• Text
  • Text

MATANMOKSHAM

By : JAYAMOHAN



Book : MATANMOKSHAM
Author: JAYAMOHAN
Category : Novel
ISBN : 9789357320153
Binding : Normal
Publishing Date : 26-05-2026
Publisher : DC BOOKS
Edition : 9
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

ഇന്ത്യയില്‍ ഹിന്ദുത്വം അടിത്തട്ടിലേക്ക് അരിച്ചുകേറുന്നത് എങ്ങനെ എന്നതിന്റെ സൂക്ഷ്മചിത്രം വരച്ചു കാണിക്കുന്ന നോവലാണ് 'മാടന്‍മോക്ഷം'. വളരെ അടിത്തട്ടിലുള്ള ഒരു ദൈവമാണ് 'മാടന്‍'. ശരിക്കു പറഞ്ഞാല്‍ ദൈവങ്ങളിലെ ഒരു ദലിതന്‍. ചുടലമാടന്‍ എന്നു പേരുവിളിക്കും. ചുടല കാക്കുന്നവന്‍, അതായത് ശ്മശാന കാവല്‍ക്കാരന്‍. കൊല്ലത്തിലൊരിക്കല്‍, അധഃകൃതജാതിയില്‍പ്പെട്ടൊരാള്‍ കൊണ്ടുചെന്നു കൊടുക്കുന്ന കള്ളും ചുരുട്ടും മാംസവും ചോരയുമാണ് വഴിപാട്. അവര്‍ക്ക് മാടന്‍ ആകാശത്തുനിന്നുള്ള ദൈവമല്ല. ഒപ്പമുള്ള ദൈവമാണ്. അവരുടെ ഒപ്പമുണ്ടായിരുന്ന ആ ദൈവം മറ്റൊന്നായി മാറുന്നതിന്റെ തീക്ഷ്ണാനുഭവമാണ് ഈ നോവലിലുള്ളത്. മലയാള നോവല്‍ സാഹിത്യത്തില്‍ സാമൂഹ്യവിമര്‍ശനത്തിന്റെ അസാധാരണവും അതിനിശിതമായൊരു പൊളിച്ചെഴുത്തു നടത്തുന്ന കൃതി.

WRITE A REVIEW

Product name: Matanmoksham

Review title:



Your Ratings:

Your Message:




Book Reviews

  Excellent
By Amrutha Prakasan
ഒരു രാത്രി മാടൻ ദൈവം തൻ്റെ ഭക്തനെ തേടി പുറപ്പെട്ടു. അപ്പി പായിൽ മലർന്ന് കിടന്ന് കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്നു. തുണി കീറുന്ന ഒച്ച .അവൻ്റെ നെറ്റിയിൽ തൻ്റെ ഉടവാളുകൊണ്ട് ഒന്ന് തൊട്ട് ഉണർത്തി. 'മോനേ, ടാ മോനേ, ടാ അപ്പീ, ടാ' മാടൻവിളിച്ചു. ഒറ്റ ചവിട്ടു കൊണ്ട് അവൻ്റെ പള്ളപൊളിക്കാൻ തോന്നി. പക്ഷെ, അപ്പി പരമഭക്തനാണ്. വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കണമെങ്കിൽ കലികാലത്തിൽ അവനേയുള്ളൂ. 'എടേ, മോനേ, എൻ്റെ ചെക്കനെല്ലേ... എഴീക്കടേ, എടേയ്...' മാടൻ കെഞ്ചി.അപ്പി വാ കൊണ്ട് 'ഞങ്, ഞം' എന്ന് ചില ഒച്ചകൾ ഉണ്ടാക്കി. വരക്ക് വരക്ക് എന്ന് ചൊറിഞ്ഞു. ഒന്ന് കോട്ടുവായിട്ട് തിരിഞ്ഞു കിടന്നു. എന്താ സാധനം ? നല്ല മൂത്തപനങ്കള്ളോ ? സാക്ഷാൽ എരിപ്പൻ തന്നെയോ ?മാടൻ മൂക്ക് കൂർപ്പിച്ച് ചിന്തിച്ചു.മണം മുക്കിലെത്തി.മാടന് നാവൂറി. മാടൻ ദൈവം ഇങ്ങനെ താഴ്ന്നു പോകുമ്പോൾ നമ്മൾ അമർന്നിരിക്കുന്ന കസേലയ്ക്ക് ചിരി വരും.സർവ്വ നിയന്താവായ, സകലപ്രതാപങ്ങളുടെയും സിംഹാസനത്തിൽ വാണരുളുന്ന ദൈവം, മനുഷ്യർ തന്നെ അഴിച്ചു കളയാൻ ആഗ്രഹിക്കുന്ന ശിശുസഹജഭാഷയിൽ ഇടപഴകുമ്പോൾ മികവാറും ഓംനി പൊട്ടൻ്റ് ആയി കരുതി പോരുന്ന ദൈവഭാവനയുടെ ഹാസ്യാനുകരണമായി നാം തെറ്റിദ്ധരിച്ചേക്കാം. ഇതു പോലെ, നിങ്ങളുടെ ഒരു ദൈവം എതെങ്കിലും അപൂർവ്വ സ്വപ്നത്തിൽ പോലും അടുത്ത് വന്നിരുന്ന് നിങ്ങളെ തട്ടി വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ ? ആവശ്യമില്ലാത്ത നേരത്ത് നിങ്ങൾക്കും ജീവിതത്തിനും ഇടയിൽ കയറി നിന്ന് സംസാരിക്കുകയും ചിരിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ഒരു ദൈവത്തെ സങ്കല്പ്പിക്കാൻ കഴിയുമോ ? നിങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ നിന്ന് അഭിന്നനായ ദൈവത്തെ, ഒരു ഗ്രോത്രത്തിൻ്റെ മുറിവുകളെല്ലാം പേറുന്ന,നിങ്ങളുടെ വിശപ്പും ദാഹവും വിയർപ്പും രേതസ്സും ആഹ്ലാദവും കോപവും വെറുപ്പും കൂടികുഴഞ്ഞ് ഉരുവമെടുത്ത ദൈവത്തെ എത് അളവിൽ ഉൾക്കൊള്ളാൻ കഴിയും ? ഇത്തരത്തിൽ, മാടൻ എന്ന ദൈവത്തെ മുൻനിർത്തി ജയമോഹൻ ഉന്നയിക്കുന്ന ചോദ്യങ്ങൾ നിരവധിയാണ്. ഇന്ന് ദൈവങ്ങൾക്കെല്ലാം എതാണ്ട് ഒരേപോലുള്ള 'മേൽവിലാസങ്ങൾ' ഉണ്ട്. അവരെ ആരാധിക്കുന്നവരുടെ ജീവിത സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന, വിശുദ്ധ ആചാരങ്ങളുടെ കെട്ടുകാഴ്ച്ചയിൽ ഐശ്വര്യം ചൊരിയുന്ന, ദേവഭാഷയുടെ അധിഷ്ഠാന പീഠത്തിൽ പ്രതിഷ്ഠിക്കപ്പെട്ട, സ്വർണ്ണവും വെള്ളിയും പണവും കൊണ്ട് സാമൂഹ്യനിലയിൽ കയറ്റിറക്കങ്ങൾക്ക് വിധേയരാവുന്ന, ഭക്തരുടെ പുണ്യവും പാപവും കണക്കു പുസ്തകത്തിൽ വരവു ചേർക്കുന്ന, ഭക്തരുടെ ജീവിത പരിശുദ്ധിയിൽ സംപൂജ്യരാകുന്ന എകീകൃത 'മേൽവിലാസങ്ങൾ'. അങ്ങനെ, മദ്യവും മാംസവും 'കൊട'കിട്ടിയിരുന്ന,സങ്കടവും സന്തോഷവും തെറിവിളിയും ശാപവാക്കുകളും ഏറ്റുവാങ്ങിയിരുന്ന മാടൻ മാടസ്വാമിയായി മാറുന്നു.കാവുകളിൽ ചിലമ്പണിഞ്ഞ് നടന്നിരുന്ന ഭഗവതിമാർ അഭയമുദ്രയണിഞ്ഞ് ക്ഷേത്രത്തിൽ തളയ്ക്കപ്പെടുന്നു.ചാത്തൻ ശാസ്തപ്പനായി. താന്ത്രികതയിൽ ബന്ധിക്കപ്പെട്ട്, ക്ഷേത്രാചാരങ്ങളിൽ ബലം പിടിച്ച്, ഏതോക്കെയോ ഗോത്രകാവലാളുകൾ ഈശ്വരനും ഈശ്വരിയുമായി മാറുന്നു. അധഃസ്ഥിതരുടെ ചെറിയ ചെറിയ ആവശ്യങ്ങളെ നിവർത്തിച്ചു പോന്ന നാട്ടുദൈവങ്ങളെ എകീകൃത മതത്തിൻ്റെ ബൃഹദ് കഥാഖ്യാനങ്ങളോട് തൊട്ട് ചിതറി പോകുന്ന പ്രദേശികമിത്തുകളിലേക്ക് സന്നിവേശിപ്പിച്ച്, അവയ്ക്ക് ബ്രാഹ്മണ്യത്തിൻ്റെ ആചാര - അനുഷ്ഠാനങ്ങൾ നൽകി പോന്നത് ഒരു കാലഘട്ടത്തിൻ്റെ സാംസ്കാരികഅധിനിവേശമായിരുന്നു. ആ പ്രക്രിയ കൊണ്ട് ജാതീയത തിരുത്തപ്പെട്ടില്ല എന്നതു തന്നെ അതിൻ്റെ ഉദ്ദേശത്തിൻ്റെ ലക്ഷ്യം മറ്റോന്നായിരുന്നു എന്ന് വെളിവാക്കുന്നതാണ്.സാമൂഹിക അധികാരത്തിന് വേണ്ടിയും ഭൂസ്വത്ത് സമ്പത്ത് തുടങ്ങിയവ വലിയ തോതിൽ ആർജ്ജിക്കുവാനും നടത്തിയ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്. 'മാടൻമോക്ഷം'ദൈവം അതിജീവനത്തിനായി നടത്തുന്ന ശ്രമമെന്ന നിലയിൽ മാത്രം വായിച്ചാൽ പോര. ഭക്തനായ അപ്പിയുടെ ഗൂഢപദ്ധതിയുടെ ഭാഗമായി വലിയ ക്ഷേത്രവും ഭക്തജനങ്ങളും മാടസ്വാമി എന്ന ഗംഭീര നാമവും പുത്തൻ പ്രതിമയും സ്വന്തമാക്കുമ്പോൾ തന്നെ, അപ്പിയെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കുന്ന ക്ഷേത്രപാലകരെ മാടൻ കാണുന്നുണ്ട്. ജാതിയുടെ കളങ്ങളിൽ മനുഷ്യർ മാറ്റി നിർത്തപ്പെടുമ്പോഴും ദൈവങ്ങൾ അവർക്ക് മേലെ പറന്നു പോകുന്ന മേഘനിഴലുകൾ മാത്രമാകുന്ന കാലം വാ പിളർന്നു നിൽക്കുകയാണെന്ന് ജയമോഹൻ ഓർമ്മപ്പെടുത്തുന്നു.അവരുടെ ദൈവങ്ങൾ വഴിമാറി പോകുകയും ജനത നിരന്തരം പുറന്തള്ളപ്പെടുകയും ചെയ്യുന്നത്, ഈ മണ്ണ് ആരുടെതാണ് എന്ന വലിയ ചോദ്യത്തെ അവശേഷിപ്പിച്ചു കൊണ്ടാണ്. ആ ചോദ്യം പല പ്രകാരത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്ന്, ഒട്ടേറെ നാവുകളിൽ നിന്ന് ഉയരുന്ന ഒരു സമൂഹത്തിൽ നമ്മൾ നിൽക്കുമ്പോൾ, 'മാടൻമോക്ഷം' 1989 ൽ രചിച്ച കൃതിയാണെങ്കിലും അതിൻ്റെ നാവിൽ തുളുമ്പുന്ന പ്രവാചക വചസ്സുകൾ വായനക്കാരെ അമ്പരപ്പിക്കും.

  ദൈവ പരിണാമങ്ങൾ പ്രവചിച്ച നോവൽ -മാടൻ മോക്ഷം
By Shammy Thomas
മനുഷ്യന്റെ ഇല്ലായ്മകൾക്കും കഷ്ടപ്പാടുകൾക്കും സമാനമായി കെടുതികളിലൂടെ കടന്നുപോവുകയും അതിൽ വേദനിക്കുകയും ചെയ്യുന്ന ഒരു ദളിത് മൂർത്തിയിലൂടെയാണ് "മാടൻ മോക്ഷം" എന്ന ചെറുനോവൽ അകവെളിച്ചമായി മാറുന്നത്. കർക്കിടക മാസത്തിലെ ത്രിതീയ സന്ധിയോഗം ഒത്തുവന്ന ശുഭദിനത്തിൽ കണ്ണ് തുറന്ന മാടൻ എന്ന മൂർത്തി വർഷത്തിലൊരിക്കൽ ലഭിക്കാറുള്ള കള്ളും ഇറച്ചിയും ചുരുട്ടും (വീത് അഥവാ "പടപ്പ് ") ആണ്ടുകളായി കിട്ടാതായതറിഞ്ഞ് ക്ഷമകെട്ട് ചേരിയിലേക്കിറങ്ങുകയാണ്. കലിപൂണ്ട മൂർത്തി പൂജാരിയെക്കണ്ട് ദുഃഖം അറിയിക്കുന്നു. തെരുവിൽ അഞ്ചോ ആറോ പറേക്കുടി മാത്രമേ ഉള്ളൂ ബാക്കി എല്ലാവരും വേദപുസ്തകവും തൂക്കി പള്ളിയിലോട്ടു പോയി പാട്ടുപാടുകയാണ്...പൂജാരിയായ അപ്പി സ്വന്തം നിസ്സഹായത അറിയിക്കുന്നു.. കക്കാൻ വന തന്നെപ്പിടിച്ചു ഉപ്പു തൊടീച്ചു സത്യം ചെയ്യിപ്പിച്ച് കാവൽ നിർത്തിയതാണ് എന്നും ചോഴരുടെ നല്ല കാലത്താണ് തനിക്ക് ചുടുമണ്ണുകൊണ്ട് രൂപമുണ്ടായതെന്നും അതിനു മുൻപ് ഒരു വെട്ടുകല്ല് മാത്രമായിരുന്നു എന്നും അയവിറക്കുന്നുണ്ട് മാടൻ എന്ന കാവൽക്കാരൻ ദൈവം. കലികാലം മൂത്തു നിൽക്കുമ്പോൾ ദൈവങ്ങൾക്ക് ചീത്ത ദശയാണെന്നും പാടത്തിന്റെ വരമ്പിൽ പന്ത്രണ്ടടി പൊക്കത്തിൽ വർണ്ണം ഒലിച്ചുപോയ കളിമണ്ണ് ദേഹവുമായി കയ്യിൽ വാളും പിടിച്ച് തുറിച്ചു നോക്കി കുത്തിയിരിക്കുന്ന പാവപ്പെട്ട ദൈവത്തെ ആർക്കാണ് ഒരു വില എന്നും വരെ മാടൻ വിലപിക്കുകയാണ്. മാടന് ഈ അവസ്ഥയിൽ നിന്നും മോചനം നൽകാൻ പൂജാരി ഒരുക്കുന്ന തന്ത്രങ്ങളും അത് നയിക്കുന്ന അപകടങ്ങളും ആണ് സരസമായ ആഖ്യാനത്തിലൂടെ ജയമോഹൻ വിവരിക്കുന്നത് എന്ന് ഒറ്റവായനയിൽ തോന്നും. അപൂർവ്വമായി മലയാളത്തിലും നിരന്തരമായും ബ്രഹത്തായും തമിഴിലും എഴുതുന്ന നോവലിസ്റ്റ് ആണ് ജയമോഹൻ. അദ്ദേഹത്തിന്റെ മഹത്തായ തമിഴ് രചനകൾ ഒന്നും മലയാളത്തിൽ എത്തപ്പെട്ടിട്ടില്ല. ജയമോഹന്റെ കഥാസമുദ്രത്തിലെ ചില തുള്ളികൾ മാത്രമാണ് പരിഭാഷപ്പെടുത്തുന്നത് എന്ന് മായപ്പൊന്ന് എന്ന കഥാസമാഹാരത്തിന്റെ ആമുഖത്തിൽ കവി പി രാമൻ പറയുന്നുണ്ട്. വിഷ്ണുപുരം,പിന്തുടരും നിഴലിൻ കുരൽ,കന്യാകുമാരി, കാട്.ഏഴാംലോകം,ഇരവ്,കൊറ്റവെ,വെണ്മുരശ് എന്നീ നോവലുകളോ ചെറുകഥാസമാഹാരങ്ങളോ മലയാളികൾക്ക് അന്യമാണ്. നെടുമ്പാതയോരം,ഉറവിടങ്ങൾ,നൂറു സിംഹാസനങ്ങൾ,മിണ്ടാചെന്നായ്,ആന ഡോക്ടർ എന്നിവ മാത്രമാണ് മലയാള രചനകൾ. തമിഴിൽ സ്ഥൂല രചനകളുടെ വക്താവായ ജയമോഹൻ പക്ഷെ മലയാളത്തിൽ ചെയ്തു വെച്ചതെല്ലാം സൂക്ഷ്മങ്ങളാണെന്നും പറയാം. തമിഴ്‌നാട്ടിലെ ചുടലമാടൻ എന്ന് പറയപ്പെടുന്ന ദളിത് ദൈവത്തിന്റെ ഒറ്റപ്പെട്ട കഥ യഥാർത്ഥത്തിൽ ദ്രാവിഡ ദൈവങ്ങൾക്കെല്ലാം സംഭവിച്ച പരിണാമത്തിന്റെ കഥ കൂടിയാണ്. സംഘകാല ആരാധനാമൂർത്തികളായ മായോൻ കൃഷ്ണനായതും വേലൻ മുരുകനായതും വേന്തൻ ഇന്ദ്രനായതും ഈ പരിണാമത്തിലൂടെയാണ്. പരിണാമത്തിന് അന്ത്യമില്ലെന്നത് പോലെ മൂർത്തികളുടെ ആരാധനാരീതികളിലും ഭാവ വാഹാദികളിലും തുടരുന്ന ഈ തിരുത്തലുകൾ നമ്മുടെ കണ്മുന്നിൽ നടന്നു കൊണ്ടേയിരിക്കുന്നു. 1989ൽ എഴുതിത്തുടങ്ങിയ ഈ നോവൽ ഇന്ത്യയുടെ രാഷ്ട്രീയ,സാംസ്‌കാരിക പുതുവഴികളെ പ്രവചിച്ചിരുന്നു എന്നതും രസകരം. എഴുത്തുകാരൻ നാളെയുടെ കഥപറച്ചിലുകാരൻ ആകുമ്പോൾ അയാൾ തലമുറകളോളം കാലത്തോടൊപ്പം സഞ്ചരിക്കുന്നു. ഇനിയും വരാനിരിക്കുന്ന മോഹിപ്പിക്കുന്ന ജയരചനകളിലേക്ക് കൺപാർത്തിരിക്കുന്നു....

  ദൈവങ്ങളുടെ പരിണാമഗാഥ
By Harish P I
മാടൻ മോക്ഷം- ദൈവങ്ങളുടെ പരിണാമഗാഥ. നൂറു സിംഹാസനം എന്ന അച്ചുവാർപ്പുകളെ തച്ചുതകർത്ത കൃതിക്കു ശേഷം ജയമോഹനെ വീണ്ടും വായിക്കാനെടുത്തപ്പോൾ അതിൽക്കുറഞ്ഞത് പ്രതീക്ഷിച്ചിരുന്നില്ല. മാടൻ മോക്ഷം അതിൽക്കവിഞ്ഞു നിന്നു. അധികാരശ്രേണിയിൽ താഴേക്കിടയിൽ നിൽക്കുന്നവന്റെ ദൈവത്തിന് അന്നം മുട്ടി, വെള്ളം മുട്ടി, അവന്റെ പ്രജകളെപ്പോലെ അവനും കുരിശുവഴിയിലേക്ക് തിരിയും എന്ന് ഭീഷണിപ്പെട്ടപ്പോൾ, മത-രാഷ്ട്രീയ അച്ചുതണ്ട് ഇടപെട്ട് പദവി ഉയർത്തി അവനെ സനാതനിയാക്കിക്കൊടുത്തു. മനുഷ്യൻ മറുകണ്ടം ചാടിയാൽ സഹിക്കാം. എന്നാൽ ദൈവം അങ്ങനെ ചാടിയാൽ സഹിക്കുമോ? സാന്ദ്രതയേറിയ സമൂഹവിമർശനം ആക്ഷേപഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ഒരു കൊച്ചു കൃതി. ജൈവികമായ ദേവസങ്കല്പത്തെ രാഷ്ട്രീയലക്ഷ്യത്തിനായി, കിട മത്സരങ്ങളിൽ ജയിക്കാനുള്ള ഉപായമായി, ചുറ്റുമതിലിനുള്ളിൽ തളച്ചിടുമ്പോൾ ദേവനും യഥാർത്ഥ ഭക്തനുമായുള്ള ആത്മബന്ധം എന്നെന്നേക്കുമായി പറിച്ചെറിയുന്നത് കാണിക്കുന്നു. തനിക്ക് കൈകൂപ്പാനും, ഊട്ടാനും, കൂടെ ഇരുത്താനും, ശകാരിക്കാനും, ഉപദേശിക്കാൻ പോലും സ്വാതന്ത്ര്യമുള്ള ദൈവം ശ്രീകോവിലിൽ തളയ്ക്കപ്പെടുകയും, കയറി ഒന്ന് കാണാനുള്ള സ്വാതന്ത്ര്യം വിലക്കപ്പെടുകയും ചെയ്യപ്പെട്ട പൂജാരിയുടെ അവസ്ഥ. ഒരുകാലത്തു നാട്ടുകാരുടെ പരമാധികാരിയായിരിക്കുകയും, എന്നാൽ ഇന്ന് സഞ്ചാരസ്വാതന്ത്ര്യവും, ഭക്ഷണസ്വാതന്ത്ര്യവും പോട്ടെ, മനസ്സറിഞ്ഞ് ഒന്ന് ചിരിക്കാൻ പോലും പറ്റാത്ത ദൈവത്തിന്റെ അവസ്ഥ. മാടൻ സ്വാമിക്ക് മോക്ഷമല്ല യഥാർത്ഥത്തിൽ കിട്ടിയതെന്ന തിരിച്ചറിവിലാണ് വായന അവസാനിക്കുക. 1989ൽ തമിഴിൽ രചിക്കപ്പെട്ട കൃതിയുടെ മലയാള പരിഭാഷ ചെയ്തത് രചയിതാവ് തന്നെ. അന്നത്തെ ജീവിതസാഹചര്യങ്ങൾ മാറിയെങ്കിലും സമൂഹമനോഭാവം ഇന്നും അതുതന്നെയെന്ന് ഈ വായനയിൽ നമുക്കു ബോദ്ധ്യപ്പെടും. തദ്ദേശ സാഹിത്യത്തെയും, കലയെയും, സിനിമയെയും, വ്യാപാരത്തെയും, എന്തിന്, ഭക്ഷണത്തെയും വെള്ളത്തെപ്പോലും വിഴുങ്ങുന്ന കുത്തകഭീമന്മാർക്കിടയിൽ ദൈവത്തിന് മാത്രം എന്ത് രക്ഷ?

  അടിമയാക്കപ്പെടുന്ന ദൈവം
By Reshnu Rs
ആധുനികകാലത്തു മനുഷ്യൻ യജമാനനും ദൈവം അടിമയുമായി മാറുന്ന സ്ഥിതി വിശേഷം വളരെ വ്യക്തമായി കാണിച്ചു തരുന്ന നോവൽ ആണ് ഇത്. പാവങ്ങളുടെ ദൈവമായിരുന്ന മാടനെ വലിയ അമ്പലം കെട്ടി കുടി ഇരുത്തി പൂവും നേദ്യവും നൽകി പണക്കാരുടെ ദൈവം ആക്കി മാറ്റുമ്പോൾ ഇതെല്ലാം നിസ്സഹായനായി കണ്ടു നില്കാൻ മാത്രമേ മാടന് സാധിക്കുന്നുള്ളു.20 വർഷം മുന്നേ എഴുതപ്പെട്ട ദീർഘവീക്ഷണം ഉള്ള ഈ നോവൽ ഹിന്ദുത്വത്തിന്റെ വ്യാജ പുറം മോടികളെ പൊളിച്ചെഴുതുന്നു. ഒരു ഭാഗത്തു മാടൻ പറയുന്നുണ്ട് ` ദൈവത്തെക്കാൾ വലുതാണ് കീഴ്‌വഴക്കം, കീഴ്‌വഴകങ്ങളെ തീരുമാനിക്കാനുള്ള അവകാശം മനുഷ്യർക്ക് ആണ് ഉള്ളത് ' ഇത് ദൈവത്തിന്റെ നിസ്സഹായ അവസ്ഥയെ വ്യക്തമായി സൂചിപ്പിക്കുന്നു. ബലിയും ചോരയും കള്ളും കണ്ടു ശീലിച്ച മാടനു അമ്പലം കെട്ടി വീർപ്മുട്ടിച്ചു ശർക്കര പായസവുമായി പോറ്റി വരുമ്പോൾ ഇറങ്ങി ഓടാൻ പോലുമാകാതെ മാടൻ താൻ ബന്ധനസ്ഥാനാണെന്ന സത്യം തിരിച്ചറിയുന്നു. ഇപ്പോൾ നമുക്ക് ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ ഇതുമായി കൂട്ടി വായിക്കാൻ വായനക്കാരന് അധികം പ്രയാസപ്പെടേണ്ടി വരുമെന്ന് തോന്നുന്നില്ല.. എന്തും ഏതും വിവാദമാക്കപെടുന്ന ഈ കാലത്തു ഇതുപോലൊരു നോവൽ എന്തുകൊണ്ടും ചർച്ചചെയപ്പെടേണ്ടതാണ്.ദൈവം മനുഷ്യനേക്കാൾ വലിയവനോ മനുഷ്യൻ ദൈവത്തിനേക്കാൾ വലിയവനോ അല്ല മനുഷ്യനോടൊപ്പം നിൽക്കുന്ന ഒരു സുഹൃത്താണ് ദൈവം എന്നൊരാശയം എഴുത്തുകാരൻ മുന്നോട്ട് വയ്ക്കുന്നു. കപട ഹിന്ദുമത പ്രചാരകരെ തുറന്നുകാട്ടി നമ്മുടെ യഥാർത്ഥ സംസ്കാരവും മൂല്യവും തിരിച്ചറിയാൻ ഓരോ വായനകാരനെയും ഈ നോവൽ പ്രാപ്തനാക്കുന്നു.

  മതങ്ങളിലെ മാടൻ
By Aparna Krishnan
ജയമോഹൻ കാണിച്ചുതരുന്ന പല കാഴ്ചകൾക്കും സൗന്ദര്യത്തിലുമധികം ഒരു പുതുഭാവമാണ്. അത്തരത്തിലൊന്നാണ് മാടൻമോക്ഷവും.1989ൽ പുറത്തിറങ്ങിയ തമിഴ് കൃതിയുടെ തനത് മൊഴിമാറ്റത്തിനു പകരം സ്വതന്ത്രമായൊരാഖ്യാനമാണ് മാടൻമോക്ഷത്തിലൂടെ അദ്ദേഹം നടത്തിയത്. മതവും രാഷ്ട്രീയവും എല്ലാം ചർച്ച ചെയ്യാൻ ഒരല്പം ചിന്തിച്ച് നിൽക്കുന്ന പല എഴുത്തുകാർക്കുമൊരപവാദമാണ് ജയമോഹനും അദ്ദേഹത്തിന്റെ മാടൻമോക്ഷവും. വായിക്കപ്പെടേണ്ട പുസ്തകമാണ് മാടൻ മോക്ഷം. പ്രൗഡികളും മോടികളുമില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരനായ, ദൈവങ്ങളിലെ ദളിതനായ മാടന്റെ കഥ. ചുടല കാവൽക്കാരന്റെ കഥ. മന്ത്രങ്ങളും ആഹുതിയുമല്ല കള്ളും ചോരയും കോഴിയുമൊക്കെയാണ് മാടന്റെ നിവേദ്യം. എന്നാൽ ഇപ്പോഴത് കിട്ടാത്തതിന്റെ വ്യാകുലത മാടൻ തന്നെ പുരോഹിതനോട് പറയുന്നതിലൂടെയാണ് നോവലാരംഭിക്കുന്നത്. എന്നാൽ തന്റെ സ്ഥാനത്ത് ഒരു കുരിശുറപ്പിക്കാൻ ശ്രമിക്കുകയാണ് പുരോഹിതൻ ചെയ്തത്. അങ്ങനെ അനാഥനായ മാടനെ ജനങ്ങളിലെ അധികാര രാഷ്ട്രീയം ഏറ്റെടുക്കുന്നു. പുതിയ പുരോഹിതർ മാടന്റെ പഴയ പുരോഹിതരെ ആട്ടിപ്പായിക്കുന്നു. ആർക്കും പരാതി പറയാനും പുലഭ്യം പറയാനും കഴിയുമായിരുന്ന ആ അടിത്തട്ടിലെ ദൈവത്തെ അവർ ശ്രീകോവിലിനുള്ളിൽ ഉറപ്പിച്ചു ബന്ധനസ്ഥനാക്കുന്നു.കള്ളും ചോരയും മോഹിച്ച മാടനിലേക്ക് നെയ് മുറുകുന്ന ദുർഗന്ധവും തേങ്ങകളുടെ നാറ്റവും പരക്കുന്നതോടെ നോവൽ അവസാനിക്കുന്നു. എങ്ങനെയാണ് ഇന്ത്യയിൽ ഹിന്ദുത്വംമെന്നത് ഒരു രാഷ്ട്രീയ ശക്തി ആവുകയും തുടർന്ന് രാജ്യത്തിന്റെ അധികാരാവസ്ഥയിലെത്തുകയും ചെയ്തതെന്ന് നോവൽ വായനയിലൂടെ ചിന്തിക്കേണ്ടതുണ്ട്. പ്രാദേശിക ദൈവ സങ്കല്പങ്ങളെ ഹിന്ദുമതം കീഴടക്കുന്നതെങ്ങനെയെന്ന് നോവൽ വരച്ചിടുന്നു. വർഗീയതയുടെ ശക്തമായ ഭാവം നൽകാനൊന്നുമീ പുസ്തകം ശ്രമിക്കുന്നില്ലെങ്കിലും ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന, ദൈവങ്ങളെ മറികടന്ന് ആൾദൈവങ്ങൾ കയറിക്കൂടുന്ന, മഹാഭൂരിപക്ഷത്തിന്റെ ആധിപത്യത്തെ സൂചിപ്പിക്കുന്ന കാതലായ ഒരംശം ഈ നോവലിലുണ്ട്.

  ദൈവങ്ങൾ പരിണമിക്കുമ്പോൾ വ്യവസ്ഥകൾ മാറുമ്പോൾ; മാടന് മോക്ഷം
By Ashish John
മാടൻ എന്ന ദളിതനും സാധാരണക്കാരനുമായ ഒരു ദൈവം. ജനങ്ങൾക്ക് ആരാധിക്കാനും ചീത്തപറയാനും ഒരുപോലെ സാധിക്കുന്ന ഒരു ദൈവം. വർഷത്തിലൊരിക്കൽ ലഭിക്കുന്ന മാംസവും ചോരയും നൈവേദ്യമായി സ്വീകരിച്ചു പോരുന്ന മാടൻ. എന്നാൽ പുതിയ പുതിയ ദൈവങ്ങളും ആൾ ദൈവങ്ങളും വന്നപ്പോൾ മാടന് അത് കിട്ടാനില്ല. മാടനെ ആർക്കും പേടിയില്ലാതെ വരുന്ന ഒരു സാഹചര്യം. അങ്ങനെ ആരാലും പരിഗണിക്കപ്പെടാതെ പോകുന്ന മാടൻ തന്റെ പുരോഹിതനെ തേടി നടക്കുന്നിടത്ത് ആരംഭിക്കുന്ന ഈ നോവൽ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന, ദൈവങ്ങളെ മറികടന്ന് ആൾ ദൈവങ്ങൾ പ്രതിഷ്ഠിക്കപ്പെടുന്ന ഒരു വ്യവസ്ഥ ശക്തമായി വരച്ചു കാട്ടുന്നു. പിന്നീട് മാടനെ മുഖ്യധാരാ മതങ്ങൾ ഏറ്റെടുക്കുന്നതും എന്നാൽ മാടന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി മാടനെത്തന്നെ മാറ്റിമറിക്കുന്ന ഒരു അവസ്ഥാവിശേഷം ഉണ്ടാവുന്നതും പല തരത്തിലും നമ്മുടെ സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളുമായിതന്നെ ബന്ധപ്പെടുത്താൻ പറ്റുന്നത് തന്നെയാണ്. പതുക്കെ പതുക്കെ അരിച്ചു കയറുന്ന ചില തീവ്ര മത നിലപാടുകൾ, പലപ്പോഴും വിവാദങ്ങൾക്ക് കാരണമാകുന്ന കാര്യങ്ങൾ ശക്തമായി വരച്ചുകാട്ടാൻ മാടനിലൂടെ ജയമോഹന് സാധിച്ചിട്ടുണ്ട്. നല്ലൊരു വായനാനുഭവം.

  ദൈവത്തിൻ്റെ നിസ്സഹായാവസ്ഥ
By Adheeba P
സമൂഹത്തിൻ്റെ ക്രമസമാധാനത്തെ പോലും ബാധിക്കുന്ന കാര്യങ്ങളായിമാറിയിരിക്കുകയാണ്  മതവും ജാതിയും ദൈവവും. എന്താണ് മതം എന്തിനാണ് ജാതി ആരാണ് ദൈവം ആരുടെയാണ് ദൈവം. എന്ന് ചോദിക്കാൻ കൊതിക്കുന്ന ഒരു ജനവിഭാഗമുണ്ട്.പക്ഷേ അവരുടെ ചോദ്യങ്ങൾ ഭയം കൊണ്ട് മൂടിയ ശരീരത്തിൽ നിന്നും പുറത്തേക്ക് വരുന്നില്ല.. ദൈവത്തെ പേടിച്ചല്ല...ദൈവത്തിൻ്റെ അനുയായികളാണ് തങ്ങൾ എന്നു സ്വയം പറഞ്ഞു നടക്കുന്നവരെ പേടിച്ചാണ്.. അങ്ങനെയുള്ളപ്പോഴാണ് ജയമോഹൻ്റെ മടൻമോക്ഷം മലയാള നോവൽ സാഹിത്യത്തിൻ്റെ പൊൻതൂവലായി മാറുന്നത്.സ്വന്തം സ്വാർത്ഥ താൽപര്യത്തിനായി മനുഷ്യർ എങ്ങനെയാണ് മതത്തെയും ദൈവങ്ങളെയും ഉപയോഗിക്കുന്നത് എന്നും സൂക്ഷ്മമായി വരച്ചു കാണിക്കുകയാണ് മടൻമോക്ഷം .നിലനിൽക്കുന്ന ദൈവ സങ്കൽപത്തിൽ നിന്നും ഒത്തിരി ദൂരെയാണ് ദൈവങ്ങളിൽ അടിത്തട്ടിലുള്ള മാടൻ എന്ന ദളിതരുടെ ദൈവം.ചുടലകാകുന്നവൻ ആകാശത്തിതിലേ മണിമാളികക്കളിൽ അല്ലവൻ.. ഭൂമിയിൽ മനുഷ്യരോടോപ്പം കള്ളും ചുരുട്ടും മാംസവും ചോരയും വഴിപാട് അയി നടന്ന മാടനെ.. ജനങ്ങൾ മറക്കുകയും അവർ വേദക്കരുടെക്കുടുക്കയും ചെയുമ്പോ അവരോപ്പം നടന്ന മാടൻ തൻ്റെ അസ്തിത്വത്തെ പോലും മാറ്റി മറ്റൊരു ദൈവമായി മാറേണ്ടിവരുന്ന തിക്ഷ്ണാനുഭവമാണ് നോവലിൽ പറയുന്നത്.. കാട്ടിൽ വസിച്ച മടനെ ഒരു ക്ഷേത്രത്തിൽ കുടിയിരുത്തി മാടന് താൽപര്യമില്ലാത്ത കര്യങ്ങൾ വഴിപാടായി നൽകി... ദലിതരുടെ ദൈവമായ അവരെ മകളെ പോലെ സ്നേഹിച്ച അവരുടെ കൂടെ വസിച്ച മാടനെ കാണാൻ പോലും അനുവദിക്കാതെ അട്ടിയോടികുമ്പോ നിസ്സഹായനായി പോയ മാടനോട് സഹതാപം തോന്നുന്നതോടൊപ്പം ചില ചോദ്യങ്ങളും ബാക്കിയാകുന്നു . ദൈവം യജമാനനും മനുഷ്യൻ അടിമയുമായ കാലം അവസാനിക്കുകയും മനുഷ്യൻ ദൈവത്തിൻ്റെ ഭാഷയും ഇഷ്ടങ്ങളും തീരുമാനിച്ചുവരെ അടിമയാക്കി മാറ്റുന്ന പരിണാമകഥക്കൂടിയാണ് മാടൻമോക്ഷം.

  മാടൻ മോക്ഷം തേടി..
By Rajana PR
കർക്കിടക മാസം തൃതീയസന്ധിയോഗം ഒത്തു വന്ന ശുഭ ദിനത്തിലാണ് ചുടല മാടൻ കണ്ണ് തുറന്നത്. കാട്ടിൽ കഴിഞ്ഞ കാലത്തു നിന്നും നാട്ടിലെത്തിയ മാടൻ മാസാമാസം പന്നിയോ, ആടോ , കോഴിയോ, ലഭിക്കുകയോ വർഷത്തിൽ ഒരിക്കൽ പീഠം വിട്ടെഴുന്നേറ്റു കാടു കാണുവാൻ പോവാം എന്ന വ്യവസ്ഥയിൽ തുടങ്ങിയ കാവൽ ജീവിതം ആണ്. തുടർന്നുള്ള മാടന്റെ അതി ജീവനമാണ് കഥയിൽ നിറയുന്നത്. തന്റെ ഭക്തനെ പോലും തന്നിൽ നിന്ന് അകറ്റുന്ന സന്ദർഭത്തിൽ മാടനെന്ന പ്രതീകം ഒരു പാട് അടരുകളിൽ സമകാലീന വിഷയങ്ങളെ അടയാളപ്പെടുത്തുന്നു. പഴമയും , ചരിത്രവും, പുതു മാറ്റങ്ങളും , മതങ്ങളും എങ്ങിനെയെല്ലാം സമൂഹത്തെ പരിവർത്തനപ്പെടുത്തുന്നു എന്ന്‌ ഈ നോവലിൽ വ്യക്തമാക്കിയിരിക്കുന്നു.ആഖ്യാനശൈലി ഹാസ്യാത്മകം ആയത് കൊണ്ട് തന്നെ മാടൻ മോക്ഷം തേടിയോ എന്ന ഉത്തരം വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നത് തന്നെയാണ്. ജയമോഹന്റെ മറ്റൊരു ഗംഭീര നോവൽ തന്നെ മാടൻ മോക്ഷം.

  മാടൻമാർ തടവിലാകുന്നു.
By sajith Irm
നൂറ് സിoഹാസനങ്ങൾ വായിച്ച് പോകുമ്പോൾ മനസ്സിനെ നൊമ്പരപെടുത്തുകയും വല്ലാതെ അസ്വസ്ഥമാക്കുകയുമാണെങ്കിൽ മാടൻമോക്ഷം ആവശ്യപെടുന്നത് രാഷ്ട്രീയ ജാഗ്രതയാണ്.ഇത് മുന്നോട്ട് വയ്ക്കുന്നത് തമിഴകത്തിൻ്റെ മാത്രം കഥയല്ല, കേരളത്തിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്ന് കൊണ്ടിരിക്കുന്ന കഥയാണ്. നമ്മുടെ അപ്പൂപ്പൻ മാരുടെ ദേവൻമാരായിരുന്നവർ അവരുടെ അസ്ഥിത്വവും ആവാസസ്ഥാനങ്ങളും വിട്ട് മഹാക്ഷേത്രങ്ങളിലേയ്ക്ക് മാറി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളിൽ നാട്ടിലെ സാധാരണ മനുഷ്യർക്കൊപ്പം അവരുടെ സുഖദു:ഖങ്ങളിൽ അവർക്കൊപ്പം നിൽക്കുകയും ചെയ്ത നമ്മുടെ മാടൻമാർ മാടമ്പാറകളിലെ പനച്ചുവട്ടിൽ നിന്നും മല്ലൻ തമ്പുരാൻമാർ തെക്കത് കളിൽ നിന്നും ആയിരവല്ലിമാർ തറകളിൽ നിന്നും ഇറങ്ങി മഹാക്ഷേത്രങ്ങളിൽ അഭയ ഹസ്തവുമായി പുഞ്ചിരിച്ച് നിൽക്കുകയുമാണ്. അവർക്ക് സ്നേഹിക്കുവാനും ദേഷ്യം വരുമ്പോൾ വഴക്കുണ്ടാക്കാനും പരാതികൾ പറയാനും അവരുടെ ഭക്ഷണം തന്നെ ബലിയായി നൽകാനുമുണ്ടായിരുന്ന ഒരു ദേവൻ ഇന്നില്ല. ഇത് വെറുതെ സംഭവിക്കുന്നതല്ല.ഇതിന് പിന്നിലൊരു അജണ്ടയുണ്ട്. അതാണ് മാടൻമോക്ഷം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം. നാട്ടിൻ്റെ അതിരും കതിരും കാക്കുന്ന ദൈവം തൻ്റെ പൂജാരിയെ കാണാൻ അങ്ങോട്ട് ചെല്ലുകയാണ്. അപ്പിയ്ക്ക് മാടൻ ദൈവം മാത്രമല്ല, കൂട്ടുകാരൻ കൂടിയാണ്. കുറേക്കാലമായി മാടൻ ബലിയായി കോഴിയേയും പന്നിയേയും കിട്ടാതെയുള്ള വിഷമത്തിലാണ് .ഈ അവസ്ഥയിൽ നിന്നും അവനെ രക്ഷപെടുത്താനായി അവിടെ കുരിശ് സ്ഥാപിക്കുന്നു. അത് കലാപമായി മാറുന്നു.രാഷ്ട്രീയക്കാർ, മന്ത്രിമാർ, മത പുരോഹിതർ, കളക്ടർ എല്ലാവരുമെത്തുന്നു.പരിഹാരങ്ങളുണ്ടാക്കുന്നു.ഇതിനിടയിൽ കൂടി ഈ അവസരം മുതലെടുത്ത് എത്തുന്ന ഹിന്ദുത്വ ശക്തികൾ മാടനെ ഏറ്റെടുക്കുന്നു.പുതിയ കഥകളുണ്ടാക്കുന്നു. പുതിയ ആരാധനക്രമങ്ങളുണ്ടാക്കുന്നു. അമ്പലങ്ങളുയരുന്നു.അപ്പി മാർ ആട്ടിയോടിക്കപ്പെടുന്നു. അവൻ്റെ ദൈവം അവർക്കന്യമാകുന്നു. നോവൽ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം നമ്മുടെ മാടൻമാരെ നമുക്കെതിരായി മാറ്റുന്ന പ്രത്യയശാസ്ത്രത്തിനെതിരെയുള്ള ജാഗ്രത പുലർത്താനാണ്. തമിഴ്നാടും കേരളവുമുൾപ്പെടുന്ന ദ്രാവിഡ മണ്ണിൽ ശക്തിയുറപ്പിക്കാനായി ഹിന്ദുത്വ ശക്തികൾ നടത്തുന്ന ബഹുമുഖ പദ്ധതികളിലൊന്ന് മാത്രമാണ് നമ്മുടെ ദൈവങ്ങളെ സംസ്കൃതവത്കരിച്ച് , അവരുടെ ജനതയെ ഒപ്പം നിർത്തുതുക എന്നത്. ഒരു വലിയ നോവലിന് സാധ്യതയുണ്ടായിട്ടും ചുരുക്കി, എന്നാൽ ആശയത്തിനോ ഭദ്രതയ്ക്കോ കുറവും വരുത്താതെ തന്നെ നോവൽ അവസാനിക്കുന്നു.

  ദൈവം ഉയർത്തപ്പെടും, ജനത വിസ്മരിക്കപ്പെടും
By Sanuj Najoom
1989-ൽ ജയമോഹൻ തമിഴിൽ എഴുതിയ ഒരു കുഞ്ഞു നോവൽ ആണിത്. പുസ്തകത്തിന്റെ പേജ് കുറവെങ്കിലും ഉള്ളടക്കം അത്ര ചെറുതല്ല.എന്ന് മാത്രമല്ല തൊട്ടാൽ പൊള്ളുന്ന, പ്രത്യേകിച്ച് ഇക്കാലത്തു വിവാദമായേക്കാവുന്ന വിഷയങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതുകൊണ്ടാവണം രണ്ടുമൂന്നു കൊല്ലം മുൻപ് അദ്ദേഹം മലയാളത്തിലെ ഏതോ പ്രമുഖ പ്രസാധകർക്ക് വേണ്ടി നോവൽ വിവർത്തനം ചെയ്തുകൊടുത്തപ്പോൾ അവർ പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചത്. പിന്നീട് ഡിസി ഇത് പ്രസിദ്ധീകരിക്കാൻ തയ്യാറായി വായക്കാരുടെ കയ്യിലേക്ക് എത്തിച്ചുതന്നിരിക്കുന്നു. വളരെ അടിത്തട്ടിലുള്ള ഒരു ദൈവമാണ് മാടൻ. ചുടലമാടൻ എന്നാണു പേര്, പ്രധാനമായും കാവലാണ് ജോലി. ദൈവങ്ങളിൽ ഒരു ദളിതൻ എന്നാണു ഇവിടെ എഴുത്തുകാരൻ വിശേഷിപ്പിക്കുന്നത്. മാടനെ പൂജിക്കുന്നവർക്കു മാടൻ ആകാശത്തുനിന്നുള്ള ഒരു ദൈവമല്ല. കൂടെയുള്ളവൻ ആണ്. മാടനോടു സങ്കടം പറയും, ദേഷ്യം വന്നാൽ തെറിയും പറയും. മാടന്റെ പൂജാരിയാണ് അപ്പി, അപ്പിയുടെ ദൈവമായ മാടനോട് സുഹൃത്തുക്കളെ പോലെയാണ് പെരുമാറുന്നത്. തങ്ങളുടെ പ്രതീക്ഷകളും ആവലാതികളും ദുഖങ്ങളും പരസ്പരം പറഞ്ഞവർ ആശ്വാസവും പരിഹാരമാർഗ്ഗങ്ങളും കണ്ടെത്തി അനുദിനം മുന്നോട്ട് പോകുകയാണ്.. അപ്പിയെ അന്വേഷിച്ചു മാടൻ അവന്റെ വീട്ടിലേക്കു പോകുന്നിടത്താണ് കഥ തുടങ്ങുന്നത്. മാടനെ മറന്നു പുതിയ ദൈവങ്ങൾക്ക് പിറകെ പോകുന്നവരെ തിരികെ മാടനിലേക്ക് എത്തിക്കാനായും മാടന് നല്ലൊരു കാലം ഉണ്ടാകാനുമാ���ി അപ്പി മാടനെ മറിച്ചിട്ട് അവിടെ കുരിശു വെക്കുന്നു. പിന്നീട് കുരിശു നിന്നിടം സംരക്ഷിക്കാനായി ഒരു കൂട്ടവും മാടനെ സംരക്ഷിക്കാനായി സ്വയംസേവകർ വരികയും, തുടർന്ന് മാടനെ ഒരു ഉന്നതകുല ദൈവത്തിലേക്കു ഉയർത്തപ്പെടുകയും ചെയ്യുന്നു. വാളുമുയർത്തിപ്പിടിച്ചു തുറിച്ചുനോക്കി വഴിയിൽ നിന്നിരുന്ന ചുടലമാടനെ വാള് താഴ്ത്തി കണ്ണുകൾ ശാന്തതയിലേക്കു എത്തിച്ച് ദേവപ്രതിഷ്‌നിയമങ്ങളാൽ ബന്ധനസ്ഥനാക്കി മാടസ്വാമിയാക്കി ഉയർത്തപ്പെടുന്നു. അതിലേക്കു എങ്ങനെ എത്തിപ്പെടുന്നു എന്നും അതുകൊണ്ട് എന്തൊക്കെ സംഭവിക്കുന്നു എന്നുമാണ് നോവൽ. പോരാതെ ഹിന്ദുത്വ ഫാസിസം എങ്ങനെയാണ് സമൂഹത്തിലേക്ക് അരിച്ചുകയറുന്നത് എന്ന് വിശദമായി ജയമോഹൻ ഇതിൽ വ്യക്തമാക്കുകയും ഒരു അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. BJP - RSS തുടങ്ങി അതിനോട് ചേർന്ന് നിൽക്കുന്ന ഇത്തിൾ പാർട്ടികളും സംഘടനകളും ഹിന്ദു രാഷ്ട്രം രൂപീകരിക്കുന്നതിനുള്ള എല്ലാവിധ നാടകങ്ങളും നടത്തിപോകുന്നത് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഹിന്ദു രാഷ്ട്രം എന്ന ആശയം ഇന്ത്യയിലെ ഹിന്ദുക്കളുടെ രാഷ്ട്രീയ ഭാവനയിൽ പിടി മുറുക്കിതുടങ്ങുന്നതിനും വർഷങ്ങൾക്ക് മുന്നേ എഴുതപ്പെട്ടതാണ് ഈ പുസ്തകം. RSS ഹിന്ദു ഐക്യം പറയുകയും ഹിന്ദു സമൂഹത്തിന്റെ വിവിധ കോണുകളിൽ അതിന്റെ ശാഖകൾ വ്യാപിപ്പിച്ചു മുന്നേറുമ്പോളും ജാതി വിവേചനത്തെയും അടിച്ചമർത്തലിനെയും അതിന്റെ കൂടെ കൊണ്ടുപോയ്‌ക്കൊണ്ടേ ഇരിക്കുന്നു. സംഘടനയിലെ ഉയർന്ന ജാതി നേതാക്കൾ താഴ്ന്ന ജാതിക്കാരെയും ദളിതരെയും ആദിവാസികളെയും അവരുടെ ശാഖകളിൽ പരിശീലിപ്പിക്കുകയും അവരെ പാദസേവകരായി ബന്ധിക്കുന്ന ബ്രാഹ്മണ മിഥ്യയ്‌ക്ക് മുകളിൽ ഉയരാൻ വിടാതെ, തങ്ങളുടെ ആധിപത്യം നിലനിർത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മാടനെ മാടസ്വാമിയാക്കി പ്രതിഷ്ഠിച്ച ശേഷം അപ്പി മാടനെ കാണുവാനായി വരുമ്പോൾ അപ്പിയെ അകത്തേക്ക് കടത്തിവിടുന്നില്ല. എല്ലാരുടെയും കണ്ണ് വെട്ടിച്ചു അകത്തെത്തി മാടനുമായി സംസാരിച്ചു നിക്കുമ്പോൾ "ഹീനജാത്തിപ്പെറുക്കി ദൈവത്തെ നീ തോടും അല്ലേടാ" എന്നുപറഞ്ഞു അപ്പിയെ അടിച്ചോടിക്കുകയാണ് പുതിയ ഉയർന്ന കമ്മിറ്റിക്കാർ ചെയ്യുന്നത്. അതുകണ്ട നിസ്സഹായനായ മാടൻ "എന്റെ മോനെ" എന്ന് വിളിച്ചു കരയുകയാണ്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0