ഡേവിഡ് ജോണ്‍ എന്ന കേന്ദ്രകഥാപാത്രമാണ് ഈ നോവലിന്‍റെ നട്ടെല്ല്. ഒരേസമയം രണ്ട് കാലഘട്ടം വിവരിക്കുന്ന, വ്യത്യസ്ത സംസ്കാരത്തെപ്പറ്റി പ്രതിപാദിക്കുന്ന കഥ. രാഷ്ട്രീയവും തീവ്രവാദവും ഇടകലരുന്ന സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന വർണ്ണ വിവേചനങ്ങളെ തുറന്നുകാട്ടുന്ന നോവല്‍ കൂടിയാണിത്. പ്രണയവും പ്രതികാരവും അധികാരദാഹവും കൊല്ലും കൊലയുമെല്ലാം ഈ നോവലിന്‍റെ ഭാഗമാണ്. എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്താന്‍ തക്ക ഒട്ടേറെ ഘടകങ്ങള്‍ ഈ നോവലിലുണ്ട്. ആഴമുള്ള കഥാപാത്രസൃഷ്‌ടികളാണ് മറ്റൊരു സവിശേഷത; വെള്ളിച്ചി, ഏകന്‍, താമര, ഇഷ, ചെമ്പകം, ഇതൾ എന്നിങ്ങനെ ശക്തമായ ഒട്ടനവധി കഥാപാത്രങ്ങള്‍ ഈ നോവലിലുണ്ട്. ഡേവിഡ് ജോണും വെള്ളിച്ചിയും തമ്മിലുള്ള പ്രണയവും ആ പ്രണയത്തിലെ അപ്രതീക്ഷിതമായ വഴിത്തിരിവുകളും കോളേജ് രാഷ്ട്രീയവും അക്രമങ്ങളും വനവാസവുമെല്ലാം ഈ നോവലിന്‍റെ പ്രധാന കഥാപരിസരങ്ങളാണ്. അങ്ങേയറ്റം ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളാണ് നോവലിന്‍റെ മറ്റൊരു സവിശേഷത.
തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട മാരൻ എന്ന വിപ്ലവകാരി, തുരുത്ത് എന്ന നിഗൂഢഗ്രാമത്തിലേക്ക് കടക്കുന്നു. തുടർന്ന് മാരനെ പിടികൂടാൻ തുരുത്തിലേക്ക് പല സംഘങ്ങളും എത്തുന്നു. അവരെ ഓരോരുത്തരെയും സ്വാഗതം ചെയ്താനയിക്കുന്ന തുരുത്ത്, കാഴ്ചകളുടെ ഭ്രമിപ്പിക്കുന്ന ലോകം അതിഥികൾക്കുമുന്നിൽ അനാവരണം ചെയ്യുന്നു. കാട്ടുവേരുകൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന തുരുത്തിലെ അപരിചിതമായ കാഴ്ചകളിലോരോന്നിലും ഭയം പതിയിരിക്കുന്നു. ഒരു വശത്തുകൂടി ചരിത്രവും രാഷ്ട്രീയവും വിപ്ലവവും സംസാരിക്കുമ്പോൾ മറുവശത്ത് ഉദ്വേഗം ചോരാതെ കോർത്തിണക്കിയ മിത്തുകളും കെട്ടുകഥകളും നോവലിനെ മുന്നോട്ട് നയിക്കുന്നു. ഒരു സർവൈവൽ ത്രില്ലറിന് സമാനമായ രീതിയിൽ മുന്നേറുന്ന ആഖ്യാനവും അവസാന പേജുവരെ നില നിർത്തിപ്പോരുന്ന ആകാംക്ഷയും എടുത്തുപറയേണ്ട സവിശേഷതകളാണ്.
എഴുപത്തിയൊന്ന് ചതുര്‍യുഗങ്ങൾ ചേരുന്ന വൈവസ്വത മന്വന്തരത്തിന് അവസാനം കുറിക്കുന്ന പൗര്‍ണ്ണമി... ആ പൗര്‍ണ്ണമിരാവ് സുപ്രധാനമായ പല തുടക്കങ്ങള്‍ക്കും ഒടുക്കങ്ങള്‍ക്കും സാക്ഷിയാണ്. പുതിയ മനുവിന്റെ സ്ഥാനാരോഹണവും പൂര്‍വ്വികസമ്പത്തിന്റെ സംരക്ഷണവും ജന്മനിയോഗമായുള്ള അഗ്നിശര്‍മ്മൻ തന്റെ കര്‍ത്തവ്യങ്ങളുമായി മുന്നേറുമ്പോൾ ദുഷ്ടശക്തികളും കളം നിറഞ്ഞാടാനൊരുങ്ങുന്നു. പാടഗിരിയിലെ കൊലപാതകവും നിളാവതിയുടെ ഗ്രന്ഥവുമെല്ലാം ഈ കഥയുടെ കുരുക്കിലകപ്പെടുന്നു. നന്മതിന്മകളുടെ ഈ കുരുക്ഷേത്രഭൂമിയിൽ ആര് വാഴും, ആര് വീഴും എന്നത് വിധിഹിതം.