Book Summary
നാട്യപ്രധാനമായ നഗരമാന്യതകളിൽനിന്ന് മനുഷ്യന്റെ പച്ചയിലേക്കും പ്രകൃതിയുടെ പച്ചപ്പിലേക്കും നീളുന്ന കവിതയുടെ ഈ നാട്ടുപാത മലയാളഗ്രാമീണതയുടെ അനന്തശാലീനമായ ലാവണ്യങ്ങൾ നിറഞ്ഞതാണ്. അവിടെ നെല്ലിപ്പൂക്കളും ഞാറ്റുവേലപ്പൂക്കളും കൃഷ്ണക്രാന്തിയും പൂത്തുനിറഞ്ഞിരിക്കുന്നു, കതിരുകാണാക്കിളികൾ, കടലിനക്കരെയും കാണാക്കുളങ്ങരെയും കാണാത്തനാടുകൾ കാണാൻ പോകുന്നു. പൊന്നണിപ്പാടങ്ങളിൽനിന്ന് പാടിയാലും പറഞ്ഞാലും തീരാത്ത കഥകളുമായി പഞ്ചാരപ്പനന്തത്തകൾ പറന്നു വരുന്നു. മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവത്ത് മഞ്ഞളരച്ചുവെച്ചു നീരാടുന്നു. കന്നിരാവിന്റെകളഭക്കിണ്ണം പൊന്നാ
നിപ്പുഴയിൽ വീഴുന്നു. താന്നിയൂരമ്പലത്തിൽകഴക്കാരനെപ്പോലെ താമരമാലയുമായ് ചിങ്ങമെത്തുന്നു. കൊന്നപ്പെണ്ണിനു വസന്തമാസം കൊടക്കടുക്കൻ പണിയുന്നു. കാട്ടിലെ പാഴ്മുളംതണ്ടിൽനിന്നു കവിത പാട്ടിന്റെ പാലാഴി തീർക്കുന്നു. പാട്ടിന്റെ പൂമാരി വീണ് വീണ് കാട്ടിലെ മുളങ്കാട് പീലിനീർത്തുന്നു. വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന് കല്ലടിക്കോട്ടുന്ന് കല്യാണമാവുന്നു. കടത്തനാടൻ കന്യക അഞ്ജനക്കണ്ണെഴുതി, ആലിലത്താലി ചാർത്തി അറപ്പുരവാതിലിൽ കാമുകനെ കാത്തിരിക്കുന്നു. തിരഞ്ഞെടുത്ത കവിതകളും മുഴുവൻ ചലച്ചിത്രഗാനങ്ങളും ഉൾപ്പെട്ട സമാഹാരം. കവിത തിരഞ്ഞെടുപ്പ്, പഠനം: ആലങ്കോട് ലീലാകൃഷ്ണൻ, ഗാനങ്ങൾ സമാഹരണം, പഠനം: ടി.പി. ശാസ്തമംഗലം