• Text
  • Text

MAMA AFRICA

By : T. D. RAMAKRISHNAN



Book : MAMA AFRICA
Author: T. D. RAMAKRISHNAN
Category : Novel, April special
ISBN : 9789352827770
Binding : Normal
Publishing Date : 27-02-2026
Publisher : DC BOOKS
Edition : 12
Number of pages : 440
Language : Malayalam
Paper Back

Publisher: DC BOOKS
₹385.00 ₹499.00 23% off





Book Summary

മലയാളത്തില്‍ എഴുതി ഇംഗ്ലിഷിലും സ്വഹിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന യുഗാണ്ടന്‍ എഴുത്തുകാരി താരാ വിശ്വനാഥിന്റെ രചനകളുടെ രൂപത്തിലാണ് ടി.ഡി. രാമകൃഷ്ണന്‍ ഈ നോവല്‍ ആഖ്യാനം ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ റെയില്‍വേ നിര്‍മ്മാണത്തിനായി ആഫ്രിക്കയിലേക്കു കൊണ്ടുപോയ മലയാളികളില്‍ ഒരാളുടെ പിന്‍മുറക്കാരിയാണ് താര. അധികാരശക്തികള്‍ക്കു മുമ്പില്‍ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് താരാ വിശ്വനാഥിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്.

WRITE A REVIEW

Product name: Mama Africa

Review title:



Your Ratings:

Your Message:




Book Reviews

   അധികാരശക്തികളുടെ അപ്രമാതിത്വം
By kripesh kunjappan
ബ്രിട്ടീഷുകാരുടെ അധികാരകടന്നുകയറ്റം മലയാളികളുടെ വ്യക്തിജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് മനോഹരമായ ഭാഷയില്‍ എഴുതിയിരിക്കുന്ന നോവല്‍.ഹൃദയസ്പര്‍ശി

  മനുഷ്യരുടെ കഥ
By Aswathi Achu
മാമ ആഫ്രിക്ക ടി. ഡി രാമകൃഷ്ണന്റെ ആഫ്രിക്കൻ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് 'മാമ ആഫ്രിക്ക'. മലയാളത്തിൽ എഴുതി ഇംഗ്ലീഷിലും സ്വാഗിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഉഗാണ്ടൻ എഴുത്തുകാരി താരാവിശ്വനാഥന്റെ രചനകളുടെ രൂപത്തിലാണ് ടി. ഡി ഈ നോവ ൽ ആഖ്യാനം ചെയ്തിട്ടുള്ളത്. ആത്മകഥാ രൂപത്തിലുള്ള നോവലൈറ്റും കഥകളും കവിതകളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള രീതിയാണ് ഈ നോവൽ എഴുതിയിട്ടുള്ളത്. ഉഹുറു അഥവാ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാമാണ് ഇതിൽ ചർച്ച ചെയ്യുന്നത്. ബ്രിട്ടീഷുകാർ റെയിൽവേ നിർമ്മാണത്തിനായി ആഫ്രിക്കയിലേക്ക് കൊണ്ടുപോയ മലയാളികളിൽ ഒരാളുടെ പിന്മുറക്കാരിയാണ് താര. അക്ഷരത്തിലൂടെ എഴുത്തിലൂടെ വിപ്ലവം സൃഷ്ടിക്കാമെന്ന് വിശ്വസിച്ച എഴുത്തുകാരിയാണവൾ. യാഥാർത്ഥ്യവും മിത്തും ഫാന്റസിയും മനുഷ്യന്റെ മനസ്സിന്റെ ചിന്തകൾക്കപ്പുറത്തേക്ക് വികസിപ്പിച്ചു കൊണ്ട് ഒരു ചരിത്രയാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വായനക്കാരനെ ഉന്മാദാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയാണ് നോവൽ. ഇത് ഒരു പറ്റം മലയാളികളുടെ കഥയാണ്. പ്രവാസികളുടെ കഥയാണ്. അധികാരത്തിന്റെയും ആർത്തികളുടെയും സ്വാർത്ഥ ആരുടെയും അന്ധവിശ്വാസങ്ങളുടെയും കഥയാണ്. ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്നീ നോവലുകളിലെത്തെപോലെ ചരിത്രം, യാഥാർത്ഥ്യം, മിത്തുകൾ, ഫാന്റസികൾ , വിപ്ലവം, ഫെമിനിസം, രതി ഇവയെല്ലാം ചർച്ച ചെയ്യുന്നു. മനുഷ്യമനസ്സുകൾക്കുള്ളിലേക്ക് ആഴ്ന്നിറങ്ങി അവയെ ഓരോന്നിനെയും പുറത്ത് വലിച്ചു കൊണ്ടു വന്ന് സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയാണ് നോവലിസ്റ്റ്. ' മാമ' എന്നാൽ അമ്മ എന്നാണർത്ഥം മാമആഫ്രിക്കയുടെ അമ്മയാണ്. ഈ നോവലിൽ താര എന്ന കഥാപാത്രത്തോട് മാത്രം സംവദിക്കുന്ന ഒരമ്മയാണ് അല്ലെങ്കിൽ ദേവിയാണ് മാമ ആഫ്രിക്ക. മാമ ആഫ്രിക്ക എന്ന നോവലൈറിൽ കൂടി താര തന്റെ ആത്മകഥ പറയുന്നു. ഇത് മാമ ആഫ്രിക്കയുടെ കഥയാണ്, അതേസമയം താരയുടേതും. താരക്കാദ്യമായി സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോഴാണ് മാമ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. മിൽട്ടൺ ഒബോട്ടോ സ്ഥാന ഭ്രഷ്ടനാക്കപ്പെടുന്നു.ഇദി അമേൻ അധികാരമേൽക്കുന്നു. ആ ദിവസങ്ങളിലെ ആഘോഷവേളകളിൽ മൂന്ന് ഇന്ത്യൻ വംശജരാ യ യുവാക്കൾ സുന്ദരിയായ മൊയന്തിയെ താര യെ കിഡ്നാപ്പ് ചെയ്ത് രഹസ്യ സങ്കേതത്തിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നു. ഈ സമയം മാമ ആഫ്രിക്ക അവിടെ എത്തുകയും യുവാക്കളെ തുരത്തിയോടിക്കുകയും ചെയ്യുന്നു. ഒരു രക്ഷകനായിട്ടാണ് മാമയുടെ രംഗപ്രവേശനം. എല്ലാ ആപത് വേളകളിലും മാമആഫ്രിക്ക ആശ്വാസമായി, അഭിപ്രായമായി, ആജഞകളായി, അക്ഷരങ്ങളായി, നിർദേശങ്ങളായി, ഉപായങ്ങളായി താരയുടെ സ്വപ്നങ്ങളിൽ സങ്കൽപങ്ങളിൽ ഒപ്പം നിന്നു. മാമ ഒരു മിത്ത് മാത്രമായിരുന്നു. ഇങ്ങനെ തന്നെ പരസ്പരം വിരുദ്ധമെന്ന് തോന്നാവുന്ന ജീവിത വീക്ഷണങ്ങൾ ഈ നോവലിൽ നിരവധി കാണാം.

  വന്യമായ മാമ
By Ragini NV
എന്റെ ഭാഷക്കുള്ള പോരായ്മയാവാം. ഒറ്റവാക്കിൽ എന്താണ് ഈ പുസ്‌തകതെ കുറിച്ചു പറയുകയെന്നെനിക്ക് അറിയില്ല. എന്നാലും അതിഗംഭീരമായ രീതിയിൽ ഭയാനകമായ ഒരു നോവലാണ് TD രാമകൃഷ്ണന്റെ മാമ ആഫ്രിക്കയെന്നു നിസംശയം പറയാം. കഥ പറയുന്ന രീതിയും പറയുന്ന കാലഘട്ടവും അസ്വാദകനു ശരിക്കും ഒരു സദ്യയുടെ ഫീലാണ് തരുന്നത്. താരയും ഇവാനും എല്ലാം എവിടെയോ എനിക്ക് ചുറ്റിലുമായി ജീവിക്കുന്നവരാണെന്നൊരു ഭാവം നോവലിന്റെ അന്ത്യത്തിൽ ലഭിക്കുന്നുണ്ട്. കഥ ആഫ്രിക്കയിൽ നിന്നും മാറി എന്തോ, നമ്മുടെ കേരളത്തിൽ നമ്മൾ അനുഭവിച്ച ആ കറുത്ത കാലഘട്ടങ്ങൾ ഓർമിപ്പിക്കുന്നു. ആഫ്രിക്കയുടെ വന്യതയും അതിന്റെ മനോഹാരിതയുമെല്ലാം അതുപോലെ തന്നെ മാമ ആഫ്രിക്കയിൽ കൊതിവച്ചിരിക്കുന്നു. അതുകൊണ്ടാണ് വിക്ടോറിയ തടാകത്തിൽ താമസിക്കുന്ന മാമയുടെ എല്ലാ ഭാവങ്ങളും നമ്മുക്ക് യാതൊരു വിധത്തിലുള്ള സങ്കോചവും കൂടാതെ ഉൾക്കൊള്ളാൻ പറ്റുന്നത്. ആഫ്രിക്കയുടേത് പോലെ തന്നെ വരണ്ടതും, ആർദ്രമായതുമായ രീതിയിലാണ് കഥയും മുന്നോട്ട് പോവുന്നത്. കഥ പറച്ചില്ലിന്റെ ഈ മനോഹാരിത, വേറെ ഒരു നോവലിലും ഞാൻ ഇത് വരെ കണ്ടിട്ടില്ല. SK പൊറ്റകാടിനു ശേഷം ആഫ്രിക്കയുടെ വന്യത കേരളീയർക്ക് പരിചയപ്പെടുത്തിയ മനോഹരമായ നോവൽ തന്നെയാണ് മാമ ആഫ്രിക്ക. -Ragini NV

  മാമ ആഫ്രിക്ക
By Hari AJ
"സോഫിയ എഴുത്തുകാർ ലോകത്തെവിടെയും സെൻസർ ചെയ്യപ്പെടും. സ്വർഗ്ഗത്തിലും. !'' ഞാൻ വായിക്കുന്ന ടി. ഡിയുടെ മൂന്നാമത്തെ നോവലാണ് 'മാമ ആഫ്രിക്ക '. സുഗന്ധിയെയും ഇട്ടിക്കോരയെയും താരതമ്യം ചെയ്തു മുമ്പ് ഞാൻ സംസാരിച്ചിരുന്നു. മാമ ആഫ്രിക്കയും മറ്റു രണ്ടു നോവലുകളുംപോലെ ചരിത്രവും മിത്തും കൂടിക്കലർന്നൊരു സൃഷ്ടിയാണ്. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി വായിക്കുമ്പോൾ ഇടയ്ക്ക് വിരസത തോന്നിത്തുടങ്ങിയപ്പോൾ ഒന്ന് രണ്ട് പേജുകൾ അലക്ഷ്യമായി മറിച്ചു വിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ മാമ ആഫ്രിക്ക എന്നെ അക്ഷരാർത്ഥത്തിൽ പിടിച്ചിരുത്തിക്കളഞ്ഞു. . . . ഇനി നോവലിനെക്കുറിച്ച്, ആഫ്രിക്കയാണ് ഈ നോവലിന്റെ ഭൂമിക. മലയാളത്തിലെഴുതി ഇംഗ്ലീഷിലും സ്വഹിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന യുഗാണ്ടൻ എഴുത്തുകാരി താരാ വിശ്വനാഥിന്റെ രചനകളുടെ രൂപത്തിലാണ് ടി. ഡി. ഈ നോവൽ ആഖ്യാനം ചെയ്യുന്നത്. ബ്രിട്ടീഷുകാർ റെയിൽവേ നിർമ്മാണത്തിനായി ആഫ്രിക്കയിലേക്ക് കൊണ്ടുപോയ മലയാളികളിൽ ഒരാളുടെ പിന്മുറക്കാരിയാണ് താര. ആഫ്രിക്കയിലെ സാധാരണക്കാരുടെ ജീവിതം, അവിടുത്തെ അന്ധവിശ്വാസങ്ങൾ, ഉഗാണ്ടയിലെ ഏകാധിപതിമാരായ ഭരണാധികാരികൾ, അവരാൽ വേട്ടയാടപ്പെടുന്ന സാധാരണക്കാർ എന്നിങ്ങനെ ആഫ്രിക്കൻ ജനതയുടെ ജീവിതത്തിന്റെ സമസ്ത മേഖലകളും മാമ ആഫ്രിക്കയിൽ പരാമര്ശിക്കപ്പെടുന്നുണ്ട്. കഥ വായിച്ചുതുടങ്ങുമ്പോൾ ടി. ഡി. എന്ന എഴുത്തുകാരൻ താരാ വിശ്വനാഥിലേക്ക് പരകായപ്രവേശം നടത്തുന്നത് നമുക്ക് കാണാൻ സാധിക്കും. മാമ ആഫ്രിക്കയിലൂടെ ഫാന്റസിയെ അതിന്റെ ഉത്തുംഗശൃംഗത്തിൽ എത്തിക്കാൻ ടി.ഡിയ്ക്ക് സാധിച്ചിട്ടുണ്ടെന്നുള്ളത് എടുത്തു പറയപ്പെടേണ്ട വസ്തുതയാണ്. അധികാരശക്തികൾക്കു മുമ്പിൽ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് താരാ വിശ്വനാഥിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നത്. ഒരുപാട് ആസ്വദിച്ചു വായിച്ചൊരു നോവലാണ് മാമ ആഫ്രിക്ക.

  മാമ ആഫ്രിക്ക
By Pradeep V K
????ഞാനിപ്പോൾ ആ കറുത്ത കുതിരപ്പുറത്തിരുന്ന് ആകാശത്തിൽക്കൂടി പറക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ മൊംബാസ കടന്ന് ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തി. അഗാധമായ നീലിമയുടെ ഭംഗിയിൽ ലയിച്ചിരിക്കുമ്പോൾ കുതിരയെന്നോട് ചോദിച്ചു. "കുട്ടി, ആദ്യമായി കടൽ കാണുകയാണല്ലേ?" ."അതെ, കടലിനെന്തൊരു ഭംഗ്യാ," ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "മോളേ, ചിരിക്കരുത്, കാലത്തിന്റെ കണ്ണുനീരാണ് കടൽ. ലോകത്തിൽ മനുഷ്യന്റെ ആർത്തികൊണ്ട് ജീവൻ നഷ്ടപ്പെട്ട കോടാനുകോടി ജീവജാലങ്ങളുടെ കണ്ണുനീർ . അതുകൊണ്ടാണെപ്പോഴും കടൽ തേങ്ങിക്കൊണ്ടിരിക്കുന്നത്. ഞാനും നൂറ്റാണ്ടുകൾക്കുമുമ്പ് മരിച്ചുപോയതാണ്." ഞാൻ ചിരി നിർത്തി. താഴെ കടലിലേക്ക് നോക്കി. ശരിയാണ്. കടൽ തേങ്ങിക്കരയുകയാണ്. നിർത്താതെയുള്ള കരച്ചിൽ.???? ???? മാമ ആഫ്രിക്ക ( ടി ഡി രാമകൃഷ്ണൻ ) / നോവൽ / ഡിസി ബുക്സ് / 440 Pages / Rs. 430/- ????ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയും സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും വായിച്ചിട്ടുള്ളവർക്ക് അദ്ദേഹത്തിന്റെ രചനയുടെ പ്രത്യേകത അറിയാമായിരിക്കും. മിത്തും ഫാന്റസിയും യാഥാർത്ഥ്യവും കൂട്ടികലർത്തി വയലൻസും സെക്സും കൃത്യമായി കലർത്തി വായനക്കാരെ ആകാംഷാഭരിതരാക്കുന്ന രചനാ ശൈലിയാണ് അദ്ദേഹത്തിന്. തന്റെ നാലാമത്തെ നോവലായ മാമ ആഫ്രിക്കയിൽ ആഫിക്കൻ രാജ്യമായ യുഗാണ്ടയുടെ 1895 മുതലുള്ള നൂറ് വർഷക്കാലത്തെ ചരിത്രവും രാഷ്ട്രീയവും ഫാന്റസിയിൽ ചാലിച്ച് അദ്ദേഹം അവതരിപ്പിക്കുന്നു. 1895 ൽ ആരംഭിച്ച കിഴക്കൻ ആഫ്രിക്കയിലെ മൊംമ്പാസയിൽ നിന്ന് വിക്ടോറിയ തടാകം വരെയുള്ള റെയിൽ നിർമ്മാണത്തിനായി പോയ മുപ്പതിനായിരത്തോളം ഇന്ത്യക്കാരിൽ ഒരാളായിരുന്ന പണിക്കരുടേയും അദ്ദേഹത്തിന്റെ അടുത്ത രണ്ട് തലമുറകളുടേയും കഥയാണ് മാമ ആഫ്രിക്ക. ????താര വിശ്വനാഥ് എന്ന മലയാളിയായ ആഫ്രിക്കൻ എഴുത്തുകാരിയാണ് മാമ ആഫ്രിക്കയിലെ കേന്ദ്ര കഥാപാത്രം. താര വിശ്വനാഥ് തന്റെ ആത്മകഥാംശത്തിൽ എഴുതിയ നോവലെറ്റും കഥകളും കവിതകളും അതോടൊപ്പം ആത്മകഥയും ചേർന്ന രൂപത്തിലാണ് ഈ നോവൽ എഴുതിയിരിക്കുന്നത്. മലയാളത്തിൽ എഴുതി ഇംഗ്ലീഷിലേക്കും സ്വാഹിലിയിലേക്കും മൊഴിമാറ്റം ചെയ്താണ് താര വിശ്വനാഥ് തന്റെ രചനകൾ പ്രസിദ്ധീകരിക്കുന്നത്. എഴുത്തുകാരനും കൂടി ഒരു കഥാപാത്രമാകുന്ന ഈ നോവലിൽ ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകളും അൽ അറേബ്യൻ നോവൽ ഫാക്ടറിയും പോലെ എഴുത്തുകാരിയായ കേന്ദ്രകഥാപാത്രത്തിനെ യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നോവലിലുടനീളം നടത്തിയിട്ടുണ്ട്. ????സുഗന്ധിയെക്കാളും ഉപരിയായി വ്യക്തമായി രാഷ്ട്രീയം പറയുന്നുണ്ടെങ്കിലും മാമ ആഫ്രിക്ക ഒരു ഫിക്ഷൻ ആയിത്തന്നെയാണ് വായിച്ചാസ്വദിച്ചത്. ഇദി അമീൻ ഉൾപ്പെടെ യുഗാണ്ടയിലെ യഥാർത്ഥത്തിലുള്ള നിരവധി വ്യക്തികൾ നോവലിൽ കഥാപാത്രങ്ങളായി വരുന്നുണ്ട്. യുഗാണ്ടയിലെ അതിക്രൂരനായ ഭരണാധികാരിയായിരുന്ന ഇദി അമീന്റെ മറ്റൊരു ഒരു മുഖം കൂടി നോവലിൽ രസകരമായി അവതരിപ്പിക്കുന്നുണ്ട്. ഭൂമിയിൽ മനുഷ്യൻ ആദ്യമായുണ്ടായത് ആഫ്രിക്കയിലാണ് എന്ന കാര്യം വളരെ മനോഹരമായി മാമ ആഫ്രിക്ക എന്ന കഥാപാത്രത്തിലൂടെ നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. ബൈബിളിലെ ദൈവവും ആദവും ഹവ്വയും സാത്താനും എല്ലാം മാമയും ക്വാൻസ കുസലീവയും മലായികയും മബാക്കയും ആയി മാറുന്ന ഫാൻറസി രംഗങ്ങൾ വളരെ നന്നായി കൈകാര്യം ചെയ്യാൻ ടി ഡി രാമകൃഷ്ണന് കഴിഞ്ഞിട്ടുണ്ട്. ????രാമായണവും എഴുത്താണിയും തമ്മിലുള്ള സംഭാഷണ രൂപത്തിൽ എഴുതിയിരിക്കുന്ന എഴുത്താണി എന്ന കഥ ഭാഷയുടെ പ്രത്യേകത കൊണ്ടും ക്ലൈമാക്സിലെ പുതുമ കൊണ്ടും പരാമർശിക്കാതെ തരമില്ല. മുൻ നോവലുകളിൽ നിന്ന് വിഭിന്നമായി സെക്സും വയലൻസും മാമ ആഫിക്കയിൽ താരതമ്യേന കുറവാണ്. നോവലെഴുത്തിൽ ടിഡിയുടെ വളർച്ച മാമ ആഫിക്കയിൽ വ്യക്തമായി പ്രകടമാണ്. പുതുമയുള്ള ആഖ്യാനശൈലിയും രസകരമായ ആവിഷ്കാരവും കൊണ്ട് 440 പേജുകൾ ഉണ്ടെങ്കിലും ഒട്ടും ബോറടിക്കാതെ വായിച്ച് തീർക്കാൻ കഴിഞ്ഞ നോവലാണിത്. എല്ലാത്തിലും ഉപരിയായി ഒരു രാജ്യത്തിനെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങളും അതിന്റെ പരിണിതഫലവും വ്യക്തമായി മനസ്സിലാക്കിത്തരാൻ ഈ നോവലിന് കഴിയുന്നുണ്ട്. ????നിറത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സമ്പത്തിന്റെയും പേരിൽ അപമാനങ്ങളും അകറ്റിനിർത്തലുകളും നേരിട്ടിട്ടുള്ള ആഫിക്കൻ ജനതയുടെ അവസ്ഥ പല രീതിയിലും ഇന്ത്യൻ സാഹചര്യങ്ങളുമായി താദാത്മ്യപ്പെടുന്നതാണ്. ഗോത്രങ്ങൾ തമ്മിലുള്ള ചേരിപ്പോരും അന്ധവിശ്വാസത്തിന്റെ അപകടകരമായ രീതിയിലുള്ള പിടിമുറുക്കലും ഒരു സമൂഹത്തെ തകർക്കുന്നത് ജാതിയുടെയും വിശ്വാസത്തിന്റെയും പേരിൽ ചേരി തിരിഞ്ഞിരുന്ന നമ്മുടെ സമൂഹത്തിന് പരിചിതമായിരിക്കും. താര വിശ്വനാഥും ഇവാൻ മുകാസയും മാമ ആഫ്രിക്കയും അബ്ദുൾ റഷീദും ഇദി അമീനും കോമ്രേഡ് പണിക്കരും ഒക്കെ ശ്രദ്ദേയമാകുന്നതും ആ അർത്ഥത്തിലും കൂടിയാണ്. ©️ PRADEEP V K

  ഉഹുറു
By Saritha Reji
ഒരിക്കൽ പോലും കേരളം കാണാത്ത മലയാളം സംസാരിക്കുന്ന മലയാളത്തിൽ എഴുതുന്ന മലയാളിയായ ആഫ്രിക്കക്കാരി ..... അതാണ് താരാ വിശ്വനാഥ് . താര എന്ന എഴുത്തുകാരിയെ കേന്ദ്ര കഥാപാത്രമാക്കി ആഫ്രിക്കയുടെ പശ്ചാത്തലത്തിൽ ടി.ഡി.രാമകൃഷ്ണൻ എഴുതിയ നോവൽ ആണ് മാമ ആഫ്രിക്ക. ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളിൽ താര എഴുതിയ ആത്മകഥാംശമുള്ള കവിതകൾ , കഥകൾ എന്നിവയുടെ സമാഹാരമായിട്ടാണ് നോവലിന് രൂപകല്പന നൽകിയിട്ടുള്ളത് . താരയുടെ മരണശേഷം മകൾ സോഫിയയുടെ ആവശ്യപ്രകാരം പുറത്തിറക്കുന്ന സമാഹാരത്തിൻ്റെ എഡിറ്ററുടെ വേഷമാണ് നോവലിൽ സ്വയം ഒരു കഥാപാത്രമായി മാറുന്ന എഴുത്തുകാരൻ സ്വീകരിക്കുന്നത് . ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയുടെ ചരിത്രവും രാഷ്ട്രീയവും വർഗ്ഗീയതയും ഗോത്ര വംശങ്ങളുടെ കുടിപ്പകയുമെല്ലാമാണ് നോവലിൻ്റെ പശ്ചാത്തലമെങ്കിലും ഒരു ഫിക്ഷൻ നോവൽ പോലെ രസകരമായി വായിക്കാവുന്ന ഒന്നാണ് മാമ ആഫ്രിക്ക . ഭൂമിയുടെ ഉല്പത്തി , മനുഷ്യനിലേക്കുള്ള പരിണാമം , ദേശങ്ങളുടെയും ഗോത്രങ്ങളുടെയും വംശങ്ങളുടെയും മതങ്ങളുടെയും രൂപീകരണം എന്നിവയെ കുറിച്ചുള്ള ശാസ്ത്രീയ വാദങ്ങളും മതപരമായ വാദങ്ങളും ഇടകലർത്തി ഒരു മനോഹരമായ കഥ മാമ എന്ന പുതിയ ദേവിയെ സൃഷ്ടിച്ച് താരയിലൂടെ ജനിപ്പിച്ചിരിക്കയാണ് കഥാകാരൻ . ഭാരതീയ സങ്കല്പങ്ങളായ ലക്ഷ്മിയും ദുർഗ്ഗയും,ഡാർവിൻ്റെ പരിണാമവും , സാത്താനും ഹവ്വയും ആദവും പറുദീസയും വ്യത്യസ്ത രൂപങ്ങളിൽ ഈ കഥയിൽ കാണാം . ഭൂമിയുടെ മാതാവായ മാമ ,ക്വാൻസ കുസലീവ , മലായിക, മബാക്ക, മറൂള പഴം എന്നിവ അതിന് ഉദാഹരങ്ങൾ മാത്രം . ലളിത സഹസ്രനാമവും രാമായണവും മുഴുവൻ കാണാതെ ചൊല്ലുന്ന എഴുത്തുകാരിയുടെ ദൈവസങ്കല്പം എന്നത് സാമ്പ്രദായിക മത ചിന്തകളുടെ വേലി കെട്ടുകളിൽ നിൽക്കുന്ന ഒന്നായിരുന്നില്ല . അതൊരു വെളിച്ചമായിരുന്നു .... മനസ്സിനകത്തെ പ്രകാശം . പ്രപഞ്ചത്തിൻ്റെയും സകല സൃഷ്ടികളുടെയും കാരണമായ വിശുദ്ധ ചൈതന്യം . രൂപമോ ഭാവമോ കൃത്യമായി നിർവ്വചിക്കാനാവാത്ത ദൈവിക പ്രകാശം . ദൈവം തൻ്റെ വിശുദ്ധ ചൈതന്യത്തിൻ്റെ ഒരംശം - ചിന്തകളുടെയും ഭാവനയുടെയും അനന്തവും അപാരവുമായ സാധ്യതകളുടെ ആവിഷ്കാരം - ബുദ്ധി എന്ന അത്ഭുതം അഥവാ മനസ്സിനകത്തെ പ്രകാശം തൻ്റെ വിശിഷ്ട സൃഷ്ടിയായ മനുഷ്യന് പകർന്ന് നൽകി . ഏകാധിപതിയുടെ കയ്യിൽ അകപ്പെട്ട താരയുടെ വ്യത്യസ്ത മാനസികാവസ്ഥയും ആഫ്രിക്കൻ ഗോത്രങ്ങളിലെ നീചമായ ദുരാചാരങ്ങളെയും അതിൽ നിന്നുള്ള സാഹസികമായ രക്ഷപ്പെടലിൻ്റെയും കഥ പറയുന്ന താരയുടെ മാമ ആഫ്രിക്ക എന്ന നോവലൈറ്റ് തുടങ്ങുന്നത് ഭൂമിയുടെ മാതാവായ മാമയെ കുറിച്ചും ലോകത്തിലാദ്യമായി ജനിച്ച മനുഷ്യനെ കുറിച്ചും പറഞ്ഞു കൊണ്ടാണ് . മനുഷ്യൻ്റെ രക്തത്തിൽ കലർന്ന ആർത്തിയും സ്വാർത്ഥതയും മനുഷ്യൻ്റെ മാത്രം കുറ്റമല്ല ,പ്രലോഭനങ്ങളെ നേരിടാനുള്ള തന്ത്രങ്ങൾ മനുഷ്യബുദ്ധിയിൽ ചേർക്കാൻ വിട്ടുപോയതിൽ സുഷ്ടി മാതാവിന് സംഭവിച്ചു പോയ പാകപിഴവും കൂടിയാണെന്ന് കാണിച്ച് കൊണ്ടാണ് രാജ്യത്തിലെ ഭരണാധികാരിയുടെ ക്രൂരതകളുടെ കഥകൾ പറഞ്ഞു തുടങ്ങുന്നത് . ലൈംഗികതയും രതിയും ദൈവീക അനുഭവങ്ങളായും അനുഷ്ടാനങ്ങളിലൂടെ അനുവർത്തിക്കേണ്ട വിശുദ്ധ പ്രവർത്തിയായും പ്രണയത്തിൻ്റെ അനിവാര്യമായ പ്രകടനമായും ചിത്രീകരിക്കുന്ന എഴുത്തുകാരൻ്റെ സ്ഥിരം ശൈലി മറ്റു നോവലിലുകളെ പോലെ ഈ നോവലിലും കാണാം .കയ്പേറിയ ജീവിതാനുഭവങ്ങളിലൂടെയും ദുരന്തങ്ങളിലൂടെയും യാതനകളിലൂടെയും പിന്നിട്ട താരയുടെ കഥ പിന്നീട് എഴുത്തിൻ്റെയും വിപ്ലവത്തിൻ്റെയും പ്രണയത്തിൻ്റെയും അനുഭവങ്ങളിലൂടെ പുരോഗമിക്കുന്നു . പ്രണയത്തിൻ്റെ താക്കോൽ കൊണ്ട് മാത്രം തുറക്കാൻ കഴിയുന്നൊരു പൂട്ട് സ്ത്രീ ഹൃദയത്തിനുണ്ട് എന്നും പ്രണയം എന്നത് കിളിമഞ്ജാരോ കയറ്റമാണെന്നും താര പറഞ്ഞു തരുന്നു . മലകയറ്റം എന്നത് മലയെ കീഴടക്കൽ അല്ല , മലയെ അറിയലാണ് .... പ്രണയത്തിലും അങ്ങിനെ തന്നെ . " പോലെ പോലെ " എന്ന മുദ്രാവാക്യം മലകയറ്റത്തിൽ എന്ന പോലെ പ്രണയത്തിലും അനിവാര്യമാണ് . തിരക്ക് കൂട്ടിയാൽ പിന്മാറേണ്ടിവരും . കൊടുമുടിയുടെ മുകളിലേക്ക് കയറും തോറും പ്രാണവായുവിൻ്റെ അളവ് കുറേശ്ശെ കുറയും പ്രണയത്തിൽ മുന്നോട്ട് പോകുംന്തോറും പ്രാണവായു പോലെ പ്രണയത്തെ മുറുകെ പിടിക്കും പോലെ ....മല കയറ്റത്തിൻ്റെ , പ്രണയത്തിൻ്റെ കുത്തനെയുള്ള കയറ്റത്തിൽ ഒരടി പിഴച്ചാൽ കൂട്ടികൊണ്ടു പോകാനായി മരണം കാത്തു നിൽക്കും .കൊടുമുടിയിൽ കയറി വിനയാന്വിതയായി പ്രപഞ്ചമെന്ന അത്ഭുതത്തിന് മുന്നിൽ കീഴടങ്ങുന്നതുപോലെ നാക്കുപെണ്ട സന എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് പ്രണയത്തിന് മുന്നിൽ വിനയാന്വിതരായി പ്രണയത്താൽ വിശുദ്ധ രാക്കപ്പെട്ടവർ നിൽക്കുന്നു .പ്രണയത്തിൻ്റെയും കരുതലിൻ്റെയും ഉയരങ്ങളിലെത്തിയ താരയുടെ ജീവിതം യുഗാണ്ടൻ ചരിത്രത്തിനൊപ്പം വായനക്കാർക്ക് വായിച്ചെടുക്കാനാകും . എഴുത്തുകാർ ലോകത്തിലെവിടെയും സെൻസർ ചെയ്യപ്പെടും ... സ്വർഗ്ഗത്തിലും .... എന്ന് പറഞ്ഞ് കൊണ്ടാണ് ടി.ഡി ഈ നോവൽ അവസാനിപ്പിക്കുന്നത് .


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0