• Text
  • Text

NOORU SIMHASANANGAL

By : JAYAMOHAN



Book : NOORU SIMHASANANGAL
Author: JAYAMOHAN
Category : Novel
ISBN : 9789352829620
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 19
Number of pages : 72
Language : Malayalam
Paper Back

Publisher: DC BOOKS
₹89.00 ₹99.00 10% off





Book Summary

സ്വന്തം ഇടങ്ങള്‍ നഷ്ടപ്പെട്ട, സ്വന്തം ഭാവനകള്‍ അസ്തമിച്ചുപോയ സമൂഹത്തിന്റെ അകംപുറങ്ങളെ ആവിഷ്‌കരിക്കുന്ന നോവല്‍. ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്ന നൂറുസിംഹാസനങ്ങള്‍ ധവളാധികാരലോകത്തെ ജാതിമനസ്സുകളെ ധീരമായി തുറന്നു കാണിക്കുന്നു.

WRITE A REVIEW

Product name: Nooru Simhasanangal

Review title:



Your Ratings:

Your Message:




Book Reviews

  എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം
By Devika Remesh
ജയമോഹന്റെ 'നൂറ് സിംഹാസനങ്ങൾ' അടച്ചു പിടിച്ചിരിക്കുന്ന കണ്ണുകൾ വലിച്ചു തുറപ്പിക്കാൻ ശ്രമിക്കുകയാണ്. ഒരു യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ഈ നോവൽ പ്രതിപാദിക്കുന്നത് ഭാരതത്തിൽ നൂറ്റാണ്ടുകളായി വേരിറക്കി നിൽക്കുന്ന ജാതീയ വ്യവസ്ഥിതിയെയാണ്. 'നായാടി'യായ ധർമപാലൻ അഥവാ കാപ്പൻ ധവളാധികാരം കല്പിച്ച സാമൂഹ്യ വ്യവസ്ഥക്ക്‌ അനുസൃതനായി ജീവിക്കാൻ ശ്രമിക്കുന്നു. തന്നെ കൊണ്ടു പറ്റാവുന്ന അത്ര ഉന്നതിയിൽ എത്തിയിട്ടും താൻ അലങ്കരിക്കേണ്ട സിംഹാസനം അയാൾക്ക് നിഷേധിക്കപ്പെടുന്നു. എല്ലാ യോഗ്യതകളും ഉണ്ടായിട്ടും അധികാരചക്രത്തിൽ പതിച്ച വെറുമൊരു സ്റ്റിക്കർ മാത്രമായി അയാൾ മാറുന്നു. ജനിച്ച നാൾ മുതൽ കൂട്ടിലിട്ട് വളർത്തുന്ന ഒരു മൃഗത്തിന് സ്വാതന്ത്ര്യം കൊടുത്താലും അതെങ്ങനെ ഉപയോഗിക്കണമെന്നോ, അത് തനിക്ക് അർഹതപ്പെട്ടതാണെന്നോ അറിയാതെ അത് ചിലപ്പോൾ വലഞ്ഞേക്കാം. അതുപോലെ ആയിരുന്നു നായകന്റെ അമ്മയും. ചവുറ്റ് കൂനയിലും അഴുക്കുചാലിലും കഴിയാൻ മാത്രമാണ് അവർ അനുവദിക്കപ്പെട്ടിരുന്നത്. ആ ചങ്ങലകൾ മുറിച്ചു കളയാൻ അവർക്കു ആയുധം ഉണ്ടെങ്കിലും ചെയ്യാൻ അവർ ധൈര്യപ്പെട്ടില്ല, പെട്ടാൽ തന്നെ ചവിട്ടിയെറിഞ്ഞിരിക്കും. കഴിച്ചിട്ടും കഴിച്ചിട്ടും വിശപ്പ്‌ മാറാത്ത, പഠിച്ചിട്ടും പഠിച്ചിട്ടും ദാഹം അടങ്ങാത്ത നായകനെ ഓർക്കുമ്പോൾ, അയാളുടെ നിസ്സഹായാവസ്ഥ കാണുമ്പോൾ, അമ്മയുടെ ദൈന്യതയിലും വന്യതയിലും, എത്ര സിംഹാസനങ്ങൾക്കും പരിഹരിക്കാൻ പറ്റാത്ത നോവ് അനുഭവപ്പെട്ടില്ലെങ്കിൽ നിങ്ങൾ മനുഷ്യനല്ല!

  നൂറ് സിംഹാസനങ്ങൾ
By BINU VASUDEVAN
*നൂറു സിംഹാസനങ്ങള്‍* *ജയമോഹന്‍* “ഞാന്‍ ഒരു കറുത്ത എലിയാണ്. എലിയുടെ ദേഹത്തിലും നോട്ടത്തിലും ചലനങ്ങളിലും ശബ്ദങ്ങളിലും ഒക്കെ ഒരു ക്ഷമാപണം ഉണ്ട്. “ഒന്നു ജീവിച്ചോട്ടെ” എന്ന മട്ടുണ്ട്. കാലുകള്‍ക്ക് താഴെയാണ് അതിന്റെ ലോകം . ചവറുകളിലാണ് അതിന്റെ ജീവിതം . എലിയുടെ നട്ടെല്ല് ഞാന്‍ എപ്പോഴും ശ്രദ്ധിക്കും . നട്ടെല്ല് വളയ്ക്കേണ്ട ആവശ്യമില്ല. വളച്ച് തന്നെയാണ് ദൈവം കൊടുത്തിട്ടുള്ളത്”. പെരുച്ചാഴികളെപ്പോലെയാണ് ചില മനുഷ്യര്‍! പൊതുസമൂഹത്തിന്റെ കാല്‍ക്കീഴില്‍ അവരുടെ ലോകമുണ്ട്. സവര്‍ണ്ണതയുടെ കാല്‍ക്കീഴില്‍ ഞെങ്ങി അമരാന്‍ അല്ലെങ്കില്‍ ചവിട്ടിത്തേയ്ക്കാന്‍ വിധിക്കപ്പെട്ട അതിവിദൂരമല്ലാത്ത ഭൂതകാലത്തില്‍ ജീവിച്ചു മരിച്ച , അല്ലെങ്കില്‍ എവിടെയൊക്കെയോ ഇപ്പൊഴും ജീവിക്കുന്നു എന്നു നമ്മെ ഓര്‍മ്മിപ്പെടുത്തുന്ന കൃതിയാണ് ‘ജയമോഹ’ന്റെ “നൂറു സിംഹാസനങ്ങള്‍”. നിറഞ്ഞ വേദനയോടെയും , പലപ്പോഴും കുറ്റബോധത്തോടെയും അല്ലാതെ നൂറു സിംഹാസനങ്ങള്‍ നമുക്ക് വായിച്ചു തീര്‍ക്കാനാവില്ല . സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ വേദന, അരക്ഷിതാവസ്ഥ , തൊട്ടുകൂടായ്മയുടെ ഒക്കെ ഭീകരത വളരെ മനോഹരമായിതില്‍ അടയാളപ്പെടുത്തിയിരിക്കുന്നു . സമ്പന്ന സമൂഹവും അധികാരി വര്‍ഗ്ഗവും മനുഷ്യരായിപ്പോലും പരിഗണിക്കാതെ സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നു അകറ്റി നിര്‍ത്തുകയും ക്രൂരമായ രീതിയില്‍ ചൂക്ഷണം ചെയ്യുകയും പതിവാക്കിയിരുന്ന ഒരു കാലഘട്ടം ലോകത്തെമ്പാടുമുള്ളതുപോലെ ഭാരതത്തിലും നിലനിന്നിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്പും അതിനു ശേഷവും നായാടികളുടെ അല്ലെങ്കില്‍ തോട്ടികളുടെ ജീവിതത്തിലെ ദാരിദ്ര്യത്തെയും , അടിമത്വത്തെയും , നിസ്സഹായതയെയും പച്ചയായി അവതരിപ്പിക്കുന്ന കൃതികള്‍ ഉണ്ടായിട്ടുണ്ട്. 1930കളില്‍ മുള്‍ക് രാജ് ആനന്ദിന്റെ untouchable , അതുപോലെ 1947ല്‍ മലയാളത്തിന്റെ കാരണവര്‍ സാക്ഷാല്‍ തകഴി ശിവശങ്കരപ്പിള്ളയുടെ “തോട്ടിയുടെ മകന്‍” ഇവയൊക്കെ എടുത്തുപറയാവുന്നതാണ്. ഇവയിലൊക്കെ അന്നത്തെ കാലഘട്ടത്തിന്റെ സാമൂഹിക. രാഷ്ട്രീയ ചിത്രം സുവ്യക്തമാണ്. സ്വയം നരകതുല്യമായ ജീവിതം നയിച്ചുകൊണ്ടു മറ്റുള്ളവരുടെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന തോട്ടികളെ സമൂഹം എന്നാണ് അംഗീകരിച്ചിട്ടുള്ളത് തങ്ങളില്‍ ഒരാളായിട്ട് ? മുള്‍ക് രാജ് ആനന്ദിന്റെ പുസ്തകത്തില്‍ , ബഖായുടെ അച്ഛന്‍ ലഖായും തോട്ടിയുടെ മകനിലെ ഇശക്ക് മുത്തുവും തങ്ങളെ മനുഷ്യരായ് മറ്റുള്ളവര്‍ അംഗീകരിക്കണം എന്നുപോലും ആഗ്രഹിക്കാത്ത പഴയതലമുറയുടെ പ്രതിനിധികളാണ്. അതുപോലെ തന്നെയാണ് ഇവിടെ ധര്‍മ്മപാലന്റെ മാതാവും. ധര്‍മ്മപാലനെ വസ്ത്രം ധരിക്കാന്‍ സമ്മതിക്കാതെ “നായാടിക്ക് എതുക്കൂടെ തമ്പ്രാന്‍ കളസം? ഉണരി ഇടൂടെ ..... വേണ്ടാണ്ടേ ... ഊരി ഇട്ടൂടെ .... ഊരുടെ മക്കാ” എന്നു പറഞ്ഞു ഷര്‍ട്ട് പിച്ചിച്ചീന്താനായി ശ്രമിക്കുന്നുണ്ട്. അതുപോലെതന്നെ മകനെ കസേരയില്‍ ഇരിക്കാന്‍ സമ്മതിക്കുന്നില്ല . “നീ തമ്പ്രാന്‍ കസേരയിലെ ഇരുപ്പിയാടേ ? എഴീടെ ... എഴീടെ മക്കാ ... കൊന്നൂടുവാരെടേ ....” എന്നു പറഞ്ഞു ഭയന്ന് മാറത്തടിച്ചു നിലവിളിക്കുന്നുണ്ട്. അഴുക്ക് മാറ്റുന്ന തോട്ടി അഴുക്ക് തിന്നണമെന്ന് സമൂഹം അനുശാസിക്കുന്നു . വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതും, നല്ല ഭക്ഷണം കഴിക്കുന്നതും നായാടിക്ക് നിഷിദ്ധമാണ്. വൃത്തികെട്ട ശരീരമുള്ള നായാടിയെയാണ് സമൂഹത്തിനാവശ്യം. സമൂഹത്തിന്റെ ഈ ധാരണകളെ നിഷേധിച്ചുകൊണ്ടു വിദ്യാഭ്യാസം ചെയ്തു സിവില്‍ സര്‍വ്വീസില്‍ എത്തിയ ആളാണ് ഇതിലെ കേന്ദ്ര കഥാപാത്രമായ ധര്‍മ്മപാലന്‍. സിവില്‍ സര്‍വ്വീസില്‍ ആയിട്ടും , സ്വന്തം വര്‍ഗ്ഗക്കാരില്‍ പ്രകടമായ ഭീരുത്വവും എളിമയും ധര്‍മ്മപാലനില്‍ തുടരുന്നുണ്ട്. സിവില്‍ സര്‍വ്വീസിനുള്ള അഭിമുഖം മുതല്‍ തുടങ്ങി വര്‍ണ്ണവിവേചനവും. ആദ്യത്തെ ചോദ്യം തന്നെ ജാതിയെപ്പറ്റിയായിരുന്നു. അടുത്തതാകട്ടെ ഒരു ഊഹചോദ്യം ആയിരുന്നു . “നിങ്ങള്‍ ആഫീസറായി പണിയെടുക്കുന്നിടത്ത് ഒരു വിധി പറയേണ്ടി വന്നാല്‍ , ഒരു വശത്ത് ന്യായവും മറുവശത്ത് നായാടിയുമാണേല്‍ നിങ്ങള്‍ എന്തു തീരുമാനം എടുക്കും?” “ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്തും നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അത് അവന്‍ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ് .” ധര്‍മ്മപാലന്റെ മറുപടി ഇങ്ങനെയായിരുന്നു . ഈ നോവലിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഭാഗവും ഇതുതന്നെയെന്ന് കരുതുന്നു. പിച്ചക്കാരിയായ, മനോരോഗിയായ അമ്മയ്ക്കൊപ്പം നടന്ന കാപ്പനെ ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യനായ പ്രജാനന്ദന്‍ അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് വിളിച്ചുകൊണ്ടുപോകുന്നു. ചോറ് കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് കാപ്പന്‍ ഗുരുവിനൊപ്പം പോകുന്നത്. “ചോറിന്റെ മല , ചോറിന്റെ മണല്‍പ്പരപ്പ് , ചോറിന്റെ കടല്‍ , ചോറിന്റെ വെള്ളപ്പൊക്കം , ചോറിന്റെ ആന”എന്നിങ്ങനെയുള്ള വരികളിലൂടെ വിശപ്പിന്റെ ആഴം വായനക്കാരനില്‍ എത്തിക്കുവാന്‍ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. അമ്മ അറിയാതെ കാപ്പനെ സ്കൂളില്‍ അയച്ചു . അവിടെ വിശപ്പ് മുഴുവന്‍ പഠിത്തത്തിലായി. “തിന്നും തിന്നും “ എന്ന് കാപ്പന്റെ ഉള്ളിലെ കുട്ടി പുസ്തകങ്ങള്‍ക്കായി കൈ നീട്ടി. എത്ര പഠിച്ചാലും മതിവരില്ല. കാപ്പന്റെ പുസ്തകങ്ങളോടുള്ള ആര്‍ത്തി ഈ വരികളില്‍ നന്നായി വിവരിച്ചിട്ടുണ്ട്. അങ്ങനെ ഗുരുവിന്റെ പ്രേരണ കൊണ്ട് സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സാകുന്ന കാപ്പന് ഗുരു ധര്‍മ്മപാലന്‍ എന്ന പേര് നല്കുന്നു. സിവില്‍ സര്‍വ്വീസില്‍ എത്തപ്പെട്ടിട്ടും കാപ്പന് അപകര്‍ഷതാബോധം മൂലം ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. കാപ്പന്റെ അമ്മ പറയുന്നതു പോലെ യജമാനന്‍മാരുടെ കസേരയിലാണ് ഇരിക്കുന്നത് എന്ന തോന്നല്‍ ഞാന്‍ നായാടിയാണ് , തോട്ടിപ്പണി ചെയ്യുന്നവന്‍ ആണ് എന്ന ബോധം കാപ്പനെ കുറ്റബോധവും വിഷാദവും ഉള്ളവനാക്കി മാറ്റുന്നു. അധികാരം കൈയ്യിലുണ്ടായിട്ടും ഒന്നും ചെയ്യാനാവാത്ത അവസ്ഥ! ഒരു ഗുമസ്ഥനെപ്പോലും ഭരിക്കാനാവില്ല എന്ന് ധര്‍മ്മപാലന്‍ മനസ്സിലാക്കുന്നു . അയാളുടെ ഒറ്റ വാക്ക് പോലും മറ്റുള്ളവര്‍ അനുസരിക്കുന്നില്ല . ഉദ്യോഗത്തില്‍ ഓരോ ദിവസവും വെല്ലുവിളികള്‍ നേരിടുന്നു. അധികാരമെന്ന യന്ത്രത്തില്‍ ധര്‍മ്മപാലന്‍ അംഗമാകുന്നേയില്ല. ഒരു റബ്ബര്‍ സ്റ്റാമ്പ് മാത്രമാണ് അയാള്‍. അയാളെ എല്ലാവരും സഹതാപത്തോടും പരിഹാസത്തോടെയുമാണ് കാണുന്നത് . അധികാരത്തില്‍ ഉത്തരവാദിത്വമുണ്ടായിട്ടും യാതൊരു അധികാരവുമില്ലാതെ ജീവിക്കേണ്ടിവരുന്ന ധര്‍മ്മപാലനു തന്നെ ദൈവത്തെപ്പോലെ കണ്ട് തന്റെ മുന്നില്‍ വന്നു കണ്ണീരൊഴുക്കുന്ന പാവങ്ങളുടെ , അനീതിക്കിരയാകുന്നവരുടെ , അപമാനിതരായ സ്ത്രീകളുടെ , വൃദ്ധരുടെ ഒക്കെ മുന്നില്‍ പരിഹാസ്യമായ നാടകം കളിയ്ക്കാനേ കഴിയുന്നുള്ളൂ. അവര്‍ക്കായി ഒന്നും ചെയ്യാന്‍ തനിക്ക് കഴിയുന്നില്ല എന്ന് തുറന്നുപറയാന്‍ ധര്‍മ്മപാലന്‍ ആത്മാര്‍ഥമായി ആഹ്രഹിക്കുന്നു . അവരുടെ ഹര്‍ജികള്‍ വാങ്ങി വയ്ക്കുന്നുണ്ടെങ്കിലും അവരുടെ സ്വപ്നങ്ങളെ വളര്‍ത്തി ഒടുവില്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കുറ്റബോധം അയാളെ വല്ലാതെ അലട്ടുന്നു. അല്ലെങ്കിലും ഇതുപോലെ ക്രൂരമായി കൈവെടിയപ്പെടുന്നത് കാപ്പന്‍ അടങ്ങുന്ന ഗോത്രസമൂഹത്തിന് ശീലമാണ്. എത്രയോ നൂറ്റാണ്ടുകളായി അപമാനിതരായി ജീവിക്കുന്ന സമൂഹം. അവരുടെ കണ്ണുകളിലേക്ക് നോക്കിയാല്‍ ധര്‍മ്മപാലനും തന്റെ നാഗരികതയുടെ ഉടുവസ്ത്രങ്ങള്‍ വലിച്ചൂരിയെറിഞ്ഞു അവരോടൊപ്പം ഇറങ്ങിച്ചെന്നു ഒരു സാധാരണ നായാടിയായി നില്‍ക്കണമെന്ന് തോന്നിപ്പോകുന്നു. അവതാരികയില്‍ പറയുന്നതുപോലെ ഇന്ത്യന്‍ സാമൂഹിക ശരീരത്തെ വൃണപ്പെടുത്തുന്ന , ചികിത്സിച്ചു ഭേദമാക്കേണ്ട ഒരു രോഗമാണ് ജാതിവ്യവസ്ഥ. സാക്ഷരകേരളം അല്ലെങ്കില്‍ പ്രബുദ്ധ കേരളം എന്ന് ഊറ്റം കൊള്ളുന്ന ഇവിടെയും ചില സ്ഥലങ്ങളില്‍ ഇപ്പൊഴും ചില സ്ഥാപനങ്ങളില്‍ ജാതിപറഞ്ഞു മാറ്റിനിര്‍ത്തപ്പെടുന്നുണ്ട്. മനസ്സുകൊണ്ടു സവര്‍ണ്ണന്‍ എന്നഭിമാനിക്കുന്ന പലരും അവര്‍ക്ക് അയിത്തം കല്‍പ്പിക്കുന്നു. ദളിത് പീഡനങ്ങള്‍ നടക്കുന്നു . മരിച്ചാല്‍ ചുട്ടെരിക്കാന്‍ ശ്മശാനത്തില്‍ പോലും അയിത്തം കല്‍പ്പിക്കുന്നു . ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി മോഷണം നടത്തിയെന്ന് ആരോപിച്ചു പൊതുജനം മര്‍ദ്ധിച്ചു കൊന്ന മധു എന്ന ആദിവാസി യുവാവ് നമുക്കൊക്കെ നോവുന്ന ഓരോര്‍മ്മയാണല്ലോ. സംവരണം എന്ന സുഗന്ധലേപനം കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കാതെ ജീര്‍ണ്ണബോധത്തില്‍ നിന്നും രക്ഷിച്ചെടുത്ത് ഈ ഇരുകാലികളെ മനുഷ്യരാക്കുകയാണ് വേണ്ടത് . ആ തിരിച്ചറിവാണു വേണ്ടത്. കുറ്റവാളി ഗോത്രമെന്ന് വിളിക്കപ്പെട്ട പതിത ജനതയ്ക്കൊപ്പമേ ഞാന്‍ നില്‍ക്കൂ എന്ന് ധര്‍മ്മപാലന്‍ തിരിച്ചറിയുന്നിടത്ത് നോവല്‍ അവസാനിക്കുന്നു. കാപ്പന്‍ ഓരോര്‍മ്മപ്പെടുത്തല്‍ ആണ്. ഓഫീസുകളിലും സ്കൂളുകളിലും ഒക്കെ ഏകാന്തത അനുഭവിക്കുന്ന , പരിഹസിക്കപ്പെടുന്ന മുഖങ്ങളുടെ പ്രതീകമാണ് അയാള്‍. സമത്വം എന്ന് ഘോരഘോരം പ്രസംഗിക്കുന്നവന്റെ മനസ്സിലും ജീര്‍ണ്ണതയാണ്. ഇവിടെ കാപ്പന്‍ എന്ന്‍ നായാടിയില്‍ നമുക്ക് പലരെയും കാണാം. ജാതി , മതം, സമ്പത്ത്, ലിംഗം , നിറം എന്നിങ്ങനെ വിവേചനം അനുഭവിക്കുന്നവരുടെ മുഖങ്ങള്‍. വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ് ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ ഓരോ പേജും വായിച്ചു തീര്‍ത്തത് എന്ന് പറയാതെ ഈ കുറിപ്പു അവസാനിപ്പിക്കുവാനാകില്ല തന്നെ. *ബിനു വാസുദേവന്‍*

  നൂറ് വട്ടം നൂറ് സിംഹാസനങ്ങൾ
By Irshad Ev
"ഞാൻ ഒരു കറുത്ത ചെറിയ എലിയാണ്.എലിയുടെ ദേഹത്തിലും നോട്ടത്തിലും ചലനങ്ങളിലും ശബ്ദത്തിലും ഒക്കെ ഒരു ക്ഷമാപണം ഉണ്ട്."ഒന്നു ജീവിച്ചോട്ടേ" എന്ന മട്ടുണ്ട്.കാലുകൾക്കു താഴേയാണ് അതിന്റെ ലോകം.ചവറുകളിലാണ് അതിന്റെ ജീവിതം.എലിയുടെ നട്ടെല്ല് ഞാൻ എപ്പോഴും ശ്രദ്ധിക്കും.നട്ടെല്ല് വളക്കേണ്ട കാര്യമില്ല.വളച്ചു തന്നെയാണ് ദൈവം കൊടുത്തിട്ടുള്ളത് " (നൂറു സിംഹാസനങ്ങൾ) ജയമോഹൻ സാറുടെ നൂറു സിംഹാസനങ്ങൾ എന്ന നോവൽ ദളിത് സമൂഹത്തിന്റെ പച്ചയായ ജീവിതം ഒരു മായവും ഇല്ലാതെ എഴുതിവെച്ചിരിക്കുന്ന ഒന്നാണ്. ഈ നോവലിലെ കേന്ദ്ര കഥാപാത്രമായ കാപ്പന്റെ_ധർമ്മപാലന്റെ (നായാടി എന്ന ജാതിയിലുള്ള ദളിതൻ) സർവ്വീസ് ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് കഥ സഞ്ചരിക്കുന്നത്. തിരുവിതാംകൂറിലെ താഴ്ന്ന ജാതിക്കാരായ നായാടികളിൽപ്പെട്ട ഇയാളുടെ തീക്ഷ്ണമായ ചെറുപ്പ കാലവും , ഒരു ട്രസ്റ്റിന്റെ സഹായത്തോടെ സിവിൽ സർവീസ് എടുത്ത് ഒരു ജില്ലയുടെ അധികാരം നേടിയതിന് ശേഷമുള്ള സംഭവവികാസങ്ങളും ആണ് നോവലിന്റെ ഇതിവൃത്തം. പവർ തന്റെ കയ്യിൽ ഉണ്ടായിട്ടും ഒന്നും ഭരിക്കാൻ കൈയ്യാത്ത ഒരു നായാടിയുടെ ജീവിതം ആണ് നോവലിസ്റ്റ് പറയാൻ ശ്രമിക്കുന്നത്. നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളും , നാറുന്ന ജാതി വ്യവസ്ഥയുടെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താനും ഉതകുന്ന രചനയാണ് നൂറു സിംഹാസനങ്ങൾ. നായാടി എന്ന വിഭാഗത്തിന് നമ്മുടെ സമൂഹത്തിലെ സ്ഥാനം എവിടെ ആയിരുന്നു എന്നും ഇന്ന് എവിടെയാണ് എന്നും വിളിച്ചു പറയാനുള്ള ശ്രമം ഇവിടെ കാണാം. ജാതി സമത്വവും പുരോഗമന വാദവും ഉറക്കെ വിളിച്ചു പറഞ്ഞ് നല്ല പിള്ള ചമയാൻ ശ്രമിക്കുന്നവരെ ലാക്കാക്കി ഒളിയമ്പുകൾ പ്രവഹിക്കുന്നുണ്ട് ജയമോഹൻ സാറുടെ എഴുത്തിൽ.അതുകൊണ്ടു തന്നെ ഈ ചെറു നോവൽ ഉൾക്കൊള്ളുന്ന മൂന്നു മുഖ്യ കഥാപാത്രങ്ങൾ പ്രതിനിധാനം ചെയ്യുന്ന മൂന്നു ജനവിഭാഗങ്ങൾ നോവലിന്റെ ഒഴുക്കിനെ മുച്ചൂടും സ്വാധീനിക്കുന്നു എന്നു പറയുന്നതിൽ തെറ്റില്ല.അതായത് 'ധർമ്മപാലൻ'പ്രതിനിധാനം ചെയ്യുന്ന വിദ്യാസമ്പന്നരായിട്ടും കാൽച്ചുവട്ടിൽ മണ്ണുകപ്പി,സവർണ്ണരുടെ ഔദാര്യമാണ് തന്റെ ഈ പദവി എന്നു വിശ്വേസിക്കേണ്ടി വരുന്ന ഒരു ജനസമൂഹവും, പുരോഗമന വാദിയായി നായാടിയായ ഒരുത്തനെ പ്രേമിച്ച് ,practical ജീവിതത്തിൽ അത്‌ പുലർത്തുന്നതിൽ പരാജയപ്പെട്ട് നായാടിയായ അമ്മായിയമ്മയെ ആട്ടിയോടിക്കുന്ന 'സുധ' പ്രതിനിധാനം ചെയ്യുന്ന ഒരു ജനസമൂഹവും, കാലമെത്ര മാറിയാലും തങ്ങൾ എന്നും നായാടികളാണെന്നും കസേരയും പാന്റും തമ്പ്രാക്കന്മാരുടേതാണെന്നും ഉറച്ചു വിശ്വസിക്കുന്ന ധർമ്മപാലന്റെ 'അമ്മ' പ്രതിനിധാനം ചെയ്യുന്ന ഒരു ജനസമൂഹവുമാണ് നോവലിൽ അങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെടുന്നത്. നായാടിയായി ജനിച്ചു ജീവിച്ചു വരവേ സന്യാസിയായ ബോധാനന്ദന്‍റെ ആശ്രമത്തിൽ എത്തിപ്പെടുകയും തന്മൂലം ജീവിതം മാറിമറിഞ്ഞ് സിവിൽ സർവീസിലെത്തി ഉയർന്ന ഉദ്യോഗത്തിൽ അവരോധിതനാവുകയും ചെയ്ത ധർമപാലന്‍റെ ഉള്ളിലുള്ള അധമബോധം അയാളുടെ ജീവിതത്തിലുണ്ടാക്കുന്ന സംഘർഷങ്ങളുടെ ചിത്രം 'നൂറു സിംഹാസനങ്ങൾ' വരച്ചുകാട്ടുന്നു എന്നതോടൊപ്പം ,നമ്മുടെ സമൂഹത്തിന്റെ ഏതു മേൽതട്ടിൽ ഏതൊക്കെ അവർണൻ എത്തിയാലും നേരിടേണ്ടി വരുന്നത് അപമാനങ്ങൾ മാത്രമാണെന്ന് ധർമപാലനിലൂടെ പറഞ്ഞുതരുന്നുണ്ട് ജയമോഹൻ സാർ . കഴിഞ്ഞ തലമുറയിലെ അധമ സ്വത്വം തന്റെ തലമുറ കൊണ്ടും തീരുന്നില്ല എന്ന ധർമ്മപാലൻറെ തിരിച്ചറിവിലൂടെ, വിഷാദങ്ങളിലൂടെ ഈ കഥ സഞ്ചരിക്കുന്നത് ഇന്ത്യൻ ജാതി വ്യവസ്ഥയുടെ മുഖത്തടിച്ചും, അഭിനവ ഭരണ രാഷ്ട്രീയത്തിന്റെ കൊള്ളരുതായ്മകളെ ചൂണ്ടികാണിച്ചുമാണ്.

  വംശഹത്യയുടെ ചൂരുള്ള നോവൽ
By Darsana Baburaj
യാതനകൾ മായ്ക്കുവാനോ മായ്ക്കപ്പെടുത്തുവനോ കഴിയാത്ത ഒരു ജനതയുടെ ആവിഷ്കാരമാണ് ജ യമോഹന്റെ 'നൂറു സിംഹാസനങ്ങൾ '. പുസ്തകം വായിച്ചു തീരുമ്പോൾ കഥയിൽ പരാമർശിച്ചപോലെ ആർക്കാണ് ന്യായം എന്ന ചോദ്യം നമ്മളിലും വേട്ടയാടുന്നു. മനുഷ്യനോ നായാടിയോ എന്ന ചോദ്യത്തിൽ നായാടിയും ഒരു മനുഷ്യനല്ലേ എന്ന് നമ്മൾ നമ്മളോട് തന്നെ ചോദിക്കുമെങ്കിലും ന്യായീകരിക്കാൻ നമ്മുടെ വശത്തു വാക്കുകൾ പോരാതെ വരുന്നു.കഥയിൽ ധർമപാലനും മാണിക്യനും രണ്ടു സമാന്തര രേഖകളാണ്. കഷ്ടപ്പാടിൽ പഠിച്ചു മുന്നേറി വിശപ്പിനെ ആയുധമാക്കി വന്നവരെ അവസരങ്ങൾ നിഷേധിച്ചും അർഹതകളെ തട്ടിമാറ്റിയും ഒരു ജനാധിപത്യ ഭരണകൂടത്തിൽ എങ്ങനെയോ വന്നുപെട്ട 'എലി'കളായി കണക്കാക്കി അവരെ സമൂഹം ഒന്നടങ്കം എന്നോ നിർമ്മിക്കപ്പെട്ട ജാതി വ്യവസ്ഥ യിലൂന്നി ദയാ വധം ചെയ്യിപ്പിക്കുന്നു. ചുറ്റുമുള്ളവർ പഴിക്കുമ്പോളും പരിഹസിക്കുമ്പോളും തങ്ങളുടെ ജീവിതഭാരം ഇറക്കിവെയ്ക്കാനാകാതെ ഇവർ അലയുന്നു. കളസവും കസേരയും ലഭിച്ചിട്ടുണ്ടെങ്കിലും ഉള്ളിൽ അവരിന്നും മനുഷ്യരുടെ ചീഞ്ഞനോട്ടങ്ങളും കയ്പ്പുള്ള വാക്കുകളും പേറി അലയുകയാണ്. ജന്മന്തരങ്ങളിൽ അഭയം പ്രാപിക്കാനാകാതെയും അവരെ മാറ്റിയെടുക്കാൻ സാധിക്കാതെയും ഇവർ ഉഴയുന്നു. നായാടികളെ കാണുമ്പോൾനമ്മുടെ മൂക്കിലടിക്കുന്ന ചൂര് ഈ നോവലിലുടനീളം നമ്മെ വീർപ്പുമുട്ടിക്കുന്നു. അതവരുടെ ദൈന്യത യാണോ വന്യത യാണോ എന്ന സന്ദേഹത്തിൽ സമ്മിശ്രമായി നമ്മളിൽ സഹനുഭൂതി സൃഷ്ടിക്കുന്നു. പക്ഷേ അവർ യാതൊരുവിധ ന്യായങ്ങൾക്കും ചെവികൊടുക്കാതെ തങ്ങളെ ജീവിക്കാനനുവദിക്കണമെന്ന് നിശബ്ദം യാചിക്കുന്നു. നോവലിൻറെ അവസാനം വായനക്കാരന്റെ മനസ്സിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് യഥാസ്ഥിതികൾക്കാപ്പുറമായ തേങ്ങലും നിസ്സഹായതയും നമ്മളിലും പ്രകടമാക്കാൻ ഈ ഒരു ഐ എ എസ് ഓഫീസർ ന്റെ ജീവിതകുറിപ്പ് വഴിയൊരുക്കുന്നു.

  ഓർമപ്പെടുത്തലിന്റെ സിംഹാസനം
By Arya Krishnan
ചില പുസ്തകങ്ങൾ ചില ഓർമപ്പെടുത്തലുകളാണ്. മറന്നു പോയവയുടെ, അവഗണിക്കപ്പെട്ടവയുടെ, തകർക്കപ്പെട്ടവയുടെ ഒക്കെ. അത്തരത്തിലുള്ള ഒരു ഓർമപ്പെടുത്തലാണ് നൂറു സിംഹാസനങ്ങൾ. സിംഹാസനങ്ങളെകുറിച്ചല്ലാതെ, സിംഹാസനങ്ങളിലേറാൻ ഒരിക്കലും അനുവാദമില്ലാതിരുന്നവരുടെ, സിംഹാസനങ്ങൾക്ക് കീഴിൽ ഞെരിഞ്ഞമർന്നവരുടെ, സിംഹാസനത്തിലേറിയിട്ടും അപമാനിക്കപ്പെട്ടവരുടെ.. അധികാരത്തിന്റെയും അറിവിന്റെയുമൊക്കെ ഉയർന്ന പടവുകൾ കയറിയാലും ജാതിയുടെയും കുലത്തിന്റെയും നിറത്തിന്റെയുമൊക്കെ കണക്കിൽ എപ്പോഴും പരിഹസിക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ട ജനതയുടെ സിംഹാസനമാണ് ഈ പുസ്തകം. അവരുടെ നേർചിത്രണമാണ് ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ. അധികാരം, ഉന്നതമായ ജോലി ഇവയൊക്കെ സമൂഹത്തിൽ ഉയർന്നവർ എന്ന പദവി കൽപ്പിച്ചു നൽകപ്പെട്ടിരിക്കുന്ന വർക്കു മാത്രമുള്ളതാണെന്ന് പൊതുബോധത്തെയും ഇത്തരത്തിൽ ഉയർന്ന ഇടങ്ങളിലെത്തുന്ന സവർണേതരരോടുള്ള സമൂഹത്തിന്റെ പെരുമാറ്റത്തെയും കൃത്യമായി വരച്ചുകാട്ടുന്നു ഇവിടെ. യാഥാർഥ്യങ്ങളെ തീവ്രമായി അവതരിപ്പിക്കുമ്പോൾ പലപ്പോഴും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് തോന്നിപ്പിക്കുന്നുണ്ട് നോവൽ.സ്വന്തം എന്ന് കരുതുന്നതൊന്നും തന്റേതല്ലെന്ന് തിരിച്ചറിയുന്ന, പ്രണയം പോലും വെറും സഹതാപവും ഉന്നതങ്ങളിലേക്കുള്ള ചവിട്ടുപടിയുമായിരുന്നു എന്ന് മനസ്സിലാക്കുന്ന നായകനാണിവിടെ. ഓരോ നിമിഷവും കുത്തിനോവിക്കുന്നുണ്ടെങ്കിലും തന്റെ അസ്തിത്വമെന്തെന്ന് മറ്റുള്ളവർക്ക് മുൻപിൽ വിളിച്ചു പറയാൻ സാധിക്കാതെ തലകുനിച്ച് ജീവിക്കേണ്ടിവരുന്ന മനുഷ്യരുടെ പ്രതിനിധി. എന്തുകൊണ്ട് ഇങ്ങനെ ജീവിക്കേണ്ടി വരുന്നു എന്ന് ചോദ്യമുയർത്തുന്നുണ്ട് ഈ നോവൽ. നവോത്ഥാനവും പ്രബുദ്ധതയുമൊക്കെ പലപ്പോഴും വാക്കുകളിൽ മാത്രം ഉണ്ടാകാറുള്ളതാണെന്നു കൂടി വിളിച്ചു പറയുന്നുണ്ട് ഈ നൂറ് സിംഹാസനങ്ങൾ.

  ഒരു ജാതി ഒരു മതം
By Midhun Krishna
വേട്ടയാടി ജീവിച്ചിരുന്ന മനുഷ്യൻ വിവിധ തൊഴിൽ മേഖലകളിലേക്ക് ചേക്കേറിയതിന്റെ ഫലമായി രൂപാന്തരപ്പെട്ട് വന്ന കൊടിയ വിഷം-ജാതി. മനുഷ്യനായിരുന്നിട്ടും മൃഗതുല്യ ജീവിതം നയിക്കുന്ന നായാടി വിഭാഗത്തിൽ നിന്നും പ്രജാനന്ദ സ്വാമികളുടെ ആശ്രമകാരുണ്യത്തിൽ ഉയർന്ന വിദ്യാഭ്യാസം കരസ്ഥമാക്കി കളക്ടർ പദവിയിലെത്തുന്ന ധർമ്മപാലനിലൂടെ നായാടി വിഭാഗത്തിന്റെ പച്ചയായ ജീവിതത്തിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ട് പോകുകയാണ് ജയമോഹൻ. അധകൃതം എന്ന് പറയപ്പെടുന്ന ജാതിയിൽ ജനിച്ചത് കൊണ്ട് മാത്രം കീഴുദ്യോഗസ്ഥർ പോലും വില കുറച്ച് കാണുകയും സമൂഹത്തിൽ പലപ്പോഴും മാറ്റി നിർത്തപ്പെടുകയും ചെയ്യുന്ന ധർമ്മപാലനെയാണ് കഥയിലുടനീളം കാണാനാവുന്നത്. അഴുക്കുചാലുകളിൽ ജീവിച്ച് മാലിന്യം ഭക്ഷിച്ച് മനുഷ്യകോലം കെട്ടിയ മൃഗങ്ങളായി ജീവിക്കുന്ന തങ്ങളുടെ സമൂഹത്തിൽ നിന്നും സ്വന്തം അമ്മയെ സംരക്ഷിക്കാനാവാതെ വിഷമിക്കുന്ന ധർമ്മപാലനെയും നമുക്ക് കാണാം. ആ സ്ത്രീയെ സംബന്ധിച്ച് സ്വന്തം മകൻ നായടിയായ കാപ്പനിൽ നിന്നും സമൂഹത്തിലെ ഉയർന്ന പദവിയിൽ നിൽക്കുന്ന ധർമ്മപാലനായി മാറിയത് ഭയപ്പെടുത്തുന്ന വസ്തുതയാണ്. അവസാനം വരെ മകനോടുള്ള അമ്മയുടെ അപേക്ഷയും അതായിരുന്നു -'കാപ്പാ ' ലേ കളസം വേണ്ടലേ... തമ്പ്രാൻ കശേരയില് ഇരിയാതെ ലേ. ഷർട്ടും പാന്റ്സും ധരിക്കുന്നതും കസേരയിൽ ഇരിക്കുന്നതും അപരാധമായി കാണുന്ന ഒരു സമൂഹം. മനുഷ്യൻ മനുഷ്യരിൽ തന്നെ വളർത്തിയെടുത്ത ഉച്ചനീചത്വങ്ങൾ.'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ' എന്ന് പറഞ്ഞ മഹാവര്യന്റെ പേരിൽ തന്നെ ജാതി സംഘടന തുടങ്ങിയ നാട്ടിൽ ഇതെല്ലാം തുടച്ചു നീക്കാൻ അറിവിന്റെ മാനവികതയുടെ ഒരു മഹാ വിപ്ലവം തന്നെ നമുക്ക് പ്രതീക്ഷിക്കാം. മിഥുൻ

  നൂറു സിംഹാസനങ്ങൾ -- എന്റെ വായന
By Salini Murali
നൂറ് സിംഹാസനങ്ങൾ ( ജയമോഹൻ ) പ്രപഞ്ചം ... ഇനിയും അറിയാത്ത രഹസ്യ സ്പന്ദനങ്ങൾ ഒളിപ്പിച്ച് കോടാനുകോടി ജീവജാലങ്ങളേയും വഹിച്ച് , എവിടെ തുടങ്ങി .. എവിടെ ഒടുങ്ങും എന്ന വിഹ്വലതയുളവാക്കി തിരിഞ്ഞു കൊണ്ടിരിക്കുന്ന മഹാപ്രപഞ്ചം . ബുദ്ധിയും വിവേകവും കൊണ്ട് സമസ്ത ജന്തുജാലങ്ങളേയും ജയിച്ച മനുഷ്യൻ എങ്ങനെ ഇത്രയധികം വിഘടിച്ചു ? ഉച്ചനീചത്വങ്ങളും നിറ, ലിംഗ , ജാതി , മത വിവേചനങ്ങളും ഭരിക്കുന്ന അവസ്ഥയിലേക്ക് സമൂഹം മാറി വന്നപ്പോൾ ഇതാണോ വികസനം എന്ന് സംശയിച്ചുപോകുന്നു . ശ്രീ ജയമോഹന്റെ നൂറു സിംഹാസനങ്ങളിലൊന്നിലും ഇരിപ്പുറയ്ക്കാത്ത അസ്വസ്തതയാണ് ധർമ്മപാലൻ പകർത്തിത്തന്നത് . വിദ്യാഭ്യാസവും അറിവും സേവനതൽപരതയുമെല്ലാം തോറ്റുമടങ്ങുന്ന ജാതീയതയുടെ അധികാരക്കസേരകളിൽ സവർണ്ണരുടെ അവകാശബോധം ഞെളിഞ്ഞിരിക്കുമ്പോൾ , പരിഹാസ്യതയുടെ കറുത്ത തെരുവുകളിൽ മനസ്സുകൊണ്ട് നായാടികളായി അലയുന്നത് യഥാർത്ഥത്തിൽ ആരാണ് ? ചവിട്ടടിയിൽ ഞെരിഞ്ഞമർന്ന ജീവിതങ്ങളെ വീണ്ടും താഴ്ത്തിപ്പിടിക്കുന്ന മനുഷ്യന്റെ ഗർവ്വ് സമാനചിന്തകളുടെ സാദ്ധ്യത പോലും തള്ളിക്കളയുന്നു . മണ്ണടരുകൾക്കിടയിലെ ജീവിതം മതിയെന്ന് അമ്മ ധർമ്മപാലനെ പിന്നോക്കം വലിക്കുമ്പോൾ ഒരു വേള അധ:കൃത ജീവിതത്തിന്റെ സമാശ്വാസത്തിലേക്ക് ചിറകൊതുക്കുവാൻ കഥാനായകനും ആശിച്ചുപോകുന്നുണ്ട് . ന്യായാന്യായങ്ങളുടെ വിധിവിസ്താരത്തിൽ തോൽവിയും ജയവും നിശ്ചയിക്കാനാകാതെ ധർമ്മപാലനും അമ്മയും രമണിയും വായനക്കാരന്റെ ഹൃദയത്തിൽ ആഴമുള്ള കുഴികൾ തീർത്ത് അതിലൊളിക്കുന്ന നായാടികളാകുന്നു . പടിപ്പുരയ്ക്കപ്പുറം കുഴി കുഴിച്ച് , അതിൽ ഇല പരത്തി ഒരൂണിനായി ദൂരെ മാറിനിന്ന നായാടിയുടെ കറുത്ത രൂപം കുട്ടിക്കാലത്തെ ഭയചിന്തകളിൽനിന്നൂർന്ന് നീതിതേടി മനസ്സിന്റെ ഉള്ളറകളിലൂടെ അലറി അലയുകയാണെന്ന് തോന്നി . " അമ്പ്രാട്ട്യേ ... " ശാലിനി മുരളി

  ഉള്ളുലയ്ക്കുന്ന വായനാനുഭവം
By Shibina K P
ഹൃദയത്തിൽ നിന്നും കിനിയുന്ന ചോരയാൽ മാത്രമേ ശ്രീ ജയമോഹന്റെ നൂറ് സിംഹാസനങ്ങളെക്കുറിച്ച് എഴുതാൻ കഴിയൂ.ധർമ്മപാലൻ എന്ന കാപ്പന്റെയും അമ്മയുടെയും ജീവിത കഥ പറയുന്ന നോവലിൽ ജാതീയതയുടെ പ്രഹരമേറ്റവരുടെ ദൈന്യതയെ വരച്ചു ചേർത്തിരിക്കുന്നു. ഗോത്ര വർഗ്ഗത്തിൽ നായാടിയായി ജനിച്ച്,ഉയർന്ന ജാതിക്കാരുടെ കൺവെട്ടത്തുനിന്നും ഓടിയൊളിച്ച്,അവശിഷ്ടങ്ങളെ ആഹാരമാക്കി,പ്രതിസന്ധികളെ തരണം ചെയ്ത് ഐ.എ.എസ് പദവിയിലെത്തിയ ധർമ്മപാലനെ അതിജീവനത്തിന്റെ ഉദാഹരണമായല്ല നോവലിലുടനീളം കാണാൻ കഴിയുക. മറിച്ച് ജാതീയതയുടെ ഒളിയമ്പുകൾ നിറച്ച ജാതിക്കോമരങ്ങളാൽ നിരന്തരം വേട്ടയാടപ്പെട്ട നിസ്സഹായനെയാണ്. ഇനിയും നൂറുസിംഹാസനങ്ങൾ കിട്ടിയാലും ധർമ്മപാലനെപ്പോലെ ഒരാൾക്ക് സമൂഹത്തിൽ അപമാനഭാരമില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യത്തെ പൊള്ളുന്ന അക്ഷരങ്ങൾ കൊണ്ട് എഴുതി വായനക്കാരുടെ മനസ്സിൽ വ്രണങ്ങൾ ഉണ്ടാക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.പാടുകളിലൂടെയും വ്രണങ്ങളിലൂടെയും പരസ്പരം തിരിച്ചറിയുന്ന നായാടികളെപ്പോലെ മനസ്സിലുണ്ടായ വ്രണങ്ങളുമായി വായനക്കാർ തന്റെ സ്വത്വത്തെ തിരഞ്ഞുനടക്കുമെന്നതിൽ സംശയമില്ല. ഒരു നായാടി അല്ലെങ്കിൽ അവർണനെന്ന് മുദ്രകുത്തപ്പെട്ടവൻ എങ്ങനെയായിരിക്കണമെന്നതിന് സമൂഹം അനുശാസിക്കുന്ന നിയമങ്ങളുണ്ട്.അലിഖിതമെങ്കിലും ഇന്നും ഒരാളെ കണ്ടാൽ അവൻ 'ആ ജാതി' ആണെന്ന നിഗമനത്തിലെത്തിക്കുന്ന കാലഹരണപ്പെടേണ്ട നിയമങ്ങൾ. അജ്ഞത ബാധിച്ച മനുഷ്യന് വെളിച്ചം പകരാൻ നവോത്ഥാനനായകർ പ്രയത്നിച്ചെങ്കിലും അപകർഷതാബോധത്തോടെ മാത്രം ജീവിതം നയിക്കാൻ വിധിക്കപെട്ടവർ എന്നുമുണ്ടെന്ന തിരിച്ചറിവാണ് സ്വാമി പ്രജാനന്ദനും ധർമ്മപാലനും നൽകുന്നത്. വിദ്യാസമ്പന്നരെങ്കിലും അടിച്ചമർത്തപ്പെട്ടവരായി കഴിയണമെന്നത് കാപ്പനും മാണിക്യനുമെല്ലാം വന്നുചേർന്ന ദുർവിധി അല്ല.മുറിവേറ്റാൽ ചുവന്ന രക്തം പൊടിയുന്ന,മരിച്ചാൽ മണ്ണോട് അടിയുന്ന മനുഷ്യൻ കൽപ്പിച്ച അതിർവരമ്പുകളാൽ വേർതിരിക്കപ്പെട്ടതിന്റെ അനന്തരഫലമാണ്. ഒരു കാലഘട്ടത്തിന്റെ ചിത്രം മാത്രമല്ല ഈ നോവലിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.ധർമ്മങ്ങളിൽ ഏറ്റവും വലുത് സമത്വമാണെന്നും ജാതീയത നിലനിൽക്കുന്നിടത്തോളം കാലം സമത്വമില്ലായ്മ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ഉച്ചനീചത്വങ്ങൾ ഈ കാലഘട്ടത്തിലും ഒളിഞ്ഞും മറഞ്ഞും സമൂഹത്തെ അടക്കിവാഴുന്നുണ്ടന്നുമുള്ള തിരിച്ചറിവുകൂടിയാണ് 'നൂറു സിംഹാസനങ്ങൾ'. വായനയ്ക്ക് ശേഷവും കാതുകളിൽ മുഴങ്ങുന്ന ആ അമ്മയുടെ നിലവിളിയെ ഉള്ളുലയ്ക്കുന്ന വേദനയോടെ ഏറ്റു പറഞ്ഞുകൊണ്ട് വായനാനുഭവം നിർത്തട്ടെ, "കാപ്പാ മക്കളേ... കശേര വേണ്ട കളസം വേണ്ടാ... "

  നൂറുസിംഹാസനങ്ങള്‍
By Praseeda BK
ആര്‍ദ്രമായ, എന്നാൽ ഹൃദയത്തിൽ ഒരു പോറൽ ഉണ്ടാക്കി കടന്നു പോവാന്‍ കരുത്തുള്ള ഭാഷയാണ് ജയമോഹന്റേത്. "നൂറുസിംഹാസനങ്ങള്‍" കാപ്പന്‍ എന്ന ധർമപാലന്റെ കഥയാണ്. അര്‍ഹതപ്പെട്ട സിംഹാസനം നിഷേധിക്കപ്പെട്ട, നായാടിയുടെ യാഥാർത്ഥ ജീവിതകഥ. തനിക്ക് വിധിച്ച ഊടുവഴികളിലൂടെ അമ്മയുടെ കൈ പിടിച്ചു നടന്ന, പുഴുത്തതും ചീഞ്ഞതും പെറുക്കി എടുത്തു കഴിച്ച് വിശപ്പടക്കിയ ബാല്യകാലമുള്ള കാപ്പന്‍. ഒരു 'വലിയ മനുഷ്യന്റെ' സഹായത്തോടെ സിവിൽ സര്‍വീസ് എന്ന ഒരുപാട് പേരുടെ സ്വപ്നങ്ങളിലേക്ക് കാലെടുത്ത് വെക്കുമ്പോഴും "ഞങ്ങളുടെ കരുണ കൊണ്ട്‌, ഞങ്ങളുടെ നീതിബോധം കൊണ്ട്‌ നീ ഞങ്ങളോടൊപ്പം ഇരിക്കുന്നു" എന്ന് ചുറ്റുമുള്ളവർ അയാളെ നിരന്തരം ഓര്‍മിപ്പിച്ച് കൊണ്ടിരിക്കുന്നു. പ്രണയവും സമൂഹിക അംഗീകാരവും പോലും തനിക്ക് വെച്ച് നീട്ടപ്പെടുന്ന ഔദാര്യമായി അയാൾ തിരിച്ചറിയുന്നു. ജാതിയുടെ രാഷ്ട്രീയം ഇത്ര ലളിതമായി പറഞ്ഞു വെച്ച മറ്റൊരു കൃതി ഉണ്ടാവില്ല. വിവേചനം അനുഭവിച്ചിട്ടുള്ള ഏത് അവർണ്ണനും കാപ്പനിൽ കാണുന്നത് അവനവനെ തന്നെയാണ്. എത്ര ഇല്ല എന്ന് പറഞ്ഞാലും ജാതിയുടെ അദൃശ്യമായ ഒരു വര അവന്റെ മുന്നില്‍ എന്നുമുണ്ട്. അത് കാരണം ഉണ്ടാകുന്ന അപകര്‍ഷതാബോധവും ഒറ്റപ്പെടലും അവനെ എന്നും പിന്നോട്ട് വലിക്കുന്നു. താന്‍ ഇരിക്കുന്ന സിംഹാസനത്തിന് അര്‍ഹനാണെന്ന് ഓരോ നിമിഷവും അവന്‍ തെളിയിക്കേണ്ടിയിരിക്കുന്നു. അധികാരത്തിന്റെ ഏതു കോണിലും ഇപ്പോഴും തഴയപ്പെടുന്ന കാപ്പന്‍മാർ നമുക്ക് മുന്നിലുണ്ട്. സമത്വത്തെ കുറിച്ചുള്ള വരികള്‍ പുസ്തകത്തിന്റെ രാഷ്ട്രീയം തുറന്ന് കാട്ടുമ്പോഴും വ്യക്തിപരമായി പ്രിയപ്പെട്ട വരികളാണ് "ഞാനും പുരോഗമനവാദിയാണ്, നിങ്ങള്‍ വന്ന് എന്റെ മോളെ പെണ്ണ് ചോദിക്കുന്ന ഘട്ടത്തിന് മുമ്പുവരെ". തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0