Book Summary
"കേരള സാഹിത്യ അക്കാദമി അവാർഡടക്കം നിരവധി ബഹുമതികൾക്കർഹനായ പ്രശസ്ത കവി എം.ആർ. രേണുകുമാറിന്റെ ഏഴാമത്തെ കവിതാസമാഹാരമാണ് പാലറ്റിനെ തൊടുമ്പോൾ.
അകാലത്തിൽ അന്തരിച്ച ബിനു എം പള്ളിപ്പാട്ടിനെ അനുസ്മരിച്ചെഴുതിയ കവിതയാണ് ഈ സമാഹാരത്തിലെ ആദ്യകവിതയായ പാലറ്റിനെ തൊടുമ്പോൾ. ബിനുവിന്റെ ആകസ്മിക വേർപാട് സൃഷ്ടിച്ച മുറിവിൽ വീണ സുഹൃത്തുക്കൾ നിരവധിയായിരുന്നു. അവരിലൊരാളാണ് കവി രേണുകുമാറും. ബിനുവിന്റെ കവിതകളെക്കുറിച്ച് വേദികളിൽ സംസാരിച്ചും കുറിപ്പുകളെഴുതിയും ആ വേർപാടുണ്ടാക്കിയ വേദനയിൽ നിന്ന് കരകയറാൻ അദ്ദേഹവും ശ്രമിച്ചു. "എല്ലാ ഋതുക്കളുടെയും കവി" എന്ന പേരിൽ ബിനുവിന്റെ കവിതകളെക്കുറിച്ചുള്ള പഠനസമാഹാരം എഡിറ്റുചെയ്തു പ്രസിദ്ധപ്പെടുത്തി. ഒടുക്കം ഓർമ്മകളുടെ ആകാശത്ത് നക്ഷത്രമായ് ബിനുവിനെ പതിച്ചുവയ്ക്കാൻ ഒരു കവിതയെഴുതി; പാലറ്റിനെ തൊടുമ്പോൾ.
"കവിതകൊണ്ട് കുത്തിക്കെട്ടിയ ജീവിതത്തിന്
നീ മുളന്തണ്ടു കൊണ്ട് അടിവരയിടുന്നു
നിന്റെ ചുണ്ടുകളും നിന്റെ വിരലുകളും
നിന്റെ കാറ്റുമില്ലാത്ത ഞങ്ങൾ
അടഞ്ഞുപോയ കുറെ സുഷിരങ്ങൾ മാത്രം..."
പാലറ്റിനെ തൊടുമ്പോൾ എന്ന കവിതയ്ക്കൊപ്പം മാഞ്ഞുപോകുന്നു, രാത്രിജീവിതം, അവസാനത്തെ നോട്ടം, ഊഞ്ഞാൽ, ആരുമില്ലാത്തവർക്ക് കവിതയുണ്ട്, ആന്റിവെനം, നോസിയ, ചോരുന്ന വീടുകൾ, അവിശ്വാസി, ഓർമ്മകൾ പ്രേതങ്ങൾ, ആരുടെയോ മകൾ, മഴപ്പേടി തുടങ്ങിയ 39 കവിതകൾ കൂടി ഈ സമാഹാരത്തിലുണ്ട്.
നവീനകവിതയുടെ വൈവിധ്യമേറിയ ശില്പസൗകുമാര്യം ഈ കവിതകളെയും ജീവിതവുമായി ബന്ധിപ്പിക്കുന്നു. കെട്ടി നിൽക്കാതെ ഒഴുകുന്ന ജീവിതം തന്നെയാണ് രേണുകുമാറിന്റെ കവിതകൾ.
ഒരിടത്ത് ചുരുണ്ടു കൂടാതെ ജീവിതത്തോടൊപ്പം കവിതയും ചലിച്ചുകൊണ്ടിരിക്കുന്നു. മേഘങ്ങളായി ഉരുണ്ടു കൂടി അത് വേനലിൽ മഴയായി മാറുന്നു. ഇലകളായി നാമ്പിട്ട് കരിഞ്ഞ ചില്ലകളെ മരമായി മാറ്റുന്നു."