• Text
  • Text

CHARITHRAM ADRUSYAMAKKIYA MURIVUKAL

By : SUDHA MENON



Book : CHARITHRAM ADRUSYAMAKKIYA MURIVUKAL
Author: SUDHA MENON
Category : Memoirs, Rush Hours , Women's writing
ISBN : 9789356435933
Binding : Normal
Publishing Date : 18-02-2026
Publisher : DC BOOKS
Edition : 11
Number of pages : 232
Language : Malayalam
Paper Back

Publisher: DC BOOKS
₹215.00 ₹280.00 23% off





Book Summary

സാമ്പ്രദായിക ചരിത്രമെഴുത്തിൽ ഒരിക്കലും കടന്നു വരാത്ത നിരവധി സ്ത്രീകളുടെ അനുഭവപരിസരങ്ങളെ മുഴുവൻ അദൃശ്യമാക്കിക്കൊണ്ട് രാജോന്മാദങ്ങളുടെ വാഴ്ത്തുപാട്ടുകൾ മാത്രമായി ഈ രാജ്യങ്ങളുടെ രാഷ്ട്രീയ ആഖ്യായികകൾ എഴുതപ്പെടുമ്പോൾ നമ്മുടെ നേരിയ നിശ്ശബ്ദതപോലും കുറ്റകൃത്യമായിപ്പോകും... ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ ഇരകളുടെ ഓർമപ്പുസ്തകമാണിത്. നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരി ക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിന്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓർമ്മകൾ... ഈ ഇരകൾ നമുക്കു പകർന്നുതരുന്നത് വലിയൊരു പാഠമാണ്. 'ഒരേ വേദനകളും ഒരേ സങ്കടങ്ങളും ഒരേ മുറിവുകളും' ആണ് ഈ ദുരന്തങ്ങൾ, അതിർത്തികളുടെയും ഭൂപടങ്ങളുടെയും മതിലുകൾക്കപ്പുറം, ജാതി മതദേശവംശഭേദമില്ലാതെ തങ്ങൾക്ക് എല്ലാവർക്കും നൽകിയതെന്ന തിരിച്ചറിവ്... സമാനതകൾ ഇല്ലാത്ത മഹാദുരിതങ്ങളും പീഡനങ്ങളും മറികടക്കേണ്ടത്, അതിരുകളില്ലാത്ത കരുണയിലൂടെയും സ്നേഹത്തിലൂടെയും മൈത്രിയിലൂടെയും മാത്രമാണെന്ന തിരിച്ചറിവ്... അപഹരിക്കപ്പെട്ട ജീവിതത്തെയും ശബ്ദത്തെയും തിരിച്ചുപിടിക്കാൻ ശ്രമിക്കേണ്ടത് കൂടുതൽ ഇഴയടുപ്പമുള്ള മനുഷ്യബന്ധങ്ങളിലൂടെയാണ് എന്ന തിരിച്ചറിവ്...

WRITE A REVIEW

Product name: CHARITHRAM ADRUSYAMAKKIYA MURIVUKAL

Review title:



Your Ratings:

Your Message:




Book Reviews

  Amazingly well written
By Radha Gopal
അതിമനോഹരമായ ഭാഷ.. ഹൃദയം തൊടുന്ന അനുഭവങ്ങള്‍... മലയാളി വായിക്കേണ്ട പുസ്തകം

  ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ :- സുധാ മേനോൻ
By Amrutha Prakasan
ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ :- സുധാ മേനോൻ ഒരു ചലച്ചിത്രം കണ്ട് വികാരപരവശയായി കരയുന്നത് പോലെയല്ല ഒരു പുസ്തകം വായിച്ച് നമ്മുടെ മിഴികൾ നിറഞ്ഞൊഴുകുന്നത് . ഹൃദയത്തെ കണ്ണീരുകൊണ്ട് നനയിച്ചെടുത്ത ഒരു പുസ്തകമാണ് ശ്രീമതി സുധാമേനോന്റെ " ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ " . നെഞ്ചിൽ കനിവിന്റെ സ്പർശമുള്ള ഏതൊരാളെയും കരയിപ്പിക്കും ഈ പുസ്തകം . ഗവേഷകയും , പ്രോഗ്രാം മാനേജരും , ദുരന്തബാധിത പ്രദേശങ്ങളിൽ സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന കമ്മ്യൂണിറ്റി സെന്ററുകളുടെ ഭാരവാഹിയും കൂടിയാണ് ശ്രീമതി സുധാ മേനോൻ . ഏറെയൊന്നും ചിന്തിക്കാതെയും പറയാതെയും ആഹ്ലാദകരമായി ജീവിതം കൊണ്ടാടുന്ന നമ്മുടെ നേരെ ആത്മനിന്ദ തോന്നിപ്പിക്കും വിധം അനേകം ചോദ്യങ്ങളുടെ ശരവർഷം പെയ്യിക്കാൻ ഉതകുന്നതായിരുന്നു ഈ പുസ്തകത്തിന്റെ ഉള്ളടക്കം . യുദ്ധം , പാലായനം , വിഭജനം , വംശഹത്യ തുടങ്ങിയവയെ കുറിച്ചുള്ള പത്രവാർത്തകൾ പലപ്പോഴും പിന്നീട് വായിക്കാനായി മാറ്റിവെക്കുന്ന സംഭവിക്കാസങ്ങളാണ് നമ്മിൽ പലർക്കും . അവയ്ക്കൊക്കെ വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ പോയോ നമ്മൾ എന്നൊരു കുറ്റബോധം ഉടലെടുക്കുന്നു ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ . സ്വപ്നങ്ങൾ നഷ്ടപ്പെട്ട , ഉള്ളിൽ അപകർഷതാബോധം മാത്രം നിറഞ്ഞ , ജീവിതത്തിലെ വർണ്ണങ്ങളെല്ലാം ഒലിച്ചിറങ്ങിപ്പോയ ആറ് സ്ത്രീകളുടെ പീഡനനുഭവങ്ങളും അരക്ഷിതാവസ്ഥ നിറഞ്ഞ ജീവിതവും ആണ് ആ രാജ്യങ്ങളുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ശ്രീമതി സുധാ മേനോൻ നമ്മോട് പറയുന്നത് . ഇത് ആറ് പേരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല എന്നുകൂടി വായനയിൽ നമ്മൾ ഓർക്കേണ്ടതുണ്ട് . ചരിത്രത്തിന്റെ തിരുനെറ്റിയിൽ ഒന്ന് പോറിയിടാൻ പോലും അധികാരികൾ മറന്നുപോയ ക്രൂര പീഡനങ്ങളുടെയും , പ്രകൃതി ദുരന്തങ്ങളുടെയും , പുരുഷ മേധാവിത്വ അക്രമോത്സുകതയുടെയും അദൃശ്യ ഇരകളാണ് ഇവർ എന്ന് പറയുമ്പോൾ നമ്മൾ ലജ്ജിക്കേണ്ടിയിരിക്കുന്നു . ദുരന്തങ്ങളും പീഡനങ്ങളും ബാക്കിവെച്ച ജീവിതത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നറിയാത്ത നിരാലംബരായ സ്ത്രീകളുടെയും കുട്ടികളുടെയും ചുടുകണ്ണീരിനു മുന്നിൽ നമ്മുടെ രക്തം തണുത്തുറഞ്ഞു പോകും . ഓരോ നഗരവും അവിടെ സ്ഥിതി ചെയ്യുന്ന അംബരചുംബികൾ ആയ കെട്ടിടങ്ങളുടെയും വ്യവസായങ്ങളുടെയും പേരിൽ അറിയപ്പെടുമ്പോൾ അതിനു പുറകിൽ മറഞ്ഞിരിക്കുന്ന മനുഷ്യരുടെ വിയർപ്പിന്റെ ഗന്ധം നമ്മൾ പൂശിയിരിക്കുന്ന വിദേശനിർമ്മിതമായ സുഗന്ധദ്രവ്യങ്ങളുടെ പരിമളത്തിൽ അറിയുന്നില്ല എന്നതാണ് സത്യം . സർവ്വംസഹയായ ഭൂമിദേവിയെ പോലെ ഈ സ്ത്രീകളും കുട്ടികളും അതിജീവനം സ്വപ്നം കാണാൻ പോലും സാധിക്കാത്ത വിധം ചെളിയിൽ പൂണ്ടു പോയിരിക്കുന്നു . ലേഖിക പറയുന്നു സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി പല്ലിളിച്ച് മുന്നിൽ വന്നു നിൽക്കുന്ന വെള്ള വസ്ത്രധാരികളോ , പ്രബുദ്ധരെന്ന് വിശ്വസിക്കുന്ന സമൂഹമോ , മത പൗരോഹിത്യം വഹിക്കുന്ന നേതാക്കന്മാരോ , രാഷ്ട്രീയക്കാരോ , ഭരണകൂടമോ ഒന്നും ഇല്ല ഇവർക്ക് ഒരു തണലേകാൻ എന്ന് . പലയിടത്തും അർഹതപ്പെട്ട അവകാശങ്ങൾ പോലും നിഷേധിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് നമുക്ക് ഇവിടെ ദർശിക്കാൻ കഴിയുക . ശ്രീലങ്കയിലെ കൊക്കടിച്ചോലയിൽ ലേഖിക കണ്ടുമുട്ടിയ ജീവലതയെ പ്രണയത്തിന്റെ ഉന്മാദവും , ജീവിതത്തിലെ വസന്തവും അനുഭവിക്കാൻ കഴിയാതെ നെരിപ്പോടിൽ നീറിപ്പോയ , പാലായനത്തിന്റെ മുറിവുകൾ മാത്രം അനുഭവിച്ച ഒരു സ്ത്രീ ജന്മം എന്നാണ് വിശേഷിപ്പിക്കേണ്ടത് . സിംഹളരും തമിഴരും പരസ്പരം പടച്ചുവിടുന്ന അക്രമങ്ങളും കലാപങ്ങളും ആ രാജ്യത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തെയാണ് ആത്യന്തികമായി ബാധിച്ചത് . അധികാരം പിടിച്ചെടുക്കാനുള്ള ഒരു കൂട്ടരുടെ ഉന്മാദങ്ങൾ മാത്രമായിരുന്നു ഈ അക്രമങ്ങൾ എന്നും ഈ ഉന്മാദ രാഷ്ട്രീയത്തിന്റെ ബലിയാടുകളാണ് സാധാരണക്കാരായ ഓരോ തമിഴനും സിംഹളനും എന്ന് മനസ്സിലാക്കുന്നിടത്ത് നിന്ന് തുടങ്ങുന്നു ജീവലതയടക്കമുള്ള സാധാരണ സ്ത്രീകളുടെ നഷ്ടപ്പെട്ടുപോയ ജീവിതം തിരികെ പിടിക്കുവാനുള്ള ശ്രമങ്ങൾ . പാക്കിസ്ഥാനിൽ സിന്ധുവിന്റെ തടത്തിലൂടെ ബദീനിലേക്കുള്ള ലേഖികയുടെ യാത്ര അവിടെ സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന കമ്മ്യൂണിറ്റി സെന്ററിലെ അംഗങ്ങളെ കാണാനും സംഘത്തിന്റെ പ്രവർത്തനങ്ങൾ ഒന്നുകൂടി സജീവമാക്കാനും വേണ്ടിയായിരുന്നു . ഓരോരോ വിധത്തിലുള്ള പ്രകൃതിദുരന്തങ്ങൾ എപ്പോഴും നേരിടുന്ന ഒരു പ്രദേശമാണ് ബദീൻ . സൈറയുടെ കൂടെ ബദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും കടലോരഗ്രാമത്തിലേക്കുള്ള തന്റെ ജീപ്പ് യാത്രയിൽ കണ്ട മനുഷ്യരെയും പ്രകൃതിയെയും കുറിച്ച് സുധാ മേനോൻ അക്ഷരങ്ങളിലൂടെ നമ്മുടെ മുന്നിൽ വെളിവാക്കുമ്പോൾ ഇങ്ങനെയുള്ള സ്ഥലങ്ങളും മനുഷ്യരും ഇന്നും ഈ ഭൂമിയിൽ ഉണ്ടോ എന്ന് ഒരുപക്ഷേ നമ്മൾ ചിന്തിച്ചു പോകും . പൗരോഹിത്യവും ഭൂവുടമകളും നിയന്ത്രിക്കുന്ന, ഗോത്ര നീതിയുടെ രാഷ്ട്രീയം നിലനിൽക്കുന്ന സിന്ധിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരിടേണ്ടിവരുന്ന പീഡനങ്ങളും ചൂഷണങ്ങളും നമ്മളെ ചിന്തിപ്പിക്കുക മാത്രമല്ല അവയ്‌ക്കെതിരെ പ്രതികരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യും . ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥിതികളുടെ ദൂഷ്യഫലങ്ങൾ അനുഭവിച്ച് മരിച്ചു ജീവിക്കുന്ന കുറേ സാധാരണ മനുഷ്യന്മാരെ കുറിച്ച് ലേഖിക ഓർമിപ്പിക്കുമ്പോൾ നമ്മുടെ കൈവശം എന്ത് മറുപടിയാണ് അവരോട് പറയുവാൻ ഉള്ളത് ? പുരുഷ മേധാവിത്വം നിറഞ്ഞു നിൽക്കുന്ന സിന്ധിലും ബദീനിലും തങ്ങളുടെ ജീവിതത്തിൽ ഇരുൾ നിറയ്ക്കും വിധം പീഡനങ്ങളും പ്രകൃതിദുരന്തങ്ങളും നേരിടേണ്ടി വരുമ്പോൾ ഒരിക്കലും അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത സ്വാതന്ത്ര്യത്തിന്റെയും നിറപ്പകിട്ടില്ലാത്ത ജീവിതത്തിന്റെയും തുടർച്ചയെന്നോണം വീണ്ടും അവർ പൂണ്ടുപോകുന്നു ചതുപ്പിലേക്കെന്നവണ്ണം ഒരിക്കലും നീന്തി കരകയറാൻ ആവാത്ത വിധം . സ്ത്രീവിരുദ്ധ നിയമമായ " ഹദൂദ് " പിൻവലിച്ചിട്ടും ആ നിയമത്തിന്റെ പേരും പറഞ്ഞ് തനിക്ക് അനുഭവിക്കേണ്ടിവന്ന പീഡനം പരാതിപ്പെട്ടതിന്റെ പേരിൽ ഹാജിറയ്ക്ക് നേരിടേണ്ടിവന്ന ക്രൂരമായ ശിക്ഷാവിധി ഏതൊരു സമൂഹ മനസ്സാക്ഷിയെയും ഞെട്ടിക്കുമെന്ന് മാത്രമല്ല മിഴികളിൽ കണ്ണീരിനു പകരം രക്തം കിനിയിക്കുകയും ചെയ്യും . അത്രയ്ക്ക് നിഷ്ഠൂരമായ ശിക്ഷാവിധികൾ ആണ് ഹാജിറയെ പോലെ പല സ്ത്രീകൾക്കും ഇന്നും നേരിടേണ്ടി വരുന്നത് . ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹ്യപരിരക്ഷയ്ക്കും വേണ്ടി ചിലവഴിക്കേണ്ട രാഷ്ട്ര സമ്പത്ത് പട്ടാളത്തിന് വിട്ടുകൊടുത്തുകൊണ്ട് സ്ത്രീകളെയും കുട്ടികളെയും സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലേക്ക് തള്ളിയിടുന്ന ഒരു ജീവിതശൈലിയാണ് പാക്കിസ്ഥാന്റെ ഉൾപ്രദേശങ്ങളിൽ ഇന്നും നിലനിൽക്കുന്നത് . സ്ത്രീകളെ കേവലം ലൈംഗിക ഉപകരണങ്ങളും അടിമകളും ആയി കാണുന്നു എന്നത് കൊണ്ട് തന്നെ ഒരു നിയമ സുരക്ഷയും ഇവർക്ക് കിട്ടുന്നുമില്ല . യുദ്ധങ്ങളും ദുരന്തങ്ങളും മാറിമാറി ആക്രമിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് അഫ്ഗാനിസ്ഥാൻ . കാബൂളിലേതു പോലെ ഗ്രാമങ്ങളിലും പുതിയ കമ്മ്യൂണിറ്റി സെന്ററുകൾ തുടങ്ങി യുദ്ധത്തിന് ഇരകളായ സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ദൗത്യവുമായാണ് ശ്രീമതി സുധാ മേനോൻ സരൂബിയിൽ എത്തിച്ചേർന്നത് . അവിടെയും ലേഖികയെ കാത്ത് കണ്ണീരിന്റെ ഉപ്പ് രസം ഒലിച്ചിറങ്ങി ഉണങ്ങിപ്പിടിച്ച വടുക്കളുമായി ധാരാളം സ്ത്രീകൾ ഉണ്ടായിരുന്നു തിങ്ങിനിറഞ്ഞ് . അവരെയെല്ലാം പുനരധിവസിപ്പിക്കുക , സ്വയം പര്യാപ്തത നേടുവാൻ സഹായിക്കുക , അവരുടെ ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിൽ നല്ല മൂല്യം ലഭിക്കും വിധം വിൽപ്പന നടത്തുവാൻ സഹായിക്കുക തുടങ്ങിയവയായിരുന്നു ഈ കമ്മ്യൂണിറ്റി സെന്ററുകളുടെ ലക്ഷ്യം . സരൂബിയിൽ ലേഖിക കണ്ട ഓരോ മുഖങ്ങൾക്കും ഉണ്ടായിരുന്നു ഓരോരോ കദനകഥകൾ പറയുവാൻ . പർവീൺ അതായിരുന്നു അവരിൽ ഒരുവളുടെ പേര് . സ്വച്ഛസുന്ദരമായി മാതാപിതാക്കളോടൊത്ത് ജീവിച്ചുവന്നിരുന്ന കൊച്ചു പർവീണിന്റെ ജീവിതം അഫ്ഗാനിസ്ഥാനിൽ മാറിമാറി വന്ന യുദ്ധവും ആക്രമണങ്ങളും എങ്ങനെയാണ് മാറ്റിമറിച്ചത് എന്നും അവളുടെ ഇന്നത്തെ അവസ്ഥ എന്താണെന്നും അറിയുമ്പോൾ നമുക്ക് വിലപിക്കാതിരിക്കാൻ ആവില്ല . അമേരിക്കയുടെ പിൻവാങ്ങലിലൂടെ അഫ്ഗാനിസ്ഥാനിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ട താലിബാൻ ആക്രമണം പച്ചപിടിച്ചു വന്ന പർവീൺ അടക്കമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തെ വീണ്ടും നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് . അവൾ ഇന്ന് ജീവനോടെ ഉണ്ടോ ഇല്ലയോ എന്നത് തന്നെ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു . ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നിന്നും 95 കിലോമീറ്റർ ദൂരമുള്ള ഒരു സ്ഥലമാണ് കരാട്ടി . 2016ലെ ഒരു മെയ് മാസത്തിലാണ് ശ്രീമതി സുധാ മേനോൻ അവിടെ എത്തുന്നത് . സാറ , കാരിഫോർ , ലീവൈസ് , വാൾമാർട്ട് തുടങ്ങി വൻ വില കൊടുത്ത് നമ്മൾ സ്വന്തമാക്കുന്ന ഇന്റർനാഷണൽ ബ്രാൻഡ് തുണിത്തരങ്ങൾ തയ്ക്കുന്നത് ധാക്ക നഗരത്തിലെ ചെറുകിട ഗാർമെന്റ് യൂണിറ്റുകളിലാണ് . ഇവിടെയുള്ള തൊഴിലാളികളെ പറഞ്ഞ് പ്രലോഭിപ്പിച്ച് ഏജന്റുമാർ കൊണ്ടുവരുന്നത് ഗുൽന , മാൾട , ചിറ്റഗോങ്ങ് തുടങ്ങിയ കുഗ്രാമങ്ങളിൽ നിന്നും . തുച്ഛമായ വേതനത്തിൽ പത്തും പന്ത്രണ്ടും മണിക്കൂറുകൾ ജോലിയെടുപ്പിച്ച് ഇവരുടെ മാൻപവറിനെ ചൂഷണം ചെയ്യുമ്പോൾ എടുത്തുപറയേണ്ട വസ്തുത ഈ തൊഴിലാളികൾക്കൊന്നും തന്നെ വൻകിട കമ്പനികളുമായി നേരിട്ട് യാതൊരുവിധ ബന്ധവും ഇല്ലെന്നതാണ് . അതുകൊണ്ടുതന്നെ ഒരുവിധത്തിലുള്ള അനുകൂല്യങ്ങളോ നഷ്ടപരിഹാരങ്ങളോ മാന്യമായ വേതനമോ ആർക്കും ലഭിക്കുന്നുമില്ല . കരാട്ടിയായിലും സുധമേനോനെ കാത്തിരുന്നത് കണ്ണീരിന്റെ കദനകഥകൾ ആയിരുന്നു . റാണ പ്ലാസ അപകടത്തിൽ ഭർത്താവ് മരിച്ച സഫിയക്ക് അപകടത്തോടെ ഇരു കാലുകളും നഷ്ടപ്പെട്ടിരുന്നു. നിയമപരമായി വിവാഹം കഴിക്കാത്തതിന്റെ പേരിൽ അർഹമായ നഷ്ടപരിഹാരങ്ങളും ആനുകൂല്യങ്ങളും കിട്ടാതെ സഫിയ മക്കളോടൊപ്പം കരാട്ടിയയിൽ ഉമ്മയുടെ കൂടെ കഴിയുന്നു . നിത്യ ചിലവിനു പോലും ബുദ്ധിമുട്ട് നേരിടുന്ന ഇത്തരം പല കുടുംബങ്ങൾ ചേർന്നതാണ് ബംഗ്ലാദേശ് . വളരെ കുറഞ്ഞ വേതനത്തിന് ജോലിചെയ്യാൻ ധാരാളം തൊഴിലാളികളെ കിട്ടുന്നു എന്നതുകൊണ്ട് ഇവരുടെയൊന്നും പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം നൽകാൻ ഭരണകർത്താക്കൾക്കോ രാഷ്ട്രീയ നേതാക്കൾക്കോ കഴിയുന്നില്ല അഥവാ അവർ ശ്രമിക്കുന്നില്ല . കയറ്റുമതി വഴിയിൽ കൂടുതൽ നികുതി ഗവൺമെന്റിനെ തേടിയെത്തുന്നത് കൊണ്ട് കൂടിയാണ് ആരും ഇത്തരം നീതിരഹിത വ്യവസ്ഥിതിക്ക് എതിരായി ശബ്ദം ഉയർത്താത്തത് . ഭൂകമ്പങ്ങൾ സൃഷ്ടിച്ച നാശനഷ്ടങ്ങൾ നേരിടുന്ന നേപ്പാളിലെ സ്ത്രീകൾക്ക് പറയുവാൻ ഉണ്ടായിരുന്നത് മനുഷ്യക്കടത്തിന്റെ കാര്യങ്ങൾ അഥവാ കഥകൾ ആയിരുന്നു . സ്വർണ്ണ നിറവും മിനുങ്ങുന്ന മേനിയുമുള്ള നേപ്പാളി കുട്ടികൾക്ക് ആൺ പെൺഭേദമില്ലാതെ പുറം ദേശങ്ങളിൽ ലക്ഷങ്ങളാണ് വില . പ്രകൃതി ദുരന്തങ്ങളും ദാരിദ്ര്യവും സമ്മാനിക്കുന്ന കഷ്ടതകൾ ഈ കുട്ടികളെ നേപ്പാളിനു പുറത്തേക്ക് എത്തിക്കുന്നു . ജീവിത വൃത്തിക്കായി പക്ഷേ അവർ എത്തിപ്പെടുന്നതോ മനുഷ്യത്വരഹിതമായ , മലീമസമായ ജീവിതപന്ഥാവിലും . ഇത്തരം ഒരു പീഡനാനുഭവത്തിന്റെ ജീവിക്കുന്ന തെളിവാണ് സിന്ധുപാൽചൗക്കിൽ സുധ കണ്ടുമുട്ടിയ ശ്രേഷ്ഠ എന്ന പെൺകുട്ടി . സഹാനുഭൂതിയും സ്നേഹവും നഷ്ടപ്പെട്ട ഈ ലോകത്തിന് എന്തുണ്ട് ശ്രേഷ്ഠയടക്കമുള്ള കുട്ടികളോട് പറയാൻ എന്ന് ഞാനടക്കം നിങ്ങളിൽ പലരും ആലോചിച്ചുപോകും ഇവരുടെ ജീവിതം വായിച്ചറിയുമ്പോൾ . ഞാനിപ്പോഴും ഓർക്കുന്നു വർഷങ്ങൾക്കു മുന്നേ പത്രത്താളുകളിൽ പരുത്തി കൃഷിയെ പ്രമോട്ട് ചെയ്തുകൊണ്ട് വന്നിരുന്ന പരസ്യങ്ങൾ . പക്ഷേ അത് ഒരു ദേശത്തിന്റെ തന്നെ ജീവിതത്തെ ബലി കൊടുക്കുന്ന ഒന്നായിരുന്നു എന്ന് മനസ്സിലാക്കുവാൻ സുധാ മേനോന്റെ " ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ " എന്ന ഈ പുസ്തകം വായിക്കേണ്ടിവന്നു എനിക്ക് . കടക്കെണിയും കാർഷിക മേഖലയിൽ ഉണ്ടായ നഷ്ടങ്ങളും പലരെയും കൊണ്ടെത്തിച്ചത് ആത്മഹത്യയിലായിരുന്നു . അതിന്റെ ദുരന്തഫലങ്ങൾ നേരിടേണ്ടിവരുന്നത് കുടുംബത്തിൽ അവശേഷിച്ചിരുന്ന സ്ത്രീകളും കുട്ടികളും ആകുമ്പോൾ അവർക്കൊരു കൈത്താങ്ങായി നഷ്ടപരിഹാരമോ സാമ്പത്തിക അനുകൂല്യങ്ങളോ നൽകുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ , ഭരണകൂടമോ ശ്രമിക്കുന്നില്ല എന്നത് ഏറ്റവും നിഷ്ഠൂരമായ ഒരു കാര്യമാണ് . തെലുങ്കാനയിലെ വാറങ്കയിൽ സുധ കണ്ടുമുട്ടിയ രേവമ്മയ്ക്കും പറയാനുണ്ടായിരുന്നത് ഇതിൽ നിന്നും വേറിട്ട ഒരു കാര്യമല്ല . അരിയും മുളകും കൃഷിചെയ്ത വയലുകളിൽ പരുത്തി കൃഷി നടത്താൻ പ്രേരിപ്പിച്ച ആരും തന്നെ രേവമ്മയുടെ ഭർത്താവ് കീടനാശിനി കുടിച്ചു ആത്മഹത്യ ചെയ്തപ്പോൾ രക്ഷിക്കാനോ സഹായിക്കാനോ ഉണ്ടായില്ല . അവരെ ചതിച്ചത് ആരാണ്? വരൾച്ചയോ , കീടങ്ങളോ , പ്രകൃതിയോ , മനുഷ്യരോ ? അറിയില്ല . പക്ഷേ ഒന്നറിയാം ദാരിദ്ര്യത്തിലും ദുരന്തത്തിലും അകപ്പെടുന്ന ഇത്തരം മനുഷ്യരെ സഹായിക്കാനും കൈപിടിച്ചുയർത്താനും ഒരു ഭരണകൂടത്തിനും അമാനുഷികമായ കഴിവുകളൊന്നും വേണ്ട എന്ന് . സഹായം എത്തിക്കുക എന്നത് ആരുടെയും ഔദാര്യമല്ല മറിച്ച് ജനങ്ങളുടെ അവകാശം മാത്രമാണ് . സ്കൂൾതലത്തിലും യൂണിവേഴ്സിറ്റി തലത്തിലും പാഠപുസ്തകം ആക്കേണ്ടതാണ് " ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ " എന്ന് കെ ആർ മീര തന്റെ വായനാനുഭവത്തിൽ പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ല . സാമ്പ്രദായിക ചരിത്രത്താളുകളിൽ ഒരിക്കൽപോലും എഴുതപ്പെടാത്ത സ്ത്രീ ജീവിതങ്ങൾ നമുക്കുമുന്നിൽ ഓരോ കടങ്കഥകളായി നിലകൊള്ളുമ്പോൾ അതിനൊരു ഉത്തരം കണ്ടുപിടിക്കാൻ ഈ ഭരണകൂടങ്ങൾക്ക് ഒപ്പം നമ്മളും ബാധ്യസ്ഥരല്ലേ ? ബാല്യങ്ങൾ നഷ്ടപ്പെട്ട കുട്ടികളുടെ , സ്വപ്നങ്ങൾ ഇല്ലാതായ യുവതികളുടെ , ജീവിതം അവസാനിച്ച സ്ത്രീകളുടെ , സംരക്ഷണം നിഷേധിക്കപ്പെട്ട വൃദ്ധരുടെ ഹൃദയമെഴുത്താണ് ഈ പുസ്തകം എന്ന് പറയുന്നതിൽ യാതൊരു അപാകതയും ഇല്ല . ഇവരൊക്കെ പകർന്നുതരുന്നത് വലിയൊരു പാഠമാണ് . പലരാലും നഷ്ടപ്പെടുത്തിയ ജീവിതവും സ്വപ്നങ്ങളും ഭാവിയും തിരിച്ചുപിടിക്കാൻ മാനസികബന്ധങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്ന പാഠം .

  ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ- സുധാ മേനോൻ
By Sailaja Varma
ചരിത്ര പുസ്തകങ്ങളിലോ രാജ്യങ്ങളുടെ വീരഗാഥകളിലോ ഇടം നേടാതെ അദൃശ്യരാക്കപ്പെട്ട നിരവധി സ്ത്രീകളുടെ വേവുന്ന അനുഭവങ്ങളെക്കുറിച്ചെഴുതിയ ഈ പുസ്തകം നൽകുന്ന വായനാനുഭവം ശക്തവും തീവ്രവുമാണു്. ലോകത്തിൽ എവിടെയായാലും യുദ്ധവും വംശവെറിയും കാരണം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്‌ സ്ത്രീകളും കുട്ടികളുമാണു്. യുദ്ധം ഉണ്ടാക്കുന്നവരും യുദ്ധം ചെയ്യുന്നവരും, വർഗ്ഗീയത രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നവരും, വംശീയ കലാപങ്ങളും, പ്രകൃതി ദുരന്തങ്ങളും ഒക്കെക്കൂടി ചവിട്ടിക്കുഴച്ച്‌ മലിനമാക്കിയ ജീവിതത്തെ തിരിച്ചുപിടിക്കാൻ കാരുണ്യവും സ്നേഹവും സാഹോദര്യവും മാത്രമേ തുണയായിട്ടുള്ളൂ എന്ന തിരിച്ചറിവ്‌ നൽകുന്ന കരുത്തിലാണു് ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്‌, ഇന്ത്യ എന്നിവിടങ്ങളിലെ ഇരകളാക്കപ്പെട്ട സ്ത്രീകൾ അതിജീവന പാതയിലേയ്ക്ക്‌ കാലെടുത്ത്‌ വയ്ക്കുന്നത്‌. അപഹരിക്കപ്പെടുന്ന ജീവിതങ്ങളെ തിരിച്ചുപിടിക്കാൻ, ചേർത്തുപിടിക്കുന്ന മനുഷ്യബന്ധങ്ങൾക്ക് ‌ മാത്രമെ കഴിയൂ എന്ന തിരിച്ചറിവ്‌ സമ്മാനിക്കുന്ന ഈ പുസ്തകം മലയാളികളുടെ വായനയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടതാണു്. സമ്മിശ്രമായ വിചാരവികാരങ്ങളിലൂടെ മികച്ച വായനാനുഭവം നൽകുന്ന പുസ്തകമാണു് സുധാമേനോന്റെ 'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ' എന്ന് പറഞ്ഞുകൊണ്ട്‌ ഞാൻ എന്റെ ആസ്വാദനക്കുറിപ്പ്‌ അവസാനിപ്പിക്കുന്നു. നന്ദി. ശൈലജ വർമ്മ

  ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ
By Sarath Dileep
ഇറാഖിലെ സിൻജാർ പ്രവിശ്യയിലെ കൊച്ചോ എന്ന ചെറിയ ഗ്രാമത്തിലായിരുന്നു നാദിയയും കുടുംബവും താമസിച്ചിരുന്നത്. കറുത്തകൊടി കെട്ടിയ വാഹനങ്ങളിൽ IS ഭീകരർ ഗ്രാമത്തിലേയ്ക്കിരച്ചെത്തിയത് 2014 ആഗസ്റ്റിലായിരുന്നു.പുരുഷന്മാരെ കൊന്നൊടുക്കിയ ഭീകരർ കുട്ടികളെയും സ്ത്രീകളെയും തടവുകാരാക്കി. ലൈംഗിക തടവുകാരാക്കപ്പെട്ട സ്ത്രീകൾ നിരന്തരം പീഡിപ്പിക്കപ്പെട്ടു. കുട്ടികളെ ഭീകരരാവാൻ പരിശീലിപ്പിച്ചു. ഇസ്ലാമിക തീവ്രവാദികളാൽ നിരന്തരം നിർദ്ദയം പീഡിപ്പിക്കപ്പെട്ട നൂറു കണക്കിന് സ്ത്രീകളിലൊരാളായിരുന്നു നാദിയ. തീവ്രവാദവും യുദ്ധവും വംശഹത്യയും പ്രകൃതി ദുരന്തങ്ങളും ഭീകരതയും വഴി തകർത്തെറിയപ്പെടുന്നവരിൽ ഏറെയും സ്ത്രീകളാണെന്നത് ചരിത്രത്തിന്റെ ദുരന്തസത്യം. അവരുടെ നോവുകളുടെയും കണ്ണീരിന്റെയും കഥനങ്ങൾ പലപ്പോഴായി നമ്മൾ വായിച്ചിട്ടുണ്ട്.രേഖപ്പെടുത്തപ്പെടുകയും രേഖപ്പെടുത്തപ്പെടാതിരിക്കുകയും ചെയ്യപ്പെട്ട ദുരന്ത ജീവിതങ്ങളായ എത്രയെത്ര മനുഷ്യർ! യുദ്ധവും കെടുതിയും വംശഹത്യയും ഇരകളാക്കിയവർ. ചരിത്രമെഴുത്തിൽ ഇടം പിടിക്കാത്ത നിന്ദിതരും പീഡിതരുമായ മനുഷ്യർ.എണ്ണമറ്റ നോവുകളിൽ പൊള്ളിപ്പോയ അത്തരം ചില മനുഷ്യരുടെ ഓർമ്മ പുസ്തകമാണ് സുധ മേനോന്റെ ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ. 2003 മുതൽ നിരവധി വർഷക്കാലം ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിസ്സഹായരായ സ്ത്രീകളുടെ കൂടെ പഠനത്തിന്റെയോ തൊഴിലിന്റെയോ ഭാഗമായി ജീവിച്ചപ്പോൾ, കണ്ടുമുട്ടിയ 6 സ്ത്രീകളുടെ ജീവിതകഥകളിലൂടെ ആറ് രാജ്യങ്ങളുടെ കഥ കൂടിയാണ് സുധ വരച്ചിടുന്നത്. എഴുത്തുകാരി തന്നെ പറയുന്നതു പോലെ, കാലത്തിന്റെ സാന്ധ്യ വെളിച്ചത്തിൽ പ്രത്യാശയും അഭയവുമില്ലാതെ നിശ്ചേതനമായിപ്പോയ ജീവിതങ്ങൾ . അവരുടെ അദൃശ്യമായ മുറിവുകളുടെയും അതിജീവനത്തിന്റെയും ഹൃദയാവർജകമായ വിവരണമാണ് ഈ പുസ്തകം. ഒടുങ്ങാത്ത വിശപ്പിന്റെയും അളവില്ലാത്ത വേദനയുടെയും അവസ്സാനിക്കാത്ത ദുരന്തങ്ങളുടെയും ഇടയിൽ ഒരുപറ്റം മനുഷ്യർ നടത്തിയ അവിശ്വസനീയമായ അതിജീവനത്തിന്റെയും ആഖ്യാനമാണ് ഈ പുസ്തകം.മഹാദുരിതത്തിൽ നിന്നും ആശ്വാസത്തിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കുമുള്ള ഓരോ സാധു മനുഷ്യന്റെയും നിത്യമായ ,അഭയം കിട്ടാത്ത നീണ്ട യാത്രയും പ്രവാഹവുമാണ് ചരിത്രമെന്ന് ഓർമിപ്പിക്കുന്ന ഈ കൃതി നിങ്ങളുടെ വായനാനുഭവത്തെ പൊള്ളിക്കും. തീരാ സങ്കടങ്ങളുടെ കടലിൽ ജാതി- മത- രാഷ്ട്രാതിർത്തികളൊന്നും പ്രസക്‌തമല്ലെന്നും നിസ്സഹായരായ ഈ സ്ത്രീകളുടെ ആത്മബലികളും അതിജീവനങ്ങളും പ്രകാശത്തിന്റെ നക്ഷത്ര ഗോപുരങ്ങൾ പോലെ തിളങ്ങുന്നുവെന്നും പുസ്തകം നമ്മളോട് പറയുന്നുണ്ട്.

  സുധാ മേനോന്റെ ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ വായിച്ചു. ഒത്തിരി സ്ത്രീകളുടെ വ്യഥകളും വേദനകളും പങ്കുവെക്കുന്ന ഓർമ പുസ്തകം എന്നതിനപ്പുറത്ത് പ്രതിസന്ധികളും പ്രതിബന്ധങ്ങളും മൂലധനമാക്കിയ ത്യാഗോജ്വലമായ സ്ത്രീ ജീവിതങ്ങളുടെ ചരിത്രമാണിത്. പാലയനങ്ങളും യുദ്ധങ്ങളും പാ
By Muhammed shahim
നല്ലൊരു വയനാനുഭവം. കണ്ണീരിൽ കുതിർന്ന വായന

  ബോധം തെളിയുമ്പോൾ രേവമ്മ വീട്ടിലായിരുന്നു .........
By Sheela Konath Joseph
ബോധം തെളിയുമ്പോൾ , രേവമ്മ വീട്ടിൽ ആയിരുന്നു.......... സാംബയ്യയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത് തിരികെകൊണ്ടു വന്നിരുന്നു. കുടിലിന്റെ ഇത്തിരി സ്ഥലത്ത് സാംബയ്യ കിടന്നു.. എല്ലാ വേവലാതികളും സങ്കടങ്ങളും അതിജീവിച്ച കിടപ്പ് ........ വെളുത്ത വസ്ത്രത്തിനുള്ളിൽ അവസാനിക്കാത്ത മാനസീക പീഡനത്തിന്റെ ചുളിവുകൾ അപ്പോഴും അയാളുടെ മുഖത്തുണ്ടയിരുന്നു. പൊതു ശ്മാശനത്തിലേക്ക് അഛനെ എടുക്കുമ്പോൾ സ്ക്കൂൾ വിദ്യാർത്ഥികളായ സൂര്യയും , സന്ധ്യയും അലമുറയിട്ട് കരഞ്ഞു......... രേവമ്മ മാത്രം കരഞ്ഞില്ല. സുധാ മേനോന്റെ ഓർമകളുടെ രചന ❤️ചരിത്രം അദൃശമാക്കിയ മുറിവുകളിലൂടെ .... ❤️ പുസ്തകത്തിന്റെ കവർ ചിത്രം ചില കാര്യങ്ങൾ നമ്മോട് പറയുന്നുണ്ട്. തല മുതൽ കണങ്കാൽ വരെ മൂടിയിരിക്കുന്ന സ്ത്രീകളെ കണ്ടില്ലേ ? നിലനിൽക്കുന്ന സാമൂഹിക, സാമ്പത്തിക, സാമ്പ്രദായിക വ്യവസ്ഥകളാൽ മൂടപ്പെട്ട ഒരു പറ്റം നിസ്സഹായകരായ ഏറ്റം ദയനീയമായ സ്ത്രീകളുടെ , മനുഷ്യരുടെ ജീവചരിത്രം ........ വരൂ , തെലുങ്കാനയിലെ വറങ്കൻ ജില്ലയിലേക്കൊന്നു പോകാം , അവിടെ സാംബ്ബയയുടേത് പോലെ ഒത്തിരി നിസ്സഹായരായ മനുഷ്യരെ കേൾക്കാം , കാണാം ,അറിയാം . പണ്ടൊരു ബയോളജി ക്ലാസ്സിൽ Bt പരുത്തി Bt വഴുതന എന്ന പുതിയ ജനിതക മാറ്റം വന്ന വിത്തിനങ്ങളെ പറ്റിയുള്ള ചർച്ച പല വഴി തിരിഞ്ഞ് കുട്ടികൾക്കൊപ്പം ക്ലാസ്സിൽ നിന്നും ' പുറത്തുപോയ ' ഒരു ദിവസം മനസ്സിൽ പെട്ടെന്നു വന്നു. ജനിതക വ്യതിയാനത്തിന്റെ ഉൽപ്പന്നങ്ങളെ വാന്നോളം പുകഴ്ത്തിയിരുന്ന മാധ്യമങ്ങൾ കീടങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പുതിയ ഇനമായ BT പരുത്തി വിത്തുകൾ , അങ്ങനെയെങ്കിൽ കീടനാശിനിയോ , രാസവളമോ ആവശ്യമില്ലല്ലോ എന്ന ചർച്ച ക്ലാസ്സിന്റെ ഇത്തിരി വട്ടത്തിൽ നിന്നും സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് പാറി പറന്ന് തിരിച്ചെത്തിയതും ഓർമയിലുണ്ട്. ആഗോളവൽക്കരണ നയത്തിന്റെ ഉൽപ്പന്നങ്ങളിൽ ഒന്നായിരുന്നു BT പരുത്തി. നമ്മൾക്ക് വീണ്ടും തെലങ്കാനയിലേക്ക് , സാംബ്ബയ്യയുടെ കുടിലിലേക്ക് ഒരു വട്ടം കൂടി പോകാം ..... മഴ ചതിച്ചാൽ , വിളവ് നശിച്ചാൽ വിപണി ചതിച്ചാൽ പാവപ്പെട്ട കർഷകർ എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക് ..... സാംബ്ബയ്യയുടെ മരണത്തിന് ശേഷം , പല തവണ രേവമ്മ വില്ലേജ് ഓഫീസ് മുതൽ കലക്ട്രേറ്റ് വരെ കയറിയറങ്ങി. പക്ഷെ , കാര്യമുണ്ടായില്ല ആത്മഹത്യ ചെയ്തത് കൃഷിയിൽ നിന്നുള്ള കടബാധ്യത മൂലമാണെന്നതിന് തെളിവില്ല പണം പലിശയ്ക്കെടു ത്തതിനും തെളിവില്ല . ഗതിയില്ലാതെ വന്നപ്പോ സ്ഥലം വിറ്റതിന് തെളിവുണ്ട് . കൃഷി നശിച്ചിട്ടില്ല. വിളവെടുപ്പ് കഴിഞ്ഞിട്ടുണ്ട്. ഉൽപ്പന്നം വിറ്റതിനും തെളിവുണ്ട്. ചങ്ങാത്ത മുതലാളിത്തത്തിന്റെ വിഭിന്നരൂപങ്ങൾ ആഖ്യാത്യാവ് വ്യക്തമായി പറയുന്നുണ്ട്. കർഷകന് വിത്ത് നൽകാൻ ഏജൻസി . കീടനാശിനികൾ നൽകാനും ഏജൻസി രാസവളത്തിനും ഉണ്ട് ഏജൻസി . ജലസേചനത്തിന് ടാങ്കറിൽ വെള്ളം എത്തിച്ചു നൽകാനും അവരുണ്ട്. വിളവെടുപ്പിനും അവർ തന്നെ. വിളയുടെ വില നിശ്ചയിക്കാനും അവർ മുന്നിൽ . വില കൂടുന്നതു വരെ രണ്ടു നാൾ കാത്തിരുന്നാലും വില കൂടില്ല ... അതാണ് ആ ചങ്ങാതി / ഏജൻസികളുടെ ഒരു പിടിപ്പ്. ഇതൊന്നും അറിയാതെ ഇങ്ങേ തലയിൽ നിന്നും ആട്ടം കാണുന്ന പാവം കർഷകർ കഥയെന്ത് കണ്ടു. ? അവരുടെ അദ്ധ്വാനത്തിന് ന്യായമായ കൂലിയും, കുട്ടികൾ പഠിക്കുന്നത് പോലെ ഇടനിലക്കാരെ ഒഴിവാക്കിയോ , അവരുടെ അമിത കൈകടത്തൽ നിയന്ത്രിച്ചോ , പ്രാദേശികമായി ഉൽപ്പനം വിറ്റഴിക്കാനും , ഉൽപ്പന്നങ്ങൾക്ക് ഉയർന്ന താങ്ങുവില സർക്കാർ നിശ്ചയിച്ച്, ഭാവിയിൽ അവർക്കൊരു തുണയായി പെൻഷനും ഉണ്ടാകട്ടെ .... മരണഗന്ധമുള്ള പരുത്തിപ്പാടങ്ങൾ മാറി ജീവസുഗന്ധമുള്ള പാടങ്ങൾ ആകട്ടെ. ഭൂപെനും ശർമ്മിഷ്ഠയും മകളോട് ഒന്നും ചോദിച്ചില്ല ........ മകൾ ശ്രേഷ്ഠയ്ക്കന്ന് പതിമൂന്ന് വയസ്സേ ഉള്ളൂ. വിവിധ വർണ്ണ നൂലുകളാൽ അവൾ നെയ്തെടുക്കുന്ന സുന്ദരമായ എംബ്രോയ്ഡറി തുണികൾ പോലെയായിരുന്നു ജീവിതത്തെ കുറിച്ച് കൊച്ചു ശ്രേഷ്ഠയുടെ സ്വപനങ്ങൾ . നിരാലബരും , നിസ്സഹായരുമായ , പാവപ്പെട്ട ഒരു നേപ്പാൾ കുടുംബം മനുഷ്യക്കടത്തിനിരയായപ്പോൾ ശ്രേഷ്ഠ ഭൂപെൻ തമാംഗ് എന്ന ആ പെൺക്കുട്ടി ലക്ഷണമൊത്തൊരു ലൈംഗിക തൊഴിലാളിയായി മാറിയതും , നാല് വർഷത്തിന് ശേഷം ജീവശവ്വമായി തിരിച്ചെത്തിയും , തുടർന്ന് പുതിയ ഇരയായി തന്റെ സഹോദരർ മനുഷ്യക്കടത്തിൽ പ്പെട്ടു പോകാതിരിക്കാൻ വീടുവീടാന്തരം കയറിയിറങ്ങി നാട്ടുകാരെ ബോധവൽക്കരിക്കാനുമായി ശ്രേഷ്ഠയുടെ ശിഷ്ട്ട ജീവിതം . ഗ്രാമത്തിന് മുഴുവൻ തണൽ നൽകിയ ഒരു വലിയ ഒറ്റമരമായിരുന്നു അഫ്ഘാനിസ്ഥാനിലെ പർവീൻ . എന്നെങ്കിലും കാബൂൾ നഗരം കാണണമെന്ന വലിയ മോഹം . കാബുളിനും അപ്പുറം മനോഹരമായ ഒരുപാട് സ്ഥലങ്ങൾ ഉണ്ടെന്നും അവിടങ്ങളിൽ കാറോടിക്കുകയും വിമാനം പറത്തകയും ചെയ്യുന്ന, രാജ്യം ഭരിക്കുകയും ചെയ്യുന്ന സ്ത്രീകൾ ഉണ്ടെന്ന് പർവീൻ അറിഞ്ഞത് സ്കൂളിൽ വെച്ചായിരുന്നു. പഠിക്കാൻ കൊതിയായിരുന്ന പർവീൻ മുതിർന്ന കുട്ടിയായതോടു കൂടി സ്ക്കൂളും നിഷേധിച്ചിരുന്നു. 13 വയസ്സായ പർവീന് 35 വയസുള്ള രണ്ടാം വിവാഹിതനായ അബുൽ നാളയെ പറ്റി ഒത്തിരി സ്വപ്നങ്ങൾ ഉള്ള , പഠിക്കാൻ മിടുക്കിയായ പർവിന്റെ ലോകം അടുക്കളയും, ആട്ടിൻ കൂടും, വയലുമായി മാറി. പർവിന്റെ ജീവിതം പോലെ തന്നെ ആഭ്യന്തര യുദ്ധങ്ങൾക്കിടയിൽ അഫ്ഘാനിസ്ഥാനു ആത്മാവ് നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. തമിഴ് പോരാളികളും , സിംഹളപ്പടയും മണിമേഖലയോടും ലക്ഷക്കണക്കിന് സ്ത്രീകളോടും ചെയ്യുന്നത് കൊടും ചതിയായിരുന്നു. ഈ യുദ്ധം ആർക്കുവേണ്ടി ? പതിനഞ്ചു വയസ്സുള്ള ജീവലതയുടെ മകൾ ചെയ്ത കുറ്റം എന്താണ് ? അങ്ങനെ, ബാട്ടിക്കളോവയിലെ സ്ത്രീമുന്നേറ്റത്തിന്റെ പ്രധാന കണ്ണിയായി ജീവലത മാറി....... മണിമേഖല , ഇളങ്കോ ജീവലതയുടെ മക്കൾ .... ഒരു ഗവേഷക വിദ്യാർത്ഥിയിൽ നിന്നും , പഠിതാവിന്റെ വിഷയത്തിനപ്പുറം താൻ കണ്ട മനുഷ്യരെ തന്നിലാവും വിധം നെഞ്ചോട് ചേർത്ത ആഖ്യാതാവ് ........ ❤️പ്രിയപ്പെട്ട ❤️ സുധാ മേനേൻ നിങ്ങളെ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നു. ജീവിതങ്ങളെ തൊട്ടറിഞ്ഞതിന്, ആഭ്യന്തര യുദ്ധത്തിന്റെ , കലാപത്തിന്റെ , ഭാഗമായി ഓരം ചേർന്നവരെ ആശ്വസിപ്പിച്ചതിന് , സ്ത്രീ മനസ്സുകൾക്കൊപ്പം നിന്നതിന്, അവർക്കൊപ്പം മനസ്സു കലങ്ങിയതിന്, സ്വന്തം കാലിൽ നിൽക്കാൻ അവരെ പഠിപ്പിച്ചതിന്, ഒരിക്കല്ലെങ്കിലും ചെറു നോവായി അവർക്ക് ചിരിക്കാൻ ഇടയാക്കിയതിന് ❤️ ഷീല .കെ. ജോസഫ്

  കുഴിച്ചു മൂടപ്പെട്ട ചരിത്രങ്ങൾ!
By Nithya Lekshmi LL
ചരിത്രം, എല്ലാ കാലത്തും രണ്ട് തരമാണ്; ജയിച്ചവർ എഴുതുന്ന ചരിത്രവും, തോറ്റവരിലൂടെ മറക്കപ്പെടുന്ന, മായ്ക്കപ്പെടുന്ന ചരിത്രവും! ജയിച്ചവരുടെ ചരിത്രം ഭാവിക്കൊപ്പം സഞ്ചരിക്കുമ്പോൾ, തോറ്റവരുടെ ചരിത്രം വെള്ളത്തിൽ വരച്ച വര കണക്ക് മാഞ്ഞ് മാഞ്ഞ്  ഒരു മായയാകും, അങ്ങനെയൊന്ന് ഉണ്ടായിരുന്നുവോ എന്ന ചിന്ത പോലും ബാക്കിയാക്കാത്ത തരത്തിൽ..! സുധാ മേനോൻ എഴുതിയ "ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ" എന്ന പുസ്തകത്തിൽ പറയുന്നത് അത്തരത്തിൽ ചരിത്രത്തിൽ നിന്ന് തുടച്ച് മാറ്റപ്പെട്ടവരെ കുറിച്ചാണ്. പുസ്തകം, ആറ് രാജ്യങ്ങളിലൂടെ, ആറ് സംസ്കാരങ്ങളിലൂടെ, ആറ് ഭാഷകളിലൂടെ കടന്ന് പോകുന്നു. പക്ഷേ, എല്ലായിടത്തും പട്ടിണിയുടെ നിലവിളിയും ദുരിതക്കയത്തിലെ കണ്ണീരും അതിജീവനത്തിന് വേണ്ടിയുള്ള പിടിവലിയും ഒന്ന് തന്നെ! അതൊക്കെ നടത്തുന്നതാകട്ടെ, പുരുഷ്യാധിപത്യ ലോകത്ത് ജീവനെങ്കിലും ബാക്കി കിടക്കണേയെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളും.! ശ്രീലങ്കയിൽ തുടങ്ങി ഇന്ത്യയിലവസാനിക്കുന്ന ചെറുത്ത് നിൽപ്പാണ് പുസ്തകത്തിൽ നമുക്ക് കാണാനാകുന്നത്. 'മീൻ പാടും തേൻ രാജ്യ'ത്തിലിരുന്ന് ജീവലത അവരുടെ മകളെയോർക്കുന്നു, ഡോക്ടറാകാൻ കൊതിച്ച ബാല്യത്തെയോർക്കുന്നു, കാക്കയ്ക്കും പൂച്ചക്കും കൊടുക്കാതെ തന്നെ വളർത്തി യെടുക്കാൻ അമ്മ പെട്ട പെടാപാടുകളെക്കുറിച്ചോർക്കുന്നു. അങ്ങനെയാണ് പുസ്തകം തുറക്കപ്പെടുന്നത്. പിന്നീട്, അഫ്ഗാനിസ്ഥാനിലൂടെയും പാകിസ്ഥാനിലൂടെയും നേപ്പാളിലൂടെയും ബംഗ്ലാദേശിലൂടെയും ഇന്ത്യയിലൂടെയും എഴുത്തുകാരി നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. പാകിസ്ഥാനിൽ ഇന്നും നിലനിൽക്കുന്ന "കാരോഘാരി" എന്ന പ്രാകൃതനിയമമാണ് ഈ പുസ്തകത്തിൽ എന്നെ ഏറ്റവുമധികം ഞെട്ടിക്കുകയും വിഷമിപ്പിക്കുകയും ചെയ്ത ഭാഗം. നൂറ് പുരുഷൻമാർ ഒന്നിച്ച് നിന്ന് ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നതൊക്കെ ഇക്കാലത്തും ആചാരത്തിന്റെ പേരിൽ ആഘോഷിക്കപ്പെടുകയെന്നതും, അതിനെതിരെ ഈ ലോകത്തിലെ മനുഷ്യാവകാശ സംഘടനകൾക്കൊന്നും തന്നെ പ്രവർത്തിക്കാൻ കഴിയാത്തതും ദുഃഖകരമാണ്. സ്ത്രീയുടെ ശരീരത്തിന്റെ വിശുദ്ധിയിലാണ് സമൂഹത്തിന്റെയും സമുദായത്തിന്റെയും അഭിമാനവും അപമാനവുമിരിക്കുന്നതെന്ന് ശ്രീലങ്കയിലെ സിംഹളരും തമിഴ് വംശജരും കണക്കാക്കുന്നത് പാകിസ്ഥാനിലെ പുരുഷന്മാരുടെ മനോഭാവത്തിൽ നിന്ന് വ്യത്യസ്തമല്ല. ഇത് തന്നെയാണ് നേപ്പാളിലെയും അവസ്ഥയെന്ന് ശരീരം വിൽക്കേണ്ടി വന്ന അവസ്ഥയിൽ നിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയ പെൺകുട്ടിയെയും കുടുംബത്തെയും സമുദായത്തിൽ നിന്ന് പുറത്താക്കിയതിൽ നിന്ന് മനസിലാക്കാം. നേപ്പാളിൽ നിന്ന് ഇന്ത്യയിലെ വേശ്യാലയത്തെരുവുകളിലേക്ക് ചതിയിലകപ്പെട്ട് എത്തുന്ന പെൺകുട്ടികളും, ആഗോളഭീമന്മാരുടെ ചൂഷണത്തിൻ കീഴിൽ ഞെരിഞ്ഞമർന്ന് കിടക്കുന്ന ബംഗ്ലാദേശിലെ തുന്നൽ തൊഴിലാളികളും, താലിബാൻ ഭരണം പിടിച്ചെടുത്തതോടെ സ്‌കൂളുകളിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട അഫ്ഗാനിലെ പെൺകുട്ടികളും ഈ പുസ്തകം വായിച്ച് മടക്കുമ്പോൾ നമ്മുടെ ഉള്ളിൽ കിടന്ന് തിളച്ച് മറിയുമെന്ന് തീർച്ച! ഒടുവിൽ ഈ പുസ്തകം മറ്റൊന്ന് കൂടെ പറയുന്നുണ്ട്. അത് ഇതാണ്, പുരുഷകേന്ദ്രീകൃത ലോകത്ത് പുരുഷൻമാർ പരസ്പരം പോരടിക്കുമ്പോൾ, ജയിച്ചവരുടേതും തോറ്റവരുടേതുമല്ലാത്തൊരു ചരിത്രം കൂടെ സൃഷ്ടിക്കപ്പെടുന്നുണ്ട്; മറയ്ക്കപ്പെട്ടവരുടേതും കുഴിച്ചു മൂടപ്പെട്ടവരുടേതും കൂടിയായ ചരിത്രം! -Nithya Lekshmi. L. L (nithyalekshmill@gmail.com)

  ചരിത്രം മറന്നുപോയ പെണ്ണുങ്ങൾ
By Aparna Krishnan
കാണാവുന്നതിനെ കാണാതാക്കുക എന്നർത്ഥം വിവക്ഷിക്കുന്ന അദൃശ്യം എന്ന പദം മുതൽ സുധാമേനോൻ പറഞ്ഞു തുടങ്ങുന്നത് ചരിത്രത്തിന്റെ കാഴ്ചപ്പുറത്തെങ്ങും എത്തില്ലെന്ന് ഉറപ്പുള്ള അനേകം സ്ത്രീചരിതങ്ങളുടെ ചരിത്രമാണ്.ജീവിതാനുഭവങ്ങളുടെ ചാരുതയുള്ള ഓർമ്മക്കുറിപ്പുകൾ. കേവലം ഓർമ്മക്കുറിപ്പുകൾക്കപ്പുറം ഉടലും മനസ്സും അസ്തിത്വവും എന്താണെന്ന് നിർണയിക്കാൻ പോലും കഴിയാത്ത പെൺ മുറിവുകളുടെ അപഹരിക്കപ്പെട്ട നിശബ്ദതകൾ. 6 രാഷ്ട്രങ്ങളിലെ 6 വനിതകൾ. ഓരോ താളും മറിക്കുമ്പോൾ ശ്രീലങ്കയിലെ ജീവലതയും പാകിസ്താനിലെ സൈറയും അഫ്ഗാനിസ്ഥാനിലെ പർവീണും ബംഗ്ലാദേശിലെ സഫിയയും നമ്മളാകുന്നു. ശ്രീലങ്കയിലെ വംശീയ യുദ്ധങ്ങളുടെ ഭീകരമാർന്നൊരു ജീവച്ഛവമായി ജീവലത നമുക്ക് മുന്നിൽ നിൽക്കും, പട്ടിണിയും യുദ്ധവും മുറിവേൽപ്പിച്ച അഫ്ഗാനിലെ സ്ത്രീകൾക്ക് മുന്നിൽ കരുണയുടെ ഒറ്റ മരമായി മാറിയ പർവീൺ, ഓർമ്മകളിൽ സൈറയ്ക്കു ശ്വാസം മുട്ടുമ്പോൾ ഒപ്പം രചയിതാവിനും അനുവാചകനുമാ തീച്ചൂളയിൽ വേവുന്നുണ്ട്, ജീവിതത്തിനു മുന്നിൽ രണ്ട് കാലുമില്ലാതെ പകച്ചുനിന്ന റസിയയും, മനുഷ്യ കടത്തിൽപ്പെട്ട് റെഡ്സ്ട്രീറ്റിലെത്തുന്ന 13കാരി ശ്രേഷ്ഠയും മരണത്തിനു പോലും തെളിവ് നൽകേണ്ടി വരുന്ന രേവമ്മയും തീർച്ചയായും നിങ്ങളെ കരയിപ്പിക്കും. വായിക്കുംതോറും സ്വയം ശബ്ദം നഷ്ടപ്പെട്ടു പോകുന്ന അനുഭവങ്ങൾ. അവ എങ്ങനെയാണോ എഴുത്തുകാരി കേട്ടിരുന്നതെന്ന് അത്ഭുതം തോന്നിപ്പോകും. യുദ്ധങ്ങളും പുരുഷാധിപത്യവും രാജ്യങ്ങളുടെ തകർച്ചയും പൗരോഹിത്യത്തിന്റെ സ്വാധീനവും സ്ത്രീവിരുദ്ധ നിയമങ്ങളുമൊക്കെ പുഴുക്കളെപ്പോലെ ചവിട്ടിയരച്ചുകളഞ്ഞ ആറ് സ്ത്രീകൾ. തീവ്രാനുഭവങ്ങൾ ഒഴുക്കുള്ള ഭാഷയിൽ ഓർമ്മക്കുറിപ്പുകളായി എഴുതുമ്പോഴും സുധാമേനോൻ എന്ന സ്ത്രീ ഓരോ വരിയിലും ശബ്ദിക്കുന്നുണ്ട്. വിവേചനങ്ങളുടെ അടിയൊഴുക്കിൽപ്പെട്ട ജീവിതങ്ങളെ ചേർത്തുപിടിച്ചുകൊണ്ടുള്ള എഴുത്താണത്. "ചരിത്രമെഴുതാൻ മറന്നുപോയ ചരിത്രമെഴുതിയ പെണ്ണുങ്ങളുടെ കഥ!" അതാണ് ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ

  ഉണങ്ങാത്ത പെൺമുറിവുകളുടെ ചരിത്രം
By Remya Ajith
ചരിത്രത്തിന്റെ ഭാഗമായ പല കാര്യങ്ങളും ബോധപൂർവ്വം തമസ്ക്കരിക്കുകയും, വിസ്മരിക്കുകയും, കെട്ടിച്ചമച്ചുണ്ടാക്കിയ നിർമ്മിത ചരിത്രം വായിക്കുവാനും പഠിക്കുവാനും നിർബന്ധിതരാക്കപ്പെടുകയും ചെ0യ്യുന്ന വർത്തമാന കാലത്ത്, അപഹരിക്കപ്പെട്ട ജീവിതത്തെയും, ശബ്ദത്തെയും തിരിച്ചു പിടിക്കാൻ ശ്രമിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന മികച്ച ഒരു പുസ്തകമാണ് സുധ മേനോന്റെ ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ. പുസ്തകം, ആറുഭാഗങ്ങളിലായി, ആറു രാജ്യങ്ങളിലൂടെ, അനേകമായിരം പെൺപോരാട്ടങ്ങളുടെ പ്രതിനിധികളായ ആറു സ്ത്രീകളുടെ സമാനതകളില്ലാത്ത ജീവിതം പറയുന്നു. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിൽ എല്ലാമെല്ലാം നഷ്ടപ്പെട്ട പലായനത്തിന്റെ മുറിവുകൾ മാത്രം അനുഭവിച്ച അനേകമായിരം സ്ത്രീകളുടെ ദുരന്തജീവിതങ്ങളുടെ പ്രതിനിധി കൊക്കടിച്ചോലയിലെ (ശ്രീലങ്ക) ജീവലതയുടെ കഥ. പട്ടാളവാഴ്ചയുടെ ഹൃദയശൂന്യതയും രാഷ്ട്രീയാധികാരത്തിന്റെ ഭീമാകാരശരീരവും ചേർന്ന് കശക്കിയെറിയപ്പെട്ട അനേകം പെൺജീവിതങ്ങളുടെ പ്രതിനിധി ബദീനിലെ (പാകിസ്താൻ) സൈറയുടെ കഥ. കുറച്ച് ഗോതമ്പ് ചാക്കുകൾക്കും ഏതാനും ചെമ്മരിയാടുകൾക്കും, തോക്കുകൾക്കും പകരമായി വ്യവഹാരം ചെയ്യപ്പെട്ട അഫ്‌ഘാനിസ്ഥാനിലെ പർവിണിന്റെയും മതതീവ്രവാദികളും അധികാരകൊതിയൻമാരും പിച്ചി ചീന്തിയ പേരറിയാത്ത ഒരുപാട് പെണ്ണുങ്ങളുടെയും കഥ. ധാക്കാ നഗരത്തിലെ കുടുസ്സു മുറികളിലും ചേരികളിലും എഴുത്തുകാരി കണ്ട സഫിയയുടെ, അബുലിന്റെ, അവരുടെ കുഞ്ഞുങ്ങളുടെ,നസിരുൾ ഇസ്‌ളാമിന്റെ, അയാളുടെ ഉമ്മയുടെ അങ്ങനെ ബംഗാളിലെ നിസ്സഹായ ജീവിതങ്ങളുടെ കഥ. ഭൂകമ്പത്തിന് ശേഷം ജീവിതത്തിൻറെ നിറമുള്ള സ്വപ്നങ്ങളിൽ നിന്നും കാമാത്തിപുരയിലെ ചുവന്ന തെരുവിൽ എത്തപ്പെട്ട ,വിൽക്കപ്പെട്ട നേപ്പാളിലെ ശ്രേഷ്ഠ ഭൂപെൻ തമാംഗ് എന്ന കൊച്ചു പെൺകുട്ടിയുടെ കരളലിയിപ്പിക്കുന്ന കഥ. ബിടി പരുത്തി കൃഷി ചെയ്തതു കൊണ്ട് ഏറ്റവും അധികം കർഷകർ ആത്മഹത്യ ചെയ്ത തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ നിന്നുള്ള ഒരു കർഷക വിധവയായ രേവമ്മയുടെ തീരാ ദുരിതങ്ങളുടെ കഥ. ചരിത്രം അദൃശ്യമാക്കിയവരുടെ പ്രതിനിധികളാണീ പറഞ്ഞവരൊക്കെയും. നിശ്ചയമായും അവർ ആറുപേർമാത്രമല്ല, അവരിലൂടെ, അവരുടെ രാജ്യങ്ങളിലെ സ്ത്രീകളുടെ, പെൺകുഞ്ഞുങ്ങളുടെ അവർ നേരിട്ട/നേരിട്ടുകൊണ്ടിരിക്കുന്ന അവസാനിക്കാത്ത അനീതിയുടെ, ലോകത്ത് എല്ലായിടത്തും ഇരകളായ, പെരുങ്കടലിൽ ഉപ്പുകട്ട പോലെ അലിഞ്ഞു പോകുന്ന ജീവിതം നയിക്കേണ്ടി വന്ന , ചരിത്രത്തിൽ ഇടം കിട്ടാതെ പോയ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതം കൂടി അടയാളപ്പെടുത്താതെ ചരിത്രം പൂർണത പ്രാപിക്കുന്നതെങ്ങനെ??? പെണ്ണിന്റെ തീരാവ്യഥകളുടെയും ദുരിതത്തിന്റെയും ഗാഥകളായിക്കൂടി ചരിത്രം നാം വായിക്കേണ്ടിയിരിക്കുന്നു എന്ന് അടിവരയിട്ട് ഓർമ്മപ്പെടുത്തുന്ന, പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചകൾ നിറഞ്ഞ മികച്ച ഒരു വായനാനുഭവം.

  kaanaatha charithram
By Dileep VK
'ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ ഇരകളുടെ ഓർമപ്പുസ്തകമാണിത്. നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരിക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിൻ്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓർമകൾ.' ചരിത്രത്തിൽ എഴുതപ്പെടുന്നത് വെള്ളിവെളിച്ചത്തിൽ തിളങ്ങിനിന്ന ആണധികാരങ്ങളുടെതു മാത്രമാണ്. ആണധികാരങ്ങൾക്കു തുണയായചില സ്ത്രീകളുടെ പേരുകളും അവിടെ അടയാളപ്പെടുത്തിയിട്ടുണ്ടാകാം. അതിനുമപ്പുറം ചരിത്രമെഴുതുമ്പോൾ അദൃശ്യരാക്കപ്പെട്ട സ്ത്രീകളെ അന്വേഷിച്ചു പോകുകയാണ് സുധമേനോൻ. 'ഞാൻ മുട്ടുകുത്തിയത് നിൻ്റെ മുന്നിലല്ല, മുഴുവൻ മാനവരാശിയുടെയും അനന്തമായ വ്യഥകൾക്കു മുന്നിലാണ്' -ദസ്തയേവ്സ്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന നോവലിൽ സോണിയയോട് റസ്കോൾ നിക്കോവ് പറയുന്ന വിഖ്യാതമായ വാചകത്തിൽ നിന്നാണ് പുസ്തകം ആരംഭിക്കുന്നത്. വാചകം എത്ര മാത്രം അര്ഥവത്താണെന്നു ആറുഭാഗങ്ങളിലായി, ആറു രാജ്യങ്ങളിലൂടെ, ആറു സ്ത്രീകളുടെ സമാനതകളില്ലാത്ത ജീവിതം പറയുന്ന പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. കൊക്കടിച്ചോലയിലെ (ശ്രീലങ്ക) ജീവലത, ബദീനിലെ (പാകിസ്താൻ) സൈറ, അഫ്ഘാനിലെ പർവീൻ, ബംഗ്ലാദേശിലെ സഫിയ, നേപ്പാളിലെ ശ്രേഷ്ഠ തമാംഗ്, ഇന്ത്യയിൽ ജയ്ഗിരിയിലെ രേവമ്മ. ഇവർ ഓരോരുത്തരും സ്വയം ചരിത്രമാണ്. ഭരണഘടനാപരമായ അവകാശങ്ങളും നിയമസംരക്ഷണവും നിഷേധിക്കപ്പെട്ട, നീതിയെന്ന വാക്കിൻ്റെ പരിസരങ്ങളിലേക്ക് തീണ്ടാപ്പാടകലെ നിൽക്കേണ്ടിവരുന്ന സ്ത്രീകളുടെ സങ്കടചരിത്രം. മേൽസൂചിപ്പിച്ചതുപോലെ ആറ് അധ്യായങ്ങളിലൂടെ ആറ് സ്ത്രീകൾ വഴി യുദ്ധവും കലാപവും പ്രകൃതിദുരന്തങ്ങളും വർഗീയ വിഭജനങ്ങളും ആണധികാരവും ലോകമെമ്പാടുമുള്ള സത്രീകളെ കൂടുതൽ നിസ്സഹായരാക്കുന്നത് എങ്ങനെയാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. ലോകത്തെല്ലായിടത്തും മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന മനുഷ്യരുടെ, അവരിൽത്തന്നെ സ്ത്രീകളുടെ, പെൺകുഞ്ഞുങ്ങളുടെ അവർ നേരിട്ട/നേരിട്ടുകൊണ്ടിരിക്കുന്ന അവസാനിക്കാത്ത അനീതിയുടെ ചൂണ്ടുപലകയായാണ് ഈ പുസ്തകം.

  അദൃശ്യമാക്കപ്പെടുന്ന പെൺ ദുരിതങ്ങൾ…
By Uma V M
മറയ്ക്കപ്പെട്ട കദനങ്ങൾ മറനീക്കി പുറത്തു വന്ന് ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിക്കണമെങ്കിൽ സത്യസന്ധവ്യം നിഷ്പക്ഷവുമായ കരങ്ങളുടെ ഉറച്ച കൈത്താങ്ങ് ആവശ്യമാണ്. അദൃശ്യത കൈവിട്ട് ലോകമനസ്സാക്ഷിയുടെ കാഴ്ചവട്ടത്തിലേക്ക് 6 രാജ്യങ്ങളിലെ സ്ത്രീ കഥനങ്ങൾ എത്തിക്കുന്നതിന് ഒരു മനുഷ്യാവകാശ പ്രവർത്തക നടത്തിയ ശ്രമങ്ങൾ വിവരിക്കുന്ന പുസ്തകമാണ്' ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ'. രാജ്യം, പുരോഗതി, അവകാശങ്ങൾ എന്നിവ ഭരണസിരാകേന്ദ്രങ്ങളോട് ചേർന്നു നിൽക്കുന്നവരുടെ ആഡംബരങ്ങളിലും ആവശ്യങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുക, സാധാരണ ജനങ്ങൾക്ക് രാജ്യത്തിലെ പൗരൻ എന്ന പരിഗണന പോലും നൽകാതിരിക്കുക, നിത്യചൂഷിത വർഗം എന്ന നിലയിൽ സ്ത്രീകൾ നെറികേടിനും നീതിനിഷേധത്തിനും, സ്വത്വ ധ്വംസനത്തിനും ഇരയാവുക, മതരാഷ്ട്ര ബോധത്തിന്റെ ഇരുണ്ട നിയമങ്ങൾക്ക് അവരെ അടിമയാക്കുക എന്നിവ ജനാധിപത്യ വിരുദ്ധതയുടെ അടയാളങ്ങളാണ്. അങ്ങനെയുള്ള ദുരിത ജീവിതങ്ങളിലേക്ക് സ്വയം തൊഴിലിന്റെയും, ആത്മ വിശ്വാസത്തിന്റെ യും വെളിച്ചം കടത്തിവിട്ട് ശാക്തീകരണത്തിന്റെ കൈത്താങ്ങുമായി അന്തർദ്ദേശീയ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾ പുസ്തകം അനാവരണം ചെയ്യുന്നു. താൻ കണ്ട ജീവിതാനുഭവങ്ങളെ കരൾ നൊന്തു കീറുന്ന വേദനയോടെയാണ് എഴുത്തുകാരി അവതരിപ്പിക്കുന്നത്. എത്തിപ്പെട്ട ദേശങ്ങളുടെ പ്രകൃതി മനോഹാരിത, ചരിത്രം എന്നിവയെ ഭാവ നിർമ്മലമായ ഭാഷയുടെ തെളിമയിൽ നിർത്തിയുള്ള എഴുത്ത് പോകെപ്പോകെ അഗ്നിപർവ്വത സമാനമായ ആഘാതങ്ങളാകുമ്പോഴും എഴുത്ത് കൊണ്ട് തലോടുന്നുണ്ട് എഴുത്തുകാരി. 230 പേജുകളിൽ ശ്രീലങ്ക, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളിലെ നിത്യദുരിതങ്ങൾ അനുഭവിക്കുന്ന സ്ത്രീകളെ നാം കാണുന്നു. ജീവലത, സൈറ, പർവീൺ, സഫിയ, ശ്രേഷ്ഠ തമാംഗ്, രേവമ്മ എന്നിവർ ലോകത്തെ മുഴുവൻ സ്ത്രീ കദനങ്ങളുടെയും പ്രതിനിധികളും പ്രതീകങ്ങളുമാവുന്നു.

  ആണുങ്ങൾ സൃഷ്ടിച്ച ചരിത്രത്തിൽ അവഗണിക്കപ്പെട്ട ഒട്ടനേകം പെണ്ണുങ്ങളിൽ വെറും ആറുപേരുടെ കഥ.
By Sreenadh I
ചരിത്രം അദൃശ്യമാക്കുന്ന, മിക്കവാറുമെപ്പോഴും അവഗണിക്കുന്ന മുറിവുകൾ.. സ്ത്രീകൾ പേറുന്ന പലവിധ മുറിവുകൾ.. ആറു രാജ്യങ്ങൾ, ആറു സ്ത്രീകൾ, പലവിധമായ അരക്ഷിതാവസ്ഥകൾ ; അതാണ് സുധാ മേനോൻ്റെ ഈ പുസ്തകം പങ്കുവയ്ക്കുന്ന, വായനക്കാരനിലേക്ക് പകർന്നുതരുന്ന, ഏതാനും ചിലയക്ഷരങ്ങൾ മാത്രം കൊണ്ട് വിവരിക്കാനാവാത്ത അനുഭവം. ശ്രീലങ്കയോ ബംഗ്ലാദേശോ ആയിക്കൊള്ളട്ടെ, ജീവലതയോ സഫിയയോ പർവീണോ ആയിക്കോട്ടെ ചരിത്രാതീതകാലം മുതൽക്കേ യുദ്ധം, വംശഹത്യ, പലായനം തുടങ്ങി എല്ലാത്തരം ദുരന്തങ്ങൾക്കുമൊടുവിൽ ഏറ്റവുമറ്റത്ത് ഏറ്റവുമധികം ബാധിക്കപ്പെട്ടതായുണ്ടാവുക ഒരു സ്ത്രീയാവാനാണ് സാധ്യത. ഈ ലോകമങ്ങനെയാണ് ആണുങ്ങളാൽ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. അടുക്കളപ്പുറത്തുനിന്ന് മോക്ഷം കിട്ടിയിട്ടില്ലാത്ത, പള്ളിക്കൂടങ്ങളിൽ നിന്ന് നേരെ താലിയുടെ ബന്ധനങ്ങളിൽപ്പെട്ടുപോകുന്ന, ബുദ്ധിയുറയ്ക്കാത്ത പ്രായത്തിലേ മുലചുരത്തേണ്ടിവരുന്ന, ആരുടെയൊക്കെയോ മാനംകാക്കാൻ മൂടുപടമിട്ടു നടക്കേണ്ടിവരുന്ന, എന്തിന്റെയൊക്കെയോ വിശുദ്ധി കാക്കാൻ പുറത്താക്കപ്പെടുന്ന, ഒരുപാടൊരുപാടു സ്ത്രീകളുടെ ഇടയിൽ ഇതെല്ലാം തികച്ചും സാധാരണമെന്ന കാഴ്ചപ്പാടുകൾക്കിടയിൽ ജീവിതം നയിക്കുന്ന ഒരാളെന്ന നിലയിൽ ഞാനെൻ്റെ ചുറ്റും പർവീണിനെയും ജീവലതയെയുമെല്ലാം കാണുന്നുണ്ട്.. പലപേരിൽ.. പല ഭാഷകൾ സംസാരിക്കുന്നവരായി.. പല ദുരന്തങ്ങളുടെ അവശേഷിപ്പുകളായി.. നാളെ തങ്ങളും അദൃശ്യമാക്കപ്പെടാൻ പോകുന്നവരാണെന്നറിയാതെ അവരുടേതായ ചരിത്രം മെനഞ്ഞുകൊണ്ടിരിക്കുന്നവരായി.. അവരെയെല്ലാവരെയുമെഴുതാൻ ഇനിയുമൊരുപാട് സുധാ മേനോന്മാർ അവർക്കിടയിൽ നിന്നും പിറവികൊള്ളുമായിരിക്കും. വായനക്കാരൻ്റെ ലോകവീക്ഷണവും കാഴ്ചപ്പാടുകളെയും ചുറ്റുമുള്ള സ്ത്രീകളോടുള്ള പെരുമാറ്റത്തെയും പോലും പുനർനിർവചിക്കാൻ പോന്ന, തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.

  ചരിത്രം ആദൃശ്യമാക്കിയ മുറിവുകൾ: ശ്രീമതി സുധ മേനോൻ By Dakshina S.N
By Shaini Noble
മറ്റൊരു പുസ്തകം എടുത്തിട്ടാണ് ഞാൻ ഈ പുസ്തകം വായിച്ചു തുടങ്ങിയത്. വായന തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി ഗൗരവമായി വായിക്കേണ്ട ഒരു പുസ്തകം ആണെന്ന് . യുദ്ധങ്ങളിലും ഗോത്രങ്ങളുടെ അനീതിയിലും മുട്ടുകുത്തേണ്ടി വരുന്ന സ്ത്രീകളെ കുറിച്ചാണ് ഇതിൽ പറയുന്നത് .ശ്രീലങ്ക അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ എന്നീ ഇടങ്ങളിലുള്ള ശ്രീവിരുദ്ധ തുറന്നുകാട്ടുകയാണ് എഴുത്തുകാരി. ശ്രീലങ്കയിലെ ആരും മറക്കാത്ത യുദ്ധ തീവ്രതയിൽ സ്ത്രീകൾക്ക് ഏറ്റവും മുറിവുകളുടെ ഏടുകൾ മറിക്കുമ്പോൾ, ശ്രീലങ്ക: മീൻ പാടും തേൻ രാജ്യം എന്ന് വായിക്കുമ്പോൾ "നിലവിളികൾ ഉയരും ചോര രാജ്യം" എന്ന് വായിക്കാനാണ് എനിക്ക് തോന്നിയത്.ഞാൻ മലാല, ഞാൻ നുജൂദ് ,ഞാൻ നാദിയ എന്നീ പുസ്തകങ്ങൾ വായിച്ചപ്പോൾ തോന്നിയ മാനസികാവസ്ഥ എനിക്ക് ഈ പുസ്തകം വായിച്ചപ്പോൾ അനുഭവപ്പെട്ടു .വലുതാവുമ്പോൾ ഞാനും സുധാമേനോനെ പോലെ അവരെ സഹായിക്കും. 11 വയസ്സുള്ള ഒരു പെൺകുട്ടിയാണ് ഞാൻ. ചിത്രശലഭങ്ങളെ പോലെ പാറിപ്പറക്കേണ്ട ബാല്യത്തിൽ അടിമ പണിയെടുക്കേണ്ടി വരുന്നു പെൺകുട്ടികളുടെ അവസ്ഥ ആലോചിക്കുമ്പോൾ തന്നെ അതിന്റെ ഭീകരത അവസ്ഥയിൽ തീ ചൂളയിൽ പെട്ടെന്ന പോലെ ഞാൻ ഉരുകി പോകുന്നു.തടവിലാക്കപ്പെടുന്ന ബാല്യത്തിന്റെ, കീറിമുറിക്കപ്പെടുന്ന യൗവ്വനത്തിന്റെ ,ഒറ്റപ്പെട്ടുപോകുന്ന വാർദ്ധക്യത്തിന്റെ, അതിരില്ലാത്ത നിസ്സഹായ അവസ്ഥയുടെ വേദന വായിക്കുമ്പോൾ മനസ്സ് വിങ്ങിപ്പൊട്ടി പോകുന്നു. എല്ലാവരും സ്നേഹത്തോടെ , സമാധാനത്തോടെ കഴിഞ്ഞിരുന്നെങ്കിൽ ഈ ലോകം എത്ര നന്നായിരുന്നു. അതിരുകളില്ലാത്ത കരുണയും മാനവമൈത്രിയും ഉണരട്ടെ എന്ന് ഞാൻ ആശിച്ചു പോകുന്നു. ഇരകളാകാൻ മാത്രം ജനിക്കപ്പെട്ട പെൺ ബാല്യത്തെ ഓർക്കുമ്പോൾ ഈ ലോകത്തെ ശാപം കൊണ്ട് മൂടാൻ തോന്നിപ്പോകുന്നു. സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ വിവരിച്ചിരിക്കുന്നു ജീവിതത്തിൻറെ ദുരിതപ്പാടുകൾ മനസ്സിൽ മുറിവായി തന്നെ നിൽക്കുന്നു. ചരിത്രം ആ ദൃശ്യമാക്കിയ മുറിവുകൾ മനസ്സിൽ ദൃശ്യമായി കൊണ്ടേയിരിക്കുന്നു. കണ്ണുനീർ പൊഴിക്കാതെ വായിച്ചു തീർക്കാൻ ആവാത്ത പുസ്തകം ത്യാഗോജ്ജ്ലമായ സ്ത്രീകളുടെ ജീവിതം പകർന്നു നൽകുന്നത് ധീരമായ, തീഷ്ണമായ വായന അനുഭവം.

  അരികുവത്കരിക്കപ്പെട്ടവരുടെ അതിജീവന കഥ
By Shammy Thomas
ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ യുദ്ധങ്ങളും കലാപങ്ങളും പ്രകൃതിദുരന്തങ്ങളും മതപൌരൊഹിത്യവും മുൻഗണനകൾ തെറ്റിയ ഭരണകൂടങ്ങളും എറ്റവും ദുരിതങ്ങൾ നല്കുന്നത് സമൂഹത്തിലെ താഴെക്കിടയിലുള്ള നിർധനരും നിസ്സഹായരുമായ സ്ത്രീകളെയും കുട്ടികളെയുമാണ്‌. തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാരണങ്ങളാല്‍ ജീവിതം ദുരിതങ്ങളില്‍ നിന്ന് ദുരിതങ്ങളിലേക്ക് നിങ്ങിക്കൊണ്ടിരിക്കുമ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ അതിജീവനത്തിന് ശ്രമിക്കുന്ന ആറു ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ആറു സ്ത്രീകളുടെ ജീവിതമാണ് ഈ പുസ്‌തകം. താരതമ്യേന സുരക്ഷിതമായ ഒരു സമൂഹത്തില്‍ നിന്ന് നോക്കുമ്പോള്‍ നമ്മുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത ദുരിതങ്ങളിലൂടെ കടന്നുപോവുന്ന സ്ത്രീകളും കുട്ടികളും; പല രാജ്യങ്ങളില്‍ പലസാമൂഹിക ചുറ്റുപാടുകളില്‍ ജീവിക്കുന്നവര്‍, പല ബാഹ്യകാരണങ്ങളാല്‍ ജീവിതം താളം തെറ്റിയവര്‍, അവരുടെ അതിജീവനശ്രമങ്ങള്‍. യുദ്ധവും കലാപവും മറ്റുദുരന്തങ്ങള്‍ എന്നിവ മൂലം കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കിടയില്‍ സ്വയംസഹായസംഘങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന പ്രൊജക്റ്റ്‌ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി Sudha Menon നേരിട്ട് കണ്ടറിഞ്ഞ ചില ജീവിതങ്ങള്‍ പകർത്തുകയാണു . വളരെ ഹൃദ്യമായ ഭാഷ ശ്രദ്ധയോടെ ഉപയോഗിക്കുന്ന എഴുത്ത് ആയിട്ടുപോലും ഈ പുസ്തകത്തിലെ ചില സംഭവങ്ങൾ നിങ്ങളെ വായന തുടരാനാവാതെ പിടിച്ചുലയ്ക്കും. ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്ന് ഒരു ചരിത്രത്തിലും രെഖപ്പെടുത്താതെപോവുന്ന, അരികുവത്കരിക്കപ്പെട്ട ചില ജീവിതകഥകളാണ് ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ മനുഷ്യത്വമാര്‍ന്ന ആശയങ്ങളും പ്രവര്‍ത്തികളും ലോകത്തുണ്ടാവാന്‍ ഈ ജീവിതകഥകള്‍ സഹായിക്കുമെന്ന് പ്രത്യാശിയ്ക്കാം


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0