• Text
  • Text

PREMALEKHANAM

By : VAIKOM MUHAMMAD BASHEER



Book : PREMALEKHANAM
Author: VAIKOM MUHAMMAD BASHEER
Category : Novel, Romance
ISBN : 9788126436132
Binding : Normal
Publishing Date : 29-04-2026
Publisher : DC BOOKS
Edition : 67
Number of pages : 58
Language : Malayalam
Paper Back

Publisher: DC BOOKS
₹81.00 ₹90.00 10% off





Book Summary

''ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോൾ ജീവിതത്തിന് മധുരം പകരാൻ മറ്റൊന്നും ആവശ്യമില്ലല്ലോ.'' കേശവൻനായർ എന്ന യുവാവ് സാറാമ്മ എന്ന യുവതിയിൽ അനുരക്തനായി. വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവൻനായ രോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു. 'സാറാമ്മയെ ഞാൻ സ്‌നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്‌നേഹിക്കണം' ഇതായിരുന്നു അയാൾ നിർദ്ദേശിച്ച ജോലി. സമുദായ സൗഹാർദ്ദത്തിനോ, സന്മാർഗ്ഗചിന്തയ്‌ക്കോ കോട്ടംതട്ടാത്തവിധത്തിൽ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീർ.

WRITE A REVIEW

Product name: PREMALEKHANAM

Review title:



Your Ratings:

Your Message:




Book Reviews

  ????
By shiyas shaji
????

  പ്രേമലേഖനം
By Prince Koshy Tharakan
ബേപ്പൂർ സുൽത്താൻ്റെ നിത്യഹരിത നോവലുകളിൽ ഒന്നാണ് പ്രേമലേഖനം. "പ്രേമം'' എന്ന വികാരത്തെ നർമബോധത്തോടെ സമീപിക്കുന്ന മലയാളത്തിലെ ചുരുക്കം നോവലുകളിൽ ഒന്നാണ് ഇത് .ബാങ്കുദ്യോഗസ്ഥനായ കേശവൻ നായർ സാറാമ്മ എന്ന യുവതിയോട് പ്രേമം തോന്നുകയും അവൾക്ക് ഒരു പ്രേമലേഖനം എഴുതുകയും ചെയ്തു. സാറാമ്മ തൻ്റെ പ്രേമത്തെ കണ്ടില്ലെന്നു നടിക്കുന്നതിൽ പ്രതിഷേധീച്ചു കേശവൻ അവൾക്ക് തന്നെ ഇരുന്നും നടന്നും പ്രേമിക്കണം എന്ന ജോലി നൽകി .അമ്മ ഇല്ലാത്ത അപ്പച്ചനും ചിറ്റമ്മക്കും ഒരു ഭാരമായ അവൾ ആ ജോലി സന്തോഷത്തോടെ സ്വീകരിച്ചു.എല്ലാം ഉപേക്ഷിച്ചു കേശവൻ്റെ കൂടെ സാറാമ്മ പുതിയ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വായനക്കാരന് അവളുടെ സ്നേഹത്തിൻ്റെ വലുപ്പം മനസിലാകുന്നു. ''ഡുങ്കുഡു'' എന്ന് ബഷീർ ഹാൻഡ്ബാഗിനെ ഹാസ്യവല്കരിക്കുന്നത് ആറ് അദ്ധ്യായമുള്ള ഈ പുസ്തകത്തിലെ ചില നര്മങ്ങൾ മാത്രമാകുന്നു. കേശവൻ എന്ന ഹിന്ദുവിൻ്റെയും സാറാമ്മ എന്ന ക്രിസ്താനിയുടെയും ഹൃദയങ്ങളിൽ മതം എന്ന മതില് എത്രമാത്രം തടസമുണ്ടാകുന്നു എന്നത് കഥയിൽ വ്യക്തമാണ്. ഈ കൃതി വായിച്ചുതീരുമ്പോൾ വായനക്കാരൻ അറിയാതെ അവൻ്റെ ഹൃദയം അവൻ്റെ ആത്മാവിന് ഒരു പ്രേമലേഖനം എഴുതുമെന്നത് തീർച്ചയാണ് . by- prince koshy tharakan

  Review 2അങ്ങനെ ഒരു പ്രണയകാലത്ത്..
By fabitha K
കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുമ്പോള്‍ 'ജീവിതം തികച്ചും യൗവ്വനതീക്ഷണവും,ഹൃദയം പ്രേമസുലഭിലവുമായിതീര്‍ന്ന ആ അസുലഭകാലഘട്ടത്തില്‍' രചിക്കപ്പെട്ട ലക്ഷണമൊത്ത മിഡില്‍ക്ലാസ് 'പ്രേമലേഖനം'.ലളിതമായ ഭാഷയും അതിലും കാല്‍പനികമായ ഇതിവൃത്തവും.ജോലി അന്വേഷിക്കുന്ന സാറാമ്മക്ക് പ്രണയം എന്ന ജോലി കൂലി സഹിതം നല്‍കുന്ന കേശവന്‍ നായര്‍.പതിറ്റാണ്ടുകള്‍ക്കിപ്പുറവും പ്രേമലേഖനം പ്രസക്തമാവുവുന്നത് നിഷ്കളങ്കമായ പ്രണയാവിഷ്കാരമായതിനാലാവാം,അതുമല്ലെങ്കില്‍ ഇന്ന് ലക്ഷണമൊത്ത ഒരു പ്രണയലേഖനം രചിക്കപ്പെടാത്തതിനാലുമാവാം.. By FABITHA K

  പ്രേമലേഖനം പറയുന്നത്
By KEERTHANA K J
വായിക്കും തോറും ആഴം കൂടുന്ന ആശയങ്ങളുടെ കലവറയാണ് ഓരോ ബഷീർ കൃതിയും.'പ്രേമലേഖന'ത്തിന്റെ കഥയും മറ്റൊന്നല്ല.സാറാമ്മയുടെയും  കേശവൻനായരുടെയും പ്രണയകഥ,വായനയുടെ അവസാനം നമുക്ക് കാട്ടിത്തരുന്നത്, കാലത്തിനു മുന്നേ സഞ്ചരിച്ച ഒരു എഴുത്തുകാരന്റെ രചനാവൈഭവമാണ്.                  അന്യമതസ്ഥരായ രണ്ടു വ്യക്തികളുടെ ശുഭപര്യവസായിയായ പ്രണയത്തിന്റെ മാത്രം കഥയല്ല പ്രേമലേഖനം. പ്രേഷകനു ചിന്തിക്കാൻ ഒരുപാടിടങ്ങൾ ബഷീർ നോവലിൽ ഒരുക്കി വെച്ചിരിക്കുന്നു.                   'സ്ത്രീകളുടെ തലക്കകത്ത് നിലാവെളിച്ചമാണ് ' എന്ന ആൺചിന്തയിൽ ആരംഭിക്കുന്ന നോവൽ,'ആണിന്റെ ക്ണാപ്പി ബുദ്ധി' എന്ന് പറഞ്ഞ് തീരുന്നിടത്ത്, വിവരവും വിവരമില്ലായ്മയും ഒരു വിഭാഗത്തിനു മാത്രം ചാർത്തിക്കൊടുക്കാവുന്ന പട്ടമല്ല  എന്ന സുന്ദരൻ സമത്വചിന്ത എഴുത്തുകാരൻ പറഞ്ഞു വെക്കുന്നു.                     'സ്ത്രീധനം കൊടുക്കാൻ വിഷമിക്കുന്നവർ , സ്ത്രീധനം കൂടാതെ വിവാഹം ചെയ്യാൻ തയ്യാറുള്ള ഇതര സമുദായക്കാരെ വിവാഹം ചെയ്യണം!', 'നമുക്കു നമ്മളുടെ കുഞ്ഞുങ്ങളെ ഒരു മതത്തിലും വളർത്തണ്ട!അവരങ്ങനെ നിർമതരായി വളരട്ടെ!പ്രായമായി വരുമ്പോൾ അവരെ പഠിപ്പിക്കുക,എല്ലാ മതങ്ങളെപ്പറ്റിയും പക്ഷപാതരാഹിത്യത്തോടു കൂടി.അങ്ങനെ പത്തിരുപതു വയസ്സാകുമ്പോൾ എല്ലാ മതങ്ങളിലും വെച്ച് അവർക്കു ഹൃദ്യമായതു  സ്വീകരിക്കട്ടെ!',                          'എന്നാൽ,എന്റെ മകന്റെ ഇഷ്ടംപോലെ ആയിക്കോട്ടെ.എന്റെ മകന് ഏത് പാർട്ടിയിലും ചേരാം!' ഇങ്ങനെയിങ്ങനെ സംഭാഷണങ്ങളുടെ ഓരോ കോണിലും കാലാതിവർത്തിയായ ഒരുപാട് ആശയങ്ങൾ പങ്കുവെക്കാനാണ്  ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന അസുലഭകാലഘട്ടത്തിലേക്ക് സുൽത്താൻ നമ്മളെ ക്ഷണിക്കുന്നത്. .

  ബേപ്പൂർ സുൽത്താന്റെ വിശ്വവിഖ്യാതമായ പ്രേമലേഖനം
By ABHISHEK RAVINDRAN
കാഴ്ചയിലൊരു ലഘു നോവലാണെങ്കിലും ഉള്ളടക്കത്തിൽ കാലാതീതമായി വർത്തിക്കാനുള്ളൊരു ഊർജ്ജം എന്നും ഇതിൽ സ്ഫുരിക്കുന്നുണ്ട്. വളരെ നാടൻ ശൈലിയിൽ, അതും ബഷീറിന് മാത്രം സാധ്യമാകുംവിധം പ്രാവീണ്യമുള്ള തനതായ ശൈലിയിൽ രചിച്ച ഒരു അനശ്വര കാവ്യമാണീ പ്രേമലേഖനം. ജോലി തേടുന്ന സാറാമ്മയ്ക്ക് മുൻപിൽ കേശവൻ നായർ വെച്ചു നീട്ടുന്ന മഹത്തായ ജോലിയാണ് "കേശവൻ നായരെ അകമഴിഞ്ഞ് സ്നേഹിക്കുക". എന്നാൽ ഏറെ രാസകരമെന്തെന്നാൽ 20 രൂപ ശമ്പള വ്യവസ്ഥയിലാണീ ജോലി സാറാമ്മ സ്വീകരിക്കുന്നത്! തുടർന്നുണ്ടാവുന്ന ഹൃദയഹാരിയായ നിമിഷങ്ങളാണ് കഥയുടെ ശിഷ്ട സഞ്ചാരപാത വിവരിക്കുന്നത്. കേശവൻ നായരുടെ ആത്മഗതവും, ബഷീറിയൻ ശൈലിയിൽ ഭൂജാതമാകുന്ന ഒരുപിടി വാക്കുകളും (ഹാൻഡ് ബാഗിന് "ഡുങ്കുടു തഞ്ചി", ഡുങ്കാസു, ഇത്യാദി), മകന്റെ പേരിടീൽ പോലെയുള്ള ചിത്താകർഷകമായ മുഹൂർത്തങ്ങളും, മതം-ജാതി-രാഷ്ട്രീയം എന്നിങ്ങനെയുള്ള വ്യവസ്ഥിതികളെ ആക്ഷേപഹാസ്യം കൊണ്ട് നേരിടുകയും, കേശവൻ നായരും സാറാമ്മയും തമ്മിലുള്ള സംഭാഷണങ്ങളുടെ ലാളിത്യവുമാണ് ഈ കൃതിയെ ബഷീറിന്റെ മറ്റൊരു ലോകോത്തര "ക്ലാസ്സിക്കെന്ന" വിശേഷണത്തിന് അർഹമാക്കുന്നത്. കഥയുടെ ഘടന കാല്പനികമാണെങ്കിലും അവ നമ്മിൽ ഉളവാക്കുന്ന പുതുമ ഇനിയും നഷ്ടപ്പെട്ടിട്ടില്ല എന്നത് കൊണ്ടാണ് ഈ കൃതി ഇപ്പോഴും പ്രിയങ്കരമാം വിധം പുനർ വായനയ്ക്ക് നമ്മെ പ്രേരിപ്പിക്കുന്നത്.

  എന്റെ മധുരസുരഭില നിലാവെളിച്ചം.
By Anagha PN
പ്രണയത്തിന്റെ അനന്തമായ സാധ്യതകളെ ഉപയോഗിച്ച സുൽത്താനാണ് ബഷീർ. ഒരു ജനതയെ തന്നെ, അന്നും ഇന്നും നാളെയുമായി ഉപാധികളില്ലാത്ത സ്‌നേഹത്തിന്റ മധുരത്തിലൂടെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന ഒരു അൽഭുതമാണ് അദേഹത്തിന്റെ ‘പ്രേമലേഖനം’ ലൈലയേയും മജ്നുവിനെയും, ഷാജഹാനേയും മുംതാസിനെയും പോലെ ലോകപ്രശസ്തമായ പ്രണയജോഡിയാണ് സാറാമ്മയും കേശവൻ നായരും. പ്രണയവിപ്ലവത്തിന്റെ എല്ലാ മുഖങ്ങളും ഇരുവരിലും കാണാം. പത്തു അൻപത് കൊല്ലങ്ങൾക്ക് മുൻപ് രണ്ട് വ്യത്യസ്ത മതസ്‌ഥരെ പ്രണയിപ്പിക്കുകയും തമ്മിൽ ഒരുമിപ്പിക്കുകയും ചെയ്ത മാഹാനാണ് ബഷീർ, കാലം ഇത്രയും കഴിഞ്ഞിട്ടും പ്രണയവിവാഹം ഒരു മഹാപാപമാണെന്നു വിശ്വസിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ എന്നോർക്കണം. “ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായ ഈ കാലഘട്ടത്തിൽ…” ഏറ്റവും കൂടുതൽ ആളുകളുടെ പ്രണയലേഖനത്തെ സ്വാധീനിച്ച വരികളാണ്. പ്രേമലേഖനങ്ങളുടെ കാലം കഴിഞ്ഞു എന്നു പറയുമ്പോളും ഇന്നും പലരെയും പ്രേമലേഖനമെഴുതാൻ ബഷീറിന്റ കേശവൻ നായർക്കും സാറാമ്മക്കും പ്രേരിപ്പിക്കാൻ കഴിയുന്നത് തന്നെ ഇതിന്റെ ഏറ്റവും വലിയ വിജയമാണ്. മനുഷ്യന്റെ എല്ലാ മുഖങ്ങളും വെളിവാക്കുന്നത് പ്രണയത്തിലാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, ഇവിടെയും കേശവൻ നായരും സാറാമ്മയും അക്ഷരംപ്രതി അനുസരിച്ചിട്ടുണ്ട്. ഇരുവരുടെയും വ്യത്യസ്തമായ പ്രണയവും, ദേഷ്യവും, സങ്കടവും, സ്വാർത്ഥയും സാറാമ്മയുടേത് മാത്രമായ കളിയാക്കലും, കൂർമബുദ്ധിയും എല്ലാം വളരെ വ്യക്തമായി ഇതിലവതരിപ്പിച്ചിട്ടുണ്ട്. ഒരു യുവതയെ അന്നും ഇന്നും ഒരുപോലെ ത്രസിപ്പിക്കുന്ന ബഷീറിയൻ മാജിക്, ഇവിടെയും അവിടെയുമൊക്കെയായി ഒളിഞ്ഞിരിക്കുന്നുണ്ട്. അല്ലെങ്കിൽ എങ്ങനെയാണ് ഇന്നും കേശവൻ നായരുടെയും സാറാമ്മയുടെയും പ്രണയവും അവർക്ക് ജനിച്ചിട്ടുകൂടിയില്ലാത്ത ആകാശമിഠായിയേയും നമുക്ക് ഇന്നും ഓർക്കാൻ കഴിയുന്നത്.? എപ്പോഴും വായിക്കുമ്പോളും ആദ്യം വായിച്ച അനുഭൂതി ലഭിക്കുന്നത് ? .

  കുറച്ചു നർമ ( പ്രേമ ) വർത്തമാനങ്ങൾ l
By Kiranmary Paul
ഫലിതപ്രിയനായ കാമുകനും നല്ലപിടിപ്പുള്ള കാമുകിയും . അവർതമ്മിലുള്ള സംഭാഷണങ്ങൾ. വെറും പ്രേമസല്ലാപമല്ല കേട്ടോ. മതങ്ങൾക്കപ്പുറം സാധാരണക്കാരന്റെ യുക്തിചിന്തകൾക്കപ്പുറം ഒരുഭ്രാന്താണ് പ്രണയമെന്നു കാണിക്കുന്ന ഹൃദയങ്ങൾ. അവിടെ ആത്മസംഘർഷങ്ങളുണ്ട്, അഭിപ്രായവ്യത്യാസങ്ങളുണ്ട്, ദീർഘവീഷണമുണ്ട്. ഒന്നോ രണ്ടോ വാക്കുകളിൽതീരുന്ന വർത്തമാനങ്ങൾ. അവയ്ക്ക് സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങൾ കൈവരുന്നു. ഫലിതപ്രധാനം മാത്രമല്ല, ആശയപ്രധാനവുമാണ് ഈ പ്രേമലേഖനം. സാറാമ്മ കരുത്തുള്ളസ്ത്രീയുടെ പ്രതിനിധിയാണ്. ഇവിടെ അവൾ കേശവൻനായർ സ്നേഹിക്കാനായി നൽകിയശമ്പളം തിരിച്ചുകൊടുക്കുന്നുണ്ട്. സ്നേഹത്തിനെ അളക്കാൻ പറ്റുമോ? വിലയിടാൻ പറ്റുമോ? അതുപോലെ, കാമുകനാണെങ്കിൽക്കൂടി പെണ്ണിന്റെ തലയിലെ നിലാവെളിച്ചം എന്ന പുരുഷചിന്ത അംഗീകരിക്കുന്നില്ല. അതുപോലെ രാഷ്ട്രീയവും മതവും പോലും പാരമ്പര്യമായി മക്കൾക്ക്‌ നൽകാത്ത സ്വാതന്ത്രമായൊരുരക്ഷകർത്തൃബന്ധവും ഇതിലുണ്ട്. മതത്തിന്റെയും സ്ത്രീധനത്തിന്റെയും അതിരുവിട്ട് നിഷ്കളങ്കമായി സ്നേഹിക്കുന്ന കേശവൻനായരും നമ്മുടെ ഉള്ളിലുണ്ടാവും, വായന കഴിഞ്ഞാലും. പിന്നെ, അവരുടെ കുസൃതികളും. ഇതൊരു ഇന്ത്രജാലമാണ്. കേശവൻനായരും സാറാമ്മയും തമ്മിലുള്ളതു മാത്രമല്ല, എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ളതുകൂടിയാണ്.

  good book
By sudheesh s
goodd

  പ്രേമലേഖനത്തിലെ ബഷീറിയനിസം
By Priyamvada Mohan
പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവനതീഷ്ണവും ഹൃദയം സുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത് എങ്ങനെ വിനിയോഗിക്കുന്നു .ഞാനാണെങ്കിൽ എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയുടെ പ്രേമത്തിൽ കഴിയുകയാണ് ..സാറാമ്മയോ ??ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയിൽ അനുഗ്രഹിക്കണമെന്നു അഭ്യർത്ഥിക്കുന്നു .എന്നു സാറാമ്മയുടെ കേശവൻ നായർ.. മലയാളത്തിൽ ഇത്ര മധുരവും ലളിതവുമായ മറ്റൊരു പ്രേമലേഖനം പിറവികൊണ്ടിട്ടില്ല..വ്യാകരണത്തിന്റെ വേലിക്കെട്ടുകൾ തകർത്തു മലയാളസാഹിത്യലോകത്തു മനുഷ്യജീവിതങ്ങളോട് സാദൃശ്യപെടുത്തിയും നർമം കൊണ്ട് വായനക്കരെ ചിരിപ്പിച്ചും തദ്വാരാ ചിന്തിപ്പിച്ചും നോവലിനെ തന്റേതായ ശൈലിയിൽ വരച്ചുകാട്ടി മറ്റൊരു ഭാഷാലോകം തന്നെ സൃഷ്ടിച്ച എഴുത്തുകാരനാണ് ബഷീർ.. ഇതര മതവിശ്വാസികളായ സാറാമ്മയുടെയും കേശവൻനായരുടെയും ജീവിതം പറയുന്ന കഥയാണ് പ്രേമലേഖനം..കേശവൻനായർക്കു സുന്ദരിയും അവിവാഹിതയുമായ സാറാമ്മയോട് തോന്നുന്ന അളവറ്റ സ്നേഹമാണ് കഥാതന്തു..പ്രണയവും നർമ്മവും ഒന്നിച്ചു ചാലിച്ച കഥയാണ് പ്രേമലേഖനം..കഥ തുടങ്ങുന്നത് കേശവൻനായർ സാറാമ്മയ്ക്ക് കൊടുക്കുന്ന പ്രേമലേഖനത്തിലൂടെയാണ്. കേശവൻ നായർ ബാങ്ക് ജോലിക്കാരനും സാറാമ്മ തൊഴിൽ രഹിതയായ ഒരു അവിവാഹിതയുമാണ് .സാറാമ്മയുടേ വീടിന്റെ മുകളിലത്തെനിലയിൽ വാടകയ്ക്ക് താമസിക്കുകയാണ് കേശവൻനായർ..ഈ ഒരു ജീവിത സാഹചര്യത്തിൽ സാറാമ്മയോട് ഇഷ്ട്ടം തോന്നുകയും അത് അറിയിക്കാൻ ഒരു പ്രേമലലേഖനം എഴുതുകയും ചെയ്യുന്നു.എന്നാൽ കഥയിൽ കേശവൻ നായരുടെ പ്രണയസങ്കല്പങ്ങളിൽ ഒതുങ്ങുന്നവളല്ല സാറാമ്മയെന്നു ബഷീർ വ്യക്തമായി വരച്ചു കാട്ടുന്നു..സാറാമ്മയുടേ ജീവിതസാഹചര്യവും കഥയിൽ പറയുന്നുണ്ട് .‌ തൊഴിൽരഹിതയായ സാറാമ്മ കേശവൻ നായരോട് തന്റെ ആവിശ്യം പറയുമ്പോൾ അതിനൊരു പരിഹാരമായി ജോലി നിർദ്ദേശിക്കുന്നത് തന്നെപ്രണയിക്കുക എന്നതായിരുന്നു.അതിനൊരു നിശ്ചിത തുക ശമ്പളമായി കൊടുക്കാമെന്നും കേശവൻ നായർ പറയുന്നു.പക്ഷെ സാറാമ്മയ്ക്കു ആ മധുരമുള്ള ജോലി ഏറെ കയ്പുള്ളതായിരുന്നു.കേശവൻ നായർ സാറാമ്മയ്ക്കും തന്റെ പ്രേമത്തിനും വേണ്ടി എന്തും ചെയ്യാൻ മുതിരുന്ന അവസരത്തിൽ സാറാമ്മ കേശവൻനായരോട് ശീര്ഷാസനം ചെയ്യാൻ പറയുകയും അത് പറഞ്ഞപടി അനുസരിക്കുകയും ചെയ്യുന്നു.കേശവൻനായരുടെ കറകളഞ്ഞ പ്രണയത്തെയാണ് ഈ സന്ദർഭത്തിൽ വായിച്ചറിയാൻ സാധിക്കുന്നത്.പ്രേമലേഖനത്തിലൂടെ ബഷീർ ഒരേസമയം സ്ത്രീധന സമ്പ്രദായത്തെ വിമര്ശിക്കുകയൂം സ്ത്രീകളെ കളിയാക്കുകയും ചെയ്യുന്നു.'സ്ത്രീകളുടെ തലയിൽ നിലാവെളിച്ചമാണ്‌ എന്ന പ്രയോഗത്തിൽ അത് മനസ്സിലാക്കാം.പിന്നീടൊരിക്കൽ ആണുങ്ങളുടെ തലയിൽ നിലാവെളിച്ചമാണെന്ന് പറയുന്ന സന്ദർഭവും കഥയിലുണ്ട്. സ്ത്രീകളുടെ തലയിൽ നിലാവെളിച്ചമാണെന്നു കേശവൻ നായരുടെ അഭിപ്രായത്തിനു കേശവൻ നായർ കൊടുത്ത പ്രേമലേഖനം ചുരുട്ടിയെറിഞ്ഞു കൊണ്ട് ഒന്നും സംഭവിച്ചില്ലെന്ന തരത്തിൽ വിശേഷങ്ങൾ ചോദിച്ചറിയുന്ന സാറാമ്മയെ കഥയിൽ കാണാൻ കഴിയുന്നു. നിരന്തരമായ കത്തുകൾ മുഖേനയുള്ള പ്രേരണ സാറാമ്മ സ്വീകരിച്ചെങ്കിലും സാറാമ്മയിൽ നിന്ന് കുറെയേറെ ചോദ്യങ്ങൾ ഉയർന്നു വരുന്നു.കല്യണം കഴിഞ്ഞാൽ കുട്ടികളുണ്ടാവില്ലേയെന്നും അവരെ ഏതു മതം പഠിപ്പിക്കണമെന്നുമുള്ള സാറാമ്മയുടെ ചോദ്യത്തിന് കേശവൻനായർ പരിഹാരം കാണുന്നത് കുട്ടികൾ വലുതാവുമ്പോൾ അവർക്കിഷ്ടമുള്ള മതം സ്വാകരിക്കട്ടെയെന്നാണ്.സാറാമ്മ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങി.തങ്ങളുടെ മതവിശ്വാസ പ്രകാരമുള്ള പേരുകളൊഴിവാക്കി റഷ്യൻപേരും ചൈനീസ്പേരും കേശവൻനായർ നിർദ്ദേശിചു.ബഷീർ ഫലിതാത്മകത അവിടെയും തുറന്നുകാട്ടി. ഇന്ത്യ,സഹാറ, ഗദ്യകവിത തുടങ്ങിയ പേരുകൾ കേശവൻനായർ നിർദ്ദേശിച്ചെങ്കിലും സാറാമ്മയ്ക്കു ഇഷ്ടപ്പെടുന്നില്ല.അങ്ങനെ നറുക്കെടുപ്പിലൂടെ 'ആകാശമിഠായി എന്ന മനോഹരമായ പേര് തിരഞ്ഞെടുക്കുന്നു.സഖാവ് ആകാശമിഠായി എന്ന് കേശവൻനായർ ഇടയ്ക്കു കേശവൻനായർ പറയുമ്പോൾ മകൻ കമ്മ്യൂണിസ്റ്റ് ആണോ എന്ന സാറാമ്മയുടെ സംശയത്തിന് കുട്ടി വളർന്ന ശേഷം അവൻ തീരുമാനിക്കട്ടെയെന്നും കേശവൻ നായർ പറയുന്നു.നോവലിന്റെ അവസാനം കേശവൻ നായർ സ്ഥലം മാറിപോവുമ്പോൾ സാറാമ്മയും കേശവൻനായരുടെ കൂടെ ഇറങ്ങിപോവുന്നു.തീവണ്ടിയിൽ വച്ച് സാറാമ്മ ഏറ്റെടുത്ത പ്രണയജോലിക്കു വാങ്ങിയ ശമ്പളം മുഴുവൻ കേശവൻനായർ ക്കു തിരികെ കൊടുക്കുന്നു.കഥ അവസാനിക്കുമ്പോൾ വ്യത്യസ്തമായ എന്നാൽ മനോഹരമായ ഒരു പ്രേമലേഖനം വായിച്ച സന്തോഷം ആസ്വാദകമനസ്സിൽ നിറയുന്നു. ഒരു സാധാരണ പ്രണയത്തെ അസാധാരണ ശൈലികൊണ്ടും ആഖ്യാനരീതികൊണ്ടും മറ്റൊരു തലത്തിലേക്ക് എത്തിച്ചുവെന്ന ബഹുമതിയാണ് പ്രേമലേഖനം എന്ന കഥയിലൂടെ ബഷീർ സ്വന്തമാക്കിയത്.ലളിതമായ ഭാഷയിലൂടെ രചിച്ച പ്രേമലേഖനം എക്കാലവും വായനക്കാരന്റെ മനസ്സിൽ മായാതെ കിടക്കുകതന്നെ ചെയ്യും.

  ❤️❤️ " എന്റെ മധുരസുന്ദരസുരഭില നിലാവെളിച്ചമേ " ❤️❤️
By Fasal Fayaz
"ഹൃദയത്തിന്റെ സുന്ദരക്കുട്ടൻ താക്കോൽ" "നുണച്ചിയുടെ ഗ്രേറ്റ് ഗ്രാൻഡ് മദറേ" "പെണ്ണിന്റെ ആയിരം ഡബിൾ ക്രൂര ഹൃദയം" "ചപ്ലാച്ചി സാധനമാണ് പ്രണയം" "ഡുക്കുഡു ആവുന്നു സ്ത്രീ" "ആണിന്റെ സുന്ദരൻ ബുദ്ധി" "ആകാശമിഠായി" ചിരിപ്പിച്ചതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്തു ബഷീർ. ഇതിൽ വിപ്ലവം ഉണ്ട്, നവോഥാനം ഉണ്ട്, ലിംഗവിവേചനത്തിന്റെ കറുത്ത അടയാളങ്ങളുണ്ട്, പലതിനോടുമുള്ള മൂർച്ചയുള്ള പ്രതിഷേധങ്ങളുമുണ്ട്. എല്ലാറ്റിനുമുപരി ഇതിൽ എന്നെയും നിങ്ങളെയും പിടിച്ചിരുത്തുന്ന 'വിശുദ്ധമായ പ്രണയമുണ്ട് ' 'പ്രിയപ്പെട്ട സാറാമ്മേ...ജീവിതം യൗവനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവും ആയിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു..?? ഞാനാണെങ്കിൽ - എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയോടുള്ള പ്രണയത്തിൽ കഴിയുകയാണ്...സാറാമ്മ യോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടികൊണ്ട് എന്നെ അനുഗ്രഹിക്കണമെന്നഭ്യർത്തിച്ചുകൊണ്ട്..' " ഇങ്ങനെയൊക്കെ ഒരു പ്രേമലേഖനം എഴുതണമെങ്കിൽ എന്റെ പൊന്നു സുൽത്താനേ അത് നിങ്ങൾക്ക് മാത്രേ പറ്റു... ഒരു കാര്യം തീർച്ച..നിങ്ങളോളം ഭ്രാന്ത് ഈ ഭൂഗോളത്തിൽ വേറെ ആർക്കും ഉണ്ടാവില്ല.. നിങ്ങൾ ഒരു ' മധുരസുന്ദരസുരഭില നിലാവെളിച്ചം ' അല്ലെ !! "

  വെറും ഒരു പ്രേമലേഖനമോ അതോ അതിനപ്പുറമോ
By Sooraj Vijayan
‘മധുരസുന്ദര സുരഭിലമായ നിലാവെളിച്ചം’ – ഇത്ര ഭംഗിയായി പ്രേമം എന്ന വികാരത്തെ ഒരേ സമയം ഇകഴ്ത്താനും പുകഴ്ത്താനും ബഷീര്‍ എന്ന അതുല്യനായ നോവവലിസ്റ്റിന് മാത്രമേ സാധിക്കുകയുള്ളൂ. കഥാനായകനായ കേശവന്നായര്ക്ക്ി സാറാമ്മയോടുള്ള പ്രേമം തുറന്നു പറയാൻ അയാള്‍ കണ്ടെത്തുന്ന മാര്ഗംമ ഒരു പ്രേമലേഖനം ആണ്. അത് വിഫലമായി എന്നറിയുമ്പോള്‍ പ്രേമം എന്ന വികാരത്തെ ഒരു ജോലി ആയി അയാൾ സാറാമ്മക്ക് കൊടുക്കുന്നു. പുരോഗമന ചിന്താഗതി ഉള്ള സാറാമ്മ പഴഞ്ചൻ ചിന്താഗതിക്കാരനായ കേശവന്നായരെ പ്രേമിക്കാൻ തയ്യാറാകുമോ? നര്മം് നിറഞ്ഞ അവതരണ രീതി കൊണ്ടും പുതുമയുള്ള ആഖ്യാന ശൈലി കൊണ്ടും വേറിട്ട് നില്കുവന്ന ഒരു പ്രണയ നോവലാണ് പ്രേമലേഖനം. സാറാമ്മ എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെ വിഷമയമായ ബന്ധങ്ങൾ, സ്ത്രീയുടെ സമ്മതത്തിന്റെ വില, പഴഞ്ചന്‍ സ്ത്രീ സങ്കൽപ്പങ്ങൾ എന്നീ വിഷയങ്ങളെ ഒട്ടും മടുപ്പിക്കാതെ അതേ സമയം രസകരമായ രീതിയില്‍ പറഞ്ഞു പോയിരിക്കുന്നു. ഒരു സ്ത്രീ എന്നതിലുപരി സാറാമ്മ എന്ന കഥാപാത്രത്തെ ഒരു വ്യക്തി ആയിട്ടാണ് ബഷീർ അവതരിപ്പിച്ചിരിക്കുന്നത്. കേശവന്നായരും സാറാമ്മയും തമ്മിലുള്ള നര്മ്മം് നിറഞ്ഞ സംഭാഷണങ്ങളിൽ കൂടി കേരള സമൂഹത്തിൽ നിലനിന്നിരുന്ന അല്ലെങ്കില്‍ ഇപ്പോഴും നിലനില്ക്കുണന്ന യാഥാസ്ഥിതിക ചിന്താഗതിയേയും സ്ത്രീധനം പോലുള്ള പൊള്ളയായ ആചാരങ്ങളെയും ബഷീർ വായനക്കാര്ക്ക്ധ തുറന്നു കാണിച്ചു കൊടുക്കുന്നു. മലയാളികൾ ഇന്നും നെഞ്ചോട് ചേര്ത്ത്ള പിടിക്കുന്ന ഒരു നിത്യഹരിത പ്രണയ നോവൽ തന്നെയാണ് ബഷീറിന്റെ് പ്രേമലേഖനം. മധുര സുന്ദരമായ ആ നിലാവെളിച്ചം അനുഭവിച്ചിട്ടുള്ളവർക്കും ഇല്ലാത്തവർക്കും ഒരേ സമയം ആസ്വദിക്കാന്‍ കഴിയുന്ന ഒരു കൊച്ചു നോവൽ.

  പ്രേമസുരഭിലം
By Anand A V
എഴുതി തീർത്ത് കാലം ഇത്ര കഴിഞ്ഞും സുൽത്താന്റെ പ്രേമലേഖനം കാലിക പ്രസക്തമായ സൃഷ്ടിയായി നിലനിൽക്കുന്നു. സുന്ദരമായ ഒരു പ്രേമകഥ, എന്നാൽ കഥാഗതിയുടെ ഓരോ കോണിലും ആഴങ്ങളിൽ ഉള്ള ചർച്ചകൾക്ക് ശിലപാകുന്നു എന്നതാണ് ഈ സൃഷ്ടിയുടെ പ്രാധാന്യം. ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോൾ സാറാമ്മയിൽ കേശവൻ നായർ അനുരക്തനാവുന്നു. സാറാമ്മ കേശവൻ നായരോട് ജോലി തേടുന്നു, 'ഞാൻ സറാമ്മയെ സ്നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്നേഹിക്കണം' എന്ന ജോലി മുന്നോട്ട് വച്ച് മാധവൻ നായർ പ്രണയം അവതരിപ്പിക്കുന്നു. തുടർന്ന് പ്രണയത്തിലായ ഇരുവരും നടുവിടുന്നു. വളരെ ലളിതമായ കഥാതന്തു. എന്നാൽ ഈ പശ്ചാത്തലത്തിൽ രണ്ട് മതം ചേർത്ത് വച്ച്, എന്നാൽ സമുദായസൗഹൃദത്തിന് യാതൊരു കോട്ടവും തട്ടാതെ കേരളത്തിന്റെ വിവാഹത്തിലെ അല്ലെങ്കിൽ അതിനും അപ്പുറത്തെ രാഷ്ട്രീയം തുറന്ന് കാട്ടുകയും പൊതുമധ്യത്തിൽ കൊണ്ട് നിർത്തി തുണിയുരിഞ്ഞിടുകയും ചെയുന്നു ബഷീർ. അങ്ങനെ ആകാശമിഠായി ഉണ്ടാവുന്നു ആകാശമിഠായിയുടെ അച്ഛനും അമ്മയും ഉണ്ടാകുന്നു. പ്രേമലേഖനമുണ്ടാകുന്നു ആ പ്രേമലേഖനം യുവതിയാവുന്നു യുവാവാകുന്നു 'നമ്മൾതന്നെ' ആകുന്നു പ്രണയലേഖനം. പ്രണയത്തിന് അത്രമേൽ സൗന്ദര്യവും സ്വാതന്ത്ര്യവും നൽകുന്നു.

  Hilarious, poignant read
By Dhanya Rajesh
premalekhanm by Vaikom Muhammad Basheer, the Beypore Sultan is a short read which is essentially a hilarious and poignant love story, Kesavan Nair has fallen head over heels for Saramma, his house owner’s daughter. Saramma on the other hand is in total denial and sarcastic about his attempts. The book gets its title aptly so from the love letter (premalekhanam) which marks the start and end of the story. Saramma has a hard life because of her non caring father and a cruel step mother. But she is educated and hope to gain a job for herself. When Saramma requests Kesavan Nair to find her a job, he obliges immediately and offers her the “job of loving him” with a monthly salary of Rs 20. Saramma accepts the offer, but at the same time when one day Kesavan Nair tries to be over friendly, she has the sassiness to say “that’s not part of the deal”. The story concludes with Kesavan Nair deciding to leave after getting a better job and what eventually happens to his unrequited love. The story progresses through the conversations of the two characters but the innate humor in Basheer’s writing makes their banter so adorable. Though the narration is hilarious the books also talks about the impact of dowry and favors Inter caste marriage. The breezy writing and the timely humor in colloquial Malayalam make it unputdownable. I had an inadvertent smile throughout the read.

  മനസിലേക്കൊരു പ്രണയലേഖനം.
By Libin Varghese
മനസിലെന്നും വിരിയുന്ന നിഴ്കളങ്കപ്രണയത്തിന്റെ വാങ്മയചിത്രം. മലയാള സാഹിത്യത്തിൽ ബഷീർശൈലിയുടെ പ്രാധന്യമെന്തെന്ന് എടുത്തു കാട്ടുന്ന രചന. നുണകുഴികൾ തെളിയുന്ന ചിരിയോടെ സാറാമ്മ കേശവൻ നായരുടെ ഹൃദയത്തെ മാത്രമല്ല ഓരോ വായനക്കാരന്റെ മനസ്സിലേക്കും പ്രണയലേഖനം എഴുതുന്നു.മനുഷ്യനും അവന്റെ മൃദുല വികാരങ്ങളും എത്രയും സൂക്ഷ്മമായി വരിച്ചിടുകയാണ് ബഷീർ ചെയ്തിരിക്കുന്നത്. നിർദോഷമായ നർമത്തിന്റെ മേമ്പൊടി ചേർത്ത രചന.

  ജീവിതം യൗവ്വനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടം
By Joyce Job
ജീവിതം യൗവ്വനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടം കൊറോണ കാരണം വെറുതെ ഈച്ചയടിച്ചു വീട്ടിലിരുന്നു തീരുന്നതിന്റെ നിരാശയിൽ പണ്ട് പലയാവർത്തി വായിച്ചൊരു പ്രേമലേഖനം ഞാൻ വീണ്ടും പൊടി തട്ടിയെടുത്തു. പ്രേമലേഖനങ്ങൾ കാലഹരണപ്പെട്ടു എന്ന് കുപ്രചരണം നടത്തി നാട്ടിലെ കാമുകികാമുകന്മാരായ യുവജനങ്ങളെ സ്എംസ്കളുടെയും വാട്സാപ്പിന്റെയും വാരിക്കുഴിയിൽ വീഴ്ത്തിയ മഹാന്മാരെ, നിങ്ങൾക്ക് വേറൊരു പണിയുമുണ്ടായിരുന്നില്ലേ?! 1942-ഇൽ രാജ്യദ്രോഹക്കുറ്റത്തിന് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയേണ്ടി വന്ന ഒരു രസികൻ തന്റെ സഹതടവുകാരുടെ വിനോദത്തിനായി കേശവൻ നായരേ കൊണ്ട് സാറാമ്മയ്ക്കു ഈ കത്തു കൊടുത്തില്ലായിരുന്നെങ്കിൽ ഈ ലോകത്തിലും മലയാള സാഹിത്യത്തിലും 40 പേജിന്റെ വ്യാസത്തിൽ ഒരു സ്നേഹ ശൂന്യത ഉണ്ടായേനെ, ഉറപ്പ്! എന്നാലും സാറാമ്മേ സ്ത്രീകളുടെ തലയിൽ നിലാവെളിച്ചമാണെന്നു പറഞ്ഞ കേശവൻ നായരേ തന്നെ നീ കെട്ടിയല്ലോ! ശരിയാ സ്ത്രീധനം വേണ്ടെന്നദ്ദേഹം പറഞ്ഞു. ആഹാരം, വസ്ത്രം, വിശ്വാസം എല്ലാം അവനോന്റെ ഇഷ്ട പ്രകാരം എന്നും സമ്മതിച്ചു. പക്ഷെ അതൊക്കെ നമ്മുടെ അവകാശങ്ങളല്ലേ? "പെണ്ണുങ്ങൾക്ക് ആണുങ്ങളെ സ്നേഹിക്കുക എന്നല്ലാതെ പിന്നെ എന്തൊരു ജോലിയാണ്?" എന്ന് ചോദിച്ചപ്പോൾ നിന്നെ പോലെ എന്റെ പുരികവും ചുളിഞ്ഞു. സ്നേഹിക്കുവാനും സ്നേഹിക്കപെടുവാനുമായിട്ടാണ് "മനുഷ്യരെ" ഈശ്വരൻ സൃഷ്ടിച്ചത് എന്ന് നീ തിരുത്തുമല്ലോ? എന്തായാലും നീ പഠിപ്പു പൂർത്തിയാക്കി ശമ്പളമുള്ള ഒരു ജോലി സമ്പാദിക്കണം. സ്നേഹവും നർമ്മം നിറഞ്ഞ നിങ്ങളുടെ സംഭാഷണങ്ങളും കുസൃതിയും സൗഹൃദവും ഇനിയും ഒരുപാടു കാലം നിലനിൽക്കട്ടെ. മതത്തിന്റെ പേരിൽ വേർപിരിയുന്ന കമിതാക്കളുടെ ലോകത്തിൽ നിങ്ങൾ മാതൃകകളായി തുടരുക. അപ്പൊ നിർത്തട്ടെ? "വേറെ വിശേഷങ്ങൾ ഒന്നുമില്ലല്ലോ?"

  ഒരു സിനിമ കണ്ട പ്രതീതി
By Anush R n
ബഷീറിന്റെ പ്രേമലേഖനം മലയാള സാഹിത്യത്തിലെ ക്ലാസ്സിക് ഹിറ്റുകളിൽ ഒന്നാണ് വായിക്കാൻ ഏറെ വൈകിപ്പോയി എന്ന് മാത്രം. ആയിരത്തി തൊള്ളയിരത്തി അമ്പതുകളിലെ പ്രണയം ഇപ്പോൾ കണ്ണുകളിലൂടെ കടന്നുപോകുന്നു... വളരെ ലളിതവും ആകാംഷ നിറഞ്ഞതുമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഒരു ദൃഷ്യ അനുഭൂതി.

  എല്ലാമെല്ലാമാണ് പ്രേമലേഖനം!
By CS Suraj
പ്രണയവും വിരഹവും തീവ്രാനുരാഗവും, കാലവും കലഹവും സ്ത്രീ-പുരുഷ കാമനകളും, പട്ടിണിയും പരിവട്ടവും സാമൂഹ്യ അടിച്ചമർത്തലുകളും, അനായാസമാം വിധം മഷി തുമ്പുകളാൽ പുസ്തക താളുകളിലേക്ക് പകർത്തിയിരുന്ന, അത്രമേൽ സാധാരണവും എന്നാലത്രമേൽ തന്നെ കടുപ്പം നിറഞ്ഞതും രാകി മിനുക്കി മൂർശ കൂട്ടിയതുമായ അക്ഷരങ്ങളാൽ വായനക്കാരുടെ ഉള്ളകമാകെ അവർ പോലുമറിയാതെ കീറി മുറിച്ച് രക്തം ചിന്തിപ്പിച്ചിരുന്ന, ക്രൂര മന്ദസ്മിതങ്ങളാൽ നമ്മളെയൊക്കെ ക്ഷണിക നേരം കൊണ്ട് തളർത്തി കളഞ്ഞിരുന്ന, എഴുത്തുകളുടെ രാജകുമാരൻ സാക്ഷാൽ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ് പ്രേമലേഖനം. ഹൃദ്യമായ ഗന്ധത്താൽ അലങ്കരിക്കപ്പെട്ടിരുന്ന, നിശബ്ദത മാത്രം തളം കെട്ടി കിടന്നിരുന്ന ഏതെങ്കിലുമൊരു ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ, തന്റെ പതിവ് ചാരു കസേരയിൽ അമർന്നിരുന്നു കൊണ്ട്, തന്നിൽ നിന്നും നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്ന പ്രണയത്താൽ രചിക്കപ്പെട്ട നോവലായിരുന്നു പ്രേമലേഖനമെന്ന് വിചാരിച്ചാൽ നിങ്ങൾക്ക് തെറ്റി. പ്രേമലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത് 1943 ലാണ്. ബഷീറിത് എഴുതി പൂർത്തിയാക്കുന്നത് 1942 ലും. അന്ന്, 1942 ൽ ബഷീറെവിടെയായിരുന്നെന്ന് ചോദിച്ചാൽ.. അതിനുള്ള ഉത്തരം പൂജപ്പുര സെൻട്രൽ ജയിലിലെ രജിസ്റ്റർ ബുക്കായിരിക്കും നമുക്ക് പറഞ്ഞു തരുക! അതെ! ജയിലിൽ കിടന്നു കൊണ്ടായിരുന്നു ബഷീർ തന്റെ വിഖ്യാത നോവലായ പ്രേമലേഖനമെഴുതി പൂർത്തിയാക്കുന്നത്. രാജ്യദ്രോഹമായിരുന്നു കുറ്റം. കിട്ടിയത് രണ്ടര വർഷത്തെ കഠിന തടവും! കേശവൻനായരുടേയും സാറാമ്മയുടേയും സുന്ദര സുരഭിലമായ പ്രണയത്തെ, കമനീയമായ അക്ഷരങ്ങളിലേക്ക് തർജ്ജമ ചെയ്ത്, അച്ചടിയന്ത്രത്തിലിട്ട് ബഷീർ പണി കഴിയിപ്പിച്ചെടുത്തൊരു വശ്യ മനോഹര ലോകമാണ് പ്രേമലേഖനം. അവിടെ കേശവൻനായരും സാറാമ്മയും അവരുടെ പ്രണയവും മാത്രമല്ലവുള്ളൂ. സ്ത്രീയും പുരുഷനും, കാമവും ക്രോധവും, കുസൃതിയും നിഗൂഢതയുമുൾപ്പടെ ജാതിയും മതവും മതരാഹിത്യവും സ്ത്രീധനവുമെല്ലാം പ്രേമലേഖനത്തിലെ കഥാപാത്രങ്ങളാണ്! ചർച്ചാ വിഷയങ്ങളാണ്! ഇതെല്ലാം കൊണ്ട് തന്നെ, 1944 ൽ പ്രേമലേഖനം തിരുവിതാംകൂർ രാജ്യത്ത് നിരോധിക്കുകയുണ്ടായി. പ്രേമലേഖനത്തിലുണ്ടായിരുന്ന മിശ്രവിവാഹവും മതരഹിത ജീവിതവുമൊക്കെയായിരുന്നു ഈ നിരോധനത്തിനു പുറകിലെ പ്രധാന കാരണങ്ങൾ. ഫലിതത്തിൽ ചാലിച്ചെഴുതിയ പ്രണയ രംഗങ്ങളാണ് പ്രേമലേഖനത്തിലധികവും. സാറാമ്മയോടുള്ള പ്രണയത്താൽ വീർപ്പുമുട്ടി കഴിയുന്ന, നിഷ്കളങ്കനായ, യാതൊരു നിഗൂഢതയുമില്ലാത്ത ഒരു പാവമാണ് കഥാനായകനായ കേശവൻനായർ. നായികയായ സാറാമ്മയാണെങ്കിലോ നിഗൂഢതയുടെ ഈറ്റില്ലവും! തൊട്ടടുത്ത്, തന്റെ തന്നെ വാടക മുറിയിൽ താമസിക്കുന്ന ബാങ്ക് ജീവനക്കാരനായ കേശവൻനായർക്ക് തന്നോട് പ്രണയമാണെന്നറിഞ്ഞിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്ന, ഇല്ലാത്ത ധൈര്യം സംഭരിച്ച് തന്റെ പ്രിയപ്പെട്ടവൻ തനിക്കായ് നീട്ടിയ പ്രേമലേഖനം അവനു മുന്നിൽ വെച്ച് തന്നെ ചുരുട്ടിയെറിഞ്ഞ്, അങ്ങനെയൊരു സംഭവം തന്റെ ജീവിതത്തിൽ നടന്നിട്ടേ ഇല്ലെന്ന് ഭാവിക്കുന്ന, പ്രണയത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നടക്കുന്ന കേശവൻ നായരെ കൊണ്ട് തലകുത്തി നിർത്തിപ്പിച്ച്, "സാറാമ്മ എന്നെ സ്നേഹിക്കുന്നുണ്ടോ?" എന്ന കേശവൻനായരുടെ നിഷ്കളങ്ക ചോദ്യത്തിന് മറുപടിയൊന്നും നൽകാതെ കോവണിപ്പടി വഴി ഇറങ്ങിയോടുന്ന, കേശവൻനായർ മുന്നോട്ടുവെച്ച "പ്രേമജോലി" സ്വീകരിക്കുന്ന, തന്റെ കാമുകനിൽ നിന്നും മാസാമാസം തന്റെ പ്രണയത്തിനായുള്ള പ്രതിഫലം എണ്ണി വാങ്ങിക്കുന്ന, സ്നേഹത്താൽ വീർപ്പുമുട്ടുന്ന കേശവൻനായർ തന്റെ പ്രിയതമയ്ക്ക് ചുംബനങ്ങളേകാൻ തുനിയുമ്പോൾ അതിൽ നിന്നും ഒഴിഞ്ഞു മാറുന്ന, മറ്റൊരിടത്ത് ജോലി കിട്ടി സ്ഥലം മാറി പോവുന്ന വേളയിൽ, തന്റെ കൂടെ സാറാമ്മയും വരണമെന്ന് കേശവൻനായർ പറയുമ്പോൾ, അതിന് വിസമ്മതം മൂളുന്ന, പിറ്റേന്ന് രാവിലെ തന്റെ അച്ഛനും രണ്ടാനമ്മയ്ക്കുമൊരു കത്തെഴുതി വെച്ച്, കേശവൻനായരോടൊപ്പം പോവാനായി റെയിൽവേ സ്റ്റേഷനിലെത്തി കാത്തു നിൽക്കുന്ന, തന്റെ പ്രേമജോലിക്കായി തനിക്ക് ലഭിച്ച പൈസയെല്ലാം തിരിച്ച് കേശവൻനായരെ തന്നെയേൽപ്പിക്കുന്ന, പണ്ട് താൻ ചുരുട്ടിയെറിഞ്ഞ പ്രേമലേഖനം ഒരു ചുടു ചുംബനത്തിനാൽ പൊതിഞ്ഞു കൊണ്ട് തിരികെ കേശവൻനായരെ തന്നെയേൽപ്പിക്കുന്ന, ഒരൽപ്പം "ക്രൂരത" കലർന്ന സ്നേഹമുള്ള, കുസൃതിക്കാരിയും ധീരയും അങ്ങേയറ്റം നിഗൂഢത നിറഞ്ഞവളുമാണ്, പ്രേമലേഖനത്തിലെ കേശവൻനായരുടെ സാറാമ്മ! അല്ല, ബഷീറിന്റെ സാറാമ്മ! കാലമെത്ര കഴിഞ്ഞാലും ബഷീറും ബഷീറിന്റെ പ്രേമലേഖനവും മലയാള സാഹിത്യത്തിലെ ഒരിതിഹാസമായി തന്നെ തുടരും. പ്രണയിക്കുന്നവരെയും പ്രണയിച്ചിരുന്നവരെയും പ്രണയമെന്തെന്നറിയാത്തവരെയും അത് വായനയുടെ മറ്റൊരു മായാ ലോകത്തിലേക്ക് കൂട്ടികൊണ്ടു പോവുകയും ചെയ്യും!


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0