• Text
  • Text

NIREESWARAN

By : V. J. JAMES



Book : NIREESWARAN
Author: V. J. JAMES
Category : Novel, April special
ISBN : 9788126451449
Binding : Normal
Publishing Date : 13-01-2026
Publisher : DC BOOKS
Edition : 26
Number of pages : 320
Language : Malayalam
Paper Back

Publisher: DC BOOKS
₹308.00 ₹399.00 23% off





Book Summary

ആലും മാവും ചേർന്ന ആത്മാവിന്റെ ചോട്ടിൽ സകല ഈശ്വരൻമാർക്കും ബദലായി പ്രതിഷ്ഠിക്കപ്പെട്ട നിരീശ്വരൻ സൃഷ്ടികർത്താക്കൾക്കും മീതെ പടർന്ന് പന്തലിക്കുമ്പോൾ ചരിത്രാതീത കാലം മുതൽ നിലനിന്ന വിശ്വാസവും അവിശ്വാസവും തമ്മിലുള്ള സംഘർഷം ഒരു മൂന്നാംകാഴ്ചയിലേക്ക് വായനക്കാരനെ എത്തിച്ചുചേർക്കുന്ന അത്ഭുതം സംഭവിക്കുന്നു. പ്രമേയംകൊണ്ടും ചിന്താസഞ്ചാരംകൊണ്ടും മലയാള സാഹിത്യത്തിൽ തനിപ്പെട്ടു നില്ക്കുന്ന കൃതി.

WRITE A REVIEW

Product name: NIREESWARAN

Review title:



Your Ratings:

Your Message:




Book Reviews

  നല്ല പുസ്തകം
By Achamma Mani
അതി ഗംഭീരപുസ്തകം...

  തകര്‍ക്കപ്പെടുന്ന അന്ധവിശ്വാസങ്ങള്‍
By satheesh mv
നമ്മുടെ ലോകത്തെ കറുത്ത ഹാസ്യത്തിന്റെ അകമ്പടിയോടെ അനാവരണം ചെയ്യുന്നു. വ്യത്യസ്തമായ ആഖ്യാനശൈലി

  നല്ല പുസ്തകം
By NEETHU RAGHAVAN
ഒരു കല്ലിൽ ഒരാൾ പോയി തോട്ട് തൊഴുതാൽ അത് കാണുന്ന എല്ലാരും അയാളെ അനുകരിക്കും, ഒടുവിൽ ആ കല്ലു ഒരു പ്രതിഷ്ഠയാകും. ഇത് കെട്ടുകഥ അല്ല.. നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യം ആണ്. കണ്ടു വളർന്ന സംഭവങ്ങളുടെ ഓർമ്മയിൽ ഈ കഥ വായിക്കുമ്പോൾ ഞാൻ ഇതിൽ കണ്ടതു നമ്മുടെ നാടിനെ തന്നെയാണ്. നിരീശ്വരവാദിയായ മൂന്നു സുഹൃത്തുക്കൾ ചേർന്ന് ഒരു മര ചോട്ടിൽ ഒരു ശിൽപം കൊണ്ട് വെക്കുന്നു..അമ്പലത്തിൽ നിന്ന് പിരിച്ചുവിട്ട പൂജാരിയെ അതിൽ പൂജ ചെയ്യുന്നു..അവിടെ പുതിയ ഒരു ഈശ്വരൻ പിറക്കുന്നു..നിരീശ്വരൻ. നിരീശ്വരൻ ഒരു അത്ഭുതവും പിന്നീട് ആ നാടിന്റെ ദൈവവും ആകുന്നു. പിന്നീട് നാട്ടിൽ നടക്കുന്ന കാര്യങ്ങൾ വളരെ മനോഹരമായ ഇതിൽ വിവരിച്ചിരിക്കുന്നു.

  സൃഷ്ടി, സൃഷ്ടാവിനെക്കാള്‍ ഉന്നതമാകുന്ന നിരീശ്വരാഭാസം!
By SHON JOY
ഈശ്വരന്‍റെ ഉൽപത്തിയെപ്രതി ജ്ഞാനമുള്ള മാനുഷരീ ഭൂവിലുണ്ടോ? വി.ജെ ജയിംസിന്‍റെ നിരീശ്വരലീലകൾ വായിക്കുമ്പോൾ നാം ഒരു ഗവേഷണത്തിനു സാക്ഷികളാവുകയാണ്. ഒപ്പം പണ്ടു വയലാർ രാമവർമ്മ എഴുതിയ അനശ്വരഗാനം നിരീശ്വരനെ ഓർക്കുമ്പോൾ മനസ്സിലേക്കുവന്നാലും അത്ഭുതപ്പെടാനൊന്നുമില്ല - "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു.. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി, മണ്ണു പങ്കുവച്ചു.. മനസ്സ് പങ്കുവച്ചു.." അങ്ങനെ വയലാറിന്‍റെ വരികളെ ഓര്‍മിപ്പിച്ചുകൊണ്ട് ദൈവവും മനുഷ്യന്‍റെ സൃഷ്ടിയാണെന്നു തെളിയിക്കുവാൻ ആന്‍റണിയും ഭാസ്കരനും സഹീറും ചേർന്ന ‘ആഭാസത്രയം’ ഒരു ശാസ്ത്രഗവേഷക ഭാവമുള്ള പരീക്ഷണത്തിനു മുതിരുകയാണ്. തങ്ങളുടെ ഗ്രാമത്തിലെ വിശ്വാസികളുടെ കണ്ണുതുറപ്പിക്കാൻ ദൈവവിശ്വാസത്തിനു നേർവിപരീതമായ നിരീശ്വരവിശ്വാസത്തെ മൂവരും ചേർന്ന് സൃഷ്ടിക്കുന്നു. നോവലിസ്റ്റ് നമുക്കു മുൻപിൽ കഥനം ചെയ്യുന്ന ലീലയെ സമകാലികപ്രസക്തമായ കണ്ണിലൂടെയും നോക്കിക്കാണാവുന്നതാണ്. സൃഷ്ടി, സൃഷ്ടാവിനെക്കാൾ ഉന്നതമാകുന്ന നിരീശ്വരാഭാസം ഈ ചരിതത്തിലുടനീളം ദർശിക്കാനുമാകും. വിശ്വസിക്കാനും പ്രതീക്ഷയര്‍പ്പിക്കാനും മനുഷ്യർക്ക് ഒരു ബിംബമെങ്കിലും നിർബന്ധമാണ്. അവനവനില്‍ പൂർണ്ണമായി വിശ്വാസമര്‍പ്പിക്കുവാൻ നമുക്കാർക്കും സാധ്യമല്ല. അതിനാൽ ജീവനുള്ള മനുഷ്യർ ജീവനില്ലാത്ത കല്ലുകളെ കാലങ്ങളായി വിശ്വസിച്ചുപോരുന്നു. ഇവിടെ ഒരു ഗ്രാമത്തിന്‍റെ നിഷ്കളങ്കത ആ വിശ്വാസസമർപ്പണത്തിനു പരിശുദ്ധപരിവേഷം ചാർത്തുന്നു. നാഗരികരും കേട്ടപാടേ അവിടെ ഓടിയെത്തുന്നു. പൂര്‍ണ്ണമായും അവിശ്വസിക്കാത്തവർ, അപ്രകാരം ഒരത്ഭുതം സ്വജീവിതത്തിലും സംഭവിച്ചാൽ ലാഭമല്ലേയുള്ളൂവെന്നോര്‍ത്തു പ്രായോഗികരാകുന്നു. കല്ലിനു ദൈവീകതയിലേക്കുയരുവാൻ യാദൃശ്ചികതകളുടെ അബദ്ധസാന്നിദ്ധ്യമേ വേണ്ടൂ.. നോവൽ വെറും കേന്ദ്രകഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങാതെ പ്രത്യക്ഷമാകുന്ന എല്ലാവരിലേക്കും 'ആലും മാവും' ചേർന്ന 'ആൽമാവ്' പോലെ ആഴത്തിൽ വേരാഴ്ത്തിയിരിക്കുന്നു. അതിനാൽ 'നിരീശ്വരൻ' തീർത്തും അതിന്‍റെ രചനാമികവിൽ മാനത്തോളം ഉയർന്നും നിൽക്കുന്നു.

  നിരീശ്വരന്റെ പരീക്ഷണങ്ങൾ
By Sreelakshmi TR
"കണ്ണുള്ളവർ കാണട്ടെ. ചെവിയുള്ളവർ കേൾക്കട്ടെ. ജീവിച്ചിരിക്കെത്തന്നെ അവർ വീണ്ടും ജനിക്കും. ഓം നിരീശ്വരായ നമഃ" ജീവിതത്തിന്റെ ഉൾക്കാമ്പുതേടാൻ പ്രചോദിപ്പിക്കുന്ന കൃതി.എല്ലാ ഈശ്വരഭാവങ്ങൾ ക്കും മീതെ നിരീശ്വരൻ നിലകൊള്ളുന്നു എന്ന നോവലിന്റെ പ്രമേയം തന്നെ വേറിട്ടതാണ്.സമയത്തിന്റെ അതിർവരമ്പുകൾ ഇല്ലാത്ത ഒരു പ്രപഞ്ചത്തെ നോവൽ വരച്ചിടുന്നുണ്ട്. വി. ജെ ജയിംസെന്ന എഴുത്തുകാരനപ്പുറമുള്ള ഗവേഷകനെ വായനക്കാർ ഇതുവഴി തിരിച്ചറിയുന്നു. ആലും മാവും ചേർന്ന് ആത്മാവെന്ന സങ്കല്പവും അതിന്റെ ചോട്ടിലെ നിരീശ്വര പ്രതിഷ്ഠയും തുടർന്നുണ്ടാകുന്ന 'അത്ഭുത' ങ്ങളും ഒരു ഗ്രാമത്തിന്റെ വിശ്വാസപ്രമാണങ്ങളെ തിരുത്തുമ്പോൾ നോവലവസാനം വായനക്കാരന്റെ മനസിലും ഒരു നിരീശ്വര പ്രതിഷ്ഠ നടക്കുന്നുണ്ട്..




  നിരീശ്വര പ്രതിഷ്ഠ
By ABHISHEK RAVINDRAN
ഈശ്വരനിൽ നിരീശ്വരൻ വാഴുന്നു. അതുപോലെ നിരീശ്വരനിൽ ഈശ്വരനും. ഈശ്വര-നിരീശ്വര സങ്കല്പങ്ങളുടെ ഉപരിയായി നിലകൊള്ളുന്ന ഒരു പ്രജ്ഞയിൽ നിന്ന് നോക്കി കാണാവുന്ന കാഴ്ചപ്പാടാണ് കഥാകാരൻ ഇവിടെ വരച്ചിടാൻ ശ്രമിക്കുന്നത്. വി. ജെ. ജെയിംസ് എന്ന സാഹിത്യകാരന്റെ ഒട്ടുമിക്ക രചനകളിലും പൊതുവായി കാണപ്പെടുന്ന ഒരു ആത്മീയ നിർവചനം ഇതിലും പ്രകടമാണ്. വ്യവസ്ഥാപിത ഈശ്വര സമ്പ്രദായത്തെ തച്ചുടുയ്ക്കാൻ പുറപ്പെടുന്ന ആഭാസന്മാരുടെ (ആന്റണി ഭാസ്ക്കരൻ സഹീർ) വിവിധയിനം അഭ്യാസങ്ങൾ നമ്മൾക്ക് ഇവിടെ കാണുവാൻ കഴിയും. പ്രായോഗികമായ വഴിയേ ധിഷണാപരമായി എന്തിനെയും ചോദ്യം ചെയ്യാനും, എതിർക്കാനും, നിശിതമായി വിമർശിക്കാനും അവർ ഒരുങ്ങി പുറപ്പെടുകയാണ്. നിലവിലുള്ള ഈശ്വരന് ബദലായി ഒരു പ്രതിഷ്ഠ. അതും ആലും മാവും ചേർന്ന ആത്മാവിന്റെ ചുവട്ടിൽ. അവർ നേരിടുന്ന പുതിയ പ്രശ്നങ്ങളും രസകരമായ സംഭവ വികാസങ്ങളും എന്നാൽ അതേ സമയം തന്നെ നമ്മെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ക്ലാസ്സിക് നോവലാണ് നിരീശ്വൻ. നവ ആശയങ്ങളെ സ്വാംശീകരിക്കാൻ തക്ക വിധം അവതരിപ്പിക്കാനുള്ള എഴുത്തുകാരന്റെ സാഹിത്യ പ്രഭാവത്തിനു നാം ഇവിടെ സാക്ഷികളാവുന്നു. ഗന്ധ ഗവേഷണ ശാസ്‌ത്രജ്ഞനായി റോബോർടോയും, ഗ്രാമത്തിന്റെ തന്നെ അഭിസാരികയായി അറിയപ്പെടുന്ന ജാനകിയും, അബോധാവസ്ഥയിൽ നിന്നുണർന്ന ഇന്ദ്രജിത്ത് എന്ന വ്യക്തിയും അദ്ദേഹം ജീവിച്ച സമാന്തര ജീവിതവും വായനക്കാരനൻ എന്ന നിലയിൽ നമ്മിൽ ജിജ്ഞാസയുടെ വിത്തുകൾ പാകുന്നു. അതുപോലെ തന്നെ രസകരമായ ഒട്ടേറെ കഥാപാത്രങ്ങളിലേക്കും കഥാകാരൻ നമ്മെ കൂട്ടി കൊണ്ട് പോവുകയാണ്; അതിൽ ഘോഷയാത്ര അന്നാമ്മയും മക്കളും ബാർബർ മണിയനുമായുള്ള അകൽച്ചയും അടുപ്പവും മുഖ്യ കഥയുടെ രസച്ചരട് മുറിയാതെ കഥാകാരൻ ഇവിടെ അവതരിപ്പിക്കുകയാണ്. ഇവയെല്ലാം തന്നെ വരച്ചു കാട്ടുമ്പോഴും ഇവയുടെ എല്ലാം സംക്ഷിപ്തരൂപമായി നിലകൊള്ളുന്നത് അവനവനിലേക്കു തന്നെ നോക്കികാണേണ്ടതിൻ്റെ ആവശ്യകതയെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ ഈ നോവലിന്റെ ശ്രദ്ധേയമായ ഒരു ഘടകം എന്തെന്നാൽ വായനക്കാരൻ ഏത് കാഴ്ചപ്പാടിന്റെ കണ്ണാടിയിൽ കൂടിയാണോ ഈ കഥാബീജത്തെ നോക്കി കാണുന്നത് ആ കാഴ്ചയാണ് ഇതിൽ തെളിഞ്ഞു കാണുന്നത്. ചിലർക്ക് ഇത് ആത്മീയം ആണെങ്കിൽ, ചിലർക്ക് ഇത് അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യുന്ന നോവലാണ്. ചിലർക്ക് ഇതിൽ "magical realism" അനുഭവപ്പെടുന്നെങ്കിൽ മറ്റു ചിലർക്ക് ഇത് പച്ചയായ ജീവിതത്തിന്റെ നേർചിത്രമാണ്. ചിലർക്കിത് ശാസ്ത്രത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നിടുമ്പോൾ മറ്റനേകം പേർക്ക് നിരീശ്വര വാദത്തെ പിൻതുണയ്ക്കുന്ന കൃതിയാണിത്. എല്ലാ "ജോണറിൽ" ഉൾപ്പെടുന്നതും എന്നാൽ അതേ സമയം "ജോണറുകൾക്ക്" അതീതമായി നിലകൊള്ളാനുള്ള പ്രഭാവം ഈ നോവലിനെ അനശ്വരമാക്കുന്നു. അങ്ങനെ നമ്മുടെയെല്ലാം പ്രജ്ഞയ്ക്ക് മുൻപിലുള്ള പ്രതിഷ്ഠയാണ് ഈ നിരീശ്വര വിഗ്രഹം.

  യുക്തിവാഴും കാലം
By Ardra M P
മതവും നാസ്തികതയും സമാന്തരമായി വളരുന്ന കാലഘട്ടത്തിൽ രണ്ട് ചിന്താധാരകളെയും ചോദ്യം ചെയ്യുന്ന ഒരു സാങ്കേതിക പദമാണ് നിരീശ്വരൻ എന്നത്. ഈശ്വരൻ ഇല്ലായ്മയും എന്നാൽ ആരാധിക്കത്തക്ക ഒന്ന് ഉള്ളതുമായ സങ്കല്പമാണ് നിരീശ്വരൻ. നിരീശ്വരവാദവും നിരീശ്വര സങ്കല്പവും വ്യത്യസ്തമാണ്. നിരീശ്വര സങ്കല്പത്തെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുകയാണ് വി ജെ ജെയിംസിന്റെ നിരീശ്വരൻ. ആഭാസം എന്ന സുഹൃത്ത് സംഘമാണ് കഥാഗതി നിർണയിക്കുന്നത്. നാസ്തികരായ ഈ മൂന്ന് യുവാക്കൾ ദൈവാരാധനയെ എതിർത്തുകൊണ്ട് ഈശ്വരനല്ലാത്ത ഒന്നിനെ പ്രതിഷ്ഠിക്കുന്നു. ദേവത്തെരുവ് ആഭാസത്തെരുവാക്കി മാറ്റുന്നു. ശുഭം എന്ന് കരുതി വെച്ചതിനെയെല്ലാം അവർ നിരാകരണം ചെയ്യുന്നു. എന്നാൽ ഇവർ പ്രതിഷ്ഠിക്കുന്ന നിരീശ്വരൻ ദൈവം ആവുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു. മനസ്സിന്റെ അടിത്തറയിൽ നിന്നുകൊണ്ട് വേണം നോവൽ വായിക്കാൻ. ദേവത്തെരുവ് എന്ന പേര് ആഭാസത്തെരുവെന്നാക്കി മാറ്റാൻ യുവാക്കൾ നടത്തുന്ന ശ്രമം പൂർണമായും മനശാസ്ത്രപരമാണ്.എന്നാൽ ഈശ്വരൻ ഇല്ല എന്ന് സ്ഥാപിക്കാൻ വേണ്ടി നടത്തിയ വിഗ്രഹപ്രതിഷ്ഠയുടെ കാര്യത്തിൽ മനശാസ്ത്ര സമീപനം ഇവർക്ക് കൈമോശം വരുന്നു. ആരാധിക്കാൻ മനുഷ്യനുള്ള സഹജവാസനയെ ഇവർ കണക്കാക്കിയിരുന്നില്ല . ഇത് നിരീശ്വരനെ മറ്റൊരീശ്വരനാക്കുന്നു. അത്ഭുതങ്ങളിൽ വിശ്വസിക്കുന്ന മനുഷ്യൻ കേവല യുക്തിക്ക് നിരക്കുന്നത് പോലും അത്ഭുതമാണെന്ന് ശഠിച്ചുകളയും. അങ്ങനെ ആഭാസത്തെരുവെന്ന ദേവത്തെരുവിനെ ചുറ്റിപ്പറ്റിയുള്ള എല്ലാം നിരീശ്വരന്റെ അനുഗ്രഹമായി കണക്കാക്കപ്പെട്ടു.ആത്മാവ് എന്ന വൃക്ഷത്തിനു ചുവട്ടിൽ സ്ഥാപിക്കപ്പെട്ട വികൃതമായ ശില്പത്തിന് ക്ഷേത്രം പണിയുകയും അതിനെ ആരാധിക്കാൻ നിപ്രസം എന്ന സംഘടന രൂപം കൊള്ളുകയും ചെയ്യുന്നു. ഒരു ദൈവം പിറവിയെടുക്കുന്ന ഇത്തരം പതിവ് രീതികളിലൂടെയാണ് നിരീശ്വരനും ജനിക്കുന്നത്. ആഭാസ സംഘം പോലെ മറ്റൊരു സംഘവും നോവലിലുണ്ട് . ഇതൊരു ആത്മീയ സംഘമാണ് ഇതിലെ അംഗമായ; തെറ്റിദ്ധരിക്കപ്പെട്ട് ഒന്നുമല്ലാതായിത്തീർന്ന ഈശ്വരൻ എമ്പ്രാന്തിരിയാണ് നിരീശ്വര പ്രതിഷ്ഠ നടത്തുന്നത്. ഈ വൃദ്ധസംഘം വീക്ഷകർ മാത്രമാണെന്ന് തോന്നുമ്പോഴും കഥാവസാനം ഈശ്വരൻ എമ്പ്രാന്തിരിക്ക് അവധൂതരൂപം കൈവരുന്നു. വൈരുദ്ധ്യങ്ങളാണ് നോവലിന്റെ ഒരു സവിശേഷത നിരീശ്വരൻ ഈശ്വരനാകും പോലെ ഗ്രാമവേശ്യ ശാസ്ത്രജ്ഞന്റെ സഹായിയും തത്വജ്ഞാനിയുമായി മാറുന്നു. ഇരുപത്തിനാല് വർഷമായി ബോധമില്ലാതെ കിടക്കുന്ന ഇന്ദ്രജിത്തിനെ ശാസ്ത്രജ്ഞനായ റോബർട്ട് ഉണർത്തുന്നു. നോവലിൽ പലയിടത്തും ഭൗതികശാസ്ത്രം വിഷയമാകുന്നുണ്ട്. എന്നിരുന്നാലും ഇന്ദ്രജിത്തിന്റെ ബോധത്തെ ഉണർത്തുന്ന റോബർട്ടിന്റെ ബോധം 'മെഡിക്കൽ മിറാക്കിൾ' എന്ന് പറയാമെങ്കിലും യുക്തിക്ക് നിരക്കാത്തതിനാൽ കപടശാസ്ത്രം എന്ന് എണ്ണേണ്ടി വരും. യൗവനത്തിൽ തളർന്നുപോയ ഇന്ദ്രജിത്ത് ഉണരുമ്പോൾ ജരാനരകൾ ബാധിക്കാതെ യുവാവായി തന്നെയിരിക്കുന്നതും അസംഭവ്യം. എന്നാൽ രതി ഒരു ആവശ്യമാണെന്ന് നോവലിസ്റ്റ് പറഞ്ഞു നിർത്തുന്നിടത്തു യോജിക്കാതെ വയ്യ. ഗ്രാമവേശ്യയെ ലൈംഗികോപകരണമാക്കി ഒതുക്കാതെ അവളിലെ സ്വത്വത്തെ വായനക്കാരന് പരിചയപ്പെടുത്താൻ നോവലിസ്റ്റിന് സാധിക്കുന്നു. ഉപ കഥകളുടെ ധാരാളിത്തം നോവൽ ആരെ കേന്ദ്രമാക്കുന്നു എന്ന സംശയം ഉണ്ടാക്കുന്നു പലപ്പോഴും നിരീശ്വരനേയും ആഭാസസംഘത്തെയും വിട്ട് റോബർട്ടിന്റെയും ജാനാകിയുടെയും ഘോഷയാത്ര അന്നമ്മയുടെയും ബാർബർ മണിയും ഇന്ദ്രജിത്തിന്റെയും സുധയുടെയും പിറകെ വായനക്കാർ നടന്നെന്നുവരും. ഇത് അധ്യായങ്ങളുടെ അടിയൊഴുക്ക് ശക്തമല്ല എന്ന് തോന്നിക്കുന്നു. മലയാള സാഹിത്യം വായിച്ച് ശീലിച്ചിട്ടില്ലാത്ത വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഗന്ധത്തെക്കുറിച്ചുള്ള ഗവേഷണവും വ്യത്യസ്തം തന്നെ. എന്നാൽ ഉപയോഗിച്ച ഭാഷയുടെ സഹായത്തോടെ ആശയത്തെ മുറുകെ പിടിക്കുന്നതിൽ ആഖ്യാതാവിന് പലപ്പോഴും അടിയിടറിയിട്ടുണ്ട് അരാഷ്ട്രീയതയുടെ രാഷ്ട്രീയം പോലെ നിരീശ്വരനിലെ ഈശ്വരനെ വരച്ചിടുമ്പോൾ ഫിക്ഷനോട് ചേർന്നു നിൽക്കുന്ന യാഥാർത്ഥ്യങ്ങളാണ് നോവലിന്റെ ആകർഷണീയത. ആസ്വാദകന് വായിച്ചു തീർക്കാൻ ഉള്ളയിടം ഒഴിച്ചിട്ടാണ് നോവൽ അവസാനിക്കുന്നത്. ആശയ ധാരകളെ സമീപിക്കുമ്പോൾ നാം കാട്ടേണ്ട കരുതലിനെ നോവൽ ഓർമ്മിപ്പിക്കുന്നു.

  ഇനി നിരീശ്വരന്റെ കാലം
By Devika Remesh
വിശ്വാസങ്ങളെ പരിഹസിക്കാനായി സ്ഥാപിച്ച ഒരു വിമത ദൈവം, എല്ലാത്തിനേക്കാളും വളർന്നു മഹാശക്തിയായി മാറുന്ന കാഴ്ച്ചയൊരുക്കുന്ന നോവൽ. അടിയുറച്ചുപോയ പല വിശ്വാസങ്ങളെയും ഒന്നിളക്കാൻ വി.ജെ ജെയിംസ് തയ്യാറാക്കിയ ഈ കൃതി, മലയാളികളുടെ വിശ്വാസബോധത്തെ യുക്തിപൂർവ്വം പരിഹസിക്കുന്നു. ഇടക്കൊന്നു കണ്ണ് തുറന്ന് കാണാൻ, ആ മൂടിക്കെട്ടിയ മനസ്സുതുറന്ന് വായിക്കേണ്ട സൃഷ്ടി!

  വായനക്കാരന്റെ ഹൃദയത്തിൽ പ്രതിഷ്ഠ നേടുന്ന നോവൽ.
By shameer ks kpz
മനുഷ്യ കുലത്തിന്റെ കൂടപ്പിറപ്പായ അന്ധവിശ്വാസങ്ങളേയും, അനാചാരങ്ങളെയും വെയിലത്തു നിർത്തി ചോദ്യം ചെയ്യുകയാണ് തന്റെ ' നിരീശ്വരൻ' എന്ന വയലാർ അവാർഡ് ലഭിച്ച കൃതിയിലൂടെ വി ജെ ജെയിംസ്. അന്ധവിശ്വാസങ്ങളിൽ നിന്നും മോചനം തേടാനുള്ള ശ്രമങ്ങൾ പോലും എന്തു മാത്രം പ്രശ്നങ്ങളിലാണ് ചെന്നവസാനിക്കുന്നത് എന്ന് കൃത്യമായി വരച്ചിടാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഈ കൃതിയെ ഉൽകൃഷ്ടമാക്കുന്നത്. ആഭാസരെന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആന്റണിയിലൂടെയും ഭാസ്ക്കരനിലൂടെയും സഹീറിലൂടെയുമാണ് നോവൽ വികസിക്കുന്നത്. പുതിയൊരു ദെവത്തെ സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങളും, അതേ തുടർന്ന് നാട്ടിലുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് നോവലിന്റെ ആകെത്തുക. മറ്റു ദെവങ്ങൾക്ക് ബദലായി ആഭാസ സംഘം പ്രതിഷ്ഠിക്കുന്ന നിരീശ്വരന് കൈവരുന്ന പ്രാമുഖ്യം ഒരേ സമയം വായനക്കാരനെ ചിന്തിപ്പിക്കുന്നതും ദെവീകതയെ തന്നെ ഇഴകീറി പരിശോധിക്കാൻ സഹായിക്കുന്നതുമാണ്. ഏറിയും കുറഞ്ഞും ഇഷ്ടം പിടിച്ചു പറ്റുന്ന കഥാപാത്രങ്ങളുടെ കടന്നു വരവാണ് വായനയെ മടുപ്പിക്കാത്ത വിധം മുന്നോട്ടു കൊണ്ടു പോകുന്നത്.ഗന്ധ ഗവേഷകനായ റോബോർട്ടോയും, വേശ്യയായ ജാനകിയും, ദീർഘ നാളത്തെ അബോധവസ്ഥയിൽ നിന്നുമുണരുന്ന ഇന്ദ്രജിത്തെന്ന കഥാപാത്രവുമൊക്കെ നോവലിനെ ഏറെ മനോഹരമാക്കി തീർക്കുന്നുണ്ടെന്ന് നിസംശയം പറയാനാവും. എഴുത്തിലെ കയ്യടക്കവും, കൈത്തഴക്കവും ആവോളം ആവാഹിച്ചെടുത്ത് വി ജെ ജെയിംസ് മലയാളത്തിന് സമ്മാനിച്ച ഈ കൃതി മലയാള നോവലിന്റെ മുന്നോട്ടുള്ള ഗമനത്തിന്റെ നേർസാക്ഷ്യമാണ്. സമകാലിക പ്രസക്തിയുള്ള പ്രമേയവും, മികച്ച ആഖ്യാന രീതിയും, ഒരു പിടി നല്ല കഥാപാത്രങ്ങളുമൊക്കെയായി വായനക്കാരന്റെ മനസ്സിലും സ്ഥിര പ്രതിഷ്ഠ നേടിയെടുക്കാൻ കഴിവുള്ള നോവലാണ് നിരീശ്വരൻ. ഷമീർ കെ എസ് കാഞ്ഞിരപ്പുഴ

  നിരീശ്വരൻ എന്ന അനുഭവം
By Nithin Nemmara
മുപ്പത്തിമുക്കോടി ദൈവ വിശ്വാസങ്ങളുടെയും കല്ലിളക്കാൻ നിരീശ്വരവാദികളായ ആൻറണിയും ഭാസിയും സഹീറും ആഭാസതെരുവിൽ ഒരു നിരീശ്വര മൂർത്തിയെ പ്രതിഷ്ഠിക്കുന്നു. കണ്ടു ശീലിച്ച ദൈവങ്ങളുടെ മേലുള്ള വിശ്വാസത്തിൻ്റെ ശിലകൾ ഇളകിയപ്പോൾ ആളുകൾക്ക് ആഭാസൻമാരുടെ നിരീശ്വരനിൽ വിശ്വാസം വർധിച്ചു. കാരണം അത്രയും മാറ്റങ്ങളാണ് ആ ഗ്രാമത്തിൽ നിരീശ്വര മൂർത്തി കൊണ്ടുവന്നതെന്ന് നിരീശ്വരൻ്റെ മുന്നിൽ തൊഴുതു നിന്ന വിശ്വാസികൾ പല വിധ തെളിവുകൾ നിരത്തി പറഞ്ഞു. വർഷങ്ങളോളം കട്ടിലിൽ തളർന്നു കിടന്ന ഇന്ദ്രജിത് ഉണർന്നു ... അതിനിടയിൽ വർഷങ്ങൾ മുപ്പത് കടന്നു പോയിട്ടും ഇന്ദ്രജിത്തിന് പഴയ പ്രായം തന്നെ... ഭാര്യ സുധയുടെ പ്രാർത്ഥന ഫലിച്ചു. ജാനകി ശരീരം വിൽക്കുന്നത് നിർത്തി. കടുത്ത ശത്രുക്കളായ ക്ഷുരകൻ മണിയനും ഘോഷയാത്ര അന്നമ്മയും സ്നേഹത്തിൻ്റെ വിത്തുകൾ വിതച്ചു. അങ്ങനെ നിരീശ്വര കൃപയാൽ നാടിൻ്റെ സമസ്ത ജീവ ജാലങ്ങളിലും നന്മയുടെ തുടിപ്പുകൾ കണ്ടു. ഇതിനിടയിൽ നിരീശ്വരൻ ഈശ്വരനായി മാറിക്കഴിഞ്ഞ ക്രോധത്താൽ ആഭാസൻമാർ നിരീക്ഷര ക്ഷേത്രം ബോംബ് വെച്ച് തകർക്കാൻ പദ്ധതിയിടുന്നു. ............................ ഇവിടെ ഈശ്വരനും നിരീശ്വരനും തമ്മിലല്ല യുദ്ധം. വിശ്വാസത്തിൻ്റെ പൊള്ളത്തരങ്ങളും യുക്തിവാദത്തിൻ്റെ തൊട്ടാൽ പൊട്ടുന്ന പുറംതോടും തമ്മിലാണ് ആശയസംഘട്ടനം. ചിന്തകളെ ചൂട് പിടിപ്പിക്കുകയും ഭാഷയുടെ തെളിനീര് കൊണ്ട് തണുപ്പിക്കുകയും ചെയ്യുന്ന എഴുത്ത് വിദ്യയാണ് വി.ജെ ജയിംസ് നിരീശ്വരനിലൂടെ വായനക്കാരെ അനുഭവിപ്പിക്കുന്നത്. ...... വായിക്കുക.. DC BOOKS ലൂടെ


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0