• Text
  • Text

KARAKKULIYAN

By : AMBIKASUTHAN MANGAD



Book : KARAKKULIYAN
Author: AMBIKASUTHAN MANGAD
Category : Story, Review Books
ISBN : 9789356435742
Binding : Normal
Publishing Date : 26-12-2023
Publisher : DC BOOKS
Edition : 4
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

കാരക്കുളിയനിലെ പന്ത്രണ്ട് കഥകളിലൂടെ കടന്നുപോയപ്പോൾ കുറ്റബോധത്തിന്റെ വേരുകൾ പല നിലയിൽ പ്രവർത്തിക്കുന്നതായി അനുഭവപ്പെട്ടു. കുറ്റബോധത്തിന്റെ മേലേരിയിൽ വേവാൻ വിധിക്കപ്പെട്ട, പാപബോധത്തിന്റെ കാരമുള്ളിൽ നോവാൻ ഒരുക്കപ്പെട്ട മനസ്സുകളുടെ നീണ്ട നിലവിളി പല ഒച്ചകളിൽ നാം കേൾക്കുന്നു. സത്യം പാലിക്കാനാവാത്ത, ധർമ്മം ആചരിക്കാനാവാത്ത, നല്ലത് ചെയ്യാൻ കഴിയാത്ത മാരകമായ ആഴ്ന്നിറങ്ങുന്ന കുറ്റബോധം കഥകളുടെ പ്രമേയത്തെ നിർണ്ണായകമായി സ്വാധീനിച്ചുകൊണ്ട് നില്ക്കുന്നു. ആത്മബോധത്തെയും ആത്മബലവും മാത്രമല്ല ആരോഗ്യത്തെയും നശിപ്പിച്ച് കനമില്ലാത്തവരും നിലപാടില്ലാത്തവരുമാക്കി മാറ്റുന്ന ചെയ്തികൾ വ്യക്തികളെയും സമൂഹത്തെയും പ്രതിസന്ധിയിലാക്കുന്ന വിപര്യയും കഥകളിൽ നിലീനമായിക്കിടക്കുന്നു. ആത്മനാശം എന്ന യാഥാർത്ഥ്യം ഈ പ്രതിസന്ധികളുടെ കാരണമായും ഫലമായും നില്ക്കുകയും ചെയ്യുന്നു.

WRITE A REVIEW

Product name: KARAKKULIYAN

Review title:



Your Ratings:

Your Message:




Book Reviews

  കാരക്കുളിയൻ ഒരു വായനാനുഭവം
By Dhanya Pillai
ചില പുസ്തകങ്ങൾ അങ്ങനയാണ് മനസ്സിനെ വല്ലാതെ സ്പർശിക്കും. 'കാരക്കുളിയൻ' അതാണ്. ചുറ്റുമുള്ള ലോകത്തെ അക്ഷരങ്ങളിലൂടെ പകർത്തുക എന്ന നിയോഗമാണ് അംബികാസുതൻ മങ്ങാട് നിർവഹിച്ചത്.'കാരക്കുളിയൻ 'മനസ്സിനെ സംഘർഷത്തിലാക്കുന്നു.പാപഭാരം നിശബ്ദനിലവിളിയായി ചെവിയിൽ മുഴങ്ങുന്നതായി തോന്നി. രണ്ടു വിഷയങ്ങളാണ് കഥ പ്രതിനിധാനം ചെയ്യുന്നത് .ഒന്ന് മനുഷ്യവർഗത്താകെ ബാധിച്ച വൈറസ് അതുമൂലമുണ്ടായ മഹാമാരിക്കു മുന്നിൽ വലിയവനന്നോ ചെറിയവനെന്നോ ഇല്ലാതെ പകച്ചുപോയ മനുഷ്യൻ!പല ജാതിയിൽ പിറന്നവർ ഒരേ ചിതയിൽ അനുഷ്ഠാനങ്ങളോ ആചാരവെടികളോ ഇല്ലാതെ ആളി എരിഞ്ഞുകത്തി കനലുകൾ ശേഷിപ്പിച്ചു ചാരമായി .എല്ലാ ജാതിചിന്തകളും വൈറസിനു മുൻപിൽ തോറ്റുപോകുന്നു.രണ്ട് പനി ബാധിച്ചു ആശുപത്രിയിലാകുന്ന നാർക്കളിയെന്ന തെയ്യകലാകാരൻ മകനായ ബാലചന്ദ്രനോട് താൻ കടന്നുവന്ന ജീവിതം പറയുന്നത്. തെയ്യം കെട്ടുമ്പോൾ ആദരിക്കുകയും വേഷം അഴിച്ചു മനുഷ്യനായി മാറുമ്പോൾ അപമാനിക്കപെടുകയും ചെയ്യുന്ന സാമൂഹികവ്യവസ്ഥിതി! ദേശത്തിനും ദൈവീകതയ്ക്കും വേണ്ടി സ്വയം വേദന ഏറ്റുവാങ്ങേണ്ടി വരുന്ന മനുഷ്യൻ്റെ നിസ്സഹായതയുടെ നിലവിളി വായനക്കാർക്കും കേൾക്കാം... എന്നാലും വീണ്ടും വേഷങ്ങൾ അയാൾ കെട്ടിയാടുകയായിരുന്നു. താൻ ചെയ്യ്തു എന്നയാൾ വിശ്വസിക്കുന്ന പാപഭാരം , സ്വന്തം അമ്മയോടെ ചെയ്ത നീചകർമ്മം അയാളെ ഓരോനിമിഷവും ശ്വാസംമുട്ടിക്കുന്നു. . അച്ഛൻ ബാക്കിവെച്ച വേഷം കെട്ടുന്ന മകൻ. മൂന്ന് തലമുറകളുടെ വ്യഥകളാണിതിൽ പറയുന്നത് . ജന്മനാന്തരങ്ങളുടെ ആത്മസംഘർഷങ്ങൾ ഹ്യദ്യമായി പറഞ്ഞിരിക്കുന്നു. പ്രക്യതിയും വിശപ്പും തീവ്രമായിതിലുണ്ട്. .കർമബന്ധങ്ങളിലൂടെ വീണ്ടുമൊരു കാരക്കുളിയനാകുന്ന മകൻ്റെ ആത്മസംഘർഷങ്ങളിലൂടെ കാരക്കുളിയൻമാരുടെ കഥ തുടരുകയാണ്. 'കാരക്കുളിയൻ' നമ്മൾ കണ്ടിട്ടില്ലാത്ത അല്ലെങ്കിൽ കണ്ടതായി നടിക്കാത്ത ജീവിതയാഥാർത്ഥ്യങ്ങൾ പറയുന്നു. അക്ഷരങ്ങൾ നമ്മുടെ ഹ്യദ്യയത്തിലേക്ക് ചേർക്കപെടുന്നത് ഇതുപോലയുള്ള പുസ്തകങ്ങൾ കാരണമാണ്

  കാരക്കുളിയൻ - Book Review by Anitha Ammanath
By Anitha Ammanath
വലിയൊരു ദുരന്തമായി ലോകത്തെ ഗ്രസിച്ച കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തെയ്യം കലാകാരന്മാരുടെ ദുരന്ത ജീവിതവും അതിൽ ചാലിച്ചുണ്ടാക്കിയ നേർ കാഴ്ചകളുമാണ് പിതൃ-പുത്ര ബന്ധത്തിന്റെ ഇഴയടുപ്പത്തിൽ ശ്രീ. അംബികാസുതൻ മാങ്ങാട് നെയ്ത 'കാരക്കുളിയൻ.' ചില കഥകൾ വളരെ അപ്രതീക്ഷിതമായ നിമിഷത്തിൽ നമ്മളോട് ഉപാധികളില്ലാതെ സ്നേഹത്തിലാകുകയും എന്നാൽ ചിലപ്പോഴെങ്കിലും അപ്രതീക്ഷിതമായ നിമിഷത്തിൽ ആക്രമിച്ച് നമ്മെ അസ്വസ്ഥരാക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു കഥയാണ് കാരക്കുളിയൻ. മനസിൽ അസ്വസ്ഥതയുടെ ബീജം വിതറുമ്പോൾ കഥാപാത്രങ്ങളുടെ മാനസിക സംഘർഷം വായനക്കാരുടെ ഉള്ളിലേക്ക് തീയായി ആളിപടരുകയാണ്. സാഹിത്യ ചരിത്ര താളുകളിൽ ഇത് വ്യത്യസ്തമായ ഒരു രേഖപ്പെടുത്തലായിരിക്കും എന്ന് നിസ്സംശയം പറയാം. മനസ്സിൽ നിന്നും അടർത്തിയെടുക്കാൻ കഴിയാത്ത കഥാപരിസരത്തിലേക്ക് ആവാഹിച്ച് കൊണ്ടുപോകുകയും ആ തീക്ഷ്ണമായ അഗ്നിനാളങ്ങൾക്കിടയിലൂടെ നമ്മൾ കഥ അനുഭവിച്ചതുമാണ് ഈ പുസ്തകത്തിന്റെ വിജയം. കാസർഗോഡ് ഭാഷയുടെ ലളിത സൗന്ദര്യത്തിലൂടെയാണ് കഥയും ചരിത്രവും ഐതിഹ്യങ്ങളും ഇവിടെ വെളിപ്പെടുന്നത്. അവിടത്തെ അനുഷ്ഠാന കലാരൂപങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. തെയ്യം എന്ന കലാരൂപത്തിന്റെ നാനാ ഭാവങ്ങൾ കഥയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഓരോ തെയ്യം കലാകാരനും കളിയാട്ട ദിവസം അത്ഭുത ശക്തിയുള്ള ദൈവിക രൂപങ്ങളായി മാറുമ്പോൾ നാടിനും നാട്ടാർക്കും വേണ്ടി തെയ്യവും കാരക്കുളിയനും തീക്കോലമാകുന്നു. നാർക്കളൻ എന്ന കുടുംബനാഥന്റെ ജീവിതത്തിലെ ഓരോ ഏടുകളാണ് കഥയിലെ ശ്രദ്ധേയ ഭാഗങ്ങൾ. നാർക്കളൻ എന്ന തെയ്യക്കാരനും അയാളുടെ അപ്പൻ കരിന്തളനും നാർക്കളന്റെ മകൻ ബാലചന്ദ്രനുമായി മൂന്നു തലമുറയുടെ കഥയാണിത്. ഒറ്റ ജന്മത്തിലൊതുങ്ങാതെ തലമുറകളിലേക്ക് പകരുന്ന അവരുടെ ജീവിതവ്യഥയാണ് കാരക്കുളിയന്റെ ഇതിവൃത്തം. അവശതയിൽ ആശുപത്രി കിടക്കയിൽ വെച്ച് നാർക്കളൻ മകനോട് തന്റെ ഭൂതകാലവും അന്ത്യാഭിലാഷവും വിവരിക്കുന്ന രീതിയിലാണ് ഈ കഥയുടെ ഗതി. നാർക്കളൻ അറിയാതെ ചെയ്ത ഒരു പ്രവൃത്തിയിലൂടെയാണ് അയാളുടെ അമ്മ മരണപ്പെടുന്നത്. എന്നാൽ ആ തെറ്റ് തിരിച്ചറിഞ്ഞപ്പോൾ നാർക്കളൻ അതിനുള്ള പ്രായശ്ചിത്തമായി സ്വന്തം ജീവിതത്തെ സമർപിപ്പിക്കുന്നു. കാരക്കുളിയൻ തെയ്യം കെട്ടിയാടിയും തീക്കോലമായി സ്വന്തം ശരീരത്തെ ബലിയാക്കിയുമുളള നാർക്കുളിയന്റെ പ്രവൃത്തികൾ തുടക്കത്തിൽ മകനായ ബാലചന്ദ്രന് തിരിച്ചറിയാനാവുന്നില്ല. എന്നാൽ ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള പ്രായശ്ചിത്തമാണെന്ന് പിന്നീട് അവൻ മനസിലാക്കുന്നു. ഈ കഥയിൽ തെറ്റുകളുടെ വ്യാപ്തിയുടെ അലയടിക്കലിൽ കടപുഴകുന്ന ജീവിതങ്ങളെ കാണാം. അറിയാതെ ചെയ്തുപോയ തെറ്റുകളും അറിഞ്ഞുകൊണ്ട് ചെയ്യേണ്ടി വരുന്ന തെറ്റുകളുമുണ്ട് എന്ന ബോധ്യത്തിലായിരിക്കാം കഥ തുടങ്ങുമ്പോൾ ഒരു തെറ്റിനെ ചിത്രീകരിച്ചത്. “ നര-കള്ളനുണ്ടോ?” ഐ. സി. യു. വിന്റെ വാതിൽ വലിച്ച് തുറന്ന് ധൃതിയിൽ പുറത്തേക്ക് വന്ന നഴ്സ് കയ്യിലെ കടലാസ്സിലേക്ക് നോക്കി കുറച്ചു കൂടെ ഉറക്കെ വിളിച്ചു: “നരകള്ളൻ... നരകള്ളൻ...” അവിടെ നിറഞ്ഞു നിന്ന പരിഹാസച്ചിരികൾക്കിടയിലൂടെ ബാലചന്ദ്രൻ നടന്ന് വന്ന് ആ തെറ്റിനെ തിരുത്തുന്നതിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. വായനാ പിഴവിനെ നഴ്സ് പലവുരു ബാലചന്ദ്രനോട് ക്ഷമ ചോദിക്കുമ്പോഴും സമൂഹത്തിലുണ്ടായ പരിഹാസത്തെ ഓർത്ത് അവൻ വേദനിക്കുകയാണ്. ഇത്തരക്കാർക്ക് വേണ്ടി തെയ്യം അച്ഛൻ കെട്ടിയാടുന്നതിനെക്കുറിച്ച് വിഷമിക്കുകയും ചെയ്യുന്നുണ്ട്. ഒരു ദിവസം ബാലചന്ദ്രൻ അപ്പനോട് സങ്കടം ഉണർത്തിച്ചു: “അപ്പൻ ഇനിയും കാരക്കുളിയൻ കെട്ടണ്ട. സ്കൂളീന്ന് എന്നെ കളിയാക്ക്ന്ന്. കാരക്കുളിയന്റെ മോനേന്ന് വിളിക്ക്ന്ന്..." എന്നാൽ ഈ പരിഹാസത്തെ അച്ഛൻ പരിഗണിച്ചിരുന്നില്ല. കാരണം, “താൻ തെയ്യമായി ഉറഞ്ഞു തുള്ളി വരുമ്പോൾ എണീറ്റു നിന്നു തൊഴുന്നവരാണ്...” ആധിയും വ്യാധിയും, പ്രകൃതിക്ഷോഭങ്ങളും മാറ്റി നാടിനേയും നാട്ടുകാരെയും രക്ഷിക്കാനും ക്ഷേമത്തിനുമായി കെട്ടിയാടപ്പെടുന്നവയാണ് തെയ്യങ്ങൾ .സ്വന്തം ശരീരം കാരമുള്ളിൽ തറച്ചും രണ്ടാളുയരത്തിലുള്ള തീക്കനൽകൂമ്പാരത്തിലേക്ക് പലതവണ ചാടിക്കയറിയും നാടിന് വേണ്ടി ആത്മബലി ചെയ്യുന്നവർ. നാട്ടുകാർ നിരന്തരം പരിഹസിച്ചിട്ടും എന്തുകൊണ്ട് താൻ വീണ്ടും വീണ്ടും കാരക്കുളിയനെ പോലുള്ള തെയ്യം കെട്ടുന്നു എന്ന് നാർക്കളൻ മകനോട് പറയുന്നിടത്താണ് കഥയുടെ ഒഴുക്ക് വ്യതിചലിക്കുന്നത്. അത്‌ സ്വന്തം അമ്മയോടയാൾക്കുള്ള പ്രായശ്ചിത്ത കർമ്മമായതുകൊണ്ടാണെന്നും പാപചിന്തകൾ കൊണ്ടാണെന്നും തുറന്നു പറയുന്നിടത്ത് പെറ്റമ്മയോട് മനസ്സറിവില്ലാതെ ചെയ്തു പോയ തന്റെ തെറ്റിനെ ജന്മം കൊണ്ട് കടം വീട്ടാൻ ശ്രമിക്കുന്ന പിതാവിനെ പുത്രൻ മനസിലാക്കുന്നു. അച്ഛൻറെ നിർബന്ധത്തിന് വഴങ്ങിയാണ് മാരണം പഠിക്കാൻ നർക്കാളൻ നിർബന്ധിതനാകുന്നത്. എന്നാൽ വിദ്യ പൂർത്തിയായതിന്റെ ആദ്യ പരീക്ഷണം നാട്ട് നടപ്പ് പ്രകാരം അമ്മയിൽ തന്നെ ചെയ്യണമായിരുന്നു. എന്നാൽ അയൽക്കാരന്റെ ചതി മൂലം മറുമാരണം ഏല്ക്കാതെ അമ്മ മരിക്കുന്നു. ആ കുറ്റബോധത്തിൽ നീറുന്ന നാർക്കളൻ ജീവിതാന്ത്യം വരെയും വെന്തുനീറുകയാണ്. അന്ധവിശ്വാസമെന്ന രീതിയിൽ പൊതുജനമധ്യത്തിൽ തള്ളി പറയുകയും എന്നാൽ രഹസ്യമായി ശത്രുക്കൾക്കെതിരെ പ്രയോഗിക്കുകയും ചെയ്യുന്ന ഒന്നാണ് കൂടോത്രം. അതിന്റെ ഉത്തമ ഉദാഹരണമാണ് ഈയടുത്ത് കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് ഉണ്ടായ കേസുകൾ. ഈ കഥയിൽ മകൻ സ്വന്തം അമ്മയിൽ തന്നെ മരണത്തിന്റെ എല്ലാ ഭാവങ്ങളും ഉള്ള മാരണം എന്ന കൂടോത്രം പരീക്ഷിക്കുകയാണ്. അതും സ്വന്തം അച്ഛൻ നിഷ്ഠൂരമായി നിർബന്ധിക്കുകയും ചെയ്യുമ്പോൾ രക്ഷപ്പെടാൻ അവന്റെ മുന്നിൽ വഴികൾ അടയുന്നു. പക്ഷേ പരീക്ഷണ പഠനം കൃത്യമായി പൂർത്തീകരിക്കാൻ കഴിയാതെ വന്നപ്പോൾ അത് അമ്മയുടെ മരണത്തിന് കാരണമായി മാറുകയും ചെയ്യുന്നു. അതിൽ നെഞ്ചകം തകർന്ന് കുറ്റബോധത്തിൽ നീറി സ്വയം കാരക്കുളിയനും തീയാട്ടവും തെരഞ്ഞെടുത്ത് ആത്മപീഡനത്തിലൂടെ സ്വയം ആശ്വാസം കണ്ടെത്തുകയാണ് കഥാപാത്രം. നാടിനും നാട്ടുകാരുടെ ക്ഷേമത്തിനുവേണ്ടി ശരീരവും മനസ്സും പറിച്ച് കൊടുക്കുമ്പോൾ സ്വന്തം ജീവിതത്തിലെ ദുരിത ക്കയങ്ങൾ താണ്ടാൻ ശേഷിയില്ലാതെ തളരുന്ന കലാകാരന്റെ അവസ്ഥകൾ വ്യക്തമായി ഈ കഥയിൽ വരച്ച് കാണിക്കുന്നു. ജീവിതത്തിലെ സംഘർഷാവസ്ഥകളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ അതിന് ശരിയുടെ ഉറപ്പുണ്ടാവണമെന്ന ബോധ്യപ്പെടുത്തൽ നർക്കളൻ കഥയിൽ അടയാളപ്പെടുത്തുന്നത് വായനക്കാരന്റെ ഉള്ളകങ്ങളിലേക്കുള്ള മെസേജ് ആണ്. അമ്മയെ രക്ഷപ്പെടുത്താൻ പറ്റുമെന്ന പിതാവിൻ്റെ പ്രേരണയിലെ അമിത വിശ്വാസത്താൽ കൊടും ക്രൂരത ചെയ്യേണ്ടി വന്ന മകന്റെ ജീവിതം തന്നെയാണ് അതിനായി എടുത്തു കാണിക്കാവുന്ന ഉദാഹരണം. അണിയലമായ മൊകപ്പാളയിൽ മുഖം ഒളിപ്പിച്ച് മണിക്കൂറുകളോളം കരഞ്ഞ് തീർക്കുന്നതും ആ പാപബോധമാണ്. പിന്നീട് പശ്ചാത്താപത്തിന്റെ തീയ്യിൽ കത്തികൊണ്ടിരിക്കുന്ന ഒരു തീക്കോലമാണയാൾ.സ്വന്തം ജീവിതം അയാളങ്ങനെ വേദനയിൽ എരിച്ചു തീർക്കുകയാണ്. "കാരക്കുളിയനാമ്പോ വേറൊര് സൗകര്യണ്ട്ടാ. മൊകത്ത് വലിയ മൊകപ്പാള വെക്കൂലേ. നമ്മള് പൊട്ടിക്കരഞ്ഞാലും ആർക്കും തിരിയൂലാടാ..." മകൻ ബാലചന്ദ്രനോട് ആശുപത്രിക്കിടക്കയിൽ വച്ചയാൾ പറയുന്നതിങ്ങനെയാണ് : "നീ കൊറേ തെയ്യങ്ങള് കെട്ടിയോനല്ലേ... കാരക്കുളിയൻ തെയ്യം കെട്ട്മ്പോയിത് നെൻക്ക് മനസ്സിലാവും" അച്ഛന്റെ ഈ വാചകം വായനക്കാരുടെ ഹൃദയത്തെ പൊള്ളിയടർത്തുന്നു. കഥാവസാനത്തിൽ മുഖാവരണത്തിൽ ഇരുന്ന് കരയുമ്പോൾ ഹൃദയത്തിന്റെ നൊമ്പരങ്ങൾ ആവരണങ്ങളാൽ മറയ്ക്കുന്നതിനും ഒരു പരിധിയുണ്ടെന്ന നമ്മളും നൊമ്പരപ്പെടുന്നു. 'വിശപ്പിന് ബന്ന് തരട്ടേ' എന്ന് ചോദിക്കുമ്പോൾ ഒരു ഭ്രമകല്പനയിലെന്നപോലെ "വയറു നിറച്ചു വാതക്ക തിന്നു " എന്നാണയാൾ മകനോട് പറയുന്നത്. "കയ്പ്പ് ഉണ്ടായിര്ന്നില്ലേ " എന്നപ്പോൾ തിരിച്ചു ചോദിച്ച മകനോട് തീക്കനൽ പോലൊരു ചിരി ചുണ്ടിൽ ജ്വലിപ്പിച്ച് അയാൾ പറയുന്നത് "കയ്പ്പോ? കാരമുള്ളിലും തീക്കൂമ്പാരത്തിലും ഇക്കണ്ട കാലം കെടന്ന എനക്ക് എന്ത് കയ്പ്പാടാ? ഞാന്തന്നെ ഒര് കാട്ട് വാതക്കയായിര്ന്ന്ല്ലേ. എപ്പളും കത്തിക്കൊണ്ടിര്ന്ന ഒര് തീക്കോലം" എന്നാണ്. സ്വന്തം ജീവിതത്തിന്റെ കൈയ്പ്പു നീരിന്റെ രസം അയാളുടെ രുചിമുകുളങ്ങളേയും ചിന്തകള എത്രമാത്രം അധികരിച്ചിരുന്നുവെന്ന് ഇവിടെ വ്യക്തമാകുന്നു. ഒടുക്കമയാൾ പുതിയ കാലത്തിന്റെ മാരിയായ കോവിഡിനടിപ്പെട്ട് കഥാവശേഷനാകുമ്പോൾ നാട്ടുകാരെ മഞ്ഞൾപ്പൊടി നൽകി അനുഗ്രഹിച്ചിരുന്ന തെയ്യക്കാരൻ കാലയവനികയ്ക്ക് പിറകിൽ മറയുകയാണ്. പക്ഷേ അതിന് മുമ്പിൽ മകനിലേക്ക് ഓതിയ രഹസ്യ ഭാരത്താൽ അവൻ മറ്റൊരു കാരക്കുളിയൻ ആയി മാറ്റുന്നത് മരണത്തിന് മുമ്പ് തന്നെ അച്ഛൻ തിരിച്ചറിയുന്നു. "ബാലേന്ദ്ര , നെന്നോടിത് പറഞ്ഞപ്പള് നല്ല ആശ്വാസമുണ്ട്. എനി സമാധാനമായിറ്റ് എൻക്ക് മരിക്കാമല്ലോ." കാരക്കുളിയന് ഒറ്റക്ക് ചുവന്ന ചുമട് ബാലചന്ദ്രൻ്റെ മനസ്സിലേക്ക് പകുത്തപ്പോൾ തെല്ലാശ്വാസമായി. അന്ത്യാഭിലാഷമായി അയാൾ പറഞ്ഞത് അയാൾ മരിച്ചാൽ കുഴിച്ചിടുംമുമ്പ് തെയ്യം കെട്ടണമെന്നാണ്. കൊറോണ കാരണമുള്ള മരണമായതിനാൽ അന്ത്യ കർമങ്ങൾ ഇല്ലാതെ ദഹിപ്പിക്കപ്പെടുമ്പോൾ മകന്റെ ഉള്ളിൽ അച്ഛന്റെ അന്ത്യാഭിലാഷം വിറ കൊള്ളുകയാണ്: "അയ്യോ സാറേ.. അപ്പന്റെ ചവം എനക്ക് കൊർച്ച്‌ നേരം കൈവിട്ടു തരണം. അപ്പനെ തെയ്യം കെട്ടിക്കാൻ ഉണ്ട്. അപ്പന്റെ ഒടുക്കത്തെ ആശേന്ന്...'' എന്ന ഇടങ്ങളിൽ വായനക്കാരൻ തൊണ്ടയിൽ നിന്നും വെള്ളം ഇറങ്ങാത്ത അവസ്ഥയിൽ ഇരിക്കുകയാണ്. അച്ഛന്റെ സംസ്കാരം നടത്താനോ മരണവേളയിൽ ഒരു തുള്ളി വെള്ളം പോലും പകർന്ന് പുത്ര ധർമ്മം നിർവഹിക്കാനോ കോവിഡ് പ്രോട്ടോക്കോളുകൾ അനുവദിക്കാതെ നാർക്കളൻ ദഹിപ്പിക്കപ്പെട്ടു. അളന്ന് തിട്ടപ്പെടുത്തിയ ദൂരത്ത് നിന്ന് ചിത കണ്ട് മടങ്ങുമ്പോൾ അന്ത്യാഭിലാഷം നിറവേറ്റാനാകാത്തതിൽ ബാലചന്ദ്രന്റെ മനസ് സംഘർഷഭരിതമാകുമ്പോൾ മറ്റൊരാത്മബലിയായി പുതിയൊരു കാരക്കുളിയൻ ജനിക്കുന്നു അമ്മയോടുള്ള പശ്ചാത്താപമായി കാരക്കുളിയനാകുന്ന നാർക്കളന് ശേഷം അതേ നാർക്കളന്റെ അന്ത്യാഭിലാഷത്തിനായി വേഷപകർച്ച അണിയുന്ന മകൻ ബാലചന്ദ്രൻ ! തലമുറകളായി അതങ്ങനെ നീളുകയാണ്. "ന്റെ തൊണ്ടാർക്കളിയാ...! ന്റെ അപ്പന് ഗതി കൊട്ക്കണേ... ന്റെ ഊരിലെ പൈതങ്ങളെ കാത്തോളണേ " കടപ്പാടുകളും പ്രായശ്ചിത്തവും വേഷ പകർച്ചകളിൽ കെട്ടിയാടുന്ന വിധി വൈപര്യത്തിന്റെ കഥ ശ്രീ. അംബികാസുതൻ മാങ്ങാട് പറയുമ്പോഴും സാമൂഹിക വ്യവസ്ഥയെയും വിശപ്പിന്റെ രാഷ്ട്രീയത്തെയും പാരിസ്ഥിതിക പ്രശ്നങ്ങളെയും മഹാമാരിക്കാലത്തെ ജീവിത ക്രമങ്ങളെയും കഥയിലേക്ക് കൂട്ടി ചേർത്തിണങ്ങാൻ മറന്നിട്ടില്ല. പകിട്ടാർന്ന ജീവിതങ്ങൾ നവമാധ്യമങ്ങളിൽ ചർച്ചയാകുമ്പോഴും ജനശ്രദ്ധ പിടിച്ച് പറ്റുമ്പോഴും ദൈന്യതയാർന്ന ജീവിതങ്ങളുടെ നിസ്സഹായതയുടെ കുഴിയുടെ ആഴത്തിന്റെ രാഷ്ട്രീയം നമുക്ക് എങ്ങനെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കും. തെയ്യക്കോലം അഴിച്ച് വെച്ചാൽ തൊഴു കൈകളോടെ നിന്നവർ വിളിക്കുന്ന വട്ടപ്പേരുകളും അതിജീവനത്തിനായി കഴിക്കുന്ന വാതക്കയും ദുരിതങ്ങളുടെ തലമുറത്തുടർച്ചയാണെന്ന് ഉറക്കെ വിളിച്ച് പറയുന്നു. ശ്രീ. അംബികാസുതൻ മങ്ങാടിന്റെ രചനകളിൽ പ്രകൃതിയെയും അതിനോട് ചേർന്നുള്ള പച്ചയായ ജീവിതങ്ങളെയും സാമൂഹിക പ്രതിബദ്ധതയോടെ ചേർത്ത് വെക്കുന്നത് നമ്മൾ കാണാറുണ്ട്. ശക്തമായ കഥാമുഹൂർത്തങ്ങൾ വികാരവായ്പ്പിലൂടെ അദ്ദേഹം ഭദ്രമായി വായനക്കാർക്ക് സമ്മാനിക്കുമ്പോൾ മനുഷ്യനുണ്ടാക്കിയ ജാതിയും ആചാരങ്ങളൊക്കെ കേവലമൊരു വൈറസിനുമുന്നിൽ പരാജയപ്പെടുന്ന കാഴ്ച പുഴയിലെ അശുദ്ധജലം കുടിക്കാൻ നിർബന്ധിതനാകുന്ന മനുഷ്യനെയും മൃഗങ്ങളെയും പോലെയാണെന്ന് ഓർമപ്പെടുത്താനും മറക്കുന്നില്ല. കൊറോണ മൂലം മരണപ്പെടുന്നവരെ ജാതി ഭേദമില്ലാതെ ഒരേ ചിതയിൽ ദഹിപ്പിക്കുന്നതിന്റെ ചിത്രണത്തിന് മുമ്പിൽ ഇത് ഈ കാലഘട്ടത്തിന്റെ കഥ എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തീർച്ചയായും എല്ലാവരും വായിച്ചിരിക്കേണ്ട കഥ. എഴുത്തുകാരന് സമൂഹത്തിനോട് വലിയ പ്രതിബദ്ധത ഉണ്ട്. ചുറ്റിലുള്ള സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളും അനീതികളും തൂലികയാൽ വിപ്ലവം സൃഷ്ടിക്കുന്നത് കാണാം. ചൂഷണങ്ങളുടെ നാവായിതീർന്നതുകൊണ്ടാണ് കാരക്കുളിയൻ വലിയൊരു ചർച്ചക്ക് വഴിയൊരുക്കിയത്. വായനക്കാരനിൽ നന്മയുടെ അംശവും ചിന്തയുടെ ഭാരവും ജീവിതത്തിന്റെ നേർ കാഴ്ചയും നിറയ്ക്കുന്ന കാരക്കുളിയൻ തീർച്ചയായും നിങ്ങളുടെ വായനാനുഭവത്തിൽ വേറിട്ട് നിൽക്കുന്ന അമൂല്യ നിധിയായിരിക്കും. - അനിത അമ്മാനത്ത് തൃശൂർ

  ദൈവമനുഷ്യരുടെ നൊമ്പരങ്ങൾ!
By Aparna Krishnan
നോവൽ വായിച്ചുതീരുമ്പോൾ ഉള്ളിലെവിടെയോ ഒരു കുറ്റബോധം നിഴലിക്കുന്നതായി തോന്നാം.. അംബികാസുധൻ മാങ്ങാട് എന്ന എഴുത്തുകാരൻ ചോര കിനിയുന്ന അനുഭവപരിസരങ്ങളിലൂടെ വായനക്കാരന് മുന്നിൽ തീർത്തൊരു വിസ്മയമാണത്..കരച്ചിലിന്റെ ചിറകുത്തി പിളർക്കാൻ പാകത്തിനൊരു വിസ്മയം.അതും തനത് കാസർഗോഡൻ ഉരിയാട്ടങ്ങൾ കൊണ്ട്. ജീവിതവും പരിസരവുമൊന്നായി ചേർന്നുപോയ മൂന്ന് തലമുറകളുടെ വ്യഥകളാണ് കാരക്കുളിയനിലെ 12 കഥകൾ.ഊരിലെ വലിയ തെയ്യക്കാരൻ കോവിഡ് ബാധിച്ച് അത്യാഹിതവിഭാഗത്തിൽ കിടക്കുന്നൊരു ഭാഗമാവതരിപ്പിക്കുന്നുണ്ട് കാരക്കുളിയനിൽ..12 വയസ്സ് മുതൽ കാരക്കുളിയനും തീക്കുളിയനും കെട്ടി ക്ഷീണിച്ച നാർക്കളൻ, കോവിഡിന്റെയും ന്യുമോണിയയുടെയും കയ്പ്പ് വാതക്ക ചവച്ചിറക്കുകയാണ്.അറിയാതെയാണെങ്കിലും പെറ്റമ്മയോട് ചെയ്തുപോയൊരപരാധത്തിൽ നീറി പ്രായശ്ചിത്തത്തിന്റെ കാരമുൾക്കാട്ടിൽ വീണുരുളുകയാണയാൾ.അമ്മയായ ലോകമാതാവിനോട് മാപ്പ് പറഞ്ഞുകൊണ്ട്... അച്ഛന്റെ വഴിയേ നിസ്സഹായനായി മരണത്തിലേക്ക് നടന്ന നാർകളനെ തടയുന്നതും ഒരമ്മ തന്നെ...കൊറത്തിയമ്മ.നാർക്കളനെ പാപഭാരത്തിൽ നിന്നും മോചിപ്പിക്കുന്നതും അമ്മ തന്നെ.പ്രകൃതിയും ചുറ്റുപാടും ജീവിതവുമൊന്നായി പോയ നിമിഷങ്ങൾ..മകൻ കാരക്കുളിയൻ കെട്ടണമെന്ന അന്ത്യാഭിലാഷമറിയിച്ചു നാർക്കളൻ യാത്രയാവുമ്പോൾ കാരമുള്ളിന്റെ നീറുന്ന വേദന വായനക്കാരനിൽ ബാക്കിയാവുന്നു. തെയ്യം കെട്ടിയാടി അനുഭവവും ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ അപ്രസക്തമായ ദൈവമനുഷ്യരുടെ നൊമ്പരങ്ങളാണ് കാരക്കുളിയൻ.ജാതീയമായ വിരോധാഭാസവും വൈറസിന് മുൻപിൽ എരിഞ്ഞമരുന്ന അതേ രാഷ്ട്രീയവും കാരക്കുളിയൻ ചർച്ച ചെയ്യുന്നുണ്ട്.മൂർച്ചയും മുതിർച്ചയുമുള്ള കാരമുള്ളുകൾ തുളച്ചുകയറിയ ശരീരവും നിസ്സഹായമായ കണ്ണുകളുമായി സമൂഹത്തിലിനിയും അനേകം നാർക്കളന്മാരുണ്ടാകാം...മൊകപ്പാളയ്ക്കുളിൽ സങ്കടങ്ങളുടെ കയ്പ്പൻ വാതയ്ക്കകളൊളിപ്പിച്ച് കൊണ്ട്....

  നിനവിൽ ആഴ്ന്നിറങ്ങുന്ന കാരമുൾസ്പർശം
By Vineetha Martin
തൂലികയ്ക്ക് ദർപ്പണങ്ങൾ നിർമ്മിക്കാൻ സാധിക്കും. ആ ദർപ്പണങ്ങളിലേക്കുള്ള നോട്ടം ആഴമേറിയ അനുഭവമാകുന്നു. കൂർത്ത ചോദ്യങ്ങളും പ്രത്യാശയുടെ പച്ചപ്പും അപരാധബോധത്തിന്റെ മുറിവുകളും പ്രചോദനത്തിന്റെ പ്രകാശവും ഉണർവിലേക്കുള്ള വിളിയുമെല്ലാം ഈ അനുഭവത്തിന്റെ അഗാധതയിൽ അന്തർലീനമത്രെ. അംബികാസുതൻ മാങ്ങാടിന്റെ തൂലികയിൽ പിറന്ന " കാരക്കുളിയൻ " എന്ന ദർപ്പണത്തിൽ തെളിയുന്നത് വേരുകൾ നഷ്ടപ്പെടുന്ന മനുഷ്യന്റെ വേദനകളാണ്. തെയ്യക്കാഴ്ചകളും പ്രകൃതിചിന്തകളും ഇന്നിന്റെ പൊള്ളുന്ന ആകുലതകളും നിറഞ്ഞ ഈ കഥാലോകം നിനവിൽ ആഴ്ന്നിറങ്ങുന്ന നേരുകളുടെ കാരമുൾ സ്പർശമാകുന്നു. സ്വന്തം അമ്മയോട് താൻ ചെയ്ത അപരാധത്തിന്റെ കാഠിന്യത്തെ കുറിച്ചുള്ള തിരിച്ചറിവിൽ നിന്ന് ജനിച്ച കുറ്റബോധം കാരമുൾക്കാട്ടിൽ വീണും മേലേരിയിൽ പൊള്ളിക്കിടന്നും തീർക്കാൻ ശ്രമിക്കുന്ന നാർക്കളൻ എന്ന തെയ്യക്കാരനെ " കാരക്കുളിയൻ " എന്ന കഥയിൽ നാം പരിചയപ്പെടുന്നു. നാർക്കളന്റെ ചെയ്തി മൂലമാണ് അമ്മയ്ക്ക് ജീവഹാനി സംഭവിക്കുന്നത്. ആഗോളതാപനത്തിന്റെ തിക്തഫലങ്ങളും കത്തിയെരിഞ്ഞ മാലിന്യമലയിൽ നിന്നുയർന്ന വിഷപ്പുകയും നേരിനെ മറന്ന വികസന സങ്കൽപങ്ങളുടെ മുനയാൽ മായിക്കപ്പെടുന്ന പച്ചപ്പുമെല്ലാം ഇപ്പോൾ നിനവിൽ നിറയുന്നു. ലാഭക്കൊതിയുടെ മായിക വലയത്തിൽ അകപ്പെട്ട മാനവൻ സ്വന്തം അമ്മയായ പ്രകൃതിയോട് ചെയ്യുന്ന പാതകങ്ങളുടെ തീവ്രത ഇവിടെ സ്മർത്തവ്യം. ഭൂമുഖത്ത് ഏറ്റവും കൂടുതൽ വികാസം പ്രാപിച്ച മസ്തിഷ്കത്തിന്റെ ഉടമയായ മർത്യന് ഒരു വിഭാഗം സൂക്ഷ്മാണുക്കൾക്ക് മുന്നിൽ നിസ്സഹായനാകേണ്ടി വന്ന അവസ്ഥയുടെ ചിത്രം ഗ്രന്ഥകാരൻ വ്യക്തമായി വരച്ചിടുന്നുണ്ട്. കൊവിഡ് മഹാമാരിയുടെ പ്രഹരത്താൽ നാർക്കളന്റെ പ്രാണൻ പൊലിയുന്നു. മരണാനന്തരം ദൈവവേഷം അണിഞ്ഞ് സംസ്കരിക്കപ്പെടണം എന്ന അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം സഫലമാകാതെ പോകുന്നു. മനുഷ്യൻ എത്ര നിസ്സാരൻ എന്ന യാഥാർഥ്യം ഇവിടെ അനുവാചകരെ ആഴത്തിൽ സ്പർശിക്കുന്നു. ആദിവാസികളും ആരണ്യവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അറിയാത്ത " പരിഷ്കൃതർ " നെയ്തെടുക്കുന്ന വികസന പദ്ധതികളുടെ പൊള്ളത്തരം " സഹ്യന്റെ മക്കൾ " എന്ന കഥയിൽ വെളിവാക്കപ്പെടുന്നു. പാരിസ്‌ഥിതിക വിവേകത്തിന്റെ അനിവാര്യത ഇവിടെ ചിന്താവിഷയമാകുന്നുണ്ട്. ദീപ്തയ്ക്ക് ബാല്യത്തിൽ നഷ്ടമാവുകയും പിന്നീട് ഏറെ വർഷങ്ങൾക്ക് ശേഷം തിരികെ ലഭിക്കുകയും ചെയ്യുന്ന പൊന്നു കെട്ടിയ മരതകക്കല്ലിന്റെ കമ്മൽ ഒരു പ്രതീകമാണ്. പരിസ്‌ഥിതിയിലെ നേരുകളെ കുറിച്ചുള്ള അമൂല്യമായ ബോധ്യത്തിന്റെ പ്രതീകം. നീലി എന്ന തത്തയുടെ മനസ്സ് വായിക്കാതെ ആ പക്ഷിയെ കൂട്ടിലടച്ച് അരുമയായി വളർത്താൻ കൊതിക്കുന്ന പ്രസൂതി എന്ന ബാലികയെ " നീലിയും പ്രസൂതിയും " എന്ന കഥയിൽ കാണാം. തന്റെ സ്വാർത്ഥതാൽപര്യങ്ങളുടെ കൂട്ടിൽ ഒതുങ്ങുന്നതാണ് പ്രകൃതിയിലെ യാഥാർത്ഥ്യങ്ങൾ എന്ന് കരുതുന്ന മർത്യന്റെ ചിത്രമാണ് ഇപ്പോൾ മനസ്സിൽ തെളിയുന്നത്. ഏകദേശം 454 കോടി വർഷമാണ് ഭൂമിയുടെ പ്രായം എന്ന് ശാസ്‌ത്രലോകം പറയുന്നു. ധരയുടെ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ വ്യക്തമാകും ഉലകിന്റെ വേദിയിൽ നവാഗതരായ കുട്ടികളാണ് നമ്മൾ മനുഷ്യർ എന്ന് . പ്രകൃതി എന്ന പാഠപുസ്തകത്തിൽ നിന്ന് ഇനിയും അറിയാൻ ഏറെയുണ്ട് നമുക്ക് . ഒടുവിൽ നീലിപ്പക്ഷിയെ മനസ്സിലാക്കി സ്വതന്ത്രയാക്കുന്നുണ്ട് പ്രസൂതി. ഈ പ്രവൃത്തി വലിയൊരു തിരിച്ചറിവിനെ കുറിക്കുന്നു. " പനിയൻ " എന്ന കഥയുടെ ഉയിരാകുന്നത് നർമ്മം വെടിയുന്ന ഒരു ചിരിത്തെയ്യമാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്നതിന് പകരം അവർക്ക് നേരെ മൂർച്ചയേറിയ ചോദ്യങ്ങൾ എയ്യുകയാണ് പനിയൻ. പഠിച്ച് പഠിച്ച് മിണ്ടാട്ടം മുട്ടിയ സമൂഹത്തിന് നേർക്കുള്ള കടുത്ത വിമർശനമാണ് ഈ ചോദ്യങ്ങളുടെ പൊരുൾ. വിദ്യാസമ്പന്നർ എന്ന് അഭിമാനിക്കുകയും നാട്ടിൽ അരങ്ങേറുന്ന അനീതികളും മനുഷ്യാവകാശ ധ്വംസനങ്ങളും കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് മൗനത്തിന്റെ കൂടാരത്തിലൊളിക്കുകയും ചെയ്യുന്ന പ്രതികരണശേഷി വറ്റിയ ജനങ്ങളെ പനിയൻ വിചാരണ ചെയ്യുന്നു. ഒപ്പം വാക്ക് എന്ന വലിയ നേരിനെക്കുറിച്ചുള്ള ശക്തമായ സന്ദേശവും നൽകുന്നു. " ഓരോ വാക്കിന്റെ ഉള്ളിലും കരിക്കിലെ മധുരനീര് പോലെ തിങ്ങ്ന്ന മനുഷ്യപ്പറ്റ്ണ്ട്. കടലോളം കനിവ്ണ്ട്. വാക്ക് മറൂളയല്ല. വാക്ക് പ്രാണനാണ്. വാക്ക് വെലിയ ഒരു സത്യാണ്. " ഈ കഥാലോകത്തിലൂടെ ചരിക്കവെ വാക്കെന്ന വലിയ നേരിന്റെ സ്പർശം അനുവാചകമനസ്സിൽ നീറിപ്പടരുന്ന അനുഭവമാകുന്നു. ഇപ്പോൾ ഈ വരികൾ ഓർമ്മയിൽ മുഴങ്ങുന്നു. " അക്ഷരം വെളിച്ചമാണ് അതഗ്‌നിയാണ് പൊള്ളലാണ് അക്ഷരം പടയ്ക്കൊരുങ്ങി നിൽപ്പവന്റെ മൂർച്ചയാണ്. "

  നിനവിൽ ആഴ്ന്നിറങ്ങുന്ന കാരമുൾസ്പർശം
By Vineetha Martin
തൂലികയ്ക്ക് ദർപ്പണങ്ങൾ നിർമ്മിക്കാൻ സാധിക്കും. ആ ദർപ്പണങ്ങളിലേക്കുള്ള നോട്ടം ആഴമേറിയ അനുഭവമാകുന്നു. കൂർത്ത ചോദ്യങ്ങളും പ്രത്യാശയുടെ പച്ചപ്പും അപരാധബോധത്തിന്റെ മുറിവുകളും പ്രചോദനത്തിന്റെ പ്രകാശവും ഉണർവിലേക്കുള്ള വിളിയുമെല്ലാം ഈ അനുഭവത്തിന്റെ അഗാധതയിൽ അന്തർലീനമത്രെ. അംബികാസുതൻ മാങ്ങാടിന്റെ തൂലികയിൽ പിറന്ന " കാരക്കുളിയൻ " എന്ന ദർപ്പണത്തിൽ തെളിയുന്നത് വേരുകൾ നഷ്ടപ്പെടുന്ന മനുഷ്യന്റെ വേദനകളാണ്. തെയ്യക്കാഴ്ചകളും പ്രകൃതിചിന്തകളും ഇന്നിന്റെ പൊള്ളുന്ന ആകുലതകളും നിറഞ്ഞ ഈ കഥാലോകം നിനവിൽ ആഴ്ന്നിറങ്ങുന്ന നേരുകളുടെ കാരമുൾ സ്പർശമാകുന്നു. സ്വന്തം അമ്മയോട് താൻ ചെയ്ത അപരാധത്തിന്റെ കാഠിന്യത്തെ കുറിച്ചുള്ള തിരിച്ചറിവിൽ നിന്ന് ജനിച്ച കുറ്റബോധം കാരമുൾക്കാട്ടിൽ വീണും മേലേരിയിൽ പൊള്ളിക്കിടന്നും തീർക്കാൻ ശ്രമിക്കുന്ന നാർക്കളൻ എന്ന തെയ്യക്കാരനെ " കാരക്കുളിയൻ " എന്ന കഥയിൽ നാം പരിചയപ്പെടുന്നു. നാർക്കളന്റെ ചെയ്തി മൂലമാണ് അമ്മയ്ക്ക് ജീവഹാനി സംഭവിക്കുന്നത്. ആഗോളതാപനത്തിന്റെ തിക്തഫലങ്ങളും കത്തിയെരിഞ്ഞ മാലിന്യമലയിൽ നിന്നുയർന്ന വിഷപ്പുകയും നേരിനെ മറന്ന വികസന സങ്കൽപങ്ങളുടെ മുനയാൽ മായിക്കപ്പെടുന്ന പച്ചപ്പുമെല്ലാം ഇപ്പോൾ നിനവിൽ നിറയുന്നു. ലാഭക്കൊതിയുടെ മായിക വലയത്തിൽ അകപ്പെട്ട മാനവൻ സ്വന്തം അമ്മയായ പ്രകൃതിയോട് ചെയ്യുന്ന പാതകങ്ങളുടെ തീവ്രത ഇവിടെ സ്മർത്തവ്യം. ഭൂമുഖത്ത് ഏറ്റവും കൂടുതൽ വികാസം പ്രാപിച്ച മസ്തിഷ്കത്തിന്റെ ഉടമയായ മർത്യന് ഒരു വിഭാഗം സൂക്ഷ്മാണുക്കൾക്ക് മുന്നിൽ നിസ്സഹായനാകേണ്ടി വന്ന അവസ്ഥയുടെ ചിത്രം ഗ്രന്ഥകാരൻ വ്യക്തമായി വരച്ചിടുന്നുണ്ട്. കൊവിഡ് മഹാമാരിയുടെ പ്രഹരത്താൽ നാർക്കളന്റെ പ്രാണൻ പൊലിയുന്നു. മരണാനന്തരം ദൈവവേഷം അണിഞ്ഞ് സംസ്കരിക്കപ്പെടണം എന്ന അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം സഫലമാകാതെ പോകുന്നു. മനുഷ്യൻ എത്ര നിസ്സാരൻ എന്ന യാഥാർഥ്യം ഇവിടെ അനുവാചകരെ ആഴത്തിൽ സ്പർശിക്കുന്നു. ആദിവാസികളും ആരണ്യവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അറിയാത്ത " പരിഷ്കൃതർ " നെയ്തെടുക്കുന്ന വികസന പദ്ധതികളുടെ പൊള്ളത്തരം " സഹ്യന്റെ മക്കൾ " എന്ന കഥയിൽ വെളിവാക്കപ്പെടുന്നു. പാരിസ്‌ഥിതിക വിവേകത്തിന്റെ അനിവാര്യത ഇവിടെ ചിന്താവിഷയമാകുന്നുണ്ട്. ദീപ്തയ്ക്ക് ബാല്യത്തിൽ നഷ്ടമാവുകയും പിന്നീട് ഏറെ വർഷങ്ങൾക്ക് ശേഷം തിരികെ ലഭിക്കുകയും ചെയ്യുന്ന പൊന്നു കെട്ടിയ മരതകക്കല്ലിന്റെ കമ്മൽ ഒരു പ്രതീകമാണ്. പരിസ്‌ഥിതിയിലെ നേരുകളെ കുറിച്ചുള്ള അമൂല്യമായ ബോധ്യത്തിന്റെ പ്രതീകം. നീലി എന്ന തത്തയുടെ മനസ്സ് വായിക്കാതെ ആ പക്ഷിയെ കൂട്ടിലടച്ച് അരുമയായി വളർത്താൻ കൊതിക്കുന്ന പ്രസൂതി എന്ന ബാലികയെ " നീലിയും പ്രസൂതിയും " എന്ന കഥയിൽ കാണാം. തന്റെ സ്വാർത്ഥതാൽപര്യങ്ങളുടെ കൂട്ടിൽ ഒതുങ്ങുന്നതാണ് പ്രകൃതിയിലെ യാഥാർത്ഥ്യങ്ങൾ എന്ന് കരുതുന്ന മർത്യന്റെ ചിത്രമാണ് ഇപ്പോൾ മനസ്സിൽ തെളിയുന്നത്. ഏകദേശം 454 കോടി വർഷമാണ് ഭൂമിയുടെ പ്രായം എന്ന് ശാസ്‌ത്രലോകം പറയുന്നു. ധരയുടെ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ വ്യക്തമാകും ഉലകിന്റെ വേദിയിൽ നവാഗതരായ കുട്ടികളാണ് നമ്മൾ മനുഷ്യർ എന്ന് . പ്രകൃതി എന്ന പാഠപുസ്തകത്തിൽ നിന്ന് ഇനിയും അറിയാൻ ഏറെയുണ്ട് നമുക്ക് . ഒടുവിൽ നീലിപ്പക്ഷിയെ മനസ്സിലാക്കി സ്വതന്ത്രയാക്കുന്നുണ്ട് പ്രസൂതി. ഈ പ്രവൃത്തി വലിയൊരു തിരിച്ചറിവിനെ കുറിക്കുന്നു. " പനിയൻ " എന്ന കഥയുടെ ഉയിരാകുന്നത് നർമ്മം വെടിയുന്ന ഒരു ചിരിത്തെയ്യമാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്നതിന് പകരം അവർക്ക് നേരെ മൂർച്ചയേറിയ ചോദ്യങ്ങൾ എയ്യുകയാണ് പനിയൻ. പഠിച്ച് പഠിച്ച് മിണ്ടാട്ടം മുട്ടിയ സമൂഹത്തിന് നേർക്കുള്ള കടുത്ത വിമർശനമാണ് ഈ ചോദ്യങ്ങളുടെ പൊരുൾ. വിദ്യാസമ്പന്നർ എന്ന് അഭിമാനിക്കുകയും നാട്ടിൽ അരങ്ങേറുന്ന അനീതികളും മനുഷ്യാവകാശ ധ്വംസനങ്ങളും കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് മൗനത്തിന്റെ കൂടാരത്തിലൊളിക്കുകയും ചെയ്യുന്ന പ്രതികരണശേഷി വറ്റിയ ജനങ്ങളെ പനിയൻ വിചാരണ ചെയ്യുന്നു. ഒപ്പം വാക്ക് എന്ന വലിയ നേരിനെക്കുറിച്ചുള്ള ശക്തമായ സന്ദേശവും നൽകുന്നു. " ഓരോ വാക്കിന്റെ ഉള്ളിലും കരിക്കിലെ മധുരനീര് പോലെ തിങ്ങ്ന്ന മനുഷ്യപ്പറ്റ്ണ്ട്. കടലോളം കനിവ്ണ്ട്. വാക്ക് മറൂളയല്ല. വാക്ക് പ്രാണനാണ്. വാക്ക് വെലിയ ഒരു സത്യാണ്. " ഈ കഥാലോകത്തിലൂടെ ചരിക്കവെ വാക്കെന്ന വലിയ നേരിന്റെ സ്പർശം അനുവാചകമനസ്സിൽ നീറിപ്പടരുന്ന അനുഭവമാകുന്നു. ഇപ്പോൾ ഈ വരികൾ ഓർമ്മയിൽ മുഴങ്ങുന്നു. " അക്ഷരം വെളിച്ചമാണ് അതഗ്‌നിയാണ് പൊള്ളലാണ് അക്ഷരം പടയ്ക്കൊരുങ്ങി നിൽപ്പവന്റെ മൂർച്ചയാണ്. "

  കാരക്കുളിയന്‍ - കുറ്റബോധങ്ങളുടെ കഥാസമാഹാരം
By Harikumar K G
ഏതാണ്ടൊരു അറുപത് വര്‍ഷം മുമ്പ് കൊല്ലൂര്‍ മൂകാംബികയില്‍ കൈക്കുഞ്ഞുമായി തൊഴാനെത്തിയ ഒരു അച്ഛനുമമ്മയും രാത്രിയില്‍ വഴി തെറ്റിയെത്തിയത് ധ്യാനത്തിലിരുന്ന ഒരു സന്യാസിയുടെ മുന്നിലായിരുന്നു. വിജയദശമി ദിനത്തില്‍ ജനിച്ച ആ കുഞ്ഞിന് സന്യാസി അറിഞ്ഞു നല്‍കിയ പേരാണ് അംബികാസുതന്‍. അതെ, മലയാളത്തില്‍ തെയ്യങ്ങളെക്കുറിച്ച് ഏററവും കൂടുതല്‍ കഥകളെഴുതിയ അംബികാസുതന്റെ പേരിടലിന്റെ രഹസ്യം 'കാരക്കുളിയന്‍' എന്ന കഥാസമാഹാരത്തിന്റെ ആമുഖത്തില്‍ വെളിവാക്കപ്പെടുന്നു. തെയ്യങ്ങളുടെ വികാരവിചാരങ്ങളെ ഇത്തരത്തില്‍ കഥാകാരന്‍ അക്ഷരങ്ങളായി പകര്‍ത്തിയപ്പോള്‍ മലയാളത്തിന് ലഭിച്ചത് അതുല്യമായ നിരവധി കഥകളായിരുന്നു. തെയ്യങ്ങളെക്കുറിച്ച് മാത്രമല്ല, വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പരിസ്ഥിതിയെപ്പറ്റിയും അതിനു ചുറ്റും ജീവിക്കുന്നവരുടെ നൊമ്പരപ്പെടുത്തുന്ന കുറേ നേരനുഭവങ്ങളും അദ്ദേഹം കഥകളാക്കി മാറ്റി. കഥയെഴുത്ത് തനിക്കൊരു സമരപ്രവര്‍ത്തനം കൂടിയാണെന്ന് കഥാകാരന്‍ തന്നെ പറയുമ്പോള്‍ അത് സത്യമാണെന്ന് നമുക്കു തോന്നുന്നതും ഈ നേരെഴുത്ത് കൊണ്ടു തന്നെയാണ്. 'കാരക്കുളിയന്‍' എന്ന കഥാസമാഹാരത്തിലെ പല കഥകളിലും ഈ സമരം നമുക്കു കാണാനാകുമെങ്കിലും മിക്ക കഥകളിലും കഥാപാത്രങ്ങളുടെ കുറ്റബോധം നിഴലിക്കുന്നത് നമുക്കു കാണാനാകും. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഓര്‍മ്മ നഷ്ടപ്പെട്ടു കിടക്കുന്ന നാര്‍ക്കളന്‍ എന്ന തെയ്യക്കാരനെയാണ് പുസ്തകത്തിലെ ആദ്യകഥയായ 'കാരക്കുളിയനില്‍' അവതരിപ്പിക്കുന്നത്. നാര്‍ക്കളന്‍ എന്ന തെയ്യക്കോലക്കാരന്റെ പേര് 'നര കള്ളന്‍' എന്ന് നഴ്‌സ് തെറ്റി വിളിക്കുമ്പോള്‍ അതുകേട്ട എല്ലാവരുടെയും ചുണ്ടില്‍ പുഞ്ചിരി വിടരുന്നു. എന്റെ അപ്പന്റെ പേര് നാര്‍ക്കളന്‍ എന്നാണെന്ന് മകന്‍ നഴ്‌സിനോട് പറയുമ്പോള്‍ നഴ്‌സിന് കുറ്റബോധം. പക്ഷെ അപ്പന്‍ കെട്ടിയാടുന്ന കാരക്കുളിയന്‍ തെയ്യത്തിന്റെ പേരില്‍ 'കാരക്കുളിയന്റെ മകനേ' എന്ന വിളികേട്ട് ശീലിച്ച അവന് അതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല. കല്ലുരുട്ടിയും കൊര്‍ത്ത്യമ്മയും പഞ്ചുരുളിയും കൊറങ്കനും കാട്ടുമൊടന്തയും പന്നിവീരനും പേത്താളനും തീക്കോലവും കൊടുവാളനും മുത്താരനും പോലുള്ള തുളുത്തെയ്യങ്ങള്‍ കെട്ടിയാടിയ ആ അച്ഛന്‍ ആശുപത്രിക്കിടക്കയില്‍ ഓര്‍മ്മ നഷ്ടപ്പെട്ട് കിടക്കുമ്പോഴും മകനോട് പറയുന്നത് തെയ്യക്കോലം കെട്ടിയാടുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനെപ്പറ്റിയാണ്. അംബികാസുതന്റെ കഥാപാത്രങ്ങളുടെ രക്തത്തില്‍പ്പോലും തെയ്യം എന്ന സങ്കല്‍പ്പം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. സ്വന്തം അമ്മയ്ക്ക് മാര്‍ണം വെയ്‌ക്കേണ്ടി വന്ന മകനാണ് താനാണെന്ന്് പറഞ്ഞ് അപ്പന്‍ ആശുപത്രിക്കിടക്കയില്‍ വെച്ച് ഇത്ര നാള്‍ മൂടിവെച്ച ഒരു രഹസ്യം മകനോട് വെളിപ്പെടുത്തുമ്പോള്‍ അവന്‍ ഞെട്ടിത്തരിച്ച് ഇരിക്കുകയായിരുന്നു. തമാശപറഞ്ഞു നടക്കുന്ന പ്രത്യേകിച്ചൊരു കഥയുമില്ലാത്ത 'പനിയന്‍' തെയ്യത്തിന്റെ കഥയെത്തുമ്പോള്‍ കഥാകാരനുള്ളില്‍ സാമൂഹികപ്രതിബദ്ധതയുണരുന്നത് അനുവാചകനും എളുപ്പം മനസ്സിലാക്കാനാകും. പത്താണ്ട് തികയാത്ത പെണ്‍കുട്ടികള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ പനിയന്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. ''ന്റെ നാക്കിനാ കോട്ടി അല്ലേ? അച്ചരാഭ്യാസം പടിച്ചിട്ട് നാക്കിന്റെ കോട്ടി കളഞ്ഞ നിങ്ങള് ഒരച്ചരം മിണ്ട്യോ?'' ഈ ചോദ്യം ചുറ്റും കൂടി നില്‍ക്കുന്ന ആണുങ്ങളോട് മാത്രമല്ല, വായനക്കാരോട് കൂടിയാണ്. ദിവാകരമ്മാവന്‍ പറയുന്ന പോലെ തെയ്യങ്ങളിലെ ചാര്‍ളി ചാപ്ലിനായിരിക്കാം പനിയന്‍... പക്ഷേ പനിയന്റെ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആര്‍ക്കാകും? കുട്ടികളെക്കൊന്ന് തൂങ്ങിച്ചാകാന്‍ നിന്നതായിരുന്നു ചിത്തരഞ്ജന്‍. പക്ഷേ അതു ചെയ്യുന്നതിനു മുന്‍പേ അയാളെ ജഗന്‍ കൊല്ലുകയാണ്. അതിന്റെ കുറ്റബോധത്തില്‍ കിടക്കുമ്പോള്‍ ജഗനെ ആശ്വസിപ്പിച്ച പൂര്‍ണചന്ദ്രന്റെ കഥയാണ് 'പൊന്നമ്പിളി'. ആശ്വാസവാക്കുകള്‍ കേട്ടുകഴിയുമ്പോള്‍ വായനക്കാരുടെ മനസ്സില്‍ ജഗന് ലഭിക്കുന്നത് ഒരു ഹീറോയുടെ പരിവേഷമാണ്. 'പൂത്താങ്കീരിയുടെ മുട്ടകള്‍' എന്ന കഥയിലാകട്ടെ, കുട്ടിക്കാലത്ത് പൂത്താങ്കീരിയുടെ മുട്ടകള്‍ കൂട്ടില്‍ നിന്നെടുക്കുമ്പോള്‍ അതില്‍ രണ്ടെണ്ണം താഴെ വീണ് പൊട്ടിയതിന്റെ കുറ്റബോധം വാര്‍ദ്ധക്യത്തിലും കൊണ്ടു നടക്കുന്ന വൃദ്ധന്റെ ജീവിതത്തെക്കുറിച്ചാണ്. സ്വന്തം മക്കള്‍ ഭൂഗോളത്തില്‍ രണ്ടിടങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ സ്വയം അനുഭവിക്കുന്ന ഏകാന്തതയും ഒറ്റപ്പെടലുമൊക്കെ കുട്ടിക്കാലം മുതല്‍ കൊണ്ടു നടക്കുന്ന ആ കുറ്റബോധത്തോട് ചേര്‍ത്താണ് വൃദ്ധന്‍ വായിക്കുന്നത്. ടി പത്മനാഭന്റെ 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന കഥയില്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ച ഒരാളെ ഒരു പെണ്‍കുട്ടി ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഇതിന്റെ തുടര്‍ച്ചയായി 'വീണ്ടും പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന കഥയെ കാണണം. രണ്ടാം ജന്മം നല്‍കിയ തന്നെ വീണ്ടും കാണണമെന്ന് തോന്നിയിട്ടില്ലേയെന്ന് പെണ്‍കുട്ടി ചോദിക്കുള്‍ അയാള്‍ നല്‍കുന്ന മറുപടി വായനക്കാരന്‍ ഒരിക്കലും മറക്കില്ല. തന്റെ ജീവിതത്തിന് ഒരു അര്‍ത്ഥമുണ്ടായെന്ന് ഏതൊരാള്‍ക്കും തോന്നിപ്പോകുന്നത്ര അത്യുദാത്തമാണയിരുന്നു അയാളുടെ ആ വാക്കുകള്‍. തുടക്കത്തില്‍ പറഞ്ഞ പോലെ കഥാപാത്രങ്ങളില്‍ പലരുടേയും കുറ്റബോധങ്ങള്‍ക്കാണ് കഥകളില്‍ പ്രാധാന്യമെന്ന് നിസ്സംശയം പറയാം. ഇങ്ങനെ വ്യത്യസ്ത വികാരവിചാരങ്ങളാല്‍ വിഭവസമൃദ്ധമായ പന്ത്രണ്ടു കഥകളാണ് കാരക്കുളിയന്‍ എന്ന ഈ കഥാ സമാഹാരത്തില്‍ ഉള്ളത്. 2021, 22 കാലഘട്ടത്തില്‍ മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കഥകളാണ് ഇതെല്ലാം. അദ്ദേഹം ഇതുവരെയെഴുതിയ എല്ലാ തെയ്യക്കഥകളേക്കാളും മികച്ചു നില്‍ക്കുന്ന കഥകളാണ് കാരക്കുളിയനില്‍ ഉള്ളതെന്ന് നിസ്സംശയം നമുക്ക് പറയാനാകും. കഥകള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് വേണ്ടി സധൈര്യം നിര്‍ദ്ദേശിക്കാന്‍ കഴിയുന്ന ഒരു പുസ്തകമായി 'കാരക്കുളിയന്‍' മാറുന്നത് അതുകൊണ്ടാണ്. ഹരികുമാര്‍ കെ.ജി എടവനക്കാട്‌

  കാരകുളിയൻ വായിക്കുമ്പോൾ
By SREEHARI S
ഓർമകളിൽ ജീവിക്കുന്ന അമ്മയ്ക്കും അച്ഛനുമാണ് അംബികാസുതൻ മാഷ് തന്റെ ഇരുപത്തിയഞ്ചാമത്തെ കഥാസമാഹാരമായ 'കാരക്കുളിയൻ ' സമർപ്പിക്കുന്നത് . ഇതുവരെ പുറത്തിറങ്ങിയ കഥകളിലെല്ലാം തന്റെ വായനക്കാരെ ഒരു തവണ പോലും നിരാശപെടുത്തിയിട്ടില്ലാത്ത ഗ്രന്ഥകാരൻ 'കാരക്കുളിയൻ ' എന്ന പതിനഞ്ചു കഥകൾ ഉൾപ്പെടുന്ന ഈ കഥാസമാഹാരത്തിലും ഓരോരുത്തർക്കും നല്ല കഥയുടെ സംതൃപ്തി പകരുന്നതോടൊപ്പം ചിന്തകളുടെ ചെറിയ കനലുകൾ മനസ്സിലേക്ക് കോരിയിടുന്നു. നമുക്ക് നഷ്ടപെട്ടുകൊണ്ടിരികുന്ന സംസ്കാരത്തെ അടയാളപ്പെടുത്തുന്നതിനോടൊപ്പം സമൂഹത്തിന്റെ കണ്ണാടിയായി മാറി മനുഷ്യത്വത്തിന്റെ ഇളം തണുപ്പ് മനസ്സുകളിലേക്ക് പടർത്താനും ഓരോ കഥക്കും സാധിക്കുന്നു. കാരകുളിയൻ, ഉമ്മട്ടകുളിയൻ, പനിയന്‍ തുടങ്ങിയ തെയ്യം കഥാപാത്രമായി വരുന്ന കഥകളിൽ അന്ന്യം നിന്നു പോകുന്ന ഒരു സംസ്കാരത്തെ അടയാളപ്പെടുത്തുകയും അതിനോട്‌ ചേർന്ന് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ പച്ചയായ ജീവിതം വരച്ചുകാട്ടുകയും ചെയ്യുന്നു. സ്വയം കരയുന്നത് മറ്റുള്ളവർ കാണാതിരിക്കാൻ മുഖപ്പാള ഉപയോഗിക്കുന്ന കാരക്കുളിയനും ഇന്നത്തെ തീക്ഷ്ണമായ സാമൂഹിക അരക്ഷിതാവസ്ഥ വിളിച്ചു പറയുന്ന പനിയന്‍ തെയ്യവും കഥയിൽ കണ്ണീരും വിപ്ലവവും സൃഷ്ടിക്കുന്നു. ഒന്നും ചെയ്യാതെ നിസ്സംഗനായി നില്കുന്ന മനുഷ്യർക്കെതിരായുള്ള ചാട്ടുളി ആയാണ് പനിയന്‍ തെയ്യത്തിന്റെ ഓരോ വാക്കുകളും രൂപം പ്രാപിക്കുന്നത്. പരിസ്ഥിതി ശോഷണം പോലെ തന്നെ മനുഷ്യബന്ധങ്ങളിലെ വിള്ളലുകൾ പൊന്നമ്പിളി, ഉടുപ്പ് തുടങ്ങിയ കഥകളിൽ വിഷയമാകുന്നു. മഹാകവിയോടൊത്തുള്ള ഒരു മനൊഹര യാത്രയാണ് 'കുഞ്ഞിരാമൻ ' എന്ന കഥ വായനക്കാർക്കു സമ്മാനിക്കുന്നത്. എല്ലാ കോണുകളിൽ നിന്നും മനുഷ്യമനസ്സിനെ സ്പർശിക്കുകയും കുറ്റബോധത്തിന്റെ ചില്ലുകൾ ആഴ്നിറക്കുന്നുണ്ടെങ്കിലും പ്രതീക്ഷയുടെ ഒരു പച്ചത്തുരുത് സൃഷ്ടിക്കാനുള്ള വിത്തുകൾ നമ്മളിൽ ബാക്കിയുണ്ടെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു ഓരോ കഥകളും... ‍

  മനുഷ്യജീവിതത്തിലെ ഊഷ്മളമായ സ്നേഹബന്ധത്തിന്റെ കഥ
By Shammy Thomas
മനുഷ്യരുടെ ജീവിത പ്രശ്നങ്ങളെ പ്രതിസന്ധികളെ മനുഷ്യപക്ഷത്തു നിന്ന് നോക്കിക്കാണുന്ന എഴുത്തുകാരൻ ആണ് അംബികസുതൻ മാങ്ങാട് . സമകാലീന മനുഷ്യ ദൈന്യതകളെ സൂക്ഷ്മമായി ആവിഷ്കരിക്കുന്ന കഥകൾ ആണ് അദ്ദേഹത്തിന്റെത് . ഏതു ദുരന്ത കാലവും ഏറ്റവുമധികം വേട്ടയാടുന്നത് ഏറ്റവും സാധാരണക്കാരായ മനുഷ്യരെയാണ്. കോവിഡ് സമൂഹത്തിൽ ഏൽപ്പിച്ച അതിഭീകരമായ പ്രഹരങ്ങൾ മനുഷ്യന്റെ ദൈന്യത, അതിജീവനം ഒക്കെ നമ്മുടെ ഉള്ളിൽ തട്ടുന്ന വിധത്തിൽ അനുഭവിപ്പിച്ച ഒരു കഥയാണ് കാരകുളിയൻ... ദേശത്തിന്റെ തെയ്യക്കാരനായ നാർക്കളന്റെയും മകൻ ബാലചന്ദ്രന്റെയും കഥ പറയുന്ന കാരക്കുളിയൻ.അദ്ദേഹത്തിന്റെ ഉമ്മട്ടിക്കുളിയൻ എന്ന കഥയും ഇതേ പശ്ചാത്തലത്തിൽ വായിക്കപ്പെടേണ്ടതാണ്.കൗമാരം വരെ ജീവിച്ച ഗ്രാമത്തിലേക്ക് വിഷാദാത്മകതയോടെ കടന്നു വന്ന് അരൂപിയായ ഉമ്മട്ടക്കുളിയനെപ്പോലെ സ്വയം നഷ്ടപ്പെട്ടു പോയതായി വിലപിക്കുന്ന ഒരാളുടെ കഥയാണ് ഉമ്മട്ടക്കുളിയൻ .രണ്ടും തെയ്യം പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളെ അടയാളപ്പെടുത്തുന്നു . കാരക്കുളിയൻ, മനുഷ്യജീവിതത്തിലെ ഊഷ്മളമായ സ്നേഹബന്ധത്തിന്റെ കഥ പറയുന്നു. അച്ഛന്റെ നിർബന്ധപ്രകാരം താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന സ്വന്തം അമ്മയിൽ തന്നെ ആദ്യമായി മാരണമെന്ന കൂടോത്രം ചെയ്യേണ്ടി വന്ന മകൻ.അതിന്റെ ഫലമായി മൂന്നാംനാൾ അമ്മ മരിക്കുന്നു . അമ്മയോടുള്ള സ്നേഹവും കുറ്റബോധവും കൊണ്ട് സ്വയം കാരകുളിയനും തീയാട്ടവും തിരഞ്ഞെടുത്തു ആത്മപീഡ നടത്തുകയാണ് നാർക്കളൻ. അച്ഛനായ കരിന്തളർ മാരണത്തിന് നിർബന്ധിച്ചപ്പോൾ " മാട്ടത്തിനും മാരണത്തിനും നീ പോവണ്ട... എന്റെ കുടുംബത്തിലുള്ളവർക്ക് ആ പഠിമ്പ് പണ്ടേ ഇല്ല " എന്നും പറഞ്ഞ് അമ്മ പിന്തിരിപ്പിക്കാൻ നോക്കി. അമ്മയിലെ നന്മയും പെണ്മയും. മനുഷ്യൻ സ്വന്തം നിലനിൽപ്പ് പോലും മറന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്ന കള്ളന്മാരായിരിക്കുന്നു. കരിന്തളന്റെ മാരണം വെക്കലിൽ ആരംഭിച്ച മാതൃഹത്യയിൽ സ്വാർത്ഥലാഭങ്ങൾക്കായി മനുഷ്യർ ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന വികസനതീവ്രവാദത്തിന്റെ ആദിമ നിഴൽ രൂപം നമുക്ക് ദർശിക്കാം. കഥയിൽ നാർക്കളനും മകൻ ബാലചന്ദ്രനും തമ്മിലുള്ള സ്നേഹബന്ധവും അത്രയേറെ ഊഷ്മളമാണ് . അച്ഛന്റെ ഓരോ വിഷമങ്ങളും അവന്റെത് കൂടിയായിരുന്നു. മുഖപാള മുഖത്ത് വച്ച് കെട്ടി മുറുക്കുമമ്പോൾ, കരഞ്ഞാൽ ആരും അറിയില്ല എന്ന് അച്ഛൻ പറഞ്ഞത് അവനും ഒടുവിൽ അനുഭവിച്ചറിയുകയാണ് .അച്ഛനോടുള്ള സ്നേഹവും നഷ്ടപ്പെട്ടതിന്റെ സങ്കടവും ആരും കാണാതെ കരഞ്ഞു തീർക്കാൻ അവനും മുഖപാള മറവിലേക്ക് പോകുന്നു.നാർക്കളൻ ഇവിടെ അമ്മയോട് ചെയ്ത അപരാധത്തിൽ നിന്നുണ്ടായ പാപബോധത്തിന്റെ വിശപ്പ് കെടുത്തുന്നുണ്ട് കൈപ്പക്കയുടെ പത്തിരട്ടി കൈപ്പുള്ള വാതക്കയിലൂടെ. അച്ഛന്റെ അവസാന ആഗ്രഹം സാധിച്ചുകൊടുക്കാൻ ആകാത്തതിലുള്ള കുറ്റബോധത്തിൽ നീറിയ ബാലചന്ദ്രനും ഇതേ വാതക്കായിലും കാരമുള്ളിലും ആത്മാപീഡ നടത്തുന്നു.എല്ലാ കലാകാരന്മാരുടെയും ഉയർപ്പിന്റെ ഹേതു ഉള്ളിന്റെ ഉള്ളിൽ ഉണ്ടാകുന്ന അപാരമായ ദുഃഖമോ കുറ്റബോധമോ പാപബോധമൊ ഒക്കെയാവും എന്ന് കഥ ഇവിടെ സമർത്ഥിക്കുന്നുണ്ട്. വേഷം കെട്ടിയാടുമ്പോൾ ദൈവം.. വേഷം അഴിച്ചു വയ്ക്കുമ്പോൾ കാരക്കുളിയൻ... ജാതീയമായ വിരോധാഭാസം... കീഴാളനും മേലാളനും. തീ കോരാനും, മുള്ളിൽ ഉരുളാനും അടിച്ചേൽപ്പിക്കപ്പെട്ട ജാതിവ്യവസ്ഥയുടെ പിൻതുടർച്ചകൾ ഇന്നും ചിലയിടത്തെങ്കിലും തീവ്രമായി ആവർത്തിക്കപ്പെടുന്നു. മനുഷ്യർ എങ്ങനെ നിസ്സഹായരാകുന്നു? എന്ന ഒരു ചോദ്യത്തിന് ഉത്തരം കഥയിലുടനീളം നമുക്ക് കാണാം. അപ്രതീക്ഷിതമായി ഓരോ കാര്യങ്ങൾ ജീവിതത്തിലേക്ക് കടന്നു വരികയാണ്. ഊരായ്മ പോലെ ചില കുടുംബങ്ങളിൽ കെട്ടിവച്ചിരിക്കുന്ന, അല്ലെങ്കിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന, ആചാര സങ്കല്പങ്ങൾ അവരിൽ ആവേശവും അതിലേറെ അതിജീവനത്തിന്റെ ഭാരവുമാകുന്നു. യുവതലമുറയിലെ പലർക്കും ഇത്തരം കെട്ടുപാടുകളിൽ നിന്ന് കുതറി മാറണം എന്ന ആഗ്രഹം ഉള്ളവരാണ്. പക്ഷേ ദൈവകോപം എന്ന വാക്കാൽ അടിച്ചേൽപ്പിക്കുന്ന ഭയം അവരെ വീണ്ടും തീയിലേക്കും കാരമുള്ളിലേക്കും എടുത്തു ചാടിക്കുന്നു. ആ യുവതയുടെ പ്രതീകമാണ് ബാലചന്ദ്രൻ.നിസ്സഹായനായി ജീവിത സങ്കൽപ്പങ്ങൾ സ്വയം മറക്കേണ്ടിവന്നവൻ. കോവിഡ് ബാധിച്ച മരിച്ച അച്ഛനെ ഒന്ന് കാണാൻ പോലും കഴിയാതെ നടന്നു നടന്നു എത്തിച്ചേർന്നത് പുഴയുടെ തീരത്താണ്. " പുഴ എന്നൊന്നും പറഞ്ഞുകൂടാ. ചോര ഞരമ്പ് പോലെ മെലിഞ്ഞ അഴുക്കുചാൽ " ദാഹത്തിന്റെ കാഠിന്യം കൊണ്ട്, ആ വെള്ളവും കുടിച്ചു...പരിസ്ഥിതിയെ പറ്റിയുള്ള മാഷിന്റെ കഠിനമായ ഉത്ക്കണ്ഠ അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ കഥകളിലും ഇത്തരത്തിൽ നമുക്ക് അനുഭവിച്ചറിയാൻ സാധിക്കും.അത്രയേറെ പ്രകൃതിയുമായി ജീവബന്ധമുള്ളതാണ് അദ്ദേഹത്തിന്റെ എല്ലാ കഥകളും. രോഗികളോടുള്ള, ആശുപത്രികളിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കരുണാർദ്രമായ സമീപനം അവർക്കുള്ള കഥാകൃത്തി ന്റെ ആദരവാണ്. നാർക്കളൻ എന്ന പേര് വായിച്ചപ്പോൾ നേഴ്സന് ഉണ്ടായ സ്പെല്ലിങ് മിസ്റ്റേക്ക്, അവരിൽ വലിയ കുറ്റബോധം ആണ് ഉണ്ടാക്കിയത്. ബാലചന്ദ്രന്റെ അടുത്ത് വീണ്ടും പോയി ക്ഷമ പറയാനുള്ള അവരുടെ മനസ്സ് വലിയൊരു നന്മയെ അടയാളപ്പെടുത്തുന്നു. ഭൂത വർത്തമാനങ്ങളിലൂടെ സഞ്ചരിച്ചു മതങ്ങളും പാരമ്പര്യങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും മിത്തുകളും യുക്തിയും അയുക്തിയും ഭയവും ഭക്തിയും ഒക്കെ ഇടകലർന്ന ലോകങ്ങളെ വേർതിരിക്കുന്ന കഥകളുടെ ഒരു തുടർചരിത്രമാണ് മാഷിന്റെ രചനകൾ. നാട്ടുകഥകളുടെ സൗന്ദര്യവും ഭാഷയിലെ നിഷ്കളങ്കതയും ആണ് അദ്ദേഹത്തിന്റെ കഥകളുടെ ആകർഷണീയത. പ്രമേയത്തിലെ പുതുമ ഒരു മികച്ച വായനാനുഭവം തന്നെ നൽകുന്നുണ്ട്.കാലത്തോട് ചേർന്ന് നിൽക്കുന്ന അതിമനോഹരമായ കഥ സമ്മാനിച്ച മാഷിന്.. സ്നേഹം..നന്ദി...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0