപകടകാരമാം വിധം ഒളിച്ചു വയ്ക്കപ്പെട്ടിട്ടുണ്ടായിരുന്നു…

  ചട്ടമ്പിശാസ്ത്രം- പരസ്പരവൈരുദ്ധ്യത്തിന്റെ പ്രയോഗസൗന്ദര്യം
By Arathy Anil
ചരിത്രമെന്നത് പലരും അവരവരുടെ സൗകര്യാർത്ഥം എഴുതിയുണ്ടാക്കിയതാണ് എന്നു വായനക്കാരെ തലയിൽ ഒരു തട്ടുതന്ന് ഓർമിപ്പിക്കുന്ന ഷോക്ക് ട്രീറ്റ്‌മെന്റാകുന്നു നോവൽ ആഖ്യാനത്തിന്റെ ആരുമെത്താത്ത മലകളെ കീഴടക്കി കുടിയേറിയ കിംഗ്‌ ജോൺസിന്റെ ചട്ടമ്പിശാസ്ത്രം. പല അറ്റങ്ങളിൽ നിന്നും തുടങ്ങുന്ന കഥകൾ തമ്മിൽ സന്ധിക്കുന്ന ബിന്ദു വായനയിൽ പകരുന്ന തൃപ്തി ഒന്നു വേറെ തന്നെയാണ്. വീണ്ടും വായിക്കുന്നയാൾക്കും പുതിയൊരു തലത്തിലുള്ള അനുഭൂതി സമ്മാനിക്കുന്ന തരത്തിൽ കഥാപാത്രങ്ങളുടെ അവതരണത്തിന്റെ പലഘട്ടങ്ങൾക്കനുസരിച്ചു രചനാശൈലിയിൽ തന്നെ വരുത്തിയിട്ടുള്ള ഭാവഭേദങ്ങൾ സമർത്ഥമായ ഒരു രചനാസങ്കേതമാണെന്ന് എടുത്തുപറയാതെ വയ്യ. കിംഗ്‌ ജോൺസിന്റെ എഴുത്തുകളുടെ പ്രത്യേകത, അതു കവിതയായാലും കഥയായാലും നോവലായാലും, സൃഷ്ടിയിൽ അദ്ദേഹം വിളക്കിച്ചേർക്കുന്ന അതിസൂക്ഷ്മമായ വിശദാംശങ്ങളാണ്. രചനയിലേക്കിറങ്ങിച്ചെന്ന് അതിനെ മറ്റൊരുതലത്തിൽ അനുഭവിച്ചറിയാൻ കഥയിലില്ലാത്ത ഒരാൾക്ക് കഴിയുന്നത് ഇതുകാരണമാണെന്ന് നിരീക്ഷിക്കാം. കൃതിയുടെ പിന്നിലെ അഗാധമായ ഗവേഷണപ്രയത്നവും നമുക്കീ വിശദാംശങ്ങളിൽ ദർശിക്കാൻ സാധിക്കും. നോവലിനകത്തെ നോവൽ, അതിന്റെ രചയിതാവ്, എഴുത്തുകാരൻ, ഡോക്ടർ, അങ്ങനെ പലരുടെയും വീക്ഷണകോണിൽ നിന്നും ഒരേ സംഭവങ്ങളെ നോക്കികാണുമ്പോൾ വ്യാഖ്യാനങ്ങൾ മാത്രമല്ല പച്ചയായ കള്ളങ്ങളും ചരിത്രമായി നമ്മൾ ചോദ്യങ്ങളില്ലാതെ വിശ്വാസത്തിലെടുത്തിട്ടുണ്ടാകാം എന്ന തിരിച്ചറിവാണ് വായനയുടെ അവസാനം ബാക്കിയാവുന്നത്. ചട്ടമ്പികളെയും അധികാരികളെയും സൃഷ്ടിക്കുന്ന, ഭീരുത്വം നിറഞ്ഞ സമൂഹത്തിലെ, മനുഷ്യരുടെയുള്ളിലെ സത്യത്തിനും കള്ളങ്ങൾക്കുമപ്പുറത്തെ പിടികിട്ടാപ്പുള്ളിയായ മനസിനെയും അതിന്റെ സങ്കീർണതയെയും, അനുയോജ്യമായ രീതിയിൽ അടയാളപ്പെടുത്തുന്നുണ്ട് ഈ പുസ്തകം.

  മലയാള നോവലിന്റെ പുതിയമുഖം
By Archana Philip
കഥ മാത്രമല്ല, കഥ പറച്ചിലിന്റെ കല കൂടിയാണ് നോവൽ. ഒട്ടും ദുർമേദസില്ലാത്ത ആഖ്യാന ശൈലിയാണ് കിംഗ് ജോൺസ് എന്ന യുവഎഴുത്തുകാരന്റെ ആദ്യനോവലായ ചട്ടമ്പിശാസ്ത്രം മുന്നോട്ടു വെക്കുന്നത്. പ്രൗഢമലയാളം എന്നൊക്കെ പുതിയ എഴുത്തുകാരെ ഓർമ്മിപ്പിക്കാൻ പോകുന്ന ഭാഷാശൈലി , അനായാസമായി ദേശങ്ങളേയും മൊഴികളെയും രേഖപ്പെടുത്താനുള്ള ശേഷി, ചുരുക്കിപ്പറഞ്ഞാൽ പ്രാദേശിക ഭാഷ ഇത്ര മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്ന ഒരു പുതിയകാല നോവൽ ഇല്ലെന്നു തന്നെ പറയാം. പക്ഷേ, ചട്ടമ്പിശാസ്ത്രം വായിക്കേണ്ടത് ഒരു രാഷ്ട്രീയ നോവലായാണ്. പലതരം വായനകൾ ഒരുക്കുന്നു എന്നതാണ് ഈ നോവലിസ്റ്റിന്റെ ആഖ്യാനവൈഭവവും. നോവലിസ്റ്റ് തലോടിയെന്ന രീതിയിൽ പറഞ്ഞു പോകുന്ന പലതിനും പിന്നിൽ വലിയ ചരിത്രവും നിഗൂഢതയും രാഷ്ട്രീയവുമുണ്ട്. തങ്കയ്യൻ എന്ന മലൈകള്ളന്റെ ഗുഹ മൂന്നാറിൽ ഇപ്പോഴും നിലകൊള്ളുന്നു, കൗൾ സ്ത്രീകൾ എന്ന കാശ്മീരി പണ്ഡിറ്റുകളുടെ കഥ, ആലപ്പുഴയിലെ വിളക്കുമാടം, പരുന്തുറാഞ്ചി തുരുത്ത് എന്നിവയൊക്കെ യാഥാർഥ്യങ്ങളാണ്. എഴുത്തുകാരൻ ചിത്രകാരനായും ഗാനരചയിതാവായും കാലിഗ്രാഫിസ്റ്റായും ഒക്കെ വേഷപ്പകർച്ച നടത്തുന്ന ചട്ടമ്പിശാത്രം മൂന്നുപേരുടെ കോണിൽ നിന്നാണ് ആഖ്യാനം നടത്തിയിരിക്കുന്നത്. ഈ മൂന്നുപേരുടെയും സ്വഭാവങ്ങളനുസരിച്ചു നോവലിന് മൂന്നു സ്വഭാവങ്ങളാണ് വരുന്നത്. ഉപയോഗിച്ചിരിക്കുന്ന ഭാഷ, ശൈലികൾ, അധ്യായങ്ങളുടെ പേരുകളിൽ പോലും ഈ വ്യത്യസ്തത തിരിച്ചറിയാം. സൂക്ഷ്മനിർമ്മിതിയുടെ ഉത്തമോദാഹരണമാണ് മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ നോവലുകളിൽ ഏറ്റവും മികച്ച കെട്ടുറപ്പുള്ള നോവൽ എന്നു വിലയിരുത്താൻ കഴിയുന്ന ചട്ടമ്പിശാത്രം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0